അരീക്കാട് പള്ളി പ്രശ്നം : മുശാവറയുടെ തീരുമാനം, കണ്ണിയത്തിന്റെയും

          സമസ്ത മുശാവറയുടെ തീരുമാനത്തിന് വിശദീകരണം നല്‍കി കണ്ണിയത്ത് തന്നെ സുന്നിവോയ്സില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. 1984 ജൂലൈ 27 ലക്കത്തിലെ ആ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: ‘ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവര്‍ സമസ്തയോട് കടുത്ത അപരാധം പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊതുജനം അറിഞ്ഞിരിക്കേണ്ടതാണ്.’
അരീക്കാട് പള്ളി പ്രശ്നത്തില്‍ എപി ഉസ്താദിനന്റെ വസ്തുനിഷ്ഠമായ വിശദീകരണമാണു കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. അതോടെ അന്തരീക്ഷം കലങ്ങിത്തെളിഞ്ഞു. കുലൈബി എത്ര നല്‍കിയെന്നും അത് എങ്ങനെ വിനിയോഗിക്കപ്പെട്ടുവെന്നും ജനത്തിന് ബോധ്യമായി. തൊട്ടുപിറകെ സമസ്ത മുശാവറയിലേക്ക് കുലൈബിയുടെ തന്നെ വിശദീകരണവും വന്നു. പുറമെ, സ്വന്തം സഹോദരനെ അദ്ദേഹം കേരളത്തിലേക്കയച്ചു.

       കോഴിക്കോട് പ്രസ്ക്ലബ്ബില്‍ അദ്ദേഹം പത്രസമ്മേളനം വിളിച്ച് സത്യാവസ്ഥ വിശദമാക്കുകയുമുണ്ടായി.
സുന്നിവോയ്സ് 1984 മെയ് 2531 ലക്കത്തില്‍ കുലൈബിയുടെ സഹോദരന്‍ സയ്യിദ് അബ്ദുല്ലാ കുലൈബിന്റെ പ്രസ്തുത പത്രസമ്മേളന റിപ്പോര്‍ട്ട് കാണാം: അബൂദാബിയിലെ അബ്ദുല്ലാ കുലൈബി മൗലാനാ കാന്തപുരത്തെ ഏല്‍പിച്ച അഞ്ചുലക്ഷം രൂപയില്‍ മൂന്നുലക്ഷം മാത്രമാണ് അരീക്കാട്ടെ പള്ളിക്കുള്ളതെന്നും ബാക്കി രണ്ടു ലക്ഷം എപിയുടെ ഇഷ്ടാനുസരണം അദ്ദേഹം ഉദ്ദേശിക്കുന്ന പള്ളികള്‍ക്ക് നല്‍കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അബ്ദുല്ലാ കുലൈബിയുടെ സഹോദരന്‍ സഈദ് അബ്ദുല്ലാ കുലൈബി പ്രസ്താവിച്ചു. ഈ വിഷയകമായി മൗലാനാ കാന്തപുരത്തിന്റെ മേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിഷ്കളങ്കരായ ഇത്തരം പണ്ഡിതന്മാരെ താറടിച്ചു കാണിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വളരെ ഖേദകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ പര്യടനം കഴിഞ്ഞ് അന്നത്തെ സമസ്ത സെക്രട്ടറി ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ തിരിച്ചെത്തിയ ശേഷം സമസ്ത മുശാവറ ചേരുകയുണ്ടായി. മുശാവറയില്‍ ആധ്യക്ഷം വഹിച്ച പ്രസിഡന്‍റ് കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരും ഇകെയും നീതിയുക്തമായ നടപടിയാണെടുത്തതെന്ന് 84 ജൂലൈ 2026 ലക്കത്തില്‍ കാണാം. മുശാവറ റിപ്പോര്‍ട്ട് മുഖലേഖനമായാണ് ഇതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘കുലൈബിയുടെ കത്ത് എപിയുടെ വാദം ശരിവെക്കുന്നതിനാല്‍ ആരോപണം അടിസ്ഥാനരഹിതം’ എന്നാണ് സുദീര്‍ഘമായ തലവാചകം. റിപ്പോര്‍ട്ടില്‍ നിന്ന്: ‘അരീക്കാട് പള്ളി സംബന്ധമായി ബഹു. കാന്തപുരത്തിന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണത്തിന്റെയും തദ്വിഷയകമായ വാദകോലാഹലങ്ങളുടെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന സമസ്ത മുശാവറ പ്രസ്തുത ആരോപണം തള്ളിക്കളഞ്ഞിരിക്കുന്നു. ഇതോടെ മാസങ്ങളായി മുസ്ലിം കേരളത്തില്‍ നിലനിന്നിരുന്ന മൂടിക്കെട്ടിയ അന്തരീക്ഷം നീങ്ങി തെളിഞ്ഞ അന്തരീക്ഷം സംജാതമായിരിക്കുന്നു.’
