ഇമാം സുയൂത്വി(റ): ജ്ഞാന സാമ്രാജ്യത്തിലെ സുൽത്വാൻ

വ്യത്യസ്ത വിജ്ഞാന ശാഖകളിൽ അവലംബവും ആധികാരികവുമായ ഗ്രന്ഥപരമ്പരകൾ സമ്മാനിച്ച നിസ്തുല വിജ്ഞാന സേവകനാണ് ഇമാം ജലാലുദ്ദീനിസ്സുയൂത്വി(റ). വിജ്ഞാന ചർച്ചകളിൽ അവഗണിക്കാനാവാത്ത സാന്നിധ്യം ഇമാം സുയൂത്വി(റ)ക്കുണ്ട്. അത്തഹദ്ദുസുബിനി അമത്തില്ലാഹ് എന്ന പേരിൽ സ്വന്തം ജീവിതം വിവരിക്കുന്ന ഒരു കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്. അല്ലാഹു ചെയ്തു തന്നിട്ടുള്ള അനുഗ്രങ്ങൾ ഇതിൽ എടുത്തു പറയുന്നു അദ്ദേഹം. അസൂയാലുക്കളും സന്ദേഹികളും തീർത്ത പുകമറകളും ഉന്നയിച്ച ആരോപണങ്ങളും തരണം ചെയ്തതെങ്ങനെ എന്നുകൂടി അതിൽ വിശദീകരിക്കുന്നുണ്ട്. ആത്മകഥാപരമായ ഈ ഗ്രന്ഥം ചരിത്രകാരൻമാർ അവലംബമായി അംഗീകരിക്കുന്നു.
ഇമാം സുയൂത്വി(റ)യുടെ വിജ്ഞാന സമ്പാദന വിനിമയ വിതരണ സമർപ്പണ ജീവിതം സംഭവ ബഹുലമാണ്. കിതാബുകൾക്കിടയിൽ ജനിച്ച്, കിതാബുകളോടൊപ്പം ജീവിച്ച്, കിതാബുകൾക്കായി ജീവിതം സമർപ്പിച്ച്, കിതാബുകളനവധി ലോകത്തിന് സംഭാവന ചെയ്ത കിതാബുകളുടെ തോഴനായിരുന്നു ഇമാം എന്നു പറഞ്ഞാൽ അതിശയോക്തിയല്ല.
ഇബ്‌നുൽ കുതുബ് അഥവാ ഗ്രന്ഥങ്ങളുടെ പുത്രൻ എന്ന അപരനാമം തന്നെ അദ്ദേഹത്തിനുണ്ട്. അതിന് പിന്നിലൊരു കഥയുണ്ട്: പണ്ഡിതനായിരുന്ന തന്റെ പിതാവ് കിതാബ് നോക്കിക്കൊണ്ടിരിക്കെ ഭാര്യയോട് മറ്റൊരു കിതാബ് കൊണ്ടുവരാനാവശ്യപ്പെട്ടു. പൂർണ ഗർഭിണിയായിരുന്നു അവർ. കിതാബുകൾ സൂക്ഷിച്ച റൂമിൽ അവർ പ്രവേശിച്ചതും പ്രസവ വേദനയാരംഭിച്ചു. വൈകാതെ മഹതി കിതാബുകൾക്കിടയിൽ ഒരാൺകുഞ്ഞിന് ജന്മം നൽകി. ആ കുട്ടിയാണ് ഇമാം സുയൂത്വി(റ). കിതാബുകൾക്കിടയിൽ ജനിച്ചതുകൊണ്ടാണ് ഇബ്‌നുൽ കുതുബ് എന്ന് അദ്ദേഹത്തിന് അപര നാം ലഭിച്ചത് (അന്നൂറുസ്സാഫിർ).

ജനനം, കുടുംബം

ഹിജ്‌റ: 849 റജബ് ആദ്യ രാത്രിയിൽ ഈജിപ്തിലെ കൈറോയിലാണ് ജനനം. മുഹമ്മദ് അബൂബക്‌റ് എന്ന പ്രഗത്ഭ പണ്ഡിതനായിരുന്നു പിതാവ്. വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹമുള്ള പിതാവ് ദർസും ഫത്‌വയും ഗ്രന്ഥ രചനയും നടത്തി ജ്ഞാന മേഖലയിൽ സജീവമായിരുന്നു. ഇമാം ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ), അല്ലാമ ശംസുദ്ദീനിൽ ഖായാത്തീ(റ), ശൈഖ് മുഹമ്മദ് അൽജീലാനീ(റ) തുടങ്ങിയവരിൽ നിന്നാണ് വിജ്ഞാനം നേടിയത്. ബുർഹാനുദ്ദീനിശ്ശാഫിഈ(റ), മുഹ് യിദ്ദീനിൽ മാലികി(റ), നൂറുദ്ദീനിൽ മാലികി(റ), അല്ലാമ ഫഖ്‌റുദ്ദീനിശ്ശാഫിഈ(റ), അല്ലാമ മുഹിബ്ബുദ്ദീൻ ബിൻ മുസ്വയ്ഫിഹ്(റ), ശൈഖ് നൂറുദ്ദീനിസ്സൻഹൂരി(റ), ശൈഖ് സൈനുദ്ദീനിബ്‌നി ശഅ്ബാൻ(റ) തുടങ്ങിയ മഹാപണ്ഡിതർ തന്റെ ശിഷ്യഗണങ്ങളാണ്. പ്രസിദ്ധ ഗ്രന്ഥങ്ങൾക്ക് ശ്രദ്ധേയമായ ടിപ്പണികൾ നടത്തിയിട്ടുണ്ട്. ഹിജ്‌റ 855-ലാണ് അദ്ദേഹം വഫാതായത്. പിതാവിനെക്കുറിച്ച് വിവരിക്കുന്നതിനിടെ ഇമാം സുയൂത്വി(റ) പറയുന്നു: എന്റെ പിതാവിന്റെ ശിഷ്യനും എന്റെ ഗുരുനാഥനുമായ ശ്രേഷ്ഠ പണ്ഡിതൻ അഖീൽ എന്നവർ താൻ കണ്ട ഒരു സ്വപ്നം എന്നെ അറിയിക്കുകയുണ്ടായി. ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ)വിനെയും എന്റെ പിതാവിനെയും ത്വൂലൂനീ പള്ളിയിൽ ഇരിക്കുകയായിരുന്നു. എന്റെ പിതാവ് ഉയരത്തിലും അസ്ഖലാനി(റ) താഴെയുമായിരുന്നു (അത്തഹദ്ദുസുബിന്നിഅ്മ). പ്രത്യക്ഷത്തിൽ ഇബ്‌നുഹജറിനിൽ അസ്ഖലാനി(റ)യേക്കാളും ഉന്നത സ്ഥാനം ഇമാം സുയൂത്വി(റ)യുടെ പിതാവായ അബൂബക്ർ(റ)ക്കുണ്ടെന്ന് മനസ്സിലാക്കാം. കൈറോയിൽ അൽപകാലം സർക്കാറുദ്യോഗസ്ഥനായും സേവനം ചെയ്തിട്ടുണ്ട്. തുർക്കി വംശജയായ സച്ചരിതയായിരുന്നു മാതാവ്. തന്റെ വൈജ്ഞാനിക സേവനങ്ങൾക്കും ആത്മീയ ജീവിതത്തിനും ഉറ്റ സഹായിയായിരുന്നു അവർ.

