അല്‍ഫതാവാ-1: വാട്ടര്‍ ട്രീറ്റ്മെന്‍റും കര്‍മശാസ്ത്രവും

Al fathava- Indian Grand Mufti

ഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ എതിരാളികളായ വിഭാഗങ്ങളില്‍ പലരും ഫത്വകള്‍ എന്ന പേരില്‍ പലതും എഴുതിപ്പിടിപ്പിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍, വിശ്വാസികള്‍ തെറ്റിദ്ധരിക്കാതിരിക്കാനും പിഴച്ച വാദങ്ങളില്‍ വഞ്ചിതരാകാതിരിക്കാനും അത്തരം ഫത്വകളില്‍ അകപ്പെട്ടുപോകാതിരിക്കാനും വേണ്ടി ‘അല്‍ഫതാവാ’ എന്ന ഗ്രന്ഥ രചനക്ക് തുടക്കം കുറിച്ചത്. മസ്അലകളില്‍ കൂടുതല്‍ അവഗാഹമില്ലാത്ത ആളുകള്‍ ദീനീവിധികള്‍ പഠിക്കുക കൂടി ഇതിന്‍റെ ലക്ഷ്യമാണ്. അതിന് സഹായകമാവുന്ന ഒരു ഫത്വാ കമ്മിറ്റിക്ക് മര്‍കസിനു കീഴില്‍ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

മുപ്പത് കൊല്ലത്തിനിടയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിട്ടുള്ള ചോദ്യങ്ങളും അന്ന് അതിന് കൊടുത്തിട്ടുള്ള മറുപടികളും തിരഞ്ഞ് നോക്കിയപ്പോള്‍ പല ഫത്വകളും പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് ബോധ്യപ്പെട്ടു. തദടിസ്ഥാനത്തില്‍ ഫത്വകള്‍ ശേഖരിക്കുകയും അതൊരു ഗ്രന്ഥമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ‘അല്‍ഫതാവ’യിലെ ഫത്വകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് വര്‍ഷത്തിലധികമായി. ‘അല്‍ഫതാവ’യുടെ ഒന്നാമത്തെ വാള്യം പുറത്തിറക്കാന്‍ സാധിച്ചു. അല്‍ഹംദുലില്ലാഹ്! ഈ സമയത്താണ് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയില്‍ ശാഫിഈ മദ്ഹബുകാരെക്കാള്‍ കൂടുതല്‍ ഹനഫികളാണുള്ളത്. അവരില്‍ നിന്ന് ഹനഫീ മസ്അല സംബന്ധമായ ധാരാളം ചോദ്യങ്ങള്‍ വരുന്നതാണ്. അതിന് ഹനഫീ മദ്ഹബ് അനുസരിച്ചുതന്നെ മറുപടി നല്‍കണം. വിശ്വാസത്തില്‍ അഥവാ അഖീദയില്‍ ശാഫിഈയും ഹനഫിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അതിനാല്‍ അഖീദയില്‍ ശാഫിഈ ഫത്വാ എന്നോ ഹനഫീ ഫത്വാ എന്നോ വേര്‍തിരിച്ച് പറയേണ്ടതില്ല. നോക്കേണ്ടതുമില്ല. എല്ലാം ഒന്നുതന്നെയാണ്. ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്. അതനുസരിച്ച് ഇന്ത്യാ രാജ്യത്ത് നിന്ന് വരുന്ന വിവിധ ഫത്വകള്‍ ക്രോഡീകരിക്കാനും അതിന് മറുപടി നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി മുഫ്തിമാരുണ്ട്. അവരുമായി ബന്ധപ്പെടാന്‍ ഡല്‍ഹി ആസ്ഥാനമാക്കി ‘ലജ്നതുല്‍ ഫത്വാ’ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നു. രാജ്യത്തെ വിവിധ മുഫ്തിമാരുടെ പക്കല്‍ വരുന്ന ചോദ്യങ്ങള്‍ എന്‍റെ ഓഫീസിലേക്ക് അയക്കുകയും പരസ്പരം ആലോചിച്ച് ഫത്വ നല്‍കുകയും ചെയ്യാനാണ് ഇതെല്ലാം സംവിധാനിച്ചിട്ടുള്ളത്.

