പ്രവാചകന്മാരും അവരെ അനുധാ വനം ചെയ്യുന്ന ഔലിയാക്കളും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം. ഖുര്‍ആനിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും ഇതേ ആശയം ഊന്നിപ്പറയുന്നു. അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം പര്യാപ്തവുമായ കഴിവു കൊണ്ടാണെന്നും സൃഷ്ടികള്‍ അറിയുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ അവന്‍ അറിയിച്ചു കൊടുത്തതു കൊണ്ടാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് മറഞ്ഞ വിഷയങ്ങള്‍ അറിയിച്ചു കൊടുക്കു മെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളും അങ്ങനെ അവര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നു വെന്ന് തെളിയുന്ന നിരവധി സംഭവങ്ങളും ഖുര്‍ആന്‍ പലയിടങ്ങളിലും പ്രതിപാദിച്ചി ട്ടുണ്ട് (ഉദാ:72/26,27, 3/127, 3/49, 27/1719, 12/9394). മഹാത്മാക്കള്‍ മറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നതിന് നിരവധി തെളിവുകള്‍ ഹദീസുകളിലും കാണാം.
അല്ലാഹു അവന്റെ ഇഷ്ട ദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാനങ്ങളുടെ ചരിതങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഹദീസുകളുടെ ലോകം. ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “”നബി(സ്വ) യുടെ കാലത്ത് ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായി. ദീര്‍ഘമായ നിര്‍ത്തവും ദൈര്‍ഘ്യമേറിയ റുകൂഉം നടത്തി നബി(സ്വ) ഗ്രഹണ നിസ്കാരം നിര്‍വഹിച്ചു. ശേഷം സൂര്യന്‍ തെളിഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്ത ങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ഒരാളുടേയും മരണം കാരണമായി അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. (നബിസ്വ യുടെ മകന്‍ ഇബ്റാഹീംറ മരണപ്പെട്ടതു നിമിത്ത മാണ് അന്നു ഗ്രഹണമുണ്ടായതെന്ന ജനങ്ങളു ടെ അന്ധവിശ്വാസത്തെ തിരുത്തുകയാണി വിടെ) നിങ്ങള്‍ ഗ്രഹണം കണ്ടാല്‍ അല്ലാഹുവിനെ സ്മരിക്കുക’. അനന്തരം സ്വഹാബികള്‍ ചോദിച്ചു: “അങ്ങ് എന്തോ എടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതും പിന്നീട് പിന്തിരിയുന്നതും ഞങ്ങള്‍ കണ്ടല്ലോ?’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: “നിശ്ചയം ഞാന്‍ സ്വര്‍ഗം കണ്ടു. അതില്‍ നിന്ന് ഒരു കുലയെടുക്കാന്‍ ഞാന്‍ തുനിഞ്ഞു. അതു ഞാനെടുത്തിരുന്നുവെങ്കില്‍ ദുനിയാവ് നിലനില്‍ക്കുന്ന കാലത്തോളം തിന്നാനുള്ളത് നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. പിന്നെ ഞാന്‍ നരകവും കണ്ടു. അതിനോളം വഷളായ ഒരു ദൃശ്യവും ഞാനിതു വരെ കണ്ടിട്ടില്ല. അതിലെ അധിക നിവാസികളും സ്ത്രീകളാണ്” (സ്വഹീഹുല്‍ ബുഖാരി/1052).
ഭൂമിയില്‍ വെച്ചു തന്നെ നബി(സ്വ) സ്വര്‍ഗവും നരകവും കണ്ടുവെന്ന് അര്‍ത്ഥമാക്കുന്ന ഈ ഹദീസിനെ വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: “ഈ ഹദീസില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാവുന്നതാണ്. സ്വര്‍ഗവും നരകവും നേരത്തെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ്ലുസ്സുന്നയുടെ വിശ്വാസമനുസരിച്ച് വിശേഷിച്ചും. അപ്പോള്‍ സ്വര്‍ഗവും നരകവും കാണാനുള്ള പ്രത്യേക കഴിവ് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയെന്ന് തന്നെ മനസ്സിലാ ക്കണം’ (ഫത്ഹുല്‍ ബാരി).
