ഈ സമുദായത്തിലെ വിശ്വസ്തൻ

മഞ്ഞ് പൊഴിയുന്ന യർമൂക്കിന്റെ മലമടക്കുകളിലേക്കൊരു യാത്ര. അമ്മാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട വണ്ടിയിൽ ഞങ്ങൾ നാൽപത്തിയെട്ട് പേരുണ്ടായിരുന്നു. പച്ച കുന്നുകളുടെ വശ്യത. താഴ്‌വാരത്ത് ഒലീവ് മരങ്ങളുടെ വെണ്മ. ചുവന്ന ആകാശം ഒരു എണ്ണഛായാ പടമായി തോന്നി. അത് കുറേശ്ശെയായി കറുത്തുവരികയാണ്. മലമടക്കുകളിലും തുറസ്സായ പ്രദേശങ്ങളിലും അഭയാർത്ഥി ക്യാമ്പുകൾ. ബോംബ് വർഷങ്ങളും വെടിമരുന്നും തീർത്ത ഭീതിയിൽ നിന്ന് ജീവനും കൊണ്ടോടിപ്പോന്ന സിറിയൻ അഭയാർത്ഥികളാണവർ. വയൽ നിറയെ രാജ്യത്തെ സമ്പന്നമാക്കുന്ന വിവിധയിനം കൃഷികൾ. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന മിനാരത്തിനടുത്ത് മഖാമു അബീ ഉബൈദ(റ) എന്നെഴുതിയ ഒരു ബോർഡ്. വണ്ടി നിന്നു.
‘എല്ലാവരും ഇറങ്ങൂ, ഇതാണ് അബൂ ഉബൈദ(റ)യുടെ മഖാം കോംപ്ലക്‌സ്.’
ഞങ്ങളുടെ ടൂർ ഗൈഡ് ഇംഗ്ലീഷിലും അറബിയിലുമായി വിളിച്ചു പറഞ്ഞു.
ശിൽപകലയുടെ സകല ചാരുതകളും മേളിച്ച വലിയ കെട്ടിടം. തൊട്ടുരുമ്മി പടുകൂറ്റൻ പള്ളി. വിശാലമായ നടുമുറ്റം. ചുറ്റും ഗ്ലാസിട്ട് ഭംഗിയായി സംവിധാനിച്ച മറ്റൊരു കെട്ടിടത്തിലാണ് മഖാം. പ്രസിദ്ധ സ്വഹാബിയും സ്വർഗവാഗ്ദാനം നൽകപ്പെട്ട പത്തു പേരിൽ ഒരാളുമായ അബൂ ഉബൈദ(റ) യുടേത്.
ഒരാൾപൊക്കത്തിൽ കെട്ടിയ കല്ലറക്കുമേൽ വെണ്ണക്കൽ പാകി മോടികൂട്ടിയിരിക്കുന്നു. സന്ദർശകർക്കായി വിശാലമായ വരാന്ത. വ്യസനത്തിന്റെ ഗന്ധം പരത്തുന്ന മനസ്സുമായി ഞങ്ങൾ അവിടെ നിന്നു. സലാം പറഞ്ഞു. ഖബ്‌റിന്മേൽ കൊത്തിവെച്ച നബിവചനം ദൃഷ്ടികളെ നീർപ്രവാഹങ്ങളാക്കി. അമീനുഹാദിഹിൽ ഉമ്മ (ഈ സമുദായത്തിന്റെ വിശ്വസ്തൻ). പരകോടി മനുഷ്യരിൽ ഒരു വിശ്വസ്തൻ! എന്താണീ വിശ്വസ്തത? എവിടെയാണത് പ്രകാശിച്ചത്? ആരാണീ സവിശേഷത കൊടുത്തത്?
* * *
ഹിജ്‌റാബ്ദം ഒമ്പതിന് അറേബ്യയിലെ യമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന നജ്‌റാൻ നിവാസികളായ ഒരു സംഘം മദീനയിൽ വന്നു. തിരുനബി(സ്വ)യെ കാണലാണ് ആഗമനോദ്ദേശ്യം. മദീനാ പള്ളിയിൽ പ്രവേശിച്ച അവർ ക്രിസ്തുമതാശയങ്ങൾ നബിയുമായി സംവദിച്ചു. സത്യം ബോധ്യപ്പെട്ട അവർ ഇസ്‌ലാം പുൽകി. തിരിച്ചു പോകുമ്പോൾ ഒരു സത്യപ്രബോധകനെ ആവശ്യപ്പെട്ടു.
‘പരസ്പരം അങ്കം വെട്ടി നിൽക്കുകയാണ് ഞങ്ങളുടെ ജനത. അവരെ സത്യത്തിന്റെ നേർപാതയിലേക്ക് നയിക്കുന്നതിന് കരുത്തനായ ഒരു മധ്യവർത്തി അനിവാര്യമാണ്. അതിനുപറ്റിയ ഒരാളെ ഞങ്ങൾക്കൊപ്പം അയച്ചു തരണം.’ അവർ പറഞ്ഞു.
നബി(സ്വ)യുടെ മനസ്സ് ആർദ്രമായി. അവരെ ആശ്വസിപ്പിച്ചു:
‘നിങ്ങൾ ഇപ്പോൾ പൊയ്‌ക്കോളൂ, നാളെ ഉച്ചയോടെ വരുക. ഈ സമുദായത്തിലെ ഏറ്റവും വിശ്വസ്തനും ശക്തനുമായ ഒരാളെ നിങ്ങളുടെ കൂടെ വിട്ടുതരാം.’
റസൂലിന്റെ വാക്കുകൾ ശ്രവിച്ച ഉമർ(റ)ന്റെ മനസ്സിൽ ഒരു പുത്തനുണർവ് പരന്നു. ആരായിരിക്കും ആ വിശ്വസ്തൻ? അദ്ദേഹം ഒരുവേള ആ സ്ഥാനം തനിക്കു ലഭിക്കണമേ എന്നാഗ്രഹിച്ചു പോയി. വിശ്വസ്തൻ എന്ന ആ വിശേഷണം തനിക്കു കിട്ടുമല്ലോ. ഏതായാലും നാളെയേ അതറിയാനാകൂ. സമയം പോയിക്കിട്ടുന്നില്ലെന്നായി അദ്ദേഹത്തിന്. കനത്ത വെയിലു വകവെക്കാതെ ഉമർ(റ) പള്ളിയിലേക്ക് പിറ്റേന്ന് നേരത്തേ വന്നു. അമീൻ, അമീൻ… അദ്ദേഹത്തിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു.
മദീനാ പള്ളി ജനനിബിഡം. നജ്‌റാൻ നിവേദക സംഘവും അവിടെ ഹാജറുണ്ട്. ളുഹ്ർ നിസ്‌കാരം കഴിഞ്ഞപ്പോൾ നബി(സ്വ) സദസ്യരിലേക്ക് നേത്രങ്ങൾ പായിച്ചു. സസൂക്ഷ്മം ഓരോ മുഖവും നിരീക്ഷിച്ചുകൊണ്ടിരുന്നു. തലേന്നത്തെ സംഭവത്തിനു സാക്ഷിയായവരെല്ലാം തന്നെയാണോ റസൂൽ തിരയുന്നതെന്ന ആകാംക്ഷയിൽ.
തന്നെ കാണാതെ പോകേണ്ട എന്ന മട്ടിൽ ഉമർ(റ) ശിരസ്സ് അൽപം ഉയർത്തി. ഒടുവിൽ നബി(സ്വ) വിളിച്ചു:
‘അബൂഉബൈദ.’
കോരിത്തരിച്ചു പോയി അബൂ ഉബൈദ(റ). അദ്ദേഹം ഉടൻ എഴുന്നേറ്റ് നബിയുടെ ചാരത്തേക്കു ചെന്നു.
‘താങ്കളാണ് അമീനു ഹാദിഹിൽ ഉമ്മ, ഇവരുടെ കൂടെ നജ്‌റാനിലേക്ക് പോവുക. അവർക്കിടയിൽ ഭിന്നതയുള്ള കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുക.’