സാഹചര്യത്തിന്റെ അനുകൂലാവസ്ഥ

സാഹചര്യത്തിന്റെ സ്വാധീനവും പൈതൃക ഗുണങ്ങളും ഏതൊരു വ്യക്തിയിലും പ്രതിഫലിച്ചു കണ്ടേക്കാം. ഇമാം സുയൂത്വി(റ)യുടെ കാര്യത്തിലും ഇതാണനുഭവം. അന്നത്തെ സാമൂഹിക സാഹചര്യവും വൈജ്ഞാനിക കാര്യങ്ങൾക്കനുകൂലമായിരുന്നു. രാഷ്ട്രീയരംഗത്ത് സ്വാഭാവികമായ അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും ഇൽമിനെയും ഉലമാക്കളെയും സ്‌നേഹിക്കുകയും അവർക്ക് അവസരങ്ങളൊരുക്കുകയും ചെയ്തിരുന്നു. ഇമാം സുയൂത്വി(റ)യുടെ 61 വർഷക്കാലത്തെ ജീവിതത്തിനിടക്ക് 13 ഭരണാധികാരികൾ മാറി വന്നിട്ടുണ്ട്. ഇമാം രേഖപ്പെടുത്തി: ഖിലാഫത്തിന്റെ ആസ്ഥാനമായി മാറിയപ്പോൾ ഈജിപ്തിന് തന്നെ മഹത്ത്വം കൈവന്നു. ഇസ്‌ലാമിക ചിഹ്നങ്ങൾ അധികരിക്കുകയും സുന്നത്ത് പ്രകടമാവുകയും ബിദ്അത്ത് നിഷ്പ്രഭമാവുകയും ചെയ്തു. അതോടൊപ്പം പണ്ഡിതന്മാരുടെയും ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെയും കേന്ദ്രമായി മാറി. ഇത് ഖിലാഫത്തിൽ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ഒരു രഹസ്യമാണ്. അതെവിടെയുണ്ടെങ്കിലും അവിടെ ഈമാനും കിതാബും ഉണ്ടാകും (ഹുസ്‌നുൽമുഹാളറ).
ഈജിപ്ത് പണ്ഡിതകേന്ദ്രമായി മാറിയപ്പോൾ ജ്ഞാന കുതുകികൾ അങ്ങോട്ടു വന്നു കൊണ്ടിരുന്നു. ഭരണാധികാരികളിൽ മിക്കവരും വിജ്ഞാനത്തിനും പണ്ഡിതർക്കും വലിയ ആദരവും പരിഗണനയും നൽകി. ഹിജ്‌റ 842 മുതൽ 857 വരെ ഭരണം നിർവഹിച്ച സുൽത്വാൻ സൈഫുദ്ദീനുള്ളാഹിർ ജംഖമഖംനെ കുറിച്ച് പ്രസിദ്ധ ചരിത്രകാരനും ഹനഫീ കർമശാസ്ത്ര പണ്ഡിതനുമായ അബുൽമഹാസിൻ യൂസുഫ്ബ്‌നു തഗ്‌റീബിർദീ എഴുതുന്നു: മതനിയങ്ങളെ ആദരിക്കുന്ന, പണ്ഡിതൻമാരെയും വിദ്യാർത്ഥികളെയും സ്‌നേഹിക്കുന്ന, സാദാത്തുക്കളെ ബഹുമാനിക്കുന്ന, മത നിഷ്ഠനും പരിശുദ്ധനും സച്ചരിതനും പരമാവധി വുളൂഅ് മുറിയാതെ പരിപൂർണ ശരീരശുദ്ധി നിലനിർത്തുന്നവരുമായിരുന്നു അദ്ദേഹം (അന്നുജൂമുസ്സാഹിറ). സുൽത്വാൻ ഖായിത്തബായിയെ കുറിച്ച് ചരിത്രകാരൻ അബുൽ മകാരിം നജ്മുദ്ദീനിൽഗസ്സീ എഴുതുന്നു: അൽമലികുൽ അശ്‌റഫ് ഖായിത്തബായി ഉത്തമ ഭരണ രീതിയാണ് സ്വീകരിച്ചത്. പണ്ഡിതൻമാരുടെ ഹൃദയങ്ങളെ അടുപ്പിക്കുകയും പൊതുവെ സച്ചരിതരോട് വിനയം കാണിക്കുകയും ചെയ്യുമായിരുന്നു. പലയിടങ്ങളിലും മദ്‌റസകൾ നിർമിച്ച് മത പഠനത്തിന് അവസരമൊരുക്കി (അൽകവാകിബുസ്സാഇറ).
രാഷ്ട്രീയമായ ചാപല്യങ്ങളുള്ളപ്പോഴും വിജ്ഞാന മേഖലക്കും മതവിദ്യാർത്ഥികൾക്കും ഭരണകൂടം വിശാലമായ സൗകര്യങ്ങളേർപ്പെടുത്തി. ദർസുകൾക്കും സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും സ്വത്തുക്കൾ വഖ്ഫ് ചെയ്തു. മംലൂകീ സുൽത്വാൻമാരുടെ കാലം ഈജിപ്തിൽ വിജ്ഞാനത്തിനായി ഏറെ വഖ്ഫുകൾ നടന്നു. പ്രാഥമിക തലം മുതൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഫത്‌വ, ദർസ് എന്നിവക്കും സൂഫികൾക്കും പണ്ഡിതർക്കും പ്രത്യേകം വഖ്ഫ് ചെയ്തിരുന്നു. ഭരണാധികാരികൾക്കു പുറമെ വ്യക്തികളും വഖ്ഫ് ചെയ്തവരിലുണ്ട്. സാമൂഹിക സാഹചര്യത്തിന്റെ അനുകൂലാവസ്ഥയും ഇമാം സുയൂത്വി(റ)യെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

