ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?

?? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക, കണ്ടിടത്ത് വെച്ച് നിങ്ങൾ അവരെ കൊല്ലുക തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം. ഇതിന് എന്ത് മറുപടിയാണുള്ളത്? ഇതൊക്കെ തീവ്രവാദപരമല്ലേ?

??? നിയമ പുസ്തകത്തിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിന്റെ പബ്ലിക് പ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി അടിവസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം ഒരു സ്‌കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച് ‘ഇയാൾ എത്ര പ്രാകൃതൻ’ എന്ന് അലമുറയിടുന്നതിന്റെ സംഗത്യമെന്താണ്?
നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിലുള്ളത്. കണ്ടേടത്ത് വെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധസാഹചര്യത്തിലാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിലേർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്നതുതന്നെ. പുറം ചൊറിഞ്ഞുകൊടുക്കാനല്ലല്ലോ യുദ്ധത്തിൽ ഏർപ്പെടുന്നത്! ശത്രുവിന്റെ വാളിൽ നിന്ന് സ്വയരക്ഷ വേണമെങ്കിൽ കണ്ടേടത്ത് വെച്ച് അവനെ കൊല്ലേണ്ടിവരും. ഇത് ഖുർആനിൽ മാത്രമുള്ള പരാമർശമൊന്നുമല്ല. എല്ലാ ദൈവിക ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ കാണാം. യുദ്ധരംഗത്ത് പട്ടാള മേധാവികൾ ഇത്തരം പ്രസ്താവനകൾ നടത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാൽ ‘ശത്രുവിനെ കാണാൻ നിങ്ങൾ കൊതിക്കരുത്’ എന്നും ‘അവർ സന്ധിക്ക് തയ്യാറായാൽ നിങ്ങളും ഒരുങ്ങണമെന്നു'(അൻഫാൽ: 61)മുള്ള പാഠങ്ങൾ വിസ്മരിക്കപ്പെടുന്നു. ‘മതത്തിൽ ബലാൽക്കാരമില്ല’ (അൽബഖറ: 256) എന്ന് പഠിപ്പിച്ച പ്രത്യയ ശാസ്ത്രം എങ്ങനെ തീവ്രവാദപരമാകും?
ഇതര സമുദായങ്ങളോട് അക്രമം പാടില്ലെന്ന് മാത്രമല്ല, അവരോട് നീതിപൂർവകമായി വർത്തിക്കണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ‘നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാത്തവരുമായ ആളുകളോട് ഗുണം ചെയ്യുന്നതും അവരുമായി നീതിപൂർവം പെരുമാറുന്നതും അല്ലാഹു തടയുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാകുന്നു’ (അൽമുംതഹിന: 8) എന്നാണ് ഖുർആന്റെ പ്രസ്താവന. ‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയോ ആരെയെങ്കിലും വധിക്കുകയോ ചെയ്തതിന്റെ പേരിലല്ലാതെ ഒരാൾ മറ്റൊരാളെ കൊന്നുകളഞ്ഞാൽ അയാൾ മാനവകുലത്തെ ആകമാനം കൊന്നവനെ പോലെയാണ് എന്നും ഖുർആൻ (അൽമാഇദ: 32) താക്കീതു ചെയ്തു.
‘എല്ലാ പച്ചക്കരളുള്ള ജീവികളിലും നമുക്ക് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളുണ്ടെന്നും’ അവയോട് ഏറ്റവും നല്ല രീതിയിൽ പെരുമാറണമെന്നും തിരുനബി(സ്വ) പഠിപ്പിക്കുന്നു. പട്ടിക്ക് വെള്ളം കൊടുത്തു ദാഹം ശമിപ്പിച്ചതിന്റെ പേരിൽ സ്വർഗസ്ഥയായിത്തീർന്ന സ്ത്രീയെ കുറിച്ചും പൂച്ചക്ക് അന്നം കൊടുക്കാതെ കെട്ടിയിട്ടതിന്റെ പേരിൽ നരകത്തിൽ കടക്കുന്ന ആളെ കുറിച്ചും അവിടന്ന് തന്നെയാണ് പറഞ്ഞുതന്നത്.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വെള്ളം, ചികിത്സ എന്നിവ നൽകേണ്ടത് അവർ ഏതു മതക്കാരാണെങ്കിലും മുസ്‌ലിം സമുദായത്തിന്റെ മേൽ നിർബന്ധമാണ്.

? സമാധാനത്തിന്റെ സന്ദേശം തോന്നിപ്പിക്കുന്ന ആയത്തുകൾ വരുമ്പോഴൊക്കെയും അത് മൻസൂഖ് (ദുർബപ്പെടുത്തപ്പെട്ടത്) ആണെന്നാണല്ലോ ചില തഫ്‌സീറുകളിൽ കാണുന്നത്. അപ്പോൾ ഇത്തരം ആയത്തുകൾ ഓതുന്നതിന് തീരെ പ്രസക്തിയില്ല, അവ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്നല്ലേ ബോധ്യമാവുന്നത്?

?? അല്ല, അവ മൻസൂഖാണ് എന്ന് പറയുന്നത് ആ ആയത്തിന്റെ ആശയം ഇപ്പോൾ പ്രസക്തമേ അല്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത, മുൻസഅ എന്നതിനെയും കൂടി ഉൾക്കൊള്ളുന്ന വിശാലമായ അർത്ഥത്തിലാണ്. ജലാലൈനിയുടെ മുസന്നിഫുമാരിൽ ഒരാളായ ഇമാം സുയൂതി(റ) ഇത്ത്ഖാനിലും ഇമാം സർക്കശി(റ) ബുർഹാനിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധസാഹചര്യം നിലവിലുണ്ടെങ്കിലും യുദ്ധം ചെയ്യരുത് എന്ന് ഈ ആയത്തുകൾ അർത്ഥമാക്കുന്നില്ല എന്നു മാത്രമാണ് മൻസൂഖാണ് എന്നതിന്റെ വിവക്ഷ.
ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇവിടെ ജീവിക്കാൻ ഇന്ത്യക്കാരൻ ബാധ്യസ്ഥനാണ്. ഏതു മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ പുലർത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ശക്തിയുക്തം എതിർക്കാനാണ് മതപ്രമാണങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തെവിടെയും സമാധാനം നിലനിൽക്കാനാവശ്യമായ സന്ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഏതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിനും അതിന്റേതായ യുദ്ധ നിയമങ്ങളുണ്ട്. ഒരു രാഷ്ട്രം യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തിൽ യുദ്ധം ചെയ്യുന്നതിന് തടസ്സമായി പ്രസ്തുത സൂക്തങ്ങൾ നിലകൊള്ളുന്നില്ല എന്നാണ് അവ മൻസൂഖാണ് എന്നതിനർത്ഥം.
ഏതൊരു സാഹചര്യത്തിലാണ് ആ സൂക്തം അവതരിപ്പിച്ചിട്ടുള്ളത് ആ സാഹചര്യം നിലനിൽക്കുന്ന കാലത്തും സ്ഥലത്തും ആ ആയത്തുകൾ പ്രസക്തം തന്നെയാണ്. അതുകൊണ്ടുതന്നെ മൻസൂഖായ ആയത്തുകൾ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്ന ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല.

 

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Exit mobile version