ഇമാം ശാഫിഈ(റ)ന്റെ സദസ്സിനേക്കാൾ വിഷയവൈവിധ്യം നിറഞ്ഞ ഒരു സദസ്സുമുണ്ടായിരുന്നില്ല. ഹദീസ് വിജ്ഞരും കർമശാസ്ത്ര വിശാരദരും ഭാഷാപടുക്കളും മഹാകവികളും വരെ ഇമാമിന്റെ സദസ്സിനെ ധന്യമാക്കിയിരുന്നു (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/61).
ഇമാം കറാബീസിയുടെ വാക്കുകളാണിത്. ഇമാം ശാഫിഈ(റ) ചിന്ത കൊണ്ടും വാക്‌ധോരണികൾ കൊണ്ടും അത്ഭുതം തീർത്ത മഹാമനീഷിയാണ്. ഏത് ധൈഷണികനെയും വെല്ലുന്ന താത്ത്വികത കൊണ്ട് മഹാൻ വേറിട്ടുനിന്നു.
ധിഷണയെ ദീപ്തമാക്കുന്നതിന് ഉപയുക്തമായ ഒന്നാണല്ലോ കാവ്യം. കടഞ്ഞെടുത്ത കാവ്യശിൽപങ്ങൾ എന്നും താത്ത്വികത നിറഞ്ഞതായിരിക്കും. ഇമാം ഈ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതായി കാണാം. ദീവാനു ശാഫിഈ എന്നത് അറബി സാഹിത്യത്തിന് പൊൻതൂവൽ ചാർത്തായി നിലകൊള്ളുന്ന വിജ്ഞാന സഞ്ചയമാണ്. ഇമാമിന്റെ താത്ത്വിക വചനങ്ങൾ അധികവും നിക്ഷിപ്തമായിരിക്കുന്നത് അവിടുത്തെ കവിതകളിലാണെന്ന് പറയാം.
ഹുദൈൽ ഗോത്രത്തിൽ നിന്ന് മാത്രമായി ഇമാം പതിനായിരത്തിലധികം കവിതകൾ ഹൃദിസ്ഥമാക്കിയതായി ചരിത്രം സാക്ഷീകരിക്കുന്നു. വിശാലമായ ഈ പഠന പരിചയത്തെ തുടർന്നാണ് ഇമാം ഒരു കവിയായി പരിണമിക്കുന്നതും അംഗീകാരം നേടുന്നതും. മഹാന്റെ കാവ്യസുധ തീർത്തും തത്ത്വചിന്താപരമായിരുന്നു. ധാർമികതയില്ലാത്ത കവികൾക്ക് എന്നും തിരുത്തായിരുന്നു ഇമാം. അതിനു തെളിവാണ് ഇമാമിന്റെ ഈ കവിത:
കാവ്യരചന പണ്ഡിതനനൗചിത്യമല്ലായിരുന്നെങ്കിൽ/ഞാനാകുമായിരുന്നു ലബീദിനേക്കാൾ മഹാകവി.
പ്രസിദ്ധമായ മറ്റൊരു കാവ്യശകലം നോക്കൂ:
നാം കാലത്തെ പഴിക്കുന്നു/പക്ഷേ, പഴികൾക്കർഹർ നാം തന്നെ/കാലത്തിനാകെ ഒരു കുറ്റമേയുള്ളൂ/നാം ഈ കാലത്താണ് ജീവിക്കുന്നതെന്നാണ് ആ കുറ്റം/കാലത്തിനു മിണ്ടാൻ കഴിഞ്ഞിരുന്നുവെങ്കിൽ/അതു നമ്മെ ഭത്സിക്കുമായിരുന്നു.
വിശദീകരണത്തിനാവശ്യമില്ലാത്ത വിധം ഇമാം നമ്മെ തിരുത്തുകയാണിവിടെ. കാലത്തെ പഴിചാരി കൈ കഴുകി രക്ഷപ്പെടുന്നതിനെ വിമർശിക്കുന്നതിനെ നിശിതമായി വിമർശിക്കുന്നു ഇമാം.
മനുഷ്യരുടെ ദുർവാസനകളെ പല വിധത്തിൽ ഇമാം നിരൂപിക്കുന്നുണ്ട്. ഒന്നിങ്ങനെ:
ചെന്നായ സ്വവർഗത്തിന്റെ മാംസം ഭുജിക്കാറില്ല/പക്ഷേ, നമ്മൾ മനുഷ്യർ പരസ്പരം തിന്നുതീരുന്നു.
വിജ്ഞാന സമ്പാദനത്തെ ഇമാം നന്നായി പോഷിപ്പിച്ചതായി കാണാം. ചില വരികൾ:
ഒരേ സമയം നീ സ്വൂഫിയും ഫഖീഹുമാവുക/ഫിഖ്ഹ് മാത്രമായാൽ മാനസം പരുഷമാകും/അല്ലാഹു സത്യം, പാമരനായ സ്വൂഫി പാടെ നിർഗുണൻ.
ജ്ഞാനമധു തേടി നിദ്രയൊഴിക്കുന്നത്/മദാലസകളെ പ്രാപിക്കുന്നതിനേക്കാൾ മധുരതരമാണെനിക്ക്.പുസ്തകത്താളുകളിൽ തൂലിക ചലിക്കുന്നത്/കുമാരികളുടെ പ്രണയ ശൃംഗാരത്തേക്കാൾ മധുരതരംതന്നെ.ഗ്രന്ഥങ്ങളിൽ നിന്ന് പൊടി തട്ടുന്നത്/മാദകത്തിടമ്പുകളുടെ കൈ കൊട്ടിനെക്കാൾ പ്രിയമാണെനിക്ക്.
വിജ്ഞാനം തേടി യാത്ര തിരിക്കുന്നതിനെ പുരസ്‌കരിച്ച് ഇമാം പറയുന്നത് നോക്കൂ:
ചിട്ടയും ബുദ്ധിയും നിറഞ്ഞവൻ ഒരിടത്ത് മാത്രം തങ്ങില്ല/അതുകൊണ്ട് നീ നാടുവിടുക, പരദേശിയായി പരിണാമം കൊള്ളുക. യാത്രകൾ വിനഷ്ടമാക്കുന്ന ആത്മമിത്രങ്ങൾക്ക് പകരമായി/പുതിയ ബന്ധങ്ങൾ നിനക്കായി നേടിത്തരുമെന്നുറപ്പ്.നീ അധ്വാനിക്കുക നല്ലപോലെ/ജീവിതം തന്നെ അധ്വാനത്തിനാണെന്നുറപ്പിക്കുക.കെട്ടിനിൽക്കുന്ന ജലം ദുഷിച്ചുപോകുന്നു/പ്രവഹിക്കുന്ന ജലമോ പവിത്രവും.
ഇമാമിന്റെ അമൃതവാണികൾക്ക് മരണമില്ല. അത് പദ്യമായാലും ഗദ്യമായാലും നമ്മുടെ മനസ്സിനെ തട്ടിയുണർത്തുന്നതും തെളിച്ചമുള്ളതാക്കുന്നതുമാണ്. ചില വചസ്സുകൾ ഉദ്ധരിക്കാം:
വിഡ്ഢികളുമായും നിന്നോട് നിഷ്പക്ഷത കാണിക്കാത്തവരുമായും നീ സമ്പർക്കം ഒഴിവാക്കുക.
സ്വയം മഹത്ത്വം ചമയാത്തവനാണ് യഥാർത്ഥ മഹാൻ.
വ്യക്തിത്വ സമ്പൂർണതക്ക് നാലു ഗുണങ്ങൾ അനിവാര്യം; നല്ല സ്വഭാവം, ഔദാര്യം, വിനയം, ഭയഭക്തി.
കന്നുകാലികളെ ഭരിക്കുന്നതിനേക്കാൾ പ്രയാസമാണ് ജനങ്ങളെ വരിക്കാൻ.
ഇഹലോക ഇച്ഛകൾക്കു വശംവദനാകുന്നവൻ പിന്നീടതിന് അടിമയായി പരിണമിക്കുന്നതാണ്.
സർവജ്ഞന്റെ സംതൃപ്തി സാക്ഷാത്കരിക്കാനാകാത്ത ഒന്നാണ്. അതു നേടാൻ ഒരു സൂത്രവുമില്ല. അതിനാൽ നിനക്ക് ഗുണപ്രദമായതുമായി നീ മുന്നേറുക.
അപരന് ഉപകരിക്കുമ്പോഴാണ് വിജ്ഞാനം ഫലവത്താകുന്നത്.
ആളുകളുമായി അകന്നു നിൽക്കുന്നത് ശത്രുതക്കും അധികം അടുക്കുന്നത് ദുഷ്ബന്ധങ്ങൾക്കും കാരണമാകും. അതുകൊണ്ട് നീ മധ്യനയം സ്വീകരിക്കുക.
ആലിമീങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളല്ലെങ്കിൽ പിന്നെ അല്ലാഹുവിന് ഔലിയാക്കളില്ല തന്നെ.
ആവശ്യത്തിനു കോപിക്കാത്തവൻ കഴുതയാകുന്നു. സന്ദർഭാനുസൃതം പൊരുത്തപ്പെടാത്തവൻ പിശാചും.
നീ ഭൗതിക വിരക്തനാവുക. മുസ്‌ലിമിന് ഭൗതിക വിരക്തി സുന്ദരിക്ക് ആഭരണമെന്നതിനെക്കാൾ ചന്തമത്രെ.
ജ്ഞാനത്തെ സ്‌നേഹിക്കാത്തവൻ ഗുണം കെട്ടവനാണ്. അവനുമായി നീ ചങ്ങാത്തത്തിന് നിൽക്കരുത്.
സുഹൃത്തിനെ കിട്ടാൻ പ്രയാസമാണ്. പക്ഷേ, നഷ്ടപ്പെടാൻ നിഷ്പ്രയാസവും.
മൂന്നുകൂട്ടർ വ്യക്തിത്വത്തോട് ദ്രോഹം ചെയ്യുന്നവരാകുന്നു; ഇങ്ങോട്ട് ആദരവ് കാണിക്കാത്തവനോട് വിനയത്തോടെ ഇടപെടുന്നവൻ, ഉപകാരം ചെയ്യാത്തവനെ സ്‌നേഹിക്കുന്നവൻ, അപരിചിതരുടെ പ്രശംസയിൽ വീഴുന്നവൻ.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി