അമാനത്തും വിശ്വാസികളും

തിരുനബി(സ്വ) പറഞ്ഞു: വിശ്വസ്തത ഇല്ലാത്തവന് ഈമാൻ (സത്യവിശ്വാസം) ഇല്ല. കരാറിൽ കണിശതയില്ലാത്തവന് മതമില്ല (അഹ് മദ്).
അമാനത്ത് എന്ന പദത്തിന്റെ ഭാഷാന്തരമാണ് വിശ്വസ്തത എന്നത്. വിശ്വസിക്കാവുന്ന അവസ്ഥ ഒരാളിലുണ്ടാകുമ്പോഴാണ് അയാൾ അമീനാകുന്നത്. അയാളുടെ ചെയ്തിയും മൊഴിയും സത്യസന്ധമായിരിക്കും. മക്കക്കാർ നബി(സ്വ)യെ അൽഅമീനെന്ന് വിശേഷിപ്പിച്ചത് നമുക്കറിയാം. വിശ്വസിച്ചേൽപ്പിക്കാൻ പറ്റുമെന്ന് നാം ഒരാളെ കുറിച്ച് പറയുന്നത് അയാളുടെ അമാനത്തിനെ കുറിച്ച് നമുക്ക് ബോധ്യമുണ്ടാകുമ്പോഴാണ്.
ഉത്തരവാദിത്വത്തിനും അതിന്റെ കൃത്യമായ നിർവഹണത്തിനും അമാനത്ത് എന്ന് പ്രയോഗിക്കാറുണ്ട്. ഹദീസിലെ ഈ പദം കൊണ്ടുള്ള ഉദ്ദേശ്യം നിർവഹണമാണ്. ഇതിന്റെ വിപരീതം വഞ്ചനയാണ്. ഇടപാടുകളിലും മറ്റും നാം പ്രതീക്ഷിച്ചതിന് വിരുദ്ധമായി ചെയ്യുന്നവൻ വഞ്ചകനാണ്. അഥവാ അമാനത്തിന്റെ വിപരീതമാണ് ഖിയാനത്ത് (വഞ്ചന). അമാനത്ത് സത്യവിശ്വാസത്തെ അപേക്ഷിച്ച് അടിസ്ഥാനപരമാണ്. അത് കൊണ്ടാണ് ‘ലാ ഈ മാന ലിമൻ ലാ അമാനത്ത ലഹു’ (അമാനത്തില്ലാത്തവന് ഈമാനില്ല) എന്ന് തിരുദൂതർ പറഞ്ഞത്. അമാനത്ത് സത്യവിശ്വാസിയുടെ അടിസ്ഥാന നിലപാടും അവന്റെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്ന ഗുണവുമാണ്.
അമാനത്ത് ഏൽപിച്ചാണ് അല്ലാഹു മനുഷ്യനെ ഭൂമിയിൽ നിശ്ചയിച്ചത്. അമാനത്ത് തീരെ ലളിതമായ ഒന്നല്ല. മനുഷ്യരല്ലാത്ത സൃഷ്ടികൾ നിരസിച്ചതാണത്. എന്നാൽ അമാനത്ത് ഏറ്റെടുത്ത് പൂർത്തിയാക്കി വിജയികളാകാനുള്ള അവസരം അല്ലാഹു മനുഷ്യർക്ക് നൽകി. മനുഷ്യനേറ്റെടുത്ത ഈ അമാനത്ത് കൊണ്ടുള്ള ഉദ്ദേശ്യം ഇസ്‌ലാമാണ്. ഇബ്‌നു അജീബ(റ)ന്റെ വിവരണം: ഇവിടെ അമാനത്ത് കൊണ്ടുദ്ദേശ്യം ഉള്ളിലുണ്ടാവേണ്ട തൗഹീദും പ്രത്യക്ഷത്തിലുണ്ടാവേണ്ട വിധിവിലക്കുകളാകുന്ന മതവ്യവസ്ഥകളുമാണ്. ഈമാൻ ആന്തരികമായ അമാനത്തും ശരീഅത്ത് വ്യവസ്ഥകൾ പ്രത്യക്ഷമായ അമാനത്തുമാണ്(അൽബഹ്‌റുൽ മദീദ്).
