ഇറാഖിന് പിന്നെയും തീവെക്കുന്നതാരൊക്കെയാണ്?

 

ഇറാഖില്‍ നിന്ന് ബിഗ്ന്യൂസുകള്‍ വരാന്‍ തുടങ്ങിയ സമയം. ഈ ലേഖകന്‍ ഡെസ്കില്‍ പുതിയ വാര്‍ത്തകളിലൂടെ കണ്ണോടിക്കുകയാണ്. അപ്പോള്‍ മറ്റൊരു പത്രത്തിലെ സുഹൃത്ത് വിളിച്ചു ചോദിച്ചു: “ഇറാഖില്‍ സൈന്യത്തെ വെല്ലുവിളിക്കുന്ന സംഘത്തെ പോരാളികള്‍ എന്ന് വിളിക്കേണ്ടതല്ലേ. നിങ്ങളെന്താണ് ഇങ്ങനെ? അപ്പുറത്ത് ശിയാക്കളാണ്…..’ ഭീകരന്‍, തീവ്രവാദി, പോരാളി, ആയുധധാരി, വിമതന്‍, കലാപകാരി, പ്രക്ഷോഭകന്‍, ദേശീയവാദി, രാജ്യദ്രോഹി, ഒളിപ്പോരാളി, ഒറ്റുകാരന്‍, ചാരന്‍, രഹസ്യാന്വേഷകന്‍ തുടങ്ങിയ പദങ്ങള്‍ വാര്‍ത്ത എഴുത്തുകാരുടെയും വിശകലനക്കാരുടെയും മുന്നിലങ്ങനെ നിരന്ന് നില്‍ക്കും പലപ്പോഴും. ഏതു പ്രയോഗിക്കണം? വല്ലാത്ത ആശയക്കുഴപ്പം. ഒരേ മനുഷ്യന് തന്നെ ഇതിലെ ഏത് വിശേഷണവും ചേര്‍ത്ത് നല്‍കാം. വിളിക്കുന്നവന്റെ രാഷ്ട്രീയവും ചരിത്രബോധവും കളങ്ങളും ഉപകളങ്ങളും അനുസരിച്ചിരിക്കും അത്. കാലത്തിനും ദേശത്തിനും സാഹചര്യത്തിനും അനുസരിച്ച് ഈ വിളിപ്പേരുകളില്‍ മാറ്റം വരും. വിളിക്കപ്പെടുന്നവന് ഇതില്‍ ഒരു റോളുമില്ല. ഈ വിശേഷണങ്ങള്‍ പര്യായങ്ങളെപ്പോലെ ഉപയോഗിക്കുമ്പോഴും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇവക്ക് തികച്ചും വിപരീതമായ അര്‍ഥവും വ്യാപ്തിയുമാണുള്ളത്. ഇറാഖില്‍ സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കി മുന്നേറുന്ന (ഇവിടെ മുന്നേറ്റമെന്ന പ്രതീക്ഷാ നിര്‍ഭരമായ പദം പ്രയോഗിക്കാമോ?) ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്(ഐ എസ് ഐ എല്‍ഇസില്‍) സംഘത്തെ എങ്ങനെ വിളിക്കണം? അവര്‍ തീവ്രവാദികളോ പോരാളികളോ?

തീര്‍ച്ചയായും അഫ്ഗാനിസ്ഥാനിലെ താലിബാനെപ്പോലെ ചരിത്രപരമായ ചില ആനുകൂല്യങ്ങള്‍ ഈ സംഘത്തിനും നല്‍കാവുന്നതാണ്. ഇവരെ ആയുധമണിയിച്ചത് ആരായാലും അതിനവര്‍ക്ക് ത്രാണി നല്‍കിയ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്. അത് കൊളോണിയല്‍ കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തുടങ്ങുന്നു. എവിടെയൊക്കെ സാമ്രാജ്യത്വ അധിനിവേശം നിലനിന്നിരുന്നോ അവിടെയൊക്കെ അതിര്‍ത്തികളില്‍ കലഹത്തിന്റെയും നിതാന്തമായ അതൃപ്തിയുടെയും വിത്തുകള്‍ വിതച്ചിട്ടാണ് അവര്‍ മടങ്ങിയത്. വെറുതെയങ്ങ് അധികാരം കൈമാറി പിന്‍വാങ്ങുകയല്ല ചെയ്തത്. തങ്ങള്‍ക്ക് ഇടപെട്ട് രസിക്കാനും വിഭവങ്ങള്‍ കൊള്ളയടിക്കാനും നിരവധി ദശാസന്ധികള്‍ ഭാവിയിലേക്ക് കരുതി വെച്ചിരുന്നു. ഇന്ത്യപാക് അതിര്‍ത്തി, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി, സിറിയഇറാഖ് അതിര്‍ത്തി… കോളനികള്‍ മായ്ച്ച് കളഞ്ഞ അതിര്‍ത്തികള്‍ക്ക് പകരം വന്ന മുഴുവന്‍ അതിര്‍ത്തി രേഖകളിലും ഈ കുതന്ത്രം ഒളിച്ച് വെച്ചിരുന്നു. വംശീയവും സാംസ്കാരികവുമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധ്യമില്ലായ്മയില്‍ നിന്നല്ല, ആഴത്തിലുള്ള ബോധ്യങ്ങളില്‍ നിന്നാണ് ഈ അതിര്‍ത്തി രേഖകള്‍ പിറന്നത്. ഇന്ന് ഇസില്‍ പോലുള്ള സംഘങ്ങള്‍ ഇറാഖിന്റെയും സിറിയയുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു “സിറാഖി’നായി ആയുധമെടുക്കുന്നുവെങ്കില്‍ അതിന് ഗോത്രവര്‍ഗ ഗ്രൂപ്പുകളുടെയും സാമാന്യ ജനങ്ങളുടെ തന്നെയും പിന്തുണ ലഭിക്കുന്നുവെങ്കില്‍ അത്രമേല്‍ തന്ത്രപരമായാണ് ബ്രിട്ടീഷ് ഫ്രഞ്ച് അധികാരികള്‍ ജനപഥങ്ങളെ വെട്ടിമുറിച്ചതെന്ന് വ്യക്തമാകും. മൂസ്വില്‍ പോലുള്ള വടക്കന്‍ ഇറാഖിലെ ഭാഗങ്ങളും സിറിയയിലെ കിഴക്കന്‍ പ്രവിശ്യകളും തമ്മില്‍ വംശീയവും സാംസ്കാരികവുമായ പങ്കുവെക്കലുകള്‍ നടക്കുന്നുണ്ടായിരുന്നു. ഈ പങ്കുവെക്കലുകളെ തടഞ്ഞ് അതിര്‍ത്തി രേഖ വരച്ചപ്പോള്‍ അടിഞ്ഞു കൂടിയ അതൃപ്തിയെയാണ് ഇസില്‍ മുതലാക്കിയത്. അത്കൊണ്ടാണ് വടക്കന്‍ ഇറാഖിലെ പ്രവിശ്യകളും സിറിയയിലെ കിഴക്കന്‍ പ്രവിശ്യകളും ചേര്‍ത്ത് ഒരു ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നത്. സിറിയയില്‍ ബശര്‍ അല്‍ അസദിനെയും ഇറാഖില്‍ നൂരി അല്‍ മാലിക്കിയെയും താഴെയിറക്കുകയെന്ന ലക്ഷ്യത്തിലേക്ക് അവര്‍ എത്തിപ്പെടുന്നതിന്റെയും പിന്നില്‍ ഈ മേഖലാപരമായ യാഥാര്‍ത്ഥ്യമാണ് ഉള്ളത്. അലവൈറ്റ് (അലവിയ്യ) വിഭാഗക്കാരനായ അസദിനെയും ശിയാ ആയ മാലിക്കിയെയും ആക്രമിക്കുന്നതില്‍ വംശീയതയുടെ തലം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.

പാശ്ചാത്യ മാധ്യമങ്ങള്‍ക്കും അത്കൊണ്ട് ആഗോളമാധ്യമങ്ങള്‍ക്കും ഇസില്‍ ഒരു സുന്നീ തീവ്രവാദ സംഘടനയാണ്. ശിയേതരമായ എന്തിനെയും സുന്നിയെന്ന് വിളിക്കുന്നതില്‍ കവിഞ്ഞ ഒരു അര്‍ത്ഥവും ഈ വിളിക്കില്ല. ഈ സംഘടനക്ക് സുന്നി ആദര്‍ശവുമായി യാതൊരു ബന്ധവുമില്ല. അല്‍ഖാഇദ, അന്നുസ്റ, അല്‍ ശബാബ്, ഇഖ്വാനുല്‍ മുസ്‌ലിമീന്‍ തുടങ്ങിയവയെല്ലാം “സുന്നി’യെന്ന തലക്കെട്ടിന് താഴെയാണല്ലോ കാണാറുള്ളത്. യഥാര്‍ത്ഥ സുന്നീ പാരമ്പര്യം സൂക്ഷിക്കുന്ന ഒരു പണ്ഡിതനെയും ഇവര്‍ മാനിക്കുന്നില്ല. പലപ്പോഴും അങ്ങേയറ്റം അനിസ്ലാമികമാണ് ഇത്തരക്കാരുടെ ചെയ്തികള്‍. പാരമ്പര്യ ശേഷിപ്പുകളെ തകര്‍ത്തെറിയുന്നവരാണ് ഇവര്‍. എന്നുവെച്ചാല്‍ സുന്നീ വിശ്വാസത്തിന്റെ നേര്‍ വിപരീതം. അത്കൊണ്ട് വംശീയമായ വൈജാത്യത്തെ അടയാളപ്പെടുത്താന്‍ സുന്നി എന്ന പദം കുറിക്കാമെങ്കിലും ആദര്‍ശപരമായോ വിശ്വാസപരമായോ ഈ ഓമനപ്പേരിന് പ്രധാന്യമില്ല. ഇറാഖിലെയും സിറിയയിലെയും സംഘര്‍ഷത്തെ ശിയാ സുന്നി തര്‍ക്കമായി ചുരുക്കിക്കെട്ടുകയെന്നത് ആഗോള സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. സഊദി അടക്കമുള്ള രാജ്യങ്ങള്‍ ഇത് മനസ്സിലാക്കാന്‍ വൈകിയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ശിഥിലമാകുകയും എണ്ണ സമ്പത്തെന്ന കരുത്ത് ചോര്‍ന്ന് പോകുകയും ചെയ്യും. അപ്പോള്‍ ആത്യന്തികമായ ചിരി അമേരിക്കയടക്കമുള്ള അധിനിവേശക്കാരുടേതാകും.

ഇതെഴുതുമ്പോള്‍ മൂസ്വില്‍, ദിയാല, സലാഹുദ്ദീന്‍, നിനവി, തിക്രീത്ത് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇസില്‍ സംഘം ആധിപത്യമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന ബെയ്ജിയില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നു. നാല്‍പ്പത് ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ സായുധ സംഘം ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ബഗ്ദാദില്‍ മാത്രമാണ് സൈന്യത്തിന്റെ യഥാര്‍ത്ഥ ചെറുത്തു നില്‍പ്പ് നടക്കുന്നത്. അമേരിക്ക എടുത്തു ചാടുമെന്ന ഒരൊറ്റ വിശ്വാസത്തിലാണ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി. ബഗ്ദാദ് വീണാലും ഇല്ലെങ്കിലും ഇറാഖില്‍ ശിഥിലീകരണം സംഭവിച്ച് കഴിഞ്ഞു. ശിഥിലീകരണത്തിന്റെ ആഴം എത്രയെന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ. അമേരിക്കന്‍ ആക്രമണം അംഗച്ഛേദം വന്ന ഈ രാജ്യത്തിന്റെ പച്ച മുറിവില്‍ ആഴ്ത്തുന്ന കുന്തമുനകളായിരിക്കും. പൈതൃക സമ്പന്നമായ ഒരു രാജ്യത്തിന്റെ അങ്ങേയറ്റം വേദനാജനകമായ കാഴ്ചയാണ് വിശകലിച്ച് രസിക്കുന്നവരുടെ മുന്നിലുള്ളത്. അത് ആരെയൊക്കെ കണ്ണു നനയിക്കും? ആരെയൊക്കെ ഹര്‍ഷോന്‍മത്തരാക്കും? ഇറാഖ് പ്രതിസന്ധി ലോകത്തെ വിഭജിക്കുന്നത് ഇങ്ങനെയാണ്. മുസ്‌ലിം ലോകത്തെയും ഇങ്ങനെ തന്നെ വകതിരിക്കണം. ശിയാ സുന്നി എന്ന നിലയിലാകരുത് അത്.

ഫലൂജയിലും സദ്ദാമിന്റെ നാടായ തിക്രീത്തിലും നേരത്തേ തന്നെ ഇസില്‍ സംഘത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി തൂത്തെറിഞ്ഞില്ലെന്ന് മാത്രം. അന്ന് നൂരി മാലിക്കി അത് കാര്യമാക്കിയില്ല. എതിര്‍ത്താല്‍ വളരുമെന്ന് കരുതിയതാകാം. അല്‍ഖാഇദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പുറത്ത് നിന്നുളള ഇടപെടലിനെയും അദ്ദേഹം ഭയന്നിരിക്കാം. സദ്ദാം ഹുസൈന്റെ കൂടെയുണ്ടായിരുന്ന 7000ത്തോളം സൈനികരാണ് ഈ ഗ്രൂപ്പിന്റെ യഥാര്‍ത്ഥ ശക്തി. യു എസ് അധിനിവേശത്തിനും തുടര്‍ന്ന് വന്ന നൂരി അല്‍ മാലിക്കി സര്‍ക്കാറിന്റെ പാവഭരണത്തിനുമിടയില്‍ സൈന്യത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരെയും തീവ്രവാദ പ്രവണതകളും വംശീയ അതിവൈകാരികതയുമുള്ള യുവാക്കളെയും സംഘടിപ്പിച്ചാണ് ഇസില്‍ രൂപവത്കരിച്ചത്. സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ആയുധങ്ങള്‍ തരപ്പെടുത്തുന്നതിലായിരുന്നു അവരുടെ ആദ്യകാല ശ്രദ്ധ. പക്ഷേ, ഇസില്‍ ഇങ്ങനെ “വളരുന്നത്’ അമേരിക്കന്‍ ചാരക്കണ്ണുകള്‍ക്ക് വരെ കാണാന്‍ സാധിച്ചില്ലത്രേ. എങ്ങനെ ഇത്ര പെട്ടെന്ന് ഒരു സായുധ സംഘത്തിന് ആ രാഷ്ട്രത്തിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കാനായി എന്നാണ് സി ഐ എ വൃത്തങ്ങള്‍ വരെ ചോദിക്കുന്നത്.

അതിന്റെ ഉത്തരം ഈ പ്രക്രിയ അത്ര പെട്ടെന്ന് സംഭവിച്ചതല്ല എന്നതാണ്. ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് ഹാശിമി ഭരണകൂടം സ്ഥാപിച്ചപ്പോള്‍ ശിയാ വിഭാഗത്തിനും കുര്‍ദുകള്‍ക്കും ഭരണത്തില്‍ ഒരു പ്രാധാന്യവും നല്‍കിയില്ല. പിന്നീട് നിരവധി താത്പര്യങ്ങളുടെ പേരില്‍ ആളും അര്‍ത്ഥവും ആത്മവിശ്വാസവും നല്‍കി സദ്ദാം ഹുസൈനെ വളര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ സുന്നി എന്ന് വിളിക്കപ്പെടുന്ന വംശീയ ഗ്രൂപ്പുകള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരശേഷി കൈവന്നു. ശിയാ, കുര്‍ദ് കൂട്ടക്കൊലയിലേക്ക് ആ മനുഷ്യനെ തള്ളിവിട്ടത് സാമ്രാജ്യത്വ ശക്തികളുടെ വിഭജന രാഷ്ട്രീയം തന്നെയായിരുന്നു.

സദ്ദാം അവര്‍ വിചാരിച്ചിടത്ത് തന്നെ നിന്നില്ല. എണ്ണ സമ്പത്തിന്‍മേല്‍ ദേശസാത്കരണത്തിന്റെ സംരക്ഷിത കവചമൊരുക്കി അദ്ദേഹം. ബഅസ് പാര്‍ട്ടിക്ക് സോഷ്യലിസത്തിന്റെ അന്തര്‍ധാര ഉണ്ടായിരുന്നല്ലോ. അതോടെയാണ് കൂട്ടനശീകരണ ആയുധമെന്ന പെരും നുണയുടെ പിന്‍ബലത്തില്‍ അമേരിക്ക ഇറാഖില്‍ നരനായാട്ട് നടത്തിയത്. ഒടുവില്‍ ബലിപെരുന്നാള്‍ തലേന്ന് സദ്ദാമിനെ തൂക്കിലേറ്റി ഇറാഖിനെ കടുത്ത നേതൃശൂന്യതയിലേക്ക് തള്ളിയിട്ടു. നൂരി അല്‍ മാലിക്കി “ദി മാന്‍ ഓഫ് അമേരിക്ക’ ആയിരുന്നു. ശിയാവത്കരണത്തിന്റെ വക്താവെന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന യോഗ്യത. സദ്ദാമിന്റെ പിന്‍മുറക്കാരെന്ന് മുദ്ര കുത്തി സുന്നീ വിഭാഗത്തെ അപമാനിക്കുന്നതിന്റെ ഭാഗം തന്നെയായിരുന്നു ഈ ശിയാ പ്രണയം. വംശീയതയുടെ തീപ്പൊരി സജീവമാക്കി നിര്‍ത്താന്‍ അമേരിക്കക്ക് സാധിച്ചുവെന്ന് ചുരുക്കം. അങ്ങനെയാണ് ഇറാഖ് സൈന്യത്തില്‍ ആയിരക്കണക്കിന് സൈനികരെ സുന്നി ചാപ്പ കുത്തി പുറത്താക്കിയത്. അതില്‍ ഉന്നത നേതൃത്വം വരെയുണ്ടായിരുന്നു. അവര്‍ക്കും കിട്ടിയിരുന്നു അമേരിക്കന്‍ പരിശീലനം. അത്കൊണ്ട് ഇന്ന് ഇറാഖി പട്ടണങ്ങളില്‍ ഏറ്റുമുട്ടുന്നത് “അമേരിക്കന്‍ സൈനികര്‍ തന്നെ’യാണെന്ന് പറയാം.

നൂരി അല്‍ മാലിക്കിക്ക് ദേശീയ കാഴ്ചപ്പാട് എന്നൊന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ സഖ്യ സര്‍ക്കാര്‍ വെറും അഭിനയമായിരുന്നു. പ്രസിഡന്‍റ് ജലാല്‍ തലബാനി അടക്കമുള്ളവര്‍ അധികാരമില്ലാത്ത അലങ്കാരം മാത്രമായിരുന്നു. ഈ വിവേചനമാണ് ഇസില്‍ പോലുള്ള ഗ്രൂപ്പുകള്‍ക്കും കുര്‍ദുകള്‍ക്കും ശക്തി പകര്‍ന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും നൂരി അല്‍ മാലിക്കി ചെയ്യുന്നതെന്താണ്? ശിയാ ആത്മീയ നേതൃത്വത്തിന്റെ പിന്തുണയോടെ ജനങ്ങളെ ആയുധമണിയിക്കുന്നു. ഇറാന്റെ പിന്തുണ തേടുന്നു. അമേരിക്കയും ഇറാനും തമ്മില്‍ തീര്‍ത്തും അവസരവാദപരമായ ഒരു സഖ്യം രൂപപ്പെടുകയാണ്. പാശ്ചാത്യശക്തികള്‍ ഇറാനോടുള്ള സമീപനത്തില്‍ തന്നെ മാറ്റം വരുത്തുന്നു. ബ്രിട്ടന്‍ ടെഹ്റാനിലെ കോണ്‍സുലേറ്റ് തുറക്കാന്‍ പോകുന്നു. ഈ സഖ്യത്തിന്റെ പരോക്ഷ ഗുണഭോക്താവാകാന്‍ പോകുന്നത് സിറിയയിലെ ബശര്‍ അല്‍ അസദാണ്. ഇസിലിനെ തോല്‍പ്പിക്കാന്‍ ബശറിനെ സംരക്ഷിക്കാന്‍ വരെ ഇറാന്‍യുഎസ് സഖ്യം മുതിര്‍ന്നേക്കാം.

