ഇനി സോഷ്യല്‍ മീഡിയകളുടെ സുവര്‍ണ്ണകാലം

AJ Philip

മാധ്യമങ്ങളുടെ നൈതികവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് ഈ സംവാദത്തില്‍ പറയാവുന്ന ഒരു സംഭവമുണ്ട്. ഗുജറാത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എന്‍റെ സുഹൃത്ത് രാകേഷ് ശര്‍മ പോലീസില്‍ നിന്ന് വിരമിക്കുന്നത് ഫെബ്രുവരി 28-നാണ്. ആ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. 13 വര്‍ഷം മുമ്പ് ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ മുസ്ലിം വംശഹത്യ ആരംഭിക്കുന്നതും അതേ ദിവസമാണ്. ശര്‍മക്ക് പോലീസിലെ ഉന്നത ജോലി എന്തുകൊണ്ട് രാജിവെച്ചു പുറത്തുപോവേണ്ടി വന്നു എന്നതിന്‍റെ കാരണം, അദ്ദേഹത്തിന്‍റെ രാജിക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ പോലും പുറത്തുപറയില്ല. ഇന്ന് രാജ്യവും ആ സംസ്ഥാനവും ഭരിക്കുന്ന ചില പ്രധാനികള്‍ക്ക് അന്നത്തെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട അദ്ദേഹം അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനാലാണ് അധികാരികള്‍ക്ക് അനഭിമതനായത്. മോഡി സര്‍ക്കാര്‍ കഴിഞ്ഞ 13 വര്‍ഷമായി ആ ഉദ്യോഗസ്ഥനെ പല തരത്തില്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രമോഷന്‍ തടഞ്ഞും കേസുകള്‍ രജിസ്റ്റര്‍ ചെയ്തും അദ്ദേഹത്തെ വരുതിയില്‍ നിറുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശര്‍മ വഴങ്ങിയില്ല. ഒടുവില്‍ സ്വയംവിരമിക്കാന്‍ അപേക്ഷ നല്‍കിയാണ് രാഗേഷ് ശര്‍മ  സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നത്.

മറ്റൊരു സംഭവം കൂടി പറയാം. കായംകുളത്ത് എന്‍റെ നാടിനടുത്താണ് തങ്കപ്പന്‍ നായരുടെ വീട്. ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് പറയുന്ന പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖിന്‍റെ പിതാവാണദ്ദേഹം. മകന്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു കെട്ട് കത്തുകള്‍ കാണിച്ചുതന്നു. പ്രാണേഷ് കുമാര്‍ അച്ഛനെഴുതിയ കത്തുകളായിരുന്നു അവ. അച്ഛനെ കാണാന്‍ അവസാനമായി ജാവേദും ഭാര്യ ഇശ്റത്ത് ജഹാനും നൂറനാട്ടെ വീട്ടിലേക്ക് വന്ന കഥ അദ്ദേഹം പറഞ്ഞു. അവര്‍ തിരിച്ചുപോവുമ്പോള്‍ തങ്കപ്പന്‍ നായര്‍ പൊതിച്ച ഒരു ചാക്ക് തേങ്ങ കാറില്‍ കൊടുത്തയച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ആ പിതാവ് കേള്‍ക്കുന്നത്. വണ്ടിയിലുള്ള ചാക്ക് കെട്ട് പത്രക്കാര്‍ക്ക് കാണിച്ചു കൊടുത്ത് പോലീസ് അത് സ്ഫോടക വസ്തുക്കളാണെന്നാണത്രെ പറഞ്ഞത്. കൂടുതലന്വേഷണത്തിനു നില്‍ക്കാതെ മാധ്യമങ്ങള്‍ ആ നുണ പൊലിപ്പിച്ചെഴുതി.

മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് തേങ്ങ ബോംബാകുന്നത്. ഇതിലേറെ ദുരന്തം വ്യാജങ്ങള്‍ മാധ്യമങ്ങള്‍ മറുചോദ്യമില്ലാതെ സ്വീകരിക്കുകയും പ്രേക്ഷകരെ വിശ്വസിപ്പിക്കുകയും ചെയ്തുകൊള്ളുമെന്ന പോലീസിന്‍റെ ധാരണയാണ്.

ഇക്കാലത്ത് മീഡിയകളുടെ റോള്‍ എന്താണ്? ബോധവത്കരിക്കുക എന്നാണ് പഴയകാല പത്രപ്രവര്‍ത്തകര്‍ ദൗത്യമായി ഏറ്റെടുത്തിരുന്നതെങ്കില്‍ ഇന്നത് പ്രേക്ഷകരെ എങ്ങനെയെല്ലാം സന്തോഷിപ്പിക്കാമെന്നാണ് ലക്ഷ്യമാക്കുന്നത്. മീഡിയാ പ്രവര്‍ത്തനം വന്‍ വ്യവസായമായി പരിണമിച്ചതിന്‍റെ ദോഷമാണിത്. 14 ബില്യന്‍ യുഎസ് ഡോളറിന്‍റെ ആസ്തിയുള്ള ഇന്‍ഡസ്ട്രിയാണ് ഇന്ത്യയിലെ മീഡിയ രംഗം. എങ്ങനെയും വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമാക്കുമ്പോള്‍ ചോര്‍ന്നുപോവുന്നത് മൂല്യങ്ങളാണ്.

