വിശ്വാസിയുടെ ജീവിതത്തെ ആത്മീയോന്നതിയിലേക്കെത്തിക്കാനും ഐഹിക വിരക്തരാക്കി പരലോകത്തോടുള്ള ആസക്തി വർധിപ്പിക്കാനും റമളാൻ പ്രചോദനമാണ്. തിന്മകൾ നിറഞ്ഞ മനസ്സകം വിമലീകരിക്കാനും ദുർമേദസ്സകറ്റാനും വ്രതം സിദ്ധൗഷധമാണല്ലോ.
ഭൗതികലോകം മനുഷ്യനെ തിന്മകളിലേക്ക് മാടിവിളിച്ചുകൊണ്ടേയിരിക്കും. ബാഹ്യ സൗന്ദര്യവും വർണവും കൗതുകവും കണ്ട് അതിൽ വഞ്ചിതരാകാൻ സാധ്യതയേറെയാണ്. എന്നാൽ അതിന്റെ അനന്തരഫലം അനന്തമായ പരാജയമായിരിക്കും. ലഭിക്കുന്ന സമ്പത്തിന്റെയും പ്രതാപത്തിന്റെയും സ്ഥാനമാനങ്ങളുടെയും കണക്കു പൊലിപ്പിച്ച് ഇതുതന്നെയാണ് യഥാർത്ഥ വിജയമെന്ന് പിശാച് ദുർബോധനം നടത്തിക്കൊണ്ടേയിരിക്കും. ജീവിതത്തിന്റെ സുഖാസ്വാദനങ്ങൾക്ക് വേണ്ടി അശ്ലീലതയും വിനോദവും ധൂർത്തും നമ്മെ ഭരിച്ചുകൊണ്ടിരിക്കും. അതിന് കീഴ്‌പ്പെടുന്നവർക്ക് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ഖുർആൻ ഓർമപ്പെടുത്തുന്നതിങ്ങനെ: നിങ്ങൾ അറിയുക, ഇഹലോകജീവിതം കളിയും വിനോദവും അലങ്കാരവുമാണ്. നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അത് മൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു (57: 20).
ഈ ലോകത്തെ സുഖസൗകര്യങ്ങളും ക്ലേശങ്ങളും പാരത്രിക ജയാപജയങ്ങളുടെ മാനദണ്ഡമല്ല. ഫുളൈലുബ്‌നു ഇയാള്(റ)നെ ഉദ്ധരിക്കാം: ‘അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ ഇഹലോകത്ത് അയാൾക്ക് ഒരുപാട് ക്ലേശങ്ങൾ നൽകിയേക്കും. വെറുത്താൽ ഭൗതിക സുഖ സൗകര്യങ്ങൾ കൂടെക്കൂടെ നൽകിയേക്കും. വരവ്-ചെലവ് സംബന്ധിച്ച് ചോദ്യമില്ലാത്ത ദുനിയാവ് മുഴുക്കെ എനിക്ക് ലഭിച്ചാലും ശവത്തിനു തുല്യം ഞാൻ അതിനെ വെറുക്കും.’
സുഖലോലുപതയും അഹങ്കാരവും ഉപേക്ഷിച്ച് ത്യാഗത്തിന്റെയും വിനയത്തിന്റെയും മാർഗം സ്വീകരിച്ചവരാണ് ആത്മജ്ഞാനികൾ. പരിത്യാഗികളുടെ നേതാവായ ഇബ്‌റാഹീമുബ്‌നു അദ്ഹം(റ) സജ്ജനങ്ങളുടെ പദവി പ്രാപിക്കാനുള്ള ആറ് കടമ്പകളെ കുറിച്ച് ഓർമപ്പെടുത്തുന്നു: 1. സുഖലോലുപതയുടെ വാതിലടച്ച് ത്യാഗത്തിന്റെ വാതിൽ തുറക്കുക. 2. ഗർവിന്റെ കവാടമടച്ച് വിനയത്തിന്റേത് തുറക്കുക. 3. വിശ്രമത്തിന്റെ വാതിൽ ബന്ധിച്ച് പരിശ്രമങ്ങളുടേത് തുറക്കുക. 4. സുഷുപ്തി വെടിഞ്ഞ് രാവിന്റെ അന്ത്യയാമങ്ങളിൽ ഉണർന്നിരിക്കുക. 5. ആഢ്യത്വമുപേക്ഷിക്കുകയും അല്ലാഹുവിലേക്ക് ആശ്രിതനാവുകയും ചെയ്യുക. 6. മോഹങ്ങൾ ഉപേക്ഷിച്ച് അന്ത്യയാത്രക്കൊരുങ്ങുക.