പേരും വിശേഷങ്ങളും
അബ്ദുറഹ്‌മാൻ എന്നാണ് അസ്സൽ നാമം. ജലാലുദ്ദീൻ എന്ന് അപര നാമം. ഈ പേരിലാണ് ഇമാം പ്രസിദ്ധനായത്. അബുൽഫള്‌ല് എന്ന മറ്റൊരപരനാമം കൂടിയുണ്ട്. സുയൂത്വി എന്നും ഖുളൈരി എന്നും വിശേഷണമുണ്ട്. സുയൂത്വി എന്നത് പിതാവിന്റെ ജൻമദേശത്തിലേക്ക് ചേർത്ത് പറയുന്നതാണ്. ഖുളൈരി എന്നത് പിതാമഹന്റെ ദേശത്തേക്ക് ചേർത്തിയും പറയുന്നു. വേറെയും വിശേഷണ നാമങ്ങൾ അദ്ദേഹത്തിന് കാലം പതിച്ച് നൽകിയിട്ടുണ്ട്. പേരിന്റെ പൊരുളും പശ്ചാത്തലങ്ങളും ഇമാം തന്നെ വിവരിച്ചതു കാണാം:
അബ്ദുർറഹ്‌മാൻ എന്ന നാമം എനിക്ക് നൽകാൻ കാരണമായ കാര്യങ്ങൾ ഇവയാകാം. ഒന്ന്, അബ്ദുറഹ്‌മാൻ എന്നത് അല്ലാഹുവിനേറെ ഇഷ്ടമുള്ളതാണ്. രണ്ട്, മലകുകളിലെ അമീറായ ഇസ്‌റാഫീൽ(അ)ന്റെ നാമം അബ്ദുറഹ്‌മാൻ എന്നാണ്. മൂന്ന്, എന്റെ പിതാവിന്റെ പേര് അബൂബക്ർ എന്നായതിനാലാവണം എനിക്ക് അബ്ദുറഹ്‌മാൻ എന്ന പേരിട്ടത്. അബൂബക്ർ സിദ്ദീഖ്(റ)ന്റെ പുത്രനാണല്ലോ അബ്ദുറഹ്‌മാൻ. നാല്, അബ്ദുറഹ്‌മാൻ എന്നത് ഒരു വിശേഷണ നാമം കൂടിയാണ.് റഹ്‌മാനായ (അല്ലാഹുവിന്റെ ദാസൻ) അല്ലാഹുവിന്റെ നാമമായ റഹ്‌മാൻ എന്നതിനോട് ചേർത്തിപ്പറയുന്നത് തന്നെ മഹത്ത്വമാണ്. അഞ്ച്, ആദം(അ) ആദ്യ സന്തതിക്ക് നൽകിയ പേര് അബ്ദുറഹ്‌മാൻ എന്നായിരുന്നു. ആറ്, ഇബാദുർറഹ്‌മാൻ എന്ന് അല്ലാഹു അവന്റെ നല്ലവരായ അടിമകളെ വിശേഷിപ്പിച്ചതാണ്. അവരിലേക്കുള്ള ചേർച്ചയുടെ ശുഭസൂചന ഇതിലടങ്ങിയിട്ടുണ്ട്. മറ്റൊരു കാര്യം കൂടി ഇവിടെ മനസ്സിലാക്കാം: ഖുർആനിൽ അല്ലാഹു, റഹ്‌മാൻ എന്നിവയിലേക്ക് മാത്രമേ അബ്ദ് എന്ന് ചേർത്തിപ്പറഞ്ഞിട്ടുള്ളൂ. ഇതിൽ തന്നെ അല്ലാഹു എന്നതിലേക്ക് ചേർത്തിപ്പറഞ്ഞത് അമ്പിയാക്കളെ മാത്രമാണ്. റഹ്‌മാനിലേക്ക് ചേർത്തിയാണ് മറ്റുള്ളവരെ പറഞ്ഞത്. അതിനാൽ തന്നെ അമ്പിയാക്കളല്ലാത്തവർക്ക് അബ്ദുറഹ്‌മാൻ എന്ന നാമമാണ് നല്ലത്. ഇബാദുർറഹ്‌മാന്റെ വിശേഷണം അവർ സലാമിനെ പറയുമെന്നും അവസാനം പാരത്രിക ലോകത്ത് സലാമിനെ അവർക്ക് കാഴ്ച നൽകുമെന്നും പറയുന്നു. അപ്പോൾ ഇവിടെ സലാമിനെ കാഴ്ച വെച്ച് പരലോകത്ത് സലാമിനെ കാഴ്ച ലഭിക്കുന്നവരെയാണ് ഇബാദുർറഹ്‌മാൻ അഥവാ അബ്ദുർറഹ്‌മാനുകൾ എന്ന് ഖുർആൻ വിശേഷിപ്പിച്ചത്. വിശുദ്ധ ഇസ്‌ലാം സ്വീകരിച്ച ധാരാളമാളുകളുടെ പേര് നബി(സ്വ) അബ്ദുർറഹ്‌മാൻ എന്ന് മാറ്റിയിരുന്നു. അബൂബക്‌റ്(റ), നബി(സ്വ)യുടെ കാലത്ത് തന്റെ മകന് അബ്ദുറഹ്‌മാൻ എന്ന് പേരിട്ടു. ഉമർ(റ) തന്റെ മൂന്ന് മക്കൾക്ക് അബ്ദുർറഹ്‌മാൻ എന്ന് പേര് നൽകി.
ജലാലുദ്ദീൻ എന്ന വിശേഷണം പിതാവ് തന്നെ സമ്മാനിച്ചതാണ്. പിതാവ് കമാലും, പുത്രൻ ജലാലും. അബുൽഫള്ൽ എന്ന അപരനാമം എന്റെ പിതാവിന്റെ സുഹൃത്ത് ഖാളിൽ ഖുളാത്ത് ഇസ്സുദീനിൽ ഹമ്പലീ വിളിച്ചതാണ്. ഖാളീ ഇസ്സുദ്ദീൻ എന്നോട് നിനക്ക് കുൻയത്ത് വിഭാഗത്തിലെ അപരനാമമുണ്ടോ എന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു; ഇല്ല. അപ്പോൾ അദ്ദേഹം എന്നെ അബുൽഫള്ൽ എന്ന് വിളിക്കുകയും സ്വന്തം കൈപ്പടയിൽ അതെഴുതുകയും ചെയ്തു (അത്തഹദ്ദുസുബിന്നിഅ്മ).

പരിചരണവും വിദ്യാഭ്യാസവും

ജലാലുദ്ദീനിസ്സുയൂത്വി(റ)ക്ക് കുടുംബാന്തരീക്ഷം തന്നെ കലാലയവും പർണശാലയുമായിരുന്നു. പിതാവ് ആദ്യ ഗുരുവും മാർഗദർശിയുമായി. ഈജിപ്തിൽ അന്ത്യവിശ്രമം കൊള്ളുന്ന നഫീസത്ത് ബീവി(റ)യുടെ ജാറത്തിന് സമീപം താമസിച്ചുവന്ന സാത്വികനും വലിയ്യുമായിരുന്നു മുഹമ്മദിൽ മജ്ദൂബ്(ഖു:സി). അദ്ദേഹത്തിന്റെ അടുത്തേക്ക് ഇമാം സുയൂത്വി(റ)യെ കൊണ്ടുപോയി ബറകത്തെടുത്തു. കേൾക്കുന്നത് പഠിക്കാനും പറയാനും തുടങ്ങിയപ്പോൾ പിതാവ് അറിവിൻ മുത്തുകൾ പകർന്നു തുടങ്ങി. മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ മഹാനായ ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ)യുടെ സദസ്സിൽ കൊണ്ടുപോയി. പിൽക്കാലത്ത് ഇമാം സുയൂത്വി(റ) തന്റെ റോൾ മോഡലായി കണ്ടത് ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ)യെയായിരുന്നു.
സംസം വെള്ളം എന്ത് ഉദ്ദേശ്യം വെച്ച് കുടിക്കുന്നുവോ അത് സാധ്യമാവുമെന്ന് നബി(സ്വ) പഠിപ്പിച്ചതാണ്. ഇമാം സുയൂത്വി(റ) ഹജ്ജിന് പോയ സന്ദർഭത്തിൽ സംസം കുടിച്ചപ്പോൾ നിയ്യത്ത് ചെയ്തത് ഇമാം അസ്ഖലാനി(റ)യെ പോലെ വലിയ ഹദീസ് പണ്ഡിതനാവണമെന്നായിരുന്നു. മോഹത്തോടൊപ്പം പ്രാർത്ഥനയും അതിന് വേണ്ടിയുള്ള പരിശ്രമവും നടത്തിയ ഇമാം സുയൂത്വി(റ) ഉന്നതിയിലേക്കുള്ള പടവുകൾ താണ്ടിക്കടന്നതാണ് ചരിത്രം. അധികം വൈകാതെ പിതാവ് മരണപ്പെട്ടു. അപ്പോൾ ഇമാമിന് അഞ്ച് വയസ്സും ആറ് മാസവുമായിരുന്നു പ്രായം. വിശുദ്ധ ഖുർആനിലെ അത്തഹ്‌രീം സൂറത്ത് വരെയാണ് പിതാവ് ഖുർആൻ പഠിപ്പിച്ചിരുന്നത്.

