ആത്മീയ സമ്പന്നതയുടെ നോമ്പുകാലം

അനുഗ്രഹങ്ങളുടെ മാസമാണല്ലോ വിശുദ്ധ റമളാന്‍. വിശ്വാസികള്‍ക്ക് ആത്മീയാനന്ദവും കുളിരുമാണ് റമളാന്‍ നല്‍കുന്നത്. ഉസ്താദിന്‍റെ ചെറുപ്പകാല റമളാന്‍ കാഴ്ചകള്‍ എങ്ങനെയായിരുന്നു?

താമസ സൗകര്യങ്ങള്‍ പരിമിതമായൊരു കാലഘട്ടമായിരുന്നു അത്. മിക്കവീടുകളും ഓലമേഞ്ഞതായിരുന്നു. ഓട് മേഞ്ഞ വീടുകള്‍ വളരെ കുറവ്. ചുമരുകള്‍ മണ്ണ് ഉരുട്ടിയോ ചെങ്കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മിച്ചതോ ആയിരിക്കും. മണ്ണ് കൊണ്ടായിരിക്കും വീടിന്‍റെ നിലം തയ്യാറാക്കിയിട്ടുണ്ടാവുക. പണക്കാരായ ആളുകള്‍ കോലായി മാത്രം സിമന്‍റ് തേച്ചുവെന്നുവരാം. പെയ്ന്‍റ് കൊണ്ടുള്ള അലങ്കാരങ്ങളോ, വാര്‍ണിഷിംഗ് കൊണ്ടുള്ള മിനുക്ക് പണികളോ ഒന്നും ഈ വീടുകളില്‍ ഉണ്ടായിരുന്നില്ല. റമളാന്‍ അടുത്തെത്തിയാല്‍ അതിനെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളുമായി ഈ വീട്ടുകാരെല്ലാം സജീവമാകുമായിരുന്നു. എല്ലാ വീട്ടുകാരും ഒരു ആഘോഷം പോലെയായിരുന്നു ഈ കര്‍മത്തെ കണ്ടിരുന്നത്.

‘നനച്ചുളി’ക്ക് പുറമെയാണ് ഇവര്‍ ഇതെല്ലാം ചെയ്തിരുന്നത്. നനച്ചുളിയോടനുബന്ധിച്ച്  ബറാഅത്തിന് ശേഷം വീടുകളും പള്ളികളും പ്രത്യേകമായി അലങ്കരിക്കും.

പഴമക്കാര്‍ക്ക് റമളാനോടുണ്ടായിരുന്ന സമീപനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

അത്യധികം ബഹുമാനത്തോടെയും ആദരവോടെയുമാണ് അവര്‍ റമളാനിനെ സമീപിച്ചിരുന്നത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവ് അവരില്‍ പ്രകടമായിരുന്നില്ല. വൈദ്യുതി ഉപയോഗം വ്യാപകമല്ലാത്ത കാലമായതിനാല്‍ തന്നെ വീടുകളിലെല്ലാം മണ്ണെണ്ണ വിളക്കാണ് കത്തിച്ചിരുന്നത്. റമളാന്‍ സമാഗതമായാല്‍ സാധാരണ മണ്ണെണ്ണ വിളക്ക് മാറ്റി ചിമ്മിനി വിളക്ക് കത്തിക്കും. സമ്പന്നരായ ആളുകള്‍ څ14-ാം നമ്പറെന്ന പേരിലുള്ള പ്രത്യേക ചിമ്മിനി കോലായില്‍ കത്തിച്ച് വെക്കും. ചുറ്റു ഭാഗത്തും തിരികളുള്ള ഇത് കത്തിച്ചാല്‍ വശങ്ങളിലേക്കെല്ലാം നല്ല വെളിച്ചം ലഭിക്കും.

ആത്മീയാനന്ദത്തോടെ, റമളാനിനെ സ്വീകരിക്കാന്‍ മത്സരിച്ച പൂര്‍വികര്‍ ഭൗതിക ജാഡകള്‍ക്ക് വേണ്ടിയായിരുന്നില്ല ഇതൊന്നും ചെയ്തിരുന്നത്. അകവും പുറവും സദ്കര്‍മങ്ങള്‍ കൊണ്ട് ശോഭനമാക്കുകയായിരുന്നു അവര്‍. വളരെ ബഹുമാനത്തോടെയും ആദരവോടെയും റമളാനിലെ ഓരോ ദിനത്തെയും അവര്‍ വരവേറ്റു. വ്രതമനുഷ്ഠിച്ചും സുന്നത്തുകള്‍ വര്‍ധിപ്പിച്ചും ഖുര്‍ആന്‍ ഓതിയും ദിക്റുകള്‍ ചൊല്ലിയും സ്വദഖകള്‍ നല്‍കിയും മതപാഠങ്ങള്‍ പകര്‍ന്നും പഠിച്ചും അവര്‍ ആ വിശുദ്ധിയുടെ യാമങ്ങളെ ധന്യമാക്കി.