സൗബാന്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) പറഞ്ഞു: “നിശ്ചയം അല്ലാഹു എനിക്ക് ഭൂമിയെ മുഴുവന്‍ (മറ)നീക്കിത്തന്നു. അങ്ങനെ ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമെല്ലാം ഞാന്‍ നോക്കി ക്കണ്ടു. ആ സ്ഥലങ്ങളിലെല്ലാം എന്റെ സമൂഹ ത്തിന്റെ അധികാരം എത്തുക തന്നെ ചെയ്യും (മുസ്ലിം 9/240).
ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഒരു തോട്ടത്തിലൂടെ നബി(സ്വ) നടന്നു പോകവെ, ഖബ്റുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുന്ന രണ്ടു പേരുടെ ശബ്ദം കേട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അവര്‍ രണ്ട് പേരും (ഖബ്റില്‍) ശിക്ഷയനുഭവിക്കുകയാണ്. അവരിലൊ രാള്‍ മൂത്രിച്ചാല്‍ ശരിയായ വിധം ശുദ്ധിയാ ക്കാത്തവനും മറ്റെയാള്‍ ഏഷണിയുമായി നടക്കുന്നവനുമാണ്.’ പിന്നീട് അവിടുന്ന് ഈത്തപ്പനയുടെ ഒരു തണ്ട് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അതു രണ്ടു കഷ്ണമാക്കുകയും ഖബ്റിന്റെ മേല്‍ കുഴിച്ചിടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ)യോട് ചോദ്യമുണ്ടായി. “അല്ലാഹുവിന്റെ പ്രവാചകരേ, എന്തിനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്? “ഈ തണ്ടുകള്‍ ഉണങ്ങാത്തിടത്തോളം കാലം അല്ലാഹു അവര്‍ക്ക് ശിക്ഷയില്‍ ലഘൂകരണം നല്‍കിയേക്കാം’ എന്നായിരുന്നു മറുപടി (സ്വഹീഹുല്‍ ബുഖാരി).
ഖബ്റുകള്‍ക്കുള്ളില്‍ വെച്ച് അവിടുന്ന് ശിക്ഷിക്കപ്പെടുന്നവരെ പുറത്തുനിന്ന് തന്നെ നോക്കിക്കാണുകയായിരുന്നു നബി(സ്വ). അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: “അല്ലാഹുവാണ് സത്യം, നിങ്ങളുടെ റുകൂഉം ഭക്തിയും എനിക്കു ഗോപ്യമല്ല. എന്റെ പുറകിലൂടെയും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്’ (ബുഖാരി 741).
സാധാരണ ദൃഷ്ടിക്കു ഗോചരമല്ലാത്ത കാര്യം പോലും നബി(സ്വ) അനായാസം കാണുന്നുവെന്നാണ് ഈ ഹദീസിന്റെ സാരം. അനസുബ്നു മാലിക്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചു കൊണ്ടിരിക്കെ ഇങ്ങനെ പറഞ്ഞു: സൈദ് പതാകയേന്തി. അദ്ദേഹം കൊല്ലപ്പെട്ടു. പിന്നീട് ജഅ്ഫര്‍ പതാകയെടുത്തു. അദ്ദേഹവും കൊല്ലപ്പെട്ടു. ശേഷം അബ്ദുല്ലാഹിബ്നു റവാഹ പതാക പിടിച്ചു. അദ്ദേഹവും വധിക്കപ്പെട്ടു. പിന്നീട് ഖാലിദുബ്നു വലീദാണ് പതാകയേന്തിയത്. അദ്ദേഹത്തിന് വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു (ബുഖാരി). മദീന മിമ്പറില്‍ വെച്ച് ദൃക്സാക്ഷിയെ പോലെ നബി(സ്വ) വിവരിക്കുന്നത് കിലോമീറ്ററുകള്‍ ക്കപ്പുറം നടക്കുന്ന ഒരു യുദ്ധത്തെ കുറിച്ചാണ്.
സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ അല്ലാഹു അല്ലാത്ത ആരും ഒരദൃശ്യവുമറിയില്ലെന്ന് കുറിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മഹത്തുക്ക ളുടെ അദൃശ്യജ്ഞാനത്തെ നിഷേധിക്കുന്ന നവീന വാദികള്‍ ഖുര്‍ആനിനെപ്പോലെ ഹദീസ് പ്രമാണങ്ങളെയും നിര്‍ലജ്ജം വളച്ചൊടിക്കു കയാണ് ചെയ്യുന്നത്. തിരുനബി(സ്വ)യും സ്വഹാബികളും മറഞ്ഞകാര്യങ്ങള്‍ അറിയുകയും തതനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്തിരു ന്നുവെന്നതിന് അസംഖ്യം തെളിവുകളുണ്ട്. അവയ്ക്കു മുന്നില്‍ അദൃശ്യജ്ഞാന നിഷേധികള്‍ നടത്തുന്നത് വ്യര്‍ത്ഥമായ അധര വ്യായാമം മാത്രമാണ്.
