ഉര്‍വത് ബിനു സുബൈര്‍(റ)

ഡമസ്കസിലെ വലീദ് രാജാവിന്‍റെ കൊട്ടാരത്തിലേക്ക് ഒരു മധ്യവയസ്കന്‍ കടന്നുവന്നു. ഇടതൂര്‍ന്നു വളര്‍ന്ന താടിയും തലപ്പാവും. ആഗതന്‍ വലീദിനെ കണ്ടമാത്രയില്‍ ചെറുചിരിയോടെ ചോദിച്ചു:

ഓര്‍മയുണ്ടോ..?

‘ഉണ്ടല്ലോ’

പരിചയ ഭാവത്തോടെ വലീദ് പറഞ്ഞു.

‘മദീനാ ശരീഫിലെ പ്രശസ്തരും പ്രഗത്ഭരുമായ പണ്ഡിതരില്‍ ഒരാളല്ലേ താങ്കള്‍?’

‘ഉം..’ ആഗതന്‍ ഒന്നുമൂളി.

‘ഇനിയുമുണ്ട് താങ്കളെ ഓര്‍ക്കാന്‍ ചിലത്. ഭരണസാരഥ്യം ഏറ്റെടുത്ത ഉടനെ മദീനയിലെ പത്ത് പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തി അവരോട് ഞാന്‍ പറഞ്ഞു: മത കാര്യങ്ങളില്‍ വല്ല വീഴ്ചയും എനിക്കു പറ്റിയാല്‍ നിങ്ങളെന്നെ തിരുത്തണം! ആ സംഘത്തിലെ ഒരാളായിരുന്നല്ലോ താങ്കള്‍.’

യാത്ര ചെയ്ത് ക്ഷീണിച്ച ആഗതന്‍റെ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു. അദ്ദേഹം തലയാട്ടി.

വലീദ് സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.

‘താങ്കള്‍ കവിയാണ്. കാവ്യശാസ്ത്രത്തിന്‍റെ ദാഹം തീര്‍ത്ത അറബി കവി. ചരിത്ര പണ്ഡിതന്‍, കര്‍മശാസ്ത്ര വിശാരദന്‍, നബി ശിഷ്യന്മാരായ സ്വഹാബികളില്‍ ചിലര്‍ വരെ സംശയം തീര്‍ക്കാന്‍ സമീപിച്ചിരുന്ന മഹാന്‍, പാതിരാവുകളില്‍ ഉറക്കമൊഴിച്ച് ഇബാദത്തെടുക്കുന്ന ഭക്തന്‍, മുക്കിയാല്‍ വറ്റാത്ത വിജ്ഞാന സമുദ്രം.’

ആഗതന്‍ ഉര്‍വത്തുബിന്‍ സുബൈര്‍(റ) ആയിരുന്നു.

ഖലീഫ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു. ഉര്‍വത്ത്(റ) നീരുവന്ന് വീര്‍ത്ത കാലുവലിച്ച് അകത്തേക്ക് കയറി. വലീദ് വാത്സല്യത്തോടെയും അതിരറ്റ ആദരവോടെയും അദ്ദേഹത്തെ ചേര്‍ത്തണച്ചു.

സുഖമല്ലേ താങ്കള്‍ക്ക്?

പന്തിയല്ലാത്ത ചെറുചിരിയോടെ ഉര്‍വത്ത് തലയാട്ടി.

‘യാത്രയില്‍ പ്രത്യേകം വല്ല ഉദ്ദേശ്യവും?’

ഉര്‍വത്ത്(റ)ന്‍റെ ചുണ്ടുകള്‍ വിറച്ചു. അദ്ദേഹം ചില വേദനകള്‍ തുറന്നു പറഞ്ഞു.

ശിഷ്യര്‍ക്കൊപ്പമുള്ള യാത്രയില്‍ എന്‍റെ കാലില്‍ ചെറിയൊരു വിഷമം നേരിട്ടിട്ടുണ്ട്. യാത്ര വാദില്‍ ഖുറായില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

വലീദിന്‍റെ മുഖത്ത് ജിജ്ഞാസ വര്‍ധിച്ചു. ബാക്കി കേള്‍ക്കാന്‍ അദ്ദേഹം കാത് കൂര്‍പ്പിച്ചു.