റമളാനിലെ ആത്മീയ സദസ്സുകളെക്കുറിച്ച്..?

ഓത്തുപള്ളികളും പള്ളികളുമെല്ലാം മതപാഠം പകര്‍ന്നു നല്‍കുന്നതില്‍ ആവേശം കാണിച്ചിരുന്നു. നമ്മുടെ മദ്രസകളില്‍ റമളാനില്‍ നടക്കുന്ന ഹിസ്ബ് ക്ലാസിനെക്കാള്‍ വിപുലമായിട്ടായിരുന്നു അന്ന് ഓത്ത്പള്ളികളിലുണ്ടായിരുന്ന ‘ഹിസ്ബോത്ത്.’ രാവിലെ പത്ത് മണി വരെ കുട്ടികള്‍ക്കും അസ്വറിന് ശേഷം രക്ഷിതാക്കള്‍ക്കും ഹിസ്ബ് ക്ലാസ് നടക്കും. പള്ളികളിലെല്ലാം ളുഹ്റിന് ശേഷം വഅളുകളും പ്രഭാഷണങ്ങളും സജീവമായിരുന്നു. വ്യക്തിജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട മസ്അലകളും ആവശ്യമായ മറ്റു കാര്യങ്ങളുമെല്ലാം അന്നത്തെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കും. അതുകൊണ്ട്തന്നെ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ ഈ ക്ലാസുകള്‍ വളരെ ഉപകാരപ്രദമായി. സ്ത്രീകള്‍ക്ക് വഅളും പ്രഭാഷണവും കേള്‍ക്കാന്‍ വേണ്ടി പള്ളിക്കടുത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

റമളാനിന് വേണ്ടി പള്ളികളില്‍ പ്രത്യേകമായി വല്ല മുന്നൊരുക്കങ്ങളും?

റമളാനിന് മുന്നോടിയായി വീടുകളെ പോലെ പള്ളികളെയും അലങ്കരിക്കുമായിരുന്നു. ഒപ്പം പള്ളി പരിസരത്തെ കാടുകള്‍ വെട്ടി വെടിപ്പാക്കുമായിരുന്നു. നാട്ടുകാരെല്ലാം ചേര്‍ന്ന് കൊണ്ടാണിത് ചെയ്യാറ്. പള്ളിയിലും കറന്‍റ് ഉണ്ടായിരുന്നില്ല. അതിനാല്‍ റമളാന്‍ 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പള്ളിയില്‍ പ്രത്യേകമായി പെട്രോള്‍മാക്സ്‌കത്തിക്കും. ഏകദേശം തറാവീഹ് കഴിഞ്ഞ് ജനങ്ങളെല്ലാം പള്ളികളില്‍ നിന്ന് ഇറങ്ങുന്നത് വരെ ഇതുണ്ടാവും. അന്ന് ദര്‍സുള്ള പള്ളികളിലെല്ലാം ഈ വിളക്ക് സജീവമായിരുന്നു. ഈ വിളക്കാണ് പഴയ കാല മുതഅല്ലിമുകള്‍ക്ക് പഠിക്കാനുള്ള വെളിച്ചം പകര്‍ന്നതും. പെട്രോള്‍ മാക്സ് വരുന്നതിന് മുമ്പ് അലാവുദ്ദീന്‍ എന്ന പേരിലുള്ള വിളക്കാണ് കത്തിച്ചിരുന്നത്.

പള്ളികളെല്ലാം സജീവമായിരുന്നു. തറാവീഹും വിത്റും ഒരു നിര്‍ബന്ധ മുറപോലെ അവര്‍ കൊണ്ട് നടന്നു. ചെറിയവരും വലിയവരുമടക്കം എല്ലാവരും തറാവീഹിന് പള്ളിയില്‍ എത്തുമായിരുന്നു. ഇന്നത്തേതിലും ദൈര്‍ഘ്യമുള്ളതായിരുന്നു അന്നത്തെ തറാവീഹ് നിസ്കാരം. ഇമാമുകള്‍ ഹാഫിളുകളൊന്നുമല്ലെങ്കിലും സാവകാശമാണ് അവര്‍ ഓതിയിരുന്നത്. തറാവീഹും വിത്റും കഴിഞ്ഞിട്ടല്ലാതെ ജനങ്ങളാരും പിരിഞ്ഞ് പോകില്ല. പൊന്മള പള്ളിയില്‍ തറാവീഹിന് ശേഷം വിത്രിയ്യ ബൈത്ത് ചൊല്ലല്‍ അന്നും ഇന്നും തുടരുന്നു. വിത്രിയ്യ കഴിഞ്ഞിട്ടല്ലാതെ ജനങ്ങളാരും പിരിയുകയില്ല. വിത്രിയ്യ കഴിഞ്ഞാല്‍ ചീരിണി പതിവാണ്. ബേക്കറികളൊന്നുമല്ല. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളാണ് ഉണ്ടാവുക. ഇപ്രകാരം പരിസരത്തെ ഏകദേശം എല്ലാ പള്ളികളിലുമുണ്ടായിരുന്നു. റമളാന്‍ അവസാനം വരെയുള്ള ചീരിണി കൂട്ടമായോ ഒറ്റയായോ ആരെങ്കിലും കൊണ്ട് വരും.

