ആമീന്‍ പ്രാര്‍ത്ഥനയുടെ കസ്തൂരി മുദ്ര

പ്രവാചകര്‍(സ്വ) പറഞ്ഞു: “ആമീന്‍ പറയുന്നതിന്റെ പേരിലുള്ളയത്ര അസൂയ മറ്റൊരു വിഷയത്തിലും ജൂതര്‍ക്ക് നിങ്ങളോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ വര്‍ധിപ്പിക്കുക (ഇബ്നുമാജ). ആമീന്‍ എന്നതിന് നിരവധി അര്‍ത്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “ആമീന്‍ എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ തിരുനബി(സ്വ)യോട് അന്വേഷിച്ചു. നീ പ്രവര്‍ത്തിക്കണം എന്നാണെന്ന് റസൂല്‍(സ്വ) മറുപടി പറഞ്ഞു’’.
അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ട ഒരു നാമമാണ് ആമീന്‍ എന്നാണ് മുജാഹിദ് (റ) പഠിപ്പിക്കുന്നത്. “നിനക്കല്ലാതെ മറ്റാര്‍ക്കും ഇതിന് സാധ്യമല്ല’’ എന്ന് സഹ്ല്‍(റ). “ഞങ്ങളെ നിരാശപ്പെടുത്തരുതേ’’ എന്ന് ഇമാം തുര്‍മുദി(റ) രേഖപ്പെടുത്തി. “അര്‍ശില്‍ സൂക്ഷിച്ചിട്ടുള്ള നിധികളില്‍ ഒന്നാണ് ആമീന്‍. അതിന്റെ കൃത്യമായ വിശദീകരണം അല്ലാഹുവിന് മാത്രമേ അറിയൂ’’ എന്നാണ് അബ്ദുറഹ്മാനുബ്നു സൈദ്(റ)വിന്റെ വിശദീകരണം.
പ്രാര്‍ത്ഥനക്കുള്ള പിന്തുണയും കാരുണ്യത്തിനു വേണ്ടിയുള്ള യാചനയുമാണ് ആമീന്‍ എന്നു ചുരുക്കം. ഞങ്ങള്‍ നിന്നെ ലക്ഷ്യം വെച്ചവരാണ്. നിന്നെ ലക്ഷ്യമാക്കിയവര്‍ പരാജയപ്പെടില്ല. അല്ലാഹുവേ, നീ ഉത്തരം ചെയ്യേണമേ. ഞങ്ങള്‍ നിന്നോട് പ്രാര്‍ത്ഥിക്കുന്നു. ആമീന്‍ സ്വര്‍ഗത്തിലെ ഒരു പദവിയാണ്, ആമീന്‍ പറയുന്നവര്‍ക്ക് നിര്‍ബന്ധമായും പ്രസ്തുത പദവി ലഭിക്കുന്നതാണ് എന്നിങ്ങനെയും ആമീനിന്റെ ഭാഷാര്‍ത്ഥം രേഖപ്പെടുത്തിയിട്ടുണ്ട്. ആമീന്‍ എന്ന പദം അടിസ്ഥാനപരമായി അറബിയാണോ അല്ലയോ എന്ന് അഭിപ്രായ ഭിന്നത നിലനില്‍ക്കുമ്പോഴും സമൂഹ പ്രാര്‍ത്ഥനയെന്ന നിലയില്‍ അത് പ്രസിദ്ധമാണ്. അതില്‍ പക്ഷാന്തരമില്ല.
“സര്‍വലോക പരിപാലകനായ അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് ആപത്തുകളില്‍ നിന്നും സംരക്ഷണം ഏര്‍പ്പെടുത്തുന്ന മുദ്രയാണ് ആമീന്‍’’ എന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. “ആമീന്‍’’ നാല് അക്ഷരങ്ങളാണ്. അവയില്‍ ഓരോ അക്ഷരം നിമിത്തമായി ഓരോ മലക്കുകളെ സൃഷ്ടിച്ചിട്ടുണ്ട്. ആമീന്‍ പറയുന്നവര്‍ക്ക് നീ മാപ്പ് നല്‍കണം അല്ലാഹ് എന്ന് അവരോരോരുത്തരും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.
