imam navavi R - hadees

വിശുദ്ധ ഖുര്‍ആനിനു ശേഷം ഏറ്റവും മഹത്തരമായ വിജ്ഞാനം ഹദീസാണ്. വിശുദ്ധ ഖുര്‍ആനിന്റെ സംക്ഷിപ്ത ശൈലി മൂലം വിശദീകരണം സാധ്യമാവാത്ത സര്‍വ കാര്യങ്ങളിലും ഹദീസുകളാണ് ആവശ്യമായ വ്യാഖ്യാനം നല്‍കുന്നത്. അല്ലാഹു പറയുന്നു: ‘(നബിയേ) ഈ ഖുര്‍ആന്‍ താങ്കള്‍ക്കു നാം ഇറക്കിത്തന്നു. താങ്കള്‍ക്ക് അവതീര്‍ണമായതു ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാനും അവര്‍ ചിന്തിക്കാനും വേണ്ടി’ (16/44). അതുകൊണ്ടുതന്നെയാണ്  ഹദീസിനെ മനസ്സിലാക്കുന്നതിലും അവയിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിലും ഹദീസ് പണ്ഡിതന്‍മാര്‍ എക്കാലത്തും ജാഗ്രത കാണിച്ചത്. ആറ് ലക്ഷം ഹദീസുകളില്‍ നിന്നാണ് ആവര്‍ത്തനമില്ലാത്ത നാലായിരം ഹദീസുകള്‍ ഇമാം ബുഖാരി(റ) സ്വഹീഹില്‍ രേഖപ്പെടുത്തിയത്. ഇപ്രകാരം തന്നെയായിരുന്നു ഇമാം മുസ്‌ലിം(റ)വും ചെയ്തത്. ഏഴര ലക്ഷം ഹദീസുകളില്‍ നിന്നാണ് മുപ്പതിനായിരം ഹദീസുകള്‍ ഇമാം അഹ്മദ്(റ) തന്റെ മുസ്‌നദില്‍ രേഖപ്പെടുത്തിയത്. പില്‍ക്കാലത്തു വന്ന ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു ഹജരിനില്‍ അസ്ഖലാനി(റ), ഇമാം നവവി(റ) തുടങ്ങിയവരും ഹദീസിന്റെ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി.

ഇല്‍മുല്‍ ഹദീസിന്റെ വ്യത്യസ്ത ഇനങ്ങളും വിധികളും രൂപങ്ങളും കൃത്യമായി  അറിയുമ്പോഴാണ് ഒരാള്‍ക്ക് ആ മേഖലയില്‍ ശരിയായ വിധം ശോഭിക്കാന്‍ കഴിയുക. ഇമാം നവവി(റ) എഴുതി: ‘നബവിയ്യായ ഹദീസുകള്‍ യഥാവിധി മനസ്സിലാക്കുന്നത് വിജ്ഞാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതായത്, അവയുടെ മത്‌നുകള്‍ അറിയലും സ്വഹീഹ്, ഹസന്‍, ളഈഫ്, മുത്തസ്വില്‍, മുര്‍സല്‍, മുന്‍ഖത്വിഅ്, മുഅ്‌ളല്‍, മഖ്‌ലൂബ്, മശ്ഹൂര്‍, ഗരീബ്, അസീസ്, മുതവാതിര്‍, ആഹാദ്, അഫ്‌റാദ്, മഅ്‌റൂഫ്, ശാദ്, മുന്‍കര്‍, മുഅല്ലല്‍, മുദ്‌റജ്, നാസിഖ്, മന്‍സൂഖ്, ഖാസ്വ്, ആമ്, മുജ്മല്‍, മുബയ്യന്‍, മുഖ്തലഫ് തുടങ്ങിയ ഇനങ്ങളെല്ലാം അറിയലും അനിവാര്യമാണ്. റിപ്പോര്‍ട്ടര്‍മാരുടെ അവസ്ഥയും അവരുടെ പേര്, കുടുംബം, ജനനം, മരണം, വിശേഷണങ്ങള്‍ എന്നിവയുമറിയണം. തദ്‌ലീസ്, മുദല്ലിസ്, ഇഅ്തിബാറിന്റെയും മുതാബിഇന്റെയും വഴികള്‍, സനദ്, മത്‌ന്, വസ്വ്ല്‍, ഇര്‍സാല്‍, വഖ്ഫ്, റഫ്അ്, ഖത്വ്അ് തുടങ്ങിയ വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ അഭിപ്രായാന്തരങ്ങളുടെ വിധി, സ്വഹാബികള്‍, താബിഉകള്‍, തബഉത്താബിഉകള്‍, അവര്‍ക്കു ശേഷമുള്ളവര്‍ എന്നിവയും കൃത്യമായി അറിയണം’ (മുഖദ്ദിമതു ശര്‍ഹി മുസ്‌ലിം, പേജ് 3).