അബൂ ഉബൈദ(റ) പ്രപഞ്ചം കയ്യടക്കിയ സന്തോഷത്തോടെ പോകാനൊരുങ്ങി. ഉമർ(റ) അബൂ ഉബൈദ(റ)യുടെ കരം കവർന്നു. അദ്ദേഹത്തെ ആശീർവദിച്ചു.
‘ഓരോ സമുദായത്തിനും ഓരോ വിശ്വസ്തനുണ്ട്. ഈ സമുദായത്തിലെ വിശ്വസ്തനാണ് അബൂ ഉബൈദ.’
പരകോടി ജനങ്ങളിൽ അനേകായിരം വിശ്വസ്തരുണ്ടാകാം. പക്ഷേ, നുബുവ്വത്തിന്റെ നാവ് കൊണ്ട് പ്രശംസിക്കപ്പെട്ട അമീൻ അബൂ ഉബൈദ മാത്രം.
സ്വഭാവ ദൂഷ്യം, പെരുമാറ്റ മോശം അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടിട്ടില്ല. പ്രബോധന രംഗത്തും തികഞ്ഞ വിശ്വസ്തൻ. പൊതു ഖജനാവ് കൈകാര്യം ചെയ്യുന്നതിൽ എത്ര കണിശതയാണ് കാണിച്ചത്. അധികാരത്തിന്റെ ഹുങ്കും ആർഭാടങ്ങളുമില്ലാതെ ജീവിച്ചു. അത്തരമൊരു നബിശിഷ്യന് അവിടുന്ന് നൽകിയ അപരനാമം; വിശ്വസ്തൻ. അതിന് അദ്ദേഹം അർഹൻ തന്നെ.
* * *
നബി(സ്വ)യുടെയും സിദ്ദീഖ്(റ)യുടെയും കാലശേഷം ഉമർ(റ) ഖിലാഫത്ത് ഏറ്റു. ഹിജ്‌റാബ്ദം പതിനഞ്ചിന് ജോർദാനിന്റൈ വടക്കൻ ഭാഗമായ യർമൂക്കിൽ യുദ്ധകാഹളം മുഴങ്ങി. സത്യവിശ്വാസികളെ ജീവിക്കാനനുവദിക്കാതെ ശത്രുക്കൾ ഭീകരത കാണിക്കുമ്പോൾ ഇതനിവാര്യമാണല്ലോ. ആർത്തലച്ചു വന്ന രണ്ടുലക്ഷത്തി നാൽപതിനായിരം റോമൻ ബൈസന്റാനിയൻ പട്ടാളം ഒരു ഭാഗത്ത്. മറുഭാഗത്ത് മുപ്പത്തിയാറായിരം പേരടങ്ങുന്ന മുസ്‌ലിം ചെറുസംഘം. തുർക്കിയിലെ ഇസ്തംബൂൾ കേന്ദ്രമായാണ് റോമൻ സേന തമ്പടിച്ചിരുന്നത്. ജോർദാൻ, ഫലസ്തീൻ, സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെല്ലാം അന്ന് റോമിന്റെ ആധിപത്യത്തിലായിരുന്നു.
സർവസൈന്യാധിപനായിരുന്ന ഖാലിദ് ബിൻ വലീദ്(റ) മുസ്‌ലിംകൾക്ക് നേതൃത്വം നൽകുന്നു. പേർഷ്യാ സാമ്രാജ്യത്തിലെ അനവധി പ്രദേശങ്ങൾ ഖാലിദ്(റ)ന്റെ ജൈത്രയാത്രയിൽ തൗഹീദിന്റെ പതാകക്കു കീഴിൽ അണിനിരന്നു. യർമൂക്കിന്റെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ച ഇരുസൈന്യങ്ങളും ദിവസങ്ങളോളം ഏറ്റുമുട്ടി. മുസ്‌ലിം രക്തത്തിനു ദാഹിച്ച ബൈസാന്റിയൻ സേനക്കു പക്ഷേ, ഓരോ ദിവസവും തീരാത്ത നഷ്ടമാണു സംഭവിച്ചത്. ഒരുനാൾ ഖാലിദ്(റ) പ്രഖ്യാപിച്ചു:
‘ഞങ്ങളീ നാട്ടിൽ ആരുമല്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന് ആരാധനാ നിരതരായ ദാസന്മാരുണ്ടാകണം. അതിനു വിശ്വാസമുണ്ടാകണം. ആ സത്യവും നീതിയും നടപ്പിലാക്കാൻ നിയുക്തരായ അവന്റെ ദാസന്മാരാണ് ഞങ്ങൾ. അവനാണ് ഞങ്ങൾക്ക് സഹായം.’
