അടിപൊളിയുടെ ആരോഗ്യശാസ്ത്രം

marumozhi

പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ഗംഗാധരന്റെ ചികിത്സാനുഭവങ്ങള്‍ വിശദീകരിക്കുന്ന ‘ജീവിതം എന്ന അദ്ഭുത’മെന്ന പുസ്തകത്തില്‍ ഒരു ഡോക്ടര്‍ ദമ്പതിമാരുടെ മകനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അച്ഛനമ്മമാര്‍ക്ക് സ്വന്തം ആശുപത്രി, എപ്പോഴും ജോലിത്തിരക്ക്. മകനെ വേണ്ടവിധത്തില്‍ വളര്‍ത്താന്‍ കഴിയുമായിരുന്നില്ല. പരിഹാരമായി അവര്‍ മകനെ വളര്‍ത്താന്‍ ഒരു ആയയെ ഏല്‍പിച്ചുവത്രെ. ആയ മകനെ പൊന്നുപോലെ വളര്‍ത്തി. ആവശ്യപ്പെട്ടതെല്ലാം വാങ്ങിച്ചുനല്‍കി. അങ്ങനെ പെട്ടി ജ്യൂസുകളും പാക്കറ്റ് ചിപ്സുമായി കുട്ടിയുടെ പ്രധാന ഭക്ഷണം. ആയ ഒന്നിനും എതിരു നില്‍ക്കാത്തതിനാല്‍ എല്ലാം സുലഭമായി ലഭിക്കുകയും ചെയ്തു. മുതിര്‍ന്നപ്പോള്‍ പുകവലിക്കും മദ്യപാനത്തിനും അടിമയാവുകയും ചെയ്തു.
കാന്‍സര്‍ പിടിപെട്ട് ഡോ. ഗംഗാധരന്റെ ചികിത്സയിലിരിക്കുമ്പോള്‍ പോലും സിഗരറ്റ് പാക്കും മദ്യ കുപ്പികളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതും അത് ആശുപത്രിയിലേക്ക് എത്തിച്ചുകൊടുക്കുന്നത് ഡോക്ടര്‍ തന്നെയായ സ്വന്തം അമ്മയായിരുന്നു എന്നതും ഗംഗാധരനെ അദ്ഭുതപ്പെടുത്തിയത് സ്വാഭാവികം! അദ്ദേഹം അമ്മയെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അവര്‍ പറഞ്ഞ കാര്യമാണ് ഏറെ കൗതുകകരം: ഞങ്ങളുടെ ശ്രദ്ധയില്ലാത്തതിനാല്‍ അവന്‍ ഈ പരുവത്തിലായി. അവന്‍ ഡോക്ടറുടെ കീമോതെറാപ്പി ചികിത്സക്ക് സഹകരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവന് മദ്യവും സിഗരറ്റും എത്തിച്ചുകൊടുക്കുന്നത്. അല്ലെങ്കില്‍ അവന്‍ ഇവിടെ നിന്ന് ഇറങ്ങി ഓടും. ഡോക്ടര്‍ എന്നോടു ക്ഷമിക്കുക.
ഇത് സാങ്കല്‍പിക കഥയല്ല; പ്രസിദ്ധനായൊരു ചികിത്സകന്റെ കരള്‍ പൊള്ളിച്ച അനുഭവം. ഒരു മാതാവിന് ഇതിലും വലിയ ദുര്‍ഗതി വരാനുണ്ടോ?
മക്കളെ വളര്‍ത്തുന്നതിന്റെ നിയത രീതിയെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. മറിച്ച്, പുതിയ തലമുറ ഏറെ താല്‍പര്യം കാണിക്കുന്ന റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ അവരെ എങ്ങനെ നശിപ്പിക്കുന്നു എന്നു സൂചിപ്പിക്കുക മാത്രം. ഏറെ പോഷകപ്രദവും രുചികരവുമായ നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം ഇന്ന് വിസ്മൃതിയിലായി. ഉമ്മമാര്‍ ഉണ്ടാക്കിയിരുന്ന പലഹാരങ്ങള്‍ കാണാക്കനിയായി. എന്തും അങ്ങാടിയില്‍ നിന്ന് ഒപ്പിക്കുന്ന പ്രവണത സാമ്പത്തികാഭിവൃദ്ധി സമൂഹത്തിനു പഠിപ്പിച്ചു. സമയാസമയം ഭക്ഷണം വീട്ടുവാതിലിലെത്തുന്ന സൗകര്യങ്ങളുണ്ടായി. എല്ലാം കൂടിയായപ്പോള്‍ ആരോഗ്യം കിട്ടാക്കനിയാവുകയും നിരന്തര രോഗങ്ങള്‍ പേറുന്ന അവശ ശരീരമായിത്തീരുകയും ചെയ്തു ഭൂരിപക്ഷവും.
ഏതാനും ഗ്രാം ഉരുളക്കിഴങ്ങ് പൊരിക്ക് അഞ്ചും പത്തും രൂപ നല്‍കുമ്പോള്‍ ഒരു കിലോ കിഴങ്ങ് വാങ്ങാന്‍ കേവലം 20 രൂപയില്‍ താഴെ വില മതിയെന്നത് ആരും ശ്രദ്ധിക്കാതെ പോവുന്നു.
പ്രകൃതിയിലേക്ക് മടങ്ങാനും അജിനമോട്ടോ പോലുള്ള മാരക വസ്തുക്കളില്ലാത്ത സ്വാഭാവിക ഭക്ഷണം തെരഞ്ഞെടുക്കാനും നമുക്കാവണം. മക്കളുടെ എല്ലാ പിടിവാശിയും അംഗീകരിച്ചു കൊടുക്കുന്ന സ്നേഹനിധിയായ രക്ഷിതാക്കള്‍ തുടക്കത്തില്‍ ചേര്‍ത്ത ഡോക്ടറുടെ മകനെ ഓര്‍ക്കുക.

Exit mobile version