ഇസ്രാഈൽ അറബ് ബന്ധവും ഫലസ്തീനിന്റെ ഭാവിയും

അറബ് ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ മാത്രമല്ല, ആഭ്യന്തര മുൻഗണനകളിലും വലിയ പരിഷ്‌കരണങ്ങൾക്ക് അറബ് രാജ്യങ്ങൾ സന്നദ്ധമാകുന്നു. പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിക്കാനുള്ള ശ്രമമായി ഈ മാറ്റങ്ങളെ കാണാമെങ്കിലും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സഊദി അറേബ്യയിലെ യുവരാജാവ് മുഹമ്മദ് ബിൻ സൽമാൻ തന്റെ രാജ്യത്തെ ഉദാരതയുടെ കൈവിട്ട ലോകത്തേക്ക് നയിക്കാൻ ശ്രമിക്കുന്നത് ഒരു വശത്ത്. മറുവശത്ത് ഖത്വറുമായുണ്ടായിരുന്ന പ്രശ്‌നങ്ങളെ വകഞ്ഞു മാറ്റി ഗൾഫ് സഹകരണം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങൾ. യു എ ഇയിൽ നിന്ന് സഊദിയെ വ്യത്യസ്തമാക്കി നിർത്തിയിരിക്കുന്ന ഘടകങ്ങൾ മെല്ലെ മെല്ലെ അപ്രത്യമാകുന്നുവെന്നാണ് സർമാന്റെ പരിഷ്‌കരണങ്ങളുടെ ആകെത്തുക. അത് സഊദിയെ എവിടെ കൊണ്ടു ചെന്നെത്തിക്കുമെന്നതാണ് ചോദ്യം. സഊദി മറ്റൊരു യു എ ഇയാകുന്നുവെന്നതിന് പുതിയ സാഹചര്യത്തിൽ വേറൊരു അർഥം കൂടിയുണ്ട്. ഇസ്‌റാഈലുമായി ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധത്തിലേക്ക് ചുവടുമാറിയ യു എ ഇയുടെ പാതയിലേക്ക് സഊദിയും വരുമെന്നതാണ് ആ അർഥം. അങ്ങനെ വന്നാൽ ഇസ്‌റാഈൽ സ്വാധീനം അറബ് മേഖലയിൽ സമ്പൂർണമാകും. ഇപ്പോൾ യു എ ഇയും ബഹ്‌റൈനുമാണ് ഇസ്‌റാഈലുമായി ഔപചാരികമായി നയതന്ത്ര പ്രഖ്യാപിച്ചിട്ടുള്ളത്. പിന്നെ സുഡാനും ഈ നിരയിലേക്ക് വരികയാണ്. മൊറോക്കോയും ജൂത രാഷ്ട്രവുമായി കൈകോർത്തിരിക്കുന്നു. ഈ ബാന്ധവങ്ങൾ തീർച്ചയായും ഈ രാജ്യങ്ങളുടെ സാമ്പത്തിക, സാങ്കേതിക രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നുറപ്പാണ്. ലോകത്തെ എല്ലാ വൻ ശക്തികളുടെയും ഒക്കച്ചെങ്ങായിയാണല്ലോ ഇസ്‌റാഈൽ. യുദ്ധമായാലും സാമാധാനമായാലും ഇസ്‌റാഈലിനെ കൈവിട്ടുള്ള കളി ഒരിക്കലും അമേരിക്ക കളിച്ചിട്ടില്ല. ജൂതരാഷ്ട്രത്തിന്റെ പിറവിക്ക് തന്നെ പാതയൊരുക്കിയ യൂറോപ്പിന്റെ കരുതൽ എക്കാലവും തുടരും. അത്‌കൊണ്ട് വലിയ സാധ്യതകൾ അറബ് രാഷ്ട്രങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ എല്ലാ രാഷ്ട്രാന്തരീയ ബന്ധങ്ങളും ലാഭ നഷ്ടങ്ങളിൽ അധിഷ്ഠിതമാണെന്ന സത്യം ഇവിടെയും കണക്കിലെടുക്കേണ്ടതുണ്ട്. മേധാവിത്വമുള്ള രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് പതിവ്. ആ താത്പര്യങ്ങൾക്ക് പരുക്കില്ലാത്ത ഗുണങ്ങളേ ദുർബല രാജ്യത്തിന് ആവശ്യപ്പെടാനൊക്കൂ. ഇന്ത്യ പാശ്ചാത്യ, വൻകിട രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകൾ നോക്കിയാൽ ഈ യാഥാർഥ്യം മനസ്സിലാകും. ഇവിടെ അറബ് രാജ്യങ്ങൾ ഏത് ഗണത്തിൽ വരും? ആശ്രിത രാജ്യമാണോ? അതോ ആജ്ഞാ ശക്തിയോ? അതുമല്ലെങ്കിൽ തുല്യ ശക്തിയോ?
