ആത്മാവും ശരീരവും

മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മനുഷ്യാത്മാക്കളുടെയും സംഗമവും കരാറും ആലമുല്‍ അര്‍വാഹില്‍ വെച്ച് നടന്നു. “നാഥന്‍ ആദം സന്തതികളെ പുറത്ത് കൊണ്ടുവരികയും അവരെ സാക്ഷീകരണം നടത്തുകയും ചെയ്തു.(അല്ലാഹു ചോദിച്ചു) ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? അവര്‍ അതേ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുകയുണ്ടായി” (അഅ്റാഫ് 172). പ്രഥമ മനുഷ്യന്‍ ആദം(അ) സൃഷ്ടിക്കപ്പെട്ടയുടനെ പിറക്കാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും അദ്ദേഹത്തിന്റെ മുതുകില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന് അല്ലാഹു നടത്തിയ കരാറിനെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. “അതി സൂക്ഷ്മ ജീവികളായിരുന്നു അന്നവര്‍. അവരുടെ നെറ്റിയില്‍ പ്രത്യേക പ്രകാശം പരക്കുന്നുണ്ടായിരുന്നു” (മിശ്കാത്ത്). ഉടന്‍ സൃഷ്ടിക്കപ്പെടാനിരിക്കുന്നവരും ലോകാവസാനം വരെ വരാനിരിക്കുന്നവരുമായ സ്ത്രീ പുരുഷ, കാലദേശ വര്‍ണ വര്‍ഗാന്തരങ്ങളിലുള്ളവരെല്ലാം അതിലുണ്ടായിരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു; “”ഭൂജാതരാവാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും ആത്മീയലോകത്ത്(ആലമുല്‍ അര്‍വാഹില്‍) ഒരുമിച്ച് കൂട്ടി. നാല് അണികളിലായി എല്ലാവരെയും നിര്‍ത്തി. മുന്നണിയില്‍ പ്രവാചകന്മാരും അവരുടെ പിന്നണിയില്‍ ഔലിയാക്കളും തൊട്ടുപിറകില്‍ സത്യ വിശ്വാസികളും ഒടുവില്‍ അവിശ്വാസികളും. ശേഷം നാഥന്‍ ചോദിച്ചു, ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? പ്രവാചകന്മാര്‍ തടസ്സങ്ങളൊന്നുമില്ലാതെ തന്നെ മറുപടി പറഞ്ഞു. തന്മൂലം അവര്‍ ഭൂമിയില്‍ അതുല്യസൃഷ്ടികളായി മാറി, തന്നെയുമല്ല മധ്യവര്‍ത്തികളില്ലാതെ നാഥന്‍ അവര്‍ക്ക് ദൈവീകവചനങ്ങള്‍ അറിയിച്ചു കൊടുക്കുകയും ചെയ്തു.

ഔലിയാക്കളിലേക്ക് പ്രസ്തുത ചോദ്യം ചെന്നെത്തിയത് പ്രവാചകാത്മാക്കളുടെ പ്രകാശത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു. അതുമൂലം ഭൂമിലോകത്ത് അവര്‍ക്കും അല്ലാഹുവിനുമിടയില്‍ പ്രവാചകശ്രേഷ്ഠര്‍ മധ്യവര്‍ത്തികളായി. പിന്നണിയിലെ വിശ്വാസികള്‍ പ്രസ്തുത ചോദ്യം ശ്രവിച്ചത് രണ്ടുവിഭാഗത്തിന്റെയും ആത്മീയ പ്രകാശത്തില്‍ നിന്നായിരുന്നു. അതിനാല്‍ പവിത്രതയില്‍ രണ്ടുവിഭാഗത്തിന്റെയും പിന്നിലായി അവര്‍. ഒടുവില്‍ നിലയുറപ്പിച്ച അവിശ്വാസികളും കപടവിശ്വാസികളും ഒരു അപശബ്ദമാണ് കേട്ടത്. തങ്ങള്‍ക്ക് വ്യക്തമല്ലാത്ത ദൈവീക ഉടമ്പടിക്ക് മുമ്പില്‍ മുന്നണിയിലുള്ളവര്‍ “അതേ”യെന്ന് പറയുന്നത് കേട്ട് അവരും അങ്ങനെ പ്രതികരിച്ചു. അതുവഴി അവര്‍ ഭൂമിയില്‍ അധമന്മാരും കപടന്മാരുമായി അധഃപതിച്ചു (ആശയം, റൂഹുല്‍ ബയാന്‍ 1/223).

ഖുര്‍ആന്‍ പറയുന്നു: “”പ്രവാചകന്മാരില്‍ നിന്നും നാഥന്‍ കരാര്‍ സ്വീകരിച്ച സന്ദര്‍ഭം ഓര്‍ക്കുക. നാം നിങ്ങള്‍ക്ക് ഗ്രന്ഥവും വിജ്ഞാനവും നല്‍കി. ശേഷം നിങ്ങളുടെ പക്കലുള്ളത് സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളില്‍ നിയോഗിതനായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം. (ശേഷം) അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിച്ചു”“(ആലുഇംറാന്‍ 81) മനുഷ്യന്റെ പ്രയാണം ആരംഭിച്ചത് തന്നെ സ്രഷ്ടാവുമായുള്ള ഈ ഉടമ്പടിയോടെയാണെന്ന് ഗ്രഹിക്കാം. നന്മയോടും സത്യത്തോടും ആഭിമുഖ്യമുണ്ടാകും വിധം സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പ്രകൃത്യാ പ്രപഞ്ച നാഥനോട് കടമപ്പെട്ടവരാണ്.

പിതാവിന്റെ മുതുക്, മാതാവിന്റെ ഉദരം

ആത്മീയ ലോകത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം മനുഷ്യന്‍ തന്റെ പ്രയാണ പരിണാമത്തില്‍ പിതാവിന്റെ മുതുകില്‍ (ആലമുല്‍ അസ്വ്ലാബില്‍) എത്തിച്ചേര്‍ന്നു. ആ ശുക്ലത്തില്‍ അടങ്ങിയിരിക്കുന്ന ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ നിന്ന് ഒന്നിനെ മാത്രം തെരഞ്ഞെടുത്തു. നാഥന്‍ ചോദിക്കുന്നു: “സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതോ നാമാണോ അതിന്റെ സൃഷ്ടി കര്‍ത്താവ്” (വാഖിഅ/59). ശാസ്ത്രം ഭ്രൂണത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വിശുദ്ധ ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം വിളിച്ചോതുന്നതെന്നോര്‍ക്കണം.

ശുക്ലം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അല്ലാഹു പറയുന്നു: “നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് അതിനെ നാം ഭ്രൂണമാക്കി രൂപപ്പെടുത്തി. ഭ്രൂണത്തെ മാംസപിണ്ഡമാക്കി, മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, അസ്ഥികൂടത്തെ നാം മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീടതിനെ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും വലിയ സൃഷ്ടികര്‍ത്താവായ നാഥന്‍ അനുഗ്രഹ സമ്പൂര്‍ണനാകുന്നു” (മുഅ്മിനൂന്‍ /1214).

ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അതിന് മനുഷ്യരൂപം നല്‍കി. കേള്‍വിയും കാഴ്ചയും ചര്‍മവും സൃഷ്ടിച്ചു. ശേഷം അതില്‍ ആത്മാവിനെ പ്രതിനിധിയാക്കുകയും മാതാവ് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ഞരമ്പ് വഴി ഗര്‍ഭസ്ഥ ശിശുവിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെയാണ് മനുഷ്യകുഞ്ഞ് ജീവിതയാത്രയിലേക്ക് പ്രവേശിക്കുന്നത്.

