അന്ധനായ കൊടിവാഹകന്‍

ഇസ്‌ലാമിനു വേണ്ടി ബദ്റില്‍ ജീവാര്‍പ്പണം നടത്തിയ ധീരമുജാഹിദുകളെ പ്രകീര്‍ത്തിച്ചും എല്ലാ സൗകര്യങ്ങളും മേളിച്ചിട്ടും രണാങ്കണത്തില്‍ നിന്ന് മാറിനിന്നവരെ ആക്ഷേപിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ അവതീര്‍ണമായപ്പോള്‍ അദ്ദേഹത്തിന് വേദന തോന്നി. സൈനിക സേവനത്തിന് പര്യാപ്തമല്ലാത്ത ശാരീരികാവസ്ഥയില്‍ ദുഃഖിക്കുകയല്ലാതെന്തു ചെയ്യും?

പ്രതിബന്ധമുള്ളവരെ ഒഴിവാക്കിയുള്ള ഖുര്‍ആനിക സൂക്തത്തിന്‍റെ അവതീര്‍ണം അദ്ദേഹത്തിന്‍റെ മനസ്സിന് ആശ്വാസം പകര്‍ന്നു. എങ്കിലും രക്തസാക്ഷിത്വത്തിന്‍റെ പുണ്യം പുല്‍കാന്‍ മനസ്സ് വെമ്പല്‍ കൊണ്ട് കൂട്ടുകാരോട് പറഞ്ഞു:

‘മാന്യ മിത്രങ്ങളേ, നിങ്ങളെന്നെ രണാങ്കണത്തിലേക്ക് കൊണ്ടുപോയി അണികള്‍ക്കിടയില്‍ നിര്‍ത്തുക. എന്നിട്ട് ഇസ്‌ലാമിക പതാക എന്‍റെ കൈയില്‍ തരിക. കണ്ണുകാണാത്ത എനിക്ക് ആരെങ്കിലും സഹായിക്കാതെ ഓടി രക്ഷപ്പെടാന്‍ കഴിയില്ലല്ലോ. പതാകയുമായി സമരമുഖത്ത് ഉറച്ചുനില്‍ക്കാന്‍ എനിക്ക് സാധിക്കും. അതിനാല്‍ പടപ്പറമ്പിലേക്ക് എന്നെ നയിക്കുക.’

തിരുപത്നി ബീവി ഖദീജ(റ)യുടെ പിതൃസഹോദരനായ ഖൈസുബ്നു സഈദിന്‍റെയും ആതിഖ(റ)യുടെയും പുത്രനാണ് അബ്ദുല്ല. അബ്ദുല്ല ജാതനായതോടെ മാതാവ് ആതിഖയുടെ പേരിനും സ്വാഭാവികമായി മാറ്റം വന്നു. പിറന്ന കുഞ്ഞ് അന്ധനായതോടെ ആതിക അന്ധന്‍റെ ഉമ്മയായി-ഉമ്മു മക്തൂം. അബ്ദുല്ല, ഇബ്നു ഉമ്മു മഖ്തൂമുമായി.

കുഞ്ഞുനാളിലേ ഇരുട്ടില്‍ തപ്പേണ്ടിവന്ന അബ്ദുല്ലയുടെ ഹൃദയത്തില്‍ പക്ഷേ, ഇസ്‌ലാമിന്‍റെ വെള്ളിവെളിച്ചം പ്രഭയേകി. മുസ്ലിം അംഗസംഖ്യ വളരെ പരിമിതമായ കാലത്തായിരുന്നു ഇത്. ഖബ്ബാബ്, ബിലാല്‍(റ) തുടങ്ങി ആദ്യകാല മുസ്ലിംകള്‍ക്ക് സഹിക്കേണ്ടിവന്ന മൃഗീയ പീഡനങ്ങള്‍ക്ക് അബ്ദുല്ലാഹിബ്നു ഉമ്മുമക്തൂമും വിധേയനായി. ശാരീരിക വൈകല്യത്തിനൊപ്പം ശത്രുമര്‍ദനവും പ്രലോഭനവും പക്ഷേ, ആ മനക്കരുത്തിനു മങ്ങലേല്‍പ്പിച്ചില്ല. ത്യാഗത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും തീച്ചൂളയില്‍ അബ്ദുല്ലയുടെ ഈമാന്‍ ഊതിക്കാച്ചിയ പൊന്നുപോലെ പ്രശോഭിതമായി.