ഹദീസ് സംബന്ധമായ ഈ അറിവുകളെല്ലാം ഒരാളില്‍ പൂര്‍ണമാകുമ്പോഴാണ് അയാള്‍  ദൃഢ ജ്ഞാനമുള്ള ഹദീസ് പണ്ഡിതനാകുന്നത്. എന്നാല്‍ ഇവയെല്ലാം സമ്പൂര്‍ണമായി ഇമാം നവവി(റ)യിലുണ്ടെന്നതിന് അദ്ദേഹത്തിന്റെ ശര്‍ഹ് മുസ്‌ലിം പോലോത്ത ഹദീസ് ഗ്രന്ഥങ്ങളും ശര്‍ഹുല്‍ മുഹദ്ദബ് പോലോത്ത കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും അല്‍ ഇര്‍ശാദ്, അത്തഖ്‌രീബ് പോലുള്ള ഹദീസ് സാങ്കേതിക വിജ്ഞാനം പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങളും സാക്ഷിയാണ്.

നിരവധി പണ്ഡിതന്മാര്‍ നവവി(റ)യുടെ സമകാലത്തുണ്ടായിരുന്നെങ്കിലും കര്‍മ നൈരന്തര്യം കൊണ്ടും ജ്ഞാനത്തികവുകൊണ്ടും മഹാനവര്‍കള്‍ അവരില്‍ നിന്നു വേറിട്ടുനിന്നു. ഇമാം ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു അസാകിര്‍(റ), ഇമാം അബൂശാമ(റ), യാഖൂത്തുല്‍ ഹമവി(റ), ഇബ്‌നു ഖല്ലികാന്‍(റ), ഇബ്‌നു മാലിക്(റ) തുടങ്ങി ഒട്ടേറെ പണ്ഡിത പ്രതിഭകള്‍ നിറഞ്ഞുനിന്ന കാലഘട്ടമായിരുന്നു അത്.

ഹദീസ് പഠനത്തിലും കര്‍മശാസ്ത്രത്തിലുമായിരുന്നു മഹാനവര്‍കളുടെ വലിയ തികവ്.  ഹിജ്‌റ നാലാം ശതകത്തിനു ശേഷം ഇമാം നവവി(റ)യുടെ അത്ര വലിയ സ്ഥാനം നേടിയ ഒരൊറ്റ ഹദീസ് പണ്ഡിതനുമുണ്ടായിട്ടില്ലെന്നതാണു ചരിത്ര യാഥാര്‍ത്ഥ്യം. വിവിധ ജ്ഞാന ശാഖകളില്‍ ഏറെ മൂല്യമുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും അവയൊക്കെയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തുവെന്ന പ്രത്യേകതയും ഇമാം നവവി(റ)ക്കുണ്ട്.

ഹദീസ് പഠനത്തിനു വേണ്ടി അക്കാലത്തെ അഗ്രേസരരായ ശൈഖുമാരെ തന്നെയാണ് ഇമാം സമീപിച്ചത്. ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി അല്‍ അന്‍ദലൂസി (മരണം: ഹി 668) അവരില്‍ പ്രധാനിയാണ്. മഹാനെ കുറിച്ച് ഇമാം നവവി(റ) പറയുന്നതിങ്ങനെ: ‘പത്തു വര്‍ഷത്തോളം ഞാന്‍ മഹാനവര്‍കളോടൊപ്പം കഴിഞ്ഞു. നീരസമുണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹത്തില്‍ നിന്നു ഞാന്‍ കണ്ടിട്ടില്ല. ഭൗതിക പരിത്യാഗിയും സൂക്ഷ്മതയുമുള്ള മഹാപണ്ഡിതനുമായിരുന്നു അദ്ദേഹം. എന്റെ ജീവിത കാലത്ത് അദ്ദേഹത്തെ പോലൊത്ത ഒരാളെ എന്റെ കണ്ണുകള്‍ കണ്ടിട്ടില്ല’ (ത്വബഖാത്ത്).

അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു അബീ ഹഫ്‌സ്(റ) ആണ് മറ്റൊരു ഗുരുവര്യര്‍. ഇവരില്‍ നിന്നാണ് നവവി ഇമാം സ്വഹീഹ് മുസ്‌ലിം പൂര്‍ണമായി ഓതിക്കേട്ടത്. ശൈഖ് സൈനുദ്ദീന്‍ അബുല്‍ ബഖാഅ് ഖാലിദ് ബ്‌നു യൂസുഫ്(ഹി. 663), അര്‍റളിയ്യു ബ്‌നുല്‍ ബുര്‍ഹാന്‍, ശൈഖഅബ്ദുല്‍ അസീസ് ബ്‌നു മുഹമ്മദ് ബ്‌നു അബ്ദില്‍ മുഹസ്സിന്‍(ഹി. 662), ശൈഖ് സൈനുദ്ദീന്‍ അബുല്‍ അബ്ബാസ് ബ്‌നു അബ്ദുദ്ദാഇം അല്‍ മഖ്ദസി, അബുല്‍ ഫറജ് അബ്ദു റഹ്മാന്‍ ബ്‌നു അബീ ഉമര്‍ മുഹമ്മദ് ബ്‌നു അഹ്മദ്  അല്‍ മഖ്ദസി (ഹി. 682), ഖാളില്‍ ഖുളാത് ഇമാദുദ്ദീന്‍ അബുല്‍ ഫളാഇല്‍ അബ്ദുല്‍ കരീമിബ്‌നു അബ്ദിസ്സ്വമദ് (ഹി. 662), തഖ്‌യുദ്ദീന്‍ അബൂ മുഹമ്മദ് ഇസ്മാഈല്‍ ബ്‌നു അബീ ഇസ്ഹാഖ് ഇബ്‌റാഹീം (ഹി. 672), ജലാലുദ്ദീന്‍ അബൂസകരിയ്യ യഹ്‌യ ബ്‌നു അബില്‍ ഫതഹ് അസ്സ്വയ്‌റഫീ, അബുല്‍ ഫയ്‌ള് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദില്‍ ബകരി, ളിയാഉ ബ്‌നു തമാമില്‍ ഹനഫി, മുഫ്തി ജമാലുദ്ദീന്‍ അബ്ദുറഹ്മാനു ബ്‌നു സാലിം അല്‍ ഹമ്പലി, ശംസുദ്ദീനു ബ്‌നു അബീ അംറ് തുടങ്ങിയവരാണ് നവവി ഇമാമിന്റെ ഹദീസിലെ മറ്റു ശൈഖുമാര്‍ (അല്‍ ഇമാമുന്നവവി; ശൈഖുല്‍ ഇസ്‌ലാമി വല്‍ മുസ്‌ലിമീന്‍).

കഠിന പരിശ്രമം നടത്തിയാണ് ഇമാം നവവി(റ) ഹദീസ് വിജ്ഞാനീയങ്ങളിലുള്ള നൈപുണ്യം നേടിയെടുത്തത്. ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: ‘ഇമാം നവവി(റ) വിശുദ്ധ ഹദീസിന്റെ സംരക്ഷകനായിരുന്നു. ഹദീസിന്റെ എല്ലായിനങ്ങളും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. സ്വഹീഹായവയും അല്ലാ ത്തവയും കണ്ടെത്തുന്നതിലും ഹദീസുകളിലെ അപരിചിതമായ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുന്നതിലും ഹദീസുകളില്‍ നിന്ന് കര്‍മശാസ്ത്രത്തെ നിര്‍ദ്ധാരണം ചെയ്യുന്നതിലുമെല്ലാം മഹാനവര്‍കള്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചിരുന്നു’ (തുഹ്ഫതുത്ത്വാലിബീന്‍ ഫീ തര്‍ജമതില്‍ ഇമാമില്‍ മുഹ്‌യിദ്ദീന്‍). ദഹബി പറയുന്നു: ‘സൂക്ഷ്മതയുള്ള ജീവിതവും സംശുദ്ധ ഹൃദയവും കൈമുതലാക്കിയ ഇമാം നവവി(റ) ഹദീസിലും ഹദീസിന്റെ വിവിധ ശാഖകളിലും കൂടുതല്‍ അവഗാഹമുള്ളവരായിരുന്നു. ഹദീസ് റിപ്പോട്ടര്‍മാരെക്കുറിച്ചും അവയിലെ സ്വഹീഹിനെയും അല്ലാത്തവയെയും കുറിച്ചുമെല്ലാം അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു’ (തദ്കിറ 4/1472).

