ഇകെ ഹസന്‍ മുസ്ലിയാര്‍ (ന:മ): ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ

പാരമ്പര്യ ഇസ്ലാമിനെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട മത നവീകരണ വാദികള്‍ക്ക് മുന്നില്‍ ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ഇടിമുഴക്കമായിരുന്നു മര്‍ഹും ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ (ന:മ). മരിക്കാത്ത ആ ഓര്‍മകള്‍ക്ക് മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ക്കിപ്പുറവും മരണമില്ല. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരണ രംഗത്ത് കരുത്തിന്റെ പ്രതീകമായി നാലു ദശകങ്ങളോളം പ്രബുദ്ധ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആ നാമം സംവത്സരങ്ങള്‍ക്കിപ്പുറവും അതീവ രോമാഞ്ചത്തോടെയാണ് സുന്നി സമൂഹം ശ്രവിക്കുന്നത്.

മികച്ച പണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, സംഘാടകന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഹസന്‍ മുസ്ലിയാരുടെ പ്രധാന സേവനം ഖണ്ഡന പ്രസംഗമാണ്. പുത്തന്‍വാദികളുടെ കോട്ടകൊത്തളങ്ങളെ നിലംപരിശാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഖണ്ഡനപ്രസംഗങ്ങളും വാദപ്രതിവാദങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ചേകനൂര്‍ മൗലവി ഒരു കാലത്ത് യുക്തിവാദവുമായി കവലകള്‍ തോറും പ്രസംഗിച്ചു നടന്നപ്പോള്‍ ചെറുവാടിയില്‍ വെച്ച് അദ്ദേഹത്തെ തറപറ്റിച്ചത് ഹസന്‍ മുസ്ലിയാരായിരുന്നു. നിസ്കാരം മൂന്നു വഖ്ത്താണെന്ന് ചേകനൂര്‍ മൗലവി ഖുര്‍ആന്‍ കൊണ്ട് വാദിച്ചു. പ്രസ്തുത വാദത്തെ അതേ സൂക്തം കൊണ്ടാണ് ഹസന്‍ മുസ്ലിയാര്‍ പരാജയപ്പെടുത്തിയത്. മുളച്ചു പൊന്തുന്ന വസ്തുക്കള്‍ക്ക് മുഴുവന്‍ സകാത്ത് കൊടുക്കണമെന്ന് ചേകനൂര്‍ വാദിച്ചു. എങ്കില്‍ താടിക്ക് സകാത്തുണ്ടോ എന്ന ഉസ്താദിന്റെ ചോദ്യം മൗലവിയെ കുഴക്കി. ഉത്തരം മുട്ടിയ മൗലവി പ്രതികരിച്ചത്, “അതുകൊണ്ടാണ് ഞാന്‍ താടി വടിക്കുന്നത്”എന്നായിരുന്നു. അതോടെ മൗലവിയുടെ തനിനിറം സദസ്സിന് വീണ്ടും ബോധ്യമായി.

വെള്ളിയഞ്ചേരിയില്‍ വെച്ച് നടന്ന വാദ പ്രതിവാദത്തില്‍ ഖുതുബ പരിഭാഷ പാടില്ലെന്ന് സമര്‍ത്ഥിച്ച് മുജാഹിദ് നേതാവായ അലവി മൗലവിയെ ഹസന്‍ മുസ്ലിയാര്‍ പരാജയം സമ്മതിപ്പിച്ച സംഭവം പ്രസിദ്ധമാണ്. എടത്തറ, കൂരിക്കുഴി, വാരാണക്കര, താനാളൂര്‍, അലനല്ലൂര്‍, കൊടിയത്തൂര്‍, വാഴക്കാട്, നന്തി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം എതിരാളികളെ നേരിടുകയും അവര്‍പോലും സമ്മതിക്കുന്ന തെളിവുകള്‍ നിരത്തി പരാജയപ്പെടുത്തുകയും ചെയ്തു. വാദപ്രതിവാദം നടത്താന്‍ ഹസന്‍ മുസ്ലിയാര്‍ ആരെയും കാത്തിരിക്കാറില്ലായിരുന്നു. എവിടെയെങ്കിലും മുജാഹിദുകാരോ മറ്റു ബിദഈ കക്ഷികളോ പ്രസംഗിച്ചു എന്ന വിഷയം വെച്ച് ഒരു പോസ്റ്റ് കാര്‍ഡ് എഴുതിയാല്‍ മതി. ഹസന്‍ മുസ്ലിയാര്‍, സമയത്തിന് അവിടെ എത്തിയിരിക്കും. പിന്നെ ഉമര്‍(റ)നെ കണ്ട പിശാചിന്റെ ഗതിയായിരിക്കും എതിരാളികള്‍ക്ക്.

