പ്രശസ്ത വലിയ്യും മുഹദ്ദിസും പണ്ഡിതനുമായ അബ്ദുല്ലാഹിബ്നു മുബാറകും സംഘവും ഹജ്ജിനു പോകുകയായിരുന്നു. യാത്രാമധ്യേ ഒരു നാട്ടിലെത്തി. അവിടെവെച്ച് അവർക്കൊപ്പമുണ്ടായിരുന്ന ഒരു പക്ഷിയുടെ ജീവൻ നഷ്ടപ്പെട്ടു. അതിനെ തൊട്ടടുത്ത മാലിന്യക്കുഴിയിലിടാൻ അദ്ദേഹം നിർദേശിച്ചു. ഒരൽപം വിശ്രമിക്കാമെന്നു കരുതി അവിടെത്തന്നെ ഇരുന്നപ്പോഴാണ് ഒരു സ്ത്രീ ഓടിവന്ന് ആ പക്ഷിയെ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത്. അത് ശവമാണെന്നു അബ്ദുല്ലാഹിബിനു മുബാറക്(റ) ഓർമപ്പെടുത്തിയെങ്കിലും ആ സ്ത്രീ പറഞ്ഞതിങ്ങനെ: ഇത് നിങ്ങൾക്ക് നിഷിദ്ധമാണെങ്കിലും ഞങ്ങൾക്ക് ഹലാലാണ്. അതിനൊരു കാരണവുമുണ്ട്. വീട്ടിൽ ഞാനും സഹോദരനും മാത്രമേയുള്ളൂ. ഞങ്ങളുടെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സ്വത്ത് പലരും അപഹരിച്ചു. ഞങ്ങൾക്ക് ജോലിയൊന്നുമില്ല. ഇതു കേട്ട് മഹാൻ തന്റെ പരിചാരകനോട് ചോദിച്ചു: നമ്മുടെ പക്കൽ എത്ര ദീനാറുണ്ട്? ആയിരമെന്ന് പരിചാരകൻ. ‘എങ്കിൽ ഇരുപത് ദീനാർ മാത്രം അവിടെ വെച്ച് ബാക്കിയെല്ലാം ഈ സ്ത്രീക്ക് കൊടുക്കൂ. നമുക്ക് തിരിച്ചു പോകാൻ ഇരുപത് ദീനാർ മതിയല്ലോ. ഈ വർഷം ഹജ്ജ് ചെയ്യുന്നതിനേക്കാൾ പുണ്യം ഈ സ്ത്രീയെ സഹായിക്കുന്നതാണ്’- ഇതു പറഞ്ഞ് അദ്ദേഹവും സംഘവും യാത്ര അവസാനിപ്പിച്ച് മടങ്ങി (അൽബിദായത്തു വന്നിഹായ 10/184). ഇസ്ലാമിലെ ആരാധനയുടെ സാമൂഹിക ഭാവം മനസ്സിലാക്കാൻ ഈ ചരിത്രം മതി.
അല്ലാഹുവിന് ആരാധന ചെയ്യാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണ് ആരാധനകളെന്നും അവയുടെ പ്രത്യക്ഷമായ ഉപകാരം ആർക്കൊക്കെയാണെന്നും വിശകലനം ചെയ്യുമ്പോളാണ് ഇസ്ലാമിലെ ഓരോ ആരാധനയും എത്രമാത്രം സാമൂഹ്യ ബന്ധിതമാണെന്ന് ബോധ്യപ്പെടുക.
ആരാധന ചെറുതാണെങ്കിലും വലുതാണെങ്കിലും അല്ലാഹുവിനു മാത്രമുള്ളതാണ്. എന്നാൽ അവ നൽകുന്ന ഗുണഫലം പലപ്പോഴും മൊത്തം സമൂഹത്തിനും സൃഷ്ടികൾക്കും ചെയ്യുന്ന വ്യക്തിക്കുമുള്ളതാണ്. ആരാധനകൾ നിർവഹിക്കുന്ന വ്യക്തിക്ക് ഇഹലോകത്തും പരലോകത്തും ഗുണം ലഭിക്കുന്നു. സമൂഹത്തിനാകട്ടെ ധാരാളം ഇഹപര ഗുണങ്ങൾക്ക് ഓരോ വ്യക്തിയുടെ ആരാധനയും നിമിത്തമാകുന്നു.