പരിചരണവും പരിശ്രമവും

ഇമാം സുയൂത്വി(റ)യുടെ പിതാവ് രോഗശയ്യയിലായപ്പോൾ കുടുംബത്തിലെ ഒരു സഹോദരി ഇക്കാര്യം പറഞ്ഞ് ദുആ ചെയ്യിക്കാനായി ശൈഖ് മുഹമ്മദുൽ മജ്ദൂബ്(റ)യുടെ സവിധത്തിലെത്തി. ജനത്തിരക്കുള്ളതിനാൽ മാറിനിന്നു. അപ്പോൾ ശൈഖവർകൾ ഉറക്കെ പറയുന്നു: കമാലുദ്ദീൻ, കമാലുദ്ദീൻ, കമാലുദ്ദീൻ ഞാനാണോ ജീവിപ്പിക്കുന്നവൻ, ഞാനാണോ മരിപ്പിക്കുന്നവൻ. ഈ ഖാളീ ബക്കാർ ജനാസയിൽ നടക്കുന്നു. ഇത് കേട്ടവർ പിതാവിന്റെ മരണമടുത്തെന്ന് മനസ്സിലാക്കി. രോഗത്തിന് ശിഫാ ലഭിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ലാതായി. തന്റെ പുത്രന്റെ കാര്യം വേണ്ടപ്പെട്ടവരെ പറഞ്ഞേൽപ്പിക്കാൻ അദ്ദേഹത്തിനവസരം ലഭിച്ചു. മഹാപണ്ഡിതരും തന്റെ സതീർത്ഥ്യരോ ശിഷ്യൻമാരോ ആയ ആളുകളെ മകന്റെ കാര്യങ്ങൾ ഏൽപ്പിച്ച് വസ്വിയ്യത്ത് ചെയ്തു. പ്രമുഖ ഹനഫീ പണ്ഡിതൻ കമാലുദ്ദീൻ ഇബ്‌നുൽഹുമാം(റ) ഇമാം സുയൂത്വി(റ)യെ വളരെ ശ്രദ്ധിക്കുകയും പ്രചോദനം നൽകുകയും ചെയ്തു. തുടങ്ങിവെച്ച ഖുർആൻ പഠനം പൂർത്തിയാക്കാനാവശ്യമായത് ചെയ്തു. 8 വയസ്സ് തികയും മുമ്പ് ഖുർആൻ മന:പാഠമാക്കി. പിതാവിന്റെ മരണാനന്തരം തന്റെ ജീവിതരീതി ഇമാം വിവരിക്കുന്നതിങ്ങനെ: എന്റെ പിതാവ് വഫാത്തായ ശേഷം വൈകാതെ എന്നെ കമാലുദ്ദീനിബ്‌നിൽഹുമാം(റ) എന്നവരുടെ അടുത്ത് ഹാജറാക്കി. അദ്ദേഹമെന്നെ ശൈഖൂനിയ്യ മന്ദിരത്തിലെ ഗുരുവര്യരിൽ ഉൾപ്പെടുത്തി. എനിക്ക് വേണ്ടി പ്രാർത്ഥിച്ചു യാത്രയാക്കി. ശൈഖ് മുഹമ്മദ് മജ്ദൂബ്(റ)യുടെ അടുത്തും എന്നെ കൊണ്ടുപോയി. അദ്ദേഹം എന്റെ നെഞ്ചും തലയും തടവി ആശീർവദിച്ചു (അത്തഹദ്ദുസുബിന്നിഅ്മ). പിന്നീട് നിരന്തരമായ പഠനത്തിന്റെ കാലമായിരുന്നു.

ഖുർആൻ മന:പാഠമാക്കിയ ശേഷം ഇബ്‌നുദഖീഖിൽ ഈദ്(റ)യുടെ ഉംദത്തുൽ അഹ്കാം, ഇമാം നവവി(റ)യുടെ മിൻഹാജുത്ത്വാലിബീൻ, ഇമാം ബൈളാവി(റ)യുടെ മിൻഹാജുൽ വുസ്വൂൽ. ഇബ്‌നുമാലിക്(റ)യുടെ അൽഫിയ്യ എന്നിവ മന:പാഠമാക്കി. ഇമാം അലമുദ്ദീനിൽ ബുൽഖീനി(റ), ഇമാം ശറഫുദ്ദീനിൽ മനാവീ(റ), ഖാളിൽഖുളാത്ത് ഇസ്സുദ്ദീനിൽ ഹമ്പലീ(റ) തുടങ്ങിയ ഗുരുവര്യർക്ക് കേൾപ്പിച്ചു. അവർ ഇമാമിന് ഇജാസത്ത് നൽകുകയും ചെയ്തു. വ്യത്യസ്ത വിജ്ഞാന ശാഖകളിലെ പ്രഗത്ഭ പണ്ഡിതരിൽ നിന്നും അറിവു നേടി. പിതാവിന്റെ ഗുരുവായ ശൈഖ് ശിഹാബുദ്ദീനിബ്‌നി അലിയ്യിശ്ശാഫിഈ(റ) തന്റെയും ഉസ്താദാണ്. ശൈഖ് തഖിയുദ്ദീനിശ്ശുമുന്നി(റ), അല്ലാമ മുഹ്‌യിദ്ദീനിൽ കാഫയജീ(റ), ശറഫുദ്ദീനിൽ മനാവീ(റ) എന്നിവരിൽ നിന്ന് ദീർഘകാലം വിജ്ഞാനം നുകർന്നിട്ടുണ്ട്. 600 ഗുരുവര്യർ ഇമാം സുയൂത്വി(റ)ക്കുണ്ടെന്ന് പ്രമുഖ ശിഷ്യനായ ഇമാം ശഅ്‌റാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും പണ്ഡിതവനിതകളും ഗുരുക്കളായുണ്ട്. സ്വഫിയ്യ ബിൻത് യാഖൂത്ത്(റ), ഫാത്വിമ ബിൻത് അലി(റ), ആസിയ ബിൻത് ജാറുല്ലാഹി(റ) തുടങ്ങിയവർ. തന്റെ ഗുരുനാഥൻമാരെ വിവരിക്കുന്ന ഗ്രന്ഥങ്ങളാണ് അൽമുഅ്ജമുൽ കബീർ, അൽമുഅ്ജമുസ്സ്വഗീർ എന്നിവ. ഗുരുനാഥൻ മാരധികവും അദ്ദേഹത്തിന് 30 വയസ്സാകുന്നതിന്റെ മുമ്പ് മരണപ്പെട്ടവരാണ്. 30 വയസ്സാകുമ്പോഴേക്കും വ്യത്യസ്ത വിജ്ഞാനശാഖകളിൽ അവലംബയോഗ്യമായ ഗ്രന്ഥങ്ങൾ എഴുതാൻ മാത്രം വിശാലമായ വിജ്ഞാനലോകം സ്വായത്തമാക്കാൻ ഇമാമിന് കഴിഞ്ഞുവെന്നർത്ഥം.