തെക്ക് വടക്കന്‍ കേരളത്തിലെ പള്ളികളിലെല്ലാം മുസാഫിറുകളുടെ സാന്നിധ്യം വലുതായിരുന്നു. മുത്ത് നബി മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അന്‍സ്വാറുകള്‍ ഭക്ഷണവും താമസവും നല്‍കിയത് പോലെ ഈ മുസാഫിരീങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണവുമെല്ലാം തങ്ങളുടെ വീട്ടില്‍ നല്‍കാന്‍ അവര്‍ തയ്യാറായി. ളുഹ്റ്, അസ്വറ്, തറാവീഹ് നിസ്കാരങ്ങള്‍ക്ക് ശേഷം മുടങ്ങാതെ ഉറുദി പറയുക എന്നത് അന്നും ഇന്നും തെക്ക് വടക്കന്‍ പള്ളികളില്‍ കാണുന്ന കാഴ്ചയാണ്.

പഠന കാലത്തെ റമളാന്‍ ഓര്‍മകള്‍?

മുമ്പ് പറഞ്ഞത് പോലെ, കുട്ടികള്‍ക്കുള്ള റമളാനിലെ ഹിസ്ബ് ക്ലാസ് രാവിലെ 10 മണി വരെ ഉണ്ടാകും. കുട്ടികളില്‍ അധികപേരും മാപ്പിള സ്കൂളില്‍ പഠിക്കുന്നതിനാല്‍ റമളാനില്‍ സ്കൂളിന് അവധിയായിരിക്കും. സ്കൂളില്ലാത്തവര്‍ക്ക് ഹിസ്ബോത്ത് വൈകുന്നേരം വരെ നീളും. 4-ാം ക്ലാസ് വരെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും മാപ്പിള സ്കൂളിലായിരിക്കും പഠിക്കുന്നത്.

ഇന്നത്തെ പാഠ്യരീതിയോട് തികച്ചും വിഭിന്നമായിരുന്നു അന്നത്തെത്. പഠിപ്പിച്ച് തരുന്നതെല്ലാം മന:പാഠമാക്കി വെക്കലാണ് പതിവ്. മിക്ക കുട്ടികളും നന്നേ ചെറുപ്പത്തില്‍ തന്നെ സബ്ബിഹിസ്മ വരെയുള്ള സൂറത്തുകള്‍ മനഃപാഠമാക്കിയിരിക്കും. ഹിസ്ബോത്തിനെല്ലാം പോകുമ്പോള്‍ ഖുര്‍ആന്‍ നോക്കിയല്ല ഓതിയിരുന്നത്. എഴുത്തുപലകയില്‍ മൊല്ലാക്ക എഴുതിയിരുന്നത് നോക്കിയാണ് ഓതിയിരുന്നതും മനഃപാഠമാക്കിയിരുന്നതും. കിണര്‍ കുഴിക്കുമ്പോള്‍ ലഭിക്കുന്ന വെളുത്ത മണ്ണ് (ചൗടി) തേച്ച എഴുത്ത് പലക പെട്ടെന്ന് ഉണങ്ങാന്‍ വേണ്ടി വര്‍ഷക്കാലങ്ങളില്‍ അടുപ്പിന് മുകളില്‍ വെക്കുമായിരുന്നു.

തറാവീഹ് നിസ്കാരത്തിന് വേണ്ടി നന്നേ ചെറുപ്പത്തില്‍ തന്നെ ബാപ്പയോടൊപ്പം പള്ളിയിലേക്ക് പോകുമായിരുന്നു. അന്ന് ഹദ്ദാദ് ചൊല്ലുന്നതിന്‍റെ രീതി ഇന്ന് നാം ചൊല്ലുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഹദ്ദാദിലെ ഓരോ ദിക്റും ഇമാം ഉറക്കെ ചൊല്ലിത്തരും. ശേഷം മറ്റുള്ളവര്‍ ഏറ്റ് ചൊല്ലും. അതുകൊണ്ട് തന്നെ ചെറുപ്പത്തിലേ ഹദ്ദാദ് മനഃപാഠമാക്കാന്‍ എല്ലാവര്‍ക്കും കഴിയും.