അമാനത്ത് തിരിച്ചേൽപ്പിക്കാൻ ഖുർആനിൽ കൽപ്പനയുണ്ട്. ചുമതല നീതിപൂർവം നിർവഹിക്കലും ഏൽപ്പിക്കപ്പെട്ടതോ പിടിച്ചെടുത്തതോ ആയ വസ്തുക്കൾ തിരിച്ച് നൽകലും അതിന്റെ പരിധിയിൽ പെടും. അധികാരികൾ, മേധാവികൾ, കുടുംബനാഥന്മാർ തുടങ്ങിയവർ അമാനത്തിന്റെ കാര്യത്തിൽ നീതി പൂർവകമായ രീതി സ്വീകരിക്കണമെന്നും ഖുർആൻ കൽപ്പിക്കുന്നു.
അമാനത്തില്ലാതാവുമ്പോൾ ഖിയാനത്താ(വഞ്ചന)ണ് പകരം വരിക. കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നൊരു പദമാണ് വഞ്ചന. പിന്നെങ്ങനെയാണ് അതൊരു വിശേഷണമാകുന്ന അവസ്ഥയോട് വിശ്വാസിക്ക് പൊരുത്തപ്പെടാനാവുക? അമാനത്തിന് അപരന്റെ അവകാശവുമായി, അല്ലെങ്കിൽ അവന്റെ ആത്മീയതയും ഭൗതിക ജീവിതവുമായി ബന്ധമുണ്ട്. വിശ്വസ്തതക്കെതിരായി വല്ലതുമുണ്ടാകുമ്പോൾ താൻ വഞ്ചകനാകുമെന്ന് മാത്രമല്ല, അപരന് നഷ്ടമോ അപമാനമോ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അമാനത്തിനെ ഗൗരവപൂർവം നിർവഹിച്ചേ പറ്റൂ.
അമ്പിയാക്കൾക്ക് നിർബന്ധമായൊരു സ്വിഫത്ത് (വിശേഷണം) കൂടിയാണ് അമാനത്ത്. അവർ നടത്തേണ്ട പ്രബോധനപരമായ കാര്യങ്ങളിൽ കൃത്രിമമോ കൃത്യവിലോപമോ ഉണ്ടാകില്ല എന്നാണതിന്റെ കേവലാർത്ഥം. ഈ അർത്ഥകൽപനയുടെ പരിധിയിൽ എല്ലാ പ്രബോധകരും വരും. തങ്ങളുടെ പ്രബോധിതരോടുള്ള ബാധ്യത നിർവഹിക്കുന്നതിൽ വീഴ്ച വരാതെ ശ്രദ്ധിക്കണം. അമാനത്ത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വന്തം ആത്മീയതയെയും വിജയത്തെയും അളക്കാനുപകരിക്കുന്ന മാനദണ്ഡമായി കണക്കാക്കാം. അത്രമാത്രം പാഠങ്ങൾ അതുമായി ബന്ധപ്പെട്ടുണ്ട്. ഒരിക്കൽ റസൂൽ(സ്വ) പറഞ്ഞു: ആറ് കാര്യങ്ങളിൽ നിങ്ങളെനിക്ക് ഉറപ്പ് നൽകിയാൽ സ്വർഗത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം. സംസാരിക്കുമ്പോൾ സത്യം പറയുക, കരാർ ചെയ്താൽ പാലിക്കുക, അമാനത്ത് കൃത്യമായി നിർവഹിക്കുക, ഗുഹ്യാവയവങ്ങളെ ഹറാമിൽ നിന്ന് സൂക്ഷിക്കുക, ഹറാമിനെ തൊട്ട് കണ്ണുകൾ ചിമ്മുക, അരുതായ്മകളെ തൊട്ട് കൈകൾ തടഞ്ഞുവെക്കുക (അഹ്‌മദ്).
