ആദര്‍ശവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്ത

Samastha

1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് സമ്മേളനത്തില്‍ വെച്ച് അക്കാലത്തെ വ്യാജ ത്വരീഖത്തുകളായ ചേറൂര്‍, കൊണ്ടോട്ടി കൈകള്‍ക്കെതിരെ സമസ്ത കൈക്കൊണ്ട തീരുമാനം കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചുവല്ലോ. എന്നാല്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പുത്തന്‍വീട്ടില്‍ ത്വരീഖത്ത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നത്. പുത്തന്‍വീട്ടുകാര്‍ എന്ന് സ്വദേശികള്‍ വിളിക്കുന്ന കൊരൂര്‍ ത്വരീഖത്തിനെ കുറിച്ച് ഫറോക്ക് സമ്മേളനത്തില്‍ 14-ാം നമ്പര്‍ പ്രമേയമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിച്ചത് കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാരും അനുവാദകന്‍ പികെ മുഹമ്മദ് മീറാന്‍ സാഹിബുമാണ്.

കൊരൂര്‍ ത്വരീഖത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രത്ത് ഒരു ഉലമാ സമ്മേളനം കൂടിയ കാര്യം എംഎ ഉസ്താദ് സമസ്തയുടെ ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നുമുണ്ട്.

നൂരിഷാ ത്വരീഖത്ത്

ഹൈദരാബാദുകാരനായ നൂരിഷാ എന്നയാളെ ബി കുട്ടിഹസന്‍ ഹാജിയാണ് കേരള മുസ്‌ലിംകള്‍ക്ക് പരിചയപ്പെടുത്തിയത്. തലശ്ശേരി സൈദാര്‍പള്ളിക്ക് സമീപം ചേര്‍ന്ന ഒരു ത്വരീഖത്ത് സമ്മേളനത്തിലാണ് നൂരിഷ ആദ്യമായി കേരളത്തില്‍ സംബന്ധിച്ചത്. പ്രസ്തുത സമ്മേളനത്തിലേക്ക് മൗലാനാ ഖുതുബിയെ ക്ഷണിക്കാന്‍ പോയത് കെഎം മാത്തോട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുതുബിയെ ക്ഷണിക്കാന്‍ ചെന്ന എകെ കുഞ്ഞറമുട്ടി മുസ്‌ലിയാരോടും കെകെ അബ്ദുല്ല മുസ്‌ലിയാരോടും അദ്ദേഹം ചോദിച്ചത്, ‘എന്താണെടാ ഇത്, ത്വരീഖത്ത് സമ്മേളനമോ? ദീനുല്‍ ഇസ്ലാമില്‍ ത്വരീഖത്ത് സമ്മേളനം നടത്തി പ്രചാരണം ചെയ്യാനുള്ളതാണോ? ത്വരീഖത്ത് ഒരു കച്ചവടമാണെന്നാണോ നിങ്ങള്‍ മനസ്സിലാക്കിയത്’ എന്നാണ്. മഹാന്‍റെ ദീര്‍ഘദൃഷ്ടി പിന്നീട് പുലര്‍ന്നു.

ആത്മീയ നേതാവായി അവരോധിച്ചിരുന്ന നൂരിഷയില്‍ നിന്നു സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ പലതും പില്‍ക്കാലത്ത് ദൃശ്യമായപ്പോള്‍ പ്രസ്തുത ത്വരീഖത്തിനെതിരെ സമസ്തക്ക് തീരുമാനമെടുക്കേണ്ടി വന്നു. 16.12.1974-ന് ചേര്‍ന്ന സമസ്ത മുശാവറ നൂരിഷക്കെതിരെ പ്രമേയം പാസ്സാക്കി. പൊട്യാറ, മാമ്പുഴ എന്നീ സ്ഥലങ്ങളില്‍ നിന്നു വന്ന ചോദ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നൂരിഷാ ത്വരീഖത്തിന്‍റെ പ്രസിദ്ധീകരണങ്ങളും രേഖകളും പരിശോധിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഈ പ്രസ്ഥാനവുമായി അകന്നുനില്‍ക്കാന്‍ സമസ്ത ആഹ്വാനം ചെയ്തു. പ്രസ്തുത തീരുമാനം ലംഘിച്ച ബി കുട്ടിഹസന്‍ ഹാജിയെ സമസ്തയുടെ കീഴ്ഘടകങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുകയുമുണ്ടായി.