ശാരീരിക ലോകം

ശാരീരിക ലോകത്ത് (ആലമുല്‍ അജ്സാദ്) എത്തിച്ചേര്‍ന്ന മനുഷ്യനെ അല്ലാഹു അത്ഭുത സൃഷ്ടിയായാണ് രൂപപ്പെടുത്തിയത്. സുന്ദരമായ ആകാരം, നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശേഷി, വാഹനങ്ങളൊരുക്കി സഞ്ചരിക്കാനുള്ള സൗകര്യം, ഭക്ഷണ പാനീയാദികളില്‍ അഭീഷ്ടങ്ങളുടെയും അഭിരുചികളുടെയും സാധൂകരണം, പാകം ചെയ്തും ചേരുവകള്‍ ചേര്‍ത്തും കഴിക്കാനുള്ള അവസരം, കൈകൊണ്ട് ആവശ്യമുള്ളിടത്ത് നിന്ന് കഴിക്കാനുള്ള സൗകര്യം, ഇതരജീവികളെ മെരുക്കി ഉപയോഗിക്കാനുള്ള യോഗ്യത, ഇതിലെല്ലാമുപരി മനുഷ്യാദരത്തിന്റെ കേന്ദ്രമായ ബുദ്ധിശേഷി തുടങ്ങിയ അനുഗ്രഹങ്ങള്‍ നല്‍കി അവന്‍ ആദരിച്ചിരിക്കുന്നു.

മനുഷ്യന് ജീവിക്കാനുതകുന്ന രീതിയില്‍ ഭൂമിയെ സംവിധാനിച്ച നാഥനെത്ര പരിശുദ്ധന്‍! ഉഷ്ണ ശ്യൈകാലങ്ങളില്‍ ഒരുപോലെ ജീവിക്കാന്‍ പറ്റുന്നു ഭൂമിയില്‍. ഇങ്ങനെ നാഥന്റെ അനിര്‍വചനീയമായ അനുഗ്രഹങ്ങള്‍ മനുഷ്യവര്‍ഗത്തിനായി ഏര്‍പ്പെടുത്തി. ഭൂമിയിലുള്ള മുഴുവനും മനുഷ്യന് വേണ്ടിയാണ് നാം സൃഷ്ടിച്ചത്.”

“അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് ഒരുക്കിത്തന്നത്. അതിന്റെ മാറിടങ്ങളിലൂടെ നടന്നുകൊള്‍ക. അവന്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുക. അവനിലേക്കാണ് മടക്കം” (മുനാഫിഖൂന്‍/7).

അല്ലാഹുവിന്റെ സൃഷ്ടിചാരുതയെപ്പറ്റി മനുഷ്യവിവേകത്തിന് ഉള്‍ക്കൊള്ളാവുന്ന പരാമര്‍ശങ്ങളാണ് ഖുര്‍ആനിലുള്ളത്. സുഖിക്കാനും ഭോഗിക്കാനും നടക്കാനുമെല്ലാം പറ്റിയ പ്രകൃതത്തില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു സംവിധാനിച്ചു.

പ്രപഞ്ചം നിയന്ത്രിക്കുന്നവനെ അനുസരിക്കലാണ് ബുദ്ധി. ശാസ്ത്രജ്ഞര്‍ ഭൂമികുലുക്കത്തെക്കുറിച്ച് സൂചന നല്‍കുമ്പോഴേക്ക് മനുഷ്യന്‍ ഭയചകിതനാകുന്നു. പ്രവചിക്കാനാകാത്ത ഋതുപ്പകര്‍ച്ചകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനേ മനുഷ്യന് കഴിയൂ. നിയന്ത്രണം വിട്ട് രൗദ്രഭാവം പൂണ്ട് അലറിവരുന്ന കാറ്റിന്റെ നാശം നോക്കിനില്‍ക്കാനും ഇരയാവാനുമല്ലാതെ പ്രതിരോധിക്കാന്‍ മനുഷ്യന് സാധ്യമല്ല. ജലപ്രവാഹവും തഥൈവ. അതിന്റെയൊന്നും ഗതി മനുഷ്യന് കീഴൊതുക്കാനാവാത്തതാണ്. ശക്തമായ വെള്ളെപ്പാക്കങ്ങള്‍ കൊണ്ട് അല്ലാഹു പലസമുദായത്തെയും പരീക്ഷിച്ചിട്ടുണ്ട്. പ്രളയം കൊണ്ട് മാത്രമല്ല, ജല ക്ഷാമം കൊണ്ട് പരീക്ഷിക്കാനും നാഥന് കഴിയും. മുക്കാല്‍ ഭാഗവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഒരു തുരുത്തുപോലെയുള്ള ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ജലക്ഷാമം അനുഭവപ്പെടുന്നത് പതിവു കാഴ്ച.

ശാരീരിക ലോകം നശ്വരവും നൈരാശ്യം നിറഞ്ഞതുമാണെന്ന് ചുരുക്കം. അതിന് ഉദാത്തമായ ഉദാഹരണമാണ് അടിക്കടിയായുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍. ഭൗമാന്തര്‍ഭാഗത്തുള്ള പാളികള്‍ പതുക്കെയാണെങ്കിലും ചലിക്കാമെന്നു ശാസ്ത്രം. ഭൂഗര്‍ഭത്തിലുണ്ടാകുന്ന മര്‍ദം മൂലം പാറയുടെ പാളികള്‍ പൊട്ടുകയും താഴേക്ക് പതിക്കുകയും ചെയ്യുന്നത് ഭൂമികുലുക്കത്തിന് കാരണമാണെന്ന് അവര്‍ പറയുന്നു. മേല്‍ വിവരണങ്ങളില്‍ നിന്ന് ഇഹലോകത്തിന്റെ നശ്വരത ബോധ്യപ്പെടുന്നുണ്ട്. ജീവിതയാത്രയില്‍ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങാന്‍ ഓരോ മനുഷ്യനും നിര്‍ബന്ധിതനാണ്.

ആത്മാവിന്റെ വാഹനമാണ് ശരീരം. ഉയര്‍ത്തെഴുന്നേല്‍പുനാളില്‍ ഇതേ വാഹനം തന്നെ വേണമെന്നില്ല. ഇമാം ഗസ്സാലി(റ) പറയുന്നു: “കുതിര മാറിയാലും സവാരിക്കാരന്‍ മുമ്പത്തെ ആള്‍ തന്നെയാണ്. ബാല്യം മുതല്‍ വാര്‍ധക്യം വരെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആത്മാവില്‍ ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല!”

ഉറ്റമിത്രത്തെ വിട്ടുപിരിയാന്‍ ശരീരം തയ്യാറാവുകയില്ല. അതിനാല്‍ മരണത്തിന്റെ മാലാഖക്ക് മനുഷ്യ ശരീരത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടിവന്നേക്കാം. ഭൗതികതയുടെ ആനന്ദത്തിമിര്‍പ്പില്‍ ലയിച്ച് ശരീരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന ആത്മാവിനോട് ഒരു ദയയുമില്ലാതെ പിടിച്ച് വലിച്ച് പുറത്തിടുന്ന രംഗമാണ് മരണം. അവിടെ വിശ്വാസിയുടെ ആത്മാവിന് പരിഗണന ലഭിക്കും. “പ്രശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥന്റെ സവിധത്തിലേക്ക് പൂര്‍ണ തൃപ്തിയോടെ മടങ്ങുക. സ്വര്‍ഗത്തില്‍ പ്രവേശിക്കുക”എന്ന് മാലാഖ സൗമ്യമായി പറയും.

എന്നാല്‍ മ്ലേച്ചാത്മാവിന്റെ മരണരംഗം ഹൃദയഭേദകം. അതിനെയും വഹിച്ച് ആകാശത്തേക്ക് കയറുന്ന മാലാഖമാരോട് പോലും മറ്റുള്ളവര്‍ നീരസം പ്രകടിപ്പിക്കും. ആകാശവും ഭൂമിയും അവനെ ശപിക്കുന്നു. തന്നില്‍ നിന്ന് പറന്നകലുന്ന ആത്മാവിനെ സങ്കടത്തോടെ ശരീരം നോക്കുന്ന രംഗം പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്.

