ഇറാ മധൂര്‍ കണ്ട അജ്മീറിലെ ആത്മീയ വിസ്മയങ്ങള്‍

jn1 (16)ആത്മീയ ഗുരുക്കന്മാരുടെ ജീവിതത്തെ ലോകത്ത് ഏറ്റവും നിഗൂഢമായത് എന്നു വിശേഷിപ്പിച്ചത് കവി ഡാന്‍റേ ഗബ്രിയേല്‍ ആണ്. സുഹൃത്തായിരുന്ന ചാള്‍സിനൊപ്പം അദ്ദേഹം ലണ്ടനിലെ തെരുവിലൂടെ നടന്നുകൊണ്ടിരിക്കെ ഉമര്‍ഖയ്യാമിന്‍റെ റുബൂഇയ്യാതിന്‍റെ ഇംഗ്ലീഷ് പരിഭാഷ ലഭിക്കുകയുണ്ടായി. 1859ല്‍ ഹിറ്റ്സ് ജറാള്‍ഡ് ആണ് റുബൂഇയ്യാതിനെ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയത്. ഈ ചെറുപുസ്തകം വായിച്ചപ്പോഴാണ് സ്വൂഫി ഗുരുക്കന്മാരുടെ ജീവിതത്തെക്കുറിച്ച് പഠിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്.
സ്വൂഫികളുടെ ജീവിതം നിഗൂഢവും രഹസ്യാത്മകവുമാണെന്ന് സ്വൂഫിസത്തെ വിശകലനത്തിനു വിധേയമാക്കിയവരെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. സ്വൂഫിസത്തെക്കുറിച്ച് പഠിച്ച സാദിയ ദഹ്ലവി അവരുടെ ആത്മീയതയും രഹസ്യാത്മകതയും പരിചയപ്പെടുത്തുന്നുണ്ട്. സ്വൂഫി ഗുരുക്കന്മാര്‍ ആത്മകഥകള്‍ രചിക്കാറില്ലെന്നും അവര്‍ക്ക് ജീവിതകഥ എഴുതേണ്ട ആവശ്യമില്ലെന്നും സാദിയ ദഹ്ലവി നിരീക്ഷിക്കുന്നു. അവരുടെ ചലനനിശ്ചലനങ്ങളെ കൃത്യമായും വൃത്തിയായും സ്വന്തം ശിഷ്യന്മാര്‍ ഒപ്പിയെടുത്ത് പകര്‍ത്തിവെക്കും. അത്തരം അനുരക്തരിലും അനുഭവസ്ഥരിലൂടെയുമാണ് സ്വൂഫി പണ്ഡിതന്മാര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ അദ്വിതീയനാണ് ഖാജാ മുഈനുദ്ദീന്‍ ഛിശ്തി(റ).
മനുഷ്യന്‍റെ തനതായ മൃഗപ്രകൃതയില്‍ നിന്ന് ആത്മീയ പ്രകൃതയിലേക്കുള്ള അവന്‍റെ ആത്മായനമാണ് ഓരോ തീര്‍ത്ഥാടനവും. അത് അനിര്‍വചനീയമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. അക്ഷരത്തിലൊതുക്കുക അസാധ്യമാണത്. ഇത്തരം അനുഭവങ്ങള്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഇറാ മധൂറിനുമുണ്ടായി. അജ്മീറില്‍ നിന്ന് കോരിയെടുത്ത ആത്മീയ പിയൂഷം അവര്‍ ഹൃദ്യമായാണ് ചിത്രീകരിക്കുന്നത്. മനുഷ്യനെ ഋണാത്മകവും ധനാത്മകവുമായ മോഹവലയത്തില്‍ നിന്ന് കരകയറ്റുന്ന ആത്മീയ കേന്ദ്രങ്ങള്‍ അപൂര്‍വമായ പടിഞ്ഞാറുനിന്നാണ് അവര്‍ വരുന്നത്. ദിവസവും ആയിരങ്ങള്‍ പേര്‍ അജ്മീറിലെത്തുന്നു എന്ന അറിവ് ഇറാ മധൂറിനെ ശരിക്കും ഞെട്ടിച്ചു. അഞ്ഞൂറിലേറെ പേര്‍ ഒരുമിച്ചുകൂടുന്ന ഒരു ആത്മിക കേന്ദ്രവും പാശ്ചാത്യലോകത്തു കാണാന്‍ കഴിയില്ലയത്രേ. ഇതുപോലുള്ള ആത്മീയ കേന്ദ്രങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് അവിടങ്ങളില്‍ അരാജകത്വം വര്‍ധിച്ചതെന്ന നിഗമനത്തിലും അവരെത്തുന്നു.