മുശാവറ നടപടികള്‍ വിശദീകരിക്കുന്നതിങ്ങനെ: ‘അരീക്കാട് പള്ളി കമ്മിറ്റിയുടെ എപിക്കെതിരായുള്ള ആരോപണമടങ്ങുന്ന ഹരജി ആദ്യമായി മുശാവറയില്‍ വായിച്ചു. തുടര്‍ന്ന് തല്‍വിഷയകമായ അബ്ദുല്ലാ കുലൈബിയുടെ ഒരു കത്ത് സമസ്തക്ക് ലഭിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഇകെ അറിയിക്കുകയും അതു സഭ മുമ്പാകെ വെക്കുകയും ചെയ്തു. കത്ത് വായിക്കുന്നതിന് മുമ്പായി മൗലാനാ കണ്ണിയത്ത് പറഞ്ഞു: ഈ വിഷയത്തില്‍ ശറഇന്റെ തീരുമാനമെന്താണെന്ന് നാം തീരുമാനിക്കണം. തുടര്‍ന്നദ്ദേഹം പറഞ്ഞു: പള്ളിക്കമ്മിറ്റി അവകാശപ്പെടുന്നതുപോലെ അഞ്ചുലക്ഷം രൂപ പള്ളിക്ക് സ്വന്തമായി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്ഥിരപ്പെടണമെങ്കില്‍ കുലൈബി സത്യം ചെയ്യണം (ഒരു വിഷയത്തില്‍ ഏല്‍പിച്ച വ്യക്തിയും ഏല്‍പിക്കപ്പെട്ടവനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും ഏല്‍പിച്ച വ്യക്തി ഏല്‍പിക്കപ്പെട്ടവനെതിരായി വാദിക്കുകയും ചെയ്താല്‍ ആ ആ വാദം സ്ഥിരപ്പെടണമെങ്കില്‍ അദ്ദേഹം സത്യം ചെയ്യേണ്ടതുണ്ട്. ഇതാണ് ശറഇന്റെ വിധി). കണ്ണിയത്തിന്റെ വിധി എല്ലാവരും അംഗീകരിച്ചു. ശേഷം കത്തു പൊളിച്ചുവായിച്ചു. അരീക്കാട് പള്ളികമ്മിറ്റിക്ക് മൂന്നുലക്ഷം മാത്രമാണ് നല്‍കിയതെന്ന് കത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇതോടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിഞ്ഞു. മൗലാനാ കാന്തപുരത്തിന്റെ നിരപരാധിത്വം വ്യക്തമായി വെളിപ്പെട്ടു.’