കാലത്തിന്‍റെയും മുസ്ലിം ജീവിത രീതിയുടെയും മാറ്റം റമളാന്‍ ജീവിത സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

കാലക്രമം മുസ്ലിം ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പ്രശംസാര്‍ഹമായ മുന്നേറ്റവും തീരാനഷ്ടമെന്നു പറയാവുന്നതും ഇതിലൂടെ വന്നണഞ്ഞു. പട്ടിണിയും പരിവട്ടവും നിഴലുപോലെ പൂര്‍വികരുടെ ജീവിതത്തെ വേട്ടയാടിയെങ്കില്‍, 1970-കളിലെ മലയാളികളുടെ ഗള്‍ഫ് നാടുകളിലേക്കുള്ള ഒഴുക്ക് സമൃദ്ധമായ ഒരുപാട് അധ്യായങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായി. ഇല്ലായ്മകളുടെ ദയനീയതയില്‍ കഴിഞ്ഞ മലയാളിക്ക് ശോഭനമായൊരു ജീവിതം അതോടെ ലഭ്യമായി. പക്ഷേ, മറ്റു ചിലത് മലയാളിക്ക് നഷ്ടമായി. ജീവിത സംസ്കാരങ്ങളിലെല്ലാം അപ്രതീക്ഷിതമായി പലതും കടന്നുകൂടി. മലയാളി ജീവിതത്തെ പിടിച്ചുലച്ച ഈ സംസ്കാരികാധിനിവേശം പല പ്രശ്നങ്ങള്‍ക്കും കാരണമായി. പട്ടിണിയും പരിവട്ടവുമായി പഴമക്കാര്‍ അനുഭവിച്ച ആ ജീവിത രസം ഇന്നുള്ളവര്‍ക്ക് രുചിക്കാനാകുന്നില്ല.

റമളാന്‍ വരുന്നുവെന്നറിഞ്ഞാല്‍ ആദരവോടെയും ബഹുമാനത്തോടെയും വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ അവര്‍ മത്സരിച്ചു. മതചിഹ്നങ്ങള്‍ക്കും അടയാളങ്ങള്‍ക്കും മഹത്തായൊരു ബഹുമതി കല്‍പിച്ചു. റമളാനിലെ ഓരോ ദിനരാത്രവും പവിത്രതയോടെ കണ്ടു. എന്നാല്‍ ഇന്ന് പുതുതലമുറയില്‍ പൂര്‍വികരില്‍ നിഴലിച്ച ആദരവോ ബഹുമാനമോ കാണുന്നില്ല.

ഓത്തുപള്ളിയില്‍ കുട്ടിയെ ചേര്‍ക്കുന്നതും മകനെ മുതഅല്ലിമാക്കുന്നതും സുന്നത്ത് കര്‍മം കഴിക്കുന്നതും പരിസരത്ത് നിന്ന് ആരെങ്കിലും ഹജ്ജിന് പോകുന്നതുമെല്ലാം വലിയ കാര്യമായിട്ടാണ് അവര്‍ക്കനുഭവപ്പെട്ടത്. വലിയൊരു സന്തോഷത്തിന്‍റെ ദിനമായിരിക്കും അതെല്ലാം. അതിനാല്‍ തന്നെ ഈ അവസരങ്ങളിലെല്ലാം മധുരം വിതരണം ചെയ്യല്‍ പതിവായിരുന്നു. ഖുര്‍ആന്‍ പഠനത്തില്‍ യാസീന്‍ തുടങ്ങിയാലൊരു മധുരം, അതിനു മുമ്പ് ഫത്തിഹോത്ത് എന്ന പേരില്‍ പഠനത്തിന്‍റെ തുടക്കത്തില്‍ വീട്ടു കാരണവന്മാരെല്ലാം ചേര്‍ന്ന് ഓത്തുപള്ളിയിലൊരു മധുര  വിതരണം തുടങ്ങിയവ പതിവായിരുന്നു. ഇത്തരത്തില്‍ മത ചിഹ്നങ്ങളോടും അടയാളങ്ങളോടുമെല്ലാം മഹത്തായൊരു കൂറ് അവര്‍ വെച്ചു പുലര്‍ത്തി.

ഭക്ഷണത്തിന് പ്രയാസമനുഭവപ്പെട്ട ആ കാലത്ത് റമളാന്‍ സമൃദ്ധമായി അനുഭവപ്പെട്ടു. നോമ്പുതുറകളെല്ലാം സന്തോഷങ്ങള്‍ വിതറി. കറിവെക്കാന്‍ ഉപ്പ 25 പൈസക്ക് ഇറച്ചി കൊണ്ട് വരുന്നത് ഇന്നും മനസ്സിലുണ്ട്. 8 അണക്ക് അന്ന് ഒരു കിലോ ഇറച്ചി കിട്ടും. ഇന്ന് റമളാനും അല്ലാത്തപ്പോഴും ഒരു പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്.

അന്നത്തെ അയല്‍പക്കക്കാരുമായി കൊണ്ടും കൊടുത്തുമുള്ള ജീവിതത്തെക്കുറിച്ച്?