21.04.1974-ന് ചേര്‍ന്ന മുശാവറ തീരുമാനം കാണുക: ‘ഒന്ന്: ബി കുട്ടിഹസന്‍ ഹാജിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന പാലക്കാട് ജില്ലാ ഘടകത്തിന്‍റെ പ്രമേയം അംഗീകരിച്ചു’ (60-ാം വാര്‍ഷിക സ്മരണിക, പേ 64).

നൂരിഷയുമായി സ്വലഫുസ്വാലിഹീങ്ങളുടെ കിതാബ് വെച്ച് സംസാരിക്കാന്‍ സമസ്ത ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. അതിനുവേണ്ടി ശൈഖുനാ കാന്തപുരം ഉള്‍ക്കൊള്ളുന്ന ഒരു സമിതി രൂപീകരിച്ചുവെങ്കിലും  നൂരിഷക്കാരുടെ ഒഴിഞ്ഞുമാറ്റം കാരണം ആ ചര്‍ച്ച നടന്നില്ല.

എന്നാല്‍ നൂരിഷ ത്വരീഖത്തില്‍ സമസ്ത പറയുന്നത് പോലുള്ള തകരാറുകളൊന്നുമില്ല എന്ന് സ്വദഖതുല്ല മുസ്‌ലിയാര്‍ പറഞ്ഞതായി അദ്ദേഹത്തിന്‍റെ സംഘടനാ നേതാക്കളും ശിഷ്യന്മാരെന്നവകാശപ്പെടുന്നവരും പ്രചരിപ്പിക്കാറുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്ക് മുമ്പുതന്നെ മുന്‍കാല സമസ്ത നേതാക്കള്‍ മറുപടി നല്‍കിയിട്ടുണ്ട്. കെഎം മാത്തോട്ടം അദ്ദേഹത്തിന്‍റെ ‘തേരുതെളിച്ച നേതാക്കള്‍’ എന്ന കൃതിയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. ‘പണ്ഡിതന്മാരില്‍ പലരും നൂരിഷയുമായി ബൈഅത്ത് ചെയ്തപ്പോള്‍ അതില്‍നിന്നു മാറിനിന്ന മഹാപണ്ഡിതനാണ് കെകെ സ്വദഖതുല്ല മുസ്‌ലിയാര്‍.’

ഇപ്രകാരം തന്നെ ശംസിയ്യ മുതല്‍ ഫോറിന്‍ ത്വരീഖത്ത് വരെ സമസ്ത വിശകലനം ചെയ്യുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തവയാണ്.

എംഇഎസ്

കേരളത്തിലെ പ്രഥമ ബിദഈ സംഘടനയായ കേരള മുസ്‌ലിം ഐക്യസംഘത്തിന്‍റെ മുഖ്യ സംഘാടകനായിരുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍തലമുറക്കാരനായ ഒരു ഡോക്ടറാണ് എംഇഎസ് എന്ന സംഘടന രൂപീകരിച്ചത്. മലബാറിലെ സാമുദായിക രാഷ്ട്രീയ നേതാവു കൂടിയായിരുന്ന ബാഫഖി തങ്ങള്‍ പോലും വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന നിലയില്‍ തുടക്കത്തില്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ ഇസ്ലാമിന്‍റെ കടയ്ക്ക് കത്തിവെക്കുന്ന പ്രവണത എംഇഎസിന്‍റെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ പണ്ഡിതന്മാര്‍ മൗനികളായില്ല. അവരെക്കുറിച്ച് സമസ്ത ബഹുജനങ്ങളെ തെര്യപ്പെടുത്തി. 1970 ഒക്ടോബര്‍ 27-ന് ചേര്‍ന്ന മുശാവറയില്‍ എംഇഎസ്സിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