ഭരണകൂടത്തിന്‍റെ താല്‍പര്യങ്ങള്‍ക്കു സമാന്തരമായി മുന്നോട്ടു പോകാനാണ് മാധ്യമ രംഗത്തുള്ളവര്‍ ശ്രമിച്ചുകാണാറുള്ളത്. അവരെ പ്രകോപിപ്പിക്കുന്നത് പത്ര ഉടമക്ക് അചിന്ത്യമാണ്. ഭൂരിപക്ഷ സമുദായ പ്രീണനവും ഇന്ത്യന്‍ പത്രങ്ങളുടെ ദൗര്‍ബല്യമായി കണ്ടുവരുന്നു. 1988-ല്‍ ബീഹാറിലെ ഹസാരിബാഗിലുണ്ടായ സാമുദായിക സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്നു. അവിടെയെത്തുമ്പോള്‍ ലഭിച്ച വിവരം ഇരു സമുദായവും ജനസംഖ്യയിലും കലാപത്തിലെ നാശനഷ്ടത്തിലും തുല്യരാണെന്നായിരുന്നു. എന്നാല്‍ വസ്തുതാപരമായി അന്വേഷിച്ചപ്പോള്‍ അതു തെറ്റാണെന്നു ബോധ്യപ്പെട്ടു. ഹൈന്ദവരുടെ രണ്ടു വീടുകള്‍ പൂര്‍ണമായും ഒന്ന് ഭാഗികമായുമാണ് തകര്‍ക്കപ്പെട്ടതെങ്കില്‍ മുസ്ലിംകളുടെ ഇരുനൂറിലധികം വീടുകളാണ് നശിപ്പിക്കപ്പെട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത ആയിരത്തോളം പേരില്‍ ഭൂരിപക്ഷവും മുസ്ലിംകള്‍ തന്നെ. ഇതിനെ കുറിച്ചാണ് സ്ഥാപിത താല്‍പര്യക്കാര്‍ നാശനഷ്ടങ്ങള്‍ ഇരുപക്ഷത്തും തുല്യമാണെന്ന് വ്യാജപ്രചാരണം നടത്തിയത്.

കലാപത്തിന്‍റെ കാരണങ്ങളെ കുറിച്ചന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് അനാവൃതമായത്. ഹസാരിബാഗ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത് അന്‍സാരി എംഎല്‍എയാണ്. അദ്ദേഹം ജഗന്നാഥ് മിശ്ര സര്‍ക്കാരില്‍ ഒരു മന്ത്രി കൂടിയായിരുന്നു. ജനപ്രിയനായിരുന്നതിനാല്‍ ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹമാണ് വിജയിച്ചിരുന്നത്. ഈ വസ്തുതകളെല്ലാം വിശകലനം ചെയ്ത ശേഷം അന്‍സാരിയുടെ വീട്ടില്‍ ചെന്നു. ലഹളയുണ്ടാക്കിയത് അന്‍സാരിയാണെന്ന എതിര്‍പക്ഷ പ്രചാരണത്തെ കുറിച്ചന്വേഷിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: എനിക്കു വേണ്ടപ്പെട്ടവരാണ് തമ്മില്‍ തല്ലി നശിക്കുന്നത്. എന്നെ തോല്‍പിക്കാന്‍ വേണ്ടി മാത്രമാണീ ലഹള. ഇനിയൊരിക്കലും എനിക്കിവിടെ നിന്നു മത്സരിച്ചു ജയിക്കാനാവില്ല. അതാണ് ശത്രുക്കളുടെ ലക്ഷ്യവും.’ ആ വാക്കുകള്‍ അറംപറ്റി. അടുത്ത തെരഞ്ഞെടുപ്പില്‍ അന്‍സാരി പരാജയപ്പെടുകയും ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. ഇന്ന് ആ മണ്ഡലം പ്രതിനിധാനം ചെയ്യുന്നത് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകനാണ്.

സത്യത്തിനു വേണ്ടി പോരാടുകയാണ് പത്രങ്ങളുടെ ധര്‍മം. ഏതാണ്ട് ഇരുനൂറ് വര്‍ഷമേ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് പ്രായമുള്ളൂ. 1818-ലാണ് രാജ്യത്ത് ആദ്യമായൊരു പത്രം പ്രസിദ്ധീകരിക്കപ്പെടുന്നത്. ദ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ആ പ്രഥമ പത്രം മുഴക്കിയ മുദ്രാവാക്യം സത്യം പുറത്തുകൊണ്ടുവരിക എന്നായിരുന്നു. നാലു പത്രങ്ങളുടെ അധിപനായിരുന്ന ഗാന്ധിജിയുടെയും ലക്ഷ്യം സത്യത്തിന്‍റെ പ്രകാശനമായിരുന്നു. എന്നാല്‍ ഇന്ന് കോര്‍പറേറ്റുകളെ എങ്ങനെയെല്ലാം പ്രസാദിപ്പിക്കാം എന്ന തരത്തിലേക്ക് മാധ്യമലക്ഷ്യം കൂപ്പുകുത്തിയിട്ടുണ്ട്. 340 ചാനലുകളുള്ള ഇന്ത്യ ലോക മാധ്യമ വിപണിയില്‍ തന്നെ മുന്‍നിരയിലാണ്. പക്ഷേ, സത്യസന്ധതയില്‍ ഏറെ പിന്നിലും. പെയ്ഡ് ന്യൂസുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ ജീവശ്വാസമായി മാറിയ ഇക്കാലത്ത് സോഷ്യല്‍ മീഡിയകള്‍ ചെറിയ ആശ്വാസമല്ല തരുന്നത്. ജനങ്ങളുടെ കൂടെയാണ് അത് നിലകൊള്ളുന്നത്. അപവാദങ്ങളുണ്ടാകാമെങ്കിലും സത്യത്തിന്‍റെ പ്രചാരത്തിന് അവ ഏറെ സഹായകമാണ്. അതിനാല്‍ തന്നെ ധൈര്യമായി പറയാം, ഇത് സോഷ്യല്‍ മീഡിയകളുടെ സുവര്‍ണകാലമാണ്.

എജെ ഫിലിപ്

Exit mobile version