ഇസ്‌ലാമിന്റെ ഭക്ഷ്യസംസ്‌കാരം

ആഹാരം, വിശ്രമം (നിദ്ര) എന്നിവ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രാദേശികമായ വൈജാത്യങ്ങൾ, കാലാവസ്ഥ, ജീവിത പരിതസ്ഥിതി, ഭക്ഷ്യപദാർത്ഥങ്ങളുടെ ലഭ്യത, ശരീരപ്രകൃതി തുടങ്ങി പല ഘടകങ്ങളും ഭക്ഷണരീതിയെ സ്വാധീനിക്കാറുണ്ട്. പ്രാദേശികവും നാഗരികവുമായ ഇത്തരം വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതോടൊപ്പം തന്നെ പൊതുവായ ഒരു ഭക്ഷ്യസംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുന്നുവെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതയാണ്. എന്ത്, എത്ര, എപ്പോൾ കഴിക്കണം തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം ഇസ്‌ലാമിക നിയമസംഹിതയിലുണ്ട്.
വൈയക്തികവും സാമൂഹികവുമായ അനേകം ഉത്തരവാദിത്വങ്ങൾ മനുഷ്യന് അല്ലാഹു കൽപ്പിച്ചു നൽകിയിട്ടുണ്ട്. ആരോഗ്യത്തോടെയിരിക്കുമ്പോഴാണ് അവന് തന്റെ ഉത്തരവാദിത്വങ്ങൾ നേരാംവിധം നിർവഹിക്കാനാവുക. ജീവന്റെ നിലനിൽപ്പിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അന്നപാനീയങ്ങൾ അത്യന്താപേക്ഷിതമാണ്. അതിനാൽ ഭക്ഷണത്തെ പരാമർശിച്ച ശേഷമാണ് വിശുദ്ധ ഖുർആൻ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പറയുന്നത്. ‘ദൂതന്മാരേ, വിശിഷ്ട വസ്തുക്കളിൽ നിന്ന് നിങ്ങൾ ആഹരിക്കുവീൻ. സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുവീൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അറിയുന്നവനാകുന്നു (ഖുർആൻ 23/57). ‘അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക (ഖുർആൻ 16/114).
കഴിക്കുന്ന ഭക്ഷണം അനുവദനീയമായിരിക്കണമെന്ന് ഇസ്‌ലാമിന് നിർബന്ധമുണ്ട്. കർമങ്ങൾ സ്വീകരിക്കുന്നതിനും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതിനും ഭക്ഷണം അനുവദനീയമായിരിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നിഷിദ്ധമാണെങ്കിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുക പ്രയാസകരമാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ പൂർവസൂരികളായ പല മഹത്തുക്കളും ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചക്ക് പ്രഥമ പരിഗണന നൽകിയിരുന്നു. ആരാധനാ കാര്യങ്ങളെ കുറിച്ചും അതിന്റെ നിർവഹണം സംബന്ധിച്ചുമുള്ള അറിവ് പകർന്ന് നൽകണമെന്നാവശ്യപ്പെട്ട് സമീപിച്ചയാളോട് ഇബ്‌നു സീരീൻ(റ) പറഞ്ഞു: ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും നീ ആദ്യം പഠിക്കുക. അതിന് ശേഷമാവാം ആരാധനകളെ കുറിച്ചും അതിന്റെ നിർവഹണത്തെ കുറിച്ചും പഠിക്കുന്നത് (മഫാതീഹുൽ ജിനാൻ ശർഹു ശിർഅതിൽ ഇസ്‌ലാം പേ. 282).

