ഈ പൂതിയൊന്നു തീര്‍ത്തുകൊടുക്കണേ

മുന്‍ രാഷ്ട്രപതി എപിജെ അബുല്‍ കലാമിന്റെ പ്രസിദ്ധ പുസ്തകമാണ് അഗ്നിച്ചിറകുകള്‍. ഇതിലും എന്നുവേണ്ട അദ്ദേഹത്തിന്റെ വിവിധ ഗ്രന്ഥങ്ങളിലും വലിയകാര്യങ്ങള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ചില മോഹങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ വന്‍ വിപ്ലവങ്ങള്‍ അരങ്ങേറിയതിനു ചരിത്രം സാക്ഷി. ഈയൊരു സ്വപ്ന പരിപാടി എന്തുകൊണ്ടോ ഏറെ വിപുലമായി നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പരിമിതലോകത്താണ്. പണ്ടൊരു തവളക്കുഞ്ഞിന് വായുവിലൂടെ പറക്കാന്‍ മോഹമുണ്ടായല്ലോ, അപ്രകാരം ജമാഅത്ത് ബുദ്ധി ജീവികള്‍ക്ക് ഇന്ത്യാരാജ്യം ഭരിക്കാന്‍ മോഹം, കേരളമാകെ നിറയാന്‍ മോഹം, രാഷ്ട്രീയക്കാര്‍ തങ്ങളുടെ കാല്‍തഴുകാന്‍ മോഹം, അങ്ങനെ മോഹങ്ങള്‍ പലവിധം, സുലഭം.
ബിദ്അത്തുകാര്‍ക്ക് വിവിധ പരിണാമങ്ങളുണ്ടായിട്ടുണ്ടല്ലോ. ജമാഅത്തിന്റെ നരവംശ ശാസ്ത്രത്തിലും ഇത് ഏറെ കാണാം. രൂപീകരണ യോഗത്തില്‍ സ്ഥാപകന്‍ ചെയ്ത മുഖ്യകര്‍മം ശഹാദത്ത് ചൊല്ലി ജമാഅത്ത് മതത്തില്‍ ചേരുകയാണ്. വഅശ്ഹദു അന്നമുഹമ്മദന്‍ എന്നതിനു പകരം മറ്റു വല്ലതും പറഞ്ഞോ എന്ന് കുറിപ്പുകാരനറിയില്ല. അതുതന്നെയാണെങ്കില്‍ പിന്നെന്തിനു ഒരു പുതുക്കി പ്രവേശമെന്ന സംശയത്തിനു നിവാരണം ലഭിച്ചിട്ടുമില്ല. അതിരിക്കട്ടെ, അവിടുന്നിങ്ങോട്ട് പരിണാമങ്ങളുടെ പരമ്പര മാത്രമല്ല കുത്തൊഴുക്ക് തന്നെയായിരുന്നു. വോട്ട് ചെയ്യല്‍ ശിര്‍ക്ക്, ഭരണപങ്കാളിത്തം താഗൂതീ സേവ, സര്‍ക്കാര്‍ ജോലിയും ശമ്പളവും ദൈവേതര ഭരണത്തിനുള്ള പിന്തുണയാകയാല്‍ മതത്തില്‍ നിന്നു പുറത്തുകടക്കുന്ന വന്‍പാപം, കോടതിയില്‍ കേസു കൊടുക്കുന്നതും വികീലിനെ നിയോഗിക്കുന്നതുമൊക്കെയും ഇതേ പ്രശ്നത്താല്‍ പെരും നിഷിദ്ധം. ഇങ്ങനെയായിരുന്നു ജമാഅത്തിന്റെ ആള്‍ക്കുരങ്ങുകാലം. അന്ന് ആത്മീയകര്‍മരംഗങ്ങളും “പ്രാകൃത’മായിരുന്നു. സ്ത്രീ പുറത്തിറങ്ങിക്കൂടാ, പര പുരുഷനൊത്ത് സഞ്ചരിക്കുകയോ സഹവസിക്കുകയോ പാടില്ല, ഭൗതിക വിദ്യാഭ്യാസം നേടരുത്, മിശ്ര വിദ്യാഭ്യാസം ചെറു പ്രായത്തില്‍ തന്നെയും പറ്റില്ല എന്നിങ്ങനെ. പിന്നെ ആദര്‍ശ വികസനത്തിന്റെ പൊടിപൂരം അരങ്ങേറി. നബിദിനാഘോഷം മുതല്‍ തവസ്സുല്‍ ഇസ്തിഗാസവരെയും ഈ പ്രവാഹത്തില്‍ ഭത്സിക്കപ്പെട്ടു. സര്‍വ പൂര്‍വികരും മുശ്രിക്കുകളാണെന്ന് പ്രചരിപ്പിച്ചു. സുന്നികളെ കൊല്ലണമെന്നു വരെ ഇടയലേഖനങ്ങളിറക്കി. അന്യരെ അവമതിക്കുന്നതില്‍ ഡോക്ടറേറ്റ് നേടിയ മുജാഹിദ് മൗലവിമാരുടെ അതേ ഊക്കില്‍ ജമാഅത്ത് മാര്‍ഗത്തില്‍ നിന്നും ശിര്‍ക്ക് കൂവി വിളികളുണ്ടായി.
അടുത്തത് പരിണാമത്തിന്റെ നിയാണ്ടര്‍താല്‍ ഘട്ടമാണ്. ഇങ്ങനെ മുരത്തു നിന്നാല്‍ ക്ലോസറ്റിലെ വെള്ളത്തെ പോലെ നിന്നിടത്ത് നില്‍ക്കുമെന്ന ബോധം വന്നപ്പോള്‍ എല്ലാ കാര്യവും വാരിവലിച്ച് ഏറ്റെടുക്കാനും കര്‍മവിഷയത്തില്‍ തര്‍ക്കിക്കാനില്ലെന്ന വ്യാജേന പലപ്പോഴും കൂട്ടപ്രാര്‍ത്ഥന, ഖുനൂത്, മൗലിദ് പാരായണം, പോലുള്ളവയില്‍ മുഖം കാണിക്കാനും തുടങ്ങിയതാണ് ഈ സ്പീഷീസിന്റെ പ്രത്യേകത. കുറച്ചൊക്കെ ചെത്തിമിനുക്കിയ ആയുധങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയെന്നുസാരം. ഒടുവില്‍ സര്‍വ ശിര്‍ക്കും ജഹാലത്തും അനുവദനീയമായി. ഏതു പ്രായത്തിലുള്ള പെണ്‍ സമൂഹവും പര പുരുഷരൊന്നിച്ച് തോളൊരുമ്മി കൊഞ്ചിക്കുഴഞ്ഞ് ‘ദീനീ’ പ്രവര്‍ത്തനം നടത്താനും തുടങ്ങി. എന്നാലും കാന്തപുരം ഉസ്താദും സുന്നീസമൂഹവും മുസ് ലിം മുന്നേറ്റത്തിന്റെ പ്രതീകമാവുന്നതും അവര്‍ വഴി ബിദ്അത്ത് ആശയങ്ങള്‍ക്ക് കുഴിതോണ്ടേണ്ടിവരുന്നതും അവര്‍ക്ക് തീരെ ദഹിക്കില്ല. അതുകാരണം ഒളിഞ്ഞും തെളിഞ്ഞും അവര്‍ കുരതുടരുന്നു. ഒടുവില്‍ കൊട്ടാരം വിദൂഷകന്‍ ഏആര്‍ മാധ്യമത്തിലൂടെ അത് മുഴുക്കെ ഛര്‍ദിച്ചിരിക്കുന്നു. ചേകനൂര്‍ കേസുമായി ബന്ധപ്പെട്ട് ബഹുമാന്യനായ പണ്ഡിതനെ പരാമര്‍ശിക്കുന്നത് കോടതി വിലക്കിയതാണ്. പക്ഷേ, പശു ചത്തിട്ടും ഒ സഹോദരന് മോരിന്റെ പുളിമാറേണ്ടേ. ഇനിയും താഴാന്‍ ഒരു വിഭാഗം വാശിപിടിച്ചാല്‍ എന്തുചെയ്യാനാണ്.

 

Exit mobile version