ഇറാൻ പേടിയാണ് അറബ് രാജ്യങ്ങളെ ഇത്തരത്തിലുള്ള ബാന്ധവത്തിലേക്ക് നയിക്കുന്ന പല കാരണങ്ങളിലൊന്ന്. യു എസിന്റെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം ഇടക്കിടക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുന്ന ശിയാ- സുന്നി ഡിവൈഡിന്റെ ഉത്പന്നമാണ് ഈ ഭയം. എപ്പോഴൊക്കെ ഭയം മാറി ആത്മവിശ്വാസത്തിന്റെ സൂചനകൾ കാണുന്നുവോ അപ്പോഴൊക്കെ പ്രകോപനം സൃഷ്ടിച്ച് അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിർത്താൻ അമേരിക്ക ശ്രമിക്കും. എന്നുവെച്ച് ഈ സംഘർഷാത്മക സാഹചര്യത്തിൽ ഇറാനെ പൂർണമായി കുറ്റവിമുക്തമാക്കാനാകില്ല. ആ രാജ്യം ഒരേസമയം ഇരയും വേട്ടക്കാരനുമാണ്. സുന്നീ രാഷ്ട്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന സമീപനം ഒരിക്കലും ഇറാൻ കൈകൊണ്ടിട്ടില്ല. മറിച്ച് എടുത്തു ചാട്ടങ്ങൾ നടത്തിയും കുത്തിത്തിരിപ്പുകൾക്ക് നേതൃത്വം കൊടുത്തും ശത്രുതാപരമായ സമീപനം തുടരുകയാണ് ഇറാൻ ചെയ്യാറുള്ളത്. അത്‌കൊണ്ട് ഇറാന്റെ ആണവ പരീക്ഷണങ്ങൾ സഊദിയുടെ ഉറക്കം കെടുത്തും. ഇറാൻ അമേരിക്കയുമായി കരാർ ഒപ്പുവെച്ചാൽ സഊദി എതിർക്കും. ഇറാൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും ചൈനയുമായും അടുത്താൻ സഊദിക്ക് മനസ്സിടിയും. ഇറാനെ തൊടുന്നവരെ അകറ്റാൻ ശ്രമിക്കും. ഇറാന്റെ ശത്രുക്കളുമായി അടുക്കും. ഇന്ന് യു എ ഇ തുടങ്ങിവെച്ചതും മറ്റ് അറബ് രാജ്യങ്ങൾ പിന്തുടരാൻ പോകുന്നതുമായ ഇസ്‌റാഈൽ ബാന്ധവത്തിന്റെയും അകത്ത് ശത്രുവിന്റെ ശത്രു മിത്രം തത്വമുണ്ട്. അപ്പോൾ ഒരു ചോദ്യമുയരും. ഇസ്‌റാഈലുമായി സഊദി കരാറിലൊന്നും ഒപ്പു വെച്ചിട്ടില്ലല്ലോ, സൽമാൻ ഇസ്‌റാഈലിനെ രൂക്ഷമായി വിമർശിച്ചിട്ടുനണ്ടല്ലോ. ഉത്തരമിതാണ് സഊദിയുടെ മൗനാനുവാദമില്ലാതെ യു എ ഇയും ബഹ്‌റൈനും ഇപ്പണി ചെയ്യില്ല.