‘എംഇഎസ് ജേര്‍ണല്‍’ എന്ന അവരുടെ മാസിക പ്രസിദ്ധീകരിച്ച ലേഖനമാണ് നടപടിയെടുക്കാന്‍ ഹേതുവായത്. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് അതില്‍ വന്ന പരാമര്‍ശം ഇസ്ലാമിനെ പറ്റി മറ്റു മതക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമാവുന്നതായിരുന്നു.

അല്ലാഹുവിന്‍റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന എംഇഎസിന്‍റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുസ്‌ലിംകള്‍ ബോധവാന്മാരാവണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എംഇഎസിനോട് പെരുമാറണമെന്നും ഉത്ബോധിപ്പിക്കുന്നതോടൊപ്പം എംഇഎസിന്‍റെ ഇത്തരം അനിസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിംകള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇന്നു ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.’

പ്രസ്തുത തീരുമാനത്തോടെ ബാഫഖി തങ്ങളും അദ്ദേഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയും ബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ ബാഫഖി തങ്ങളുടെ മരണശേഷം 1975-ല്‍ സമസ്ത കര്‍ക്കശമായി വീണ്ടും മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. 6.3.75-നായിരുന്നു അത്:

‘ബഹു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാലത്ത് മാറ്റി നിര്‍ത്തപ്പെട്ടിരുന്നതും മാനാഞ്ചിറ മൈതാനിയില്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ അര്‍ധനഗ്നകളായി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുകയും അതിന് ഇസ്ലാമിക വര്‍ണന നല്‍കുകയും ചെയ്യുക തുടങ്ങിയ അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ വഴി ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എംഇഎസുമായി സഹകരിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാക്കളോട് പ്രത്യേകമായും മുസ്‌ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു.’

ഇതേ മുശാവറയില്‍ തന്നെയാണ് (27.10.1970) മൗലവി ചേകനൂരിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇസ്ലാം ആന്‍റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയെക്കുറിച്ച് തീരുമാനം കൈക്കൊണ്ടത്:

‘ഈ ആശയങ്ങളില്‍ നിന്ന് ഒരുപടി മുന്നോട്ടുപോയ ഇസ്ലാം ആന്‍റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയുടെ ഉദ്ഘാടന യോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്‍റെ ആശയാദര്‍ശങ്ങള്‍ തനി അനിസ്ലാമികവും ഇസ്ലാമിന്‍റെ നാരായവേരിന് കത്തിവെക്കുന്നതാണെന്നും ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് മുസ്‌ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു.’ സമസ്തയുടെ ശക്തമായ ചെറുത്ത്നില്‍പ് കാരണം പ്രസ്തുത സൊസൈറ്റി നാമാവശേഷമായി.

വിദ്യാഭ്യാസ ബോര്‍ഡ്

കേരളത്തിലെ മത വിദ്യാഭ്യാസ ശൈലിയായിരുന്ന ഓത്തുപള്ളിക്ക് മാറ്റം വന്നത് 1951-ല്‍ വടകര സമ്മേളനത്തോടനുബന്ധിച്ച് രൂപീകൃതമായ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രംഗപ്രവേശനത്തോടെയാണ്. സമസ്തയുടെ മുന്‍പ്രസിഡന്‍റായ മര്‍ഹൂം എംഎ ഉസ്താദ് അല്‍ബയാന്‍ രണ്ടാം പുസ്തകം ആറാം ലക്കത്തില്‍ ‘മതവിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനവും പ്രസ്തുത സമ്മേളനത്തില്‍ മൗലാനാ അവതരിപ്പിച്ച പ്രമേയവുമാണ് ഇത്തരമൊരു ബോര്‍ഡ് ചര്‍ച്ചയാവാന്‍ ഹേതുകം.

