ഇൽമുന്നബി

വിജ്ഞാനം അഥവാ ഇൽമ് കൊണ്ടാണ് മനുഷ്യൻ ഉന്നതനാവുക. പ്രവാചകരുടെ അറിവ് വഹ്‌യിന്റെ ഭാഗവുമാണ്. ‘അല്ലാഹുവല്ലാതെ ഒരാളും ഗൈബ് അറിയില്ല’ എന്ന ആയത്തോതി അമ്പിയാക്കളുടെ മുഅ്ജിസത്തിന്റെയും ഔലിയാക്കളുടെ കറാമത്തിന്റെയും ഭാഗമായുള്ള ഇൽമുൽ ഗൈബിനെ നിഷേധിക്കുകയും വിവാദമാക്കുകയും ചെയ്യുന്നത് ബിദഇകളുടെ ശൈലിയാണ്. അമ്പിയാഇന്റെയും ഔലിയാഇന്റെയും ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ എടുത്തുകാണിച്ച് ഇതൊന്നും എന്തേ അവർ അറിയാതെ പോയി എന്നും അവർ തുടർന്നു ചോദിക്കുന്നു.

വിരുന്നുകാരായി തന്റെയടുക്കൽ വന്ന മലക്കുകളെ ഇബ്‌റാഹിം നബി(അ) തിരിച്ചറിഞ്ഞില്ല. ആഇശ ബീവിയുടെ പേരിൽ ശത്രുക്കൾ ആരോപണം ഉന്നയിച്ചപ്പോൾ തിരുനബി(സ്വ) വസ്തുത അറിഞ്ഞില്ല. മൂസാ-ഖിളിർ(അ) സംഭവത്തിൽ ഉന്നത പ്രവാചകനായ മൂസാ നബി(അ) തന്നെ പലതും അറിഞ്ഞില്ല… എന്നിങ്ങനെ അവർ വാദിക്കുകയും ചെയ്യും.

ഗൈബ് എന്നാലെന്താണെന്നും അമ്പിയാഇന്നും ഔലിയാഇന്നും ഗൈബറിയും എന്നതുകൊണ്ടുള്ള വിവക്ഷ എന്താണെന്നും മനസ്സിലാക്കാത്തതുമൂലമാണ് ഈ ഉരുണ്ടുകളികൾ. ഇമാം റാസി(റ) ഗൈബിനെ വിശദീകരിച്ചതിങ്ങനെ: ‘ഇന്ദ്രിയ ശക്തിയെ തൊട്ടു മറഞ്ഞുനിൽക്കുന്ന കാര്യങ്ങളാണ് ഗൈബ്’ (റാസി 2/27). ഇമാം ബൈളാവി(റ) എഴുതി:  ‘പഞ്ചേന്ദ്രിയങ്ങൾക്ക് തിരിച്ചറിയാത്തതും പ്രഥമ ബുദ്ധികൊണ്ട് ലഭ്യമല്ലാത്തതുമായ കാര്യങ്ങളാണ് ഗൈബ്’ (തഫ്‌സീറുൽ ബൈളാവി, 18).

മനുഷ്യന്റെ ഇന്ദ്രിയ ജ്ഞാന ശക്തികളായ കാഴ്ച, കേൾവി, രുചി, മണം, സ്പർശനം എന്നിവയിൽ മനുഷ്യനെക്കാൾ കഴിവുമുള്ള ജീവികളുണ്ടല്ലോ. ഉറുമ്പും നായയും പരുന്തുമെല്ലാം നൈസർഗിക ശക്തികൊണ്ട് മനുഷ്യന് കഴിയാത്ത പലതും നേടുന്നവയും അറിയുന്നവയുമാണ്. അപ്പോൾ മനുഷ്യനറിയാത്ത പലതും ഇത്തരം ജീവികൾ അവയുടെ ശേഷികൊണ്ട് അറിയുന്നു എന്നു വരുമ്പോൾ അവക്ക് ഗൈബറിയുമെന്ന് അതിനർത്ഥമില്ല. ഇതുപോലെ പിശാചും ജിന്നും മനുഷ്യനറിയാത്ത പലതും അറിയുന്നവരാണ്. അവരുടെ ഇന്ദ്രിയശേഷി കൊണ്ടാണ് അവരതൊക്കെ അറിയുന്നത്.