‘ഇമാം നവവി(റ) വിജ്ഞാനത്തിനു വേണ്ടി സമ്പൂര്‍ണ സമര്‍പ്പണം നടത്തുകയും കര്‍മ കാര്യങ്ങളില്‍ സ്ഥിരോത്സാഹം കാണിക്കുകയും ദുഷ്ചിന്തകളില്‍ നിന്നും ദുഃസ്വഭാവങ്ങളില്‍ നിന്നും മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതൊടൊപ്പം ഹദീസില്‍ അഗാധ പാണ്ഡിത്യം നേടുകയും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് വ്യക്തമായ ചിത്രം രൂപപ്പെടുത്തുകയും ഹദീസ് വിജ്ഞാനങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്തു’ (സിയറു അഅ്‌ലാമിന്നുബലാഅ്).

അത്തഖിയ്യ് മുഹമ്മദ് ബ്‌നു ഹസനുല്ലഖമി (ഹി: 738) പറയുന്നു: ‘ഇമാം നവവിയുടെ കാലത്ത് മുസ്‌ലിം രാജ്യങ്ങളില്‍ അദ്ദേഹത്തെ പോലെ ഒരാളും ജീവിച്ചിരുന്നില്ല. ദൃഢജ്ഞാനമുള്ള പണ്ഡിതനും അതീവ സൂക്ഷ്മതയുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ഹദീസില്‍ അദ്ദേഹത്തിനു നല്ല പാണ്ഡിത്യമായിരുന്നു. ഹദീസിന്റെ വ്യത്യസ്തയിനങ്ങളെക്കുറിച്ചും അതിന്റെ ഭാഷയെക്കുറിച്ചും റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, അവരുടെ ജനനം, മരണം, ന്യൂനത, മികവ് എന്നിവയെക്കുറിച്ചും മഹാനവര്‍കള്‍ക്ക് നന്നായി അറിയാമായിരുന്നു’. നിരവധി വാള്യങ്ങള്‍ രചിക്കാന്‍ മാത്രമുള്ള കാര്യങ്ങള്‍ മഹാനവര്‍കളില്‍ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നത് (സഖാവി/55-56).

ഇബ്‌നുല്‍ അത്വാര്‍(റ) കുറിച്ചു: ‘എന്റെ ശൈഖായ ഇമാം നവവി(റ) ഇമാം ബുഖാരി(റ)യുടെ  സ്വഹീഹും ഇമാം മുസ്‌ലിമി(റ)ന്റെ സ്വഹീഹും അബൂദാവൂദ്(മരണം ഹി. 275), തുര്‍മുദി(ഹി. 279), നസാഈ (ഹി. 303) എന്നിവരുടെ സുനനും ഇമാം മാലികി (റ)ന്റെ (ഹി. 179) മുവത്വയും  ഇമാം ശാഫിഈ (ഹി. 204), അഹ്മദ് ബ്‌നു ഹമ്പല്‍ (ഹി. 304) എന്നിവരുടെ മുസ്‌നദും ഇമാം ദാരിമിയുടെ (ഹി. 280) മുസ്‌നദും (സുനനുദ്ദാരിമി എന്ന പേരില്‍ പ്രസിദ്ധമായ) അബൂഅവാന അല്‍ അസ്ഫറാ ഈനി (ഹി. 316), അബൂയഅ്‌ലല്‍ മൂസ്വിലി (ഹി. 307) എന്നിവരുടെ മുസ്‌നദും ഇബ്‌നുമാജ (ഹി. 273), ദാറുഖുത്വ്‌നി (ഹി. 385), ബൈഹഖി (ഹി. 488) എന്നിവരുടെ സുനനും ഇമാം ബഗ്‌വി(റ)യുടെ (ഹി. 317) ശര്‍ഹുസ്സുന്നയും തഫ്‌സീറിലെ മആനിത്തന്‍സീലും സുബൈര്‍ ബ്‌നു ബക്കാറിന്റെ  (ഹി. 286) കിതാബുല്‍ അന്‍സാബും ഇമാം ഖുശൈരിയുടെ (ഹി. 465) രിസാലയും ഇബ്‌നുസ്സുന്നിയുടെ (ഹി. 464)  അമലുല്‍ യൗമി വല്ലൈലയും ഖത്വീബുല്‍ ബഗ്ദാദിയുടെ (ഹി. 463) കിതാബുല്‍ ആദാബിസ്സാമിഇ വര്‍റാവിയുമൊക്കെ പൂര്‍ണമായും ഓതിക്കേട്ടിരുന്നു. മഹാനവര്‍കളുടെ കൈപ്പടയില്‍ നിന്നാണ് ഇവയൊക്കെ ഞാന്‍ എഴുതിയെടുത്തത് (തുഹ്ഫതുത്ത്വാലിബീന്‍).

അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു ഈസല്‍ മുറാദി (ഹി: 668) യില്‍ നിന്നാണ് മഹാനവര്‍കള്‍ സ്വഹീഹ് മുസ്‌ലിമും സ്വഹീഹുല്‍ ബുഖാരിയുടെ ഭൂരിഭാഗവും അല്‍ ജംഉ ബൈനസ്സ്വഹീഹൈനിയുടെ അല്‍പ ഭാഗവും സ്വായത്തമാക്കിത്. ഇബ്‌നുസ്സ്വലാഹി(റ)ന്റെ ഉലൂമുല്‍ ഹദീസ് പാഠങ്ങള്‍  മഹാനവര്‍കളുടെ ശിഷ്യന്മാരില്‍ നിന്നുമാണ് ഇമാം നവവി(റ) പഠിച്ചത്. ഹാഫിള് അബ്ദുല്‍ ഗനിയ്യില്‍ മഖ്ദസിയുടെ ‘അല്‍കമാലു ഫീ അസ്മാഇര്‍രിജാല്‍’ പഠിച്ചത് അബുല്‍ ബഖാഅ് ഖാലിദ് ബ്‌നു യൂസുഫുന്നാബുലുസിയില്‍ നിന്നാണ് (ഇമാം സുയൂത്വി-റ-അല്‍ മിന്‍ഹാജുസ്സവി ഫീ തര്‍ജമതില്‍ ഇമാമിന്നവവി, പേ.  38-39).

അത്യന്തം അത്ഭുതകരമാണ് ഇമാം നവവി(റ)യുടെ ഹദീസ് വിഷയങ്ങളിലെ രചനാ ലോകം. വെറും നാല്‍പ്പത്തി ആറ് വര്‍ഷമാണല്ലോ ഇമാമവര്‍കളുടെ ജീവിത കാലം. കാര്യമായ പഠനത്തിലേക്ക് പ്രവേശിക്കുന്നതാവട്ടെ പതിനെട്ടോ പത്തൊമ്പതോ വയസ്സിലും.  പിന്നെയും  ഏകദേശം പത്ത് വര്‍ഷം കഴിഞ്ഞാണ് ഇമാം ഗ്രന്ഥരചന തുടങ്ങുന്നതു തന്നെ. ഹിജ്‌റ 660-നു ശേഷമാണ് ഇമാം രചന ആരംഭിക്കുന്നതെന്ന് ചരിത്ര പണ്ഡിതനായ ദഹബി അഭിപ്രായപ്പെടുന്നു.  ഹി. 676-ല്‍ വഫാത്തായ ഇമാം നവവി(റ)ക്ക് ഗ്രന്ഥ രചനക്ക് ലഭിച്ചത് ആകെ പതിനാറു വര്‍ഷമാണെന്നു ചുരുക്കം. അതാതു ശാഖകളില്‍ ഏറ്റവും സമഗ്രവും പ്രബലവുമായ വിശദീകരണങ്ങള്‍ ലഭിക്കാന്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ക്കു മിന്‍ഹാജും ചരിത്രകാര്‍ക്കു തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തും ഹദീസ് പണ്ഡിതര്‍ക്ക് ഇമാം നവവി(റ)യുടെ ശര്‍ഹു മുസ്‌ലിമും  തന്നെ ധാരാളം.