മനുഷ്യന്റെ ആരാധനകൾ പ്രത്യക്ഷത്തിൽ മൂന്നിനമുണ്ട്. ഒന്ന് ആരാധിക്കുന്ന വ്യക്തിയും അല്ലാഹുവുമായും മാത്രം ബന്ധിക്കുന്നതും വ്യക്തികൾ സ്വകാര്യമായോ കൂട്ടമായോ ചെയ്യുന്നതുമായിരിക്കും. നിസ്കാരം, ജുമുഅ, ഹജ്ജ് എന്നിവയൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുത്താം. രണ്ടാമതൊരു തലം, ചെയ്യുന്ന വ്യക്തിയെയും തന്റെ സഹമനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഇത് നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിനു ചെയ്യുന്ന ആരാധനയാണെങ്കിലും നേരിട്ട് മറ്റു മനുഷ്യർക്ക് തന്നെ ഗുണം ലഭിക്കുന്നതാണ്. സകാത്ത്, സ്വദഖ, കഫ്ഫാറത്ത് തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ ഉൾപ്പെടും. മൂന്നാമത്തെ തരം ഇബാദത്തുകൾ മനുഷ്യനും പ്രകൃതിയും തമ്മിൽ ബന്ധപ്പെടുന്നതാണ്. മനുഷ്യേതര ജന്തുക്കൾ, പ്രകൃതിയിലെ സചേതനവും അചേതനവുമായ വസ്തുക്കൾ തുടങ്ങിയ എല്ലാത്തിനോടും ഈ ആരാധന ബന്ധിച്ചിരിക്കുന്നു. അനാവശ്യമായി മണൽ വാരരുത്, പാറ പൊട്ടിക്കരുത്, മരം മുറിക്കരുത്, മൃഗങ്ങളെ ഉപദ്രവിക്കരുത് തുടങ്ങി ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആശയങ്ങൾ ഈ അർഥത്തിലാണ്. നായക്ക് വെള്ളം കൊടുത്ത സ്ത്രീ സ്വർഗത്തിൽ പോയതും പൂച്ചയെ കെട്ടിയിട്ട് ബുദ്ധിമുട്ടിച്ചവൾ നരകത്തിൽ പോയതുമെല്ലാം ഈ ഇനത്തിലാണ് വായിക്കേണ്ടത്. അഥവാ നായക്ക് വെള്ളം നൽകുന്നതും പരിചരിക്കുന്നതും പൂച്ചയെ സംരക്ഷിക്കുന്നതും പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ ജീവിയുടെയും വസ്തുവിന്റെയും ആവശ്യമായ സംരക്ഷണവും ചെയ്യേണ്ട മറ്റു കാര്യങ്ങളും ഏറ്റെടുക്കുന്നതും ആരാധനയാണ്. ഈ മൂന്ന് ഇനങ്ങളിലുള്ള ആരാധനകളെ കൂട്ടിവായിക്കുമ്പോഴാണ് ഇസ്ലാമിലെ ആരാധനകളുടെ ആഴവും വ്യാപ്തിയും മനസ്സിലാകുക. ആരാധനയെന്നു പറയുന്നത് കേവലം ചില ചടങ്ങുകളല്ലെന്നും മനുഷ്യൻ ചെയ്യുന്ന/ ചെയ്തുകൊണ്ടിരിക്കുന്ന/ ചെയ്യേണ്ട ഓരോ പ്രവൃത്തിയും ആരാധനയുടെ വിതാനത്തിലേക്ക് ഉയർത്താൻ പറ്റിയതാണെന്നും ഉയരുന്നതാണെന്നും ബോധ്യപ്പെടുക പ്രയാസമുള്ള കാര്യമല്ല.
