അഞ്ചങ്ങാടി: പരിവ്രാജകരുടെ പഞ്ചാരമാട്

പുണ്യാത്മാക്കളുടെ പാദപതനങ്ങളേറ്റ ചരിത്ര ദേശമാണ് ചാവക്കാട് കടപ്പുറം പഞ്ചായത്ത്. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന നാട്. സാദാത്തുക്കളിൽ നിന്ന് ഇജാസത്തുകൾ കൈപ്പറ്റി, അവരുടെ ഗുരുശൃംഖലകളിൽ കണ്ണിചേരാനായി കഴിഞ്ഞ രണ്ടര നൂറ്റാണ്ടിനിടക്ക് ഇവിടം സന്ദർശിക്കാത്ത പണ്ഡിതന്മാർ വിരളം. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അർധ ദ്വീപാണ് കടപ്പുറം. 1968ലാണ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വിഭജിച്ച് കടപ്പുറം പഞ്ചായത്ത് രൂപംകൊണ്ടത്. കിഴക്ക് കനോലി കനാലും പടിഞ്ഞാറ് അറബിക്കടലും തെക്ക് ചേറ്റുവപ്പുഴയും വടക്ക് ചാവക്കാട് നഗരസഭയുമാണ് അതിരുകൾ. മത്സ്യബന്ധനവും മത്സ്യസംസ്‌കരണവും കയറുൽപാദനവും കൃഷിയുമായിരുന്നു ഇന്നലെകളിൽ കടപ്പുറത്തിന്റെ അതിജീവന മാർഗങ്ങൾ. ഇന്നത് ഗൾഫിനെ ആശ്രയിച്ചു നിൽക്കുന്നു.
ചേറ്റുവ അഴിമുഖം കടന്ന് അറേബ്യൻ വ്യാപാരികളുടെ പായക്കപ്പലുകളും ഉരുക്കളും കടപ്പുറം പഞ്ചായത്തിലെ കായൽതീരങ്ങളിൽ നങ്കൂരമിട്ടിരുന്നു. അവർ പാണ്ടികശാലകൾ കെട്ടി നാണ്യവിളകൾ ശേഖരിച്ച് കടപ്പുറത്തെ ചലനാത്മകമാക്കി. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അഞ്ചങ്ങാടിയിൽ ബ്രിട്ടീഷുകാരനായ ബ്രണ്ണൻ സായിപ്പ് വാണിജ്യ കേന്ദ്രം സ്ഥാപിച്ചിരുന്നതായി രേഖയുണ്ട്. ചങ്ങനാശ്ശേരി, തമിഴ്‌നാട്ടിലെ തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളിലേക്കും സിലോണിലേക്കും ഇവിടെ നിന്ന് മത്സ്യം കയറ്റുമതി ചെയ്തിരുന്നു. നെല്ലും പയറും ചേമ്പും കൂർക്കയും റാഗിയും രാമച്ചവുമെല്ലാം വിളഞ്ഞിരുന്ന മണ്ണ്. ഇന്നു പക്ഷേ, കനോലി കനാലിലൂടെ ഉപ്പുവെള്ളം കയറി വിളനിലങ്ങൾ കൃഷിയോഗ്യമല്ലാതായി. ഈ മണൽനിലങ്ങളിലിന്ന് കേരവൃക്ഷങ്ങളാണ് ആദായം നൽകുന്നത്.
മുസ്‌ലിം പാരമ്പര്യത്തിന്റെ സമ്പന്ന ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ധാരാളം പൈതൃക മുദ്രകൾ അഞ്ചങ്ങാടിയുടെ മണൽപറമ്പുകളിൽ പൂത്തുനിൽപ്പുണ്ട്. പള്ളികളും മഖാമുകളും തീർത്ഥാടകരെ വിരുന്നൂട്ടുന്നു. പുതിയങ്ങാടിയിലെ ബുഖാറയും ആറങ്ങാടി കടപ്പുറം പള്ളിയും ആത്മീയാനുരാഗികളുടെ ഇഷ്ടഭൂമികയാണ്. സയ്യിദ് അഹ്‌മദുൽബുഖാരി, ശൈഖ് അലി അഹ്‌മദ്, മുഹമ്മദ് മൂസ അൽഅദനി എന്നീ പുണ്യാത്മാക്കളിലൂടെയാണ് അഞ്ചങ്ങാടിയുടെ ഇസ്ലാമിക പൈതൃകം പുഷ്പിക്കുന്നത്. മൂന്നു പേരും സമകാലീനരായിരുന്നു. മൂവരുടെയും ഖബറിടങ്ങൾ ഏകദേശം നേർരേഖയിലാണ് സ്ഥിതി ചെയ്യുന്നത്.