തിരുനബി(സ്വ)യുടെയും ഉമ്മത്തിന്റെയും സവിശേഷതകളില്‍ പ്രധാനമായ ഒന്നാണ് ആമീന്‍. റസൂല്‍(സ്വ) പറഞ്ഞു: “മൂന്ന് കാര്യങ്ങള്‍ എനിക്ക് പ്രത്യേകമായി നല്‍കപ്പെട്ടതാണ്. ജമാഅത്ത് നിസ്കാരങ്ങളില്‍ അണിയായി (സ്വഫ്ഫായി) നില്‍ക്കല്‍, സ്വര്‍ഗവാസികളുടെ അഭിവാദ്യ വചനമായ സലാം പറയല്‍, ആമീന്‍ എന്നിവയാണവ. എനിക്ക് മുന്പ് കഴിഞ്ഞ പ്രവാചകന്‍മാര്‍ക്കാര്‍ക്കും അവ നല്‍കപ്പെട്ടിട്ടില്ല. മൂസാനബി(അ) ദുആചെയ്തപ്പോള്‍ ഹാറൂന്‍ നബി(അ) ആമീന്‍ പറഞ്ഞു എന്നതൊഴികെ’’.
“രക്ഷിതാവേ, നീ ഫിര്‍ഔനിനും അവന്റെ ജനതക്കും ഭൗതിക ആഢംബരങ്ങളും സമ്പത്തും നല്‍കിയിട്ടുണ്ട്, അത് നിമിത്തമായി അവര്‍ വഴിപിഴക്കുകയും ചെയ്തു. വേദനാ ജനകമായ ശിക്ഷ അവര്‍ നേരില്‍ കണ്ടാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ലെന്നത് തീര്‍ച്ചയാണ്. അതിനാല്‍ അവരുടെ സ്വത്ത് നീ നശിപ്പിക്കുകയും ഹൃദയങ്ങളെ ബന്ധിക്കുകയും ചെയ്യേണമേ’’ (വി.ഖു 10/88). ഇതായിരുന്നു ഹാറൂന്‍ നബി(അ) ആമീന്‍ പറഞ്ഞ മൂസാ നബി(അ)ന്റെ പ്രാര്‍ത്ഥന.
ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന സമൂഹ പ്രാര്‍ത്ഥന ഒരാളുടെതായല്ല. ഓരോരുത്തരുടെയും പ്രാര്‍ത്ഥനയായിട്ടാണ് അല്ലാഹു ഗണിക്കുക. അതിനാലാണ് മൂസാ(അ) പ്രാര്‍ത്ഥിച്ച് ഹാറൂന്‍(അ) ആമീന്‍ പറഞ്ഞതിനെക്കുറിച്ച് “നിങ്ങളുടെ രണ്ട് പേരുടെയും പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നു’’ എന്ന് പരിശുദ്ധ ഖുര്‍ആന്‍ (10/89)പരാമര്‍ശിച്ചത്.
സമൂഹ പ്രാര്‍ത്ഥനയുടെ ഉപാധിയായ ആമീനിന്റെ വര്‍ധനവ് സമൂഹ പ്രാര്‍ത്ഥന വര്‍ധിപ്പിക്കുന്നതിലൂടെയാണല്ലോ സാക്ഷാല്‍ക്കരിക്കപ്പെടുക. തിരുനബി(സ്വ)യുടെ സവിശേഷതകളില്‍ ഒന്നാണ് ആമീന്‍ എന്ന് ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നു. സത്യപ്രവാചകന്റെയും അനുയായികളുടെയും പരസ്യമായ അടയാളമായതിനാലാണ് ആമീന്‍ ജൂതന്മാര്‍ക്ക് അസഹ്യമായത്. താബിഉകളില്‍ പ്രധാനിയായ മുജാഹിദ്(റ) പറഞ്ഞു: “പള്ളിയില്‍ സമൂഹ പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് അതുവഴി കടന്നുപോയ ഒരു ജൂതന്‍ വിളിച്ചു പറഞ്ഞു: നിങ്ങള്‍ക്ക് ആമീന്‍ പഠിപ്പിച്ചു തന്ന അല്ലാഹു തന്നെ സത്യം, നിങ്ങള്‍ സത്യമതത്തിന്റെ വക്താക്കളാണ്’’ (അഹ്മദുല്‍ ബൂസ്വീരി, ഇത്ഹാഫ്/1254).
ആമീന്‍ പറഞ്ഞ് കൂട്ടപ്രാര്‍ത്ഥന നടത്തുന്നതിന് അനവധി മഹത്ത്വങ്ങളുണ്ട്. തിരുനബി(സ്വ) പറഞ്ഞു: “നിസ്കാരത്തില്‍ ഇമാം ഫാതിഹയില്‍ നിന്ന് വിരമിച്ച് ആമീന്‍ പറയുമ്പോള്‍ പിന്നില്‍ നിസ്കരിക്കുന്നവരും ആമീന്‍ പറയുക. എങ്കില്‍ ആകാശത്തിലുള്ള മലക്കുകളുടെയും ഭൂമിയിലുള്ള മനുഷ്യരുടെയും കൂട്ടായ ആമീന്‍ നിമിത്തം അവരുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഇമാം ഫാത്തിഹയില്‍ നിന്നും വിരമിച്ച് ആമീന്‍ പറയുമ്പോള്‍ നിങ്ങളും ഒപ്പം ആമീന്‍ പറയുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്.’’
