ഇന്ത്യന്‍ മതേതരത്വം: പുതിയ ആശങ്കകള്‍

ദാദ്രിയിലെ സംഘപരിവാര്‍ ഭീകരര്‍ വീട്ടില്‍ കയറി അക്രമം തുടങ്ങിയപ്പോള്‍ തന്‍റെ ഹൈന്ദവ സുഹൃത്തിനോട് ഫോണില്‍ സഹായമര്‍ത്ഥിച്ചു മുഹമ്മദ് അഖ്ലാഖ്. സുഹൃത്ത് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തന്‍റെ ആത്മമിത്രത്തെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള വേപഥു അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെക്കുകയുണ്ടായി.

മനസ്സില്‍ മതവിദ്വേഷത്തിന്‍റെ വന്‍മതില്‍ നിര്‍മിക്കാന്‍ സംഘപരിവാര്‍ പാടുപെടുമ്പോഴും ഹിന്ദു-മുസ്ലിം മൈത്രിയുടെ ഇത്തരം നാടന്‍ നന്മകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും കാണാന്‍ സാധിക്കുന്നുവെന്നതാണ് ആശ്വാസകരം. ഇന്ത്യയുടെ ചരിത്രാരംഭം മുതല്‍ക്കു തന്നെ ഇത്തരം മാതൃകാ സംഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്.

1857 മെയ് പത്തിന് മീററ്റിലെ പട്ടാള ക്യാമ്പില്‍ നിന്ന് ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ അടിസ്ഥാന ശക്തി ഹിന്ദു-മുസ്ലിം ഐക്യമായിരുന്നു. മതവിശ്വാസത്തെയും അനുഷ്ഠാനത്തെയും പരിഹസിക്കുന്ന വ്യത്യസ്തമായ കാരണങ്ങള്‍ ബ്രിട്ടീഷധികാരികളുടെ ഭാഗത്തു നിന്നുണ്ടായതുകൊണ്ടാണ് പട്ടാളക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായതും നാലു മാസം ഉത്തരേന്ത്യ മുഴുവന്‍ പടര്‍ന്നു പിടിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയതും. മതങ്ങളെ തമ്മിലടിപ്പിച്ചു ഭരണം നിലനിര്‍ത്തുകയെന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് സര്‍ക്കാര്‍ പിന്നീട് കരുക്കള്‍ നീക്കിയത്.

1905-ല്‍ മതാടിസ്ഥാനത്തില്‍ ബംഗാള്‍ വിഭജിച്ചത് മറ്റൊരു പരീക്ഷണമായിരുന്നു. ബംഗാള്‍ വിഭജനത്തെ ഇരുമതക്കാരും തോളോടുതോള്‍ ചേര്‍ന്ന് എതിര്‍ക്കുകയും 1911-ല്‍ വിഭജനം റദ്ദാക്കുകയുമുണ്ടായി. സാമാന്യ ജനമനസ്സുകളില്‍ വലിയൊരു മുറിവുണ്ടാക്കി 1947-ല്‍ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും ഇന്ത്യ മതേതരത്വം തെരഞ്ഞെടുത്തുകൊണ്ട് ലോകത്തിന് മാതൃകയായി. ഇന്നും ശക്തമായ ജനാധിപത്യ-മതേതരത്വ രാജ്യമായി ഇന്ത്യ അഭിമാനത്തോടെ നിലകൊള്ളുകയാണ്.