ഖുര്‍ആന്‍ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കാനും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ത്താനും അദ്ദേഹം ഏറെ സമയം വിനിയോഗിച്ചു. അതിനു കൈവന്ന ഒരവസരവും പാഴാക്കിയില്ല. ഇതേ ആവശ്യവുമായി ഒരിക്കലദ്ദേഹം തിരുസവിധത്തിലെത്തി. ഖുറൈശി പ്രമുഖരായ ഉത്ബത്തുബ്നു റബീഅത്ത്, സഹോദരന്‍ ശൈബത്ത്, അംറുബ്നു ഹിശാം എന്ന അബൂജഹല്‍, ഉമയ്യത്ത്ബ്നു ഖലഫ്, വലീദുബ്നുല്‍ മുഗീറ എന്നിവരുമായുള്ള സംഭാഷണത്തിലായിരുന്നു തിരുദൂതര്‍(സ്വ).

സത്യസാക്ഷികളായ തന്‍റെ അനുചരര്‍ക്ക് നിഷേധികളില്‍ നിന്നു സഹിക്കേണ്ടി വരുന്ന കൊടിയ പീഡനത്തിന്‍റെ മൂര്‍ച്ച കുറക്കാനും സത്യവിശ്വാസികളോടുള്ള കാര്‍ക്കശ്യം വെടിഞ്ഞ് അനുരഞ്ജനത്തിന്‍റെയും സൗഹൃദത്തിന്‍റെയും പാത തുറക്കാനുള്ള സാധ്യത ആരായാനും തന്‍റെ സമീപനവും ചര്‍ച്ചയും ഹേതുകമായാലോ? ആ ശ്രമത്തിലായിരുന്നു തിരുദൂതര്‍(സ്വ).

ആ സന്ദര്‍ഭത്തില്‍ അവിടെ കയറിച്ചെന്ന അബ്ദുല്ല(റ) വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമോതി വിശദീകരണമാരാഞ്ഞു. അനവസരത്തിലെ ഇടപെടല്‍മൂലം ശത്രുനേതാക്കളുമായും സംസാരത്തിന് അവസരം നഷ്ടപ്പെടുന്നതിനാല്‍ തിരുദൂതര്‍(സ്വ) ഇബ്നു ഉമ്മി മക്തൂമിനെ പരിഗണിക്കാതെ ഖുറൈശി പ്രമുഖരുമായുള്ള ചര്‍ച്ചയില്‍ വ്യാപൃതനായി. അതവസാനിച്ചപ്പോള്‍ തിരുനബി(സ്വ) ഭവനത്തിലേക്ക് തിരിക്കാനൊരുങ്ങി. തിരുസമീപനത്തില്‍ അല്ലാഹു ഇടപെട്ടു. വിശുദ്ധ ഖുര്‍ആനിലെ അധ്യായം ‘അല്‍അബസ’യില്‍ പതിനാറോളം സൂക്തങ്ങള്‍ അവതീര്‍ണമായി:

അന്ധന്‍ സമീപിച്ചപ്പോള്‍ അവിടുന്ന് മുഖം ചുളിച്ചു. താങ്കള്‍ക്കെന്തറിയാം. ഒരുവേള അദ്ദേഹം നന്നായിത്തീര്‍ന്നേക്കാം. അഥവാ ഉപദേശം ശ്രദ്ധിക്കുകയും അത് അദ്ദേഹത്തിന് ഫലപ്പെടുകയും ചെയ്തേക്കാം. സ്വയം പോന്നവനായി ചമയുന്നവനാരോ, അവനെ താങ്കള്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ അവന്‍ നന്നായില്ലെങ്കില്‍ താങ്കള്‍ക്ക് എന്ത്? താങ്കളുടെയടുക്കല്‍ ഓടിയെത്തുകയും (അല്ലാഹുവിനെ) ഭയപ്പെടുകയും ചെയ്യുന്നവനോ അവനോട് താങ്കള്‍ വൈമുഖ്യം കാട്ടുന്നു. ഒരിക്കലുമില്ല. ഇത് ഒരു ഉല്‍ബോധനമാകുന്നു. ഇഷ്ടമുള്ളവര്‍ അതു സ്വീകരിക്കട്ടെ. അത് ആദരണീയവും ഉന്നതവും പവിത്രവുമായ ഏടുകളില്‍ നിലകൊള്ളുന്നു. മാന്യരും വിശിഷ്ടരുമായ എഴുത്തുകാരുടെ കൈകള്‍ (1-16).