കൂട്ടമായിട്ടല്ലാതെ ഏകനായി നടത്തുന്ന പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ പ്രാര്‍ത്ഥിച്ചയാള്‍ തന്നെ ആമീന്‍ പറയണം. അബൂ സുഹൈരിന്നുമൈരി(റ) എന്ന സ്വഹാബി ആരെങ്കിലും ദുആ ഇരക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ “ആമീന്‍ പറഞ്ഞ് ദുആ പൂര്‍ത്തീകരിക്കുക, ആമീന്‍ പ്രാര്‍ത്ഥനയുടെ മുദ്രയാണ്’’ എന്ന് ഉപദേശിക്കുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുകയും ചെയ്യും: “ഒരു രാത്രിയില്‍ തിരുനബി(സ്വ)യോടൊപ്പം പോയപ്പോള്‍ ഒരാളെ കാണാനിടയായി. അദ്ദേഹം ആവര്‍ത്തിച്ച് ദുആ ഇരക്കുകയായിരുന്നു. തിരുനബി(സ്വ) പറഞ്ഞു: “മുദ്ര വെക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു: എങ്ങനെയാണ് നബിയേ പ്രാര്‍ത്ഥനയ്ക്ക് മുദ്രവെക്കുക? ആമീന്‍ പറഞ്ഞെന്ന് മറുപടി’’ (അബൂദാവൂദ്).
തിരുനബി(സ്വ) പറഞ്ഞു: “സൂറത്തുല്‍ ഫാതിഹ ഓതിയവന്‍ ആമീന്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മാലാഖമാര്‍ മുഴുവനും അവന് പാപമോചന പ്രാര്‍ത്ഥന നടത്തുന്നതാണ്.’’ നിസ്കാരത്തില്‍ ഫാത്തിഹ ഓതിത്തീര്‍ന്ന തിരുനബി(സ്വ) മൂന്ന് തവണ ആമീന്‍ പറഞ്ഞതായി വാഇലുബിന്‍ ഹുജ്ര്‍(റ) പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ ബഖറയിലെ അവസാന സൂക്തത്തിലുള്ള പ്രാര്‍ത്ഥനാ വാക്യങ്ങള്‍ (ആമനര്‍റസൂല്‍) പാരായണം ചെയ്താല്‍ മുആദ്(റ), ജുബൈര്‍(റ) എന്നിവര്‍ ആമീന്‍ പറയുമായിരുന്നു.
മറ്റൊരാളുടെ ദുആ കേട്ടയാള്‍ ആമീന്‍ പറയേണ്ടതുണ്ട്. അനസ്(റ)വിന്റെ മാതാവ് ഉമ്മുസുലൈം(റ) ഒരിക്കല്‍ തിരുനബി(സ്വ)യെ സന്ദര്‍ശിക്കാന്‍ വന്നു. അല്ലാഹു തആല സ്വര്‍ഗത്തിലെ റഫീഖുല്‍ അഅ്ലായില്‍ അങ്ങയോടൊപ്പം എന്നേയും പ്രവേശിപ്പിക്കട്ടെ എന്ന് അവര്‍ തിരുസന്നിധിയില്‍ വെച്ച് ദുആ ഇരന്നു. തിരുനബി(സ്വ) ആമീന്‍ പറഞ്ഞു. ഏഴ് പ്രാര്‍ത്ഥനകള്‍ ഉള്‍കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍ 2/286ാം വചനം ജിബ്രീല്‍(അ) തിരുനബി(സ്വ)യ്ക്ക് പാരായണം ചെയ്ത് കൊടുത്തപ്പോള്‍ ഓരോന്നിനും അവിടുന്ന് ആമീന്‍ പറയുകയുണ്ടായി.