ഹദീസ് ജ്ഞാന ശാസ്ത്ര ഗ്രന്ഥമാണെങ്കിലും കര്‍മശാസ്ത്രപരമായ വീക്ഷണത്തോടെയാണ് ഇമാം നവവി(റ) ശറഹു മുസ്‌ലിം രചിച്ചിട്ടുള്ളത്. ഹദീസിനെ കുറിച്ചും ഹദീസ് നിവേദകരെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന ശര്‍ഹു മുസ്‌ലിം, കര്‍മശാസ്ത്രത്തിലെ അതാതു വിഷയങ്ങളിലെ പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിശദമായി വിവരിക്കുകയും മദ്ഹബിലെ പ്രബലമായ അഭിപ്രായം വ്യക്തമാക്കുകയും ചെയ്യുന്നു. വഫാത്താകുന്നതിന്റെ രണ്ടു വര്‍ഷം മുമ്പ് രചന നടന്നതുകൊണ്ടു തന്നെ മഹാനവര്‍കളുടെ ജ്ഞാന സമ്പത്തു മുഴുവന്‍ ഈ ഗ്രന്ഥത്തില്‍ പ്രതിഫലിച്ചു കാണാം.

ഇമാം നവവി(റ)യുടെ ഹദീസ് പാണ്ഡിത്യത്തിന് തന്റെ ശര്‍ഹു മുസ്‌ലിം തന്നെ വേണ്ടുവോളം മതി. അദ്ദേഹത്തിനു ശേഷം വന്ന ഒരു ഹദീസ് പണ്ഡിതനും തന്റെ ഗ്രന്ഥങ്ങള്‍ അവലംബിക്കാതിരുന്നിട്ടില്ലെന്നത് അനുഭവ യാഥാര്‍ത്ഥ്യമാണ്. ഉന്നതമായ സനദോടു കൂടിയാണ് രചയിതാക്കളായ ഇമാമുമാരില്‍ നിന്ന് മഹാനവര്‍കള്‍ ഹദീസ്  റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ശര്‍ഹു മുസ്‌ലിമിന്റെ ആമുഖത്തില്‍ മഹാനവ ര്‍കളുടെ ഇമാം മുസ്‌ലിം(റ) വരെയുള്ള സനദ് ഇങ്ങനെ രേഖപ്പെടുത്തുന്നു: ഇബാറാഹീമു ബ്‌നു അബീഹഫ്‌സ് ഉമറു ബ്‌നുല്‍ മുളിര്‍ അല്‍ വാസിത്വി (റ)-അബുല്‍ ഖാസിം അബൂബക്കര്‍ അബുല്‍ ഫതഹ് മന്‍സൂറു ബ്‌നു അബ്ദില്‍ മുന്‍ഇം അല്‍ഫറാവി(റ)-അബുല്‍ ഹുസൈന്‍ അബ്ദുല്‍ ഗാഫിര്‍ അല്‍ ഫാരിസി(റ)-അബൂഅഹ്മദ് മുഹമ്മദ് ബ്‌നു ഈസല്‍  ജലൂദി(റ)-അബൂഇസ്ഹാഖ് ഇബ്‌റാഹീമു ബ്‌നു മുഹമ്മദ് ബ്‌നു സുഫിയാനുല്‍ ഫഖീഹ്(റ)-ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിമു ബ്‌നുല്‍ ഹജ്ജാജ്(റ).