ഈ ഹദീസിൽ പറഞ്ഞ നാലാമത്തെ കാര്യം അമാനത്താണ്. ഇമാം ബൈഹഖി(റ) ഇത് വിശദീകരിച്ചു: വിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യവിശ്വാസത്തിന്റെ പേരിൽ അവൻ ഏറ്റെടുക്കുകയും നിർവഹിക്കേണ്ടി വരികയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടു. ഇബാദത്തുകൾ, മതവിധികൾ, സ്വന്തം ശരീരത്തിന്റെ, ഭാര്യയുടെ, മാതാപിതാക്കളുടെ, സന്താനങ്ങളുടെ, മുസ്‌ലിമായ സഹോദരങ്ങളുടെ കാര്യത്തിൽ തന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട ഗുണപരമായ സമീപനം തുടങ്ങിയവയിലെല്ലാം അമാനത്ത് കൃത്യമായി നിർവഹിക്കൽ നിർബന്ധമാണ് (ഫൈളുൽ ഖദീർ).
വിശ്വാസികൾ കുടുംബത്തിലും കുടുംബത്തിന് പുറത്തും നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ ശരിയായി നിർവഹിക്കുമ്പോഴാണ് അമാനത്തുള്ളവനാവുക. തൊഴിലാളി തന്റെ തൊഴിലിൽ കൃത്യതയും ആത്മാർത്ഥതയും കാണിക്കുക എന്നത് അമാനത്ത് പാലനത്തിന്റെ ഭാഗമാണ്. ഇപ്രകാരം, അധികാരികളും തലവന്മാരും മുതിർന്നവരും തങ്ങളുടെ കീഴിൽ വരുന്നവരുടെ അവകാശങ്ങൾ അവരിലേക്കെത്തിക്കാൻ ബാധ്യസ്ഥരാണ്.
ന്യായങ്ങൾ ചമച്ച് ദുർബലരുടെ അവകാശങ്ങൾ സ്വന്തമാക്കാനും അവർക്ക് നൽകാതിരിക്കാനും പഴുത് തേടുന്നത് ഗൗരവമേറിയ കുറ്റമാണ്. അമാനത്തില്ലാതിരിക്കുക എന്നത് ഈമാനിനെ നേരിട്ട് ബാധിക്കുമെന്നാണ് ഹദീസുകളും ഖുർആനും പഠിപ്പിച്ചിട്ടുള്ളത്.
വിജയിക്കുന്ന വിശ്വാസികളുടെ വിശേഷണങ്ങൾ ഖുർആൻ പറഞ്ഞതിൽ ‘അമാനത്തുകളും കരാറുകളും കൃത്യമായി നിർവഹിക്കുന്നവരാണവർ (അൽമുഅ്മിനൂൻ) എന്നുണ്ട്. കപട വിശ്വാസത്തിന്റെ ലക്ഷണങ്ങളിൽ നബി(സ്വ) വിശ്വാസവഞ്ചനയെ എണ്ണിയിട്ടുണ്ട്. അവിടന്ന് അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നാണ്. സംസാരിച്ചാൽ കളവ് പറയും, കരാർ ചെയ്താൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും (ബുഖാരി).
സാഹചര്യപരമായ കാരണങ്ങളാൽ ഒരാളിൽ നിന്ന് വിശ്വാസവഞ്ചന സംഭവിച്ചാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുമെന്നല്ല ഇതിനർത്ഥം. മറിച്ച് കപടവിശ്വാസം സത്യവിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന ഗൗരവം അറിയിക്കുകയാണ്. എന്നാൽ ഗൗരവം കണക്കിലെടുക്കാതെ വഞ്ചനകൾ തുടരുന്നത് വിശ്വാസത്തെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് സത്യവിശ്വാസികളുടെ മനസ്സിൽ കൊത്തിവെക്കേണ്ട വിശുദ്ധ വാക്യമാണ് ഈ ഹദീസ്.

 

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version