അനസ്ഇബ്നു മാലിക്(റ)വില്‍ നിന്ന് നിവേദനം: ഒരു ദിവസം സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങിയപ്പോള്‍ നബി(സ്വ) വീട്ടില്‍ നിന്ന് പുറപ്പെട്ടു. ളുഹ്ര്‍ നിസ്കാരം നിര്‍വഹിച്ചു. സലാം വീട്ടിയതിന് ശേഷം മിമ്പറില്‍ കയറി. അന്ത്യനാളിനെ കുറിച്ചായിരുന്നു സംസാരം. അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ആര്‍ക്കെങ്കിലും വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം. അല്ലാഹുവാണ് സത്യം. നിങ്ങളെന്ത് ചോദിച്ചാലും ഈ നിര്‍ത്തത്തില്‍ ഞാന്‍ മറുപടി തരും’. ഇതു കേട്ട ജനങ്ങള്‍ കൂടുതല്‍ കരയുകയുണ്ടായി. അപ്പോള്‍ നബി(സ്വ) “എന്നോട് ചോദിച്ചോളൂ’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് “അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ പ്രവേശന സ്ഥലം ഏതാണ്’ എന്ന് ചോദിച്ചു. അപ്പോള്‍ അവിടുന്ന് നരകമാണെന്ന് മറുപടി നല്‍കി. ശേഷം ഹുദൈഫ(റ)ന്റെ മകനായ അബ്ദുല്ല(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ പിതാവ് ആരാണ്? അപ്പോള്‍ “നിന്റെ പിതാവ് ഹുദൈഫയാണെ’ന്ന് അവിടുന്ന് മറുപടി നല്‍കി. പിന്നെയും പ്രവാചകര്‍(സ്വ) എന്നോട് ചോദിച്ചോളൂ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു (ബുഖാരി/7294).
സാരിയ(റ)യുടെ നേതൃത്വത്തില്‍ ഉമര്‍(റ) നഹാവന്ദിലേക്ക് അയച്ച സൈന്യം യുദ്ധത്തില്‍ പരാജയം അഭിമുഖീകരിച്ചപ്പോള്‍ കിലോമീറ്റുകള്‍ ക്കിപ്പുറത്തുനിന്ന് “സാരിയാ പര്‍വതത്തെ സൂക്ഷിച്ചുകൊള്ളുകയെന്ന’ ആഹ്വാനം ഉമര്‍(റ) ഖുത്വുബക്കിടയില്‍ നല്‍കിയതും ഇതുകേട്ട സൈന്യം തദനുസൃതമായി കരുക്കള്‍ നീക്കിയതുമൂലം വിജയം വരിച്ചതുമെല്ലാം ചരിത്രസത്യങ്ങളാണ് (ദലാഇലുന്നുബുവ്വ).
സാധാരണക്കാര്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ ദൃശ്യകാര്യങ്ങളറിയാനുള്ള കഴിവ് അല്ലാഹു നല്‍കിയത് പോലെ മഹത്തുക്കള്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ അദൃശ്യങ്ങളറിയാനുള്ള കഴിവും അവന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നാണ് പ്രാമാണിക സത്യം. ഇതിനെതിരെയുള്ള ബിദഈ വാദഗതികളെല്ലാം പ്രമാണ വിരുദ്ധമാണ്. “അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ പക്കലാണുള്ളത്. അവന്‍ മഴ പെയ്യിക്കുകയും ഗര്‍ഭാശങ്ങളിലുള്ളതെന്താ ണെന്ന് അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താന്‍ ചെയ്യുകയെന്നും എവിടെ വെച്ചാണ് മരിക്കുകയെന്നും ഒരാള്‍ക്കും അറിയില്ല. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മ ജ്ഞാനിയുമത്രെ’ (സൂറത്തുല്‍ ലുഖ്മാന്‍ 31/34) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥം മാത്രം മനസ്സിലാക്കി അദൃശ്യജ്ഞാനത്തെ പല രീതികളില്‍ നിഷേധിക്കുന്നവര്‍ മറ്റു ചില സൂക്തങ്ങളുടെയും നിരവധി ഹദീസുകളുടെയും പൂര്‍ണ നിഷേധികളാകേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, ഈ സൂക്തത്തില്‍ പറഞ്ഞ അഞ്ചു കാര്യങ്ങളും അല്ലാഹു അല്ലാത്തവര്‍ അറിഞ്ഞുവെന്നതിന് ധാരാളം തെളിവുകള്‍ ഖുര്‍ആനിലും അതിന്റെ വ്യാഖ്യാനമായ ഹദീസുകളിലും കാണാവുന്ന താണ്.
