MA-USTHAD

മര്‍ഹൂം എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ന.മ) പല കാര്യങ്ങളിലും വ്യതിരിക്ത വ്യക്തിത്വമായിരുന്നു. ആത്മീയതയുടെയും ആദര്‍ശ ബോധത്തിന്‍റെയും കൃത്യമായ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയവരാണ് സമസ്തയുടെ അമരത്തിരുന്ന പണ്ഡിത കേസരികളെല്ലാം. എംഎ ഉസ്താദും ഈ വഴിയിലാണ് സഞ്ചരിച്ചത്. മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, വരക്കല്‍ തങ്ങള്‍ പോലുള്ള പ്രതിഭാധനരുടെ പിന്‍ഗാമിയായി ഇക്കാര്യങ്ങളിലെല്ലാം ഉസ്താദ്. സമസ്തയുടെ പ്രസിഡന്‍റ് പദവിയില്‍ അല്‍പകാലം മാത്രമാണ് ഇരുന്നതെങ്കിലും പൂര്‍വികര്‍ പകര്‍ന്ന ആദര്‍ശ വെളിച്ചത്തെയും പ്രാസ്ഥാനിക വ്യക്തിത്വത്തെയും അദ്ദേഹം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു.

എഴുപതുകളുടെ കാലുഷ്യങ്ങളെ അതിജീവിച്ച് എണ്‍പതുകളിലെ വ്യക്തിത്വ പ്രകടനത്തിന് ശേഷം സമസ്തയെ നയിച്ച ധീരസാരഥി ഉള്ളാള്‍ തങ്ങള്‍ നല്‍കിയ നേതൃത്വത്തില്‍ കരുത്ത് കാട്ടിയ പ്രസ്ഥാനത്തെ എളിമയോടെ ഏറ്റെടുത്ത് ഒരായുഷ്കാലം പ്രസ്ഥാനപ്പെരുമക്ക് സമര്‍പ്പിച്ചാണ് എംഎ ഉസ്താദ് നമ്മോട് വിടപറഞ്ഞത്.

തിരുനബി(സ്വ) പരമ്പരയിലെ ഒരു ജ്ഞാനജ്യോതിസ്സില്‍ നിന്നാണ് ദീര്‍ഘകാലം എംഎ ഉസ്താദ് ജ്ഞാനവെളിച്ചം സ്വീകരിച്ചത്. ഔപചാരികവും സാമ്പ്രദായികവുമായ വിദ്യാഭ്യാസാവസരങ്ങളുപയോഗപ്പെടുത്തി അതിന്‍റെ മൗലിക ഗുണങ്ങള്‍ പകരാന്‍ യോഗ്യതയൊത്ത ഗുരുവര്യരായിരുന്നു ശാഹുല്‍ ഹമീദ് തങ്ങള്‍.

പഠനകാലത്തും പിന്നീടും അറബി, മലയാളം, അറബിമലയാളം, ഉറുദു, ഇന്ത്യന്‍-വിദേശ കൃതികളും ആനുകാലികങ്ങളും എംഎ ഉസ്താദിന്‍റെ ജ്ഞാനതൃഷ്ണക്ക് തൂവല്‍സ്പര്‍ശമായി. കഠിന പരിശ്രമത്തിലൂടെ നേടിയ ജ്ഞാന വൈവിധ്യത്തിന്‍റെ ഫലം സമൂഹത്തിന് കൈമാറാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പരമ്പരാഗത ഇസ്ലാമിക സമൂഹത്തില്‍ സാമ്പ്രദായിക സംവിധാനത്തിനപ്പുറം ഔപചാരികമായി വലിയ ഭൗതിക വിദ്യാഭ്യാസം എംഎ ഉസ്താദ് നേടിയിരുന്നില്ല എന്നത് സത്യമാണ്. പക്ഷേ, അതൊന്നും സാഹിത്യസമ്പുഷ്ടമായ രചനാ വൈഭവത്തിനോ സംഘാടനത്തിനോ തടസ്സമായില്ല.

എംഎ ഉസ്താദിനെപ്പോലെ കേരള മുസ്‌ലിംകളില്‍ പ്രബോധകര്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ സാമൂഹിക വീക്ഷണം പുലര്‍ത്തിയ പ്രബോധകരെ കൂടുതലായി കാണാനാവില്ല. അനുഭവങ്ങളോടാണ് ഉസ്താദ് സംവദിച്ചതും പ്രതികരിച്ചതും.

