അയാ സോഫിയയിൽ വീണ്ടും വാങ്കൊലി മുഴങ്ങുമ്പോൾ

നീണ്ട എൺപത്തഞ്ച് വർഷങ്ങൾക്ക് ശേഷം അയാ സോഫിയയിൽ നിന്ന് വീണ്ടും വാങ്കൊലി മുഴങ്ങുന്നു. ഒരുകാലത്ത് യൂറോപ്പിന്റെ എല്ലാമെല്ലാമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിന്റെ ഹൃദയമായിരുന്നു അയാ സോഫിയ അഥവാ ഹഗിയാ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം. 900 വർഷം ക്രൈസ്തവ ദേവാലയമായും 500 വർഷം മുസ്‌ലിം പള്ളിയായും എട്ടു പതിറ്റാണ്ട് മ്യൂസിയമായും ചരിത്രത്തിലൂടെ കടന്നുപോയി ഈ മനോഹര സ്ഥാപനം. കഴിഞ്ഞ മാസം വീണ്ടും ഇവിടെ നിസ്‌കാരം ആരംഭിച്ചിരിക്കുകയാണ്.
‘യുനസ്‌കോ’യുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച പള്ളിക്ക് നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലമാണുള്ളത്. 2019-ൽ മാത്രം 3.5 മില്യൺ സന്ദർശകർ അയാ സോഫിയ കാണാനായി തുർക്കിയിലെത്തി. നൂറ്റാണ്ടുകളോളം ബൈസന്റൈൻ ചക്രവർത്തിമാരുടെ തലസ്ഥാനമായും ശേഷം ഉസ്മാനിയ സാമ്രാജ്യ ഭരണാധികാരികൾ നിസ്‌കാരം നടത്തിയ മസ്ജിദായും നിലനിന്ന ഇത് കഴിഞ്ഞ എൺപത് വർഷമായി മ്യൂസിയമായി പ്രവർത്തിക്കുകയായിരുന്നു. അയാ സോഫിയയിൽ സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ് നടത്തിയ ഇടപടലുകൾ പൂർണമായി തിരസ്‌കരിച്ചുകൊണ്ടാണ് അതാതുർക്കിനെ മുന്നിൽ നിർത്തി യൂറോപ്പ് കരുക്കൾ നീക്കിയിരുന്നത്.

ചരിത്രത്തോടൊപ്പം

ആറുവർഷത്തെ നിരന്തര നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ ബിസി 537-ലാണ് അയാ സോഫിയയുടെ പണിപൂർത്തീകരിക്കുന്നത്. ഇന്നത്തെ സ്ഥിതിയിലെത്തിയത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടത്തിൽ മരം കൊണ്ടായിരുന്നു നിർമാണം. ഒരു കലാപത്തിൽ പള്ളി കത്തിനശിച്ചു. ശേഷം മാർബിളുപയോഗിച്ച് നിർമിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നു. പിന്നീടാണ് കൂടുതൽ ആധുനികമായി അയാ സോഫിയ നിർമിക്കുന്നത്. ശേഷം ബൈസന്റൈൻ ഭരണത്തിനു കീഴിൽ 916 വർഷം ചർച്ചായി തന്നെ ഇത് നിലനിന്നു.
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ കത്തീഡ്രലായിരുന്നു അയാ സോഫിയ. എ.ഡി 537-ൽ ബൈസന്റിയൻ ക്രിസ്ത്യാനിറ്റിയുടെ കേന്ദ്രമായി ഉയർന്നുവന്ന ഇത് ഗ്രീക്ക് ഓർത്തഡോക്‌സിന്റെയും റോമൻ കത്തോലിക് വിഭാഗത്തിന്റെയും കത്തീഡ്രലായി നൂറ്റാണ്ടുകളോളം നിലകൊണ്ടു. 562 മുതൽ 1204 വരെയും 1261 മുതൽ 1453 വരെയും ഈസ്റ്റേൺ ഓർത്തഡോക്‌സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായിരുന്നു അയാ സോഫിയ. അതിനിടയിൽ നാലാം കുരിശുയുദ്ധത്തിൽ ഓർത്തഡോക്‌സ് സഭയെ കത്തോലിക്കാ വിഭാഗം നിലംപരിശാക്കുകയും അയാ സോഫിയ എന്ന ‘വിശുദ്ധ ജ്ഞാന’ കേന്ദ്രം കത്തോലിക്കക്കാർ പിടിച്ചടക്കുകയും ചെയ്തു. 1204 മുതൽ 1262 വരെ കത്തോലിക്ക കത്തീഡ്രലായിരുന്നു. എങ്കിലും ഓർത്തഡോക്‌സ് ക്രിസ്ത്യാനിറ്റിയുടെ ആഗോള ആസ്ഥാനമായി പിന്നെയും അയാ സോഫിയ നിലനിന്നു.
ജസ്റ്റീനിയൻ കാലം മുതൽ റോമൻ ചക്രവർത്തിമാരുടെ സ്വകാര്യ സ്വത്തായിരുന്നു അയാ സോഫിയ. അവർ രാജകീയ നടപടികളും പദ്ധതികളും പുറപ്പെടുവിച്ചിരുന്നത് ഇതിന്റെ അങ്കണത്തിൽ വെച്ചായിരുന്നു. പിന്നീട് ഓർത്തഡോക്‌സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ യേശുവിന്റെ പ്രത്യേക നോട്ടം ലഭിക്കുന്ന ദേവാലയമാണിതെന്ന വിശ്വാസം യൂറോപ്പിലെ കൃസ്ത്യൻ മതവിശ്വാസികൾക്കിടയിൽ വ്യാപകമായി നിലനിന്നിരുന്നു. കുരിശുയുദ്ധങ്ങൾക്ക് പ്രേരണ നൽകിയതും പദ്ധതിയിട്ടതും നിയന്ത്രിച്ചിരുന്നതും അയാ സോഫിയ കേന്ദ്രമാക്കിയിട്ടാണെന്നതിനാൽ ക്രിസ്ത്യാനികൾക്ക് ഇത് ഏറെ പ്രിയപ്പെട്ട ദേവാലമായി.

സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ്

ആറാമത്തെ ഓട്ടോമൻ സുൽത്താൻ മുറാദ് രണ്ടാമൻ-ഹുമ ഹാത്തൂൻ എന്നിവരുടെ മകനായി 1432 മാർച്ച് 30-ന് അന്നത്തെ ഒട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ‘എഡിർനെ’ പട്ടണത്തിലാണ് മുഹമ്മദ് രണ്ടാമൻ അഥവാ സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ് ജനിക്കുന്നത്. ചെറിയ പ്രായത്തിലേ അദ്ദേഹത്തിന്റെ കരങ്ങളിലേക്ക് അധികാരത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏൽപിക്കപ്പെട്ടു. അഞ്ചാം വയസ്സിൽ അമസ്യ പ്രവിശ്യയുടെ ഗവർണറായ മുഹമ്മദ് പന്ത്രണ്ടാം വയസ്സിൽ സുൽത്താൻ മുറാദിന്റെ റീജൻ പദവിയിലെത്തി. ചെറുപ്രായത്തിൽ തന്നെ യുദ്ധമുറകളും അധികാര തന്ത്രങ്ങളും അദ്ദേഹം പരിചയിച്ചിരുന്നു. എ.ഡി. 395 മുതൽ ഒരു സഹസ്രാബ്ദത്തിലേറെ നിലകൊണ്ട മഹാസാമ്രാജ്യത്തെ സുൽത്താൻ ചരിത്രത്തിലേക്ക് മാറ്റിനിർത്തി. 1453-ലാണ് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്. വമ്പൻ പടയോട്ടങ്ങളുടെ ചരിത്രവും അദ്ദേഹത്തിനുണ്ട്. യൂറോപ്പിന്റെ തലക്കുമീതെ ഭീതിയുടെ നിഴൽ വിതക്കാൻ 21 വയസ്സു മാത്രം പ്രായമുള്ളപ്പോൾ തന്നെ സുൽത്താൻ മുഹമ്മദിന് സാധിച്ചിരുന്നു.
രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി പിടിച്ചടക്കിയ രാജ്യത്തിന്റെ സംസ്‌കാരങ്ങളെയും പൈതൃക സ്മാരകങ്ങളെയും പിച്ചിചീന്താൻ ഒരിക്കലും സുൽത്താൻ ശ്രമിച്ചിരുന്നില്ല. മറിച്ച്, എല്ലാവരെയും സംരക്ഷിച്ചുകൊണ്ടുള്ള ഭരണ വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ബൈസന്റൈൻ കീഴടക്കിയതിന് ശേഷവും ഓർത്തഡോക്‌സ് ചർച്ചിന് കോൺസ്റ്റാന്റിനോപ്പിളിൽ തുടർന്നു പ്രവർത്തിക്കാൻ അദ്ദേഹം അനുമതി നൽകി. യഹൂദി വിഭാഗക്കാരോട് നാടുവിടേണ്ടതില്ലെന്നറിയിക്കുകയും സിനഗോഗുകൾക്ക് പ്രവർത്തനാനുമതി നൽകുകയുമുണ്ടായി. യുദ്ധസമയത്ത് പലായനം ചെയ്തവരെ തിരിച്ചെത്തിച്ചും അദ്ദേഹം മാന്യത പ്രകടിപ്പിച്ചു. 