സൂഫിവര്യനും പണ്ഡിതനുമായ കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി കോഴിക്കോട് ജില്ലയിലെ പറമ്പില്‍ കടവ് എഴുത്തച്ഛന്‍ കണ്ടി വീട്ടില്‍ ഹിജ്റ 1347ലാണ് ഹസന്‍ മുസ്ലിയാര്‍ ജനിക്കുന്നത്. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. മര്‍ഹും ഇകെ അബൂബക്കര്‍ മുസ്ലിയാരും പണ്ഡിതനും സൂഫിവര്യനുമായ മര്‍ഹും ഇകെ ഉമര്‍ ഹാജിയും ജ്യേഷ്ഠ സഹോദരന്‍മാരാണ്.

പിതാവില്‍ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം ചെറുമുക്ക്, കൊടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ് എന്നീ സ്ഥലങ്ങളിലെ ദര്‍സുകളില്‍ നിന്നും ഉന്നത വിജ്ഞാനം കരസ്ഥമാക്കി. പിന്നീട് വെല്ലൂര്‍ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ ഉപരിപഠനം നടത്തി. ഫിഖ്ഹ്, തഫ്സീര്‍, ഹദീസ്, തസ്വവ്വുഫ്, അഖീദ എന്നിവക്ക് പുറമെ തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലും അവഗാഹമാര്‍ജ്ജിച്ച് ബാഖിയാത്തില്‍ നിന്ന് തിരിച്ചു വന്ന ശേഷമാണ് ബിദ്അത്തിനെതിരെ കൊടുങ്കാറ്റായി മഹാനുഭാവന്‍ ആഞ്ഞടിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം (1955 മുതല്‍), വൈസ് പ്രസിഡന്‍റ് (1968 നവംബര്‍ 7 മുതല്‍), സംസ്ഥാന പ്രസിഡന്‍റ് (1976 ആഗസ്റ്റ് 22 മുതല്‍ 1982 ആഗസ്റ്റ് വരെ) എന്നീ നിലകളിലെല്ലാം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് സംഘടനയെ ജീവസ്സുറ്റ പ്രസ്ഥാനമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹസന്‍ മുസ്ലിയാര്‍ സംഘാടനത്തോടൊപ്പം ദര്‍സിനും പ്രത്യേകം പ്രാധാന്യം കൊടുത്തിരുന്നു. ബാഖിയാത്തില്‍ നിന്ന് വന്നയുടനെ അദ്ദേഹം കൊടുവള്ളിക്കടുത്ത ഇയ്യാട്ടാണ് ദര്‍സ് തുടങ്ങിയത്. പിന്നീട് ഉരുളിക്കുന്ന്, പുത്തൂര്‍പാടം, തൃപ്പനച്ചി, ഇരുന്പുചോല, പാലക്കാട്(ജന്നത്തുല്‍ ഉലൂം) കാസര്‍കോട് എന്നിവിടങ്ങളിലും ദര്‍സ് നടത്തുകയുണ്ടായി. തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദര്‍സ് ഒഴിവാക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അതിനിടയിലാണ് പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥ രചനയ്ക്കും കോടതി കയറലിനുമെല്ലാം സമയം കണ്ടെത്തിയിരുന്നത്.

ഭക്ഷണത്തിന് കണിശതയൊന്നുമുണ്ടായിരുന്നില്ല. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു താല്‍പര്യവുമില്ല. ഉറങ്ങാനും വിശ്രമിക്കാനും സമയം കളഞ്ഞതുമില്ല. യാത്രക്കിടയില്‍ ബസ്സിലും മറ്റുമാണ് ഉറക്കം. അദ്ദേഹവുമായി അടുപ്പമുള്ള ഒരു സുഹൃത്ത്, ഇങ്ങനെ തീരെ വിശ്രമിക്കാതിരുന്നാല്‍ ആരോഗ്യം തകരുമല്ലോ, അല്‍പ്പം വിശ്രമിക്കണം എന്ന് ഉപദേശിച്ചുവത്രെ. ഹസന്‍ മുസ്ലിയാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: നാളെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍ എന്റെ ഓരോ ശ്വാസവും നിന്റെ ദീനിന്വേണ്ടി ചെലവഴിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു എന്ന് പറയാന്‍ സാധിച്ചാല്‍ അതല്ലേ ഏറ്റവും നന്നായിരിക്കുക.

തിരക്കിനിടയില്‍ വിട്ടുപോവാതിരിക്കാനായി റവാതിബ് സുന്നത്തുകളും നിസ്കാര ശേഷമുള്ള ദിക്റുകളും അദ്ദേഹം നേര്‍ച്ചയാക്കുകയാണ് ചെയ്യാറ്. സുന്നത്താകുമ്പോള്‍ അത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തോന്നാതിരിക്കാനാണ് നേര്‍ച്ചയിലൂടെ ഫര്‍ളാക്കിയത്.

