അദബാണ് നബി മാതൃക

വിശുദ്ധ റബീഉൽ അവ്വൽ ആഗതമാവുകയാണ്. വിശ്വാസികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന മാസമാണ് റബീഉൽ അവ്വൽ. അല്ലാഹുവിന്റെ റസൂൽ മുഹമ്മദ്(സ്വ)യുടെ അപദാനങ്ങൾ പാടുകയും പറയുകയും ചെയ്യുന്ന നാളുകൾ. നാമേറ്റവും പരിശുദ്ധിയോടെ, സ്‌നേഹത്തോടെ അവിടത്തോടുള്ള സ്‌നേഹം കൂടുതൽ ഈ മാസത്തിൽ പ്രകടിപ്പിക്കണം.

അല്ലാഹു വിശ്വാസികൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മുഹമ്മദ് നബി(സ്വ)യെ നമുക്ക് നബിയായി നൽകി എന്നത്. കാരണം റസൂലിനെ നമുക്ക് നബിയായി ലഭിച്ചിരുന്നില്ലെങ്കിൽ നാം വഴികേടിലായി പോകുമായിരുന്നു. വിശ്വാസം ശരിക്ക് ലഭിക്കുമായിരുന്നില്ല. ആമിന ബീവി(റ) അവിടത്തെ ഗർഭം ധരിച്ചത് മുതൽ തന്നെ അതിശയങ്ങളായിരുന്നു. പോറ്റുമ്മ ഹലീമത്തുസ്സഅദിയ്യ(റ) മുല കൊടുക്കുമ്പോൾ വലതു ഭാഗത്തെ സ്തനത്തിൽ നിന്നായിരുന്നു നബി തങ്ങൾ കുടിച്ചത്. ഇടത് സ്തനം ഒരിക്കൽ അറിയാതെ നൽകിയപ്പോൾ നബി(സ്വ) അത് നിരാകരിച്ചു. കുട്ടിക്കാലത്തേ അത്രമേൽ വിശുദ്ധമായിരുന്നു അവരുടെ ബോധ്യങ്ങൾ.

നാൽപതാം വയസ്സിലാണ് പ്രവാചകത്വ പദവി നൽകിയത്. എങ്കിലും ആദം നബി(അ)യെ പടക്കുമ്പോഴേ മുഹമ്മദ്(സ്വ)യെ നബിയായി നിശ്ചയിച്ചിരുന്നു. എല്ലാ അമ്പിയാക്കളോടും അല്ലാഹു ഉടമ്പടി വാങ്ങി: നിങ്ങൾ നബിയായി, റസൂലായി പ്രവർത്തിക്കുന്ന അവസരത്തിൽ മുഹമ്മദ് നബി വരുന്ന പക്ഷം ആ നബിയിൽ നിങ്ങൾ വിശ്വസിക്കില്ലേ. അപ്പോൾ അവരെല്ലാം പറഞ്ഞത്, ഞങ്ങളെല്ലാം മുഹമ്മദ് നബി വന്നാൽ അവിടത്തെ ശരീഅത്ത് സ്വീകരിക്കും എന്നായിരുന്നു. നബി തന്നെ പറഞ്ഞല്ലോ; എന്റെ കാലത്ത് മൂസാ നബി(അ) ജീവിച്ചിരുന്നുവെങ്കിൽ എന്നോട് പിൻപറ്റുകയല്ലാതെ മറ്റൊരു മാർഗമുണ്ടാകുമായിരുന്നില്ല. ഖിയാമത് നാളിനടുത്ത് ഈസാ നബി(അ) വരുമ്പോൾ മഹാൻ വിധിപറയുക നബി(സ്വ)യുടെ ശരീഅത്ത് പ്രകാരമായിരിക്കും.

ഏറ്റവും ഉത്കൃഷ്ടരായി നബി(സ്വ)യെ അല്ലാഹു ആദ്യമേ തിരഞ്ഞെടുത്തതിനാൽ, 40 വയസ്സ് വരെ നബി തങ്ങൾ സാധാരണക്കാരനായിരുന്നു എന്ന ബിദഈ വാദം ഇസ്‌ലാമിന്റെ വിശ്വാസവുമായി യോജിക്കുന്നതല്ല. എത്രയെത്ര സവിശേഷതകളാണ് പ്രവാചകരിൽ ജനനം മുതലുണ്ടായത്. ചേലാകർമം ചെയ്യപ്പെട്ട നിലയിലായിരുന്നല്ലോ അവിടന്ന് പ്രസവിക്കപ്പെട്ടത്. ഹസ്സാനുബ്‌നു സാബിത്(റ) പാടി: അങ്ങയെക്കാൾ ഏറ്റവും നല്ല ഒരാളെ ഞാൻ കണ്ടിട്ടില്ല. അറിവിലും ബുദ്ധിയിലും തറവാട് മഹിമയിലും ധർമത്തിലും ജനങ്ങളെ അഭിമുഖീകരിക്കുന്നതിലും എല്ലാം അങ്ങയുടെ അത്ര പൂർണത പ്രാപിച്ച ഒരാളില്ല. തുടർന്നു പാടിയത്, അങ്ങയെപ്പോലെ ഭംഗിയുള്ള ഒരാളെ നാഥൻ സൃഷ്ടിച്ചിട്ടുമില്ല എന്നാണ്. ഇതെല്ലാം നബി(സ്വ)യെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയായാണ് അല്ലാഹു പടച്ചത് എന്നതിന്റെ സാക്ഷ്യങ്ങളാണ്.

