അപരന്റെ അഭിമാനം മാനിക്കുക

മുസ്‌ലിം സഹോദരനോടുള്ള ബാധ്യതകളിൽ സുപ്രധാനമാണ് അവന്റെ അഭിമാനം, ജീവൻ, സമ്പത്ത് സംരക്ഷിക്കുകയെന്നത്. സുഹൃത്തിനെതിരെയുള്ള നീക്കങ്ങളിൽ ഒരു പ്രതിരോധ ശക്തിയായി നാം നിലകൊള്ളണം. തിരുനബി(സ്വ) പറഞ്ഞു: സുഹൃത്തിന്റെ അഭിമാനം സംരക്ഷിക്കുന്നവന് നരകത്തിൽ നിന്ന് അത് മറയായി ഭവിക്കുന്നതാണ് (തിർമുദി). അബുദ്ദർദാഅ്(റ) പറയുന്നു: റസൂൽ(സ്വ) ഇപ്രകാരം പറയാനുണ്ടായ പശ്ചാത്തലം ഒരു സദസ്സിൽ വെച്ച് ഒരാൾ തന്റെ കൂട്ടുകാരനെ പറ്റി കുറ്റം പറഞ്ഞതിന് ഒരു സ്വഹാബി പ്രതികരിച്ചതാണ്. ഇങ്ങനെ സുഹൃത്തിന്റെ അഭിമാന സംരക്ഷണത്തിനായി പ്രതികരിക്കുന്നവനെ തൊട്ട് നരകത്തെ അകറ്റിനിർത്തുന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നും നബി(സ്വ) പറഞ്ഞതായി കാണാം (അഹ്‌മദ്, ഖറാഇത്വി).
മറ്റൊരു ഹദീസ്: തന്റെ മുമ്പിൽ വെച്ച് സുഹൃത്തിനെ സംബന്ധിച്ച് ദുഷിപ്പു പറഞ്ഞിട്ട് പ്രതികരിക്കാൻ കഴിവുണ്ടായിട്ടും ചെയ്യാത്തവനെ ഇഹത്തിലും പരത്തിലും അല്ലാഹു അപമാനിതനാക്കും. പ്രതിരോധിച്ചാൽ ഇരുലോകത്തും അല്ലാഹു അവനെ സഹായിക്കുകയും ചെയ്യും (ഇബ്‌നു അബിദ്ദുൻയാ). സുഹൃത്തിന്റെ മാനം കാക്കുന്നവനെ നരകത്തെ തൊട്ട് രക്ഷിക്കുന്നതിനായി അന്ത്യദിനത്തിൽ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കുന്നതാണ് (അബൂദാവൂദ്). ജാബിർ(റ), അബൂത്വൽഹ(റ) എന്നിവർ തിരുനബിയിൽ നിന്നുദ്ധരിച്ചു: തന്റെ മുസ്‌ലിം സഹോദരന്റെ മാനം പറിച്ചു ചീന്തപ്പെടുന്നിടത്ത് അവന് സഹായിയായി മാറുന്നവനെ താൻ ഏറ്റവും താൽപര്യപ്പെടുന്ന ഒരിടത്ത് അല്ലാഹു സഹായിക്കുന്നതാണ്. സുഹൃത്തിന്റെ മാനത്തിന് ക്ഷതമാണേൽപിക്കുന്നതെങ്കിൽ പരസഹായം ആവശ്യമായ ഘട്ടത്തിൽ അല്ലാഹു അവനെ പരാജയപ്പെടുത്തുന്നതുമാണ് (അബൂദാവൂദ്).
വളരെ നിസ്സാരമെന്നു ചിലർക്കു തോന്നുന്നൊരു കാര്യമാണ് തുമ്മിയവൻ അല്ലാഹുവിനെ സ്തുതിക്കുന്നത് കേട്ടാൽ ചെയ്യേണ്ട തശ്മിയത്ത്(യർഹമുകല്ലാഹ് എന്നു ചൊല്ലൽ). എന്നാൽ സാഹോദര്യ ബന്ധത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്. റസൂൽ(സ്വ) അരുളി: നിങ്ങൾ തുമ്മിയവന് തശ്മിയത്ത് ആശംസിക്കുക. മൂന്ന് പ്രാവശ്യത്തിലധികം തുമ്മിയാൽ പ്രതികരണം വേണ്ട. അയാൾക്ക് രോഗമാണെന്ന് കരുതാം (അബൂദാവൂദ്).
തുമ്മിയവൻ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞില്ലെങ്കിൽ തശ്മിയത്തിന് പ്രസക്തിയില്ല (ബുഖാരി, മുസ്‌ലിം). തുമ്മുന്നതുമായി ബന്ധപ്പെട്ട് വേറെയും മര്യാദകൾ കാണാം. അബൂഹുറൈറ(റ) പറയുന്നു: റസൂൽ(സ്വ) തുമ്മുമ്പോൾ ശബ്ദം താഴ്ത്തുകയും കൈ കൊണ്ടോ തൂവാല കൊണ്ടോ പൊത്തിപ്പിടിക്കുകയും ചെയ്യുമായിരുന്നു (അബൂദാവൂദ്, തുർമുദി). തുമ്മി ഹംദ് പറഞ്ഞ സ്വഹാബിയോട് നബി(സ്വ) പറയുകയുണ്ടായി: നിന്റെ ഹംദ് രേഖപ്പെടുത്താൻ 12 മലക്കുകൾ അതിശീഘ്രം ഗമിക്കുന്നത് ഞാൻ കണ്ടു (അബൂദാവൂദ്). തുമ്മിയ ഉടനെ ഹംദ് ചൊല്ലുന്നവർക്ക് ഊരവേദന പിടിപെടില്ലെന്ന് ത്വബ്‌റാനി(റ) റിപ്പോർട്ട് ചെയ്തതു കാണാം. തുമ്മൽ അല്ലാഹുവിൽ നിന്നാണെങ്കിൽ കോട്ടുവായ പിശാചിൽ നിന്നത്രെ. അതിനാൽ കോട്ടുവായിട്ടാൽ മുഖം പൊത്തി പരമാവധി പ്രതിരോധിക്കണം, ശബ്ദത്തോടെ കോട്ടുവായിടുന്നപക്ഷം പിശാച് ഊറിച്ചിരിക്കുന്നതാണ് (തുർമുദി).