യാത്രകൾ
ഇമാം സുയൂത്വി(റ) രണ്ട് ദീർഘ യാത്രകൾ നടത്തിയിട്ടുണ്ട്. ഒന്ന്, ഹജ്ജിനും സിയാറത്തിനും വേണ്ടി ഹിജാസിലേക്ക്. ഹിജ്‌റ 869-ലാണിത്. ഇമാം രേഖപ്പെടുത്തുന്നു: ചെങ്കടലിലൂടെ ത്വൂർ 60 പർവതത്തിന്റെ ഭാഗത്ത് കൂടിയായിരുന്നു യാത്ര. കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അൽഫിയയുടെ സംക്ഷേപം തയ്യാറാക്കിയത്. ജുമാദൽ ഉഖ്‌റാ പകുതിയായപ്പോൾ വിശുദ്ധ മക്കയിലെത്തി. മുഹ്‌യിദ്ദീനിൽ അൻസ്വാരീ അൽഖസ്‌റജീ(റ) എന്ന ഹിജാസിലെ പ്രസിദ്ധ വ്യാകരണ പണ്ഡിതനുമായി അവിടെ വെച്ച് സന്ധിച്ചു. എന്റെ ശറഹുൽ അൽഫിയക്ക് അദ്ദേഹത്തോട് അവതാരിക എഴുതിച്ചു. എന്റെ പിതാവിന്റെ ശിഷ്യനായ താജുൽ അസ്വ്ഹാബ് ഹാഫിള് നജ്മുദ്ദീൻ ഉമർ എന്നവരെയും കണ്ടുമുട്ടി. എന്റെ ചില കവിതകൾ അദ്ദേഹം എഴുതിയെടുക്കുകയും ത്വബഖാതുന്നുഹാത്ത് ചുരുക്കി എഴുതാനാവശ്യപ്പെടുകയും ചെയ്തു. മക്കയിലെ ശാഫിഈ ഖാളിയും പിതാവിന്റെ ശിഷ്യനുമായ ബുർഹാനുദ്ദീനിൽ മഖ്‌സൂമിയുമായും സന്ധിച്ചു. ഉസ്താദിന്റെ പുത്രനെന്ന നിലയിൽ നല്ല പരിഗണന ലഭിച്ചു (അത്തഹദ്ദുസുബിന്നിഅ്മ).
ആദ്യമായി മക്കയിലെത്തി സംസം കുടിക്കുമ്പോഴുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് അദ്ദേഹം എഴുതുന്നു: ഹജ്ജിനായി മക്കയിലെത്തി പല കാര്യങ്ങളും കരുതി ഞാൻ സംസം കുടിച്ചു. അതിൽ പ്രധാനം ഫിഖ്ഹിൽ സിറാജുദ്ദീനിൽ ബുൽഖീനി(റ)യുടെ (തന്റെ ഗുരുവായ അലമുദീനിൽ ബുൽഖീനിയാണുദ്ദേശ്യം) പുത്രന്റെ അവസ്ഥ എത്തണമെന്നും ഹദീസ് വിജ്ഞാനത്തിൽ ഹാഫിള് ഇബ്‌നു ഹജറിൽ അസ്ഖലാനി(റ)യുടെ സ്ഥാനം കൈവരണമെന്നുമായിരുന്നു (ഹുസ്‌നുൽ മുഹാളറ). ഹജ്ജ് കഴിഞ്ഞ് ഈജിപ്തിലേക്ക് തിരിച്ചു. ഈ യാത്രയിലെ വിശേഷങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് അന്നിഹ്‌ലത്തുസ്സകിയ്യ ഫിർരിഹ്‌ലത്തിൽ മക്കിയ്യ.
രണ്ടാം യാത്ര അലക്‌സാണ്ട്രിയയിലേക്കായിരുന്നു. തന്റെ ഗ്രന്ഥങ്ങളും കവിതകളും കേൾക്കാനും ഇജാസത്ത് വാങ്ങാനും ധാരാളമാളുകൾ തന്റെ സവിധത്തിലെത്തി. തന്നെക്കാൾ പ്രായമുള്ള പണ്ഡിതൻമാരും അവരിലുണ്ടായിരുന്നു. സംനൂദിലെ മുദരിസും മുഫ്തിയുമായ ശൈഖ് ജലാലുദ്ദീനിസ്സംനൂദീ അശ്ശാഫിഈ(റ), ദിംയത്വിലെ ഫഖീഹും മുദരിസും മുഈനിയ പർണശാലയിലെ ഗുരുവര്യരുമായ ശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ്(റ) തുടങ്ങിയവർ ഗുരു-ശിഷ്യ ബന്ധം സ്ഥാപിച്ച പ്രമുഖരിൽ പെടുന്നു. അൽഇഗ്തിബാത്വു ഫിർറിഹ്‌ലത്തി ഇലൽ ഇസ്‌കൻദറിയ്യ വ ദിംയാത്വ് ഈ യാത്രയുടെ വിവരണ ഗ്രന്ഥമാണ്.

ജ്ഞാനസാഗരം
ഇമാം സുയൂത്വി(റ) ജീവിതത്തിന്റെ ആദ്യകാലത്തെ പ്രതിസന്ധികളും പ്രാതികൂല്യങ്ങളും അതിജീവിച്ച് ജ്ഞാന സമ്പാദനത്തിനായി വിനിയോഗിച്ചു. പ്രഗൽഭരും നിപുണരുമായ ഗുരുവര്യരെ കണ്ടെത്തി അറിവും അനുഗ്രഹവും നേടി വിസ്മയകരമായ വിജ്ഞാന സാമ്രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന്റെ അറുനൂറോളം വരുന്ന ഗ്രന്ഥങ്ങൾ ഇതിന്റെ പ്രധാന സാക്ഷ്യമാണ്. പ്രഗൽഭ പണ്ഡിത മഹത്തുക്കൾ അദ്ദേഹത്തിന് ശിഷ്യന്മാരായുണ്ട്. ഇമാമിനെ അടുത്തറിയുന്ന ശിഷ്യന്മാരും ഗുണകാംക്ഷികളായ സമകാലികരും അദ്ദേഹത്തിന്റെ ജ്ഞാന വിശാലതയെ അംഗീകരിക്കുകയും വിളംബരപ്പെടുത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഇമാം എഴുതി: അല്ലാഹുവിനാണ് സ്തുതികളെല്ലാം. ഏഴ് വിജ്ഞാനങ്ങളിൽ സാഗര സമാനമായ ജ്ഞാനം എനിക്കവൻ നൽകിയിട്ടുണ്ട്. ഖുർആൻ വ്യാഖ്യാനം, ഹദീസ് ജ്ഞാനം, കർമശാസ്ത്രം, വ്യാകരണ ശാസ്ത്രം, സാഹിത്യം, വാഗ്പാടവ ശാസ്ത്രം, അലങ്കാര ശാസ്ത്രം എന്നിവയെല്ലാം സാഹിത്യ നിപുണരായ അറബികളുടെ രീതിയിൽ തന്നെ എനിക്ക് നൽകപ്പെട്ടിട്ടുണ്ട്. അനറബികളിലെയോ തത്ത്വശാസ്തജ്ഞരുടെയോ രീതിയിലല്ല അത്. ഉസ്വൂലുൽ ഫിഖ്ഹ്, തർക്കശാസ്ത്രം, പദോൽപത്തി ശാസ്ത്രം, അനന്തരാവകാശ നിയമ ജ്ഞാനം എന്നിവയിലെ അറിവ് ഇതിന് പുറമെയാണ് (അത്തഹദ്ദുസുബിന്നിഅ്മ).
ഇമാം ഗ്രന്ഥങ്ങൾ പകർത്തിയതാണെന്ന് ചിലർ ധരിച്ചിരുന്നു. യഥാർത്ഥത്തിൽ ഇമാം സുയൂത്വി(റ)യുടെ ഗുരുനാഥൻമാരുടെ എണ്ണവും അവരിൽ നിന്ന് കേട്ടതും അവർക്ക് മുന്നിൽ ഓതിയതുമായ ഗ്രന്ഥങ്ങളുടെ എണ്ണവും വിഷയ വൈവിധ്യവും നിരീക്ഷിച്ചാലറിയാം ഇമാമിന്റെ ജ്ഞാനലോക വിശാലതയുടെ കാരണമെന്തെന്ന്. അറുനൂറോളം ഗുരുനാഥന്മാരിൽ നിന്ന് വിദ്യനേടിയ ഒരാൾ 600 ഗ്രന്ഥങ്ങൾ എഴുതാൻ മാത്രം വിജ്ഞാനം സമ്പാദിച്ചെങ്കിൽ അത് അധ്വാനത്തിന്റെ ഫലമാണ്. ഒപ്പം ഒരത്ഭുതവും. വിസ്മയകരമായ തന്റെ വിജ്ഞാന ലോകത്തെ സംശയ ദൃഷ്ടിയോടെ നോക്കിക്കണ്ടവർക്ക് ഇമാം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ജീവിക്കുന്ന വിജ്ഞാന കോശം എന്ന് വിശേഷിപ്പിക്കാവുന്ന വിധം ബഹുമുഖ വിജ്ഞാനങ്ങളുടെ അധിപനായിരുന്നു ഇമാം സുയൂത്വി(റ).

അധ്യാപനം

ജ്ഞാന സേവനത്തിൽ പ്രധാനമാണ് അധ്യാപനം. ഇമാം സുയൂത്വി(റ) വളരെ ചെറുപ്പത്തിൽ തന്നെ അധ്യാപക തസ്തികയിൽ നിയമിതനായിരുന്നു. പ്രായമാകാത്തതിനാൽ ഏറ്റെടുത്തിരുന്നില്ലെന്ന് മാത്രം. പിതാവിന്റെ വിയോഗത്തെ തുടർന്നാണ് തൽസ്ഥാനത്ത് നിശ്ചയിക്കപ്പെട്ടത്. ശൈഖൂനീ മസ്ജിദിലായിരുന്നു ഇത്. തനിക്ക് പകരക്കാരനായി പിതാവിന്റെ ശിഷ്യനായ അല്ലാമ മുഹിബ്ബുദ്ദീനുബ്‌നു മുസൈ്വഫീഹ്(റ) എന്നവർ നിശ്ചയിക്കപ്പെട്ടു. മരണം വരെ തൽസ്ഥാനത്ത് തുടർന്നു. ശേഷം അല്ലാമ ഫഖ്‌റുദ്ദീനിൽ മുഖസ്സി(റ) അവിടെ ദർസ് നടത്തി. ഇമാമവർകൾക്ക് ദർസിന് അനുമതി ലഭിച്ചപ്പോൾ പദവി ഏറ്റെടുത്ത് അധ്യാപനം ആരംഭിച്ചു.
ഇമാം എഴുതുന്നു: എന്റെ ഗുരുവര്യർ ശൈഖുൽ ഇസ്‌ലാം അലമുദ്ദീനിൽ ബുൽഖീനി(റ) എനിക്ക് ഇജാസത്ത് നൽകി. ശൈഖൂനി മസ്ജിദിലെ ദർസ് ഏറ്റെടുത്ത് നടത്താൻ ഗുരുവിനോട് സമ്മതം തേടി. ഉദ്ഘാടനത്തിന് വരണമെന്ന് അഭ്യത്ഥിച്ചപ്പോൾ സമ്മതമറിയിക്കുകയും ദിവസം നിശ്ചയിച്ച് തരികയും ചെയ്തു. ഞാനുടനെ സൂറതുൽ ഫത്ഹിന്റെ ആദ്യഭാഗത്തിന്റെ വിവരണം എനിക്കാവും വിധം കോർവ ചെയ്തു. അതിന്റെ ആദ്യത്തിൽ ഇമാം ശാഫിഈ(റ)യുടെ രിസാലയുടെ ആമുഖം എഴുതി. ശൈഖുൽ ഇസ്‌ലാമിനെ പിന്തുടർന്നാണ് ഞാനങ്ങനെ ചെയ്തത്. ഖശാബിയ്യയിലെ ദർസാരംഭത്തിൽ ഗുരു അങ്ങനെയാണ് ചെയ്തിരുന്നത്. ഗുരുവിന്റെ പിതാവ് സിറാജുദ്ദീനിൽ ബുൽഖീനി(റ), സഹോദരൻ ജലാലുദ്ദീനിൽ ബുൽഖീനി(റ) എന്നിവരെ തുടർന്നായിരുന്നു അത്. ബറകത്തിന് വേണ്ടിയാണവർ അങ്ങനെ ചെയ്തത്. ശൈഖുൽ ഇസ്‌ലാം എന്നെ ദർസിന് നിശ്ചയിക്കുന്ന കാര്യം ഞാൻ ജനങ്ങളെ അറിയിച്ചു. എന്നോട് അസൂയ വെച്ചിരുന്ന പലരും അത് വിശ്വസിച്ചില്ല. ഞാൻ ഇമാം ശാഫിഈ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്ത് മഹാനം തവസ്സുലാക്കി സഹായത്തിനായി ദുആ നടത്തി.
ഹിജ്‌റ 867 ദുൽഖഅ്ദ് 9 ചൊവ്വാഴ്ച ഗുരുവും അദ്ദേഹത്തിന്റെ മകനും പോറ്റുമകനും സംഘവും എത്തി. വിദ്യാർത്ഥികളടക്കം ധാരാളം ആളുകൾ ഒരുമിച്ചു കൂടിയിരുന്നു. പള്ളി നിറഞ്ഞു. ഗുരു പള്ളിയിൽ കയറി തഹിയ്യത്ത് നിസ്‌കരിച്ചു. ഞാൻ പിന്നിലായി നിസ്‌കരിച്ചു. ശേഷം ഞാൻ ഗുരുവിന്റെ മുന്നിലിരുന്നു. മേൽ തട്ടം മുഖത്തേക്ക് തൂങ്ങിക്കിടന്നിരുന്നതിനാൽ എന്നെ കാണാഞ്ഞ് അദ്ദേഹം ചോദിച്ചു: മുദർ രിസ് എവിടെ? ഇതാ, ഇവിടെയുണ്ടെന്ന് ആരോ പറഞ്ഞു. ഗുരു എന്നെ വലതുവശത്ത് ഇരുത്തി, പോറ്റു മകൻ ഖാളി സലാഹുദ്ദീൻ(റ)നെ ഇടതു വശത്തും. എന്നിട്ട് ചോദിച്ചു: ഇവിടെ നിങ്ങൾ പാരായണം ചെയ്യുന്നത് വല്ലതുമുണ്ടോ? ഇല്ല എന്ന് പറഞ്ഞപ്പോൾ തബാറക, ഇഖ്‌ലാസ്വ്, മുഅവ്വിദതൈനി എന്നിവ ഓതി ദുആ നടത്തി. പിന്നീട് എന്നോട് തുടങ്ങാൻ പറഞ്ഞു. ഞാൻ ഇമാം ശാഫിഈ(റ)യുടെ രിസാലയുടെ ആമുഖം കൊണ്ട് തുടങ്ങി. ഇത് ഗുരുവിൽ അദ്ഭുതവും സന്തോഷവുമുണ്ടാക്കി. പിന്നെ സൂറതുൽ ഫത്ഹിന്റെ ആദ്യ ഭാഗം ഓതി. ഇതും ഗുരുവിനെ അത്ഭുതപ്പെടുത്തി. ശേഷം ഞാൻ കോർവ ചെയ്ത വാചകങ്ങൾ വായിച്ചു. ഞാൻ സ്വന്തം ദർസാരംഭിച്ചെങ്കിലും ഗുരുവിന്റെ വിയോഗം വരെ ആ ദർസിലും മുടങ്ങാതെ പങ്കെടുത്തിരുന്നു (അത്തഹദ്ദുസു ബിന്നിഅ്മ).
ശൈഖൂനീ പർണശാലയിലും ഹദീസ് ദർസ് നടത്താൻ ഇമാം നിയോഗിതനായി. ശിഷ്യനെ കുറിച്ച് നന്നായി അറിയുന്ന, പതിനാല് വർഷം തന്റെ ഗുരുവായ ഉസ്താദുൽ അസാതീദ് മുഹ്‌യിദ്ദീൻ അൽകാഫിയജി(റ)യാണ് അതേൽപിച്ചത്. അവിടെ മുദരിസായിരുന്ന തന്റെ ഗുരുനാഥൻമാരിൽ പെട്ട ശൈഖ് ഫഖ്‌റുദ്ദീനിൽമഖസ്സി(റ) മരണപ്പെട്ടപ്പോഴായിരുന്നു ഇത്. ഈ സന്ദർഭങ്ങളിലും ഇമാം പഠനം തുടർന്നു.
ഹിജ്‌റ 870-ൽ അലക്‌സാണ്ട്രിയയിൽ നിന്ന് തിരിച്ചുവന്ന ശേഷം മുദരിസായി നിയമിതനായി. പ്രാഥമിക വിദ്യാർത്ഥികളും കൂടുതൽ വിജ്ഞാനം നേടിയവരും അതിൽ പങ്കെടുത്തു. നേരത്തെ ദർസ് നടത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇമാം സുയൂത്വി(റ)യുടെ ഗ്രന്ഥങ്ങൾ അവർ ഓതുകയും കേൾക്കുകയും ചെയ്തു. ഹിജ്‌റ 872 മുതൽ ത്വൂലൂനി മസ്ജിദിൽ ഹദീസ് ക്ലാസ് ആരംഭിച്ചു. ഹാഫിള് ഇബ്‌നു ഹജറിനിൽ അസ്ഖലാനി(റ) വഫാത്തായ ശേഷമായിരുന്നു ഇത്. ഹിജ്‌റ എണ്ണൂറ്റി 871 മുതൽ ഫത്‌വ നൽകിത്തുടങ്ങി.

ശിഷ്യന്മാർ
ഇമാം സുയൂത്വി(റ)യുടെ ശിഷ്യന്മാരിലും ചരിത്ര പ്രസിദ്ധരായവരെ കാണാം. മസ്ജിദ് ത്വൂലൂനിലും മസ്ജിദ് ശൈഖൂനിയിലും ശൈഖൂനി പർണശാലയിലും മറ്റുമായി നടത്തിയിരുന്ന വിജ്ഞാന സദസ്സുകളിൽ സംബന്ധിച്ചിരുന്ന ധാരാളം മഹാന്മാർ ഇമാം സുയൂത്വി(റ)യുടെ ശിഷ്യ ഗണങ്ങളിൽപെടുന്നു. നേരിട്ട് ഇജാസത് സ്വീകരിച്ച് ശിഷ്യത്വ പൂർണിമ നേടിയവർ താരതമ്യേന കുറവാണ്. കാരണം വളരെ കുറച്ചുകാലം മാത്രമേ സ്ഥിരമായി ദർസ് നടത്താൻ ഇമാമിന് സാധിച്ചിട്ടുള്ളൂ. ജീവിതത്തിന്റെ മുഖ്യഭാഗം പഠനത്തിനും ഗ്രന്ഥരചനക്കും വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. പ്രമുഖ ചരിത്രകാരൻ അല്ലാമാ ശംസുദ്ദീൻ ബിൻ മുഹമ്മദ് ത്വൂലൂൻ(റ), ശംസുദ്ദീൻ മുഹമ്മദ് ഇബ്‌നു ദാവൂദീ അൽമിസ്‌റീ(റ), പ്രസിദ്ധ ഈജിപ്ഷ്യൻ ചരിത്രപണ്ഡിതനായ മുഹമ്മദ്ബ്‌നു ഇയാസിൽ മിസ്‌റീ(റ), പ്രസിദ്ധ നബിചരിത്രകാരൻ ഹാഫിള് ശംസുദ്ദീൻ അസ്സ്വാലിഹീ അശ്ശാമീ(റ), മുഹമ്മദ് അൽഖാഹിരി(റ), ഇമാം ശഅ്‌റാനീ(റ), അഹ്‌മദുബ്‌നു അലിയ്യിൽ ജുദയ്യിദി(റ), ഇബ്‌നു ഹജറിൽഹൈതമി(റ), ഹസനുബ്‌നു സാബിത്തിസ്സംസമീ(റ), സുലൈമാനുൽ ഖുളൈരി(റ), അബ്ദുൽ ഖാദിറിശ്ശാദുലീ(റ), ഉമറുബ്‌നു ഖാസിമിൽ അൻസാരീ തുടങ്ങിയവർ ശിഷ്യപ്രമുഖരിൽപെടുന്നു.

രചനകൾ

ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം തന്റെ കാലശേഷവും സാന്നിധ്യമറിയിക്കുന്ന സംഭാവനകളാണ് രചനകൾ. ഇമാം സുയൂത്വി(റ)യുടെ അനശ്വരതയിൽ പാണ്ഡിത്യവും ഗ്രന്ഥങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഹിജ്‌റ 865-ൽ തന്റെ പതിനേഴാം വയസ്സിൽ തുടങ്ങിയതാണ് രചന. ശറഹുൽ ഇസ്തിആദതി വൽബസ്മല, ശറഹുൽ ഹൗഖലത്തി വൽ ഹൈഅല എന്നിവയാണ് ആദ്യത്തേത്. തന്റെ പ്രധാന ഗുരുനാഥൻമാരിലൊരാളായ ശൈഖുൽ ഇസ്‌ലാം അലമുദ്ദീനിൽ ബുൽഖീനി(റ)യാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. അവിടെ തുടങ്ങി ചെറുതും വലുതുമായി 600 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തി. പരിമിതികളുടെ കാലത്ത് കഠിന പരിശ്രമത്തിലൂടെ വിലയേറിയ ഗ്രന്ഥങ്ങളാണ് ഇമാമവർകൾ ലോകത്തിന് സമ്മാനിച്ചത്. നേടിയ വിജ്ഞാനശാഖകളിൽ പിൽക്കാലക്കാർക്ക് അവലംബയോഗ്യമായ വിലയേറിയ ഗ്രന്ഥങ്ങളാണവയെല്ലാം.
40 വയസ്സു മുതൽ ജനങ്ങളിൽ നിന്നകന്ന് ദർസും ക്ലാസുകളും നിർത്തിവെച്ച് രചനയിലും ഇബാദത്തിലുമായി മുഴുകി. സാഹചര്യം ആവശ്യപ്പെടുന്ന വിഷയങ്ങളിലെല്ലാം രചനകൾ സമയാസമയം പുറത്തുവന്നുകൊണ്ടിരുന്നു. വിജ്ഞാനത്തെയും എഴുത്തിനെയും ഗ്രന്ഥങ്ങളെയും പരിണയിച്ച പോലെയായിരുന്നു ആ ജീവിതം. ജീവിത കാലത്ത് തന്നെ ഗ്രന്ഥങ്ങൾ പലതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേർന്നു. ഇബ്‌നുൽ ഇമാദൽ ഹമ്പലി(റ) കുറിച്ചു: ഇമാം സുയൂത്വി(റ)യുടെ ജീവിതകാലത്ത് തന്നെ പാശ്ചാത്യ-പൗരസ്ത്യ ലോകത്ത് അദ്ദേഹത്തിന്റെ ധാരാളം ഗ്രന്ഥങ്ങളെത്തിയിട്ടുണ്ട് (ശദറാതുദ്ദഹബ്). ഹിജാസിലും ശാമിലും റോമിലും മൊറോക്കോയിലും തക്‌റൂറിലും ഇന്ത്യയിലും യമനിലുമൊക്കെ ഗ്രന്ഥങ്ങളെത്തിയെന്ന് ശിഷ്യൻ ദാവൂദിയെ ഉദ്ധരിച്ച് നജ്മുദ്ദീനിൽ ഗസ്സി രേഖപ്പെടിത്തുന്നു. ആയുഷ്‌കാലവും ഗ്രന്ഥങ്ങളും തമ്മിൽ ചേർത്തുവെച്ചാലറിയാം അദ്ദേഹത്തിന്റെ രചനാ കൗശലത്തിന്റെ വ്യാപ്തി. വേറിട്ട രചനാരീതി കൊണ്ടു ശ്രദ്ധേയമാണ് സുയൂത്വീ ഗ്രന്ഥങ്ങൾ. അനുകൂലികളും പ്രതികൂലികളും ഒരുപോലെ ഉപജീവിക്കുന്നതും ഉപയോഗിക്കുന്നവയുമാണ് പലതും.