തനിക്ക് കിട്ടുന്നതെല്ലാം ദീനി പ്രവര്‍ത്തനത്തിനുവേണ്ടി ചെലവഴിച്ച അദ്ദേഹം സ്വന്തം കുടുംബത്തിനുവേണ്ടി എന്തെങ്കിലും സമ്പാദിക്കാന്‍ ആഗ്രഹിച്ചില്ല. കാസര്‍ക്കോട് ഖാസി ആയിരിക്കുമ്പോള്‍ ഒരു കല്ല്യാണ ആവശ്യത്തിന് തറവാട്ടില്‍ വന്ന സമയത്ത് ജ്യേഷ്ഠന്‍ ഉമര്‍ ഹാജി ചോദിച്ചുവത്രെ: ഹസനേ, കുട്ടികള്‍ക്കു വേണ്ടി സൗകര്യമുള്ള ഒരു വീടെങ്കിലും ഏര്‍പ്പെടുത്താന്‍ നീ ശ്രദ്ധിക്കേണ്ടതല്ലേ?

“എന്തു ചെയ്യാനാണിക്കാ, ഞാന്‍ ജനങ്ങളുടെ ആളായി പോയില്ലേ. എനിക്ക് അതിന് സാധിക്കുന്നില്ല”എന്നായിരുന്നു ഹസന്‍ ഉസ്താദിന്റെ മറുപടി.

താന്‍ സത്യമാണെന്ന് മനസ്സിലാക്കിയത് ആരുടെ മുമ്പിലും തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ച ഹസന്‍ മുസ്ലിയാര്‍ക്കു മുന്നില്‍ പണത്തിന്റെ പളപളപ്പും പ്രൗഢിയും സ്ഥാനമാനങ്ങളൊന്നും സമ്മര്‍ദ്ദം സൃഷ്ടിച്ചില്ല. തന്റെ ഗുരുനാഥന്മാരോടുപോലും ഇക്കാര്യത്തില്‍ അദ്ദേഹം കൂസലില്ലാതെ പെരുമാറിയിട്ടുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം അശ്അരി(റ)യുടെ മാതൃകയാണ് ഇവിടെ നാം അനുധാവനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ചില രാഷ്ട്രീയ പ്രമാണിമാരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങി തണുപ്പന്‍ നയം സ്വീകരിച്ചവര്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത് ഏത് വമ്പനായാലും പ്രശ്നമാക്കിയില്ല. ഇക്കാരണത്താല്‍ എതിര്‍പ്പുകളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിനുനേരെ പാഞ്ഞടുത്തു. ജോലിപോലും നഷ്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒരു കാലത്ത് പാലക്കാടിന്റെ അഭിമാന കേന്ദ്രമായിരിക്കുകയും പിന്നീട് രാഷ്ട്രീയ ലോബികളുടെ കടന്നാക്രമണത്തിലൂടെ മുരടിച്ചുപോവുകയും ചെയ്ത ജന്നത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പിറവി ഇതിനൊരുദാഹരണമാണ്. 1965ല്‍ ഹസന്‍ മുസ്ലിയാര്‍ ഇരുന്പുചോലയില്‍ മുദരിസായിരിക്കെ തന്റെ ശിഷ്യഗണങ്ങളോട് നാട്ടുകാരായ ചില പ്രമാണിമാര്‍ അപമര്യാദയായി പെരുമാറിയത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അന്നുരാത്രി തന്നെ ശിഷ്യരേയും കൂട്ടി ഇരുന്പുചോലയോട് യാത്ര പറഞ്ഞു. ഈ ഇറങ്ങിപ്പോക്കാണ് ജന്നത്തുല്‍ ഉലൂമിന് ജന്മം നല്‍കാന്‍ സഹായകമായത്. പാലക്കാടിനൊരു സുന്നി ആസ്ഥാനമെന്ന ഹസന്‍ മുസ്ലിയാരുടെ ചിരകാലാഭിലാഷത്തെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചെങ്കിലും കാലം അതിനു സമ്മതിച്ചില്ല. ഹസന്‍ മുസ്ലിയാര്‍ കൊളുത്തിവെച്ച അഗ്നിസ്ഫുലിംഗം പാലക്കാടിന്റെ ആദര്‍ശ കേന്ദ്രമായി പരിലസിക്കുന്ന ജാമിഅ ഹസനിയ്യ എന്ന മഹത്തായ സ്ഥാപന സമുച്ചയങ്ങളിലൂടെ പ്രകാശം പൊഴിക്കുകയാണ്. അതിന്റെ ഇരുപതാം വാര്‍ഷികം 2015 ഫെബ്രുവരിയില്‍ നടക്കാനിരിക്കുമ്പോള്‍ ഇതു കാണാന്‍ ഹസന്‍ മുസ്ലിയാര്‍ ഇല്ലല്ലോ എന്ന വേദനയാണ് സുന്നി കൈരളി പങ്കുവെക്കുന്നത്. നാഥന്‍, ആ മഹാനുഭാവന്റെ പരലോക ജീവിതം സുഖദായകമാക്കട്ടെ.

ബഷീര്‍ സഖാഫി വണ്ടിത്താവളം

Exit mobile version