ശര്‍ഹു സ്വഹീഹ് മുസ്‌ലിമിനു പുറമെ ഹദീസ് വിജ്ഞാനീയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങളും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. അല്‍ അദ്കാറുല്‍ മുന്‍തഖബതു മിന്‍ കലാമി സയ്യിദില്‍ അബ്‌റാര്‍, രിയാളുസ്സ്വാലിഹീന മിന്‍ കലാമി സയ്യിദില്‍ മുര്‍സലീന്‍, അല്‍അര്‍ബഊന ഹദീസന്നവവി, അത്തഖ്‌രീബു വത്തയ്‌സീറു ലിമഅ്‌രിഫതി സുനനില്‍ ബശീറിന്നദീര്‍, ഇര്‍ശാദു ത്വുല്ലാബില്‍ ഹഖാഇഖി ഇലാ മഅ്‌രിഫതിസ്സുനനി ഖൈറില്‍ ഖലാഇഖ്, അല്‍ ഇര്‍ശാദു ഇലാ ബയാനില്‍ അസ്മാഇല്‍ മുബ്ഹമാത്, അല്‍ ഖുലാസ്വതു ഫീ അഹാദിസില്‍ അഹ്കാം (സകാത്ത് വരെ), ശര്‍ഹു സുനനി അബീദാവൂദ് (വുളൂഅ് വരെ), അത്തല്‍ഖീസ്വു ശര്‍ഹി സ്വഹീഹില്‍ ഇമാമില്‍ ബുഖാരി (ഇല്‍മ് വരെ), അല്‍ഇംലാഉ അലാ ഹദീസി ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത് എന്നിവയാണവ (അല്‍ അത്വറുശ്ശദീ മിന്‍ തര്‍ജമതില്‍ ഇമാമിന്നവവി).

രാപ്പകല്‍ ഭേദമന്യേ അറിവന്വേഷണം നടത്തിയതു കൊണ്ട് വിജ്ഞാനതൃഷ്ണയില്‍ ഉപമിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു  മഹാനവര്‍കളെന്നു ചരിത്രം പറയുന്നു. ഉറക്കം പരമാവധി നിയന്ത്രിച്ചും മുഴുസമയവും ദര്‍സ്, എഴുത്ത്, ഗ്രന്ഥ പാരായണം, ഉസ്താദുമാരെ തേടിപ്പോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി ക്രമീകരിച്ചും മഹാനവര്‍കള്‍ ജീവിതത്തെ ധന്യമാക്കി (ഇമാം സഖാവി/അല്‍ മന്‍ഹലുല്‍ അദ്ബുര്‍റവി ഫീ തര്‍ജമി ഖുത്വുബില്‍ ഔലിയാഇന്നവവി, പേജ് 14).

ഇസ്‌ലാമിലെ മിക്ക വിജ്ഞാന ശാഖയിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ഇമാം നവവി(റ)യുടെ രചനകളെയോ ആശയങ്ങളെയോ അവഗണിക്കാനാവില്ല. അത്രയും പ്രവിശാലതയും പ്രബലതയും അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളില്‍ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് മുന്‍കാല പണ്ഡിതരെല്ലാം ഇമാം നവവി(റ)യോട് വലിയ ആദരവ് പ്രകടിപ്പിച്ചതും.   താജുദ്ദീനുസ്സുബ്കി(റ) ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: ‘എന്റെ പിതാവായ തഖ്‌യുദ്ദീനു സ്സുബ്കി(റ) കോവര്‍ കഴുതയുടെ പുറത്ത് യാത്ര ചെയ്യുന്ന വേളയില്‍ വഴി മധ്യേ ഒരു വൃദ്ധനെ കണ്ടുമുട്ടി. അവരിരുവരും ഒരുപാടു നേരം സംസാരിച്ചു. സംസാരത്തിനിടയില്‍പിതാവ് പെട്ടെന്നു കഴുതപ്പുറത്ത് നിന്ന് ചാടിയിറങ്ങുകയും ആ വൃദ്ധന്റെ കൈ പിടിക്കുകയും ചെയ്തു. അപരിഷ്‌കൃതനായ ഒരു സാധാരണക്കാരനായിരുന്നു അദ്ദേഹം. പിന്നെ അയാളോട് തനിക്കു വേണ്ടി ദുആ ചെയ്യാനാവശ്യപ്പെട്ടു. ശേഷം അദ്ദേഹത്തെ തന്റെ കൂടെ വാഹനപ്പുറത്തിരുത്തി പിതാവ് പറഞ്ഞു: ‘ഇമാം നവവി(റ)യുടെ മുഖം കണ്ട കണ്ണുള്ള വ്യക്തി എന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ എനിക്കൊരിക്കലും വാഹനപ്പുറത്തിരിക്കാന്‍ സാധിക്കുകയില്ല’ (സഖാവി/ 60).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