ഹലാൽ ഭക്ഷണം

അനുവദിക്കപ്പെട്ടതും നിയമാനുസൃത മാർഗത്തിലൂടെ സമ്പാദിച്ചതുമായ ഭക്ഷണമാണ് വിശ്വാസികൾ കഴിക്കേണ്ടത്. അത്തരം അന്നപാനീയങ്ങളെയാണ് സാങ്കേതികമായി ഹലാൽ ഭക്ഷണം എന്ന് വിവക്ഷിക്കുന്നത്. ‘മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ കഴിച്ചുകൊള്ളുക. പിശാചിന്റെ കാൽപാടുകൾ നിങ്ങൾ ഒരിക്കലും പിന്തുടരരുത്. അവൻ നിങ്ങളുടെ ശത്രുവാണെന്ന കാര്യം വ്യക്തമാകുന്നു’ (അൽബഖറ 168), അല്ലാഹു നിങ്ങൾക്ക് നൽകിയതിൽ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾ ആഹരിച്ചുകൊള്ളുക (അൽമാഇദ 88), അനുവദനീയവും ഉത്തമവുമായത് നിങ്ങൾ തിന്നുകൊള്ളുക (അൽഅൻഫാൽ 96) തുടങ്ങി ധാരാളം വചനങ്ങളിൽ ഭക്ഷ്യവിഭവങ്ങൾ അനുവദനീയമായിരിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നുണ്ട്. കവർച്ച നടത്തിയും പലിശ പോലുള്ള സാമ്പത്തിക ചൂഷണങ്ങളിലേർപ്പെട്ടും സമ്പാദിക്കുന്ന ധനം അന്യായമാണ്. ഇസ്‌ലാം ഒരിക്കലും അതനുവദിക്കുന്നില്ല. അനാഥരുടെ ധനം അപഹരിക്കുന്നതും ജനങ്ങളെ ചൂഷണം ചെയ്ത് സമ്പാദിക്കുന്നതും മതം വിലക്കിയിട്ടുണ്ട്. നിഷിദ്ധ സമ്പാദ്യത്തിൽ നിന്ന് ഉത്ഭവിച്ചവ നരകാഗ്നിക്കാണ് കൂടുതൽ അർഹതപ്പെട്ടതെന്ന് തിരുനബി(സ്വ) പഠിപ്പിച്ചു. അന്യായ മാർഗത്തിലൂടെ സമ്പാദിക്കുന്നതിനെതിരെ വിശുദ്ധ ഖുർആൻ ശക്തമായ ഭാഷയിലാണ് താക്കീത് ചെയ്തിട്ടുള്ളത്. ‘അന്യായമായി നിങ്ങൾ നിങ്ങളുടെ സ്വത്തുക്കൾ അന്യോന്യം തിന്നരുത്. അറിഞ്ഞുകൊണ്ട് അധാർമിക മാർഗത്തിലൂടെ ജനങ്ങളുടെ സ്വത്തുക്കളിലൊരു ഭാഗം തിന്നാനായി നിങ്ങളതുമായി ന്യായപീഠങ്ങളെ സമീപിക്കുകയുമരുത്’ (അൽബഖറ 188). ‘തീർച്ച, അനാഥകളുടെ ധനം അന്യായമായി തിന്നുന്നവർ സ്വന്തം വയറുകളിൽ നിറക്കുന്നത് അഗ്നി മാത്രമാകുന്നു. പിന്നീടവർ കത്തിയെരിയുന്ന നരകത്തിൽ പ്രവേശിക്കുകയും ചെയ്യും (അന്നിസാഅ് 10). സത്യവിശ്വാസികളേ, നിങ്ങൾ പലിശ തിന്നാതിരിക്കുക. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുക. നിങ്ങൾക്ക് വിജയിക്കാനാകും (3/130).
ഭക്ഷണം, വസ്ത്രം തുടങ്ങി വിശ്വാസി അനുഭവിക്കുന്ന എന്തും ന്യായമാർഗത്തിലൂടെ സമ്പാദിച്ചതും തനിക്ക് അർഹതപ്പെട്ടതുമായിരിക്കണം. അതോടൊപ്പം അത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതായിരിക്കുകയും വേണം. സമൂഹത്തിന് ഉപകരിക്കുന്ന വസ്തുക്കളാണ് ഇസ്‌ലാം അനുവദിച്ചത്. ഉപദ്രവകരമായ എന്തും മതം വിലക്കുന്നു. ‘എല്ലാ നല്ല വസ്തുക്കളും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു’ (അൽമാഇദ 5). നല്ല വസ്തുക്കൾ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ നിഷിദ്ധമാക്കുകയും ചെയ്തു (അൽഅഅ്‌റാഫ് 157).
മദ്യം, ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത് തുടങ്ങിയവ ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ‘ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ നാമം ചൊല്ലി അറുത്തത്, കഴുത്ത് ഞെരിച്ചു കൊന്നത്. അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം പിടിച്ചുതിന്നത്, പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാണ് (അൽമാഇദ 3).
മത്സ്യം, ഭക്ഷ്യയോഗ്യമായ മാംസം, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയെല്ലാം ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ചിരങ്ങ, വെള്ളരി, ചീര, പയർ, ഗോതമ്പ് തുടങ്ങി പലതരം പച്ചക്കറികളെക്കുറിച്ചും ധാന്യങ്ങളെക്കുറിച്ചും ഖുർആൻ പരാമർശിക്കുകയുണ്ടായി. ഒലീവ്, മാതളം, അത്തി, ഈത്തപ്പഴം, മുന്തിരി, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളെ പറ്റി ഖുർആൻ പരാമർശിക്കുന്നു. മാംസ, മത്സ്യാഹാരത്തെക്കുറിച്ചും ഖുർആൻ പറയുന്നുണ്ട്.
ആട്, കോഴി, മുയൽ തുടങ്ങിയ ജീവികളുടെ മാംസം തിരുനബി(സ്വ) കഴിച്ചിരുന്നു. മധുര പലഹാരങ്ങൾ, പഴവർഗങ്ങൾ, തേൻ എന്നിവ നബി(സ്വ)ക്ക് ഇഷ്ടമായിരുന്നു (ബുഖാരി). ഈത്തപ്പഴത്തിന്റെയും ഒലീവിന്റെയും ഔഷധ ഗുണങ്ങൾ റസൂൽ(സ്വ) വിവരിച്ചിട്ടുണ്ട്. നബി(സ്വ)യുടെ കൂടെയുള്ള ഒരു യാത്രയിൽ അറാക്ക് മരത്തിന്റെ പഴം ശേഖരിച്ചതും കറുത്ത നിറത്തിലുള്ള കായകൾ ശേഖരിക്കാൻ അവിടന്ന് നിർദേശിച്ചതും ജാബിർ(റ) വിവരിച്ചിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
ചിരങ്ങ, കക്കരി തുടങ്ങിയവ റസൂൽ(സ്വ)ക്ക് ഇഷ്ടമായിരുന്നു. കറി പാകം ചെയ്യുമ്പോൾ അതിൽ ചിരങ്ങ ചേർക്കാൻ തിരുദൂതർ നിർദേശിച്ചിരുന്നതായി പ്രവാചക പത്‌നി ആഇശ(റ) പറഞ്ഞിട്ടുണ്ട്. ചിരങ്ങ ദു:ഖിതന് ആശ്വാസം പകരുമെന്നും ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നും അവിടന്ന് പറയുമായിരുന്നു. തുന്നൽക്കാരനായ ഒരാൾ പ്രവാചകർ(സ്വ)യെ വീട്ടിലേക്ക് ക്ഷണിച്ചു. ബാർളി കൊണ്ടുണ്ടാക്കിയ പത്തിരിയും ഇറച്ചിയും ചുരക്കയും ചേർത്തുണ്ടാക്കിയ കറിയും സമ്മാനിച്ചു. അപ്പോൾ നബി(സ്വ) അതിൽ നിന്ന് ചിരങ്ങ പ്രത്യേകം തിരഞ്ഞെടുത്തു കഴിച്ചതായി അവിടത്തെ പരിചാരകനായ അനസ്(റ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി).