റമളാന്‍ കാലങ്ങളിലും വിശേഷ ദിവസങ്ങളിലും വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണങ്ങള്‍ അയല്‍ വീടുകളിലേക്ക് എത്തിച്ച് കൊടുക്കുക പതിവായിരുന്നു. ഇന്നത്തെ പോലെ അന്ന് ചിക്കന്‍ കടകള്‍ ഉണ്ടായിരുന്നില്ല. വളര്‍ത്തു കോഴികളാണ്. വല്ല ദിവസവും ഒരു കോഴിയെ അറുത്താല്‍ അത് കൊണ്ട് വെള്ളം നീട്ടി കറിവെക്കും. കുറച്ച് കറിയും മാംസവും അടുത്ത വീടുകളിലേക്കെല്ലാം കൊടുക്കും. അങ്ങനെ ഒരു കോഴിക്കറി കൊണ്ട് ഒരുപാടു വയറുകളെ ഊട്ടും. സന്തുഷ്ട ജീവിതം!

ഓല വീടുകള്‍ വര്‍ഷം തോറും പൊളിച്ച് കെട്ടേണ്ടി വരും. ‘പൊരകെട്ട് കല്യാണം’ എന്നാണ് ഇതിന് പറയുക. ജോലിക്ക് പോകുന്ന അയല്‍വാസികളാണെങ്കില്‍ അന്ന് പോകാതെ അവര്‍ ഈ പൊരകെട്ടില്‍ വ്യാപൃതരാകും. കൂലി ആശിച്ചല്ല, സഹായിക്കാന്‍. അന്നേ ദിവസം ആ വീട്ടുകാരന്‍ സമൃദ്ധമായ ഭക്ഷണം പാകം ചെയ്യും.

മോഡേണ്‍ ജീവിതത്തോടുള്ള മോഹങ്ങളാണ് പുഷ്ക്കലമായ മുസ്ലിം ജീവിത സംസ്കാരത്തിന് ക്ഷതമേല്‍പിച്ചത്. പാശ്ചാത്യന്‍ സംസ്കാരം മുസ്ലിമിന്‍റെ ജീവിതഭാഗമായതെങ്ങനെയാണ്. സാംസ്കാരികാധിനിവേശം കൂടുതല്‍ സ്വാധീനം ചെലുത്തിയത് ഏത് വിഭാഗത്തിലാണ്?

സ്ത്രീകളിലാണ് ഈ പരിഷ്കാരങ്ങള്‍ കൂടുതല്‍ വന്നത്. അന്ന് സ്ത്രീകള്‍ക്ക് വലിയ മറയായിരുന്നു. ഇന്ന് എല്ലാ മറകളും പൊട്ടിച്ച് വലിച്ചെറിഞ്ഞാണ് പല സ്ത്രീകളും നടക്കുന്നത്. അന്ന് സാധാരണക്കാരായ സ്ത്രീകള്‍ തുണിയും ഇറക്കമുള്ള മുഖ മക്കനയുമിട്ട് മൂന്ന് മീറ്റര്‍ വലിപ്പമുള്ള ഒരു മേല്‍തട്ടം കൊണ്ട് അടിമുടി മറക്കും. ആ തട്ടം കൊണ്ട് തന്നെ രണ്ട് കണ്ണുകള്‍ ഒഴികെയുള്ള മുഖത്തിന്‍റെ ഭാഗം പൊത്തിപ്പിടിക്കും. എന്നാലും പുറത്ത് പോകുമ്പോള്‍ കൂട ചൂടി താഴ്ത്തിപ്പിടിച്ചു നടക്കും. വാഹനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ പുറത്ത് നിന്ന് വാഹനത്തിലേക്ക് കാണുന്ന ഭാഗങ്ങളെല്ലാം മറച്ചിരിക്കും.

50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ ജ്യേഷ്ഠ സഹോദരന്‍റെ വിവാഹം കഴിഞ്ഞത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ സ്ത്രീകള്‍ പോയി വന്നിരുന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കുട്ടിയായ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. കാള വണ്ടിയുടെ ഉള്ളില്‍ വൈക്കോലിട്ട് അതിന്‍റെ മുകളില്‍ പായ വിരിച്ച് അതിലാണ് ഇരിക്കുക. വണ്ടിക്കൂടിന്‍റെ ഇരു ഭാഗങ്ങളും തുറന്ന് കിടക്കുന്നത് കൊണ്ട് പുതപ്പുകള്‍ കെട്ടി മറച്ചായിരുന്നു യാത്ര. അപൂര്‍വമായി കാറിലും സഞ്ചരിക്കാറുണ്ട്. അപ്പോള്‍ രണ്ട് സീറ്റിനുമിടയില്‍ വലിയ തോര്‍ത്ത് മുണ്ടോ മറ്റോ ഉപയോഗിച്ച് മറ കെട്ടും. കണ്ണാടിയിലൂടെയോ തിരിഞ്ഞു നോക്കുമ്പോഴോ സ്ത്രീകളെ കാണാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇന്നത്തെപ്പോലെ യഥേഷ്ടം ടാക്സികള്‍ അന്ന് ഇല്ലായിരുന്നു. അത്കൊണ്ട് തന്നെ വല്ലപ്പോഴും മാത്രമേ കാറില്‍ സഞ്ചരിക്കാറുള്ളൂ. ബസ്സുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ വളരെ അച്ചടക്കത്തോടെ ശരീരം പൂര്‍ണമായും മറച്ച് ഒതുങ്ങിയാണ് ഇരുന്നിരുന്നത്.