മനുഷ്യനില്ലാത്ത ചില അറിവും ശക്തിയും പിശാചിനും ജിന്നുകൾക്കുമുണ്ടെന്ന് ഖുർആനും സുന്നത്തും സാക്ഷ്യപ്പെടുത്തുന്നു. ഇതിനർത്ഥം പിശാചിനും ജിന്നിനും നിരുപാധികം ഗൈബറിയുമെന്നല്ല. അതോടൊപ്പം ഭിന്നശേഷിയും ഇന്ദ്രിയജ്ഞാനവുമുള്ള വിവിധ ജീവികൾ അവയുടെ ശേഷികൾ മുഖേന പലതും അറിയുകയും കാണുകയും ചെയ്യുമ്പോൾ, മറ്റുള്ളവർക്കില്ലാത്തതാണ് ആ കഴിവെന്നതിനാൽ ഇവ ഗൈബറിയുന്നു എന്നു പറയാറുമില്ല.

ഇങ്ങനെ വരുമ്പോൾ ‘അല്ലാഹുവല്ലാതെ ഗൈബറിയില്ല’ എന്നതിന്റെ അർത്ഥ വ്യാപ്തി ഒന്നുകൂടി വികസിക്കുകയാണ്. മുഴുവൻ സൃഷ്ടികളുടെയും പഞ്ചേന്ദ്രിയ ശേഷികൾക്ക് അപ്പുറത്തുള്ളതും അവയുടെ പ്രഥമ ബുദ്ധിയിൽ വരാത്തതുമായ കാര്യം എന്നായി മാറുന്നു പ്രസ്തുത ഗൈബ്. പരലോകം, നരകം, സ്വർഗം, മലക്കുകൾ, പുനർജന്മം തുടങ്ങി വിശ്വസിക്കൽ നിർബന്ധമായ എല്ലാ കാര്യങ്ങളും ഇതിൽ പെടുന്നു. സൂറതുൽ ബഖറയുടെ തുടക്കത്തിൽ സത്യവിശ്വാസികളുടെ ലക്ഷണങ്ങൾ വിവരിക്കുന്നിടത്ത് ‘ഗൈബ് വിശ്വസിക്കുന്നവർ’ എന്ന പരാമർശത്തെ പ്രമുഖ മുഫസ്സിറുകളെല്ലാം ഈ വിധം വ്യാഖ്യാനിക്കുന്നതു കാണാം (ഉദാ: തഫസീറുത്വബ്‌രി 1/134, ഇബ്‌നുകസീർ 1/36, ഖുർതുബി 1/148).

അപ്പോൾ അല്ലാഹു അല്ലാതെ ഗൈബറിയില്ല എന്നതിന്റെ വിവക്ഷ അവനല്ലാതെ സ്വന്തമായി ഗൈബറിയില്ലെന്നും അവനാണ് എല്ലാ ജ്ഞാനങ്ങളുടെയും ദാതാവും സ്രഷ്ടാവും എന്നാവും. ഖുർആൻ പറഞ്ഞു: ‘ആകാശഭൂമിയിലുള്ള ഒരാളും ഗൈബറിയില്ല, അല്ലാഹു അല്ലാതെ’ (67/65). ഇതിന്റെ വിശദീകരണമെന്നോണം മറ്റൊരിടത്തു ഖുർആൻ പറഞ്ഞു: ‘അല്ലാഹു നിങ്ങളെ ഗൈബിന് മേൽ വെളിപ്പെടുത്തുകയില്ല. എന്നാൽ അവന്റെ ദൂതന്മാരിൽ നിന്ന് ഉദ്ദേശിച്ചവരെ അവൻ തെരഞ്ഞെടുക്കും’ (3/179). അല്ലാഹുവാണ് ഗൈബറിയുന്നവൻ. അത് ഒരാൾക്കും അവൻ വെളിപ്പെടുത്തില്ല. ദൂതന്മാരാൽ അവൻ ഇഷ്ടപ്പെടുന്നവർക്കല്ലാതെ (72/26,27). ഗൈബ് ആരും അറിയില്ലെന്ന് ശക്തമായി പറയുന്ന ഖുർആൻ തന്നെ ചിലരെ അതിനായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് മറ്റു സ്ഥലങ്ങളിലും സൂചിപ്പിക്കുന്നതു കാണാം (ഉദാ: 4/113, 24/81, 102/12, 44/3, 49/11).

മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള പല ജ്ഞാനങ്ങളും അല്ലാഹു നൽകിയതിന് ഖുർആനും സുന്നത്തും സാക്ഷി. അപ്രകാരം ഇബ്‌റാഹിം നബിക്ക് ആകാശ ഭൂമികളിലെ രാജാധിപത്യ രഹസ്യങ്ങൾ കാണിച്ചുകൊടുത്തു (6/175). മുഹമ്മദ് നബിയുടെ ജ്ഞാനത്തെ കുറിച്ച് ഖുർആൻ പറഞ്ഞു: നിങ്ങൾക്കറിയാതിരുന്ന പലതും ഞാൻ പഠിപ്പിച്ചുതന്നു. അല്ലാഹുവിന്റെ ഔദാര്യം അങ്ങയുടെ മേൽ മഹത്തരമാകുന്നു (4/113). യഅ്ഖൂബ് നബിയുടെ ജ്ഞാനത്തെക്കുറിച്ച്: നാം പഠിപ്പിച്ചു കൊടുത്ത കാരണത്താൽ അദ്ദേഹം ഒരറിവുള്ളവൻ തന്നെയാകുന്നു (12/68). ഖിള്ർ നബി(അ)ന്റെ ജ്ഞാനത്തെക്കുറിച്ച്: നമ്മിൽ നിന്നുള്ള ചില ജ്ഞാനങ്ങൾ നാം അദ്ദേഹത്തിന് പഠിപ്പിച്ചിട്ടുണ്ട് (18/65).

ഹദീസുകളിലും ഇത്തരം സൂചനകൾ ധാരാളം കാണാം. ഉമർ(റ) പറഞ്ഞു: ഒരിക്കൽ തിരുനബി ഞങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നു. സൃഷ്ടിപ്പിന്റെ തുടക്കം മുതൽ സ്വർഗാവകാശികൾ സ്വർഗത്തിലും നരകാവകാശികൾ നരകത്തിലും കടക്കുന്നത് വരെയുള്ള വിവരണങ്ങൾ നബി(സ്വ) ഞങ്ങൾക്ക് നൽകി (ബുഖാരി).

അംറുബ്‌നു അഖ്തബ്(റ) പറയുന്നു: ‘പ്രഭാതം മുതൽ അസ്തമനം വരെ നബി നീണ്ടൊരു പ്രസംഗം നടത്തി. കഴിഞ്ഞതും വരാനിരിക്കുന്നതുമായ കാര്യങ്ങളെല്ലാം ഞങ്ങളോട് അവിടുന്ന് സംസാരിച്ചു. തിരുനബി ഏറ്റവും വലിയ ജ്ഞാനിയും ഓർമ ശക്തിയുള്ളവരുമാണ് (മുസ്‌ലിം).

ഹുദൈഫ(റ) പറയുന്നു: ‘ഒരിക്കൽ റസൂൽ(സ്വ) ഞങ്ങളോട് അന്ത്യനാൾ വരെയുള്ള മുഴുവൻ കാര്യങ്ങളും സംസാരിച്ചു’ (ബുഖാരി, മുസ്‌ലിം). സമാന അർത്ഥമുള്ള ഹദീസുകൾ തിർമുദി, ഇബ്‌നു മാജ, ഇബ്‌നു ഖുസൈമ, ബൈഹഖി, ഇമാം അഹ്മദിന്റെ മുസ്‌നദ്, ത്വബ്‌റാനിയുടെ കബീർ, ഇബ്‌നുസഅദിന്റെ ത്വബഖാത് തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.

ഗൈബുകൾ മാത്രമല്ല, പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള ജ്ഞാനവും അല്ലാഹുവിന്റെ കഴിവുകൊണ്ട് മാത്രമാണ് ലഭിക്കുക എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. പഞ്ചേന്ദ്രിയങ്ങളുടെ അറിവിനപ്പുറമുള്ള ഗൈബ് അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം കൊണ്ട് അവൻ ഉദ്ദേശിച്ചവർക്ക് ലഭിക്കുകയും അനുഭവിക്കുകയും ചെയ്യാം എന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.