സഹിക്കുകതന്നെ

നിർഗുണനെന്ന് ചിലരെ വിലയിരുത്താൻ നമുക്ക് താൽപര്യമാണ്. അത്തരക്കാരെ സഹിക്കാനും ക്ഷമിക്കാനും കഴിയുകയെന്നത് മഹത്തായൊരു ഗുണമത്രെ. ഒരു ആത്മജ്ഞാനി പറഞ്ഞു: നീ സത്യവിശ്വാസിയോട് മനസ്സറിഞ്ഞിടപെടുക. അധർമിയോട് നല്ല സ്വഭാവത്തിൽ വർത്തിക്കാനും ശ്രമിക്കുക. കാരണം ഏതൊരു അധർമിയും ബാഹ്യതലത്തിൽ നല്ല പെരുമാറ്റം ഇഷ്ടപ്പെടും.
അബുദ്ദർദാഅ്(റ) പറഞ്ഞു: ഞങ്ങൾ ചില മനുഷ്യരോട് പുറത്ത് മുഖത്തെളിമയോടെ പെരുമാറും. ഉള്ളിലാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് കടപടതയാണെന്ന് കരുതരുത്. ഉപദ്രവം ഭയക്കുന്നവരോട് ഈ രീതിയേ പറ്റൂ. മുദാറാത്ത് എന്നാൽ ഇതാണ്. ഖുർആൻ പറഞ്ഞു നിങ്ങൾ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുവീൻ (അൽമുഅ്മിനൂൻ 69). അവർ ചീത്തയെ നന്മ കൊണ്ട് പ്രതിരോധിക്കുന്നു എന്ന ഖുർആൻ വാക്യം (റഅ്ദ് 22) വ്യാഖ്യാനിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ദുഷ്ടതയെയും തിന്മയെയും സലാം കൊണ്ടും മുദാറാത്ത് കൊണ്ടും നേരിടുക എന്നാണ് ഈ പറഞ്ഞതിന്റെ താൽപര്യം.
ആഇശ(റ) പറയുന്നു: ഒരു നാൾ തിരുദൂതർക്കരികിൽ വരാൻ ഒരാൾ സമ്മതമാരാഞ്ഞു. നബി(സ്വ) പറഞ്ഞു: അവൻ ദുഷിച്ചവനാണ്. എന്നാലും നിങ്ങൾ അനുവാദം നൽകിക്കോളൂ. അങ്ങനെ അയാൾ വന്നുചേർന്നപ്പോൾ പ്രവാചകർ(സ്വ) നന്നായി സ്വീകരിച്ചു. ഹൃദ്യമായി സംസാരിച്ചു. ഇതെല്ലാം കണ്ടപ്പോൾ ഞാൻ കരുതി അയാൾ നബി(സ്വ)യുടെ സവിധത്തിൽ പ്രത്യേക സ്ഥാനീയനാണെന്ന്. അയാൾ പോയപ്പോൾ ഞാൻ ചോദിച്ചു; നേരത്തെ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായി നല്ല അടുപ്പത്തിൽ അയാളോട് പെരുമാറുന്നതാണല്ലോ കണ്ടത്? അവിടന്ന് പ്രതികരിച്ചു: ആഇശാ, അല്ലാഹുവിന്റെ പക്കൽ ജനങ്ങളിൽ ഏറ്റവും ദുഷിച്ചവൻ തന്റെ ഉപദ്രവം ഭയന്ന് ജനങ്ങൾ ബഹിഷ്‌കരിച്ചവനാണ് (ബുഖാരി, മുസ്‌ലിം).