ഫഖീർ ഉപ്പാപ്പയും
രിഫാഈ റാത്തീബും

അഞ്ചങ്ങാടി-പുതിയങ്ങാടി പാതയിൽ നൂറു മീറ്റർ പിന്നിട്ടാൽ വലതുവശത്തായി മുഹ്‌യിദ്ദീൻ പള്ളി ഉയർന്നുനിൽക്കുന്നു. അൽപം മുന്നോട്ടുനടന്നാൽ ഇടതുവശത്ത് മുഹമ്മദ് മൂസ വലിയ്യുല്ല എന്ന ഫഖീർ സാഹിബ് ഉപ്പാപ്പ ജാറം എന്ന് രേഖപ്പെടുത്തിയ മഖ്ബറ കാണാം. മണൽഭൂമിയിൽ നാട്ടിവച്ച ഏതാനും മീസാൻ കല്ലുകൾക്കും മൈലാഞ്ചി ചെടികൾക്കും നടുവിലാണ് മഖാം. ചാവക്കാട് പരിസരങ്ങളിൽ പുണ്യപുരുഷന്മാരെ പൊതുവിൽ പരിചയപ്പെടുത്താൻ ഉപയോഗിക്കുന്ന പദമാണ് ഫഖീർ സാഹിബ് ഉപ്പാപ്പ. ഈസൽ മുസ്തഫൽ അദനി എന്നാണ് യഥാർത്ഥ പേരെന്ന് പറയുന്നവരുണ്ട്. ഇതനുസരിച്ച് മുഹമ്മദ് മൂസ വിളിപ്പേരോ തെറ്റായി രേഖപ്പെട്ടതോ ആകാം.
യമനിൽ നിന്ന് ഉത്തരേന്ത്യ വഴി ചാവക്കാട് കുടിയേറിയതാണ് ഫഖീർ ഉപ്പാപ്പ. സാത്വികനും വിദഗ്ധ ചികിത്സകനുമായിരുന്നു. വിഷത്തിന്റേതുൾപ്പെടെ ധാരാളം ഇജാസത്തുകളുള്ള പണ്ഡിതൻ. അദ്ദേഹത്തിന്റെ പിന്മുറക്കാരും പ്രഗത്ഭ പണ്ഡിതന്മാരും ചികിത്സകരും രിഫാഈ ത്വരീഖത്തിന്റെ ഗുരുക്കന്മാരുമായിരുന്നു. ഫഖീർ ഉപ്പാപ്പക്ക് രണ്ടു പുത്രന്മാരുണ്ട്; നൂർ മുഹമ്മദ്, അബ്ദുറസാഖ് എന്ന ശൈഖ് അലി. നൂർ മുഹമ്മദിന്റെ മകൻ അഹ്‌മദ് മകൻ അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോഴിക്കോട് കാപ്പാട്ട് താമസമാക്കി. ചാവക്കാട് കടപ്പുറത്തെ കടൽ തൊഴിലാളികളും കാപ്പാട്ടെ മത്സ്യക്കച്ചവടക്കാരും തമ്മിലുള്ള ബന്ധമാണ് അതിനു നിമിത്തം. അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ചികിത്സാ നൈപുണ്യം കേട്ടറിഞ്ഞ കാപ്പാട്ടുകാർ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ സൈദ് അഹ്‌മദ് രിഫാഈയാണ് കാപ്പാട്ടെ പ്രസിദ്ധമായ രിഫാഈ റാത്തീബ് സ്ഥാപിച്ചത്. 142 കൊല്ലമായി അത് തുടർന്നുവരുന്നു.