അങ്ങനെ നല്‍കിയതില്‍ പ്രസക്തമായ ഏതാനും  ഫത്വകള്‍ സുന്നിവോയ്സില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. അല്ലാഹു ഇത് പൂര്‍ത്തിയാക്കാന്‍ തൗഫീഖ് നല്‍കുകയും ദീനീ ഖിദ്മത്തായി സ്വീകരിക്കുകയും ചെയ്യട്ടെ-ആമീന്‍.

 

വാട്ടര്‍ ട്രീറ്റ്മെന്‍റ്

  1. മുതനജ്ജിസായ വെള്ളം വാട്ടര്‍ ട്രീറ്റ്മെന്‍റ് സംവിധാനം ഉപയോഗിച്ച് ശുദ്ധിയാക്കാന്‍ പറ്റുമോ?

പൂര്‍ണമായും പകര്‍ച്ച നീങ്ങിയാല്‍ വെള്ളം ത്വഹൂറായിത്തീരുമെന്നാണ് പണ്ഡിത വചനങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. തുഹ്ഫതുല്‍ മുഹ്താജ് 1/83-87 നോക്കുക.

‘രണ്ട് ഖുല്ലത്ത് വെള്ളം നജസ് ചേരല്‍ കൊണ്ട് മാത്രം നജസാവുകയില്ല. എന്നാല്‍ വെള്ളത്തിന്‍റെ നിറമോ മണമോ രുചിയോ നജസ് മാറ്റംവരുത്തിയാല്‍ വെള്ളം നജസാകുന്നതാണ്. ഇനി പകര്‍ച്ച നീങ്ങിയാല്‍ വെള്ളം വീണ്ടും ത്വഹൂറായിത്തീരും.

പകര്‍ച്ച നീങ്ങിയത്, വെള്ളം അവ്വിധം കുറച്ചുകാലം നിലനിന്നതിനാല്‍ സ്വയമാണെങ്കിലും അതിലേക്ക് വെള്ളം ചേര്‍ത്തതു മൂലമാണെങ്കിലും വെള്ളം രണ്ട് ഖുല്ലത്തില്‍ കുറയാത്തവിധം അതില്‍നിന്ന് കുറച്ച് വെള്ളം എടുത്തുമാറ്റിയതിനാലാണെങ്കിലും വെള്ളം ശുദ്ധിയാകുന്നതാണ്.

സുര്‍ക്ക കൊണ്ട് രുചിക്കും കുങ്കുമം കൊണ്ട് നിറത്തിനും കസ്തൂരി കൊണ്ട് വാസനക്കുമുള്ള പകര്‍ച്ച നീങ്ങുന്നത് പോലെ, പ്രത്യക്ഷമായ പകര്‍ച്ച നീങ്ങല്‍ കൊണ്ട് വെള്ളം ത്വഹൂറായിത്തീരില്ല. യഥാര്‍ത്ഥത്തില്‍ പകര്‍ച്ച നീങ്ങിയോ അതോ മറഞ്ഞതാണോ എന്ന് സംശയം നിലനില്‍ക്കുന്നുവെന്നതാണ് കാരണം.

വാസനയോ രുചിയോ ഇല്ലാത്ത കുങ്കുമം പൊലെയുള്ളത് കൊണ്ടും വാസനയും രുചിയും നീങ്ങിയാലും കസ്തൂരി പോലെയുള്ളത് കൊണ്ട് നിറവും രുചിയും നീങ്ങിയാലും നിറവും വാസനയുമില്ലാത്ത സുര്‍ക്ക പോലെയുള്ളത് കൊണ്ട് നിറവും വാസനയും നീങ്ങിയാലും നജസായ വെള്ളത്തിന്‍റെ ത്വഹാറത്തു തിരിച്ചുവരുന്നുമെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വ്യാഖ്യാതാക്കളുടെ ഒരു സംഘത്തോട് യോജിച്ച് ന്യായവും അതുതന്നെയാണ്. അപ്പോള്‍ മറഞ്ഞതാണോ എന്ന സംശയത്തിനവകാശമില്ല എന്നതിനാലാണത്രെ ഇത്.