അല്ലാഹുവും ആരാധന ചെയ്യുന്നയാളും മാത്രം ബന്ധിക്കുന്ന നിസ്കാരം പോലെയുള്ള ആരാധനകൾക്ക് തന്നെ പ്രത്യക്ഷത്തിൽ മനുഷ്യനെ നേരിട്ട് ബന്ധിക്കുന്ന ധാരാളം ഗുണങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. ഉദാഹരണത്തിന് നിസ്കാരത്തെ കുറിച്ച് ഖുർആൻ പറയുന്നതിങ്ങനെ: ‘തീർച്ചയായും നിസ്കാരം മോശം കാര്യങ്ങളിൽ നിന്നും മ്ലേച്ഛമായ വിഷയങ്ങളിൽ നിന്നും തടയും’ (അൻകബൂത്ത് 29). നോമ്പിനെ സംബന്ധിച്ചും ഇത്തരം പരാമർശങ്ങൾ ഖുർആനിൽ കാണാം. നിങ്ങളുടെ മുമ്പുള്ളവർക്കുള്ളതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയത് നിങ്ങൾ സൂക്ഷ്മതയുള്ളവരും തഖ്വയുള്ളവരുമായി മാറാനാണെന്നു അല്ലാഹു ഓർമപ്പെടുത്തി (അൽബഖറ 183). അഥവാ ചിലർക്ക് ചിലപ്പോൾ പ്രത്യക്ഷത്തിൽ അവക്ക് ഗുണങ്ങളൊന്നും കണ്ടില്ലെങ്കിലും മനുഷ്യനും സമൂഹത്തിനും ഈ ആരാധനകൾ അനിവാര്യമാണ് (ഇവയുടെ ശാസ്ത്രീയവശം ചർച്ച ചെയ്യുമ്പോളുള്ള ഗുണങ്ങൾ വേറെയുമുണ്ട്).
ഇത്തരം ആരാധനകളിൽ നിന്നുതന്നെ ജുമുഅ, ഹജ്ജ് പോലെയുള്ള സാമൂഹ്യ സംഗമം ആവശ്യമുള്ള ആരാധനകളുണ്ട്. ഇവ നിർവഹിക്കുന്ന സാമൂഹികമായ കടപ്പാടുകൾ ചെറുതല്ല. ആഴ്ചതോറും ഒരു നാട്ടിലെ പ്രായപൂർത്തിയും ബുദ്ധിയുമുള്ള പുരുഷന്മാർ മുഴുവൻ ഒരു സ്ഥലത്ത് ജുമുഅക്ക് വേണ്ടി ഒരുമിച്ചു കൂടുന്നതുതന്നെ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ കെട്ടുറപ്പ് വർധിപ്പിക്കുന്നു. ഓരോ ദിവസവും അഞ്ചു സമയങ്ങളിലും സംഘടിത നിസ്കാരം അഥവാ ജമാഅത്ത് നിസ്കാരങ്ങൾ സുന്നത്താക്കിയതിന്റെ പിന്നിലും ഈ യുക്തി കാണാം. കൂടാതെ വർഷാവർഷം ലോകമുസ്ലിം പ്രതിനിധികൾ ഒരൊറ്റ സ്ഥലത്ത് ഒരുമിച്ചു കൂടുന്ന ഹജ്ജ് നൽകുന്ന സാമൂഹ്യ പാഠങ്ങൾ നിരവധിയാണ്. ഇവയെല്ലാം മനുഷ്യരെ അറിയാനും മനുഷ്യരായി ജീവിക്കാനും മനുഷ്യത്വത്തെ വളർത്താനും പരസ്നേഹം വർധിക്കാനും വിശാല മനസ്സ് രൂപപ്പെടുത്താനും നിമിത്തമാകുമെന്നത് ഉറപ്പാണല്ലോ. ഭൂമിയിൽ ജീവിക്കുന്ന ഏതു മനുഷ്യനും അനിവാര്യമായ കാര്യങ്ങളാണ് ഇവയോരോന്നും. അതെല്ലാം ഓരോ ദിവസവും പല പ്രാവശ്യം മൂർച്ച കൂട്ടുന്നതാണ് ഇസ്ലാമിലെ ഇത്തരം ആരാധനകൾ.
