അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം ചരിത്ര സംഭവങ്ങളും പരാമര്‍ശിച്ചു കാണാം. അവയുടെ ലക്ഷ്യം മനുഷ്യന്‍റെ ഈമാനിക ഉണര്‍വും ഇലാഹി കഴിവിന്‍റെ അപാരതയെക്കുറിച്ചുള്ള പാഠനവും തന്നെ. അതിലൊന്നാണ് ഖുര്‍ആനിലെ 18-ാം അധ്യായമായ അല്‍കഹ്ഫിലെ ഗുഹാവാസികളുടെ ചരിത്രം. സത്യദീന്‍ വിശ്വസിച്ചതിന്‍റെ പേരില്‍ ഭരണാധികാരികളുടെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി നാടുവിടേണ്ടി വന്ന ഒരു സംഘം യുവാക്കളുടെയും അവരെ അനുഗമിച്ച കാവല്‍ നായയുടെയും ത്യാഗോജ്വലമായ കഥയാണത്. സുന്നിവോയ്സിന്‍റെ 1993 ജൂലായ് 16-30 ലക്കത്തില്‍ മുഹ്യിദ്ദീന്‍ കുട്ടി പുകയൂര്‍ അതിന്‍റെ ചരിത്രവും ആധുനിക പരിപ്രേക്ഷ്യവും സങ്കലിപ്പിച്ചെഴുതിക്കാണാം. അതില്‍ നിന്ന്:

ഗുഹാവാസികളുടെ പ്രദേശവും അവരൊളിച്ചിരുന്ന ഗുഹയും എവിടെയാണെന്ന് വ്യക്തമായി രേഖപ്പെട്ടിട്ടില്ലെങ്കിലും ചരിത്രവും പശ്ചാത്തലവും സാഹചര്യവുമനുസരിച്ച് സ്ഥലനിര്‍ണയത്തില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇങ്ങനെ ചരിത്രവുമായി പൊരുത്തപ്പെടുന്ന സ്ഥലങ്ങളില്‍ പ്രസിദ്ധമാണ് അഫ്ശീന്‍ പട്ടണം. തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള അഫ്ശീന്‍ പട്ടണത്തിന്‍റെ അഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗമാണ് പ്രസ്തുത ഗുഹ സ്ഥിതി ചെയ്യുന്നത്.

അസ്വ്ഹാബുല്‍ കഹ്ഫിന്‍റേതായി ചരിത്ര ഗ്രന്ഥങ്ങളില്‍ വന്ന പേരുകള്‍ അവിടെയുള്ള കുട്ടികള്‍ക്ക് നാമകരണം ചെയ്യുന്ന പതിവ് പ്രസ്തുത അഭിപ്രായത്തിന് സ്വീകാര്യത നല്‍കുന്നതായി മനസ്സിലാക്കാം. യംഖീലാ, മകസ്ലീനാ, ഷാദനൂസ് തുടങ്ങിയ പേരുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഈ പ്രദേശത്ത് മാത്രമേ ഇത്തരം പേരുകള്‍ കാണുകയുള്ളൂവെന്നതും മറ്റൊരു വസ്തുതയത്രെ.