അജ്മീറും സുല്‍ത്വാനുല്‍ ഹിന്ദും(റ) ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വിവരണങ്ങള്‍ തന്നെ ധാരാളമാണ്. ഹസ്രത് സഹ്റുല്‍ ഹസന്‍ ഗരീബ് അടക്കം നിരവധിപേര്‍ അജ്മീറിനെ വര്‍ണിച്ചിട്ടുണ്ട്. വേല ാ്യെേശരമഹ ുവശഹീീെുവ്യ ീള സംലഷമ ാീശിൗറവലലി ഷശവെവേശ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അജ്മീറാണ് ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും മാനവ മൈത്രിയെയും പാകപ്പെടുത്തിയത് എന്ന് നിരീക്ഷിക്കുന്നു. ഇറാ മധൂര്‍ വിശദീകരിക്കുന്നതു പോലെ പരശ്ശതം തീര്‍ത്ഥാടകര്‍ക്കിടയില്‍ നീണ്ട ചന്ദനക്കുറി തൊട്ട കാവിധാരികളെയും വെളുത്തു നീണ്ട ശരീരമുള്ള ഇംഗ്ലീഷുകാരെയും അവിടെ കാണാം, മാനവ മൈത്രിയുടെ ഒരു മഹാ ദൃഷ്ടാന്തമായി.
ഇറാ മധൂര്‍ അജ്മീറിലെത്തിയപ്പോള്‍ കണ്ടത് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെയാണ്. ഒരു സിനിമാ താരത്തിന് അജ്മീറില്‍ കാര്യമെന്താണെന്ന് ഒരുവേള അവര്‍ ചിന്തിച്ചുപോയി. ഷൂട്ടിംഗിന്‍റെ ബഹളങ്ങളൊന്നുമില്ലതാനും. വര്‍ഷങ്ങളായി ബച്ചന്‍ അജ്മീറില്‍ വരാറുണ്ടെന്നു പിന്നെയറിഞ്ഞത്രെ. വിവേകത്തിന്‍റെയും വിനയത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും സമാകര്‍ഷകമായ സുല്‍ത്വാനുല്‍ ഹിന്ദിന്‍റെ ജീവിതചിത്രങ്ങള്‍ അജ്മീറിലെ മണല്‍ത്തരികളിലേക്കും ആഴ്ന്നിറങ്ങിയതായി ഇറാ മധൂര്‍ നിരീക്ഷിക്കുന്നു.
ലാറ്റിനമേരിക്കന്‍ മേഖലയായ ട്രിനിഡാഡ് & ടുബാഗോയിലാണ് ഇറാ മധൂര്‍ ജീവിക്കുന്നത്. ബിബിസി, ടിവി6 തുടങ്ങിയ ന്യൂസ് ചാനലുകളില്‍ പ്രവര്‍ത്തിച്ച അവര്‍ ഇരുപതിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ട്രിനിഡാഡ് ഗാര്‍ഡിയന്‍, ഡെയ്ലി എക്സ്പ്രസ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പത്രങ്ങളില്‍ കോളമിസ്റ്റാണ് മധൂറിന്‍റെ പിതാവ്. മാതാവിന്‍റെ നിരന്തര പ്രേരണകള്‍മൂലാണ് തിരക്കുകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും അവര്‍ അജ്മീറിലെത്തുന്നത്. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മധൂര്‍ പാശ്ചാത്യ ലോകത്ത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതും വൈകാരികമായ ഈ ബന്ധം കാരണമാണ്. 2008ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയില്‍ ഉയര്‍ന്ന റാങ്കോടെ വിജയിച്ച ഇറാ മധൂര്‍ ചുരുങ്ങിയ വര്‍ഷത്തിനിടയില്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഖാജയുടെ ജീവിത കര്‍മങ്ങളുടെ അനന്തര ഫലങ്ങള്‍ യുഗാന്തരങ്ങളിലൂടെ വെളിച്ചമായും കാരുണ്യമായും സാന്ത്വനമായും അജ്മീറിലും ഇന്ത്യയിലും പരിലസിക്കുന്നതായും മധൂര്‍ വിശ്വസിക്കുന്നു.