കാസിനി (ഹിന്ദബ), സുഗന്ധച്ചീര (ബാദറൂജ്), കോഴിച്ചീര (ബഖ്‌ലതുൽ ഹംഖാ അ) എന്നിവ തിരുദൂതർ ഇഷ്ടപ്പെട്ട ചീരയിനങ്ങളാണ് (ഇഹ്‌യ 2 /370). കോഴിച്ചീര തലവേദനയടക്കം പല രോഗങ്ങൾക്കും പ്രയോജനപ്പെടുമെന്ന് അബൂനഈം(റ) ഉദ്ധരിച്ച ഹദീസിൽ വിവരിച്ചിട്ടുണ്ട്. കൂൺ മൂസാ(അ)മിന് അല്ലാഹു ഇറക്കിക്കൊടുത്ത മന്നയിൽ പെട്ടതാണെന്നും അതിന്റെ നീര് കണ്ണിന് ഔഷധമാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചു (ബുഖാരി, മുസ്‌ലിം).
ആരോഗ്യത്തിന് ഹാനികരമല്ലാത്ത എല്ലാതരം മത്സ്യങ്ങളും അനുവദനീയമാണ്. ഇസ്‌ലാമിക നിയമപ്രകാരം അറവ് നടത്തിയ ആട്, മാട്, ഒട്ടകം, മാൻ, മുയൽ, ഒട്ടകപ്പക്ഷി, താറാവ്, കോഴി, കാട തുടങ്ങിയ പക്ഷിമൃഗാദികളുടെ മാംസം ഭക്ഷ്യയോഗ്യമാണ്.
ശരീരത്തിന് ഹാനികരമായതോ വിവേകം നഷ്ടപ്പെടുത്തുന്നതോ ആയ ഭക്ഷ്യപദാർത്ഥങ്ങളൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മനുഷ്യമാംസം, സിംഹം, ചെന്നായ, ആന, കുരങ്ങൻ, പൂച്ച, കുറുക്കൻ, കരടി, പുലി തുടങ്ങിയ വേട്ടയാടി ഇരപിടിക്കുന്ന ഹിംസ്ര ജന്തുക്കൾ, കാക്ക, പരുന്ത്, ചെമ്പോത്ത് തുടങ്ങിയ ശവം ഭക്ഷിക്കുന്ന പക്ഷികൾ, പ്രാപ്പിടിയൻ, കഴുകൻ തുടങ്ങിയ നഖങ്ങളുപയോഗിച്ച് ഇരപിടിക്കുന്ന പക്ഷികൾ, വണ്ട്, ഓന്ത്, പല്ലി, ചീവീട്, പുഴു തുടങ്ങിയ അറപ്പുളവാക്കുന്ന ജീവികൾ, തവള, മുതല, ആമ തുടങ്ങി കരയിലും കടലിലും ഒരുപോലെ വസിക്കുന്ന ജീവികൾ എന്നിവയെല്ലാം നിഷിദ്ധമാണ്. സർപ്പം, എലി, ഗരുഡൻ, തേൾ, ചെള്ള്, കടന്നൽ, മൂട്ട, പേൻ തുടങ്ങിയ ഉപദ്രവകരമായ ജീവികൾ, പൊന്മാൻ, മരക്കൊത്തി, വവ്വാൽ, കൂമൻ, മയിൽ, തത്ത, തേനീച്ച, ഉറുമ്പ് തുടങ്ങിയ കൊല്ലാൻ പാടില്ലാത്ത ജീവികൾ, ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ ജീവികൾ ഇണചേർന്നുണ്ടായ സങ്കരയിനം ജീവികൾ എന്നിവയും നിഷിദ്ധമാണ്.
ആരോഗ്യസ്ഥിതി, കാലാവസ്ഥ, ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം എന്നിവ പരിഗണിച്ചു വേണം ഭക്ഷണം കഴിക്കുന്നത്. ഉഷ്ണകാലത്ത് ഉഷ്ണസ്വഭാവമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നല്ലതല്ല. തിരുനബി(സ്വ) ഈത്തപ്പഴത്തോടൊപ്പം തണ്ണി മത്തൻ, കക്കരി എന്നിവ ചേർത്ത് കഴിച്ചിരുന്നു. ഈത്തപ്പഴത്തിന്റെ ഉഷ്ണസ്വഭാവത്തെ തണ്ണിമത്തന്റെ തണുപ്പ് ശമിപ്പിക്കുമെന്ന് നബി(സ്വ) പറഞ്ഞിരുന്നു (തുർമുദി).