ആരെയും അത്ഭുതപ്പെടുത്തുന്ന ചില കല്ലുകള്‍ പ്രസ്തുത ഗുഹയുടെ സമീപമുള്ള പര്‍വത്തില്‍ കാണാം. ഒറ്റനോട്ടത്തില്‍ അതെല്ലാം കല്ലുകളല്ല; ആടുകളാണെന്നേ തോന്നൂ. ആട്ടിന്‍കല്ലുകള്‍ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. മലയില്‍ ആടുകളെ മേയ്ക്കുന്ന ഇടയന്‍ ഗുഹാവാസികളോടൊപ്പം ചേരുകയും തന്‍റെ ആടുകളെല്ലാം കല്ലുകളായി മാറുകയാണ് ചെയ്തതെന്നുമാണ് അഫ്ശീന്‍കാരുടെ വിശ്വാസം.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ വഹബുബിന്‍ മുനബ്ബഹ് (മരണം ഹി. 728,732 ലാണെന്നും അഭിപ്രായമുണ്ട്), മുഹമ്മദ് ബിന്‍ ഇസ്ഹാഖ് (മരണം ഹി. 767), ത്വിബ്രി, സമശ്ഖരി, ബൈളാവി, ഇബ്നുകസീര്‍ തുങ്ങിയവര്‍ ഗുഹാവാസികളുടെ ഗുഹ അഫ്സൂസ് പട്ടണത്തില്‍ കാണാമെന്ന് പറഞ്ഞിരിക്കുന്നു. ത്വറസൂസ് പട്ടണത്തിലാണ് ഗുഹ എന്ന് ഇമാം ഫഖ്റുദ്ദീന്‍ റാസി പറഞ്ഞിട്ടുണ്ടെങ്കിലും ചരിത്രകാരന്മാരില്‍ പ്രമുഖരും പണ്ഡിതരുമെല്ലാം ഒന്നാമത്തെ അഭിപ്രായത്തിനാണ് ശക്തി പകരുന്നത്. ഇബ്നുല്‍ അസീര്‍ തന്‍റെ അല്‍കാമില്‍ ഫിത്താരീഖിലും, കമാലുദ്ദീന്‍ ഇബ്നുല്‍ അദീം, അബൂ ലിഫ്ദാ, ഇബ്നു ഖല്‍ദൂന്‍ തുടങ്ങിയവരുമെല്ലാം ഒന്നാം അഭിപ്രായത്തെ ശരിവെക്കുകയാണ് ചെയ്യുന്നത്.

അഫ്സൂസിലാണെന്നാണ് പ്രബല അഭിപ്രായമെങ്കില്‍ അഫ്സൂസ്, അഫ്ശീശ് ആയതെങ്ങനെയെന്ന് പരിശോധിക്കല്‍ അനിവാര്യമായി വരുന്നു. അഫ്ശീന്‍ എന്നതിന് പുരാതന ഗ്രീക്ക് ഉല്‍പത്തിയില്‍ അറാബിയൂസ് എന്നും അറബി ഉല്‍പത്തിയില്‍ അഫ്സൂസ് എന്നും കാണാം.

സല്‍ജൂഖികളുടെ കാലത്തായിരുന്നു അഫ്ശീന്‍ എന്ന പേര് ലഭിച്ചത്. സല്‍ജൂഖികളുടെ കാലഘട്ടത്തിലെ ഒരു യോദ്ധാവിന്‍റെ നാമമാണ് അഫ്ശീന്‍ എന്നത്. അദ്ദേഹം മുഖേനയാണ് ആ പട്ടണത്തിന് അഫ്ശീന്‍ എന്ന പേര് വന്നത്.

ഗുഹയുടെ പാര്‍ശ്വങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അസ്വ്ഹാബുല്‍ കഹ്ഫ് കോളേജ് എന്ന പേരില്‍ ഒരു സ്ഥാപനവും അതിനടുത്തുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍-സല്‍ജൂഖി കാലഘട്ടത്തില്‍-സുല്‍ത്താന്‍ ഖസിര്‍ ഒന്നാമന്‍റെ കാലത്ത് മര്‍ഇശിലെ ഗവര്‍ണറായിരുന്ന നുസ്റത്തുദ്ദീന്‍ ഹസന്‍ ബകിന്‍റെ ഭരണകാലത്താണ് ഇതിന്‍റെ ചില ഭാഗങ്ങള്‍ നിര്‍മിക്കപ്പെട്ടത്. കോളേജിന്‍റെ കവാടത്തിലെ ലിഖിതങ്ങള്‍ ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നുണ്ട്. ഹിജ്റ വര്‍ഷം അറുനൂറ് റമളാന്‍ പന്ത്രണ്ടിനാണ് നിര്‍മിക്കപ്പെട്ടതെന്നും പ്രസ്തുത ലിഖിതത്തില്‍ കാണാം.

