ആദര്‍ശ ചരിത്ര ശില്പശാലകള്‍

ഇസ്‌ലാമിന്റെ ഋജുവായ സരണിയാണ് സുന്നത്ത് ജമാഅത്ത് എന്നത്. ഇസ്‌ലാമിനെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തവരാണ് അഹ്ലുസ്സുന്ന അഥവാ സുന്നികള്‍. മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിക്കുകയും പ്രവാചക ചര്യകള്‍ നേരിലനുഭവിക്കുകയും ചെയ്ത സച്ചരിതരാണ് സ്വഹാബികള്‍. അവരിലൂടെ ദീന്‍ പഠിക്കുമ്പോള്‍ മാത്രമാണ് നാം തനിമയായ ഇസ്‌ലാമിലെത്തിച്ചേരുന്നത്.

പാരമ്പര്യത്തെയും പ്രമാണങ്ങളെയും തള്ളി ദീനില്‍ പരിഷ്കരണ വാദങ്ങള്‍ ഉയര്‍ത്തിയ ബിദ്അത്തുകാര്‍ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരും ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരുമാണെന്ന് പ്രഖ്യാപിക്കുന്നു. ഇതിലൂടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വികൃതമാക്കുകയാണിവര്‍. ഇസ്‌ലാമിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കളങ്കപ്പെടുത്തുന്ന ബിദഈ നീക്കങ്ങളെ എന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ട്, പ്രതിരോധിച്ചിട്ടുമുണ്ട്.

പുതിയ സമൂഹത്തിലും ഈ സത്യം തുറന്നുകാണിക്കാന്‍ കഴിയണം. അതിനായി വ്യാപകമായ ആദര്‍ശ പ്രചാരണങ്ങള്‍ നടക്കണം. എസ്.വൈ.എസ് അറുപതാം വാര്‍ഷികം ഇതിന് കളമൊരുക്കുകയാണ്. ആദര്‍ശ പ്രചാരണമാണ് വാര്‍ഷിക പരിപാടികളിലെ മുഖ്യ അജണ്ട. അതിന് വ്യവസ്ഥാപിതവും ഫലപ്രദവുമായ പദ്ധതികള്‍ ആവിഷ്കിക്കുകയും എല്ലാ ഘടകങ്ങള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

പൊതു പ്രചാരണ പരിപാടികളിലേക്കിറങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകരിലെ ആദര്‍ശ പഠനമാണ് ഒന്നാം ഘട്ടം. ഒക്ടോബറില്‍ എല്ലാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും ആദര്‍ശചരിത്ര പഠനം ലക്ഷ്യമിട്ടാണ് സര്‍ക്കിള്‍തല ശില്‍പശാലകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യൂണിറ്റിലെ പ്രവര്‍ത്തകരെയും അനുഭാവികളെയും പ്രത്യേക രജിസ്റ്ററില്‍ പേര് ചേര്‍ത്ത് കൃത്യമായി സംഘടിപ്പിക്കണം. ഇതിന് യൂണിറ്റ് കമ്മിറ്റികളും സര്‍ക്കിള്‍ ഭാരവാഹികളും കൂട്ടമായി പ്രവര്‍ത്തിക്കുക. ഇതിലൂടെ 10 ലക്ഷം ജനങ്ങള്‍ക്ക് ആദര്‍ശബോധം സാധ്യമാകും.

ഈ പഠനം 5 മണിക്കൂര്‍ സമയം നീണ്ടുനില്‍ക്കുന്ന ഒരു കോഴ്സാണ്. പഠനവും വിശകലനവും സംവാദവും പാഠശാലയില്‍ നടക്കും. നമ്മുടെ വിശ്വാസവും ആദര്‍ശവും സംരക്ഷിക്കുന്നതിന്റെ ഭാഗമാണിത്. ഇതിനെ ഒരു പോരാട്ടമായി ഓരോ പ്രവര്‍ത്തകനും ഏറ്റെടുക്കണം. ഗൈഡിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ലക്ഷ്യബോധത്തോടെ ആദര്‍ശ പ്രചാരണത്തിനിറങ്ങുക. പാഠശാലകള്‍ കാര്യക്ഷമതയോടെ സംഘടിപ്പിക്കുകയും ചെയ്യുക.

Exit mobile version