1951 മാര്‍ച്ച് 24-ന് ചേര്‍ന്ന യോഗത്തില്‍ പറവണ്ണ കെപിഎ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കണ്‍വീനറായി ഒരു സമിതി രൂപീകരിച്ചു. ഇത്തരം മേഖലയില്‍ പരിചയസമ്പന്നനായ പറവണ്ണക്കൊപ്പം എംഎ ഉസ്താദും അതിലുണ്ടായിരുന്നു.

1951 സപ്തംബര്‍ 17-ന് വാളക്കുളത്ത് വിപുലമായ ഒരു പ്രതിനിധി സമ്മേളനം ചേര്‍ന്നു. 37 അംഗങ്ങളാണ് അന്നത്തെ യോഗത്തില്‍ സംബന്ധിച്ചത്. അവരില്‍ എംഎ ഉസ്താദാണ് അവസാനം വഫാതായത്.

ദര്‍സ്-മദ്റസകള്‍ അഭിവൃദ്ധിപ്പെടുത്തുകയും ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക, സ്ഥാപനങ്ങള്‍ക്ക് ഐക്യരൂപം നല്‍കുക, ആവശ്യമായ പാഠ്യപദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുക, അധ്യാപകര്‍ക്ക് ട്രെയ്നിംഗ് നല്‍കുക, മദ്റസകള്‍ ബോര്‍ഡിന്‍റെ കീഴില്‍ അംഗീകരിപ്പിക്കുക, മദ്റസ വിസിറ്റ് ചെയ്യുക എന്നീ തീരുമാനങ്ങളാണ് പ്രഥമ യോഗത്തില്‍ കൈക്കൊണ്ടത്.

നേര്‍ച്ചയിലെ അനാചാരം

1951-ലെ വടകര സമ്മേളനത്തിലെ രണ്ടാം പ്രമേയം നേര്‍ച്ചയിലെ അനാചാരത്തെ കുറിച്ചായിരുന്നു: ‘മഹാത്മാക്കളുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ പെട്ട ഉലമാഇന്‍റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിറുത്തല്‍ ചെയ്തു തല്‍ സ്ഥാനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍ വരുത്താന്‍ തീരുമാനിക്കുകയും ഉപദേശിക്കുകയും ചെയ്തു.’

പണ്ഡിതന്മാരുടെ അറിവോ സമ്മതമോ ഇല്ലാതെയും മഹല്ല് കമ്മിറ്റികളുടെ പങ്കാളിത്തമില്ലാതെയും കേരളത്തിലെ ചില സ്ഥലങ്ങളില്‍ നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന കൂത്താട്ടമാണ് ഇത്തരം പ്രമേയം അംഗീകരിക്കാന്‍ സമസ്തയെ പ്രേരിപ്പിച്ചത്. ഇതിന്‍റെയൊന്നും സത്യാവസ്ഥ മനസ്സിലാക്കാതെ നേര്‍ച്ചയുടെ പേരില്‍ സമസ്തയെ കുതിരകേറുന്ന അല്‍പജ്ഞര്‍ ഇന്നുമുണ്ട്.