ഗുഹയുടെ കവാടത്തിന്‍റെ മുന്നിലാണ് പള്ളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പുരാതന ശില്‍പകലാ ചാരുത പള്ളിയില്‍ ദര്‍ശിക്കാം. കിഴക്ക് ഭാഗത്താണ് പള്ളിയുടെ കവാടം. പള്ളിയുടെ മധ്യേ മൂന്നു തൂണുകളുണ്ട്. അവിടെയുള്ള രണ്ട് സുശിരങ്ങളില്‍ ഒന്ന് കിഴക്ക് ഭാഗത്തും മറ്റൊന്ന് ഗുഹയിലേക്ക് നോക്കാന്‍ സൗകര്യപ്രദമായ രൂപത്തിലുമാണ്. ഗുഹയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു അരുവിയുണ്ട്. അഫ്ശീന്‍ നിവാസികള്‍ സംസം എന്നാണ് പ്രസ്തുത വെള്ളത്തിന് വിളിച്ച പേര്. ഏതു കാലാവസ്ഥയിലും നല്ല തണുപ്പായിരിക്കും അതിലെ വെള്ളം. അല്ലാഹുവില്‍ സര്‍വം സമര്‍പ്പിച്ച ഇഷ്ട ദാസന്മാരായ ഗുഹാവാസികളുമായി ബന്ധപ്പെട്ടത് എന്ന നിലക്ക് ബറകത്തിന് വേണ്ടി ജനങ്ങള്‍ വെള്ളം കുടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

തദ്ദേശീയരും സന്ദര്‍ശകരുമായ നിരവധി പേര്‍ പള്ളിയില്‍ നിസ്കാരത്തിനെത്തുന്നു. പ്രത്യേകിച്ച് വെള്ളിയാഴ്ച ജുമുഅക്ക്.

ഇതിന്‍റെ എഴുപത് മീറ്റര്‍ അകലെയായി അഗതിമന്ദിരമുണ്ട്. ഇതിലെ ചില മുറികള്‍ യാത്രക്കുപയോഗിക്കുന്ന കുതിര, ഒട്ടകങ്ങള്‍ തുടങ്ങിയവയെ ബന്ധിക്കാനുള്ളതാണ്.

ഉസ്മാനിയ്യ ഭരണകാലത്ത് അസ്വ്ഹാബുല്‍ കഹ്ഫ് അശ്ശരീഫ് എന്നായിരുന്നു  കെട്ടിടങ്ങളടങ്ങിയ ഈ സമുച്ചയത്തിന്‍റെ പേര്. അക്കാലത്ത് പത്തൊമ്പത് തൊഴിലാളികള്‍ സേവനം ചെയ്തിരുന്നു. ഇമാം, വാങ്ക് വിളിക്കുന്നവന്‍, ആശ്രമത്തിലെ ഗുരു, ശുചീകരണക്കാര്‍, വെളിച്ചം കത്തിക്കുന്നവര്‍ തുടങ്ങിയ തസ്തികകളിലായിരുന്നു നിയമനങ്ങള്‍. ഒരാള്‍ സ്ഥിരമായി അസ്വ്ഹാബുല്‍ കഹ്ഫിന്‍റെ പേരില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഗുഹ. പള്ളിയെയും ഗുഹയെയും വേര്‍തിരിക്കുന്ന കവാടത്തിലൂടെ ഗുഹയില്‍ കടന്നാല്‍ മുന്‍ഭാഗത്ത് വിശാലമായൊരു സ്ഥലമുണ്ട്. ഗുഹയ്ക്ക് രണ്ടു കവാടങ്ങളുണ്ട്. ഗുഹക്കുള്ളില്‍ താഴ്ന്നതും ഉയര്‍ന്നതും വലിയതുമായ പാറക്കല്ലുകള്‍ കാണാം. ഒരാള്‍ക്ക് ശരിയായി അതിനുള്ളില്‍ നില്‍ക്കാന്‍ കഴിയില്ല. വിവിധ വലിപ്പത്തിലുള്ള കല്ലുകള്‍ കാരണമാണ് നില്‍ക്കാന്‍ കഴിയാത്തത്.

ചുരുക്കത്തില്‍ വിശ്വാസികളില്‍ അനന്യമായ സ്വാധീനം നേടിയ ഗുഹാവാസികളുടെ ചരിത്രവും അവരുടെ സ്മാരകമായി ഇന്ന് നിലനില്‍ക്കുന്ന സ്ഥാപനങ്ങളും ആധുനികന് പാഠവും പ്രതിസന്ധികള്‍ക്കിടയില്‍ സഹനം കൈവെടിയാതിരിക്കാനും അല്ലാഹുവില്‍ തവക്കുലാക്കാനുമുള്ള പ്രചോദനവും കൂടിയാണ്’-കുറിപ്പ് അവസാനിക്കുന്നു.

ചരിത്രവിചാരം

Exit mobile version