നജസ് നീക്കുന്നതിന് സോപ്പ് പോലെയുള്ളത് ഉപയോഗിക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ അതുപയോഗിക്കല്‍ നിര്‍ബന്ധമാണെന്ന മസ്അല-സോപ്പ് പോലെയുള്ളതിന്‍റെ വാസന കൊണ്ട് നജസിന്‍റെ വാസനയെ മറയ്ക്കുന്നുവെന്ന സാധ്യതയുള്ളതിനാല്‍-ഈ മസ്അലയുമായി എതിരാണെന്ന സംശയമുന്നയിക്കേണ്ടതില്ല. കാരണം, സോപ്പു പോലെയുള്ളത് (മാലിന്യം) നീക്കിക്കളയുന്ന വസ്തുവാണ്, മറച്ചുവെക്കുന്ന വസ്തുവല്ല’ (നോക്കുക: തുഹ്ഫ).

പകര്‍ച്ച നീങ്ങുകയെന്നതാണ് ത്വഹാറത്ത് തിരിച്ചുവരുന്നതില്‍ പരിഗണനീയമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. അത് കൊണ്ട് ഏതു മാര്‍ഗത്തിലൂടെയും പകര്‍ച്ച നീങ്ങല്‍ ആകാവുന്നതാണ്. അങ്ങനെ ഏതെങ്കിലും വിധേന വെള്ളം വൃത്തിയായി പകര്‍ച്ചയില്ലാത്തതായാല്‍ അത് ത്വഹൂറാകുന്നതാണ്.

 

മൊബൈലിലെ ഖുര്‍ആന്‍

  1. അശുദ്ധിക്കാരന്‍ മൊബൈല്‍ സ്ക്രീനിലെ ആയത്തുകള്‍ സ്പര്‍ശിക്കുന്നതിന്‍റെ വിധിയെന്താണ്? ഹറാമാകുമോ?

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ സ്പര്‍ശിക്കുന്നത് ഹറാമല്ല. കാരണം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആയത്തുകള്‍ യഥാര്‍ത്ഥ എഴുത്തോ എഴുത്തിന്‍റെ സ്ഥാനത്ത് നില്‍ക്കുന്നതോ അല്ല. ഖുര്‍ആന്‍ വചനങ്ങള്‍ എഴുത്തിന്‍റെ രൂപത്തില്‍ പ്രത്യേക്ഷപ്പെട്ടതുകൊണ്ട് മാത്രം അത് എഴുത്തായി പരിഗണിക്കപ്പെടുകയില്ല. അലിയ്യു ശിബ്റാ മുല്ലസി നല്‍കിയ വിശദീകരണത്തില്‍ നിന്നും ഇക്കാര്യം ഗ്രഹിക്കാവുന്നതാണ് (ഹാശിയത്തു നിഹായ: 1/147).

 

കടലിലും അമിതവ്യയമോ?

  1. കടല്‍ വെള്ളത്തില്‍ വുളൂഅ് ചെയ്യുന്ന വ്യക്തി മൂന്നില്‍ കൂടുതല്‍ തവണ വുളൂഇന്‍റെ അവയവങ്ങള്‍ കഴുകിയാല്‍ കറാഹത്താകുമോ? ഈ സ്ഥലത്ത് നടക്കുന്ന അമിതവ്യയം കറാഹത്തായി പരിഗണിക്കുമോ?

വെള്ളം ദുര്‍വ്യയം ചെയ്യുന്നത് പൊതുവില്‍ കറാഹത്താണ്. ദുര്‍വ്യയം വുളൂഇലാണെങ്കിലും കറാഹത്ത് തന്നെ. കടല്‍ തീരത്ത് വച്ചാണ് വുളൂഅ് ചെയ്യുന്നതെങ്കില്‍ പോലും ആ കറാഹത്ത് നീങ്ങുന്നതല്ല. അതേസമയം കടലില്‍ നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം എന്ന നിലക്കുള്ള കറാഹത്തുണ്ടാവില്ല. പക്ഷേ വെള്ളം സുലഭമായ സമുദ്രത്തില്‍ വച്ചാണ് വുളൂഅ് ചെയ്യുന്നതെങ്കിലും മൂന്നില്‍ കൂടുതല്‍ തവണ കഴുകല്‍ കറാഹത്താണ് (ശര്‍വാനി: 1/245).