ഖത്വറിനെതിരെ യു എ ഇയും സഊദിയും ഉപരോധം ഏർപ്പെത്തുന്നതിലേക്ക് നയിച്ച തർക്കത്തിന്റെ അകത്തും ഇറാൻ ഉണ്ടായിരുന്നുവല്ലോ. ഖത്വർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തിന്റെ മുന നീളുന്നത് ഇറാനിലേക്കാണ്. ഗൾഫിൽ ഭിന്നത സൃഷ്ടിക്കാൻ കരുക്കൾ നീക്കിയത് ഡൊണാൾഡ് ട്രംപും മരുമകൻ ജെയേർഡ് കുഷ്‌നറുമാണ്. സഊദി, യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഖത്വറിനെതിരെ ചുമത്തിയ ഉപരോധവും അതിനോട് ഖത്തർ നടത്തിയ രൂക്ഷമായ പ്രതികരണവും ഗൾഫ് സഹകരണ കൗൺസിൽ എന്ന സംവിധാനത്തെ തന്നെ അപ്രസക്തമാക്കുകയായിരുന്നു. ഉപരോധം ഖത്തറിനെ മാത്രമല്ല ക്ഷീണിപ്പിച്ചത്. മേഖലയിലാകെ അതിന്റെ സാമ്പത്തികാഘാതങ്ങൾ കാണാം. മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയും യുദ്ധഭീതിയും സഞ്ചാര പരിമിതികളും സമാഗമ വിലക്കുകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും വലിയ മാനുഷിക പ്രതിസന്ധിയായി വളർന്നു. ഭരണാധികാരികളാകട്ടേ രാജ്യങ്ങളുടെ വികസനത്തിനായി ഉപയോഗിക്കേണ്ട സമയവും ഊർജവും നിഗൂഢമായ കരുനീക്കങ്ങൾക്കായി വ്യയം ചെയ്തു. മുസ്‌ലിം ഭൂരിപക്ഷ, പെട്രോ സമ്പന്ന ജനപഥങ്ങൾ ഒന്നൊന്നായി അസ്ഥിരമായപ്പോഴും വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോയ ഗൾഫും അശാന്തിയുടെ മരുപ്പറമ്പിലേക്ക് കാലൂന്നി നിൽക്കുന്ന സ്ഥിതി വന്നു. ഉപരോധം തുടക്കത്തിൽ ഖത്തറിനെ ഉലച്ച് കളഞ്ഞു. 80 ശതമാനം ഭക്ഷ്യ വസ്തുക്കളും വരുന്നത് ഗൾഫ് അറബ് അയൽക്കാരിൽ നിന്നാണ്. പുറം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണെങ്കിൽ സഊദി അറേബ്യൻ അതിർത്തി കടന്നാണ് വരുന്നത്. അത്‌കൊണ്ട്തന്നെ ഖത്തറിന്റെ ഗ്രോസറികൾ ഭ്രാന്തമായ വാങ്ങലിന്റെ കേന്ദ്രമായി മാറാനും ഭക്ഷ്യക്ഷാമത്തിന്റെ ഭീതിയിലേക്ക് പൗരൻമാർ കുപ്പുകുത്താനും ഉപരോധം വഴിവെച്ചു. തുർക്കിയുമായും ഇറാനുമായും ശക്തമായ ബന്ധം സ്ഥാപിക്കുന്ന ഖത്തറിനെയാണ് പിന്നെ കണ്ടത്. തുർക്കിയുമായുള്ള ബന്ധം പരസ്യവും പ്രഖ്യാപിതവുമായിരുന്നുവെങ്കിൽ ഇറാനോടുള്ളത് തുടക്കത്തിൽ ഗോപ്യമായിരുന്നു. എന്നാൽ തങ്ങൾ അയച്ച കാർഗോ വിമാനങ്ങളുടെ എണ്ണം ഇറാൻ പ്രഖ്യാപിച്ചു കൊണ്ടിരുന്നു. അവരുടെ വ്യോമമേഖലയും വിമാനത്താവളങ്ങളും ഖത്തറിനായി തുറന്ന് കൊടുത്തു. സഹായത്തിന്റെ രാഷ്ട്രീയം കളിക്കാൻ തന്നെയായിരുന്നു ഇറാന്റെ തീരുമാനം. അതവർക്ക് വലിയ ആനന്ദം പകരുന്നതായിരുന്നു. ഈ മുറിവ് ഇത്ര ആഴത്തിലുള്ളതാക്കിയത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളാണ്. ഉപരോധ പ്രഖ്യാപനത്തിന് തൊട്ടു പിറകേ റിയാദിലെത്തിയ ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: ്യൂ’ഞാൻ സഊദി സുഹൃത്തുക്കളോട് ഭീകരവാദത്തെ കുറിച്ച് ആരാഞ്ഞു. അവർ ഖത്തറിലേക്ക് വിരൽ ചൂണ്ടി’. കൃത്യമായി സഊദി പക്ഷം പിടിക്കുകയാണ് ട്രംപ് ചെയ്തത്.
ഖത്വറിനോടുള്ള പ്രശനങ്ങൾ പറഞ്ഞു തീർക്കുമ്പോഴും ആ സാഹചര്യത്തിൽ നിന്ന് മുതലെടുക്കാൻ ഇറാൻ ശ്രമിച്ചതിനെ മറക്കാൻ അറബ് രാജ്യങ്ങൾ തയ്യാറാകില്ല. അങ്ങനെ മറക്കരുത് എന്ന് തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതും. പതിറ്റാണ്ടുകൾ നീണ്ട തൊട്ടു കൂടായ്മക്ക് അവധി കൊടുത്ത ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് മുതിരുന്ന അറബ് രാജ്യങ്ങൾ പ്രതിരോധ രംഗത്ത് മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതവർ നേടുകയും ചെയ്യും. മറ്റൊരു വിഷയം സാമ്പത്തിക നേട്ടമാണ്. ഇപ്പോൾ തന്നെ ഇസ്‌റാഈലുമായി വാണിജ്യ, സാങ്കേതിക കൈമാറ്റ കരാറുകളിൽ ഒപ്പു വെച്ചു കഴിഞ്ഞു. കൂടുതൽ സഹകരണം ഈ രംഗത്ത് വരും. പെട്രോ ഡോളറിനെ മാത്രം ആശ്രയിച്ചു എത്ര കാലം മുന്നോട്ടു പോകുമെന്ന ആധിയുടെ പുറത്താണ് ഈ കരാറുകൾ ഉണ്ടാക്കുന്നതും ഇസ്‌റാഈൽ മൂലധനത്തിന് വാതിൽ തുറന്ന് കൊടുക്കുന്നതും. തത്കാലത്തേക്കെങ്കിലും ഇസ്‌റാഈൽ ചില സാമ്പത്തിക നേട്ടങ്ങൾ പുതിയ കൂട്ടാളികൾക്ക് വകവെച്ചു കൊടുക്കും.
എന്നാൽ ഈ കൂട്ടുകെട്ട് അമ്പേ പരാജയപ്പെടാൻ പോകുന്നത് ഫലസ്തീൻ വിഷയത്തിലായിരിക്കും. ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാമെന്ന് ഇസ്‌റാഈൽ സമ്മതിച്ചുവെന്നാണ് യു എ ഇ പറയുന്ന ന്യായം. എന്നുവെച്ചാൽ ഇസ്‌റാഈലുമായി ഞങ്ങൾ കൈകോർക്കുന്നത് ഫലസ്തീനു വേണ്ടി കൂടിയാണ്, വെറും സാമ്പത്തിക, സൈനിക താത്പര്യങ്ങളല്ല ഞങ്ങളെ നയിക്കുന്നത്. മറിച്ച് മുസ്‌ലിം ലോകത്തിന്റെ വിശാല താത്പര്യങ്ങൾ കൂടി ഞങ്ങൾക്കുണ്ടെന്ന ഉത്കൃഷ്ട വാദം യു എ ഇ മുന്നോട്ട് വെക്കുന്നുവെന്നർഥം. പുതിയ ബന്ധത്തെ ഫലസ്തീൻ വിഷയം പരിഹരിക്കാനുള്ള സാധ്യതയായി ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷ പൂവണിയണമെങ്കിൽ ചുരുങ്ങിയത് മൂന്ന് കാര്യങ്ങൾ നടക്കണം. ഒന്ന് വെസ്റ്റ്ബാങ്കിലെ അധിനിവേശം പൂർണമായി നിർത്തിവെക്കാൻ നെതന്യാഹു സർക്കാർ തയ്യാറാകണം. രണ്ട് ഇസ്‌റാഈൽ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റുന്നത് തത്കാലത്തേക്കെങ്കിലും മരവിപ്പിക്കണം. മൂന്ന് ഗാസയുടെ ഭരണം കൈയാളുന്ന ഹമാസിനെ അംഗീകരിക്കണം. ഈ ലക്ഷ്യങ്ങളിൽ ഒരു അടിയെങ്കിലും മുന്നോട്ട് പോകണമെങ്കിൽ അമേരിക്ക സഹായിക്കണം. അമേരിക്ക പറഞ്ഞാലേ ഇസ്‌റാഈൽ എന്തെങ്കിലും ചെയ്യുകയുള്ളൂ.