ഖാദിയാനികള്‍ക്കെതിരെ

1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച നാലാം പ്രമേയം ഖാദിയാനികളെക്കുറിച്ചാണ്. ‘പഞ്ചാബിലെ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ നബിയെന്നും റസൂലെന്നും വിശ്വസിച്ച് അദ്ദേഹം സ്ഥാപിച്ച നവീന മതമായ അഹ്മദിയ്യത്തില്‍ ബൈഅത്ത് ചെയ്തു ചേരുകയും, അവരില്‍ ചേരാതെയും മീര്‍സയുടെ ദഅ്വത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന സര്‍വ മുസ്‌ലിംകളെയും കാഫിറാക്കി തള്ളി, മുസ്‌ലിംകളുടെ ജുമുഅ നിസ്കാരം, ഇമാമും ജമാഅത്തുമായുള്ള നിസ്കാരം മുതലായതുകളില്‍ പങ്കെടുക്കാതെ മുസ്‌ലിംകളില്‍ നിന്നു വിശ്വാസപരമായും പ്രവൃത്തിപരമായും ഭിന്നിച്ച് ഒരു പ്രത്യേക മതസ്ഥരായി കഴിഞ്ഞുകൂടുകയും ചെയ്യുന്ന അഹ്മദിയാക്കളെന്നും ഖാദിയാനികളെന്നും അറിയപ്പെടുന്നവരെ, അവര്‍ മുസ്‌ലിംകളല്ലെന്ന കാരണത്താല്‍ 1931 ആഗസ്ത് 22,23 തിയ്യതികളില്‍ തലശ്ശേരിയില്‍ വെച്ച് കൂടിയ കേരള മുസ്‌ലിം കോണ്‍ഫറന്‍സില്‍ പ്രവേശനം നിരോധിച്ചതിന് കേരള മുസ്‌ലിം മജ്ലിസ് പ്രവര്‍ത്തകന്മാരുടെ ഉചിതവും ഇസ്ലാമികവുമായ പ്രവൃത്തിയെ ഈ യോഗം അഭിനന്ദിക്കുകയും ഇന്ത്യയില്‍ പല സ്ഥലത്തും കണ്ണൂരിലും ഖാദിയാനികളെ സമുദായ ബഹിഷ്കരണം ചെയ്തു. കോടതികളില്‍ നിന്നു ഖാദിയാനികളെന്നും അഹ്മദിയാക്കളെന്നുമുള്ള പേരിനാല്‍ അറിയപ്പെടുന്നവര്‍ മുസ്‌ലിംകളില്‍ പെട്ടവരല്ലെന്നവിധിയുണ്ടായിട്ടുള്ളതും കേരള മുസ്‌ലിംകളെ ഈ യോഗം അനുസ്മരിപ്പിക്കുകയും ഖാദിയാനികള്‍ അവരുടെ പിഴച്ച വിശ്വാസം മൂലവും ആചാരം മൂലവും ഇസ്ലാമില്‍ പെട്ടവരല്ലെന്ന് ശറഇന്‍റെ അഹ്കാമുകളെ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കയാല്‍ അവരെ സമുദായ ബഹിഷ്കരണം ചെയ്യേണ്ടതും അവര്‍ക്ക് പെണ്ണ് കൊടുക്കുകയോ മുസ്‌ലിംകളുടെ ശ്മശാനത്തില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യുകയോ മുസ്‌ലിം പള്ളികളില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈ യോഗം തീര്‍ച്ചപ്പെടുത്തുകയും അതാതു ദേശത്തെ ഖാളിമാര്‍ ഈ തീര്‍പ്പിനെ മഹല്ലുകളില്‍ നിയമാനുസരണം നടപ്പില്‍ വരുത്തണമെന്നു ഈ യോഗം കേരളത്തിലെ ഖാളിമാരോട് അപേക്ഷിക്കുകയും ചെയ്യുന്നു. അവതാരകന്‍: പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂര്‍, അനുവാദകന്‍: മൗലവി എപി അഹ്മദ്കുട്ടി സാഹിബ് പാങ്ങ്.’