കേരളീയ സമൂഹത്തിലും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളിലും ഉടലെടുത്ത പ്രവണതകള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു ഉസ്താദ്. അവയുടെ മതപരവും സാമുദായികവുമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ പ്രതികരണത്തിന്‍റെ പ്രായോഗികവും സൃഷ്ടിപരവുമായ അവസരങ്ങള്‍ സൃഷ്ടിക്കുകയുമുണ്ടായി.

സമസ്തയുടെ സംസ്ഥാപനം നടക്കുന്നത് 1920-കളിലായിരുന്നുവല്ലോ. അത് ഉസ്താദിന്‍റെ ശൈശവ കാലത്താണ്. അതിനാല്‍ തന്നെ അതിന്‍റെ അസ്ഥിവാരത്തില്‍ എംഎ ഉസ്താദുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് അതിന്‍റെ വളര്‍ച്ചയോടൊപ്പം എംഎ ഉസ്താദ് വളര്‍ന്നു. പ്രസ്ഥാനത്തിന്‍റെ ആയുസിനേക്കാള്‍ ഒരു വയസ്സ് കൂടുതലാണ് എംഎ ഉസ്താദിന്.

മതവിദ്യാഭ്യാസത്തിന്‍റെ സാമ്പ്രദായിക സംവിധാനങ്ങളില്‍ പ്രധാനമായ ദര്‍സ് എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലായിരുന്നില്ല. ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നവര്‍ മതപഠനത്തിന് അവസരം നല്‍കിയതുമില്ല. നിലവിലുണ്ടായിരുന്ന ചില സൗകര്യങ്ങള്‍ മതേതര ഇന്ത്യയില്‍ നിര്‍ത്തല്‍ ചെയ്യപ്പെടുകയുമുണ്ടായി. ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുണ്ടാക്കുന്നതായിരുന്നു. അങ്ങനെയാണ് മദ്റസാ പ്രസ്ഥാനം രൂപപ്പെടുന്നത്.

സ്വാതന്ത്ര്യ സമര പ്രസ്ഥാനവും അതിന്‍റെ ഉപോല്‍പന്നങ്ങളും പ്രതികരണങ്ങളുമായി ഉടലെടുത്ത പ്രസ്ഥാനങ്ങളും ഇറക്കുമതി ചെയ്ത ചിന്തകളും കേരളത്തില്‍ അടിവേര് തേടുന്നത് നാല്‍പതുകളിലും അന്‍പതുകളിലുമാണ്. അതില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാനും പ്രബോധന ബാധ്യതകള്‍ നിര്‍വഹിക്കാനും സമസ്ത സഹായകമാവുമെന്ന ചിന്ത ഉയര്‍ന്നുവന്ന കാലമായിരുന്നുവത്. എംഎ ഉസ്താദിലെ പ്രബോധക മനസ്സ് സജീവമാകുന്നതും ആ ഘട്ടത്തിലാണ്.

സമസ്ത കേരള സുന്നി യുവജന സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചു ഉസ്താദ്. 1982 മുതല്‍ എസ് വൈഎസിന്‍റെ പ്രസിഡന്‍റായി. 1995 വരെ നീണ്ട 13 വര്‍ഷം ആ പദവിയിലിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെ ആദ്യത്തിലെയും പ്രശ്ന പ്രക്ഷുബ്ധ കാലത്ത് സംഘടനയുടെ അമരത്ത് എംഎ ഉസ്താദവര്‍കളായിരുന്നു. പ്രബോധനത്തിന് പ്രാധാന്യം നല്‍കിയുള്ള അനേകം സംരംഭങ്ങള്‍ക്ക് ഈ കാലയളവില്‍ സംഘടന രൂപം നല്‍കിയതു കാണാം.

ആദര്‍ശത്തെ അപകടപ്പെടുത്തുന്നതിന് ആകര്‍ഷകമായ ചെപ്പടിവിദ്യകളുമായി രംഗത്തുവന്ന ജമാഅത്തെ ഇസ്ലാമിയെയും തബ്ലീഗ് ജമാഅത്തിനെയും ഇഴകീറി പരിശോധിച്ച ഉസ്താദ് അവരെ തുറന്നുകാട്ടുന്ന ഖണ്ഡന ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. അറബിയിലും മലയാളത്തിലും ഇവ്വിഷയകമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തബ്ലീഗിനെ കുറിച്ച് ഉര്‍ദുവിലും ഗ്രന്ഥമുണ്ട്.

