ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് വ്യാപകമാണ്. മുൻകൂറായി പണം നൽകിയും ഉൽപന്നം കൈപറ്റുമ്പോൾ പണം നൽകിയും സാധനങ്ങൾ വാങ്ങാറുണ്ട്. ഇതിന്റെയെല്ലാം മതവിധി പറയാമോ?
ചോദ്യത്തിൽ സൂചിപ്പിച്ചത് പോലെ ഓൺലൈൻ വഴി വസ്തുക്കൾ വാങ്ങുന്നതിന് വിവിധ രൂപങ്ങളുണ്ട്. ഓൺലൈനിലൂടെ ഒരു കമ്പനിയുടെ ഉൽപന്നം പരിചയപ്പെടുകയും ബുക്ക് ചെയ്യുകയും കമ്പനിയുടെ പ്രതിനിധി അതുമായി വരുമ്പോൾ വസ്തു കണ്ടതിനു ശേഷം പണം കൊടുത്തു സാധനം വാങ്ങുകയും ചെയ്യുന്നതാണ് ഒരു രൂപം. ഇത് അനുവദനീയവും സ്വഹീഹുമാണെന്ന് വ്യക്തമാണ്. ഇവിടെ സാധാരണ രൂപത്തിൽ തന്നെയാണ് ഇടപാട് നടത്തിയിട്ടുള്ളത്. വസ്തുവും വിലയും ധാരണയായതിനു ശേഷം കൊടുത്തു വാങ്ങലിലൂടെയാണല്ലോ ഇടപാടുകൾ നടക്കാറുള്ളത്. അതു തന്നെയാണ് ഇവിടെയുമുള്ളത്. വസ്തു പരിചയപ്പെട്ടതും ഓർഡർ ചെയ്തതും ഓൺലൈനിലൂടെയായി എന്നു മാത്രം.
വസ്തുവുമായി കമ്പനിയുടെ പ്രതിനിധി മുന്നിലെത്തിയെങ്കിലും പരിഗണനാർഹമായ വിധത്തിൽ സാധനം കാണാതെ ആ നിശ്ചിത വസ്തു വാങ്ങുന്നതാണ് മറ്റൊരു രൂപം. ഒരു നിശ്ചിത വസ്തു വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ രണ്ടു പേരും ആ വസ്തു കാണേണ്ടതുണ്ടെന്നും കാണാതെയുള്ള ഇടപാട് സ്വഹീഹല്ലെന്നുമാണ് ശാഫിഈ മദ്ഹബിൽ പ്രബലം. എന്നാൽ വസ്തു കാണാതെ തന്നെ കച്ചവടം നടത്തിയാലും അത്തരം ഇടപാട് സ്വഹീഹാകുമെന്ന് മദ്ഹബിൽ രണ്ടാം അഭിപ്രായമുണ്ട്. അതനുസരിച്ച് പ്രവർത്തിക്കൽ അുവദനീയമാണ് (തുഹ്ഫ 4/263 കാണുക).
ഇന്നത് എന്ന കൃത്യമായ സ്വഭാവത്തിൽ നിശ്ചിതമായ വസ്തു വാങ്ങുന്ന വകുപ്പുകളാണ് മുകളിൽ വിശദീകരിച്ചത്. ബൈഉൽ മുഅയ്യൻ എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇതിനെ കുറിച്ച് പറയാറുള്ളത്. വസ്തു കാണണമെന്ന നിബന്ധന വരുന്നത് ഈ വകുപ്പിലാണ്. അതേ സമയം ഇന്ന വസ്തു എന്ന കൃത്യമായ നിർണയമില്ലാതെ ഒരു നിശ്ചിത ഇനത്തിൽ പെട്ട നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഒന്ന് എന്ന വിധത്തിലും വസ്തുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യാവുന്നതാണ്. ബൈഉൽ മൗസ്വൂഫ് എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇതിനെ കുറിച്ച് പറയാറുള്ളത്. നിശ്ചിത വർഗത്തിൽപെട്ട നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഏതെങ്കിലുമൊന്ന് എന്നതാണ് വിൽപന വസ്തുവിന്റെ സ്വഭാവം. ഇത്തരത്തിൽ ഇടപാട് നടത്തുമ്പോൾ വസ്തു കാണണമെന്ന നിബന്ധനയില്ല. പക്ഷേ ഇടപാടിന്റെ സദസ്സിൽ വെച്ച് തന്നെ വില കൈമാറ്റം ചെയ്യപ്പെടുകയോ കൃത്യമായി ഇന്നത് എന്ന സ്വഭാവത്തിൽ നിർണയിക്കപ്പെടുകയോ വേണമെന്ന നിബന്ധനയുണ്ട് (തുഹ്ഫ 4/270, 5/9, ബുജൈരിമി 2/235 കാണുക).