ഖാദിയാനികള്‍ ഇസ്ലാമിനു പുറത്താണെന്ന് തീരുമാനം പറഞ്ഞ ലോകത്തെ ആദ്യത്തെ മതസംഘടന സമസ്തയാണ്. പിന്നീട് പാകിസ്താന്‍ ഗവണ്‍മെന്‍റും അവര്‍ക്കെതിരെ തീരുമാനമെടുക്കുകകയുണ്ടായി. കേരളത്തിലെ ബിദഈ പ്രസ്ഥാനങ്ങളായ മുജാഹിദുകളും മൗദൂദികളും ഏറെ കാലം കഴിഞ്ഞ് സമസ്തയുടെ ലൈനിലേക്കു വന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ മുത്തനൂരില്‍ മരിച്ച ഒരു ഖാദിയാനി മൊല്ലയുടെ വിഷയത്തില്‍ പ്രസ്തുത രണ്ടു പ്രസ്ഥാനക്കാരും സമസ്തയെയും അഹ്ലുസ്സുന്നയെയും കരിവാരിത്തേക്കാനാണ് ശ്രമിച്ചത് (മുജാഹിദ് സമ്മേളന സുവനീര്‍ 1982, പ്രബോധനം സ്പെഷ്യല്‍ ലക്കം 1998 കാണുക).

എസ് വൈ എസ് രൂപീകരണ പ്രമേയം

1945 മെയ് 27-ന് കാര്യവട്ടത്ത് ചേര്‍ന്ന സമ്മേളനത്തില്‍ പാറോല്‍ ഹുസൈന്‍ സാഹിബും റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാരും അവതരിപ്പിച്ച പ്രമേയത്തിലാണ് എസ് വൈ എസ് രൂപീകരണത്തെ കുറിച്ച് ആദ്യ ചര്‍ച്ച വരുന്നത്. പ്രസ്തുത സമ്മേളനത്തിലെ രണ്ടാം പ്രമേയമായിരുന്നു അത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടനാ പ്രവര്‍ത്തനം വിപുലമാക്കാനായി ഇശാഅത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ആമില സംഘം (ഈ സംഘാംഗങ്ങള്‍ ആലിമുകളാവണമെന്നില്ല. ശരിയായ സുന്നികള്‍ ആയാല്‍ മതി.) രൂപീകരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.

പ്രസ്തുത പ്രമേയത്തിന്‍റെ വെളിച്ചത്തില്‍ 1954 ഏപ്രില്‍ 25-ന് താനൂരില്‍ നടന്ന സമസ്ത 20-ാം വാര്‍ഷിക സമ്മേളനത്തില്‍ പറവണ്ണയുടെയും പതിയുടെയും പ്രസംഗങ്ങളാണ് അതേ സമ്മേളനത്തില്‍ തന്നെ യുവജനസംഘം എന്ന ബഹുജന സംഘത്തിന് അടിത്തറ പാകിയത്. കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ വെച്ചാണ് ഇത് രൂപീകരിച്ചത്. ബി കുട്ടി ഹസന്‍ ഹാജി പ്രസിഡന്‍റും കെഎം മാത്തോട്ടം ജനറല്‍ സെക്രട്ടറിയുമായി. 1961-ലെ കക്കാട് സമ്മേളനത്തില്‍ വെച്ച് സമസ്തയുടെ കീഴ്ഘടകമായി പ്രഖ്യാപനമുണ്ടായി.

സമ്മേളനം മുടക്കികള്‍ക്കെതിരെ

1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ നടന്ന സമസ്ത സമ്മേളനം മുടക്കാന്‍ വഹാബി നേതാക്കള്‍ അയച്ച വക്കീല്‍ നോട്ടീസിന്‍റെ പശ്ചാത്തലത്തില്‍ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരും പി കുഞ്ഞിമൊയ്തു മൗലവിയും അവതരിപ്പിച്ച പ്രമേയം ശ്രദ്ധേയമാണ്. 1926-ല്‍ രൂപീകരിച്ച് സമ്മേളനം നടത്തിവന്ന സംഘത്തെ ഒരു വക്കീല്‍ നോട്ടീസിലൂടെ ഭയപ്പെടുത്താനും തളര്‍ത്താനുമാണ് വഹാബികള്‍ ശ്രമിച്ചത്. മുജാഹിദ് നേതാവായ എന്‍ മമ്മു മൗലവി പറഞ്ഞത് പ്രകാരം കോഴിക്കോട്ടെ അഡ്വ. കെകെ പോക്കരാണ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് നോട്ടീസ് അയച്ചത്. സമ്മേളനം നടക്കുകയാണെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമ്മേളനം നിര്‍ത്തിവെക്കാന്‍ പറയാന്‍ കേരള ജംഇയ്യത്തുല്‍ ഉലമക്ക് എന്തു അധികാരമാണുള്ളത് എന്നു മറുപടി കൊടുത്തപ്പോള്‍ മുജാഹിദ് മൗലവിമാരും വക്കീലും മാളത്തിലേക്ക് വലിഞ്ഞു.