റോമൻ സേനാധിപൻ ഗ്രഗറിയുടെ മരവിച്ച മിഴികളിൽ ഭീതി തളംകെട്ടിനിന്നു. ഖാലിദിന്റെ ഓരോ വാക്കും ഇടിത്തീ കണക്കെ അദ്ദേഹത്തെ പ്രഹരിച്ചു. ഖാലിദ്(റ)ന്റെ ഓരോ തേരോട്ടവും പ്രശസ്തിയും മണ്ണിലും വിണ്ണിലും ചർച്ചയായി.
അപ്പോഴതാ വരുന്നു, ഒരുത്തരവ്. മദീനയിൽ നിന്നാണത്. ഖലീഫ ഉമർ(റ) അധികാരമേറ്റ ഉടനെയെഴുതിയത്.
‘സർവസൈന്യാധിപൻ ഖാലിദ്(റ)നെ സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നു. പകരം അബൂ ഉബൈദ(റ)ക്കാണ് ചുമതല.’
ഖാലിദ്(റ) കൽപന ശിരസ്സാവഹിച്ചു. അദ്ദേഹം കൂടുതൽ സന്തോഷവാനായി. പോരാളികളെ അഭിസംബോധന ചെയ്തു.
‘സഹോദരങ്ങളേ, ഈ സമുദായത്തിന്റെ അമീൻ ഇനി മുതൽ നിങ്ങളെ നയിക്കും.’
അതുകേട്ട് അബൂഉബൈദ(റ) കൂടുതൽ വിനയാന്വിതനായി. അദ്ദേഹത്തിന്റെ സ്വരം വിറച്ചു.
‘ഖാലിദ് അല്ലാഹുവിന്റെ ഖഡ്ഗങ്ങളിൽ ഒന്നാണെന്ന് നബി(സ്വ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.’
തന്റെ കീഴ് സേനാധിപനായി വർത്തിച്ച അബൂ ഉബൈദ(റ)യെ മുൻനിരയിൽ നിർത്തി ഖാലിദ്(റ) പിന്നിലേക്ക് മാറി. അധികാരവും സ്ഥാനമാനങ്ങളും അവർക്ക് ഇത്രയേയുള്ളൂ. സത്യം വിജയിക്കണം. അതുമാത്രമാണ് ലക്ഷ്യം. വ്യക്തിപ്രഭാവമല്ല, പൊതു നന്മയാണ് അവർ പരിഗണിക്കുന്നത്.
പൂർവാധികം കരുത്തോടെയും പക്വതയോടെയും അദ്ദേഹം പടനയിച്ചു. പൊൻതൂവലായി നബി(സ്വ) ചാർത്തിക്കൊടുത്ത അമീൻ എന്ന പദവി ഒന്നുകൂടി മഹാൻ തെളിയിച്ചു.
* * *
നേരം അപ്പോൾ അർധരാത്രിയോടടുത്തിരുന്നു. ശാമിലെ വനസാന്ദ്രതയിൽ നിന്നും മൃഗഗർജനങ്ങൾ കേൾക്കാം. അബൂഉബൈദ(റ) ഉറക്കം വരാതെ തിരിഞ്ഞുകിടന്നു. അദ്ദേഹത്തിന്റെ ഓർമകൾ പിറകോട്ടു ചിറകടിച്ചു.