ഇവിടെയാണ് പുതിയ അമേരിക്കൻ പ്രസിഡന്റിന് വലിയ പങ്കു വഹിക്കാനുള്ളത്. ട്രംപിന്റെ നയങ്ങളിൽ ബഹുദൂരം മുന്നോട്ട് പോകാൻ ജോ ബൈഡന് സാധിക്കണം. ജൂത ലോബിയിൽ നിന്ന് കുതറിമാറാൻ വിഫല ശ്രമം നടത്തിയ ബരാക് ഒബാമയോളമെങ്കിലും ഉയരാൻ ബൈഡന് സാധിക്കണം. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിലൊന്നു അത്തരമൊരു സൂചന ബൈഡൻ നൽകിയിട്ടില്ല. തന്നെയുമല്ല, ട്രംപിന്റെ വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ മാസം ഇസ്‌റാഈലിൽ നടത്തിയ വിടവാങ്ങൽ സന്ദർശനത്തിൽ ചരിത്രത്തിലൊരിക്കലുമില്ലാത്ത ഇസ്‌റാഈൽ ദാസ്യം പ്രകടിപ്പിച്ച് കൃത്യമായ സന്ദേശം ബൈഡന് നൽകിയിട്ടുമുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ടസന്ദർശിച്ച പോംപിയോ പറഞ്ഞത് ഇവിടെ ഉത്പാദിപ്പിക്കുന്നത് മെഡ് ഇൻ ഇസ്‌റാഈൽ എന്ന് അറിയപ്പെടുമെന്നാണ്. സിറീയയുമായി തർക്കത്തിലുള്ള ജൂലാൻ കുന്നുകളിലും പോംപിയോ ചെന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ വിശാല ഇസ്‌റാഈൽ കാണുന്നുവെന്ന് പോംപിയോ പ്രഖ്യാപിച്ചു. മഹാനായ പ്രസിഡന്റിന്റെ പാതയാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എന്തായിരുന്നു ട്രംപ് പ്ലാൻ?
ജറൂസലമിലേക്ക് അമേരിക്കൻ എംബസി മാറ്റിയയാളാണ് ട്രംപ്. ദ്വിരാഷ്ട്ര പരിഹാരമെന്ന അത്ര വിശുദ്ധമല്ലാത്ത പരിണതി പോലും ഫലസ്തീന് വകവെച്ച് കൊടുക്കാൻ അമേരിക്ക തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയാണ് ജറൂസലമിലേക്ക് യു എസിലെ ഇസ്‌റാഈൽ എംബസി മാറ്റുക വഴി ഡൊണാൾഡ് ട്രംപ് ചെയ്തത്. എന്നുവെച്ചാൽ ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലേമാകുന്നു. നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമേകേണ്ട ഇടമാണ് ജറൂസലം ഉൾപ്പെട്ട കിഴക്കൻ ജറൂസലം പ്രദേശം.