ഓൺലൈനിലൂടെ നിശ്ചിത വർഗത്തിൽ പെട്ടതും നിശ്ചിത ഗുണങ്ങളും സ്വഭാവങ്ങളുമുള്ള ഒരു ഉൽപന്നം എന്ന നിലയിൽ വസ്തു വാങ്ങുകയും അപ്പോൾ തന്നെ വില കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇടപാട് സ്വഹീഹാണ്. വസ്തു പിന്നീട് കൈപറ്റിയാൽ മതിയാകുന്നതാണ്.
ചുരുക്കത്തിൽ, ഇടപാടിന് മുമ്പ് തന്നെ പണം നൽകിയും ഇടപാടിന്റെ സമയത്ത് പണം നൽകിയും ഓൺലൈനിലൂടെ വസ്തുക്കൾ വാങ്ങാവുന്നതാണ്. എന്നാൽ വിൽപന വസ്തു ഇന്നത് എന്ന സ്വഭാവത്തിൽ കൃത്യമായി നിർണയമില്ലാതെ ഇന്ന വർഗത്തിൽ പെട്ട നിശ്ചിത ഗുണങ്ങളും സ്വഭാവങ്ങളുമുള്ള ഏതെങ്കിലുമൊന്ന് എന്ന വിധത്തിലാകുമ്പോൾ ഇടപാടിന്റെ സദസ്സിൽ വെച്ചു വില കൈമാറുകയോ ഇത് എന്ന സ്വഭാവത്തിൽ വില കൃത്യമായി നിർണയിക്കുകയോ ചെയ്യാതെ ഇടപാട് സ്വഹീഹല്ല.
ഫസ്ഖിനു ശേഷം ഒന്നിക്കാമോ?
ഖാളി മുഖേന ഭാര്യ നികാഹിനെ ഫസ്ഖ് ചെയ്താണ് ദമ്പതികൾ പിരിഞ്ഞത്. എന്നാൽ ഇരുവർക്കും വീണ്ടും ഒന്നിച്ചു ജീവിക്കണമെന്നുണ്ട്. ഇതിനെന്താണ് മാർഗം. അവളെ മടക്കിയെടുക്കാമോ. അതിന് പുതിയ നികാഹ് വേണ്ടതുണ്ടോ. മൂന്ന് ത്വലാഖ് ചൊല്ലിയാലുള്ളതു പോലെ മറ്റൊരാൾ നികാഹ് ചെയ്ത് ത്വലാഖ് ചൊല്ലിയതിനു ശേഷമേ ആദ്യ ഭർത്താവ് നികാഹ് ചെയ്യാവൂ എന്ന നിയമം ഇവിടെയുണ്ടോ?
ഫസ്ഖിനു ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കണമെങ്കിൽ പുതിയ നികാഹ് നടത്തേണ്ടതാണ്. വധുവിന്റെ രക്ഷിതാവ്, വരൻ, രണ്ടു സാക്ഷികൾ, വധുവിന്റെ സമ്മതം മഹ്ർ എല്ലാമുള്ള നികാഹ് വേണ്ടതുണ്ട്. പുതിയ നികാഹില്ലാതെ ഇദ്ദ കാലത്ത് തിരിച്ചെടുക്കാനുള്ള അവസരം ഫസ്ഖിൽ ഇല്ല. എന്നാൽ മറ്റൊരാൾ നികാഹ് ചെയ്തു ത്വലാഖ് ചൊല്ലിയതിനു ശേഷമേ ആദ്യ ഭർത്താവ് നികാഹ് ചെയ്യാവൂ എന്ന നിയമം ഇവിടെയില്ല (ഫത്ഹുൽ മുഈൻ 402).
ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി