ഇബ്‌നുസീനയുടെ ജീവിതയാത്ര

life of Ibnu Sina (Avicenna)

ഠന സപര്യയിൽ നിന്ന് പതിനെട്ടു വയസ്സിനു ശേഷമാണ് ഇബ്‌നുസീന ഗ്രന്ഥരചനയിലേക്കു തിരിയുന്നത്. ജീവിത പ്രയാസങ്ങളും പ്രാതികൂല്യങ്ങളും ഏറെയുണ്ടായിട്ടും ഗ്രന്ഥരചനകളിലും വൈജ്ഞാനിക ചർച്ചകളിലും അധ്യാപനത്തിലും അദ്ദേഹം താൽപര്യം കാണിച്ചു. സാധ്യമായ സൗകര്യങ്ങളുപയോഗപ്പെടുത്തി അവ വിപുലമാക്കുകയും ചെയ്തു. വിദ്യാർത്ഥി ജീവിത കാലത്ത് പഠനത്തിലും ശേഷം വിജ്ഞാനത്തിന്റെ ഗ്രന്ഥവൽക്കരണത്തിലുമാണ് അദ്ദേഹം മുഴുകിയതെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിനും നിലനിൽപിനുമായി ഉദ്യോഗങ്ങളും യാത്രകളും ഒളിവു ജീവിതവും ജയിൽ വാസവുമെല്ലാം അദ്ദേഹത്തിന്റെ ചരിത്രത്തിൽ ഇടക്കിടെ കടന്നുവരികയുണ്ടായി.

ഗ്രന്ഥരചനാരംഭത്തെ കുറിച്ച് അദ്ദേഹം രേഖപ്പെടുത്തി: ‘പതിനെട്ടാം വയസ്സിൽ ജ്ഞാനാന്വേഷണത്തിൽ നിന്നു ഞാൻ വിരമിച്ചു. വർഷങ്ങളെടുത്തു പഠിച്ചതെല്ലാം അപ്പോഴെനിക്കു മനഃപാഠമായിരുന്നു. പക്ഷേ ഇന്നു ഞാനങ്ങനെയല്ല. പാകമെത്തിയാൽ എന്തും മുരടിച്ചു പോകുമല്ലോ. അതിനു ശേഷം പുതുതായൊന്നും എനിക്കു ലഭിച്ചിട്ടില്ല.’

‘എന്റെ അയൽവാസിയായ അബുൽ ഹുസൈൻ അൽഅറൂളി എന്നയാൾ തത്ത്വശാസ്ത്രത്തിൽ ഒരു സമ്പൂർണ ഗ്രന്ഥം രചിക്കാനെന്നോടാവശ്യപ്പെട്ടു. അങ്ങനെ ഞാൻ മജ്മൂഅ് രചിച്ചു. ‘ഇൽമുർറിയാള്’ (ഗണിതം) അല്ലാത്തതെല്ലാം ഞാനതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അതിന് ആ പേരു വച്ചത്. അത് പൂർത്തിയാക്കുമ്പോൾ എനിക്ക് ഇരുപത്തിയൊന്ന് വയസ്സാണ്. ഖവാരിസ്മിൽ നിന്ന് വന്ന് എന്റെയടുത്ത് താമസിച്ചിരുന്ന അബൂബക്‌റിൽ ബർഖി എന്ന പണ്ഡിതൻ തത്ത്വശാസ്ത്രത്തിൽ വിശദ വിവരണങ്ങളുള്ളൊരു ഗ്രന്ഥം രചിക്കാൻ എന്നെ നിർബന്ധിച്ചു. ആത്മജ്ഞാനിയായിരുന്ന അദ്ദേഹം ഫിഖ്ഹും തഫ്‌സീറും സുഹ്ദും പ്രാധാന്യത്തോടെ പരിഗണിക്കുന്നയാളായിരുന്നെങ്കിലും തത്ത്വശാസ്ത്രത്തിലും താൽപര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണ പ്രകാരമാണ് അൽഹാസ്വിലു വൽ മഹ്‌സ്വൂൽ എന്ന 20 വാല്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥം രചിക്കുന്നത്. സ്വഭാവ സംസ്‌കരണത്തിൽ കിതാബുൽ ബിർറി വൽ ഇസ്മ് എന്ന ഗ്രന്ഥവും ഞാനദ്ദേഹത്തിനായി സമർപ്പിച്ചു. അത് പകർത്തി സൂക്ഷിക്കുക അസൗകര്യമായതിനാൽ ഇന്നു ലഭ്യമല്ല (ഉയൂനുൽ അൻബാഅ് ഫീ ത്വബഖാതിൽ അത്വിബ്ബാഅ്).

ബുഖാറയോട് വിട

ബുഖാറയോട് വിടപറയേണ്ടിവന്ന സാഹചര്യവും പിന്നീട് എത്തിപ്പെട്ട ദേശങ്ങളും ജുർജാനിൽ ദീർഘ വാസത്തിനിടയാക്കിയ പശ്ചാത്തലവും അദ്ദേഹം വിവരിച്ചിട്ടുണ്ട്. സാമാനീ ചക്രവർത്തിയുടെയും തന്റെ പിതാവിന്റെയും മരണവും ബുഖാറയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചേർന്നപ്പോൾ അവിടം അദ്ദേഹത്തിന് വാസയോഗ്യമല്ലാതായി. അങ്ങനെ ബുഖാറ വിട്ടു. അമീറുമാരുടെയോ ചക്രവർത്തിമാരുടെയോ സഹായമില്ലാതെ തന്റെ വൈജ്ഞാനിക സേവനം നിർവഹിക്കാനാകില്ലെന്നദ്ദേഹം മനസ്സിലാക്കി. ജ്ഞാനസ്‌നേഹിയായ ഒരധികാരിയുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെയാണ് കാർകാഞ്ചിൽ മന്ത്രിയായ അബുൽ ഹസനുസ്സഹ്‌ലി മുഖേന അമീർ അലിയ്യുബ്‌നുമഅ്മൂന്റെ അടുത്തേക്ക് പോകുന്നത്. അമീർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. അതുല്യനായൊരു പ്രതിഭയാണ് നാട്ടിലേക്ക് വരുന്നത് എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു.

വിജ്ഞാനത്തെയും പണ്ഡിതരെയും ഇഷ്ടപ്പെട്ടിരുന്ന അമീർ അലി ഒരു വൈജ്ഞാനിക കേന്ദ്രം സ്ഥാപിച്ച് അതിൽ ധാരാളം പണ്ഡിതന്മാരെ നിയമിച്ചിരുന്നു. ഇബ്‌നുസീനയെയും അവിടെ നിയമിച്ചു. വ്യത്യസ്ത വിജ്ഞാന ശാഖകളിൽ വിലയേറിയ സംഭാവനകളർപ്പിച്ച അൽബറൂനി, സുപ്രസിദ്ധ ഗോളശാസ്ത്രകാരനായ അബൂസഹ്ൽ അൽമസീഹി തുടങ്ങിയ പ്രതിഭാശാലികളടക്കമുള്ളവർ അവിടെ ഗവേഷകരും അധ്യാപകരുമായിരുന്നു. ഇബ്‌നുസീനക്ക് മതിയായ വേതനം നിശ്ചയിച്ച് മാസാന്തം നൽകിക്കൊണ്ടിരുന്നു. മറ്റു ഗവേഷകരെയും ഗുരുക്കൻമാരെയും അപേക്ഷിച്ച് ചെറിയ പ്രായക്കാരനായിരുന്നെങ്കിലും അവർക്കിടയിലും വൈജ്ഞാനിക കേന്ദ്രത്തിലും ആദരണീയനായിരുന്നു.

ജുർജാനിലേക്ക്

കാർകാഞ്ചിലെ ജീവിതം ഗ്രന്ഥരചനക്ക് വളരെയേറെ സഹായകമായി. പത്തു വർഷത്തോളം അവിടെ കഴിഞ്ഞു. പത്താം വർഷം അമീറിന് സുൽത്താൻ മഹ്മൂദ് ഗസ്‌നവി ഒരു കത്തയക്കുകയുണ്ടായി. കാർകാഞ്ചിലെ വൈജ്ഞാനിക കേന്ദ്രത്തിലെ പ്രതിഭകളായ പണ്ഡിതരെ കേന്ദ്രത്തിലേക്കയക്കണമെന്നായിരുന്നു അതിലെ നിർദേശം. അമീർ പണ്ഡിതരെ വിളിച്ച് സംഗതിയറിയിച്ചു. തീരുമാനം അവരുടെ ഇഷ്ടത്തിനു വിട്ടു. അൽബിറൂനിയും ഇബ്‌നുൽ ഖമാറും പോകാൻ തയ്യാറായി. ഇബ്‌നുസീനയും അബൂസഹ്‌ലിൽ മസീഹിയും അതിനു താൽപര്യപ്പെട്ടില്ല. മഹ്മൂദ് ഗസ്‌നവി പണ്ഡിതരുമായി നല്ല ബന്ധം പുലർത്തുന്നയാളല്ലെന്നറിയുന്നതിനാലാണ് ഇബ്‌നുസീന പോകാൻ വിസമ്മതിച്ചത്. രാജകൽപന ലംഘിച്ച് അവിടെ തുടരാനാവില്ലെന്നതിനാൽ ഇബ്‌നുസീനയും മസീഹിയും ജുർജാനിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ വഴിയിൽ വച്ച് ഒരു ചുഴലിക്കാറ്റിൽപെട്ട് അബൂസഹ്‌ലിൽ മസീഹി മരണപ്പെടുകയുണ്ടായി. സഹയാത്രികൻ നഷ്ടപ്പെട്ട കദനഭാരവുമായി നസാ, ത്വൂസ്, ശഖ്ഖാൻ, നൈസാബൂർ തുടങ്ങിയ പട്ടണങ്ങൾ കടന്ന് ഇബ്‌നുസീന ജുർജാനിലെത്തി. അവിടത്തെ അമീർ ഖാബൂസിനെ ലക്ഷ്യമിട്ടായിരുന്നു യാത്ര. പക്ഷേ വഴിയിൽ വച്ചാണ് അദ്ദേഹം മരിച്ചുവെന്നറിയുന്നത്. ഇനി അങ്ങോട്ടു പോകുന്നതിലർത്ഥമില്ലെന്ന് മനസ്സിലാക്കി ദഹിസ്ഥാനിലേക്ക് തിരിച്ചു. അവിടെ അൽപകാലം കഴിഞ്ഞുകൂടിയെങ്കിലും അത് പരീക്ഷണങ്ങളുടെ ഘട്ടമായിരുന്നു. പ്രയാസകരമായ രോഗത്തിൽ പെട്ട അദ്ദേഹം ഒരുവിധം ഭേദപ്പെട്ട ശേഷം ജുർജാനിലേക്കു തന്നെ പോകാനുറച്ചു.

അബൂമുഹമ്മദശ്ശീറാസി എന്ന് പ്രസിദ്ധനായ ഒരു ദാർശനികനെ ഈ യാത്രയിൽ സന്ധിച്ചു. അദ്ദേഹം ഇബ്‌നുസീനയെ തന്റെ അതിഥിയായി സ്വീകരിക്കുകയും അനുയോജ്യമായൊരു വീട് വാങ്ങിക്കൊടുക്കുകയും ചെയ്തു. അവിടെ വൈജ്ഞാനിക ചർച്ചകളും പഠനവേദികളും രൂപപ്പെട്ടു. തനിക്ക് താമസവും സ്വീകരണവുമൊരുക്കിയ അബൂമുഹമ്മദ് ശീറാസിക്കു വേണ്ടി ധാരാളം ഗ്രന്ഥങ്ങളും ഇക്കാലയളവിൽ തയ്യാറാക്കി. അൽമബ്ദഅ് വൽ മആദ്, അൽഇർസ്വാദുൽ കുല്ലിയ്യ, മുഖ്തസ്വറുൽ മജസ്ത്വീ തുടങ്ങിയവ അതിൽ പ്രധാനമാണ്. അൽഖാനൂനിന്റെ രചനാരംഭവും ഇക്കാലത്താണ് നടന്നത്. ധാരാളം വിജ്ഞാനകുതുകികളും അന്വേഷകരും വിദ്യാർത്ഥികളും അദ്ദേഹത്തെ തേടിയെത്തി. ഇക്കാലത്താണ് ഇബ്‌നുസീനയുടെ ആത്മകഥാ വിവരണവും ചരിത്രവും അബൂഉബൈദതുൽ ജൂസജാനിക്ക് കൈമാറുന്നതും അദ്ദേഹം ശിഷ്യത്വം സീകരിക്കുന്നതും. പിന്നീട് രണ്ടര ദശാബ്ദത്തിലധികം ഈ ബന്ധം വളരെ ഇഴയടുപ്പത്തിൽ തുടർന്നു. ഗുരുവിന്റെ രഹസ്യവും പരസ്യവും ദൗർബല്യങ്ങളും മേന്മകളും അബൂഉബൈദ വിവരിച്ചിട്ടുണ്ട്.

ജുർജാനിൽ കഴിയുന്നതിനിടെ റായ് പ്രവിശ്യയിലെ അമീറിന്റെ മാതാവ് ഇബ്‌നുസീനയെ ക്ഷണിച്ച് സന്ദേശമയക്കുകയുണ്ടായി. വാതരോഗം പിടിപെട്ട അമീർ മജ്ദുദ്ദൗലക്ക് ചികിത്സ നടത്താനായിരുന്നു ക്ഷണം. അങ്ങനെ ഇബ്‌നുസീനയും ശിഷ്യൻ ജൂസജാനിയും റായിലേക്കു പോയി. അമീറിനെ ചികിത്സിച്ചു. രോഗം ഭേദമായി. ഈ സന്ദർഭം റായിലേക്ക് വന്ന ഹമദാനിലെ അമീർ ശംസുദ്ദൗല സംഭവമറിഞ്ഞു സന്തുഷ്ടനായി. തന്റെ സഹോദര പുത്രനായ മജ്ദുദ്ദൗലയെ ചികിത്സിച്ച് ഭേദമാക്കിയതിന് വലിയ സമ്മാനങ്ങൾ നൽകി. വൈകാതെ ഇബ്‌നുസീനയെ ഹമദാനിലേക്ക് ക്ഷണിക്കുകയും തന്റെ മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.

നാടുകടത്തൽ

ഇബ്‌നുസീന തനിക്ക് ലഭിച്ച അധികാരം ജനോപകാരപ്രദമായ സേവനങ്ങൾക്ക് വിനിയോഗിച്ചു. പക്ഷേ സ്വാർത്ഥരും ചൂഷകരുമായ സഹമന്ത്രിമാരും കൊട്ടാരവാസികളും അതിഷ്ടപ്പെട്ടില്ല. അഴിമതികൾക്ക് എതിരു നിൽക്കുന്ന ഇബ്‌നുസീനയെ അവർ ഇല്ലാക്കുറ്റമാരോപിച്ച് ക്രൂരമായി മർദിച്ചു തടവിലാക്കി. ശേഷം ശംസുദ്ദൗലയോട് അദ്ദേഹം വഞ്ചകനാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. അമീറിന് ഇബ്‌നുസീന നിരപരാധിയാണെന്നറിയാമായിരുന്നുവെങ്കിലും കൊട്ടാര വൃത്തങ്ങളെല്ലാം അദ്ദേഹത്തിനെതിരെ സംഘടിച്ചതിനാൽ നാടുകടത്താതെ നിർവാഹമില്ലാതായി. അങ്ങനെയാണ് ഹമദാൻ വിടുന്നത്.

ദഹിസ്ഥാനിലേക്കാണ് അവിടെ നിന്നദ്ദേഹം പോയത്. അവിടെ വച്ച് രോഗം പിടികൂടിയെങ്കിലും സ്വന്തമായി ചികിത്സ നടത്തി സുഖം പ്രാപിച്ചു. പിന്നെ ജുർജാനിലേക്കു തന്നെ മടങ്ങി. തന്റെ സന്തത സഹചാരി അബൂഉബൈദതുൽ ജൂസജാനിയുമായി വീണ്ടും ഒരുമിച്ചു. ഈ സമയത്താണ് ജീവിത കഥകളെല്ലാം ഇബ്‌നുസീന ശിഷ്യനുമായി പങ്കുവെക്കുന്നത്.

ഏറെ കഴിയുന്നതിന് മുമ്പ് ഹമദാനിൽ നിന്നൊരു സന്ദേശം ലഭിച്ചു. ശംസുദ്ദൗലക്ക് രോഗം പിടിപെട്ടിരിക്കുന്നുവെന്നും വൈദ്യന്മാരെല്ലാം കൈവിട്ടതിനാൽ ചികിത്സക്കു ചെല്ലാനഭ്യർത്ഥിച്ചുമായിരുന്നു സന്ദേശം. ഹമദാൻകാർ തന്നോട് ചെയ്തതെല്ലാം മറന്ന് ഇബ്‌നുസീന യാത്ര തിരിച്ചു. അമീറിനെ ചികിത്സിച്ചു. അദ്ദേഹം സുഖം പ്രാപിച്ചു. തന്റെ ചെയ്തിയിൽ ക്ഷമ ചോദിക്കുകയും വീണ്ടും മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശംസുദ്ദൗല ഒരു യുദ്ധാവശ്യാർത്ഥം പുറത്തു പോയി. ഇബ്‌നുസീന ഹമദാനിലായിരുന്നു അപ്പോൾ. വഴിയിൽവച്ച് അമീർ രോഗബാധിതനായി. ആസ്ഥാന വൈദികനായ ഇബ്‌നുസീനയെ കൊണ്ട് ചികിത്സിപ്പിക്കാനായി അമീറിനെ ഹമദാനിലേക്ക് കൊണ്ടുവരുമ്പോൾ വഴി മധ്യേ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ഒളിവു ജീവിതം

പിതാവിന്റെ ശേഷം മകൻ താജുദ്ദൗല ഖിലാഫത്തേറ്റു. പക്ഷേ അദ്ദേഹം ഇബ്‌നുസീനയോട് നല്ല ബന്ധമല്ല പുലർത്തിയത്. ഈ അവസരം മുതലെടുത്ത് അസൂയാലുക്കൾ അമീറിനെ തെറ്റിദ്ധരിപ്പിക്കുകയും മുഖ്യമന്ത്രി പദത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഇനിയും ഇവിടെ താമസിച്ചാൽ പഴയത് പോലെ തടവിലാക്കപ്പെടുമോ എന്നു ഭയന്ന അദ്ദേഹം സുഹൃത്ത് അബൂഗാലിബിൽ അത്വാർ എന്നയാളുടെ അടുത്ത് രഹസ്യമായി താമസിച്ചു. ഇബ്‌നുസീന രാജ്യം വിട്ടുവെന്നായിരുന്നു താജുദ്ദൗല ധരിച്ചത്. എന്നാൽ അദ്ദേഹം രഹസ്യമായി അയച്ച ഒരു കത്ത് പിടിക്കപ്പെട്ടത് വഴിത്തിരിവായി. അദ്ദേഹത്തെ കണ്ടുപിടിച്ച് അധികാരികൾ ജയിലിലടച്ചു.