ജീവിത ഗുണവും ഫലവും
ഇമാം സുയൂത്വി(റ) തന്റെ വിജ്ഞാനത്തോടും ഗുരുനാഥൻമാരോടും പ്രതിബദ്ധമായ ജീവിതമാണ് നയിച്ചത്. തീർത്തും വൈജ്ഞാനിക ജീവിതമായിരുന്നു മഹാന്റേത്. അനുഗ്രങ്ങളെടുത്ത് പറയുന്നതിന്റെ ഭാഗമായുണ്ടായ പരാമർശങ്ങളെ സംശയിക്കാതിരുന്നാൽ ഇമാം സുയൂത്വി(റ)യുടെ ഗുണമേൻമകളാണ് ആ വിവരണങ്ങൾ. ഇമാം രേഖപ്പെടുത്തി: ഏഴു വയസ്സുള്ളപ്പോൾ തന്നെ ഉദാത്തമായ ചില ഗുണ ശീലങ്ങൾ അല്ലാഹു എന്റെ പ്രകൃതിയുടെ ഭാഗമാക്കിയിട്ടുണ്ട്. നന്മയെയും സൽപ്രവർത്തനങ്ങളെയും സ്‌നേഹിക്കുക, അതിനു പ്രേരിപ്പിക്കുന്ന ഉപദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കുക, തിൻമയെയും ദുർവൃത്തികളെയും അതിലേക്ക് പ്രേരിപ്പിക്കുന്നവയെയും വെറുക്കുക, നന്മയുടെയും പരിത്യാഗത്തിന്റെയും ഇബാദത്തിന്റെയും വക്താക്കളെയും ആത്മീയവഴിയിൽ സഞ്ചരിക്കുന്നവരെയും നന്മകളുമായി ബന്ധപ്പെടുന്നവരെയും കുറിച്ച് നല്ല ധാരണ പുലർത്തുക, കാര്യങ്ങളിൽ സാവകാശവും അവധാനതയും, എടുത്തുചാട്ടം ഉപേക്ഷിക്കൽ തുടങ്ങിയവ അതിൽ പെട്ടതാണ്. സുന്നത്തിനെയും ഹദീസിനെയും സ്‌നേഹിക്കാനും ബിദ്അത്തിനെയും ഫലപ്രദമല്ലാത്ത ധാരണകളെയും വെറുക്കാനും എനിക്ക് ഉൾവിളിയുണ്ടായിട്ടുണ്ട്. ആത്മീയ വ്യക്തിത്വങ്ങളെക്കുറിച്ച് നല്ല ധാരണ വെച്ചു പുലർത്തുകയും ഒരു സ്വാലിഹിനെക്കുറിച്ച് കേട്ടാൽ അദ്ദേഹത്തെ സന്ദർശിച്ചു ബറകത്തെടുക്കുകയും ചെയ്തിരുന്നു (അൽഇസ്തീഖാളു വത്തൗബ).
ഇമാമിന്റെ വൈജ്ഞാനിക സേവനവും പ്രതിബദ്ധതയും ആത്മീയ കണിശതയും അദ്ദേഹത്തെ ശ്രേഷ്ഠ വ്യക്തിത്വത്തിനുടമയാക്കി. തന്റെ ശിഷ്യനും ചരിത്രകാരനുമായ ശൈഖ് അബ്ദുൽ ഖാദിർ അശ്ശാദുലി(റ)യെ ഇബ്‌നുൽ ഇമാദ്(റ) ഉദ്ധരിക്കുന്നു: താൻ നബി(സ്വ)യെ ഉണർവിൽ തന്നെ കണ്ടതായി ഉസ്താദ് പങ്കുവെച്ചിരുന്നു. നബി(സ്വ) അദ്ദേഹത്തെ യാ ശൈഖൽ ഹദീസ് എന്ന് വിളിക്കുകയും ചെയ്തു. അപ്പോൾ ഇമാം ചോദിച്ചു: യാ റസൂലല്ലാഹ്, ഞാൻ സ്വർഗാവകാശികളിൽ പെടുമോ? അവിടന്ന് പറഞ്ഞു: അതേ. ഇമാം വീണ്ടും: ശിക്ഷയില്ലാതെയോ? അതേ. എഴുപതിലധികം തവണ ഇങ്ങനെ കണ്ടിട്ടുണ്ടെന്ന് ഇമാം ചോദ്യത്തിന് മറുപടി നൽകി (ശദറാതുദ്ദഹബ്).
സ്വന്തത്തിലും ഇഷ്ടജനങ്ങളിലും ആത്മീയമായ ഉണർവും ഉന്നതിയും ഉണ്ടാക്കുന്ന കറാമത്തുകളും ചരിത്ര ഗ്രന്ഥങ്ങളിലുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ ജീവിതത്തിന്റെ ഏത് തലങ്ങളും കൗതുകകരമായ ചരിത്രാധ്യായങ്ങളാണ്. അതിലേറെ വിശാലവുമാണ്.

വിയോഗം
ഹിജ്‌റ 911 ജമാദുൽ അവ്വൽ 19 വെള്ളിയാഴ്ച രാവിൽ ഇമാം സുയൂത്വി(റ) വഫാതായി. 61 വർഷവും 10 മാസവും 18 ദിവസവുമായിരുന്നു തന്റെ ആയുസ്സ്. റൗളതുൽമിഖ്‌യാസിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചക്കാലം രോഗബാധിതനായിരുന്നു. ജുമുഅ നിസ്‌കാരത്തിന് ശേഷം വലിയ ജനാവലി അദ്ദേഹത്തിന്റെ ജനാസ നിസ്‌കരിച്ചു. ജനബാഹുല്യം കാരണം ധാരാളമാളുകൾക്ക് ജനാസയുടെ അടുത്തെത്താനായില്ല. ഖറാഫ കവാടത്തിന് പുറത്തായി മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

അലവിക്കുട്ടി ഫൈസി എടക്കര

 

 

Exit mobile version