സ്ത്രീകള്‍ അധികവും രാത്രി സമയത്തായിരുന്നു യാത്ര ചെയ്തിരുന്നത്. അത്കൊണ്ട് തന്നെ കല്യാണ സദ്യകളെല്ലാം രാത്രിയാണ് സംഘടിപ്പിച്ചിരുന്നത്. ഇശാഅ് നിസ്കാരം കഴിഞ്ഞതിനു ശേഷം കല്യാണം ആരംഭിച്ചാല്‍ സുബ്ഹി ആകുന്നതോടെ ചടങ്ങുകളെല്ലാം അവസാനിക്കും. അന്യ പുരുഷന്‍മാര്‍ സ്ത്രീകളെ ദര്‍ശിക്കാതിരിക്കാനായിരുന്നു അവര്‍ ഈ നിലപാട് സ്വീകരിച്ചിരുന്നത്. കല്യാണ വീടുകളിലും വഴികളിലും വെളിച്ചത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത് മുമ്പ് പറഞ്ഞ അലാവുദ്ദീന്‍ വിളക്കുകളും പെട്രോള്‍ മാക്സുമായിരുന്നു. വധൂ വരന്മാരുടെ പോക്ക് വരവുകള്‍ മദ്ഹ് ഗാനങ്ങള്‍ പാടിക്കൊണ്ടായിരുന്നു.

വഴികളില്‍ വെച്ച് പുരുഷന്‍മാര്‍ വരുന്നതായി അറിഞ്ഞാല്‍ കുടകൊണ്ട് മറച്ചു പിടിച്ച് ഒരു സൈഡിലേക്ക് വളരെ ഒതുങ്ങി മാറി നില്‍ക്കും. അവര്‍ കടന്ന് പോയ ശേഷമല്ലാതെ സ്ത്രീകള്‍ നടക്കുമായിരുന്നില്ല. ആണുങ്ങളില്ലാത്ത വീട്ടുകാരായ സ്ത്രീകള്‍ ആളുകള്‍ കുറഞ്ഞ സമയം നോക്കി പീടികയുടെ പുറകിലോ ഒരു സൈഡിലോ ഒതുങ്ങി നിന്നായിരുന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത്.

ഇന്ന് അടിമുടി മാറി. വഴികളില്‍ സ്ത്രീകളെ കണ്ടാല്‍ പുരുഷന്‍മാര്‍ മാറി നില്‍ക്കലല്ലാതെ മാര്‍ഗമില്ല. കടകളിലും അങ്ങാടികളിലും സ്ത്രീകള്‍ ഒരു മറയുമില്ലാതെ വ്യാപിച്ച് കിടക്കുന്നതിനാല്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് അവിടെ കയറാനോ അങ്ങാടിയില്‍ ഇറങ്ങാനോ സാധിക്കാത്ത വിധമായിട്ടുണ്ട്. ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലായതും ഷോപ്പിംഗിന് വേണ്ടി സ്ത്രീകള്‍ തന്നെ പോകേണ്ടി വന്നതുമാണ് ഇതിനൊരു കാരണം. ഭൗതിക വിജ്ഞാനങ്ങള്‍ക്ക് പ്രധാന സ്ഥാനം നല്‍കാതെയും മത വിജ്ഞാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയുമായിരുന്നു അന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ജീവിച്ചിരുന്നത് എന്നതും മറ്റൊരു കാരണമാണ്. അതുകൊണ്ട് തന്നെ അല്ലാഹുവില്‍ ഭയഭക്തി അവര്‍ക്ക് കൂടുതലായിരുന്നു. ഇന്ന് അതില്‍ നിന്ന് മാറി മത വിദ്യഭ്യാസമില്ലെങ്കിലും കെട്ടിച്ചയക്കുന്നത് വരെ വല്ല ഭൗതിക കോളേജുകളിലും പഠിപ്പിക്കുന്നു. ദീനി പഠനത്തിന് സൗകര്യമില്ലെങ്കിലും കുഴപ്പമില്ല. അത് കൊണ്ട് തന്നെ അല്ലാഹുവിലുള്ള ഭയഭക്തി ഇല്ലാതെയായി. സ്വന്തം ശരീര ഭാഗങ്ങള്‍ നഗ്നമാക്കിയാണ് ഇപ്പോഴത്തെ യാത്ര. റമളാന്‍ മാസമെന്നോ മറ്റു മാസമെന്നോ ഉള്ള വിവേചനം ഈ ശൈലിക്ക് ഇല്ലാതെയായി. ഭര്‍ത്താക്കന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഭാര്യമാരിലും മക്കളിലുള്ള ശ്രദ്ധ ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ടുതന്നെ എന്തെല്ലാം വാര്‍ത്തകളാണ് കേള്‍ക്കേണ്ടി വരുന്നത്. ഇന്നാലില്ലാഹ്…

പാരമ്പര്യത്തെയും പൂര്‍വിക രീതികളെയും വിമര്‍ശിച്ചു കൊണ്ടായിരുന്നല്ലോ ബിദഈ രംഗപ്രവേശനം. അന്ന് അവര്‍ക്ക് സ്വന്തമായൊരു അസ്തിത്വം രൂപപ്പെട്ടിരുന്നോ?