മതേതരത്വത്തിനെതിരായ വെല്ലുവിളികള്‍

സിന്ധു നദിയുടെ ഉറവിടം മുതല്‍ ബ്രഹ്മപുത്ര വരെയും കന്യാകുമാരി മുതല്‍ ഹിമാലയം വരെയും നീണ്ടുപരന്ന് കിടക്കുന്ന ഹിന്ദുസാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് തീവ്ര ഹിന്ദുത്വ ആശയങ്ങളുടെ പ്രോക്താവായ സവര്‍ക്കര്‍ വെച്ചുപുലര്‍ത്തിയിരുന്ന സ്വപ്നം. ഇതിനുവേണ്ടി സംഘപരിവാര്‍ പണിയെടുക്കുമ്പോള്‍ രാജ്യത്ത് അക്രമങ്ങളും കൊലപാതകങ്ങളുമുണ്ടാകുന്നു. വിഭജനാനന്തര അതിക്രമങ്ങളില്‍ ഇരകളാക്കപ്പെട്ടവരെ സഹായിച്ചുവെന്ന ‘കുറ്റം’ ചുമത്തി ഗാന്ധിജിയെ 1948-ല്‍ കാവിഭീകരത കൊലപ്പെടുത്തിയത് മതേതര ഇന്ത്യക്കേറ്റ ആദ്യത്തെ പ്രഹരമായിരുന്നു. ഗാന്ധിവധത്തിന് ശേഷം ഇന്ത്യയുടെ മതേതരത്വ മുഖം കളങ്കപ്പെട്ട സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. രണ്ടായിരത്തിലധികം മുസ്ലിംകളെ അറുകൊല ചെയ്ത ഗുജറാത്തിലെ മോദി സ്പോണ്‍സേര്‍ഡ് വംശഹത്യയാണ് ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ മറ്റൊന്ന്.

1981-ല്‍ ഇടക്കാല സര്‍ക്കാറുണ്ടാക്കാന്‍ വാജ്പേയിക്ക് ആദ്യമായി അവസരമുണ്ടായപ്പോള്‍ താക്കോല്‍സ്ഥാനങ്ങളില്‍ സംഘസഹയാത്രികരെ കുടിയിരുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടു. പ്രാദേശിക നീക്കുപോക്കുകളിലൂടെയും തന്ത്രങ്ങളിലൂടെയും താഴ്ന്ന ജാതിക്കാരെ രാഷ്ട്രീയമായി ബിജെപി ഉപയോഗപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങള്‍ സംഘപരിവാരത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുകയും ഹൈന്ദവ ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ഇവര്‍ ഏറ്റെടുക്കുകയുമുണ്ടായി. മസ്തിഷ്ക പ്രക്ഷാളനമാണ് സംഘിന്‍റെ ഏറ്റവും വലിയ അജണ്ട. ഹൈന്ദവമല്ലാത്ത മറ്റെല്ലാത്തിനോടും കടുത്ത വെറുപ്പ് വെച്ചുപുലര്‍ത്തുകയെന്ന മനോഭാവം വ്യാപകമായി ഇവര്‍ കുത്തിവെച്ചു കൊണ്ടിരുന്നു. ദൈനംദിന ജീവിത മേഖലകളുടെ സൂക്ഷ്മ കോശങ്ങളിലേക്കുവരെ വര്‍ഗീയതയുടെ വിഷം നിര്‍ബാധം കയറ്റിക്കൊണ്ടിരിക്കുന്നു എന്നതാണിതിന്‍റെ പരിണതി.

ഫാസിസം ഭരണം പിടിക്കുന്നു

ഭൂരിപക്ഷം ലഭിക്കുന്ന രാഷ്ട്രീയ കക്ഷിയോ മുന്നണിയോ അധികാരത്തിലെത്തുകയും ഭരണ ഘടനക്ക് വിധേയമായി ഭരണം നടത്തുകയും ചെയ്യുന്ന രാഷ്ട്ര സംവിധാനമാണ് റിപ്പബ്ലിക്ക്. എന്നാല്‍ ഈ നിയമങ്ങളോടൊന്നും കൂറില്ലാത്തവരാണ് ഫാസിസ്റ്റുകള്‍. രാജഭരണ സ്വഭാവത്തിലുള്ള ഏകാധിപത്യഭരണമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. 2014-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘപരിവാര ശക്തികള്‍ വന്‍ ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ വന്നത്. ബിജെപി 31 ശതമാനം വോട്ടും സഖ്യകക്ഷികള്‍ 8 ശതമാനം വോട്ടും നേടി. വര്‍ഗീയ ശക്തികള്‍ നേടിയ ഈ മൃഗീയ ഭൂരിപക്ഷത്തിന്‍റെ കാരണം രാഷ്ട്രീയ നിരീക്ഷകര്‍ വിവിധ രൂപത്തിലാണ് അവതരിപ്പിച്ചത്. കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനെതിരായ ജനവികാരം, മതേതര വോട്ടുകള്‍ ഭിന്നിച്ചത്, ആഗോളവത്കരണം, മോദി തരംഗം… ഇങ്ങനെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

എന്നാല്‍ ഭൂരിപക്ഷ മതവികാരം ഉണര്‍ത്തിയും പുതിയൊരു രാഷ്ട്രീയ പ്രതിഷ്ഠ മുന്നില്‍ വെച്ചും നടത്തിയ വമ്പിച്ച പ്രചാരവേലയാണ് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. ബിജെപി നേതൃത്വം നല്‍കിയ മുന്നണിക്ക് വോട്ട് ചെയ്ത 40 ശതമാനത്തോളം ജനങ്ങള്‍ വര്‍ഗീയ വാദികളാണെന്ന് ഇതിനര്‍ത്ഥമില്ല. രാജ്യത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് വ്യാജപരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും അത് പര്‍വതീകരിച്ചു കാണിക്കുകയും ചെയ്തുകൊണ്ടുള്ള കോളിളക്കങ്ങളില്‍ നിന്നാണ് ഹിന്ദുത്വ വാദക്കാര്‍ ഉദിച്ചുപൊങ്ങിയതെന്നു കാണാം.

ഭരണലബ്ധിക്കു ശേഷം വര്‍ഗീയ അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്തു തുടങ്ങി. മതപരിവര്‍ത്തനത്തെ കഠിനമായി ഭയക്കുന്ന സംഘപരിവാരം ഘര്‍വാപ്പസി കൊണ്ടാണ് തുടങ്ങിയത്. വിവിധ സന്ദര്‍ഭങ്ങളില്‍ മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരെ കണ്ടുപിടിച്ച് പല വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന യജ്ഞം രാജ്യത്തിന്‍റെ പലഭാഗങ്ങളിലും നടന്നു. ഇന്ത്യാ ചരിത്രത്തിലെ മഹദ് വ്യക്തികളുടെ പൊടിപ്പും തൊങ്ങലും വെച്ച വീരകഥകള്‍ അതിന്‍റെ ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് പുതിയ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ പകര്‍ന്ന് ഉപയോഗിച്ചു. ഛത്രപതി ശിവജിയും റാണാപ്രതാപും കൂടാതെ സംഘ്പരിവാരത്തിന്‍റെ നയനിലപാടുകളെ പലപ്പോഴും വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ഡോ. ബി.ആര്‍ അംബേദ്കറെയും വരെ ഇവര്‍ സ്വന്തം പാളയത്തിലെത്തിച്ചു.