തുടര്‍ന്ന് അബ്ദുല്ല(റ)ന്‍റെ കാര്യത്തില്‍ തിരുദൂതര്‍(സ്വ) കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ഏറെ പരിഗണിക്കുകയും ചെയ്തു.

സത്യവിശ്വാസികള്‍ക്കെതിരെയുള്ള ഖുറൈശികളുടെ മൃഗീയതാണ്ഡവം ഉച്ചിയിലെത്തിയപ്പോള്‍ അനിവാര്യമായ പലായനത്തിന് അല്ലാഹു അനുമതി നല്‍കി. ശാരീരിക ദൗര്‍ബല്യം വകവെക്കാതെ ഉറ്റവരെയും ഉടയവരെയും നാട്ടില്‍ നിര്‍ത്തി അബ്ദുല്ല(റ) മദീനയിലേക്ക് ഹിജ്റ പോയി. അവിടെ മിസ്അബ്(റ)ന്‍റെ വലംകൈയായി പ്രബോധന രംഗത്ത് സജീവമായി. വിശുദ്ധ ഖുര്‍ആനും മതവിധികളും പഠിപ്പിക്കുകയും ചെയ്തു.

തിരുദൂതര്‍ മദീനയിലെത്തിയപ്പോള്‍ ബിലാലുബ്നു റബാഹിന്‍റെ സഹചാരിയായിത്തീര്‍ന്നു അബ്ദുല്ലാഹിബ്നു ഉമ്മുമഖ്തൂം(റ). മസ്ജിദിലെ വാങ്കും ഇഖാമത്തും ഇരുവരും നിര്‍വഹിച്ചുപോന്നു.

മദീന വിട്ട് തിരുദൂതര്‍(സ്വ) പുറത്ത് പോകുമ്പോള്‍ പലപ്പോഴും പ്രതിനിധിയായി അബ്ദുല്ല(റ)യെ നിര്‍ത്തുമായിരുന്നു. മക്കം ഫത്ഹ് അടക്കം പത്തിലധികം തവണ നബി(സ്വ)യുടെ അഭാവത്തില്‍ പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്.

ഖലീഫ ഉമര്‍(റ)ന്‍റെ കാലത്ത് ഹിജ്റ പതിനാലാം വര്‍ഷം പേര്‍ഷ്യന്‍ സൈന്യവുമായി നടത്തിയ പ്രസിദ്ധമായ ഖാദിസിയ്യ യുദ്ധ സൈനികരില്‍ പടയങ്കിയണിഞ്ഞു അന്ധനായ അബ്ദുല്ല(റ) അടര്‍ക്കളത്തില്‍ മുന്‍നിരയില്‍ തന്നെ നിന്നു. സേനാനായകനായ സഅദ്(റ) ഇസ്‌ലാമിന്‍റെ വെള്ളക്കൊടി അദ്ദേഹത്തിന്‍റെ കൈകളിലേല്‍പ്പിച്ചു.

വീരേതിഹാസം രചിച്ച മൂന്നു നാളത്തെ പോരാട്ടത്തില്‍ ഖാദിസിയ്യയുടെ തെരുവോരങ്ങള്‍ ചെഞ്ചായമണിഞ്ഞു. ആയിരങ്ങള്‍ രക്തസാക്ഷികളായി. ഖാദിസിയ്യ വഴി സ്വര്‍ഗം പൂകിയവരുടെ കൂട്ടത്തില്‍ അന്ധനായ അബ്ദുല്ല(റ)യും ഉള്‍പ്പെട്ടു. ഖാദിസിയ്യയില്‍ അന്ന് അബ്ദുല്ല(റ) ഉയര്‍ത്തിപ്പിടിച്ച തൂവെള്ള പതാക യുദ്ധാവസാനത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ കൊട്ടാരത്തില്‍ പാറിക്കളിച്ചു.

(സുവറുന്‍ മിന്‍ ഹയാത്തിസ്വഹാബ).

ടിടിഎ ഫൈസി പൊഴുതന

Exit mobile version