സത്യത്തിൽ യു എസ് എംബസി മാറ്റം ട്രംപിന്റെ ആശയമായിരുന്നില്ല. 1995ൽ തന്നെ യു എസ് കോൺഗ്രസ് പാസ്സാക്കിയതാണ് എംബസി മാറ്റ ബിൽ. ജൂത ലോബിക്ക് കീഴടങ്ങി അന്നത്തെ ഭരണകൂടം കൊണ്ടു വന്ന ബിൽ പക്ഷേ നടപ്പാക്കാൻ മാറി മാറി വന്ന പ്രസിഡന്റുമാരൊന്നും തയ്യാറായിരുന്നില്ല. ഇസ്‌റാഈലിനായി രക്ഷാ കവചമൊരുക്കുന്നതിൽ മത്സരിക്കുമ്പോഴും മുസ്‌ലിം ലോകവുമായുള്ള ബന്ധം അപ്പാടെ തകിടം മറിയുന്നത് ഒഴിവാക്കാൻ വേണ്ടി ഓരോ പ്രസിഡന്റുമാരും വർഷത്തിൽ രണ്ട് തവണ പ്രത്യേക ഉത്തരവിറക്കി തീരുമാനം നടപ്പാക്കുന്നത് നീട്ടി വെച്ച് വരികയായിരുന്നു. എന്നാൽ ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക തന്നെ ചെയ്തു.
ഇസ്‌റായേലിന്റെ അതിർത്തി വിപുലീകരണത്തിൽ എല്ലാ ഒത്താശയും ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്. ഫലസ്തീനിൽ ഐക്യ സർക്കാർ നിലവിൽ വരാൻ പോകുമ്പോൾ അധിനിവേശം കൂടുതൽ വേഗത്തിലാക്കുകയാണ് ഇസ്‌റായേൽ. അത് കൃത്യമായ കണക്കു കൂട്ടുലുകളോടെയാണ്. അന്താരാഷ്ട്ര മധ്യസ്ഥർക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി കൂടുതൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ഹമാസ് -ഫതഹ് ഐക്യം വഴിയൊരുക്കും. ചർച്ചകൾ മുഴുവൻ 1967 ന് മുമ്പുള്ള അതിർത്തിയിലേക്ക് ഇസ്‌റായേൽ പിൻവാങ്ങണമെന്നതിൽ കേന്ദ്രീകരിച്ചായിരിക്കും. 1967ലെ ആക്രമണത്തിൽ ഇസ്‌റായേൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ തിരക്കിട്ട് ജൂത സമുച്ചയങ്ങൾ പണിയുന്നതും കൂടുതൽ ഭൂമി സ്റ്റേറ്റ് ലാൻഡ് ആയി പ്രഖ്യാപിക്കുന്നതും ഇത് മുൻ കൂട്ടിക്കണ്ടാണ്. തങ്ങളുടെ ജനതയുടെ ‘സ്വാഭാവിക’ വാസസ്ഥലത്തിൽ നിന്ന് അവരെ കുടുയിറക്കരുതെന്ന വാദം ഉയർത്താൻ വേണ്ടിയായിരുന്നു ഇത്.
ഇങ്ങനെ മുന്നൊരുക്കം നടത്തുകയും ബൈഡന്റെ ഉറപ്പു വാങ്ങിക്കുകയും കൂടുതൽ രാജ്യങ്ങളുടെ കൂട്ടുകെട്ട് ആർജിക്കുകയും ചെയ്ത ഇസ്‌റഈലുമായാണ് സഊദിയുടെ ആശീർവാദത്തോടെ ബഹ്‌റൈനും യു എ ഇയും ബന്ധം നോർമലൈസ് ചെയ്യുന്നത്. അത്‌കൊണ്ട്, ഒരു കാര്യം തീർത്ത് പറയാം. ഡീൽ ഓഫ് സെഞ്ച്വറിയെന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ഈ കൂട്ടുകെട്ട് ഫലസ്തീനിൽ നിന്ന് നല്ല വാർത്തയുണ്ടാക്കില്ല. ഇത് ലോകത്തിന് അറിയാമെന്നതിനാലാണ് മുഹമ്മദ് ബിൻ സൽമാൻ ഇസ്‌റാഈലിനെതിരെ അൽപ്പം കടന്ന് സംസാരിക്കുന്നത്.
മുസ്തഫ പി എറയ്ക്കൽ

Exit mobile version