ഭക്ഷണ കാര്യത്തിൽ റസൂൽ(സ്വ) വളരെയേറെ ലാളിത്യം പുലർത്തിയിരുന്നു. ഉമി കളയാത്ത പരുത്ത പത്തിരിയാണ് അവിടന്ന് കൂടുതലും കഴിച്ചിരുന്നത്. തവിട് കളഞ്ഞ ഭക്ഷണം തിരുദൂതർ കഴിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് സഹ്‌ലുബ്‌നു സഅദ്(റ) പറയുകയുണ്ടായി (ബുഖാരി).

ഭോജനം വൃത്തിയോടെ

വൃത്തിക്ക് ഇസ്‌ലാം മുന്തിയ പരിഗണന നൽകുന്നു. വൃത്തി വിശ്വാസത്തിന്റെ അർധമാണെന്ന് തിരുനബി(സ്വ) ഉൽബോധിപ്പിച്ചിട്ടുണ്ട്. വൃത്തിയുള്ളവരെയും കൂടുതൽ പശ്ചാത്തപിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു (അൽബഖറ 222).
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ഇരുകൈകളും കഴുകാൻ ഇസ്‌ലാം നിർദേശിച്ചു. ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകൽ ഉൽകൃഷ്ട സ്വഭാവമാണെന്ന് നബി(സ്വ) അരുളി. കൈ കഴുകാത്തതുകൊണ്ട് വല്ല അനർത്ഥങ്ങളും സംഭവിച്ചാൽ അതിന് കാരണം അവൻ തന്നെയാണെന്നും മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്.
ദർശനം ഹറാമല്ലാത്ത കുടുംബാംഗങ്ങളും കൂട്ടുകാരുമെല്ലാം ഒന്നിച്ചിരുന്ന് ഒരു പാത്രത്തിൽ നിന്ന് ഭക്ഷിക്കുന്നതാണ് ഇസ്‌ലാമിക രീതി. ബന്ധങ്ങൾ കൂട്ടിയിണക്കാനും സ്‌നേഹം വർധിക്കാനും അത് സഹായകമാണ്. എത്ര കഴിച്ചിട്ടും വിശപ്പ് മാറാത്തതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഒന്നിച്ചിരുന്ന് അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ട് ഭക്ഷണം കഴിക്കാനായിരുന്നു അവിടന്ന് നിർദേശിച്ചത്. ഭക്ഷണത്തിൽ അഭിവൃദ്ധി ലഭിക്കാൻ അത് സഹായകമാകുമെന്നും തിരുദൂതർ ഉൽബോധിപ്പിച്ചു (അബൂദാവൂദ്).
ഒന്നിച്ച് കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ തിരുനബി(സ്വ) ഉണർത്തിയിട്ടുണ്ട്. സുപ്ര വിരിച്ച് വിനയത്തോടെ നിലത്തിരുന്ന് ഭക്ഷിക്കുന്ന രീതിയാണ് പ്രവാചകർ(സ്വ)യുടെ കാലത്തുണ്ടായിരുന്നത്. ചാരിയിരുന്നു കഴിക്കുന്നത് അവിടന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. അന്നപാനീയങ്ങളെല്ലാം വലതുകൈ കൊണ്ടാണ് കഴിക്കേണ്ടത്. ‘ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വലതുകൈ കൊണ്ട് വേണമെന്ന് തിരുനബി(സ്വ) പറഞ്ഞിരുന്നു (മുസ്‌ലിം). ഇടതുകൈ കൊണ്ട് ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുതെന്നും അത് പിശാചിന്റെ രീതിയാണെന്നും തിരുദൂതർ ഓർമപ്പെടുത്തി (മുസ്‌ലിം).
അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമാണ് ഭക്ഷണം. കാലാവസ്ഥാപരവും അല്ലാത്തതുമായ പല സങ്കീർണതകളും പിന്നിട്ടാണ് അത് നമ്മുടെ തീൻമേശയിലെത്തുന്നത്. ലോകത്ത് വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണിയിലും കൊടിയ ദാരിദ്ര്യത്തിലും കഴിയുമ്പോൾ തനിക്ക് സുഭിക്ഷമായ ഭക്ഷണം നൽകിയ സ്രഷ്ടാവിനെ ഓർത്തുകൊണ്ട് മാത്രമേ വിശ്വാസികൾക്ക് കഴിക്കാനാകൂ. അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷിക്കണമെന്ന് നബി(സ്വ) പ്രത്യേകം ഓർമപ്പെടുത്തി. അവിടന്ന് പറഞ്ഞു: സത്യവിശ്വാസി തന്റെ വീട്ടിൽ പ്രവേശിക്കുകയും അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിക്കുകയും ചെയ്താൽ പിശാച് തന്റെ അനുയായികളോട് പറയും: ഇന്ന് നിങ്ങൾക്കിവിടെ ആഹാരമില്ല, താമസവുമില്ല. അല്ലാഹുവിന്റെ നാമമുച്ചരിക്കാതെയാണ് വീട്ടിൽ പ്രവേശിച്ചതെങ്കിൽ പിശാച് പറയും: ഇന്ന് നിങ്ങൾക്കിവിടെ താമസിക്കാം. അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ശൈത്വാൻ പറയും: ഇന്ന് നിങ്ങൾക്കിവിടെ ഭക്ഷണവും താമസവും ലഭ്യമാണ് (മുസ്‌ലിം).
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അന്നദാതാവായ അല്ലാഹുവിന് സ്‌തോത്രങ്ങളർപ്പിക്കണം. അന്നപാനീയങ്ങൾക്ക് ശേഷം അല്ലാഹുവിനെ സ്തുതിക്കുന്ന ദാസനെ അവൻ തൃപ്തിപ്പെടുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

പാഴാക്കരുത്

ഓരോ ദിവസവും മനുഷ്യൻ പാഴാക്കിക്കളയുന്ന ഭക്ഷണമുണ്ടെങ്കിൽ തന്നെ ലോകത്തെ പട്ടിണി നിർമാർജനം ചെയ്യാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ പട്ടിണി കിടക്കുമ്പോഴാണ് ഇത്രയധികം ഭക്ഷണം പാഴാക്കുന്നത്.
ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ റസൂൽ(സ്വ) ശക്തമായ താക്കീത് ചെയ്തിട്ടുണ്ട്. അത് പിശാചിനെ സഹായിക്കലാണെന്ന് അവിടന്ന് ഉണർത്തുകയുണ്ടായി. നിലത്തു വീണ ഭക്ഷണാവശിഷ്ടങ്ങൾ പോലും എടുത്ത് വൃത്തിയാക്കി കഴിക്കണമെന്നാണ് ഇസ്‌ലാമിക നിർദേശം.
തിരുനബി(സ്വ) പറഞ്ഞു: നിങ്ങൾ ഏതൊരു കാര്യം ചെയ്യുമ്പോഴും പിശാച് നിങ്ങളെ പിന്തുടരും. ഭക്ഷണം കഴിക്കുമ്പോഴും പിശാച് സന്നിഹിതനാകും. ഭക്ഷണത്തിൽ നിന്ന് വല്ലതും നിലത്തു വീണാൽ അതിലെ മാലിന്യങ്ങൾ നീക്കിയ ശേഷം നിങ്ങളത് ഭക്ഷിക്കുക. പിശാചിനായി അത് ബാക്കിവെക്കരുത്. കഴിച്ചുകഴിഞ്ഞാൽ വിരലുകളിലും പാത്രത്തിലുമുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ നിങ്ങൾ ഉറുഞ്ചിയെടുക്കുക. കാരണം, ഭക്ഷണത്തിന്റെ ഏത് ഭാഗത്താണ് ബറകത്തുള്ളതെന്ന് നിങ്ങൾക്കറിയില്ലല്ലോ (മുസ്‌ലിം).