നാൽപതാം വയസ്സിലാണ് നുബുവ്വത്ത് ജനങ്ങൾക്കിടയിൽ പ്രഖ്യാപിച്ചത്. അല്ലാഹുവിന്റെ സന്ദേശങ്ങൾ മറ്റുള്ളവർക്ക് എത്തിക്കാൻ നിർദേശിക്കുന്ന രിസാലത്തും നബി തങ്ങൾക്ക് ലഭിച്ചു. ഹസ്സാനുബ്‌നു സാബിത്(റ)ന്റെ കവിതയിൽ കാണാം: അങ്ങയെ ഒരു ന്യൂനതയുമില്ലാതെയാണ് സൃഷ്ടിച്ചത്. അതിന്റെ ഒരർത്ഥം, റസൂലിന്റെ മാതാപിതാക്കൾ തൗഹീദുള്ളവരായിരുന്നു എന്നതാണ്. ആദം നബി(അ) വരെയുള്ള അവിടത്തെ മുഴുവൻ ഉപ്പാപ്പാമാരുടെയും പേരുകൾ കിതാബുകളിലുണ്ട്. അവരെല്ലാവരും വലിയ ശ്രേഷ്ഠതകളുള്ളവരായിരുന്നു, മഹത്തുക്കളായിരുന്നു. അങ്ങനെ കുടുംബപരമായി തന്നെ പവിത്രതയിൽ പൂർണ്ണത കൈവരിക്കുമ്പോളാണല്ലോ, ഒരാൾ എല്ലാ ന്യൂനതകളിൽ നിന്നും മോചിതനാകുന്നത്. ഇരുപത് പിതാമഹന്മാരുടെ പേരുകൾ നാമെല്ലാവരും പഠിക്കൽ നിർബന്ധമാണ്. അവരെല്ലാം തൗഹീദിന്റെ വക്താക്കളായിരുന്നു.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം അദബ് ഏറ്റവും പ്രധാനമാണ്. നബി(സ്വ) പറഞ്ഞത് അല്ലാഹു എനിക്ക് അദബ് പഠിപ്പിച്ചുതന്നു, എല്ലാ നിലയിലും നല്ല അദബായിരുന്നു അത് എന്നാണ്. ഒരാളോടും അവിടുന്ന് മര്യാദയില്ലാത്ത സമീപനം സ്വീകരിച്ചിട്ടില്ല. ഏറ്റവും വിശിഷ്ടമായി ജീവിതം പ്രകാശിപ്പിച്ചു. അതുകൊണ്ട് തന്നെ സൗമ്യമായ, സ്‌നേഹസമ്പന്നമായ, മാപ്പു കൊടുക്കുന്ന, എല്ലാവർക്കും സഹായം ചെയ്യുന്ന, സർവ ജീവികളോടും കരുണ കാണിക്കുന്ന ആ മഹിമ കണ്ടു എത്രയെത്ര ശത്രുക്കളാണ് ഇസ്‌ലാമിലേക്ക് വന്നത്. അത്തരത്തിൽ അദബുള്ളവരായിരിക്കണം വിശ്വാസികൾ. മാതാപിതാക്കളോടും ഗുരുനാഥന്മാരോടും മുതിർന്നവരോടുമെല്ലാം അദബുണ്ടാവണം. അല്ലാഹുവിന്റെ റസൂലിന്റെ അപദാനങ്ങൾ പാടുമ്പോഴും പറയുമ്പോഴുമെല്ലാം പൂർണമായ മര്യാദ നമ്മിലുണ്ടാകും.
നബി(സ്വ)ക്കു ചെറിയ അസുഖം വന്നപ്പോൾ സിദ്ദീഖ്(റ)വായിരുന്നല്ലോ പകരം ഇമാം നിന്നത്. ഒരു നിസ്‌കാരത്തിനു സിദ്ദീഖ്(റ) നേതൃത്വം നൽകുമ്പോൾ റസൂൽ(സ്വ) വന്നു. പിന്നിലുള്ള സ്വഹാബത്തിന്റെ പെരുമാറ്റത്തിൽ നിന്ന് അത് ബോധ്യമായി. ഉടനെ സിദ്ദീഖ്(റ) പിന്നിലേക്ക് നിന്നപ്പോൾ റസൂൽ(സ്വ) നിർദേശിച്ചു: തുടരൂ. പക്ഷേ, അദ്ദേഹം പിന്നിൽ തന്നെ നിന്നു. അപ്പോൾ നബി തങ്ങൾ മുന്നിൽ ഇരുന്ന് നിസ്‌കാരത്തിനു നേതൃത്വം നൽകി. നിസ്‌കാരം കഴിഞ്ഞ ശേഷം അവിടുന്ന് ചോദിച്ചു: എന്താണ് താങ്കൾ മുമ്പിൽ തന്നെ തുടരാതിരുന്നത്, ഞാൻ നിർദേശിച്ചില്ലേ. അന്നേരം മഹാനവർകൾ പറഞ്ഞത്, നബിയേ അങ്ങയുടെ മുമ്പിൽ നിൽക്കാൻ എനിക്ക് സാധ്യമല്ല എന്നാണ്. പ്രവാചകർ(സ്വ) അതിനെ വിമർശിച്ചില്ല. കാരണം അത് വിശ്വാസിയുടെ മര്യാദയാണ്. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച ഏറ്റവും ഉത്തമമായ മര്യാദയുമാണ്. റബീഉൽ അവ്വലിൽ റസൂലിന്റെ ഇത്തരം ജീവിത രീതികൾ നമ്മൾ കൂടുതൽ ശ്രദ്ധയോടെ പാലിക്കണം. ജീവിതം മുഴുവൻ അങ്ങനെയാക്കണം. അല്ലാഹു തുണക്കട്ടെ.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Exit mobile version