അല്ലാഹുവിന്‍റെ അതിഥികള്‍

അല്ലാഹുവിന്‍റെ അതിഥികള്‍ വിശുദ്ധ ഭൂമിയില്‍ സംഗമിച്ച് ഏകനായ ആരാധ്യനു മുമ്പില്‍ സര്‍വം സമര്‍പിച്ചു ഈ ദിവസങ്ങളില്‍. ദേശഭാഷവേഷ വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരും ഒന്ന്. ലക്ഷ്യം ഏകം, രീതിയും രൂപവും അദ്വയംലോകത്ത് ഇസ്‌ലാമിനല്ലാതെ കാഴ്ച്ചവെക്കാനാവാത്ത ഉദാത്തദര്‍ശനം.

മാനവാരംഭം മുതല്‍ ഹജ്ജ് കര്‍മമുണ്ട്. ഇബ്റാഹീം(അ) കഅ്ബ പുനര്‍ നിര്‍മിച്ച് ലോകരെയാകമാനം അതിലേക്കു ക്ഷണിച്ചു. പലര്‍ക്കും ആ വിളിയാളത്തിനുത്തരമേകാന്‍ ഭാഗ്യമുണ്ടായി. ഇല്ലാത്തവര്‍ പ്രതീക്ഷാ പൂര്‍വം കാത്തിരിക്കുന്നു. പരിശുദ്ധ താഴ്വാരത്തിലെത്തിച്ചേര്‍ന്നവര്‍ അല്ലാത്തവര്‍ക്കായി മനമുരുകി പ്രാര്‍ത്ഥിക്കുന്നു. തൗബയും ദിക്റും ഖുര്‍ആന്‍ പാരായണവും പുണ്യറസൂലിന്‍റെ സ്വലാത്ത് കീര്‍ത്തനങ്ങളുമൊക്കെയായി ശിശു സമാനം വിശുദ്ധിനേടിയാണ് ഹജ്ജിലൂടെയുള്ള മടക്കം. അഥവാ, അങ്ങനെയാണ് മടങ്ങേണ്ടത്.

ഹജ്ജ് വെറുമൊരു ആരാധനയല്ല. അതൊരു സംസ്കാരമാണ്, ചരിത്രത്തിന്‍റെ ധവളശീലുകളെ അനുധാവനം ചെയ്യലാണ്. പൂര്‍വിക മഹത്തുക്കളെയും രീതികളെയും ഓര്‍മിച്ചുകൊണ്ടുള്ള ഇട തേട്ടമാണ്. അവര്‍ക്കൊപ്പം എത്തിച്ചേരാനുള്ള ജീവിത പരിശീലനമാണ്. എല്ലാത്തിലുമുപരി തന്നെത്തന്നെ തിരിച്ചറിയാനും അതുവഴി വിനയഭാവത്തിന്‍റെ ഗിരി ശൃംഘത്തിലേറാനുമുള്ള സുവര്‍ണാവസരമാണ്. അതങ്ങനെ തന്നെ ആക്കിത്തീര്‍ക്കാനുള്ള ജാഗ്രതയാണാവശ്യം. പൂര്‍വ പിതാവ് ഇബ്റാഹീം(അ)ന്‍റെയും ഭാര്യ ഹാജറ(റ), മകന്‍ ഇസ്മാഈല്‍(അ) എന്നിവരുടെയും ഓര്‍മകള്‍ തുടിക്കാത്ത ഒരു ചലനംപോലും ഹജ്ജിലില്ലല്ലോ. അങ്ങനെ സംഭവിക്കുമ്പോഴേക്ക് മതനിരാസം കിനാവുകാണുന്നവര്‍ക്ക് ഹജ്ജില്‍ ഒരു പ്രസക്തിയുമില്ല. അത്തരം ദുര്‍ബല വാദവുമായി ഛിദ്രത സൃഷ്ടിക്കുന്നവരെ പടച്ച തന്പുരാന്‍ ഹജ്ജിനെത്തിച്ച് മെരുക്കിയെടുക്കുന്നു. സ്വഫയിലും മര്‍വയിലും സഅ്യിലും അറഫയിലുമൊക്കെ പൂര്‍വികരെ സ്മരിച്ചുകൊണ്ടിരിക്കാന്‍ അവനെ നിര്‍ബന്ധിപ്പിക്കുന്നു. ഇതാണ് ഇസ്‌ലാമെന്ന് പരിശീലിപ്പിക്കുന്നു. ഹജ്ജും അതിന്‍റെ ചൈതന്യവും എന്നും മനസ്സിലും ജീവിത രീതികളിലും നിലനില്‍ക്കണം. ബക്രീദ് ആഘോഷം കൊണ്ടോ മറ്റോ അത് വീര്യം കുറയരുത്. ഹജ്ജാജിമാര്‍ക്കുവേണ്ടിയും പ്രയാസമനുഭവിക്കുന്ന പലയിടങ്ങളിലെ വിശ്വാസികള്‍ക്കായും നമുക്ക് പ്രാര്‍ത്ഥിക്കാം.

Exit mobile version