 

പിതൃഭാര്യാ സ്പര്‍ശനം

  1. സ്വന്തം ഉമ്മയല്ലാത്ത പിതാവിന്‍റെ മറ്റു ഭാര്യമാരെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമോ? മകന് പ്രായപൂര്‍ത്തിയായതിന് ശേഷമാണ് പ്രസ്തുത വിവാഹം നടക്കുന്നതെങ്കില്‍ ആ ഭാര്യയെ നോക്കുന്നതിന്‍റെ വിധിയെന്താണ്?

പ്രസ്തുത സ്പര്‍ശനം കൊണ്ട് വുളൂഅ് മുറിയുകയില്ലെന്നാണ് മസ്അല. കുട്ടിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെങ്കിലും ശരി. അപ്രകാരം അവരെ നോക്കലും അനുവദനീയമാണ്. പിതാവ് വിവാഹം കഴിക്കലോടു കൂടി ആ സ്ത്രീ കുട്ടിക്ക് ഉമ്മയുടെ സ്ഥാനത്തായി. അവരെ അവന് വിവാഹം കഴിക്കല്‍ ഹറാമായി എന്നര്‍ത്ഥം. നിനക്ക് ജന്മം നല്‍കിയ പിതാവിന്‍റെ ഭാര്യമാര്‍ വിവാഹബന്ധം കൊണ്ട് ഹറാമാകുന്നവരില്‍ ഉള്‍പ്പെടുന്നതാണ്. അഥവാ ശരിയായ നികാഹ് മാത്രം നടന്നാല്‍ തന്നെ അവര്‍ നിനക്ക് ഹറാമാകുന്നതാണ്. പിതാവിന്‍റെ രണ്ടാം ഭാര്യയെ നോക്കുന്നത് കാരണമായി വികാരം പ്രകടമാകുന്നുവെങ്കില്‍ നോട്ടം കുറ്റകരമാണ് (തുഹ്ഫ: 7/352).

  1. മകനെ മുലയൂട്ടിയ സ്ത്രീയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമോ?

മുറിയും. അവള്‍ അന്യസ്ത്രീയാണെന്നതാണ് കാരണം. മകന്‍റെ മുലകുടി ബന്ധം കൊണ്ട് പ്രസ്തുത സ്ത്രീ മഹ്റം അഥവാ വിവാഹ ബന്ധം ഹറാമായവളാകുന്നില്ല. പൂര്‍വകാലം തൊട്ടുതന്നെ അറബികളിലും മറ്റും നടന്നുവരുന്നൊരു സമ്പ്രദായമാണ് മുലയൂട്ടാന്‍ ഏല്‍പ്പിക്കുകയെന്നത് (ഫത്ഹുല്‍ മുഈന്‍: 456).

മേല്‍തട്ടത്തില്‍ തടവിയാല്‍

  1. തലയില്‍ നിന്ന് അല്‍പ ഭാഗം തടവുകയും ബാക്കി ധരിച്ചിരിക്കുന്ന തൊപ്പിയോ തലപ്പാവോ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുന്നതുപോലെ മേല്‍തട്ടത്തില്‍ തടവിയാല്‍ സുന്നത്ത് കരസ്ഥമാകുമോ?

തലപ്പാവിന്‍റെ മുകളില്‍ ധരിക്കുന്ന മേല്‍തട്ടത്തില്‍ തടവി തലതടവല്‍ പൂര്‍ത്തിയാക്കിയാലും സുന്നത്ത് കരസ്ഥമാകുന്നതാണ്. തലയില്‍ നിന്നും അല്‍പം തടവിയതിനു ശേഷം ധരിച്ച തൊപ്പിയിലോ തലപ്പാവിലോ അല്ലെങ്കില്‍ മേല്‍തട്ടം ധരിച്ചിട്ടുണ്ടെങ്കില്‍ അതിനു മുകളിലോ തടവിയാലും സുന്നത്ത് ലഭിക്കുന്നതാണ്. ശ്രേഷ്ഠമായൊരു നബിചര്യയാണ് തലതടവുക എന്നത് (തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖതീബ്: 1/240).

 

തൂങ്ങിയുറക്കവും വുളൂഉം

  1. തൂങ്ങിയുറക്കം കൊണ്ട് നിരുപാധികം വുളൂഅ് മുറിയില്ലെന്നും ഉറക്കം കൊണ്ട് വുളൂഅ് മുറിയുമെന്നും കര്‍മശാസ്ത്രം പറയുന്നു. തൂങ്ങിയുറക്കവും ഉറക്കവും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിക്കാമോ?