സ്നേഹത്തിന്‍റെയും ആത്മീയതയുടെയും വറ്റാത്ത ഉറവിടമാണ് അജ്മീര്‍ എന്നും അവര്‍. അജ്മീറില്‍ നിന്ന് പ്രസരിക്കുന്ന ആത്മീയതയുടെ അഭൗമ വെളിച്ചം ആസ്വദിക്കാന്‍ ദിവസവും എത്രയോ വിഐപികള്‍ അവിടെ വരുന്നു. പൈശാചികതയുടെ ജീര്‍ണമാലിന്യങ്ങള്‍ നിറഞ്ഞ ഹൃദയങ്ങള്‍ കഴുകിത്തുടച്ച് ശുദ്ധിയാക്കാന്‍ ഈ മണ്ണിലേക്ക് എല്ലാ വിഭാഗങ്ങളും വന്നെത്തുന്നു. പ്രക്ഷുബ്ധമായിരുന്ന ആ മനങ്ങള്‍ നിറഞ്ഞും ശാന്തത കൈവരിച്ചുമാണ് തിരിച്ചൊഴുകുന്നത്.
മൈലുകള്‍ക്കപ്പുറത്ത് നിന്ന് അജ്മീറിലേക്ക് നടന്ന് എത്തിയിരുന്നുവെന്നാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ചരിത്രത്തിലുള്ള പരാമര്‍ശം. ഇറാ മധൂറിനെ ഇതേറെ ആകൃഷ്ടയാക്കി. മുഗള്‍ രാജാവായ അക്ബര്‍ വാഹനം ഉപയോഗിക്കാതെ ശ്രമകരമായി നടന്നുവരാന്‍ മാത്രം അജ്മീറിനെ പൊതിഞ്ഞുനില്‍ക്കുന്ന ചൈതന്യമെന്തായിരിക്കും. ഇതിന്‍റെ ആനുകാലിക ആവര്‍ത്തനമാണ് രാഷ്ട്രീയ നായകന്മാരുടെ തീര്‍ത്ഥാടനം. ജനങ്ങള്‍ക്കിടയില്‍ ഗൗരവഭാവത്തില്‍ നടക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നവരുടെ ഈ സന്നിധാനത്തുള്ള വിനയഭാവം കണ്ടപ്പോള്‍, മധൂര്‍ വിസ്മയാധീനയായി മാറി. ഒരു പത്രപ്രവര്‍ത്തകയുടെ ജിജ്ഞാസയോടെ എല്ലാ ആത്മഭാവങ്ങളും പകര്‍ത്തിയെടുക്കുകയായിരുന്നു യാത്രാകുറിപ്പില്‍ ഇറാ മധൂര്‍. ലൗകിക ജീവിതത്തിന്‍റെ അംശങ്ങളൊന്നും സ്വാധീനിക്കാതെ ജീവിതത്തെ ആത്മീയമായി ക്രമീകരിച്ച ഗരീബ് നവാസിന്‍റെ പാതയില്‍ അടിയുറച്ചവര്‍ക്ക് വിജയം സുനിശ്ചിതമാണെന്നും ഇവര്‍ അടിവരയിടുന്നു. അജ്മീറില്‍ പരിലസിക്കുന്നത് ആത്മീയതയുടെ പരിശുദ്ധമായ ധാരയാണെന്നും ഇറാമധൂര്‍.
വികസിത രാഷ്ട്രങ്ങളിലെ ചിന്താശേഷിയുള്ളവര്‍ ആത്മീയ കേന്ദ്രങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിന് തെളിവായി ഈ പാശ്ചാത്യന്‍ പത്രപ്രവര്‍ത്തകയുടെ വ്യാഖ്യാനങ്ങള്‍ ധാരാളം മതി. ദര്‍ഗയിലെ ഖുര്‍ആന്‍ പാരായണവും നാത് ആലാപനവും ഖവാലിയും അന്വേഷകയായ ഒരു എഴുത്തുകാരിയെ സ്വാധീനിച്ചതില്‍ അതിശയോക്തിയില്ല. അവിടുത്തെ തീര്‍ത്ഥാടക മുഖങ്ങള്‍, അതിലെ പ്രത്യാശകള്‍ ഇറാ മധൂര്‍ എന്നല്ല, ആരെയും ചിന്തിപ്പിക്കും. പുരോഗമന പ്രസ്ഥാനങ്ങള്‍ പറഞ്ഞു ചേറാക്കുന്ന ഉപരിപ്ലവങ്ങളല്ല, മതത്തിന്‍റെ അന്തഃസത്തയായ ആത്മീയതയാണ് പടിഞ്ഞാറും തിരയുന്നതെന്നതാണ് ശ്രദ്ധേയം.

ഹാരിസ് കൊമ്പോട്

Exit mobile version