എന്നാൽ ആരാധനകളിൽ ഏറിയ പങ്കും ഇത്തരത്തിലുള്ളതല്ല. രണ്ടാമതും മൂന്നാമതും പറഞ്ഞ ഇനത്തിൽ പെട്ടതാണ്. അഥവാ മറ്റു മനുഷ്യരോടും പ്രകൃതിയോടും ബന്ധിക്കുന്നവ. ഭൂമിയുടെ പരിപാലനം മനുഷ്യന്റെ ഉത്തരവാദിത്വമാണ്. പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിനെയും അവ അർഹിക്കും വിധം സംരക്ഷിക്കേണ്ട കടമയും മനുഷ്യനുണ്ട്. കുടുംബം, അയൽവാസി അടക്കമുള്ള സഹജീവികൾ, നാട്, രാഷ്ട്രം, ഇതര ജന്തുക്കൾ, പറവകൾ, സസ്യലതാദികൾ, കുന്നും മലയും കടലും കരയും വായുവും വെള്ളവും അടക്കമുള്ള പ്രപഞ്ചത്തിലെ സർവ വസ്തുവിനോടും ജീവിയോടും ബന്ധിക്കുന്ന ഇബാദത്ത് മുസ്ലിമിനുണ്ട്. അന്തരീക്ഷ മലിനീകരണത്തിലും ശബ്ദ മലിനീകരണത്തിലും വരെ ഈ ഇബാദത്ത് ബന്ധിക്കുന്നു; അഥവാ ശബ്ദ മലിനീകരണം പാടില്ലെന്നും ശബ്ദം താഴ്ത്തി സംസാരിക്കൽ പുണ്യമാണെന്ന് പറഞ്ഞതും ആരാധനയുടെ ഭാഗമായിട്ടാണ്. ഒരു വിശ്വാസി അന്തരീക്ഷത്തിലെ ശബ്ദ മലിനീകരണം കുറക്കാൻ വേണ്ടി മെല്ലെ സംസാരിക്കുന്നുവെങ്കിൽ തീർച്ചയായും അവൻ അല്ലാഹുവിന് ഇബാദത്ത് ചെയ്തു. അല്ലാഹു അവനു പ്രതിഫലം നൽകുകയും ചെയ്യും. ഇതുപ്രകാരം വായു മലിനീകരണം തടയാൻ സ്വന്തം വാഹനം വീട്ടിൽ നിർത്തി പൊതുവാഹനം ഉപയോഗിച്ചാൽ തീർച്ചയായും പ്രതിഫലം ലഭിക്കും. കാരണം അതും അല്ലാഹുവിനുള്ള ഇബാദത്താണ്. ആത്മീയ ലോകത്തെ കുലപതി ശൈഖ് രിഫാഈ(റ) ദിവസങ്ങളോളം ഒരു തെരുവ് നായയെ പരിചരിച്ച ചരിത്രം പ്രസിദ്ധമാണ്. ഇസ്ലാമിലെ ആരാധനകളിലൊന്നാണ് അന്യജീവിയെ ആവശ്യാനുസാരം പരിചരിക്കുക എന്നത്.