വഴിവിളക്കുകളായി
മുഹ്‌യിദ്ദീൻ പള്ളികൾ

മൂന്നാം കല്ലിൽ ബസിറങ്ങി അഞ്ചങ്ങാടി റോഡിലേക്കു തിരിഞ്ഞാൽ ആദ്യം ദൃഷ്ടിയിൽ പതിയുക മുഹ്‌യിദ്ദീൻ പള്ളിയിലേക്കു (തെക്കേ തലക്കൽ ജുമാമസ്ജിദ്) ദിശ കാണിക്കുന്ന നെയിംബോർഡാണ്. അഞ്ചങ്ങാടിയിലെത്തിയാൽ പുതിയങ്ങാടി റോഡിൽ വലതുവശത്തും മനോഹരമായൊരു മുഹ്‌യിദ്ദീൻ പള്ളിയുണ്ട്. ഇതുപോലെ ചാവക്കാട് താലൂക്കിൽ മാത്രം ഇരുപത്തഞ്ചിലധികം മുഹ്‌യിദ്ദീൻ പള്ളികളുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മിക്ക മുസ്‌ലിം പൈതൃക ദേശങ്ങളിലും മുഹ്‌യിദ്ദീൻ പള്ളികൾ കാണാം. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ പള്ളികൾ മുഹ്‌യിദ്ദീൻ ശൈഖിന്റെ നാമധേയത്തിലായിരിക്കും. അവയിൽ പ്രസിദ്ധമായ മിക്കതും ഒന്നു മുതൽ അഞ്ചു വരെ നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ്.
മുഹ്‌യിദ്ദീൻ മാലയും മുഹ്‌യിദ്ദീൻ റാത്തീബും ഖാദിരിയ്യ ത്വരീഖത്തും മുസ്‌ലിംകൾക്ക് ആത്മീയ പ്രസരിപ്പ് നൽകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ അനുരണനങ്ങളാണ് ഈ മുഹ്‌യിദ്ദീൻ പള്ളികൾ. മുഹ്‌യിദ്ദീൻ റാത്തീബുകളാൽ പ്രസിദ്ധങ്ങളാണ് ഇവയിൽ പലതും. ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുക്കന്മാർ സ്ഥാപിച്ച മഹ്‌ളറകൾ പള്ളികളായി പരിവർത്തനം ചെയ്യപ്പെട്ടവയുമുണ്ട്. ശൈഖ് ജീലാനി(റ)യുടെ ശിഷ്യന്മാർ നേരിട്ട് നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളും കൂട്ടത്തിലുണ്ട്.
ഓരോ മുഹ്‌യിദ്ദീൻ പള്ളിക്കും ധാരാളം അനുഭവസാക്ഷ്യങ്ങൾ അയവിറക്കാനുണ്ടാകും. ചാവക്കാട് ബീച്ച് റോഡിൽ അൽപം ഉള്ളിലേക്ക് മാറി നിലകൊള്ളുന്ന മുഹ്‌യിദ്ദീൻ പള്ളിയിൽ ആത്മീയ ശക്തിയുണ്ടെന്ന് അവിടത്തെ ഹൈന്ദവ സഹോദരങ്ങൾ പോലും വിശ്വസിക്കുന്നു. ധാരാളം നേർച്ചകൾ പള്ളിയിൽ അർപ്പിക്കുന്നു. പള്ളിയിൽ പഴക്കുല സമർപ്പിച്ചാണ് അവർ പ്രസവത്തിനു പോവുക. മാസാന്ത റാത്തീബിന്റെയും വാർഷിക സംഗമത്തിന്റെയും പുണ്യവും ഫലസിദ്ധിയുമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്.
ഗുരുവായൂർ കൊടുങ്ങല്ലൂർ പാതയിൽ മൂന്നാം കല്ലിൽ നിന്നു രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ കടപ്പുറം അഞ്ചങ്ങാടിയിലെത്താം. നാൽക്കവലയിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുമാറി കടലിനോട് ചേർന്ന് കടപ്പുറം ആറങ്ങാടി ജുമാമസ്ജിദും ശൈഖ് അലി അഹ്‌മദ് ഉപ്പാപ്പയുടെ മഖ്ബറയും പച്ച പുതച്ചു നിൽക്കുന്നു. പറങ്കിമാവുകൾക്കും മൈലാഞ്ചിച്ചെടികൾക്കും നിരന്നു കിടക്കുന്ന നിശാൻ കല്ലുകൾക്കുമിടയിൽ ഹരിത താഴികക്കുടങ്ങൾ മകുടം ചാർത്തിനിൽക്കുന്ന മസ്ജിദ് മനോഹര കാഴ്ചയാണ്. ആദ്യകാലത്ത് പരിസരവാസികൾ ജുമുഅ ജമാഅത്തിന് ആശ്രയിച്ചിരുന്ന ഏക പള്ളിയായിരുന്നു ഇത്. രണ്ടര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പള്ളി സ്ഥാപിച്ചത് ശൈഖ് അലി അഹ്‌മദാണ്.
ഭീമാകാരങ്ങളായ കരിങ്കൽ പാളികളും തടികളും ഉപയോഗിച്ചുള്ള പള്ളിയും ഒറ്റക്കല്ലിൽ തീർത്ത ജലസംഭരണിയും ശിൽപചാരുതയോടെ നൂറ്റാണ്ടിലധികം പരിലസിച്ചു. പിൽക്കാലത്ത് നാട്ടുകാർ പള്ളി പുതുക്കിപ്പണിയുകയുണ്ടായി. അദ്ദേഹത്തിന്റെ പിന്മുറക്കാരും നാട്ടുകാരും ചേർന്നാണ് പള്ളിയും മഖാമും പരിപാലിക്കുന്നത്. കുറേക്കാലം ഇവിടെ ദർസ് നടന്നിരുന്നു. റോഡിന് മറുവശത്തായി വിശാലമായ പള്ളിക്കുളം വേണ്ടത്ര പരിപാലനമില്ലാതെ കിടക്കുന്നതു കാണാം. കുളത്തിനു സമീപത്താണ് ഫഖീർ അഹ്‌മദ് ശാഹ് ജലാലുദ്ദീൻ ശൈഖ് ജാറം. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മുരീദും നിരവധി പേർക്ക് ആത്മീയ വെളിച്ചം പകർന്ന സൂഫിവര്യനുമായിരുന്നു അദ്ദേഹം. അൽപം അകലെയായി ഉണ്ണി മസ്താൻ ജാറവും (1933-1966) കാണാം.