“അവര്‍ക്കുപിറകില്‍ ഉയര്‍ത്തെഴുന്നേല്‍പുനാള്‍ വരെ ബര്‍സഖുണ്ട്” (22/100). മരണത്തിനും പുനരുദ്ധാരണത്തിനുമിടക്കുള്ള ഘട്ടം ആത്മാക്കള്‍ക്ക് വിസ്മൃതിയുടെ കാലമല്ല. അവയുടെ അസ്തിത്വം ശൂന്യതയില്‍ ലയിക്കുകയുമില്ല. ഉണ്മയില്ലായ്മയുടെ ഘട്ടത്തിലേക്കുള്ള സംക്രമണമല്ല മരണം. പുനര്‍ജന്മം നടക്കുന്നത് വരെ ഇല്ലിയ്യീനിലും സിജ്ജീനിലുമാണ് ആത്മാക്കള്‍ വസിക്കുന്നത്. ചലനമറ്റ് കിടക്കുന്ന ശരീരത്തെ അകലെ തന്റെ സങ്കേതത്തില്‍ വിശ്രമിക്കുന്ന ആത്മാവ് കാണുന്നു. അതുപോലെ ശരീരം ആ കിടപ്പില്‍ തന്നെ പരിസരം സാകൂതം വീക്ഷിക്കുകയും ചെയ്യുന്നു. അത് അനുഭവിക്കുന്ന സുഖദു:ഖങ്ങളിലെല്ലാം വിദൂരതയിലെ ആത്മാവ് ചേരുന്നു.

ആലമുല്‍ ബര്‍സഖില്‍ മനുഷ്യന്‍ അതിലെ അനന്തരക്രിയകളുമായി മുന്നോട്ട്പോകും. മരിച്ചവര്‍ക്ക് പ്രഭാതത്തിലും പ്രദോഷത്തിലും അവരുടെ അന്തിമ സങ്കേതം കാണിക്കപ്പെടും. “”നരകം രാവിലെയും വൈകുന്നേരവും അതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു” (40/46).

പരിശുദ്ധാത്മാവ് സ്വര്‍ഗത്തിന്റെ സുഗന്ധവും സൗന്ദര്യവും മ്ലേച്ഛാത്മാവ് നരകത്തിന്റെ യാതനകളും ആസ്വദിച്ചുകൊണ്ടിരിക്കുന്ന കല്ലറയില്‍ എത്രകാലം കഴിച്ചുകൂട്ടണം? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍ ഇപ്പോഴും അതില്‍ കഴിയുന്നു. അന്ത്യനാള്‍ വരെയുള്ള ഭവനം എന്ന് ഖുര്‍ആനികവചനങ്ങള്‍ ദ്യോതിപ്പിക്കുന്നു ഖബറിനെക്കുറിച്ച്. മറവ് ചെയ്യപ്പെടുന്ന ഭൗതികജഡം മണ്ണിലലിഞ്ഞ് ചേര്‍ന്ന് നശിക്കുകയാണ്. പുഴുക്കളും മറ്റും കടിച്ച് വലിച്ച് കണ്ണുകള്‍ കൊഴിഞ്ഞ് നശിക്കുന്നു. നാഥന്‍ പ്രത്യേക പരിഗണന നല്‍കിയ മഹത്തുക്കളുടേതൊഴികെ.

ഖബര്‍ ശിക്ഷയുടെ കാഠിന്യത്തെ പ്രവാചക വചനം സൂചിപ്പിക്കുന്നുണ്ട്: “”ഓരോ ഖബറും ഭീകരമായ സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്; ആദമിന്റെ മക്കളേ, നിങ്ങള്‍ എന്നെ മറന്നോ? ഏകാന്തതയുടെ ഭവനമാണുഞാന്‍. വിജനമായ ഒരു തുണ്ട് ഭൂമി. പുഴുക്കളുടെയും ചെള്ളുകളുടെയും മാളം. കാഠിന്യത്തിന്റെയും വിചാരണയുടെയും ഇടം. അല്ലാഹു എന്നെ ആര്‍ക്കുവേണ്ടി വാസയോഗ്യമാക്കുന്നുവോ, അവര്‍ക്കൊഴികെ എല്ലാവര്‍ക്കും ഞാന്‍ ശിക്ഷാകേന്ദ്രമാണ്. പ്രവാചകര്‍ ഇത്രകൂടി വ്യക്തമാക്കി, ഖബര്‍ ഒന്നുകില്‍ ഒരു നരകക്കുണ്ട്. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു ആരാമം!” (ത്വബ്റാനി).

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Exit mobile version