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ മൂന്നാം നാൾ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പത്രിയാർക്കീസ് ഗ്രനേഡിയസ് സ്‌കൊളാരിയസ് ബാവയുമായി സുൽത്താൻ ചർച്ച നടത്തി. കുരിശുയുദ്ധ കാലത്ത് ഇസ്‌ലാമിനെതിരിൽ തന്ത്രങ്ങൾ മെനഞ്ഞയാളായിരുന്നു ബാവയെന്നോർക്കണം. ചർച്ചയിലെ തീരുമാനപ്രകാരം ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ട വില നൽകി സുൽത്താൻ അയാ സോഫിയ സ്വന്തമാക്കി. അക്രമപരമായി പിടിച്ചടക്കുകയോ അതിനായി രക്തം ചിന്തുകയോ ചെയ്തില്ല. അതോടെ നഗരത്തിലെ ആദ്യ മസ്ജിദായി അയാ സോഫിയ. ഓർത്തഡോക്‌സ് സഭയുമായുണ്ടാക്കിയ കരാർ പ്രകാരം ക്രിസ്ത്യാനികൾക്ക് സ്വതന്ത്രമായി താമസിക്കാനും അവരുടെ മതം നിർബന്ധമല്ലാത്ത രീതിയിൽ പ്രചരിപ്പിക്കാനും അനുമതി നൽകി. അവരുടെ താൽപര്യം മാനിച്ച് അയാ സോഫിയയുടെ ഒരു ഭാഗത്ത് ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാനുമതി നൽകി. മറുവശത്ത് മുസ്‌ലിംകളും ആരാധന നിർവഹിച്ചു.
സുൽത്താന്റെ മരണംവരെ ഈ സ്ഥിതി തുടർന്നു. എഡി 1600-ൽ അയാ സോഫിയയുടെ എതിർവശമായ ഫെനിയറിൽ ഓർത്തഡോക്‌സ് വിഭാഗം പുതിയ ദേവാലയം നിർമിച്ച് അവരുടെ പ്രവർത്തനങ്ങൾ അങ്ങോട്ട് മാറ്റി. തുടർന്ന് അയാ സോഫിയ പരിപൂർണമായി മസ്ജിദായി രൂപപ്പെട്ടു. മക്കയിലേക്കുള്ള ദിശയിൽ മിമ്പറും മിഅ്‌റാബും സ്ഥാപിച്ചുകൊണ്ട് സുൽത്താൻ മുസ്‌ലിം നാഗരികതക്ക് പുതിയ ഉണർവ് നൽകി. സുൽത്താന്റെ കാലത്ത് മസ്ജിദിൽ ധാരാളം കൊത്തുപണികളും നടത്തിച്ചിരുന്നു.
ബ്ലൂ മോസ്‌ക്, സുലൈമാൻ മസ്ജിദ് തുടങ്ങിയ പള്ളികളും അയാ സോഫിയ മാതൃകയിൽ പണികഴിപ്പിച്ചവയാണ്. അയാ സോഫിയ മസ്ജിദാക്കി മാറ്റുന്നതിൽ സുൽത്താന് മതപരമായ തന്ത്രങ്ങൾക്ക് പുറമേ രാഷ്ട്രീയമായ കാരണങ്ങളാ യിരുന്നു പ്രധാനം. ലോകക്രിസ്ത്യാനിറ്റിയുടെ ശ്രദ്ധയുള്ള ഈ ദേവാലയം മുസ്‌ലിം പക്ഷത്തെത്തിയാൽ യൂറോപ്പിനെതിരായ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ മുസ്‌ലിംകൾക്ക് അതൊരാത്മവിശ്വാസം പകരുമെന്നതിനാലാണ് അയാ സോഫിയ മുഹമ്മദ് അൽ ഫാതിഹ് വിലകൊടുത്തു വാങ്ങിയത്. ആ നയതന്ത്രം വിജയം കാണുകയും ചെയ്തു. തുടർന്ന് യൂറോപ്പിന്റെ മണ്ണിൽ ഇസ്‌ലാമിന്റെ വേരുകൾ നട്ടുവളർത്താൻ അദ്ദേഹത്തിന് സാധിച്ചു.