എല്ലാ അറിവുകളും നൽകുന്നത് അല്ലാഹുവാണെന്ന് വരുമ്പോൾ ഇൽമുൽ ഗൈബ് വേർപിരിയുന്നത് ഒരൊറ്റ ബിന്ദുവിൽ നിന്നാണ്. പഞ്ചേന്ദ്രിയങ്ങൾ ജീവികളുടെ ജീവിതം നിലനിൽക്കുന്നതിന് അല്ലാഹു സാധാരണയായി നൽകുന്നു. ഗൈബുകൾ സൃഷ്ടികൾക്ക് അത്ഭുതകരവും അസാധാരണവുമാണ്. ഉദാഹരണമായി ഒരാളുടെ കണ്ണിന്റെ കാഴ്ച ശക്തികൊണ്ട് അതിവിദൂരങ്ങൾ കാണാൻ കഴിഞ്ഞാൽ അത് അസാധാരണമാണ്. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മാത്രം ഇത്തരമൊരു കഴിവ് ലഭിക്കുക അസാധാരണവും അത്ഭുതകരവുമാണണത്. സജ്ജനങ്ങളിൽ നിന്നാകുമ്പോൾ അത് കറാമത്താകുന്നു.

രണ്ടാം ഖലീഫ ഉമർ(റ)ന്റെ സംഭവം പ്രസിദ്ധം. മദീന പള്ളിയിലെ മിമ്പറിൽ വെച്ചാണ് അങ്ങകലെ ശാമിലെ നഹാവന്ദിലേക്ക് ഉമർ(റ) സന്ദേശം നൽകുന്നത്. ഒരു മാസത്തെ യാത്രാദൂരമുള്ള സ്ഥലമാണ് ശാമും നഹാവന്ദും. വെള്ളിയാഴ്ച മിമ്പറിൽ വെച്ച് ഖുതുബക്കിടയിൽ ഉമർ(റ) സേനാധിപനോട് വിളിച്ചുപറഞ്ഞു: ‘യാ സാരിയ, അൽജബൽ, അൽജബൽ.’ നഹാവന്ദിലേക്ക് അയച്ച നായകനായിരുന്ന സാരിയക്കുള്ള നിർദേശമായിരുന്നു അത്. എന്താണിതെന്ന് അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) ചോദിച്ചപ്പോൾ നഹാവന്ദിലെ സൈന്യം പിന്തിരിഞ്ഞോടുന്നത് ഞാൻ കണ്ടുവെന്നും ഒരു മലയിലേക്ക് ചേർന്ന് പൊരുതിയാൽ വിജയം നേടാനാവുമെന്നും ഞാൻ മനസ്സിലാക്കി. ആ വിവരം സാരിയക്ക് നൽകിയതാണ്. സ്വഹാബികളെല്ലാം ഇത് ശ്രദ്ധിച്ചു. ഒരു മാസം കഴിഞ്ഞ് വിജയികളായി തിരിച്ചെത്തിയ പോരാളികൾ ഉമർ(റ)ന്റെ ശബ്ദം കേട്ടതും അതനുസരിച്ച് നീങ്ങി വിജയിച്ചതുമെല്ലാം വിവരിച്ചു. ശാമിലെ ഇസ്‌ലാമിക പോരാട്ടങ്ങൾ രേഖപ്പെടുത്തിയ ചരിത്രകാരന്മാരെല്ലാം ഈ സംഭവം പരാമർശിക്കുന്നു. പ്രമുഖരായ മുഹദ്ദിസുകൾ ഇത് ഉദ്ധരിച്ചിട്ടുമുണ്ട് (ഫളാഇലുസ്വഹാബ 2/229). നബി(സ്വ) ഈ ലോകത്ത് നിന്ന് നീങ്ങുന്നതിന് മുമ്പ് എല്ലാ അദൃശ്യങ്ങളും അല്ലാഹു അറിയിച്ചുകൊടുത്തുവെന്ന് പ്രമുഖ പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ (സ്വാവി കാണുക).

ഈ വസ്തുതകളെല്ലാം നിലനിൽക്കെ അദൃശ്യം അല്ലാഹു ഇച്ഛിക്കുന്നവർക്ക് അവൻ വെളിപ്പെടുത്തുകയില്ലെന്ന് ശഠിക്കാൻ പഴുതില്ല. ലോക മുസ്‌ലിം നിലപാട് ഇക്കാര്യത്തിലും ബിദഈ ജൽപനങ്ങൾക്കെതിരാണ്.

അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്

Exit mobile version