ആറങ്ങാടിയിലെ ആത്മീയ ജ്യോതിസ്സ്

പ്രദേശത്തിന്റെ ആത്മീയ വെളിച്ചമാണ് ശൈഖ് അലി അഹമ്മദ് ഉപ്പാപ്പ. ജീവിതകാലത്തും മരണാനന്തരവും നിരവധി കറാമത്തുകൾ പ്രകടമായ അദ്ദേഹത്തെ കുറിച്ചു പറയാൻ നാട്ടുകാർക്ക് നൂറു നാവാണ്. ഏകദേശം രണ്ടര നൂറ്റാണ്ടു മുമ്പാണ് അദ്ദേഹം അവിടെ മറപ്പെട്ടത്. ജനങ്ങൾ സ്‌നേഹാദരവോടെ ഉപ്പാവ എന്നു വിളിക്കുന്നു. ചാവക്കാട് ബുഖാറ സാദാത്തുക്കളുടെ പിതാവ് സയ്യിദ് അഹ്‌മദ് അൽബുഖാരിയുടെ സമകാലീനനായിരുന്നു. ചാവക്കാടിനു സമീപം പെരിങ്ങാട് തിരുനെല്ലാണ് സ്വദേശം. പെരിങ്ങാട് പുഴയോരത്തായിരുന്നു ജന്മഗൃഹം. പിതാവ് ശൈഖ് മഹ്‌മൂദുൽ ഖാഹിരി പണ്ഡിതനും സൂഫിവര്യനുമാണ്. മാതാവ് ഫാത്തിമ. ഉപ്പാപ്പയുടെ ശൈശവത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. തുടർന്ന് മാതാവിന്റെ സംരക്ഷണയിലായി.
യുവാവായ അലി അഹ്‌മദ് ഉപജീവനമാർഗം തേടി കച്ചവട രംഗത്തേക്കിറങ്ങി. തൃശൂർ ചന്തയിൽ നിന്ന് വസ്തുക്കൾ വാങ്ങി വഞ്ചിയിൽ കൊണ്ടുവന്ന് നാട്ടിൻപുറങ്ങളിൽ വിതരണം ചെയ്യലായിരുന്നു രീതി. ഒരിക്കൽ ചരക്കെടുത്തു വരുന്നതിനിടയിൽ സ്വുബ്ഹി നിസ്‌കാരത്തിനു സമയമായി. വഞ്ചിക്കാരനോട് തോണി കരക്കടുപ്പിക്കാനാവശ്യപ്പെട്ടു. അംഗശുദ്ധി വരുത്തി നിസ്‌കരിക്കാൻ തയ്യാറെടുത്തു. അന്നേരം ഒരപരിചിതൻ നിസ്‌കരിക്കുന്നതു കണ്ടു. അദ്ദേഹത്തെ തുടർന്ന് നിസ്‌കരിച്ചു. സലാം വീട്ടിയ ശേഷം അപരിചിതൻ അലി അഹ്‌മദിന് ചില ഉപദേശങ്ങൾ നൽകി ഹസ്തദാനം ചെയ്ത് പിരിഞ്ഞു. അത് ഖളിർ നബി(അ)യായിരുന്നുവത്രെ. ആ ഒത്തുചേരൽ ഉപ്പാപ്പയുടെ ജീവിതം മാറ്റിമറിച്ചു. ലൗകിക ബന്ധങ്ങൾ വിച്ഛേദിച്ച് ആരാധനകളിൽ ലയിച്ചു.
ഏകാന്തമായി ഇബാദത്തെടുക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് ചാവക്കാട് കടപ്പുറമായിരുന്നു. ഇടതൂർന്ന കാടുകളും മണൽപരപ്പുകളും തൊട്ടുരുമ്മി നിൽക്കുന്ന കടലോരം. ജനവാസമില്ലാത്ത പ്രദേശത്ത് ആറുമാസം ഇബാദത്തിലായി കഴിഞ്ഞുകൂടി. തുടർന്ന് പള്ളി നിർമിച്ചു.