1926-ല്‍ സ്ഥാപിച്ച് ഇതേവരെ ക്രമപ്രകാരം നടത്തിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആറാമത്തെ വാര്‍ഷിക യോഗം ഫറോക്കില്‍ വെച്ച് ഈ മാര്‍ച്ച് 5-ാം തിയ്യതി (1933) നടത്തുവാന്‍ മുന്‍കൂട്ടി വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുകയും ഫെബ്രുവരി 20-ന് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന് ശേഷം ഫെബ്രുവരി 25-ന് ഈ സംഘത്തിന്‍റെ സ്ഥിതിക്കും പ്രവര്‍ത്തികള്‍ക്കും വിഘ്നം വരുത്തുവാനും മറ്റും എന്‍ മമ്മു മൗലവിയും കൂട്ടുകാരും ചെയ്തിട്ടുള്ള ശ്രമങ്ങളെ ഈ യോഗം വെറുക്കുകയും മേപ്പടി മമ്മു മൗലവിക്ക് വേണ്ടി അഡ്വ. കെകെ പോക്കര്‍ അവര്‍കള്‍ മാര്‍ച്ച് ഒന്നിന് ശിഹാബുദ്ദീന്‍ അബുസ്സആദാത്ത് അഹ്മദ് കോയ മൗലവി അവര്‍കള്‍ക്കയച്ച റജിസ്റ്റര്‍ നോട്ടീസില്‍ ഈ യോഗം പ്രതിഷേധിക്കുകയും ഈ സംഗതിയില്‍ നിയമാനുസൃതം വേണ്ടത് പ്രവര്‍ത്തിക്കുവാന്‍ താഴെ പറയുന്ന കമ്മറ്റിയെ തെരഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്യുന്നു. അവതാരകന്‍: പി കുഞ്ഞിമൊയ്തു മൗലവി (വാഴക്കാട് ദാറുല്‍ ഉലൂം മദ്റസ, സെക്രട്ടറി). അനുവാദകന്‍ എപി അഹ്മദ്കുട്ടി മൗലവി (താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസ, പ്രിന്‍സിപ്പല്‍ & മാനേജര്‍). ഫറോക്ക് സമ്മേളനത്തിലെ ഒന്നാം നമ്പര്‍ പ്രമേയമാണിത്.

മുസ്‌ലിം ലീഗ് 1975-ല്‍ രണ്ടായി പിരിഞ്ഞതിന്‍റെ അലയൊലികള്‍ സമസ്തയുടെ കീഴ്ഘടകങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു പ്രസ്തുത സ്ഥാപനത്തിന്‍റെ മുഖ്യ ശില്‍പിയും സമസ്തയുടെ ജനറല്‍ സെക്രട്ടറിയുമായ ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാരെ പുറത്താക്കുകയുമുണ്ടായി. ഇതു സംബന്ധിച്ച് സമസ്ത മുശാവറ ചേരുകയും കോളേജ് കമ്മിറ്റിയെ ചില കാര്യങ്ങള്‍ ധരിപ്പിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. അത് ഒരു പ്രമേയ രൂപത്തിലായിരുന്നു. സമസ്ത മുശാവറയുടെ അറിവോ സമ്മതമോ ഇല്ലാതെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉസ്താദുമാരെ നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുത് എന്നായിരുന്നു പ്രമേയം. ഇത് കോളേജ് കമ്മിറ്റിയെ അറിയാന്‍ മുശാവറ അധികാരപ്പെടുത്തിയ ഉള്ളാള്‍ തങ്ങള്‍, എംഎ ഉസ്താദ്, കൊയ്യോട് മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ജാമിഅ നൂരിയ്യ കോളേജ് കമ്മിറ്റി മീറ്റിംഗില്‍ സംബന്ധിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