ജീവിതത്തിൽ കൊഴിഞ്ഞുപോയ ഓരോ രംഗവും മനസ്സിൽ ഓളംവെട്ടി. കുട്ടിപ്രായം മുതൽ നല്ലതു മാത്രമേ താൻ ശീലിച്ചിട്ടുള്ളൂ. കൊള്ളരുതായ്മകളൊന്നും ചെയ്തിട്ടില്ല. പിതാവ് ജർറാഹും മാതാവ് ഉമൈമയും കഷ്ടപ്പെട്ടാണ് തന്നെ വളർത്തിയത്. അബൂബക്കർ സിദ്ദീഖ്(റ)ൽ നിന്ന് ഇസ്‌ലാമിന്റെ ആദ്യ സന്ദേശം കേട്ടപ്പോഴേ ഹൃദയം അതിനോടു ചേർന്നു. അന്നുതന്നെ വിശ്വാസിയായി. തന്നോടൊപ്പം ഉസ്മാൻ ബിൻ മള്ഊൻ, അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) തുടങ്ങി അഞ്ചുപേരുണ്ടായിരുന്നു.
ഖുറൈശി കുറുമ്പന്മാരുടെ എതിർപ്പുകൾ സഹിക്ക വയ്യാതെ മുസ്‌ലിംകൾ എത്യോപ്യയിലേക്ക് പലായനം ചെയ്തപ്പോൾ രണ്ടാം സംഘത്തിൽ താനും പങ്കെടുത്തിരുന്നു. മദീനയിലെത്തിയ ശേഷം നബി(സ്വ)ക്കൊപ്പം ബദ്‌റിലും ഉഹ്ദിലുമെല്ലാം സജീവ പങ്കാളിത്തം വഹിക്കാനും തനിക്കായി.
ഒരിക്കലും മറക്കാൻ കഴിയില്ല ഉഹ്ദ്. ഇടിമിന്നൽ കണക്കെ തീപ്പൊരി പറക്കുന്ന ഘോരയുദ്ധം. ചോരയിൽ കുതിർന്ന വസ്ത്രങ്ങളും അറ്റുവീണ അവയവ തുണ്ടങ്ങളുമായി മനുഷ്യർ തലങ്ങും വിലങ്ങും. നബി(സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് സ്വഹാബി പ്രമുഖർ ഓടിയടുക്കുന്നു. ഒറ്റക്കുതിപ്പിന് ഞാനും അവിടെയെത്തി.
തിരുനബിയുടെ മേലേ കവിളിൽ ശിരോകവചത്തിന്റെ ആണി തുളച്ചുകയറിയിരിക്കുന്നു. കൈകൊണ്ട് പറിച്ചെടുക്കുമ്പോൾ നബിതങ്ങൾക്ക് വേദനിക്കുമല്ലോ. കാത്തുനിൽക്കാതെ താനതങ്ങ് പല്ലുകൊണ്ട് കടിച്ചുവലിച്ചു. രണ്ടു കണ്ണികൾ പറിച്ചെടുത്തപ്പോൾ തന്റെ രണ്ടു പല്ലുകൾ പൊട്ടി താഴെ വീണു. പല്ലുപോയെങ്കിലും ചാരിതാർത്ഥ്യം തോന്നി. കുറച്ചുനേരം തിരുനബി(സ്വ)യുടെ പൂവദനത്തിൽ മുഖമമർത്തി നിൽക്കാനായല്ലോ. തങ്ങളുടെ ശരീരത്തിൽ നിന്നടർന്ന വിയർപ്പുകണങ്ങളുടെ സുഗന്ധം എന്തൊരാശ്വാസമാണ്.
സിദ്ദീഖ്(റ) ഖലീഫയായപ്പോൾ അദ്ദേഹം തന്നെ ശാമിലെ ഗവർണറായി നിയമിച്ചു. ശാം സൈന്യത്തിന്റെ ഭൂരിഭാഗവും തന്റെ അധീനതയിലായിരുന്നു. പിന്നീടാണ് ഖാലിദ്(റ)നെ തന്നെയടക്കം നിയന്ത്രിക്കുന്ന സർവസൈന്യാധിപനായി ഖലീഫ നിയമിച്ചത്. ഇപ്പോൾ രണ്ടാം ഖലീഫ ഉമർ(റ) ഖാലിദിനെ മാറ്റി തന്നെ നിയമിച്ചിരിക്കുന്നു. ഖാലിദ് തന്റെ കീഴിലും. വിധിയുടെ മറിമായങ്ങൾ!