“സുന്നി’കളില്‍ നിന്ന് മാത്രമല്ല നൂരി അല്‍ മാലിക്ക് ഭരണകൂടം ഭീഷണി നേരിടുന്നത്. കുര്‍ദ് സ്വയംഭരണ മേഖല മൊത്തത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ്. കിര്‍ക്കുക്കില്‍ അവര്‍ അതിന്റെ സാംപിള്‍ കാണിച്ചു കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇറാഖി സൈന്യത്തിന് കൂടുതലൊന്നും ചെയ്യാനില്ല. അലി സിസ്താനിയുടെ ആഹ്വാനമനുസരിച്ച് സൈന്യത്തോടൊപ്പം ചേര്‍ന്ന, ഒട്ടും പരിശീലനം സിദ്ധിക്കാത്ത ശിയാ യുവാക്കള്‍ സൈന്യത്തിന് ഒരു ബാധ്യതയാണിപ്പോള്‍. വംശീയ വിഭജനം ആദ്യം നടന്നത് ഇറാഖീ സൈന്യത്തിലായതിനാല്‍ ഈ സൈന്യം തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുകയാണ്. സദ്ദാമിന്റെ കാലമായാലും മാലിക്കിയുടെ കാലമായാലും അത് തന്നെയാണ് സ്ഥിതി. ഇറാഖ് ഇറാന്‍ യുദ്ധം, കുവൈത്ത് ആക്രമണം, പാശ്ചാത്യ സംയുക്ത സൈന്യത്തിന്റെ ആക്രമണം തുടങ്ങിയ യുദ്ധ മുഖങ്ങളിലെല്ലാം അവര്‍ തോല്‍ക്കുകയായിരുന്നു. ഈ തോല്‍വികളിലെ പഴുതിലൂടെയാണ് സാമ്രാജ്യത്വം കടന്ന് വരുന്നത്. ഇറാഖില്‍ നിന്ന് ഇനി കേള്‍ക്കാനുള്ള വാര്‍ത്ത അമേരിക്ക വ്യോമകര ആക്രമണം തുടങ്ങിയെന്നത് മാത്രമാണ്. തികച്ചും ആഭ്യന്തരമായ ഒരു പ്രശ്നത്തിലേക്ക് തീര്‍ത്ത നിയമവിരുദ്ധമായ നുഴഞ്ഞ് കയറ്റം. സമാധാനമല്ല, യുദ്ധമാണ് ലക്ഷ്യം. അനുരഞ്ജനമല്ല, ഏറ്റുമുട്ടലാണ് നടക്കുക. ശാന്തതയല്ല, കൂടുതല്‍ അശാന്തിയാണ് യാങ്കി ആവനാഴിയില്‍. അമേരിക്ക എവിടെയും നിര്‍മിച്ചിട്ടില്ല, നശിപ്പിച്ചിട്ടേ ഉള്ളൂ. വംശീയമാനമുള്ള സംഘര്‍ഷത്തില്‍ രണ്ടിനും ഇടക്ക് നിന്ന് പ്രശ്നം പരിഹരിക്കുകയല്ല, ഒരു പക്ഷം ചേര്‍ന്ന് കത്തിക്കുകയാണ് സാമ്രാജ്യത്വം. രണ്ടു വിഭാഗത്തിനും ആയുധക്കച്ചവടം നടത്തി വന്‍ലാഭമുണ്ടാക്കുകയും ചെയ്യും.

എണ്ണയുടെ രാഷ്ട്രീയം പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയിരിക്കുന്നു. പക്ഷേ അത് പറയാതിരിക്കാനാകില്ല. സത്യം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും കൊന്ന് തള്ളിയതിനും സുഡാന്‍ വിഭജനത്തിനും സഊദിയോടുള്ള പ്രണയത്തിനും ഇറാന്റെ വ്യക്തിത്വത്തോടുള്ള കലഹത്തിനും ഇപ്പോഴത്തെ ഇണക്കത്തിനുമെല്ലാം അടിസ്ഥാന കാരണം പെട്രോ സ്വപ്നങ്ങള്‍ തന്നെയാണ്. പെട്രോ രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിലെ കരുക്കള്‍ മാത്രമാണ് മാലിക്കിയും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആയുധധാരികളും. ശിയാ നേതൃത്വം ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഇന്ന് നിങ്ങളോടൊപ്പമുള്ള അമേരിക്ക നാളെ നിങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കും. ഇന്നലെകള്‍ അതാണല്ലോ പറയുന്നത്. ഇറാഖില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കോടിക്കണക്കായ ഡോളര്‍ മുതല്‍മുടക്കുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ നടത്തിയ സൈനിക പിന്‍മാറ്റം ഈ മുതല്‍ മുടക്കുകാര്‍ക്ക് പിടിച്ചിട്ടില്ല. അത്കൊണ്ട് ഒരു പുനഃപ്രവേശം അനിവാര്യമാണ്. ഇസില്‍ സംഘത്തെ ഇപ്പോള്‍ ഇളക്കി വിട്ടത് അമേരിക്ക തന്നെയാകാം. ഉക്രൈന്‍ പ്രശ്നത്തോടെ ലോകപോലീസ് പട്ടത്തിന് അല്‍പ്പം മങ്ങലേറ്റിട്ടുമുണ്ട്. അതൊന്ന് തിരിച്ചു പിടിക്കുകയും വേണം അവര്‍ക്ക്.

ഇനി പറയൂ. മാലിക്കിയെ ന്യായീകരിക്കണോ? ഇസില്‍ സംഘത്തെ പോരാളികളെന്ന് വിളിക്കണോ?

 

മുസ്തഫ പി എറയ്ക്കല്‍

Exit mobile version