വീട്ടില്‍ അരപ്പട്ടിണിയായ ഹിന്ദുവിനോട് നല്ലനാളേകള്‍ വരുമെന്ന വൃഥാസ്വപ്നമാണ് മോദി സര്‍ക്കാര്‍ പങ്കുവെച്ചത്. ‘അച്ചേ ദിന്‍’ പറഞ്ഞ് രാഷ്ട്രനായകന്‍ ലോകപര്യടനം നടത്തിക്കൊണ്ടേയിരുന്നപ്പോള്‍ അണികള്‍ രാജ്യത്തിനകത്ത് ധാര്‍ഷ്ട്യത്തോടെ ന്യൂനപക്ഷങ്ങളെ വളഞ്ഞാക്രമിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മുസാഫര്‍നഗറില്‍ മുസ്ലിംകള്‍ക്കുനേരെ നടന്ന ആക്രമണത്തിന് ശേഷം ഇപ്പോഴും പ്രദേശം സംഘര്‍ഷഭരിതമാണ്. ഇക്കൊല്ലം മാത്രം നൂറിലധികം ആക്രമണങ്ങള്‍ സംഘപരിവാറിന്‍റെ ഭാഗത്ത് നിന്നും ആ പ്രദേശത്തുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അന്ധവിശ്വാസത്തെ ചോദ്യം ചെയ്തതിന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍റെ വീട് അക്രമിച്ചതും ഗോവിന്ദ് പന്‍സാര, നരേന്ദ്രദാബോല്‍ക്കര്‍, എം എം കല്‍ബര്‍ഗി എന്നിവരെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയതും നിരവധി പേര്‍ക്ക് വധഭീഷണിയുണ്ടായതും സഹിഷ്ണുത അനുവദിക്കുകയില്ലെന്നതിനു തെളിവാണ്. ദാദ്രിയില്‍ നടന്ന കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗോമാതാവും ഗോവധവും ഗോവധ നിരോധവും ഇറച്ചിക്കച്ചവട നിരോധവുമൊക്കെ രാഷ്ട്രീയ ആയുധമായി മാറ്റാന്‍ സംഘപരിവാറിന് കഴിഞ്ഞു.

ഇങ്ങനെ സമുദായങ്ങളെ കലഹിപ്പിക്കാന്‍ പുതിയ അടവുകള്‍ ഭരണകൂടം തന്നെ പടച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളും യോഗ ദിനാചരണവും സൂര്യനമസ്കാരത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ശ്രമങ്ങളുമെല്ലാം ഇതിന്‍റെ ഭാഗം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഭരണകൂട വക്താക്കള്‍ തന്നെ വഴിയുണ്ടാക്കുന്നുവെന്നര്‍ത്ഥം.

ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്‍റെ പ്രാരംഭ നടപടിയെന്ന നിലയില്‍ വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചുപണിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ശിക്ഷാ ബച്ചാവോ അഭിയാന്‍ സമിതി, സംസ്കൃതി ഉത്തന്‍ ന്യാസ് എന്നീ വിദ്യാഭ്യാസ സമിതികളുടെ അധ്യക്ഷനായി ആര്‍ എസ് എസ് നേതാവായ ദീനനാഥ് ബദ്രയെ നിയമിച്ചുകഴിഞ്ഞു. ഇദ്ദേഹത്തിന്‍റെ ഒമ്പത് പുസ്തകങ്ങള്‍ പാഠ്യവിഷയമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ‘ഹിന്ദൂസ് ഒരു ബദല്‍ ചരിത്രം’ എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ പ്രസിദ്ധീകരണ ശാലക്കാണ് നല്‍കിയത്. കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം വെട്ടിക്കുറച്ചുകൊണ്ട് വകുപ്പിനെ ഞെരുക്കി സമ്മര്‍ദത്തിലാക്കാനും ശ്രമങ്ങള്‍ തുടങ്ങി.

തങ്ങളുടെ ആശയങ്ങള്‍ക്കും അജണ്ടകള്‍ക്കുമൊത്ത് ചരിത്രം മാറ്റി രചിക്കാനിരിക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. ഇന്ത്യാ രാജ്യത്തിന്‍റെ ഭൂതകാലം സുവര്‍ണദശയായിരുന്നു, ആര്യവംശം പൗരാണികമായി മഹത്ത്വമുള്ളവരാണ്, അടിമകാലത്ത് വിരചിതമായ മനുസ്മൃതിയിലെ സംഹിതകള്‍ പിന്തുടരപ്പെടേണ്ടതാണ്, ഹിന്ദുമതത്തിന്‍റെതാണ് സനാതനത്വം, ഹൈന്ദവമല്ലാത്ത മതങ്ങളും സംസ്കാരങ്ങളും ചരിത്രാബദ്ധമാണ്, ഇന്ത്യാ ചരിത്രത്തിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവേതര മതങ്ങളാണ്, ഹിന്ദുവിന് മാത്രമേ യഥാര്‍ത്ഥ ദേശസ്നേഹിയാകാന്‍ കഴിയൂ തുടങ്ങിയ വിഷലിപ്തമായ ആശയ പ്രചാരണത്തിനായാണ് പരിവാര്‍ ചരിത്രം പുനര്‍ രചിക്കുന്നത്.