ഇല്ല. അവര്‍ക്ക് സ്വന്തമായി പള്ളികള്‍ വളരെ കുറവ്. തറാവീഹിനും മറ്റ് നിസ്കാരങ്ങള്‍ക്കുമെല്ലാം സുന്നികളുടെ പള്ളി തന്നെയാണ് അഭയം. പിന്നീടാണ് കമ്മറ്റിയില്‍ നുഴഞ്ഞ് കയറി ചില പള്ളികള്‍ പിടച്ചടക്കി അസ്തിത്വം സ്ഥാപിക്കാന്‍ ശ്രമിച്ചത്.

കോഴിക്കോട് ടൗണിന്‍റെ മുന്‍ ആസ്ഥാനമായിരുന്ന പാളയം ബസ്റ്റാന്‍റിന് തൊട്ട് നില്‍ക്കുന്ന മുഹ്യിദ്ദീന്‍ പള്ളി മുഹ്യിദ്ദീന്‍ ശൈഖിന്‍റെ നാമധേയത്തില്‍ പഴയ കാലത്ത് ഉണ്ടാക്കിയ പള്ളിയാണ്. എല്ലാ അറബി മാസങ്ങളിലേയും 11-ാം രാവെത്തിയാല്‍ ഈ പള്ളിയില്‍ വെച്ച് മുഹ്യിദ്ദീന്‍ റാത്തീബും നടത്തിയിരുന്നു. ശേഷം ബിദ്അത്തുകാര്‍ മെല്ലെ കയറിക്കൂടി. പള്ളി അവര്‍ പിടിച്ചടക്കി. അതോടെ ബസ്സ്റ്റാന്‍റില്‍ വന്നിറങ്ങുന്ന സുന്നികള്‍ക്ക് നിസ്കരിക്കാന്‍ വേറെ പള്ളികളില്ലാതായി. പള്ളിയുടെ പിന്‍ഭാഗത്ത് ഒറ്റയായി നിസ്കരിച്ച് പോകലായിരുന്നു പതിവ്. ഈ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിവാഅ് മസ്ജിദും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടാള പള്ളിയുമെല്ലാം അവര്‍ പിടിച്ചടക്കി സ്വന്തമാക്കി. അന്നത്തെ സമുദായ രാഷ്ട്രീയക്കാരുടെ ഒത്താശയോടെയായിരുന്നു ഇത്. മര്‍ഹൂം ഇകെ ഹസന്‍ മുസ്ലിയാരും സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം ഉസ്താദും വളരെ ചെറുപ്പക്കാരായിരുന്നുവെങ്കിലും ഈ പള്ളികളുടെ മോചനത്തിന് വേണ്ടി കുറേ നടന്നിട്ടുണ്ട്. രാഷ്ട്രീയ തമ്പുരാക്കന്‍മാരെ സമീപിച്ചാല്‍ അവര്‍ പറയും: ‘നിങ്ങള്‍ കുറച്ച് ക്ഷമിക്കുക, എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരും.’ അവര്‍ എല്ലാം മുജാഹിദുകള്‍ക്ക് ശരിയാക്കിക്കൊടുത്തു. കാന്തപുരം ഉസ്താദിന്‍റെ പടയോട്ടത്തിന് ശേഷമാണ് സുന്നികള്‍ക്ക് നിസ്കരിക്കാന്‍ കോഴിക്കോട് ടൗണിലും മറ്റും പള്ളികള്‍ ഉണ്ടായത്.

റമളാനില്‍ ഒരു പാട് യാത്രകള്‍ നടത്താന്‍ ഉസ്താദിന് കഴിഞ്ഞിട്ടുണ്ട്. വിദേശങ്ങളിലെ റമളാന്‍ കാഴ്ചകള്‍?

റമളാനില്‍ ഞാന്‍ ആദ്യമായി ഗള്‍ഫില്‍ പോയി ഇറങ്ങിയത് ഉച്ചയോട് അടുത്ത സമയത്തായിരുന്നു. നഗരങ്ങളും പട്ടണങ്ങളുമെല്ലാം ശാന്തമായിരുന്നു. കച്ചവടക്കാരോ മറ്റോ ഒന്നും അവിടെ കാണുന്നില്ല. കച്ചവടവും ജനത്തിരക്കും തുടങ്ങാന്‍ ളുഹ്റ് കഴിയും. അങ്ങനെയാണ് റമളാനില്‍ അവിടുത്തെ പതിവ്. രാത്രി മുഴുവനായി ഉറങ്ങാതെ അത്താഴം കഴിക്കുന്നത് വരെ കച്ചവടം നടത്തിയും സല്‍കര്‍മങ്ങള്‍ ചെയ്തും അവര്‍ കഴിച്ചുകൂടും. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബോംബെ പോലോത്ത പട്ടണങ്ങളിലും ഈ കാഴ്ച കാണാം.