ഒരു ഹദീസ്: ‘ഒരാൾ വന്ന് നബി(സ്വ)യോട് ചോദിച്ചു: തിരുദൂതരേ, ഇന്നാലിന്ന സ്ത്രീയെ സ്മരിക്കുന്നത് ധാരാളം നിസ്കരിക്കുന്നവളും നോമ്പനുഷ്ഠിക്കുന്നവളും സ്വദഖ നൽകുന്നവളുമായാണ്. പക്ഷേ, അവൾ അയൽക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കും. അപ്പോൾ നബി(സ്വ) പറഞ്ഞു: അവൾ നരകത്തിലാണ്. ഉടനെ ആഗതൻ മറ്റൊരു സ്ത്രീയെക്കുറിച്ചാരാഞ്ഞു. അവൾ അധികം നിസ്കരിക്കുന്നവളോ നോമ്പനുഷ്ഠിക്കുന്നവളോ അല്ല. എന്നാൽ അവൾ ഒട്ടകങ്ങളിൽ നിന്ന് സ്വദഖ കൊടുക്കുകയും നാവുകൊണ്ട് അയൽക്കാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്നു. ഉടൻ അവിടന്ന് പറഞ്ഞു: ആ സ്ത്രീ സ്വർഗത്തിലാണ്’ (അഹ്മദ് 9383). മനുഷ്യന്റെ ആത്യന്തിക ആവശ്യമായ സ്വർഗവും നരകവും പോലും പലപ്പോഴും സാമൂഹിക നന്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാനാവുക. അന്യരെ ഉപദ്രവിക്കുന്നതിനെ ഇസ്ലാം എത്രമാത്രം ഗൗരവത്തിലെടുത്തുവെന്നും ഈ ഹദീസിൽ നിന്നു വ്യക്തം. മുസ്ലിംകൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് വ്യക്തിബന്ധിത ഇബാദത്തിനപ്പുറം സാമൂഹ്യ ബന്ധിത ഇബാദത്തിലാണെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. വീടിന്റെയുള്ളിന്റെ ഉള്ളിലിരുന്ന് ഇബാദത്ത് ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനിഷ്ടം സാമൂഹ്യബന്ധിത ഇബാദത്തുകളാണെന്നു ചുരുക്കം.
ഒരിക്കൽ നബി(സ്വ) സ്വഹാബത്തിനോട് ചോദിച്ചു: നിസ്കാരത്തെക്കാളും നോമ്പിനെക്കാളും സ്വദഖയെക്കാളും അല്ലാഹുവിന്റെയടുത്ത് ശ്രേഷ്ഠതയുള്ള ഒരു കാര്യം നിങ്ങൾക്ക് പറഞ്ഞുതരട്ടയോ? അറിയുക. അത് രണ്ടുപേർക്കിടയിൽ രമ്യതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ്’ (അബൂദാവൂദ് 4919),
മറ്റൊരു പ്രസിദ്ധ ഹദീസ് ഇങ്ങനെ വായിക്കാം: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവൻ ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളയാളാണ്. അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള സൽപ്രവർത്തി ഒരു വിശ്വാസിയുടെ ഖൽബിൽ സന്തോഷം നിറക്കുന്നതാണ്. അല്ലെങ്കിൽ അവന്റെ ബുദ്ധിമുട്ട് നീക്കിക്കൊടുക്കുന്നതാണ്, അല്ലെങ്കിൽ അവന്റെ കടം വീട്ടിക്കൊടുക്കുന്നതാണ്, അല്ലെങ്കിൽ അവന്റെ പട്ടിണി മാറ്റുന്നതാണ്. എന്റെ സഹോദരന്റെ കൂടെ അവന്റെ ആവശ്യം പൂവണിയിക്കാൻ പോയിക്കൊടുക്കുന്നതാണ് എന്റെ ഈ പള്ളിയിൽ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ നല്ലത്. ആരെങ്കിലും ദേഷ്യം പിടിച്ചുവെച്ചാൽ അല്ലാഹു അവന്റെ ന്യൂനതകൾ മറക്കും. ആരെങ്കിലും തന്റെ ഈർഷ്യത്തെ മൂടിക്കെട്ടിയാൽ അന്ത്യനാളിൽ അല്ലാഹു അവന് സമാധാനം നൽകും. ആരെങ്കിലും തന്റെ സഹോദരന്റെ കൂടെ നടന്ന് അവന്റെ ആവശ്യം നേടിക്കൊടുത്താൽ ഖിയാമത്ത് നാളിൽ സ്വിറാത് പാലത്തിൽ നിന്നും അവൻ തെന്നിവീഴില്ല’ (ത്വബ്റാനി മുഅജ്മുൽ കബീർ 13646). മറ്റൊരു രിവായത്ത് പ്രകാരം നബി(സ്വ) ഇത്രകൂടി പറഞ്ഞിരിക്കുന്നു: ‘നിശ്ചയം ദുസ്വഭാവം കള്ള് തേനിനെ നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ സൽപ്രവർത്തിയെ നശിപ്പിക്കും’.