ഭൗതിക സുഖങ്ങൾ വേണ്ടുവോളം ആസ്വദിക്കുകയും അതോടു കൂടി പരലോക വിജയം ലഭിക്കണമെന്നഭിലഷിക്കുകയും ചെയ്യുന്നത് മൗഢ്യമാണെന്നാണ് ഇബ്‌നു അദ്ഹം(റ) ഓർമപ്പെടുത്തുന്നത്. സുഖലോലുപതയും ഗർവുമുപേക്ഷിച്ച് ആരാധനാ നിമഗ്‌നരായി അന്ത്യയാമങ്ങളിൽ ഉണർന്നിരിക്കുന്നവർക്കാണ് പരലോക മോക്ഷം. അതിന് റമളാൻ സുവർണാവസരമൊരുക്കുന്നു.
സൂഫി ഗുരു ദുന്നൂനിൽ മിസ്്വരി(റ) ഇഹലോകത്തെ ഉപമിക്കുന്നത് ദാസിയോടാണ്. അവളെ പ്രണയിക്കരുതെന്നാണ് സ്രഷ്ടാവിന്റെ മുന്നറിയിപ്പ്. അല്ലാഹുവിന്റെ ദാസരാണ് മനുഷ്യർ. അവരുടെ ധർമം പരിപാലകനായ യജമാനനോട് നന്ദിയുള്ളവരായിരിക്കുക എന്നതാണ്. പക്ഷേ മനുഷ്യർ ദാസിയിലേക്ക് ദൃഷ്ടി പായിക്കുന്നു. മഹാൻ ഉണർത്തി: നീ വിചാരിക്കും പോലെ അവളെ പ്രാപിക്കാനോ നിശ്ചിത അളവിലേറെ ജീവനോപാദികൾ വാരിക്കൂട്ടാനോ നിനക്കൊരിക്കലും കഴിയില്ല. ലക്ഷ്യം മറക്കാതെ യജമാനന് നന്ദി ചെയ്ത് ജീവിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
മഅ്‌റൂഫുൽ കർഖി(റ)വിനോട് ചോദിച്ചു: അല്ലാഹുവിനെ പ്രണയിക്കുന്നവരുടെ ലക്ഷണമെന്താണ്?
മഹാൻ പ്രതിവചിച്ചു: മൂന്ന് ലക്ഷണങ്ങളുണ്ട്. ഒന്ന്, അവരുടെ വ്യഥകൾ അല്ലാഹുവിനുള്ള സമർപ്പണത്തെക്കുറിച്ചോർത്തായിരിക്കും. രണ്ട്, അവരുടെ ക്രയവിക്രയങ്ങൾ അല്ലാഹുവിന്റെ കാര്യത്തിൽ മാത്രമായിരിക്കും. മൂന്ന്, അവരുടെ നെട്ടോട്ടം അല്ലാഹുവിലേക്ക് മാത്രമായിരിക്കും.
ജീവിത കാലത്ത് വല്ല ദുരിതങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വരുമ്പോഴേക്കും ജീവനൊടുക്കാനൊരുങ്ങുന്നവർക്ക് ഈ വാക്കുകളിൽ ഏറെ ചിന്തിക്കാനുണ്ട്. അത്യാവശ്യ ജീവിത വിഭവങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ബാക്കിയുള്ള സമയം യജമാനനോടുള്ള സമർപ്പണത്തിനായി വിനിയോഗിക്കുകയും വേണം.