സൂറത്തുല്‍ ജിന്നിലെ “എന്നാല്‍ തന്റെ അദൃശ്യജ്ഞാനം മറ്റാര്‍ക്കും അവന്‍ വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ ഇഷ്ടപ്പെട്ട ദൂതനല്ലാതെ’ എന്ന സൂക്തത്തിലെ “അദൃശ്യജ്ഞാനം’ കൊണ്ടുള്ള ഉദ്ദ്യേം ഖിയാമത്ത് നാളാണെന്ന് ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുമ്പുള്ള സൂക്തത്തിലെ പ്രതിപാദ്യവും അന്ത്യനാ ളാണെന്ന വസ്തുത ഈ അഭിപ്രായത്തിന് ശക്തിപകരുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൂക്തത്തിന്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം. “അവന്‍ ഒരാള്‍ക്കും ഖിയാമത്ത് നാളിനെ കുറിച്ച് വെളിപ്പെടുത്തിക്കൊടുക്കുകയില്ല. തനിക്കിഷ്ട പ്പെട്ട ദൂതനല്ലാതെ’ (തഫ്സീറുല്‍ കബീര്‍).
ആത്മാവിന്റെ യാഥാര്‍ത്ഥ്യം അല്ലാഹു നബി(സ്വ)ക്ക് അറിയിച്ചു കൊടുത്തിട്ടുണ്ടെങ്കിലും ജനങ്ങളോട് പറയാനുള്ള കല്‍പന അവന്‍ നല്‍കിയിട്ടില്ലാത്തതു പോലെ അന്ത്യനാളിനെ കുറിച്ചുള്ള വിവരവും നബി(സ്വ)ക്കുണ്ടെന്നും അതു മറച്ചുവെക്കാനാണ് കല്‍പ്പനയെന്നും ചില പണ്ഡിതന്മാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് (ഫതാവല്‍ കുബ്റാ).
അല്ലാഹു അല്ലാത്തവര്‍ മഴ വര്‍ഷത്തെ പറ്റി അറിഞ്ഞിരുന്നുവെന്ന് ഖുര്‍ആനിലും ഹദീസിലും കാണാം. “പിന്നീടതിനു ശേഷം ജനങ്ങള്‍ക്ക് മഴ ലഭിക്കുന്ന ഒരു വര്‍ഷം വരുമെന്ന്’ യൂസുഫ് നബി(അ) പ്രവചനം നടത്തിയിരുന്നത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു (യൂസുഫ്/49). ഇമാം ബൈഹഖി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: ഇബ്നു അബ്ബാസ്(റ) പറയുന്നു: “ഒരു ദിവസം ഞങ്ങള്‍ കാര്‍മേഘത്തെ കണ്ടു. അപ്പോള്‍ നബി(സ്വ) ഞങ്ങളുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞാന്‍ മേഘത്തെ യമന്‍ മലയിലേക്ക് കൊണ്ടു പോവുകയാണെന്ന് മഴയുടെ ചുമതലയുള്ള മലക്ക് എന്നോട് പറഞ്ഞിരിക്കുന്നു’. നബി(സ്വ) പറഞ്ഞ ആ ദിവസം തന്നെ അവിടെ മഴ വര്‍ഷിച്ചുവെന്ന് അവിടെനിന്നുള്ള ഒരു യാത്രക്കാരന്‍ പിന്നീട് അവരോട് പറയുകയുമുണ്ടായി’ ( ഇമാം സുയൂത്വി/ ഖസ്വാഇസ്വുല്‍ കുബ്റാ).
അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനം കൊണ്ട് അബൂബക്കര്‍ സിദ്ദീഖ്(റ) തന്റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശു പെണ്ണാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. നബി(സ്വ)യുടെ പ്രിയ പത്നി ആഇശ(റ)ല്‍ നിന്ന് നിവേദനം. “”അബൂബക്കര്‍ സിദ്ദീഖ്(റ) ഗാബ എന്ന നാട്ടിലുള്ള തോട്ടത്തിലെ ഇരുപത് വസ്ഖ് കാരയ്ക്ക എനിക്ക് സൗജന്യമായി നല്‍കിയി രുന്നു. മരണാസന്നനായപ്പോള്‍ മഹതിയെ വിളിച്ച് പിതാവ് പറഞ്ഞു: “മോളേ, എന്റെ കാലശേഷം നീ ധനികയാകുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യവും നീ ദരിദ്രയാവുന്നത് എനിക്ക് ഏറെ വിഷമമുള്ള കാര്യവുമാണ്. ഞാന്‍ നിനക്ക് ഇരുപത് വസ്ഖ് കാരയ്ക്ക നല്‍കിയിട്ടുണ്ടല്ലോ. അത് നീ എടുത്തിട്ടുണ്ടെങ്കില്‍ അത് നിനക്കു ള്ളതാണ.് എന്നാല്‍ ഇന്ന് അത് അനന്തരാവകാ ശികള്‍ക്കുള്ള സ്വത്താണ്. നിന്റെ രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് അതിന്റെ അവകാശികള്‍. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ നിയമം അനുസരിച്ച് നിങ്ങള്‍ അതു വിഭജിച്ചെടുക്കുക’. അപ്പോള്‍ ആഇശ(റ) അത്ഭുതത്തോടെ തിരിച്ചുചോദിച്ചു: ഉപ്പാ, എന്റെ സഹോദരിമാരില്‍ ഒരാള്‍ അസ്മയാണ് മറ്റേത് ആരാണ്? അപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: “അത് ഖാരിജയുടെ മകളുടെ വയറ്റിലുള്ള കുട്ടിയാണ്. പെണ്ണായിട്ടാണ് ആ കുട്ടിയെ ഞാന്‍ കാണുന്നത്’ (മുവത്വഇബ്നുമാലിക്).
നാളെ നടക്കുന്ന ചില കാര്യങ്ങള്‍ തലേദിവസം തന്നെ നബി(സ്വ) സ്വഹാബി കളോട് അറിയിക്കാറുണ്ട്. സലമത്തുബ്നു അക്വഅ്(റ) വില്‍ നിന്ന് നിവേദനം: ഖൈബര്‍ യുദ്ധ സമയത്ത് ചെങ്കണ്ണ് രോഗംമൂലം അലി(റ) വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ വിജയം വരിക്കുന്നതിന്റെ തലേ ദിവസം നബി(സ്വ) പ്രഖ്യാപിച്ചു: “അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ കൈവശം നാളെ ഞാന്‍ പതാക നല്‍കും. അതു മൂലം യുദ്ധത്തില്‍ വിജയിക്കുകയും ചെയ്യും’. പറഞ്ഞതു പ്രകാരം നബി(സ്വ) അലി(റ)വിന് പതാക നല്‍കുകയും യുദ്ധത്തില്‍ വിജയിക്കു കയും ചെയ്തു (സ്വഹീഹ് മുസ്ലിം).
ഖതാദ(റ)വില്‍ നിന്ന് നിവേദനം. അനസ്(റ) പറയുകയുണ്ടായി: “തിരുനബി (സ്വ)യും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍ (റ) എന്നിവരും കൂടി ഉഹ്ദ് മലയുടെ മുകളില്‍ കയറിയപ്പോള്‍ മല കുലുങ്ങാന്‍ തുടങ്ങി. ഉടനെ നബി(സ്വ) മലയോട് ഇങ്ങനെ പറഞ്ഞു: “ഉഹ്ദേ നീ ഉറച്ച് നില്‍ക്കുക. നബിയും സിദ്ദീഖും, രണ്ട് രക്ത സാക്ഷികളുമാണ് നിന്റെ മുകളിലുള്ളത്’ (സ്വഹീഹുല്‍ ബുഖാരി).