മിതത്വമാണ് ഗുണപ്രദം

അമിതമായി ആഹരിക്കുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. മൃഷ്ടാന്നഭോജിയായ ഒരാൾ ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹം ഭക്ഷണം നന്നേ കുറച്ചു. അതിനെ സംബന്ധിച്ച് സൂചിപ്പിച്ചപ്പോൾ നബി(സ്വ) പറഞ്ഞു: വിശ്വാസി ഒരു കുടലിലേക്കാണ് ഭക്ഷണം കഴിക്കുന്നത്. അവിശ്വാസി ഏഴു കുടലുകളിലേക്കും (ബുഖാരി). സത്യവിശ്വാസി അൽപം മാത്രമേ കഴിക്കാവൂ എന്നർത്ഥം.
അമിത ഭക്ഷണമാണ് തീരെ കഴിക്കാതിരിക്കുന്നതിലേറെ ശരീരത്തിന് അപകടം വരുത്തുക. അമിത ഭക്ഷണം പല രോഗങ്ങൾക്കും പ്രധാന കാരണമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു. മറ്റു കാര്യങ്ങളിലെന്ന പോലെ ഭക്ഷണത്തിലും മിതത്വം പാലിക്കണമെന്ന് ഇസ്‌ലാം. പ്രഭാതത്തിലും പ്രദോഷത്തിലുമായി രണ്ട് നേരത്തെ ഭക്ഷണമാണ് മനുഷ്യന് ആവശ്യം. ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് ഭക്ഷണ ദുർവ്യയമാണെന്ന് ഹദീസിൽ വിവരിച്ചതു കാണാം. രാവിലെയും വൈകുന്നേരവുമായി രണ്ട് നേരത്തെ ആഹാരമാണ് ആയുർവേദം നിർദേശിക്കുന്നത് (ജീവിതചര്യ പേ. 21, കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ചത്). മറ്റു വൈദ്യശാസ്ത്ര ശാഖകൾ നിർദേശിക്കുന്നതും സമാന രീതിയിലുള്ള ഭക്ഷണക്രമമത്രെ. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും നീക്കിവെക്കുകയും ബാക്കി ഭാഗം ഒഴിച്ചിടുകയും ചെയ്യാൻ തിരുനബി(സ്വ) നിർദേശിച്ചിട്ടുണ്ട്.
സത്യവിശ്വാസികൾ പൊതുവിൽ സൽകാര പ്രിയരാണ്. അതിഥി സൽകാരത്തിനായി എത്ര ധനം ചെലവഴിക്കാനും വിശ്വാസികൾക്ക് മടിയില്ല. എന്നാൽ അതുപോലും സ്വന്തം സാമ്പത്തിക നിലയനുസരിച്ചായിരിക്കണമെന്ന് ഇസ്‌ലാം. ‘ഭക്ഷണത്തിലുള്ള ധാരാളിത്തം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിഥി സൽകാരം, കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നൽകുക, അവരുടെ താൽപര്യങ്ങൾ പരിഗണിക്കുക തുടങ്ങിയ മതപരമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ അന്നപാനീയങ്ങളുടെ കാര്യത്തിൽ ധാരാളിത്തം കാണിക്കാൻ പാടില്ല. അതുതന്നെയും കടം വാങ്ങിയോ മറ്റു വിധത്തിലുള്ള പ്രയാസങ്ങൾ സഹിച്ചോ ആകരുത്. കടക്കാരൻ ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചുകൊടുക്കാൻ സൗകര്യപ്പെടും വിധം പ്രത്യക്ഷ മാർഗങ്ങളില്ലാത്തവർ തങ്ങളുടെ സാമ്പത്തിക സ്ഥിതി മറച്ചുവെച്ചുകൊണ്ട് കടം വാങ്ങൽ നിഷിദ്ധമാണ് (തുഹ്ഫ 3/34).
അതിഥി സൽകാരവും വിശക്കുന്നവർക്ക് ഭക്ഷണം നൽകലും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിക്കുന്ന പുണ്യമാണ്. പാവപ്പെട്ടവന്റെ ഭക്ഷണ വിഷയത്തിൽ ഉത്സാഹം കാണിക്കാത്തവർ മതത്തെ വ്യാജമാക്കുന്നവരാണെന്നാണ് ഖുർആന്റെ(3: 107) താക്കീത്.

 

ഇസ്ഹാഖ് അഹ്‌സനി

Exit mobile version