നോമ്പ് തുറക്ക് വലിയ പ്രാധാന്യം കല്‍പിക്കുന്നവരാണ് അറബികള്‍. ഇതിനുവേണ്ടി അവര്‍ റമളാനില്‍ പ്രത്യേകമായി ഒരു ഖൈമ നിര്‍മിക്കും. ചിലര്‍ വീട്ടു മുറ്റത്ത് വലിയ ഒരു മജ്ലിസ് സംവിധാനിക്കും. റമളാനിലും അല്ലാത്തപ്പോഴും സന്ദര്‍ശകര്‍ക്കും മറ്റും വന്നിരിക്കാനും കുശലം പറയാനുമൊക്കെയാണ് ഈ മജ്ലിസ്. ഇപ്രകാരം പള്ളികളോടനുബന്ധിച്ചും ഖൈമകള്‍ ഉണ്ടാകും. റമളാന്‍ കാലമായാല്‍ ഖൈമകള്‍ സജീവമാകും. നോമ്പ് തുറക്കുള്ള എല്ലാ വിഭവങ്ങളും അവിടെ കാണും. ദീനീ പ്രേമികളായ അറബി സഹോദരങ്ങള്‍ വീടുകളില്‍ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങളാണ് ഖൈമയില്‍ എത്തിക്കുക.

ജനഹൃദയങ്ങളില്‍ മാഞ്ഞ് പോകാതെ എന്നും ജീവിക്കുന്ന മഹദ്വ്യക്തിത്വമാണ് മര്‍ഹൂം ശൈഖ് സായിദ് ആലു നഹ്യാന്‍. യുഎഇയുടെ പ്രസിഡന്‍റായിരുന്ന ഇദ്ദേഹത്തിന്‍റെ വിയോഗത്തിനു ശേഷം മൂത്ത മകനായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആണ് യുഎഇ പ്രസിഡന്‍റ്. ഇദ്ദേഹത്തിന്‍റെയും സഹോദരന്മാരുടേയും വകയായി പിതാവിന്‍റെ ഖബറിടം സ്ഥിതിചെയ്യുന്ന അബൂദാബിയിലെ ഏറ്റവും വലിയ പള്ളി പരിസരത്ത് വെച്ച് റമളാന്‍ ഒന്ന് മുതല്‍ അവസാനം വരെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇഫ്ത്വാര്‍ നല്‍കാറുണ്ട്. ഇഫ്ത്വാര്‍ വിരുന്നിലേക്ക് വിശ്വാസികള്‍ക്ക് എത്തിച്ചേരുന്നതിനായി ടൗണുകളില്‍ നിന്ന് ബസ്സുകള്‍ ഏര്‍പ്പെടുത്തും. മാത്രമല്ല റമളാനിലും അല്ലാത്തപ്പോഴും അദ്ദേഹത്തിന്‍റെ ഖബറിനരികില്‍ ഇടമുറിയാതെ ഖുര്‍ആന്‍ പാരായണം നടന്നു കൊണ്ടിരിക്കുന്നു. നമ്മുടെ നാടുകളിലെ ജാറങ്ങള്‍ പോലെയാണ് ശൈഖ് സായിദിന്‍റെ മഖാം സംവിധാനിച്ചിട്ടുള്ളത്. ശൈഖ് സായിദ് വഫാത്തായ റമളാനിലെ ആണ്ട് ദിവസത്തില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടി പ്രത്യേക സിയാറത്ത് നടത്താറുണ്ട്. കാന്തപുരം ഉസ്താദാണ് ഈ സിയാറത്തിന് നേതൃത്വം നല്‍കുന്നത്.

അബൂദാബിയിലെ ശൈഖ് റാശിദ് ഖല്‍ഫാനിന്‍റെ വീട്ടില്‍ റമളാന്‍ ഒന്ന് മുതല്‍ അവസാനം വരെ തറാവീഹിന് ശേഷം എല്ലാ ദിവസവും നടക്കുന്ന മജ്ലിസ് സജീവമാണ്. ഒരു പ്രധാന പണ്ഡിതന്‍റെ പ്രഭാഷണം മജ്ലിസിനെ ധന്യമാക്കും. ശേഷം എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കും. കൂടാതെ നല്ല ധര്‍മിഷ്ഠനായ ഇദ്ദേഹം  വിരുന്നുകാരായി എത്തിയ കേരളീയരും അല്ലാത്തവരുമായ അതിഥികള്‍ക്ക് പ്രത്യേക ഹദ്യകളും നല്‍കുന്നു.

അഭിമുഖം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍/കെഎംഎ റഊഫ് രണ്ടത്താണി 

 

Exit mobile version