വിഷമുക്ത പ്രദേശം

ഉപ്പാപ്പയുടെ പള്ളിയുടെ ചുറ്റുവട്ടത്തു വെച്ച് പാമ്പ് കടിയേറ്റാൽ വിഷം തീണ്ടുകയില്ലെന്ന് അനിഷേധ്യ അനുഭവമായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഉപ്പാപ്പയുടെ നിർദേശമാണിതത്രെ. ഒരിക്കൽ അദ്ദേഹം പള്ളിക്കുളത്തിലേക്ക് കുളിക്കാൻ പോകുന്ന വഴി തന്റെ മെതിയടി അകലേക്ക് ആഞ്ഞെറിഞ്ഞു. പിന്നെ, സേവകനോട് അതെടുക്കാനാവശ്യപ്പെട്ടു. അയാൾ ചെന്നുനോക്കിയപ്പോൾ വിഷപ്പാമ്പുകൾക്കു നടുവിലാണ് മെതിയടി. എടുക്കാൻ ഒരു നിവൃത്തിയുമില്ല. അയാൾ ഉപ്പാപ്പയോട് സംഗതിയവതരിപ്പിച്ചു. ഉടനെ ഉപ്പാപ്പ പരിസരം മുഴുവൻ കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു: പാമ്പുകളേ, എന്റെ നാട്ടിലെ താമസക്കാരെയും സന്ദർശകരെയും ഉപദ്രവിക്കരുത്.’ ഉപ്പാപ്പ അന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അടയാളപ്പെടുത്തിയ പ്രദേശത്ത് പിന്നീട് സർപ്പദംശനമേറ്റ് മരണമുണ്ടായിട്ടില്ല.
അരനൂറ്റാണ്ടു മുമ്പ് ഒരാൾക്ക് പാമ്പു കടിയേറ്റത് നാട്ടുകാരോർക്കുന്നു. അവശനായ അയാളെ പലയിടത്തും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘വിഷമേൽക്കുകയില്ല എന്നതൊക്കെ പഴങ്കഥ, ഇപ്പോൾ അതൊക്കെ പോയി’ എന്ന് പലരും പറഞ്ഞുതുടങ്ങി. അതോടെ ആളുകൾക്ക് പരക്കെ പാമ്പുകടിയേറ്റുവെന്നും പക്ഷേ, ആരും മരണപ്പെട്ടില്ലെന്നും പഴമക്കാർ. ആദ്യത്തെയാൾ മരണപ്പെട്ടത് വിഷബാധ മൂലമല്ലെന്ന് ഇതിലൂടെ നാട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതുപോലെ അനേകം കറാമത്തുകൾ മഹാനിൽ നിന്ന് അനുഭവവേദ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ രചിക്കപ്പെട്ട മൗലിദുകളിൽ അവ രേഖപ്പെട്ടു കിടക്കുന്നു.
ശൈഖ് അലി അഹ്‌മദ് ഉപ്പാപ്പയുടെ അപദാനങ്ങൾ വിവരിക്കുന്ന രണ്ട് മൗലിദുകൾ വിരചിതമായിട്ടുണ്ട്. കറുപ്പും വീട്ടിൽ അലവി എന്ന ബാപ്പു മുസ്‌ലിയാർ ഒരു നൂറ്റാണ്ട് മുമ്പ് (ഹിജ്‌റ 1342) രചിച്ച് സ്വന്തം ചെലവിൽ അച്ചടിച്ച ഫത്ഹുസ്സ്വമദ് ഫീ മനാഖിബിസ്സയ്യിദ് അലി അഹ്‌മദ് എന്നതാണ് ഒന്ന്. ഗ്രന്ഥകാരൻ ഉപ്പാപ്പയുടെ നാട്ടുകാരനും കുടുംബാംഗവുമാണ്. അബ്ദുൽ കമാൽ കാടേരി മുഹമ്മദ് മുസ്‌ലിയാർ രചിച്ചതാണ് രണ്ടാമത്തേത്. അൽമൗലിദുൽ മുസ്വമ്മദ് ഫീ മദ്ഹി ശൈഖ് അലി അഹ്‌മദ് എന്നാണതിന്റെ നാമം. ചാവക്കാട് മാട്ടുമ്മൽ ബ്ലാങ്ങാട് ബാപ്പു മുസ്‌ലിയാർ ഒരു നേർച്ചപ്പാട്ടും രചിച്ചിട്ടുണ്ട്. ആറങ്ങാടി കടപ്പുറം പള്ളിയിൽ മുദരിസായിരുന്ന ബശീർ നദ്‌വി കൊട്ടില ‘അലി അഹമ്മദ് ഉപ്പാപ്പ’ എന്ന പേരിൽ ഒരു കൃതിയെഴുതിയിട്ടുണ്ട്.