സമൂഹത്തിലെ സമ്പന്നരോട് ഇഴുകിച്ചേർന്നു ജീവിക്കാനാണ് പലർക്കും താൽപര്യം. പാവങ്ങളോട് അവർ അകന്നുനിൽക്കും. അനാഥർക്കും അവശർക്കും ഗുണം ചെയ്യാനാകണം. നബി(സ്വ) ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു; അല്ലാഹുവേ, നീ എന്നെ മിസ്‌കീനായി ജീവിപ്പിച്ച് മിസ്‌കീനായി മരിപ്പിക്കേണമേ. നാളെ പാവങ്ങൾക്കൊപ്പം എന്നെ നീ പുനർജീവിപ്പിക്കുകയും ചെയ്യേണമേ (ഇബ്‌നുമാജ, ഹാകിം). കഅ്ബുൽ അഹ്ബാർ(റ) പറയുന്നു: സുലൈമാൻ നബി(അ) ഭൂലോക ചക്രവർത്തിയായിരിക്കെ പള്ളിയിൽ ചെന്നാൽ വല്ല ദരിദ്രനെയും കാണുന്നപക്ഷം അയാൾക്കൊപ്പമിരിക്കും. എന്നിട്ടു പറയും: ഒരു മിസ്‌കീൻ മറ്റൊരു മിസ്‌കീനിനൊപ്പമിരിക്കുന്നു.
ഈസാ നബി(അ)ക്ക് ഏറെ പ്രിയപ്പെട്ട പദം മിസ്‌കീൻ എന്നതായിരുന്നുവെന്ന് ചരിത്രം. ഉബാദതുബ്‌നു സാമിത്(റ) പറയുന്നു: നരകത്തിന്റെ വാതിലുകൾ ഏഴെണ്ണമാണ്. അതിൽ ഒന്നു മാത്രമാണ് മിസ്‌കീൻമാർക്കും ഫഖീറുകൾക്കും. തിരുനബി(സ്വ) പറഞ്ഞു: നിങ്ങൾ മരിച്ചവർക്കൊപ്പം ഇരിക്കാതിരിക്കുക. ആരാണ് മരിച്ചവരെന്ന ചോദ്യത്തിന് അവിടുന്ന് മറുപടി നൽകി: നെറിയില്ലാത്ത സമ്പന്നർ തന്നെ. മൂസാ നബി(അ) ചോദിച്ചു: നാഥാ, നിന്നെ ഞാൻ എവിടെയാണന്വേഷിക്കേണ്ടത്? മനസ്സ് തകർന്നവർക്കൊപ്പമെന്നായിരുന്നു അല്ലാഹു നൽകിയ ഉത്തരം.
അനാഥരെ തലോടുന്നതിന് വലിയ പുണ്യമുണ്ട്. സ്‌നേഹത്തോടെ യതീമിനെ തലോടുന്നവൻ ഓരോ രോമത്തിനു പകരവും നന്മ വാരിക്കൂട്ടുന്നതാണ് (അഹ്‌മദ്, ത്വബ്‌റാനി). മുസ്‌ലിം വീടുകളിൽ അത്യുത്തമം ഗുണം ചൊരിയപ്പെടുന്ന, യതീം വസിക്കുന്ന ഭവനമാകുന്നു. മുസ്‌ലിം വീടുകളിൽ ഏറ്റവും ഗുണം കെട്ടത് പീഡിപ്പിക്കപ്പെടുന്ന യതീം വസിക്കുന്ന വീടത്രെ (ഇബ്‌നുമാജ).