* * *
സുബ്ഹിക്ക് പള്ളിയിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളികേട്ടു. ഒരപരിചിതന്റെ വിനയസ്വരം.
അബൂ ഉബൈദ(റ) തിരിഞ്ഞുനോക്കി.
ഇരുളിൽ നിന്ന് ഒരാൾ നീങ്ങിനിന്നു.
‘ഇതു നിങ്ങൾക്കുള്ള കിഴിയാണ്.’
ആഗതനെ സൂക്ഷിച്ചു നോക്കിയ അബൂ ഉബൈദ(റ) കൈനീട്ടി കിഴി സ്വീകരിച്ചു. അയാൾ തുടർന്നു:
‘ഞാൻ മദീനാശരീഫിൽ നിന്ന് വരികയാണ്. ഖലീഫ ഉമർ(റ) തന്നയച്ചതാണിത്. നാലായിരം വെള്ളി ഉറുപ്പികയും നാനൂറ് പൊന്നുറുപ്പികയുമുണ്ട് അതിൽ.’
‘വരൂ നമുക്ക് നടക്കാം.’
അബൂ ഉബൈദ(റ) ആഗതനെയും കൂട്ടി പള്ളിയിലേക്കു നീങ്ങി.
പണം അബൂ ഉബൈദ എന്തു ചെയ്യുന്നുവെന്ന് രഹസ്യമായി നിരീക്ഷിക്കണമെന്ന നിർദേശം ദൂതൻ ഉള്ളിൽ സൂക്ഷിച്ചു.
നിസ്‌കാരം കഴിഞ്ഞു. പണസഞ്ചി തുറന്ന് അതു മുഴുവൻ ജീവിക്കാൻ വഴിയില്ലാത്തവർ, അഗതികൾ, യാത്രക്കാർ എന്നിവർക്കായി വീതിച്ചു കൊടുത്തു. ഒരു നാണയം പോലും സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചില്ല.
അത്ഭുതം കൂറിയ ദൂതൻ സമ്മതം ചോദിച്ചു മടങ്ങിപ്പോയി. സംഭവം കേട്ട ഉമർ(റ)ന്റെ സന്തോഷത്തിന് അതിരില്ലാതായി. കൺതടം തുളുമ്പി. അദ്ദേഹം പറഞ്ഞു:
‘അൽഹംദുലില്ലാഹ്, ഇസ്‌ലാമിൽ ഇപ്രകാരം പ്രവർത്തിക്കുന്ന സുകൃതരെ കാണിച്ചുതന്ന നിനക്കു സ്തുതി.’
ഇതേ പരീക്ഷണം മുആദ്(റ)യിൽ നടത്തിയപ്പോൾ അദ്ദേഹവും വിജയിയായി. പക്ഷേ, തന്റെ ഭാര്യയുടെ ഒരാവശ്യം നിറവേറ്റാൻ കുറച്ച് കാശ് അദ്ദേഹം എടുത്തിരുന്നു.
ഹിജ്‌റ 17-ന്റെ അവസാനം. ശാം നാടുകളിൽ പടർന്നുപിടിച്ച മഹാമാരിയാണ് ‘അമവാസ് പ്ലേഗ്’. ഫലസ്തീനിലെ കൊച്ചു ഗ്രാമമായ അമവാസിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ആ പേരിൽ അതറിയപ്പെട്ടു. അസഹ്യമായ ശരീരവേദനയാണ് രോഗ തുടക്കം. തുടർന്ന് പനി ബാധിച്ചു മരിച്ചുവീഴുന്നു.
കാറ്റിനേക്കാൾ വേഗത്തിൽ രോഗം പടർന്നുപിടിച്ചു. മുപ്പതിനായിരത്തിലധികം ജനങ്ങൾ മരിച്ചുവീണു. രോഗത്തിന്റെ ഭീകരതയും വ്യാപനവും തിരിച്ചറിഞ്ഞ ഖലീഫ അതീവ ദുഃഖിതനായി. വിലയേറിയ ജീവനുകൾ അതിൽപെട്ടുപോകുന്നുവല്ലോയെന്നായിരുന്നു ഭീതി. അസ്വസ്ഥനായ ഉമർ(റ) അബൂ ഉബൈദ(റ)ക്ക് ഒരു കത്തെഴുതി.