ഇതോടെ രംഗം നിശ്ശബ്ധമായി. ആര്‍ക്കും ഒന്നും പറയാനില്ല. വക്കീലിന്റെ വാദം പൂര്‍ണമായും മുവക്കില്‍ അംഗീകരിച്ചതുവഴി വക്കീലിന്റെ സത്യസന്ധത വെളിപ്പെട്ട പരിതസ്ഥിതിയില്‍ ഇനി ഒരു ചര്‍ച്ചയുടെ ആവശ്യം ഇല്ലതന്നെ. അരീക്കാട് പള്ളി കമ്മിറ്റിക്ക് ഒരു മറുപടി നല്‍കണമല്ലോ. അവര്‍ ഒരു ഹരജി നല്‍കിയ സ്ഥിതിക്ക് ഒന്നും പറയാതിരിക്കുന്നത് ഉചിതമല്ല. ബഹു. ഇകെ പറഞ്ഞു: സമസ്ത മുശാവറ ഇനി ഈ വിഷയത്തില്‍ ഒരു തീരുമാനവും കൈക്കൊള്ളേണ്ടതില്ല. ഇനിയും പള്ളിക്കമ്മിറ്റിക്ക് ആവലാതികളുണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാം. ഇകെയുടെ ഈ അഭിപ്രായത്തെ ബഹു കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആദ്യമായി തക്ബീര്‍ ചൊല്ലി അംഗീകരിച്ചു. തുടര്‍ന്ന് മറ്റുള്ള മുഴുവന്‍ അംഗങ്ങളും ഒന്നടങ്കം തക്ബീര്‍ മുഴക്കി അംഗീകരിച്ചു’.
പ്രസ്തുത ലക്കം എഡിറ്റോറിയലും പള്ളി പ്രശ്നം സംബന്ധിച്ചു തന്നെ. ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്നാണു ശീര്‍ഷകം. ചന്ദ്രിക വാര്‍ത്ത വസ്തുതാവിരുദ്ധം, മുപ്പതിനായിരം ചന്ദ്രിക വിഴുങ്ങി എന്നീ റിപ്പോര്‍ട്ടുകളും ഇതേ ലക്കത്തിലുണ്ട്. അരീക്കാട് പള്ളിക്ക് കുലൈബി അഞ്ചു ലക്ഷത്തി മുപ്പതിനായിരം നല്‍കിയെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്കു പകരം ഇപ്പോള്‍ അഞ്ചുലക്ഷമെന്ന് പറയുന്നതിനെതിരെയാണു വിമര്‍ശനം. ‘കളവു പറയുമ്പോള്‍ വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികമാണല്ലോ. വ്യാജനിര്‍മിതമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വഴി അബദ്ധത്തില്‍ ചാടിയ പത്രം അതില്‍ നിന്നു രക്ഷപ്പെടാനുള്ള ബദ്ധപ്പാടില്‍ വൈരുദ്ധ്യങ്ങളായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഏതായാലും പത്രത്തിലെ പേനയുന്തികളുടെ ദയനീയ സ്ഥിതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുകയാണ്, ഞങ്ങളുടെ സഹജീവിക്ക് ഇത്തരമൊരു ഗതികേട് വന്നല്ലോ എന്നോര്‍ത്ത് ദുഃഖിക്കുകയാണ്.’
പ്രശ്നം അവസാനിച്ചിട്ടും ചിലര്‍ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടിരുന്നു. പരീക്കുട്ടി ഹാജി കമ്മീഷന്‍ റിപ്പോര്‍ട്ട്, തുടര്‍ന്നുണ്ടായ ബഹളങ്ങള്‍… അങ്ങനെ പലതും. എല്ലാറ്റിനും മീതെ പണ്ഡിതസഭയുടെ ഉറച്ച തീരുമാനംസര്‍വാംഗീകൃതമായി നിലനിന്നു. ഒടുവില്‍ സമസ്ത മുശാവറയുടെ തീരുമാനത്തിന് വിശദീകരണം നല്‍കി കണ്ണിയത്ത് തന്നെ സുന്നിവോയ്സില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജൂലൈ 27 ലക്കത്തിലെ ആ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ: ‘ഈ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നവര്‍ സമസ്തയോട് കടുത്ത അപരാധം പ്രവര്‍ത്തിക്കുന്നവരാണെന്ന് പൊതുജനം അറിഞ്ഞിരിക്കേണ്ടതാണ്.’ സംഘടനാ ചരിത്രത്തില്‍ വന്‍ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു വിവാദത്തിന് ഈ വിശദീകരണത്തോടെ തിരശ്ശീല വീഴുകയാണ്.

Exit mobile version