വിശുദ്ധ ഖുർആന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയം: ‘നിങ്ങളുടെ മിക്ക വ്യവഹാരങ്ങളിലും ഒരു ഗുണവുമില്ല; സ്വദഖ കൊണ്ടും നന്മ കൊണ്ടും ജനങ്ങൾക്കിടയിൽ നല്ല നിലയിൽ വർത്തിക്കാൻ വേണ്ടിയും കൽപ്പിക്കുന്നതിലൊഴികെ’ (നിസാഅ് 114). ‘മനുഷ്യന് നാം രണ്ട് കണ്ണുകൾ കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ? തെളിഞ്ഞു നിൽക്കുന്ന രണ്ടു പാതകൾ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് ആ കടമ്പ അവൻ കടന്നില്ല. ഏതാണാ കടമ്പയെന്ന് താങ്കൾക്കറിയുമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കിൽ പട്ടിണിക്കാരന് ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥക്ക്, അല്ലെങ്കിൽ കടുത്ത ദാരിദ്ര്യമുള്ള സാധുവിനെ ഭക്ഷിപ്പിക്കുക. പുറമെ, വിശ്വസിക്കുകയും ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ അവൻ ആയിത്തീരുകയും ചെയ്യുക’ (അൽബലദ് 917). മനുഷ്യന് അല്ലാഹു ശാരീരിക അവയവങ്ങൾ നൽകിയത് എപ്രകാരം ഉപയോഗപ്പെടുത്തണമെന്ന വ്യക്തമായ നിർദേശമാണിത്.
ഇസ്ലാമിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. അല്ലാഹുവിനുള്ള ആരാധന അല്ലെങ്കിൽ ഇബാദത്ത് എന്ന് പറയുന്നത് സൃഷ്ടികളെക്കൂടി പരിഗണിക്കുകയും അവർക്കാവശ്യമായത് ചെയ്തുകൊടുക്കുകയും ചെയ്യുമ്പോഴാണ് പൂർണമാകുന്നത്. ഇതിനർഥം, നിർബന്ധമായ നിസ്കാരം പോലെയുള്ള കാര്യങ്ങളെ ഒഴിവാക്കണമെന്നല്ല. നിർബന്ധമുള്ള എല്ലാ കാര്യങ്ങളും അതാതു സമയങ്ങളിൽ ചെയ്യണം. അതിനപ്പുറത്തേക്ക് സമൂഹത്തെ ഉൾക്കൊള്ളാനും സമൂഹത്തിനാവശ്യമായത് ചെയ്തുകൊടുക്കാനും സാധിക്കണം. അവനാണ് യഥാർഥ മുസ്ലിം. അതാണ് നബിമാരുടെ മാർഗം. ഖുർആൻ പറഞ്ഞല്ലോ: ‘നിങ്ങളാണ് ഉത്തമ സമൂഹം. കാരണം നിങ്ങൾ ജനങ്ങൾക്കു വേണ്ടി നിയോഗിക്കപ്പെട്ടവരാണ്’ (ആലുഇംറാൻ 110).
ഡോ. ഉമറുൽ ഫാറൂഖ് സഖാഫി