ഉറക്കിന്‍റെ തുടക്കമാണ് തൂങ്ങിയുറക്കം. മനസ്സിനെ മൂടാതെ കണ്ണിനെ ചിമ്മിപ്പിക്കുന്ന മസ്തിഷ്കത്തിന്‍റെ ഭാഗത്തു നിന്നും വരുന്ന ചെറിയ പ്രേരണയാണിത്. അത് മനസ്സിനെ മൂടിക്കളയുന്ന രൂപത്തിലേക്ക് എത്തിപ്പെട്ടാല്‍ ഉറക്കമായി പരിഗണിക്കും. കിടക്കുന്നവന്‍റെ തൂങ്ങിയുറക്കം കൊണ്ട് വുളൂഅ് മുറിയില്ല. അതേസമയം അവന്‍റെ ഉറക്കം കൊണ്ട് വുളൂഅ് മുറിയുന്നതുമാണ്. ഉറക്കം കൊണ്ട് വകതിരിവ് നീങ്ങി എന്നതാണ് ഇവിടെ വുളൂഅ് മുറിയാനുണ്ടായ കാരണം (ശറഹുന്നവവി അലാ സ്വഹീഹില്‍ മുസ്ലിം: 3/19).

  1. കേരളത്തിലെ പ്രസിദ്ധനായ ഒരു മുദരിസിനെ കുറിച്ച് അദ്ദേഹം വുളൂഅ് ചെയ്യുമ്പോള്‍ ഇരിക്കല്‍ പതിവായിരുന്നു എന്നും ഇരിക്കാന്‍ സൗകര്യമില്ലെങ്കില്‍ ഹൗളിന്‍റെ അടുത്തുള്ള ചുമരില്‍ കയറിയിരുന്ന് പോലും ആ സുന്നത്ത് ലഭിക്കാന്‍ വേണ്ടി പരിശ്രമിക്കാറുണ്ടായിരുന്നുവെന്നും കേള്‍ക്കാനിടയായി. അദ്ദേഹം പ്രസിദ്ധനായൊരു കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായിരുന്നു. അപ്രകാരം ഒരു നബിചര്യയുണ്ടോ? പ്രാമാണികരായ പണ്ഡിതന്മാര്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടോ?

അതേ. വുളൂഅ് എടുക്കുന്ന സമയത്ത് ഇരിക്കുകയെന്നത് വുളൂഇന്‍റെ സുന്നത്തുകളില്‍ പെട്ടതാണ്. ഇമാം നവവി(റ) പറയുന്നു: ഖിബ്ലക്ക് മുന്നിട്ട് വുളൂഅ് ചെയ്യലും വെള്ളം ശരീരത്തില്‍ തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് കൊണ്ടാകലും സുന്നത്താണ്. മുന്‍ഗാമികളായ പണ്ഡിതന്മാരും മഹത്തുക്കളും തിരുനബി ചര്യകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെയധികം സൂക്ഷ്മതയും കണിശതയും പുലര്‍ത്തിയവരായിരുന്നു (അല്‍മജ്മൂഅ് ശര്‍ഹുല്‍ മുഹദ്ദബ്: 1/465).

ഖിബ്ലക്ക് മുന്നിടലും ശരീരത്തിലേക്ക് വെള്ളം തെറിക്കാത്ത സ്ഥലത്ത് ഇരുന്ന് വുളൂഅ് ചെയ്യലും മുഖത്ത് വെള്ളം കൊണ്ട് അടിക്കാതിരിക്കലും സുന്നത്താണെന്ന് ഫത്ഹുല്‍ മുഈനിന്‍റെ മൂലഗ്രന്ഥമായ(മത്ന്) ഖുര്‍റതുല്‍ ഐനിന്‍റെ മറ്റൊരു ശറഹായ നിഹായതുസ്സൈന്‍ എന്ന ഗ്രന്ഥത്തിലും(പേ 28) വിവരിച്ചിട്ടുണ്ട്.

 

തയ്യാറാക്കിയത്: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി

Exit mobile version