ശാമിലെത്തിയ കത്ത് അബൂ ഉബൈദ(റ) വായിച്ചു:
‘താങ്കൾക്കു സലാം. എനിക്കു നിങ്ങളെ നേരിൽ കാണേണ്ട ഒരത്യാവശ്യമുണ്ട്. അതിനാൽ കത്ത് കിട്ടിയെ ഉടനെ പുറപ്പെടുക.’
അബൂഉബൈദ(റ)ന് ഖലീഫയുടെ ലക്ഷ്യം മനസ്സിലായി. അദ്ദേഹം ഇങ്ങനെ മറുപടിയെഴുതി:
‘അങ്ങേക്കു സലാം, അമീറുൽ മുഅ്മിനീൻ. അല്ലാഹു അങ്ങേക്ക് മാപ്പുതരട്ടെ. അങ്ങയുടെ ആഗ്രഹം കത്തിലെ വരികൾക്കിടയിൽ ഞാൻ വായിച്ചു. ഞാൻ മുസ്‌ലിം സൈനികർക്കിടയിലെ ഒരാളാണല്ലോ. ഓരോ നിമിഷവും മരണം മുന്നിൽ കാണുന്ന രോഗത്തിന്റെ കരാള ഹസ്തത്തിനു അവരെ വിട്ടുകൊടുത്ത് ഞാൻ മാത്രം രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹുവിന്റെ വിധി എന്താണോ അതെനിക്കും അവർക്കും വന്നുകൊള്ളട്ടെ. ക്ഷമാപണത്തോടെ അങ്ങയുടെ ഉത്തരാധികാരി അബൂ ഉബൈദ.’
മറുപടി വായിച്ച് ഖലീഫയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മുഖം വിവർണമായി. സ്വഹാബികൾ ഉമർ(റ)ന്റെ അടുത്തെത്തി ചോദിച്ചു:
‘അമീറുൽ മുഅ്മിനീൻ, അബൂ ഉബൈദ വഫാത്തായോ, എന്താണ് അങ്ങ് കരയുന്നത്?’
‘ഇല്ല, മരണപ്പെട്ടിട്ടില്ല. എന്നാൽ അതിനോടടുത്തിരിക്കുന്നു.’
ജനങ്ങളിലൊരാളായി ജീവിച്ച അബൂഉബൈദ(റ) അവർക്കൊപ്പം പരലോകം പൂകി. ഹിജ്‌റ പതിനെട്ടിന്റെ ആരംഭത്തിൽ അമ്പത്തിയെട്ടാമത്തെ വയസ്സിലായിരുന്നു അത്.
* * *
അബൂ ഉബൈദ(റ)യുടെ മഖാം സിയാറത്തിനു ശേഷം ഞങ്ങൾ സമീപത്ത് മറപ്പെട്ട നിരവധി സ്വഹാബിമാരുടെ മഖാമുകളിലേക്ക് നീങ്ങി. അവരിൽ പലരും പ്ലേഗിൽ മരണപ്പെട്ടവർ തന്നെ. യർമൂഖ് സമരമുഖത്ത് വീരേതിഹാസം രചിച്ച പ്രമുഖ സ്വഹാബിമാരാണ് അവരും. ഏതാണ്ട് അമ്പത് കീലോമീറ്റർ ചുറ്റളവിലായി നിരവധി പ്രമുഖരുടെ മഖ്ബറകൾ കാണാം. ശുറഹ്ബീൽ ഹസന(റ), മുആദ്ബ്‌നു ജബൽ(റ), അബ്ദുറഹ്മാനുബ്‌നു മുആദ്(റ), ളിറാറുബ്‌നു അസ്‌വർ(റ) എന്നിവർ അവരിൽ ചിലരാണ്.

 

Exit mobile version