1930-ന് (മണ്ണാര്‍ക്കാട്) മുതല്‍ 1985 (കോഴിക്കോട്) വരെ പത്ത് വാര്‍ഷിക സമ്മേളനങ്ങളിലായി അമ്പതിലേറെ പ്രമേയങ്ങളും നിരവധി തീരുമാനങ്ങളും സമസ്ത കൈക്കൊണ്ടിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്‍റെ ആധികാരിക ശബ്ദം എന്ന നിലയില്‍ നിരവധി പൊതു പ്രശ്നങ്ങളിലും സമസ്ത ഇടപെട്ടു.

1945 ആഗസ്ത് ഒന്നിന് ചേര്‍ന്ന യോഗത്തിന്‍റെ നാലാമത്തെ തീരുമാനം:

‘മിസ്റ്റര്‍ അബുല്‍ കലാം ആസാദ് ഫലസ്തീന്‍ ദിനത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിനിധി എന്ന് നിലയില്‍ മുസ്‌ലിംകളുടെ മദ്ഹബുകള്‍ ഒന്നാക്കിത്തീര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യം താന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചതിനെതിരില്‍ പ്രതിഷേധം രേഖപ്പെടുത്തി.’

അഞ്ചാമത്തെ തീരുമാനം:

‘മതവിദ്യാഭ്യാസത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താനും അതിന് പ്രത്യേക നിയമമുണ്ടാക്കി നടപ്പില്‍ വരുത്താനും എംഎല്‍എമാര്‍ ശ്രമിച്ചു വരുന്നതായി അറിഞ്ഞപ്പോള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെയും ആധികാരിക സംഘടനയായ സമസ്തയുടെ സഹകരണത്തോടെയല്ലാതെ മതവിദ്യാഭ്യാസ പരിഷ്കരണത്തിന് പുതിയ നിയമമുണ്ടാക്കരുതെന്ന് ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിച്ചു.’

കോഴിക്കോട് ടൗണ്‍ഹാളില്‍ 1950 ഏപ്രില്‍ 29-ന് ചേര്‍ന്ന ആര്‍എസ്എസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ യോഗത്തില്‍ മുസ്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താനക്കെതിരെ പ്രതിഷേധ പ്രമേയം പാസ്സാക്കി.

മിസ്റ്റര്‍ ദേവയുടെ സഹായത്തില്‍ വിരചിതമായതും മദ്രാസ് ഗവണ്‍മെന്‍റ് പാഠപുസ്തകമായി അംഗീകരിച്ചതുമായ സാമൂഹിക ശാസ്ത്രം ഒന്നാം പുസ്തകത്തില്‍ ഇസ്ലാം മതത്തെയും അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ)യെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ അമര്‍ഷം രേഖപ്പെടുത്തുകയും പ്രസ്തുത ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.’

ശരീഅത്ത്, വിവാഹ പ്രായപരിധി, സിവില്‍കോഡ് തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ സമസ്ത അതിന്‍റെതായ പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്‍റെ മതപരവും സാമൂഹികവുമായ നന്മ ലക്ഷ്യംവെച്ചുള്ളതായിരുന്നു. സമസ്തയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളുമെന്ന് ചുരുക്കം.

(അവസാനിച്ചു)

പ്രമേയങ്ങള്‍-2/ആലിക്കുട്ടി സഖാഫി മടവൂര്‍

Exit mobile version