ഈ ശൈലി ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികളിലൊക്കെ കാണാന്‍ സാധിക്കും. അജണ്ടകള്‍ നടപ്പിലാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ പണിയേല്‍പ്പിച്ചിട്ടുണ്ട്. വിവാദമുണ്ടാക്കാനും വിമര്‍ശിക്കാനും തിരുത്താനും തുടങ്ങി ഓരോന്നിനും ആളുകള്‍ക്ക് ഡ്യൂട്ടിയുണ്ട്. അതവര്‍ ഭംഗിയായി നിറവേറ്റുന്നു. ഓരോ കാലത്തും പുറത്തിറക്കേണ്ട വിവാദങ്ങള്‍ കാലേക്കൂട്ടി തീരുമാനിച്ചുറപ്പിച്ച മട്ടാണ്. യോഗയും ഏകസിവില്‍കോഡും ഗര്‍വാപ്പസിയുമൊക്കെ കൃത്യമായ കാലഗണനയനുസരിച്ച് പുറത്തുവരുന്നതിന്‍റെ സൂത്രമിതാണ്.

ഫാസിസത്തിന്‍റെ ഇത്തരം അജണ്ടകള്‍ സ്വീകാര്യമല്ലാത്തവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവുമെന്നവര്‍ക്കറിയാം. ഈയവസ്ഥ തരണം ചെയ്യാന്‍ അത്തരം ചിന്താഗതിക്കാര്‍ക്ക് കൂടി സ്വീകാര്യമായ പ്രത്യയശാസ്ത്രം ഇവര്‍ പുറത്തെടുക്കും. അച്ചേദിന്‍, കക്കൂസ് നിര്‍മാണം, ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിനുദാഹരണമാണ്. ‘ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടി നടത്തുന്ന വാചകമടികളിലൂടെ ഫാസിസം ജനങ്ങളുടെ സ്വപ്നങ്ങളില്‍ കുടിയേറുന്നു’ എന്ന് ദിമിത്രോവ് ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയം.

ഇന്ത്യയുടെ ഭാവി

മോദി സര്‍ക്കാര്‍ ഇന്ത്യയെ ഒരു ഹിന്ദുറിപ്പബ്ലിക് എന്ന രീതിയില്‍ മാറ്റിമറിക്കുക തന്നെ ചെയ്യുമെന്ന് മതേതര വിശ്വാസികള്‍ ഭയക്കുന്നതിന് അടിസ്ഥാനമില്ല. ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിന് ഘട്ടംഘട്ടമായി പദ്ധതികള്‍ നടപ്പിലാക്കുകയെന്ന സംഘപരിവാറിന്‍റെ നീക്കങ്ങളെ ചെറുക്കുന്നതില്‍ ജനാധിപത്യ പാര്‍ട്ടികള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും എന്തു ചെയ്യാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്‍റെ ഭാവി. ഒരു പാര്‍ട്ടിക്കോ വിഭാഗത്തിനോ ഒറ്റക്ക് ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഫാസിസത്തെ തിരിച്ചറിയാനുള്ള ആര്‍ജ്ജവമാണ് ആദ്യമുണ്ടാകേണ്ടത്. ജനാധിപത്യ മതേതര ശക്തികള്‍ ഒത്തൊരുമിച്ച് വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ പദ്ധതികള്‍ രൂപപ്പെടുത്തി പ്രയോഗവത്കരിച്ചാല്‍ ഫാസിസത്തെ കെട്ടുകെട്ടിക്കാനാകും.