നശ്വരമായ ഈ ലോകത്ത് അഞ്ചെണ്ണമൊഴിച്ച് എല്ലാം വ്യർത്ഥമാണെന്നാണ് സരിയ്യുസ്സഖ്ത്വി(റ) പഠിപ്പിക്കുന്നത്: വിശപ്പടക്കാനുള്ള ഭക്ഷണം, ദാഹജലം, നഗ്‌നത മറക്കാനുള്ള വസ്ത്രം, താമസിക്കാനുള്ള വീട്, ഉപകരിക്കുന്ന ജ്ഞാനം.
ഈ അടിസ്ഥാന കാര്യങ്ങൾക്കപ്പുറത്തുള്ള പരിശ്രമങ്ങളെല്ലാം വ്യർത്ഥമാണ്. മുൻഗാമികളായ ആത്മജ്ഞാനികളുടെ ജീവിത ചരിത്രങ്ങൾ ഈ ആശയമാണ് നമ്മെ പഠിപ്പിക്കുന്നത്. ഒരിക്കൽ ശൈഖ് ദാവൂദ് ബിൻ നുസൈർ(റ) സ്‌നേഹിതനായ സുഫിയാനോട് ചോദിച്ചു: താങ്കൾ തണുത്ത ജലം കുടിക്കുന്നു. രുചികരമായ ഭക്ഷണം കഴിക്കുന്നു. മരത്തണലിൽ സഞ്ചരിക്കുന്നു. ഇനി എപ്പോഴാണ് താങ്കൾ മരണം ആഗ്രഹിക്കുക? എന്നാണ് അല്ലാഹുവുമായി സന്ധിക്കാൻ കൊതിക്കുക? ഇതു കേട്ട് സുഹൃത്ത് കരയുകയും അദ്ദേഹത്തിന്റെ മനസ്സ് മാറുകയും ചെയ്തു.
അബ്ദുല്ലാഹിബ്‌നു ഇദ്‌രീസ് എന്നയാൾ ശൈഖ് ദാവൂദി(റ)നോട് ഉപദേശം തേടിയപ്പോൾ നിർദേശിച്ചു: ‘ആളുകളെ സംബന്ധിച്ചുള്ള ജ്ഞാനം കുറക്കുക. ദീൻ സംരക്ഷിക്കുകയും തുച്ഛമായ ഭൗതിക വിഭവങ്ങളിൽ തൃപ്തിയടയുകയും ചെയ്യുക. ഭൗതിക ജീവിതം വ്രതകാലമായി മാറ്റുക. മരണദിനം നോമ്പുതുറയായി അനുഭവിക്കുക.’
അല്ലാഹുവിൽ സമർപ്പിതനായ ഭക്തനെ എങ്ങനെ മനസ്സിലാക്കാം? സൂഫീ ഗുരു ശഖീഖുൽ ബൽഖിയോടൊരാൾ ചോദിച്ചു. മറുപടി ഇപ്രകാരമായിരുന്നു: ‘ഭൗതികമായൊരു ഗുണം വിനഷ്ടമായാൽ അയാൾ അതൊരു സൂക്ഷിപ്പ് സ്വത്തായി കണക്കാക്കും.’ ലഭിക്കുന്ന വിഭവങ്ങൾ തുച്ഛമാണെങ്കിലും കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക എന്നതാണ് ആത്മജ്ഞാനികളുടെ നിലപാട്. തനിക്ക് നഷ്ടപ്പെട്ട വിഭവങ്ങളോർത്ത് ദുഃഖിക്കാനോ കൈവന്ന സുഖാഡംബരങ്ങളിൽ അഭിരമിക്കാനോ അവർ തുനിഞ്ഞില്ല.
സുൽത്വാനുൽ ആരിഫീൻ എന്നറിയപ്പെടുന്ന അബൂയസീദുൽ ബിസ്താമി(റ)വിനോടൊരാൾ തിരക്കി: അങ്ങ് എങ്ങനെയാണ് ആത്മജ്ഞാനം കരസ്ഥമാക്കിയത്? മഹാന്റെ പ്രത്യുത്തരം: ‘വിശന്നു വലഞ്ഞ വയറും രക്ഷിതാവിനു കീഴ്‌പ്പെട്ട ശരീരവും മുഖേന!’ ആത്മജ്ഞാനികളെല്ലാം ഉന്നതങ്ങളിലെത്തിയത് സർവസ്വവും ത്യജിച്ചാണെന്ന് സാരം.
വിജ്ഞാനമാണ് ആത്മജ്ഞാനത്തിന്റെ അകക്കാമ്പ്. അറിവില്ലാത്തവൻ പൈശാചിക ദുർബോധനങ്ങളിലകപ്പെടും. അല്ലാഹുവിനെ കുറിച്ചും മതത്തെ സംബന്ധിച്ചും അഗാധ ജ്ഞാനമുള്ളവരായിരുന്നു ആത്മജ്ഞാനികളെല്ലാം. ശൈഖുൽ ആരിഫീൻ സഹ്‌ലുബ്‌നു അബ്ദില്ല തുസ്തരി(റ)യുടെ വാക്കുകൾ ശ്രദ്ധേയം: ആസക്തികളാണ് പാപങ്ങൾക്ക് നിലമൊരുക്കുന്നത്. അതിന് വിത്തുപാകുന്നത് അത്യാഗ്രഹങ്ങളും. ആ വിത്തുകൾക്ക് വെള്ളമൊഴിക്കുന്നത് അജ്ഞതയാണ്. അതിന്റെ ഉടമ അതിൽ സദാ അഭിരമിക്കുകയും ചെയ്യുന്നു. ആരാധനകൾക്ക് നിലമൊരുക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനമാണ്. ദൃഢവിശ്വാസമാണ് അതിന്റെ വിത്ത്. അതിന് വളമായിത്തീരുന്നത് അറിവുകളും. എല്ലാം അല്ലാഹുവിന് സമർപ്പണം ചെയ്തവനാണ് അതിന്റെ ഉടമ’.
യഥാർത്ഥ അടിമ എല്ലാം അല്ലാഹുവിന് സമർപ്പിച്ചിരിക്കണമെന്ന് സഹലുബ്‌നു അബ്ദുല്ല(റ). ദുനിയാവ് മോഹിപ്പിക്കുമ്പോൾ അതിനൊപ്പം പോകാതിരിക്കാനുള്ള ആത്മബലമാണ് വിശ്വാസിക്ക് വേണ്ടത്. അബൂ സുലൈമാനുദ്ദാറാനി(റ) പറഞ്ഞു: ‘ദുനിയാവുമായി രാജിയാൽ അതവനെ കീഴ്‌പ്പെടുത്തും. മനസ്സിൽ ദുനിയാവ് കുടിയേറിയാൽ അവനിൽ നിന്ന് പരലോക ചിന്തകൾ നശിക്കും.’
നൈമിഷിക സുഖങ്ങൾക്ക് വിഘ്‌നം സംഭവിക്കുമ്പോഴേക്കും ക്രുദ്ധനാവുകയും അല്ലാഹുവിന്റെ വിധിയെ പഴിക്കുകയും ചെയ്യുന്നവരെ നോക്കി ഹാത്തിമുൽ അസ്വമ്മ്(റ) അത്ഭുതത്തോടെ ആത്മഗതം ചെയ്യുമായിരുന്നു: ‘മനുഷ്യന്റെ മനോനില വല്ലാത്ത കൗതുകം തന്നെ!’
അല്ലാഹുവിന്റെ പൊരുത്തമാഗ്രഹിച്ചു സുകൃതം ചെയ്യുന്നുവെന്നാണ് അയാളുടെ വാദഗതി. എന്നാൽ തന്റെ മോഹങ്ങൾക്ക് വിരുദ്ധമായത് സംഭവിച്ചപ്പോഴാണ് അയാൾ ക്രുദ്ധനായത്. അല്ലാഹുവിന്റെ വിധിയെ പഴിക്കുന്നത്. നാഥന്റെ തൃപ്തിക്ക് പാത്രമാകണമെങ്കിൽ ഭൗതിക മോഹങ്ങൾ തിരസ്‌കരിക്കണം. വിശപ്പിന്റെ മൂല്യമറിയണം. അവർക്കേ റമളാൻ വ്രതം ഫലവത്താകൂ.
അബ്ദുറഹ്‌മാൻ ശാമിൽ ഇർഫാനി മാണൂർ