വട്ടേക്കാടിന്റെ വിജ്ഞാനവെട്ടം

അഞ്ചങ്ങാടി പാതയിൽ മൂന്നാം കല്ല് പാലം കടന്ന് അൽപം സഞ്ചരിച്ചാൽ വട്ടേക്കാട് ഗ്രാമത്തിലെത്താം. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തിലാണ് ഈ കൊച്ചു ഗ്രാമം. ജുമാമസ്ജിദ് ഉൾപ്പെടെ നാലു പള്ളികൾ വട്ടേക്കാടുണ്ട്. ഒരുമനയൂരായിരുന്നു മാതൃമഹല്ല്. ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ജുമാമസ്ജിദിന്. മുഹ്‌യിദ്ദീൻ റാത്തീബ് നടത്താനായി കെട്ടിയുയർത്തിയ ഒരു ഓലഷെഡായിരുന്നു തുടക്കം. പിന്നീടത് വിപുലീകരിച്ചു. പാതയോരത്തുള്ള കമാനവും കേരത്തോപ്പിനോടു ചേർന്ന് മാവുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന വിശാലമായ പള്ളിയും ബർദാൻ തങ്ങളുടെ മഖാമും വേറിട്ട കാഴ്ചയാണ്. മുൻവശത്തായി സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽഐദറൂസിയുടെ ജാറവുമുണ്ട്. പള്ളിക്കുളവും വിസ്തൃതമായ ഖബർസ്ഥാനും പള്ളിയുടെ പാരമ്പര്യം അടയാളപ്പെടുത്തുന്നു.
പള്ളിദർസിന് പേരുകേട്ട പ്രദേശമാണ് വട്ടേക്കാട്. കെസി ജമാലുദ്ദീൻ മുസ്‌ലിയാർ, ചാപ്പനങ്ങാടി മൂസ മുസ്ലിയാർ, തൊഴിയൂര് കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഹസൻ ബാഖവി പല്ലാർ തുടങ്ങിയ ഉന്നതശീർഷർ ഇവിടെ ദർസ് നടത്തിയിട്ടുണ്ട്. ഹംസ ബാഖവി മുടിക്കോടാണ് നിലവിലെ മുദരിസ്. ഹസൻ ബാഖവി പല്ലാർ, സുലൈമാൻ സഖാഫി മാളിയേക്കൽ, അലവി സഖാഫി കൊളത്തൂർ എന്നിവർ പൊന്മള ഉസ്താദിന്റെ കീഴിൽ വട്ടേക്കാട്ട് ഓതിപ്പഠിച്ചവരാണ്. ഖത്വീബ് അബ്ദുൽ ഹകീം മുസ്‌ലിയാർ പാങ്ങ് മുപ്പതു വർഷമായി സേവനം തുടരുന്നു. മഹല്ലിന്റെ ചരിത്ര പുസ്തകമാണ് അദ്ദേഹം. അവിഭക്ത സമസ്ത മുപ്പത്തിനാലാം നമ്പറായി രജിസ്റ്റർ ചെയ്ത ഹയാത്തുൽ ഇസ്‌ലാം മദ്‌റസ പ്രവർത്തിക്കുന്നു.