മറക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍

ലോകബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യാരാജ്യത്തെ 68 ശതമാനം പേരും ദിവസം 2 ഡോളറിന് താഴെ വരുമാനമുള്ളവരാണ്. രാജ്യത്തെ മൂന്ന് കുട്ടികളില്‍ ഒരാള്‍ വീതം പോഷണക്കുറവ് അനുഭവിക്കുന്നുവെന്ന് യൂണിസെഫ് പറയുന്നു. ലോകത്തിലെ പട്ടിണിക്കാരില്‍ പകുതിയും ഇന്ത്യയിലാണ്. യു.എന്‍ കണക്കുകള്‍ പ്രകാരം 29.8 ശതമാനം ഇന്ത്യക്കാര്‍ ദേശീയ ദാരിദ്ര്യരേഖക്ക് താഴെയാകുന്നു. ഉണ്ണാനും ഉറങ്ങാനും ഭക്ഷണം പാചകം ചെയ്യാനും മലമൂത്ര വിസര്‍ജനത്തിനുമായി ശരാശരി പത്ത് സ്ക്വയര്‍ ഫീറ്റ് സ്ഥലം പോലും ഒരാള്‍ക്ക് ലഭിക്കാത്ത വിധം ദയനീയമാണ് ഇന്ത്യയിലെ ഭൂരിപക്ഷത്തിന്‍റെയും പാര്‍പ്പിട സ്ഥിതിയെന്നാണ് അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫീല്‍ഡ് പഠനങ്ങള്‍.

ലോകബേങ്കിന്‍റെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ 56 ശതമാനം ഗ്രാമീണ ഭവനങ്ങളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ല. 40 കോടി ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും കക്കൂസ് ഇല്ല.  ആസൂത്രണ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 33 ശതമാനം പേര്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്. ദളിത് സമുദായങ്ങളില്‍ പെട്ട ബഹുഭൂരിപക്ഷവും ഇന്നും സുരക്ഷിതമായ തൊഴിലുകളില്ലാത്തവരും പരമദരിദ്രരുമാണ്. ലക്ഷക്കണക്കായ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അവരിന്നും കൊടിയ ജാതി വിഭജനത്തിന്‍റെ ഇരകളായി കഴിയുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുന്‍കാലത്തേതിലേറെ ചെലവുള്ളതായിത്തീര്‍ന്നു. 10 കോടിയിലേറെ സ്വകാര്യ കാറുകളുള്ള ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ കാളവണ്ടികള്‍ പ്രവേശിക്കുന്നത് നിയമംമൂലം നിരോധിക്കേണ്ടി വന്നുവെന്നത് രസാവഹവും ചിന്തോദ്ദീപകവുമായ സംഗതിയാണ്.

ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് ഉപരിപ്ലവമായ കാട്ടിക്കൂട്ടലുകള്‍ നടത്തി സമയം കൊല്ലുകയാണ് ഭരണകൂടം. അരപ്പട്ടിണി കിടക്കുകയും മോദിയുടെ വ്യക്തിപ്രഭാവത്തില്‍ കോരിത്തരിക്കുകയും ചെയ്യുന്ന ഒരു സമൂഹനിര്‍മിതി ഇവിടെ രൂപപ്പെട്ടിരിക്കുന്നു. 2019-ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മോദിപ്രഭാവത്തിന് കുഴലൂതുന്ന ഹതഭാഗ്യരുടെ വലിയൊരു നിരയെ സൃഷ്ടിച്ചുവിടുകയെന്നതു മാത്രമാണിവരുടെ ലക്ഷ്യം. ഏതായാലും ജനാധിപത്യ-മതേതരത്വ നിലപാടുകളെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയ ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

ശാഫി പൊക്കുന്ന്

Exit mobile version