ആരോപണങ്ങളുടെ വസ്തുത

മതപരമായ വൈര്യമായിരുന്നു സുൽത്താൻ അൽ ഫാത്തിഹിനെ അയാ സോഫിയ പിടിച്ചടക്കാൻ പ്രേരിപ്പിച്ചതെന്ന വാദം ശക്തമായി പിൽക്കാലങ്ങളിൽ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചരിത്ര വിരുദ്ധമാണ് ഈ ആരോപണം. അങ്ങനെയെങ്കിൽ തുർക്കിയിൽ സജീവമായി നിലനിന്നിരുന്ന മറ്റു ദേവാലയങ്ങളും പിടിച്ചെടുക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല.
അയാ സോഫിയ തന്നെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാമായിരുന്നിട്ടും അതു ചെയ്യാതെ പണം കൊടുത്ത് വാങ്ങുകയായിരുന്നു സുൽത്താൻ. എന്നിട്ടും രണ്ട് വിഭാഗങ്ങൾക്കുമിടയിൽ ആരാധനാവകാശം വീതിക്കുകയുണ്ടായി. ഉയർന്ന വർഗത്തിനു മാത്രം പ്രാപ്യമായിരുന്ന ഒന്നായിരുന്നു റോമാ സാമ്രാജ്യത്തിലെ ക്രിസ്തുവിനുള്ള ആരാധനയും മറ്റും. അതൊക്കെ മാറ്റി എല്ലാ ക്രിസ്ത്യാനികൾക്കും ആരാധനയർപ്പിക്കാവുന്ന വിധം ദേവാലയം തുറന്നുകൊടുത്തതും കൂടുതൽ മതസ്വാതന്ത്ര്യം അനുവദിച്ചതും സുൽത്താനായിരുന്നു.
വത്തിക്കാന്റെ കീഴിൽ ശ്വാസംമുട്ടി കഴിയുകയായിരുന്ന ഓർത്തഡോക്‌സ് ചർച്ചിനെ അതിൽനിന്ന് മോചിപ്പിച്ചതും 1454-ൽ പ്രത്യേക ഉത്തരവിലൂടെ പാത്രിയാർക്കീസ് ഗ്രനേഡിയസിനു കൂടുതൽ അധികാരം നൽകിയതും സുൽത്താൻ ഫാത്തിഹായിരുന്നു. 1481 മെയ് 3-ന് സുൽത്താൻ മുഹമ്മദ് രണ്ടാമൻ അനറ്റോറിയയിൽ വെച്ച് മരണപ്പെട്ടു. യുറോപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു ആഘോഷത്തിന്റെ ദിനം കൂടിയായിരുന്നു. പല പള്ളികളിലും അവരത് ആഘോഷിക്കുകയുണ്ടായി. തികഞ്ഞ സഹിഷ്ണുതയോടെയായിരുന്നു സുൽത്താൻ ഇതര മതസ്തരെ കണ്ടിരുന്നത്. പ്രകോപനപര മായ ഒരു നിലപാടും അദ്ദേഹം കൈകൊണ്ടിരുന്നില്ല. അതിന്റെ വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ‘മില്ലേത്ത്’ ഭരണ വ്യവസ്ഥ. തുടർന്ന് അഞ്ച് നൂറ്റാണ്ടോളം കാലം മുസ്‌ലിംകൾ അയാ സോഫിയയിൽ ആരാധന നിർവഹിച്ചുപോന്നു.

മ്യൂസിയമാവുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ തുർക്കിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മാറിമറിയാൻ തുടങ്ങിയിരുന്നു. അതിന്റെ അടയാളങ്ങൾ ഇസ്തംബൂളിലും എത്തി. അതിരുവിട്ട സെക്യുലർ ചിന്ത തുർക്കി രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനാരംഭിച്ചതോടെ രാജ്യത്തിന്റെ കാഴ്ചപ്പാടുകൾ പാടേ മാറി. അതിന്റെ ഫലമായിരുന്നു സൽത്തനേറ്റ് റിപ്പബ്ലിക്കിന് വഴിമാറിയതും ഖിലാഫത് നിരോധിക്കപ്പെട്ടതും. കാലങ്ങളായി തലസ്ഥാനമായിരുന്ന ഇസ്തംബൂളിൽ നിന്ന് അങ്കാറയിലേക്ക് രാജ്യതലസ്ഥാനം മാറ്റി. ഇസ്‌ലാമികമായി നടപടിയെടുത്തിരുന്ന സുൽത്താന്മാർക്കെതിരിൽ കോടതികളിൽ കേസ് വന്നു. തുർക്കിയെ പിടികൂടിയത് ഭീകരമായ സെക്യൂലർ ചിന്തകളായിരുന്നു. അതിന് പിന്നിൽ ശക്തമായ പശ്ചാത്യൻ കൈകൾ പ്രവർത്തിച്ചു. 1920-കളോടെ നിലവിൽവന്ന തുർക്കി റിപ്പബ്ലിക്ക് രാജ്യ ചരിത്രത്തെ അടിമുടി മാറ്റി. അത്താതുർക്കിന്റെ പ്രഥമ ഭരണം അനേകം പരിഷ്‌കരണങ്ങൾ രാജ്യത്തേക്ക് കൊണ്ടുവന്നു. 1929-ൽ മുസ്തഫ കമാൽ പാഷ അയാ സോഫിയ യിലെ നിസ്‌കാരം നിരോധിച്ചു. അതിനെതിരിൽ വ്യാപകമായ പ്രതിഷേധമൊന്നും രാജ്യത്തുണ്ടായില്ലെന്നത് നടപടിയുടെ സാധൂകരണത്തിനുള്ള ജനാംഗീകാരമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ യഥാർത്ഥ കാരണം രണ്ടു ലോകമഹായുദ്ധങ്ങൾക്കിടയിലുണ്ടായിരുന്ന പ്രത്യേകാന്തരീക്ഷമാണെന്നത് വിസ്മൃതമായി. തുർക്കി ഈ ഘട്ടത്തിൽ രാഷ്ട്രീയമായി പല പ്രശ്‌നങ്ങളും നേരിടുകയായിരുന്നു. 1935-ൽ പ്രസിഡൻഷ്യൽ ഓർഡറിലൂടെ അയാ സോഫിയയെ മ്യൂസിയമാക്കി. അയാ സോഫിയ ദേവാലയം മുസ്‌ലിംകൾക്ക് കൈമാറിയതിന്റെ കൃത്യമായ രേഖകൾ ഇന്നും മസ്ജിദിൽ ലഭ്യമാണ്. ഏതായാലും 85 വർഷത്തോളം അയാ സോഫിയ മ്യൂസിയമായി നിലനിന്നു.
റജബ് ത്വയ്യിബ് ഉർദുഗാൻ അധികാരത്തിൽ വന്നതോടെ തുർക്കിയെ പതിയെപ്പതിയെ പാരമ്പര്യത്തിലേക്ക് കൈപിടിച്ച് നടത്തി എന്നു തന്നെ പറയാം. മ്യൂസിയം പദവി തുർക്കി കോടതി റദ്ദാക്കിയതിനെ തുടർന്ന് ജൂലൈ 11-ന് നിസ്‌കാരത്തിനായി വീണ്ടും അയാ സോഫിയ തുറക്കപ്പെട്ടു. പാശ്ചാത്യരുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് തുർക്കി സർക്കാർ ഈ നടപടിയെടുത്തിരിക്കുന്നത്. ചരിത്രവും വർത്തമാനവും വിശ്വാസവും വികാരവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞ വിഷയമാണ് അയാ സോഫിയയെന്ന് തുർക്കിയുടെ അഭ്യന്തര കാര്യം ലോകം ചർച്ച ചെയ്യുന്നതിലൂടെ ഒരിക്കൽ കൂടി സ്പഷ്ടമാവുന്നു.

മുശീർ വിളയിൽ

 

Exit mobile version