ഒരിക്കല്‍ ഖുതുബക്കായി മിമ്പറിന്റെ ഒന്നാമത്തെ പടികയറിയപ്പോള്‍ തിരുനബി(സ്വ) ആമീന്‍ പറഞ്ഞു. രണ്ടും മൂന്നും പടികള്‍ കയറിയപ്പോഴും റസൂല്‍(സ്വ) ആമീന്‍ പറഞ്ഞു. സ്വഹാബത്ത് പിന്നീട് ചോദിച്ചു: “റസൂലേ, മിമ്പറില്‍ കയറുമ്പോള്‍ മൂന്ന് തവണ അങ്ങ് ആമീന്‍ പറഞ്ഞുവല്ലോ’’. തിരുനബി(സ്വ) വിശദീകരിച്ചു: എന്റെ മുമ്പിലായി ജിബ്രീല്‍ (അ) മിമ്പറില്‍ കയറുന്നുണ്ടായിരുന്നു. ഒന്നാമത്തെ പടികയറിയപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: മാതാപിതാക്കള്‍ക്ക് സേവനം ചെയ്ത് മോക്ഷം കരസ്ഥമാക്കാത്തവനെ അല്ലാഹു കാരുണ്യത്തില്‍ നിന്ന് വിദൂരത്താക്കട്ടെ. ഈ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയാന്‍ ജിബ്രീല്‍(അ) എന്നോട് കല്‍പ്പിച്ചു. അപ്പോഴാണ് ഞാന്‍ ആദ്യം ആമീന്‍ പറഞ്ഞത്. രണ്ടാമത്തെ പടി കയറി ജിബ്രീല്‍ (അ) പറഞ്ഞു: വിശുദ്ധ റമളാനില്‍ നോമ്പനുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്ത് നിസ്കരിക്കുകയും ചെയ്തെങ്കിലും മോക്ഷം നേടാത്തവനെ അല്ലാഹു വിദൂരത്താക്കട്ടെ. ഈ പ്രാര്‍ത്ഥനയ്ക്കും ആമീന്‍ പറയാന്‍ എന്നോട് കല്‍പ്പിച്ചു. അപ്പോഴാണ് ഞാന്‍ രണ്ടാം ആമീന്‍ പറഞ്ഞത്. മൂന്നാമത്തെ പടി കയറിയ ശേഷം ജിബ്രീല്‍(അ) പറഞ്ഞു: അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനെ അല്ലാഹു വിദൂരത്തക്കട്ടെ! ഈ പ്രാര്‍ത്ഥനയ്ക്കും ആമീന്‍ പറയാന്‍ എന്നോട് കല്‍പ്പിച്ചു. അപ്പോഴാണ് ഞാന്‍ മൂന്നാം ആമീന്‍ പറഞ്ഞത്.
സൈദുബ്നു സാബിത്ത്(റ)നെ സമീപിച്ച് ഒരാള്‍ ഒരു മസ്അല(മതവിധി) ചോദിച്ചു. എന്നാല്‍ അദ്ദേഹം അതിന് മറുപടി നല്‍കാതെ അബൂഹുറൈറ(റ)വിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശത്തിന് കാരണമായി സൈദ്(റ) വിശദീകരിച്ചു: “ഞാനും അബൂഹുറൈറയും മറ്റൊരാളും കൂടി പള്ളിയില്‍ ഇരുന്ന് അല്ലാഹുവിനോട് ദുആ ഇരക്കുകയും ദിക്റ് ചൊല്ലുകയും ചെയ്യുന്നതിനിടയ്ക്ക് തിരുനബി(സ്വ) അവിടെ വന്നു. ഞങ്ങളോടൊപ്പം ഇരുന്നു. ശേഷം തിരുനബി(സ്വ) ദുആയും ദിക്റും ആവര്‍ത്തിക്കാന്‍ ഞങ്ങളോടാവശ്യപ്പെട്ടു. ഞാനും കൂടെയുണ്ടായിരുന്ന മൂന്നാമനും ദുആ ഇരന്നു. തിരുനബി(സ്വ) ഞങ്ങള്‍ ഓരോരുത്തരുടെയും ദുആയ്ക്ക് ആമീന്‍ പറഞ്ഞു. ശേഷം അബൂഹുറൈറ(റ)വിന്റെ ഊഴമായി. നിന്റെ സ്നേഹിതന്‍ നിന്നോട് ചോദിച്ച എല്ലാ കാര്യങ്ങളും ഞാനും നിന്നോട് ചോദിക്കുന്നു. അതിലുപരിയായി ഒരിക്കലും മറന്ന് പോകാത്ത വിജ്ഞാനവും ഞാന്‍ നിന്നോട് ചോദിക്കുന്നു’’ എന്ന് അബൂഹുറൈറ(റ) പ്രാര്‍ത്ഥിക്കുകയും നബി(സ്വ) അതിന് ആമീന്‍ പറയുകയും ചെയ്തു. ഈ പ്രാര്‍ത്ഥന കേട്ട ഞങ്ങള്‍ ഒരിക്കലും മറന്ന് പോകാത്ത വിജ്ഞാനം ഞങ്ങള്‍ക്കും വേണം നബിയേ എന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് മുന്പ് അബൂഹുറൈറ(റ) അത് കരസ്ഥമാക്കിപ്പോയി എന്ന് നബി(സ്വ) മറുപടി നല്‍കി (അല്‍ഇസ്വാബ).
(തുടരും)

ഹദീസ്പാഠം/എഎ ഹകീം സഅദി

Exit mobile version