ജീവിച്ചിരിക്കുന്ന രണ്ടു പേരെയാണ് നബി(സ്വ) രക്തസാക്ഷികളെന്ന് പരിചയപ്പെടു ത്തിയത്. ഈ പ്രവചനമാകട്ടെ പകല്‍ വെളിച്ചം പോലെ പുലരുകയും ചെയ്തു. തന്റെ ഭരണകാലത്ത് ഒരു ദിവസം സുബ്ഹ് നിസ്കാര ത്തിന് നേതൃത്വം നല്‍കുന്നതിനിടയില്‍ അബൂലുഅ്ലുഅയുടെ കുത്തേറ്റ് ഉമര്‍(റ)വും ഒരു വെള്ളിയാഴ്ച ശത്രുക്കളുടെ വെട്ടേറ്റ് ഉസ്മാന്‍(റ)വും രക്തസാക്ഷികളായി.
പല മഹാത്മാക്കളും മരണ സ്ഥലങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നതായും ഹദീസു കളില്‍ കാണാം. ബദ്ര്‍ യുദ്ധ ദിവസം സ്വഹാ ബിമാരുടെ കൂടെ നബി(സ്വ) നടക്കുകയും യുദ്ധക്കളത്തിലെ ചില പ്രത്യേക സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: “ഇത് ഇന്നയാള്‍ മരിച്ചു വീഴുന്ന സ്ഥലമാണ്. അത് ഇന്നയാള്‍ വീഴുന്നയിട മാണ്’. അങ്ങനെ ഖുറൈശി പ്രമുഖര്‍ കൊല്ലപ്പെട്ടു വീഴുന്ന മുഴുവന്‍ സ്ഥലങ്ങളും നബി(സ്വ) സ്വഹാബികള്‍ക്ക് കൃത്യമായി ചൂണ്ടിക്കാണിച്ചു കൊടുത്തു. പിറ്റേന്ന് യുദ്ധമവസാനിച്ചപ്പോള്‍ നബി(സ്വ) പ്രവചിച്ച സ്ഥലത്ത് തന്നെയായിരുന്നു അവരെല്ലാവരും മരിച്ച് വീണിരുന്നത് (മുസ്ലിം/1779).
ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: “ഉഹ്ദ് യുദ്ധത്തിന്റെ സമയം ഒരു രാത്രി എന്റെ പിതാവ് എന്നെ വിളിച്ച് പറഞ്ഞു: നബി(സ്വ)യുടെ സ്വഹാബിമാരില്‍ നിന്ന് (ഉഹ്ദ് യുദ്ധത്തില്‍) ആദ്യമായി കൊല്ലപ്പെടുന്നത് ഞാനായിരിക്കും. തിരുനബി(സ്വ) കഴിഞ്ഞാല്‍ പിന്നെ നിന്നേക്കാള്‍ എനിക്ക് പ്രിയപ്പെട്ട ഒരാളെയും ഞാനിവിടെ വിട്ടേച്ച് പോകുന്നില്ല. എനിക്ക് അല്‍പ്പം കടമുണ്ട്. അത് നീ കൊടുത്ത് വീട്ടണം. നിന്റെ സഹോദരിമാരോട് നന്മ ഉപദേശിക്കുകയും വേണം. അങ്ങനെ നേരം പുലര്‍ന്നു. എന്റെ പിതാവായി രുന്നു യുദ്ധത്തില്‍ ആദ്യമായി വധിക്കപ്പെട്ടത്’ (സ്വഹീഹുല്‍ ബുഖാരി).
ഇവയില്‍ നിന്നെല്ലാം അല്ലാഹു അറിയിച്ച് കൊടുക്കുന്നതനുസരിച്ച് അവന്റെ ഇഷ്ട ദാസന്മാര്‍ അദൃശ്യമായ പല കാര്യങ്ങളുമറിയുമെന്ന് വ്യക്തമാണ്. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അദൃശ്യങ്ങള്‍ പോലും അല്ലാഹു അവനിഷ്ടപ്പെടു ന്നവര്‍ക്ക് അറിയിച്ചു കൊടുക്കുമെന്നറിയിക്കുന്ന ഖുര്‍ആനിക സൂക്തത്തെ പോലും വളച്ചൊടിച്ച് മഹത്തുക്കളുടെ അദൃശ്യജ്ഞാനം നിഷേധിക്കുന്ന ബിദ്അത്തുകാര്‍ സ്വപ്ന വ്യാപാരികളാണെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹുവിന്റെ സ്വതന്ത്രവും സ്വയം പര്യാപ്തവുമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനും അവയ്ക്ക് പരിധി നിശ്ചയിക്കാനും അവര്‍ മാത്രമേ ധിക്കാരം കാണിക്കുകയുമുള്ളൂ.
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