ഭൗതികതയെ നിരാകരിച്ച മതമല്ല ഇസ്‌ലാം. സമ്പത്തും സമൃദ്ധിയും പരലോക വിജയത്തിനു വിലങ്ങുനില്‍ക്കുമെന്നും മതം പറയുന്നില്ല. “ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതാകുന്നു’ എന്ന് വിശുദ്ധ വേദത്തിലുള്ളതല്ല. സമ്പത്ത് കൊണ്ട് സ്വര്‍ഗം നേടിയ നിരവധി മഹാന്മാരെ ഇസ്‌ലാം മാതൃകയായി കാണിച്ചിട്ടുമുണ്ട്. ഉസ്മാന്‍(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ) പോലുള്ളവര്‍ ഉദാഹരണം.
ഇങ്ങനെയൊക്കെയാണെങ്കിലും സമ്പത്തിനായുള്ള അത്യാഗ്രഹവും മതത്തെക്കാളും പരലോകത്തെക്കാളും അതിനു പ്രാമുഖ്യം നല്‍കുന്ന ശൈലിയും ശരിയല്ല. “സമ്പത്തും സന്താനങ്ങളും ഭൗതികാഡംബരങ്ങളാണ്; സദ്വൃത്തികളാണ് പ്രതിഫലാര്‍ഹവും നിത്യമായതുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മനുഷ്യര്‍ നന്ദികേടു കാണിച്ചുകൊണ്ടിരിക്കുകയാണെന്ന പ്രസ്താവത്തിനു പിറകെ അവരുടെ സാമ്പത്തികാത്യാര്‍ത്തി ഖുര്‍ആന്‍ വിമര്‍ശിക്കുന്നതു കാണാം. പണം ധാരാളം നേടുകയും അത് യഥാവിധി മതകാര്യങ്ങള്‍ക്കും സാധുസംരക്ഷണത്തിനും ചെലവഴിക്കാനാവുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ആരോഗ്യവും സമ്പന്നതയും ദൈവിക പരീക്ഷണങ്ങളാണെന്ന് അത്തരമാളുകള്‍ മനസ്സിലാക്കും. പ്രസ്തുത പരീക്ഷണം വിജയിപ്പിച്ചെടുക്കാന്‍ ബോധപൂര്‍വം അധ്വാനിക്കുകയും ചെയ്യും.
ഇല്ലാത്തവരുടെ മനസ്സ് വേദനിപ്പിക്കുംവിധം ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ അനൗചിത്യം മതഗ്രന്ഥങ്ങള്‍ ഓര്‍മിപ്പിക്കുന്നതു കാണാം. വീടുണ്ടാക്കുന്നതിലും ബാത്റൂം ചമല്‍ക്കരിക്കുന്നതിലും കോട്ടസമാനം മതില്‍ നിര്‍മിക്കുന്നതിലുമൊക്കെ ഇതു പ്രസക്തമാണ്. വീടിനു പകരം ഒന്നാന്തരമൊരു കൊട്ടാരം പടുത്തുയര്‍ത്തുമ്പോള്‍, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ അതിജീവനത്തിനു കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരിക്കും അയല്‍പക്കക്കാരും ബന്ധുജനങ്ങളും. നാലുദിനം വെച്ചു കല്യാണം നടത്താന്‍ കോടികള്‍ പൊടിക്കുമ്പോള്‍ തൊട്ടയല്‍പക്കത്തെ പ്രായം തികഞ്ഞുനില്‍ക്കുന്ന ദരിദ്രയെ ഓര്‍മിക്കേണ്ടതില്ലേ? വേണം. അവനാണ് യഥാര്‍ത്ഥ വിശ്വാസി. “മുസ്‌ലിം സമൂഹം ഒരു ശരീരമാണെന്നും, ഒരാള്‍ക്കു വേദനിച്ചാല്‍ എല്ലാവര്‍ക്കുമതുണ്ടാവുമെന്നു’മുള്ള വിശുദ്ധ വചനങ്ങള്‍ നാം മനസ്സിലാക്കുക.
ചില സദ്യകള്‍ കണ്ടിട്ടുണ്ടോ? കോഴി, കാട, മത്സ്യം, ആട്, ബീഫ് തുടങ്ങിയ ഓരോന്നിന്റെയും വിവിധ വിഭവങ്ങള്‍. ചോറിനു മുകളില്‍ മോണകാണിച്ചു കിടക്കുന്ന ആടുകള്‍. ഓരോരുത്തര്‍ക്കും ഓരോ വന്‍ മത്സ്യം അങ്ങനെതന്നെ വേവിച്ചു നല്‍കിയിരിക്കുന്നു. നിവര്‍ന്നു നില്‍ക്കാനാണത്രെ ഈര്‍ക്കിലില്‍ കൊരുത്ത് പൊരിച്ചെടുത്ത ചെമ്മീന്‍ ചാകരയും. ഇതിനൊക്കെ പുറമെ വിവിധ ചോറുകള്‍, കറികള്‍, പായസങ്ങള്‍, ഐസ്ക്രീമുകള്‍, വ്യത്യസ്ത ഫ്രൂട്സുകളും, ഫ്രൂട്സ്വെജിറ്റബിള്‍ സലാഡുകളും. ചോറിലുള്ള വറൈറ്റികള്‍ ഞെട്ടിക്കുന്നതാണ്. ബിരിയാണി, നെയ്ചോര്‍, പൊടിയരിച്ചോര്‍, പിന്നെ പുതിയ അവതാരങ്ങളായ കുഴിമന്തിയും കബ്സയും.
ഏറെ സങ്കടം ഇതില്‍ നല്ലൊരു ഭാഗം വേയ്സ്റ്റില്‍ തട്ടി നശിപ്പിച്ചു കളയുന്നതാണ്. അല്‍പാല്‍പം നുള്ളിയെടുത്ത് ഉപേക്ഷിക്കപ്പെടുന്നത് ആ ആടുപോലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല. എന്തിന്റെ പേരിലായാലും അമിതവ്യയം ഇസ്‌ലാം അനുവദിക്കുന്നില്ല. അത് അഹങ്കാരവും അഹന്തയും പ്രകടിപ്പിക്കാന്‍ കൂടിയാണെങ്കിലോ?