ഇന്ത്യ മരിക്കാതിരിക്കട്ടെ

നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു വിഭാഗമായി മുസ്‌ലിം സമൂഹം മാറിയിട്ടു പതിറ്റാണ്ടുകളായി. ഇപ്പോഴത് ശക്തമായി വരുന്നതാണ് പുതിയ ഭീഷണി. പ്രത്യക്ഷ ഹൈന്ദവ തീവ്രവാദികളുടെ വംശനാശ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ തന്നെ അത്രയോ, അതിലേറെയോ മാരകമായ ഉദ്യോഗസ്ഥ മേലാളന്മാരുടെ പുറംകളിയും നടക്കുന്നു.
യുപിയിലെ മുസഫര്‍ നഗറിലെ കലാപമാണ് ഇതില്‍ ഒന്നാമത്തേതിന്റെ ഒടുവിലത്തെ ഉദാഹരണം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക സംഘമാണ് ഇവിടെ കലാപം വിതച്ചതെന്ന വാദംവരെ ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് വിധേയരാവുകയും അമ്പതോളം ആളുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷത്തിലധികം വിധേയര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതനയനുഭവിക്കുന്നു. മുസ്‌ലിം സംഘടനകള്‍ നല്‍കുന്ന സഹായം കൊണ്ടാണ് അവര്‍ വിശപ്പുമാറ്റുന്നതുപോലും.
ഈ വര്‍ഷം ഇതുവരെയായി മാത്രം 66 മുസ്‌ലിംകള്‍ വര്‍ഗീയാക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. മുസാഫര്‍ നഗറില്‍ കാണാതായ നിരവധി പാവങ്ങളുടെ കണക്ക് തീരെ പരിഗണിക്കാതെയാണിത്. കരിമ്പിന്‍ പാടങ്ങളില്‍ ഒളിപ്പിച്ച അവരുടെയൊക്കെ മൃതദേഹങ്ങള്‍ വിളവെടുപ്പിന് ശേഷം കണ്ടുകിട്ടുമ്പോള്‍ ഈ സംഖ്യ ഏറെ കൂടാനാണ് സാധ്യത.
ഉദ്യോഗസ്ഥ വര്‍ഗീയതയുടെ പുതിയ ഉദാഹരണമാണ് ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത വിഴിഞ്ഞം പോലീസ് നരമേധം ശക്തമായി ന്യായീകരിച്ചുകൊണ്ട് പുറത്തുവന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. എത്ര വലിയ മതേതരനായി ജീവിച്ചിട്ടും മുസ്‌ലിം പേരു കാരണം പലവിധ അപകടങ്ങള്‍ പ്രമുഖര്‍ വരെ അനുഭവിക്കുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍ ഉദാഹരണം. ശരിയായ ഒരു മുസ്ലിമിന്‍റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായജീവിതം നയിക്കുകയും അടുത്ത സുഹൃത്തുക്കള്‍ മുഴുവന്‍ അമുസ്‌ലിംകളാവുകയും ഹൈന്ദവ മത കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കുകയും ചെയ്ത അദ്ദഹത്തിനു തന്നെയും “ഞാന്‍ ഭീകരവാദിയല്ല’’ എന്നു വിളിച്ചു പറയേണ്ടിവരുന്നത് ചെറിയ കാര്യമാണോ?
ആധുനികതയുടെ അഭിനിവേശമായ അധമജീവിതത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നതിനപ്പുറം സമസ്ത സംഘങ്ങളും ഒരുമിച്ചുനിന്ന് എതിര്‍ത്തു തോല്‍പ്പിക്കേണ്ട ഭീകര പ്രസ്ഥാനമൊന്നുമല്ല ഇസ്‌ലാം. മനുഷ്യന്റെ മതഭൗതിക പുരോഗതിക്കായുള്ള ദൈവിക സംവിധാനമാണത്. എവിടെയും അവഗണിക്കപ്പെടേണ്ടതല്ല; പ്രത്യുത, വാരിപ്പുണരേണ്ട സുതാര്യതയാണ്. ഇന്ത്യയുടെ മതനിരപേക്ഷത നിലനിര്‍ത്തേണ്ടത് ഒരു സമൂഹത്തിന്റെ മാത്രം ബാധ്യതയായിക്കാണാതെ, നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയസാമൂഹിക സംഘടനകള്‍ തീരുമാനിച്ചേപറ്റൂ. ഇന്ത്യ മരിക്കാതെ നമുക്കിനിയും ജീവിക്കണമല്ലോ.

Exit mobile version