ഇസ്ഫഹാനിലെ അമീർ അലാഉദ്ദൗല കാകവൈഹിക്കായിരുന്നു ഇബ്‌നുസീന കത്തയച്ചിരുന്നത്. ഇബ്‌നുസീനയെ കുറിച്ച് കേട്ടറിഞ്ഞ് നല്ല ബന്ധം പുലർത്തിയിരുന്ന അലാഉദ്ദൗല അദ്ദേഹത്തെ താജുദ്ദൗല ജയിലിലടച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ക്ഷുഭിതനായി. ഹമദാനിനെതിരെ പട നയിച്ച അദ്ദേഹം അമീറിനെ പരാജയപ്പെടുത്തി. അലാഉദ്ദൗല ഇസ്ഫഹാനിലേക്കു തിരിച്ചുപോയതിനു പിറകെ അമീർ ഇബ്‌നുസീനയെ സ്വതന്ത്രനാക്കി.

ജയിൽ മോചിതനായ അദ്ദേഹം നേരെ ഇസ്ഫഹാനിലേക്കു തിരിച്ചു. യാത്ര ദുരിതപൂർണമായിരുന്നുവെങ്കിലും അവിടെ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ആവശ്യമായ വീടും സൗകര്യങ്ങളും നൽകി. അമീറിന്റെ സദസ്സിൽ മധുരമായ സ്വീകരണവും. ഗവേഷണവും മനനവും രചനയും തുടരാൻ എല്ലാവിധ ആനുകൂല്യങ്ങളും അലാഉദ്ദൗല ഏർപ്പെടുത്തി.

ഓരോ വിജ്ഞാനശാഖയിലും നിപുണരായ പണ്ഡിതപ്രതിഭകളും വിദ്യാർത്ഥികളും അദ്ദേഹത്തെ തേടിയെത്തുകയും സംവദിക്കുകയും വിജ്ഞാനം വർധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. വൈദ്യസേവനവും തുടർന്നു.

രചനകൾ

ചെറിയ സൗകര്യങ്ങൾ പോലും ഉപയോഗപ്പെടുത്തി തന്റെ രചനാ ദൗത്യം അദ്ദേഹം നിറവേറ്റുമായിരുന്നു. പലായനവും ഒളിവും തടവും ഭരണച്ചുമതലകളും മാറിമാറി വന്നപ്പോഴും രചന മുടക്കിയില്ല. വ്യത്യസ്ത വിജ്ഞാനശാഖകളിലായി 276 ഗ്രന്ഥങ്ങൾ ഡോ. ശഹാത്ത ഖനാത്തി തിട്ടപ്പെടുത്തിയിട്ടുണ്ട്. അതിൽ ബൃഹത്തായതും ലഘുകൃതികളുമുണ്ട്. പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളിലെ വിവിധ ലൈബ്രറികളിലായി 68 ഗ്രന്ഥങ്ങൾ ഇന്നു ലഭ്യമാണ്.

വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, ഭൗതികശാസ്ത്രം, അഭൗതികശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, തർക്കശാസ്ത്രം, ഖുർആൻ വ്യാഖ്യാനം, ആത്മസംസ്‌കരണം, ഭാഷാശാസ്ത്രം, കവിത, ചരിത്രം, സന്ദേശങ്ങൾ, വസ്വിയ്യത്തുകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഗ്രന്ഥ വിഭാഗങ്ങൾ അനവധി. ചെറിയ കാലം കൊണ്ട് വൈജ്ഞാനിക ലോകത്തിന് വലിയ സംഭാവനകൾ അർപ്പിച്ചു അദ്ദേഹം. ഇൻസ്വാഫ് (20 വാല്യം), അശ്ശിഫാഅ് (10 വാല്യം), അൽഹാസ്വിലു വൽ മഹ്‌സ്വൂൽ (20 വാല്യം), ലിസാനുൽ അറബ് (10 വാല്യം) ഇവയാണ് ബൃഹദ് ഗ്രന്ഥങ്ങൾ.

ചികിത്സാരംഗത്ത് അദ്ദേഹം നടത്തിയ വിപ്ലവകരവും ശ്രദ്ധേയവുമായ സേവനങ്ങളും അനുഭവങ്ങളും പ്രസിദ്ധം. പൗരാണിക ഗ്രന്ഥങ്ങളിൽ നിന്നും നിർധാരണം ചെയ്‌തെടുത്തതും ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതുമായ ചികിത്സാമുറകൾ അദ്ദേഹം പ്രയോഗിച്ചു. മരുന്നും മനഃശാസ്ത്ര പ്രയോഗങ്ങളും ചികിത്സയിൽ ഉപയോഗപ്പെടുത്തി. ചികിത്സാ നൈപുണിയാണ് അദ്ദേഹത്തെ കൂടുതൽ പ്രസിദ്ധനാക്കിയത്. അത് വഴി സ്ഥാപിച്ചെടുത്ത സ്‌നേഹബന്ധങ്ങൾ ഉപയോഗിച്ച് ഗ്രന്ഥരചനയും അധ്യാപനവും സജീവമാക്കാനും സാധിച്ചു.

അന്ത്യം

53-ാം വയസ്സിൽ ഇബ്‌നുസീനക്ക് ഉദരരോഗം ബാധിച്ചു. തന്റേതായ ചികിത്സകളെല്ലാം നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അതോടെ രോഗം ഭേദമാകാനുള്ളതല്ലെന്നദ്ദേഹം മനസ്സിലാക്കി. ഇനി ചികിത്സ ആവശ്യമില്ല. ശിഷ്ടജീവിതം പരമാവധി നന്നാക്കാൻ തീരുമാനിച്ചു. ഇബ്‌നു ഖല്ലിഖാൻ ആ അവസാന കാലം ഇങ്ങനെ രേഖപ്പെടുത്തി: ‘പിന്നെ അദ്ദേഹം കുളിച്ചു. പശ്ചാത്താപം നടത്തി. തന്റെ കയ്യിലുള്ളതെല്ലാം പാവങ്ങൾക്കു ദാനം ചെയ്തു. അപരാധം ചെയ്തുവെന്ന് തോന്നിയവരോടൊക്കെ പൊരുത്തപ്പെടുവിച്ചു. തന്റെ അധീനതയിലുണ്ടായിരുന്ന അടിമകളെ മോചിപ്പിച്ചു. ഓരോ മൂന്ന് ദിവസത്തിലും ഖുർആൻ ഖത്മ് ചെയ്തു’ (വഫയാതുൽ അഅ്‌യാൻ). ഹിജ്‌റ 428 റമളാനിലെ ഒരു വെള്ളിയാഴ്ച അദ്ദേഹം ദിവംഗതനായി.

 

 

അവലംബം:

ഉയൂനുൽ അൻബാഇ ഫീ ത്വബഖാത്തിൽ അത്വിബ്ബാഅ്-ഇബ്‌നു അബീഉസൈ്വബിഅ,

വഫയാതുൽ അഅ്‌യാൻ-ഇബ്‌നു ഖല്ലിഖാൻ,

താരീഖുൽ ഇസ്‌ലാം-ദഹബി,

ലിസാനുൽ മീസാൻ-ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ),

അഖ്ബാറുൽ ഉലമാഇ ബി അഅ്‌യാനിൽ ഹുകമാഅ്-ജമാലുദ്ദീൻ അബുൽഹസൻ അൽഖഫത്വി,

അത്ത്വബഖാതുസ്സനിയ്യ ഫീ തറാജിമിൽ ഹനഫിയ്യ-തഖിയ്യുൽ ഗസ്സി,

തതിമ്മതുസ്വവാനിൽ ഹിക്മ-അബുൽഹസൻ ഇനീറുൽ ബൈഹഖി.

Exit mobile version