ആത്മീയതയെ മലിനപ്പെടുത്തുന്ന പ്രവണതകള്‍ക്കെതിരെ സുന്നിടൈംസില്‍ ആദ്യകാലം മുതല്‍ തന്നെ ലേഖനങ്ങളെഴുതിയിരുന്നു അദ്ദേഹം. ആത്മസംസ്കരണ ശാസ്ത്രത്തിലും ഗ്രന്ഥം രചിച്ചു. സാധാരണക്കാരില്‍ ആത്മീയതയും ദിക്ര്‍ സ്വലാത്തുകളും നിലനിര്‍ത്താന്‍ ഉപകരിക്കുന്ന അദ്കാര്‍ ഗ്രന്ഥം അറബി മലയാളത്തില്‍ തയ്യാറാക്കിയത് വളരെ പ്രചാരം നേടിയതാണ്. ഈ ഗ്രന്ഥത്തില്‍ ദിക്ര്‍, സ്വലാത്തുകള്‍, ദുആകള്‍, അറബ്മൂലത്തില്‍ തന്നെ നിലനിര്‍ത്തി, സംയുക്ത കൃതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മതരംഗത്തുള്ള ഒരു പണ്ഡിതന്‍ കമ്മ്യൂണിസത്തെ പൊളിച്ചടുക്കി ഗ്രന്ഥമെഴുതിയത് ചരിത്രസംഭവമാണ്. സമൂഹത്തില്‍ കാലാകാലങ്ങളില്‍ രൂപപ്പെട്ട രാഷ്ട്രീയ മുന്നണി ബന്ധങ്ങള്‍ മതനിരാസത്തിന് കാരണമായേക്കുമെന്ന ആശങ്ക പ്രബോധകനില്‍ സ്വാഭാവികമാണ്. കമ്മ്യൂണിസത്തെ പഠനവിധേയമാക്കാനും നിരൂപിക്കാനും ഉസ്താദിനെ പ്രേരിപ്പിച്ചത് രാഷ്ട്രീയത്തിനപ്പുറം നാസ്തിക വാദം സമൂഹത്തില്‍ വേരൂന്നിത്തുടങ്ങിയപ്പോഴാണ്.

ശരീഅത്തിന്‍റെ അനുഷ്ഠാനതലങ്ങളെ തെറ്റിദ്ധരിപ്പിച്ചും തിരുത്താവശ്യപ്പെട്ടും ഭൗതിക പ്രമത്തരായ മുസ്‌ലിം നാമധാരികള്‍ പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ സംവിധാനവും ദേശീയോദ്ഗ്രഥന വീക്ഷണങ്ങളും മറയാക്കി ശരീഅത്ത് വിരോധം അജണ്ടയാക്കിയവരുമുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും വേദനിപ്പിക്കുന്നതില്‍ മനഃസംതൃപ്തി കാണുന്ന ഇത്തരം പരിഷ്കാരികള്‍ പലവിധേന ശരീഅത്തിനെതിരെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. അതിനെയെല്ലാം വസ്തുനിഷ്ഠമായി വിലയിരുത്തി ഖണ്ഡിക്കാന്‍ മുന്നോട്ടുവന്ന എംഎ ഉസ്താദിന്‍റെ അനുഗ്രഹീത രചനയാണ് ‘മുസ്‌ലിംകളും ശരീഅത്ത് നിയമങ്ങളും.’ ദീനറിയുന്നവരും വായിക്കേണ്ട കൃതിയാണിത്.

ഉസ്താദിന്‍റെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും കുറിപ്പുകളും ആ മഹാ പ്രതിഭയുടെ ഉജ്വലമായ ധൈഷണികത, പ്രബോധന മനസ്സ്, സാമൂഹ്യ ബോധം, നിരീക്ഷണ വൈദഗ്ധ്യം, വിഷയ നൈപുണ്യം തുടങ്ങിയ ഗുണങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. വര്‍ത്തമാന കാലത്തിന്‍റെ തുടിപ്പുകള്‍ നിരീക്ഷിച്ച് ഉചിതമായ പ്രതികരണങ്ങള്‍ അദ്ദേഹം നടത്തി. ഏതു പ്രതികൂല സാഹചര്യത്തെയും ദൗത്യനിര്‍വഹണ ബോധത്തോടെ ഈ പ്രബോധകന്‍ സമീപിച്ചു.

സാമൂഹികമോ, സാംസ്കാരികമോ മതപരമോ പ്രാസ്ഥാനികമോ ആയ കാലുഷ്യങ്ങളൊന്നും എംഎ ഉസ്താദ് പുലര്‍ത്തിയില്ല. എന്നും നീതിയുടെയും ന്യായത്തിന്‍റെയും പക്ഷത്ത് ആത്മവീര്യത്തോടെ മാര്‍ഗദര്‍ശകനും ദൗത്യവാഹകനുമായി.

എംഎ ഉസ്താദിന്‍റെ ആയുഷ്കാലം തെളിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ്. ധന്യമായ ജീവിതം ചരിത്രമാക്കിയ മഹാനായ പണ്ഡിതന്‍. സാമൂഹിക സാംസ്കാരിക പ്രാസ്ഥാനിക ബോധങ്ങള്‍ പ്രബോധകര്‍ക്കും പ്രവര്‍ത്തകര്‍ക്കും പകരുന്ന ജീവിതവും കൃതികളും എംഎ ഉസ്താദിനെ അനശ്വരനാക്കാന്‍ പ്രാപ്തമാണ്. മൗലികമായ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പകരുന്ന ഉസ്താദിന്‍റെ രചനകളും മാതൃകാ ജീവിതവും പ്രവര്‍ത്തകര്‍ക്കും നവപ്രബോധകര്‍ക്കും ദൗത്യ നിര്‍വഹണത്തിനും വ്യക്തിത്വ സംരക്ഷണത്തിനും ഉപയുക്തമാവുമെന്നതില്‍ സന്ദേഹമില്ല.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്തുനിന്ന് നമ്മെ നയിച്ച ഉസ്താദിന്‍റെ ശാരീരിക സാന്നിധ്യം അവസാനിച്ചുവെങ്കിലും കര്‍മനൈരന്തര്യവും വൈജ്ഞാനിക-പ്രാസ്ഥാനിക സേവനാനുഭവങ്ങളും പ്രചോദനമേകി നിലനില്‍ക്കുന്നതാണ്. അര്‍പ്പിതമായ ദൗത്യം നിര്‍വഹിച്ച് ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം മണ്‍മറയുന്നത്. അല്ലാഹു ഉസ്താദിന്‍റെ സേവനങ്ങള്‍ ഖബൂലാക്കി ഉന്നത സ്ഥാനീയരില്‍ ഉള്‍പ്പെടുത്തട്ടെ.

 

അലവിക്കുട്ടി ഫൈസി എടക്കര

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജീവിതരേഖ

1924 ജൂലൈ 1 (1342 റബജ് 29) കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തലയില്‍ ഉസ്താദ് ജനിക്കുന്നു. പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്നി: ഖദീജ. സന്താനങ്ങള്‍: കുഞ്ഞുമുഹമ്മദ്, നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്, ജുവൈരിയ്യ.

1946 സമസ്ത ജനറല്‍ ബോഡിയിലേക്ക്

1947  മയ്യിത്ത് പരിപാലന സംഘം രൂപീകരണത്തിലൂടെ ജനസേവന രംഗത്ത്.

1951  ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന കമ്മിറ്റിയംഗം

1954  സമസ്ത കേരള സുന്നി യുവജന സംഘം രൂപീകരണത്തില്‍ പങ്കാളി

1958  പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിച്ചപ്പോള്‍ പ്രസിഡന്‍റായി.

1965  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്‍റ്

1973  അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത സെക്രട്ടറി

1974  കേന്ദ്ര മുശാവറ അംഗം

1975  തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്ലാം അറബിക് കോളേജ് സാരഥ്യം.

1976  പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍

1982  എസ് വൈ എസ് പ്രസിഡന്‍റ് (95 വരെ പദവിയില്‍ തുടര്‍ന്നു).

1984  സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി

1985  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്‍റ്

1989  സമസ്ത ഉപാധ്യക്ഷന്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്.

2014 ഫെബ്രുവരി 9-ന് സമസ്ത പ്രസിഡന്‍റ് പദവിയിലേക്ക്

2015 ഫെബ്രുവരി 17 ചൊവ്വ (1436 റബീഉല്‍ ആഖിര്‍ 28) രാത്രി 8.50-ന് നിര്യാതരായി.

ഫെബ്രുവരി 18 ഉച്ചയോടെ ദേളി ജാമിഅ സഅദിയ്യയില്‍ അന്ത്യവിശ്രമം.

ഫെബ്രുവരി 23 എംഎ ഉസ്താദ് സംയുക്ത കൃതികള്‍ മൂന്ന് വാള്യങ്ങളില്‍ പ്രകാശിതമാവുന്നു.

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരിസും (1979 മുതല്‍).

അവാര്‍ഡുകള്‍:  മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ്ലാമിക് റിസര്‍ച്ച് സെന്‍റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി  അവാര്‍ഡ്, എസ് എസ് എഫിന്‍റെ മഖ്ദൂം അവാര്‍ഡ് തുടങ്ങി ഒരു ഡസനിലേറെ പുരസ്കാരങ്ങള്‍

 മറ്റു പദവികള്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്, തഅ്ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്‍റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്‍റ്,  അല്‍ മുജമ്മഅ് പ്രസിഡന്‍റ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