ബർദാൻ തങ്ങളുടെ
സിയാറത്തു പള്ളി

വട്ടേക്കാടിന് ആത്മീയശോഭ പകരുന്ന ജ്യോതിർഗോളമാണ് ബർദാൻ തങ്ങൾ. ഭൗതിക വിരക്തനായി ജീവിച്ച വലിയ്യും ആത്മജ്ഞാനിയുമാണദ്ദേഹം. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ആലുവായി അബൂബക്കർ മുസ്ലിയാർ, കണിയാപുരം അബ്ദുറസാഖ് മസ്താൻ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, അന്ത്രുപ്പാപ്പ തുടങ്ങിയവർ ബർദാൻ തങ്ങളിൽ നിന്ന് പ്രാർത്ഥനയും ആശീർവാദവും ആത്മീയ പൊരുത്തവും തേടിയിരുന്നു. ആ പുണ്യപുരുഷന്റെ ആത്മീയ പദവി മനസ്സിലാക്കാൻ ഇതിൽ കൂടുതൽ വിശേഷമാവശ്യമില്ല. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ബർദാൻ തങ്ങളുമായി ആത്മീയ ബന്ധം സ്ഥാപിക്കാൻ അഞ്ചങ്ങാടിയിൽ രണ്ടുവർഷം മദ്‌റസാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭൂമിയാണു നാട്, ഖബറാണു വീട് എന്നാണ് ബർദാൻ തങ്ങൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കൊടുങ്ങല്ലൂരിനടുത്ത് കുളിമൂട്ടത്താണ് അദ്ദേഹം ജനിച്ചതെന്ന് അന്ത്രുപ്പാപ്പ പറഞ്ഞിട്ടുണ്ട്. പേര് ഉബൈദുല്ല. തണുത്ത പ്രകൃതക്കാരനായതുകൊണ്ട് അബ്ദുറസാഖ് മസ്താൻ അടക്കമുള്ളവർ വിളിച്ചതാണ് ബർദാൻ (തണുത്ത സ്വഭാവക്കാരൻ). ചിലർ ഭ്രാന്തനെന്നു വിളിച്ചപ്പോഴും അദ്ദേഹം ശാന്തനായി. ഇഷ്ടജനങ്ങൾ സ്‌നേഹപുരസ്സരം തങ്ങളെന്നാണ് വിളിച്ചത്. അങ്ങനെ ബർദാൻ തങ്ങളായി. ചാവക്കാട്, വട്ടേക്കാട്, അകലാട്, ബ്ലാങ്ങാട് പരിസരങ്ങളിലായിരുന്നു ജീവിതം. പരുപരുത്ത ഉടുമുണ്ടും തോർത്തുമായിരുന്നു വേഷം. ഷർട്ട് ധരിക്കില്ല. കുപ്പിച്ചില്ലും ഓട്ടിൻ കഷണവും കടലാസുകെട്ടുകളും ചപ്പു ചവറുകളും നിറച്ച ഒരു ഭാണ്ഡം തലയിലേറ്റിയായിരുന്നു നടത്തം. കിടത്തം മിക്കവാറും പള്ളിക്കാട്ടിൽ. ഭാണ്ഡത്തിൽ നിറച്ച പാഴ്‌വസ്തുക്കളായിരുന്നു മെത്തയും തലയിണയും.
ഇച്ഛകളും ഇച്ഛാഭംഗങ്ങളുമില്ലാതെ, ആവശ്യങ്ങൾ ഉപേക്ഷിച്ചും ആശകൾ നിഗ്രഹിച്ചും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകളിൽ ലയിച്ചും സുഖജീവിതം മറന്ന് എന്നാൽ പരമമായ ആത്മരസങ്ങൾ ആസ്വദിച്ച് മഹാൻ ജീവിച്ചു. ജ്ഞാനികൾക്ക് ആത്മീയ തണലും സാധാരണക്കാർക്ക് കാരുണ്യക്കടലുമായി നിലകൊണ്ടു.