ഗുണദോഷിക്കലും സന്തോഷം പകരലും

മറ്റുള്ളവർക്ക് നാം നന്മ മാത്രമേ ആഗ്രഹിക്കാവൂ. അപരന്റെ ഹൃദയത്തിൽ കുളിരു നിറക്കുന്നതായിരിക്കണം നമ്മുടെ ഇടപെടൽ. നബി(സ്വ) പറഞ്ഞു: സ്വന്തത്തിനിഷ്ടപ്പെടുന്നത് അപരനും ഇഷ്ടപ്പെടുന്നവനാണ് യഥാർത്ഥ വിശ്വാസി. തനിക്കു പ്രിയപ്പെട്ടത് മറ്റുള്ളവർക്കും പ്രിയങ്കരമായി കരുതുന്നത് വരെ ആരും പൂർണ മുഅ്മിനാവുകയില്ലെന്ന് മറ്റൊരു ഹദീസ്.
നിങ്ങൾ പരസ്പരം കണ്ണാടികളാവുക. സഹോദരനിൽ കാണുന്ന കരടിനെ നീക്കിക്കളയുക (അബൂദാവൂദ്, തുർമുദി). സ്വസഹോദരന്റെ ആവശ്യ പൂർത്തീകരണത്തിനിറങ്ങുന്നവൻ ജീവിതകാലം മുഴുവൻ അല്ലാഹുവിന് സേവനം ചെയ്തവന് സമമാണ് (ബുഖാരി/താരീഖ്, ത്വബ്‌റാനി). ഒരു മുഅ്മിനിന്റെ കണ്ണിനെ ആരെങ്കിലും കുളിരണിയിച്ചാൽ അന്ത്യദിനത്തിൽ അവന്റെ കണ്ണിനെ അല്ലാഹു കുളിരണിയിക്കും (അബൂദാവൂദ്, തുർമുദി).
മറ്റൊരു വചനം കാണുക: തന്റെ സഹജീവിയുടെ ആവശ്യത്തിനായി രാത്രിയോ പകലോ ഒരു മണിക്കൂർ ഇറങ്ങിത്തിരിക്കുന്നവൻ രണ്ടു മാസം ഇഅ്തികാഫ് അനുഷ്ഠിച്ചവനെക്കാൾ പുണ്യപ്രവർത്തിയാണ് ചെയ്യുന്നത്. ആ ആവശ്യം നിവർത്തിക്കുന്നോ ഇല്ലയോ എന്നത് വിഷയമല്ല (ഹാകിം). വിഷമത്തിലകപ്പെട്ട വിശ്വാസിക്ക് ഒരാൾ തുണയാവുകയോ അല്ലെങ്കിൽ മർദിതനെ സഹായിക്കുകയോ ചെയ്താൽ അല്ലാഹു അവന് എഴുപത്തി മൂന്ന് പാപമോചനങ്ങൾ രേഖപ്പെടുത്തുന്നതാണ് (ഖറാഇത്വി).
സന്തോഷം പകരുന്നതിനെ പറ്റി റസൂൽ(സ്വ) അരുളി: അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമം ഒരു മുഅ്മിനിന്റെ ഖൽബിൽ സന്തോഷം പകരുകയെന്നതാണ്. അതൊരു പ്രയാസം തീർത്തുകൊണ്ടോ അവന്റെ കടം വീട്ടിക്കൊണ്ടോ വിശപ്പ് മാറ്റിയോ ഒക്കെയാവട്ടെ (ത്വബ്‌റാനി). വിശ്വാസിയെ ഒരു കപടനിൽ നിന്നാരെങ്കിലും രക്ഷിക്കുന്നപക്ഷം അന്ത്യനാളിൽ അവന്റെ ശരീരത്തെ അല്ലാഹു നരകത്തിൽ നിന്ന് രക്ഷിക്കുന്നതാണ് (അഹ്‌മദ്, അബൂദാവൂദ്, ത്വബ്‌റാനി).
നബി(സ്വ) ഉണർത്തി: രണ്ടു സംഗതികൾ, അതിനപ്പുറം ഉപദ്രവകരമായ ഒന്നുമില്ല. അല്ലാഹുവിൽ പങ്കുചേർക്കലും അവന്റെ ദാസന്മാർക്ക് ഉപദ്രവം ചെയ്യലുമാണത്. വേറെ രണ്ടു സംഗതികൾ, അവയെക്കാൾ ഗുണപ്രദമായ കാര്യങ്ങളില്ല. അല്ലാഹുവിൽ വിശ്വസിക്കലും അവന്റെ അടിമകൾക്ക് ഉപകാരം ചെയ്യലുമാണവ (സ്വാഹിബുൽ ഫിർദൗസ്). മുസ്‌ലിംകളുടെ കാര്യങ്ങൾ ഗൗനിക്കാത്തവൻ അവരിൽ പെട്ടവനല്ല (ഹാകിം, ത്വബ്‌റാനി).
(അവലംബം: ഇഹ്‌യാ ഉലൂമുദ്ദീൻ)

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

Exit mobile version