കടംകയറി നാടുവിട്ട ബ്ലാങ്ങാടിലെ മുഹമ്മദിന്റെ കുടുംബം തങ്ങളെ സമീപിച്ച് സങ്കടപ്പെട്ടു. അദ്ദേഹം അവരുടെ വീട്ടിൽ ചെന്ന് ഒരു ഓടിൻ കഷ്ണമെടുത്ത് വാതിലിൽ കോറിയിട്ടു: ‘മുഹമ്മദ് വാട വിവരം വരും.’ വായിച്ചവർ പല വ്യാഖ്യാനങ്ങളും ചമച്ചു. എന്നാൽ നാളുകൾക്കു ശേഷം ബോംബെയിലെ വാടയിൽ നിന്ന് മുഹമ്മദിന്റെ കത്ത് ലഭിച്ചു! അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ന് തങ്ങൾ കോറിയിട്ട വാക്കുകളുടെ അർത്ഥം ഗ്രഹിച്ച് അവർ അന്തിച്ചു.
വട്ടേക്കാട് ഹമീദ് മുസ്‌ലിയാർ തങ്ങളുടെ സമകാലികനും മുഹിബ്ബുമായിരുന്നു. നാട്ടുകാർക്ക് ഖുർആൻ പഠിപ്പിച്ച സുസമ്മത പണ്ഡിതൻ. ഒരുനാൾ രാത്രി അദ്ദേഹത്തിന്റെ മകൾക്ക് അസഹ്യമായ വയറുവേദന. അടുത്തെങ്ങും ആശുപത്രിയില്ല. വഞ്ചിയിൽ കയറി അക്കര പറ്റി വല്ല വാഹനവും കിട്ടിയിട്ടു വേണം ഡോക്ടറെ കാണിക്കാൻ. നിസ്സഹായനായ ഹമീദ് മുസ്‌ലിയാർ ബർദാൻ തങ്ങൾക്ക് ചായ കൊടുക്കാൻ നേർച്ചയാക്കി. വൈകാതെ വേദന ശമിച്ചു. എന്നാൽ നേർച്ചക്കാര്യം അദ്ദേഹം മറന്നു. പിന്നീട് ഹമീദ് മുസ്‌ലിയാരെ കണ്ടപ്പോൾ ‘മകളുടെ വയറുവേദന മാറിയപ്പോൾ നേർച്ചച്ചായ മറന്നുപോയോ’ എന്നായി തങ്ങൾ. മുസ്‌ലിയാർ ഞെട്ടി! ക്ഷമ ചോദിച്ച് നേർച്ച വീട്ടി.
ഹിജ്‌റ 1370 ശഅ്ബാൻ ഇരുപതിനായിരുന്നു ബർദാൻ തങ്ങളുടെ വിയോഗം. വട്ടേക്കാട് ജുമുഅത്തു പള്ളിക്കു സമീപം ഖബറടക്കി. ജീവിതകാലത്ത് തങ്ങളെ കാണാൻ അവസരം ചോദിക്കുന്നവരോട് സിയാറത്തു പള്ളിയിൽ വരൂ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയിരുന്നത്. വട്ടേക്കാട് ജുമാമസ്ജിദ് പിന്നീട് സിയാറത്ത് പള്ളിയായതു ചരിത്രം. ബർദാൻ തങ്ങളെക്കുറിച്ച് ഖത്വീബ് ഹകീം മുസ്‌ലിയാർ ഒരു കൃതി രചിച്ചിട്ടുണ്ട്. മുറ്റിച്ചൂർ മൂപ്പരും അന്ത്രുപ്പാപ്പയുമാണ് പുസ്തകത്തിന് ആശീർവാദമെഴുതിയിട്ടുള്ളത്. ഷൈജൽ ഒടുങ്ങാക്കാട് രചിച്ച ശൈഖ് ബർദാൻ മാലയും ലഭ്യമാണ്.

 

അലി സഖാഫി പുൽപറ്റ

Exit mobile version