കാല്‍പാദത്തില്‍ ചെറിയ കുരുക്കളാണ് ആദ്യം കണ്ടത്. അനുനിമിഷം അത് വലുതായി. ക്രമേണ കാല്‍തണ്ടയിലേക്ക് വ്യാപിച്ചു.

ദുഃഖിതനായ വലീദ് ഉടനെ കൊട്ടാര വൈദ്യന്മാരെയും ഡമസ്കസിലെ അറിയപ്പെട്ട ഭിഷഗ്വരന്മാരെയും വിളിച്ചുവരുത്തി. വൈദ്യന്മാര്‍ മാറിമാറി ഉര്‍വത്(റ)ന്‍റെ കാല്‍ പരിശോധിച്ചു. അവര്‍ ഏകകണ്ഠമായി ആ സത്യം പറഞ്ഞു:

‘ഖലീഫാ, കാലിലെ പഴുപ്പ് ഇവിടെ നില്‍ക്കില്ല. ഇത് ദ്രുതഗതിയില്‍ കാല്‍മുട്ടിലേക്കും തുടര്‍ന്ന് ശരീരത്തിലേക്കും വ്യാപിച്ചേക്കും. അതിനാല്‍ എത്രയും വേഗം ഈ കാല്‍ മുട്ടിനുതാഴെ മുറിച്ചു കളയണം.’

ചുറ്റും കൂടിയിരുന്നവര്‍ പരസ്പരം നോക്കി. വൈദ്യന്മാരുടെ ദീനമുഖം ഒരിക്കല്‍ കൂടി ഉര്‍വത്ത്(റ) കണ്ടു. പക്ഷേ, അദ്ദേഹത്തിന് യാതൊരു കുലുക്കവുമില്ല. അചഞ്ചലമായ ഹൃദയം. ഭാവമാറ്റമില്ലാത്ത മുഖം. മിഴികളില്‍ വെളിച്ചം, പൂവിടരുംപോലെ ചുണ്ടുകളില്‍ പുഞ്ചിരി. അല്ലാഹുവിന്‍റെ വിധിയില്‍ ക്ഷമ.

‘കാല്‍ നീട്ടിത്തരാം, നിങ്ങള്‍ മുറിച്ചോളൂ’ ഉര്‍വത്ത്(റ) നിസ്സങ്കോചം വൈദ്യന്മാരോടായി പറഞ്ഞു.

തീക്ഷ്ണതയോടെയാണ് അതവര്‍ ശ്രവിച്ചത്. എങ്ങനെ ഇത് പ്രയോഗവത്കരിക്കും. പച്ചമനുഷ്യന്‍റെ കാല്‍ ഈര്‍ച്ചവാള്‍ കൊണ്ട് മുറിക്കണം. കഠിന വേദന അദ്ദേഹത്തിനു സഹിക്കാനാകുമോ?

രോഗിയെ മയക്കിക്കിടത്താതെ കൃത്യം നിര്‍വഹിക്കാനാകില്ല. മയക്കുമരുന്നായി കൊടുക്കാനൊന്നുമില്ല. ഇനി എന്തു ചെയ്യും?

അവസാനം മനമില്ലാ മനസ്സോടെ അവര്‍ പറഞ്ഞൊപ്പിച്ചു:

‘ഗുരോ, അങ്ങ് അല്‍പം മദ്യം സേവിക്കണം. അപ്പോള്‍ മയക്കം വരും. വേദനയറിയാതെ ഞങ്ങള്‍ കാല്‍ വെട്ടിമാറ്റാം.’

ഒരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം.

ഞാനതിന് ഒരുക്കമല്ല. സത്യവിശ്വാസിയായ ഒരാള്‍ മദ്യപിച്ചു മയക്കം വരുത്തുമോ? അല്ലാഹുവിന്‍റെ ദിക്റാണ് എന്‍റെ മയക്കുമരുന്ന്. ദിക്റില്‍ ലയിച്ചാല്‍ മറ്റൊന്നും ഞാനറിയില്ല. അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, സുഖമായി മുറിച്ചോളൂ. ഞാന്‍ ദിക്ര്‍ ചൊല്ലി നിന്നോളാം.

* * *

വലീദ് ആലോചനയില്‍ മുഴുകി.

തന്‍റെ പിതാവ് അബ്ദുല്‍ മലിക് രാജ്യം ഭരിക്കുന്ന കാലം. അന്നൊരു നാള്‍ ഇദ്ദേഹം കൊട്ടാരത്തില്‍ വിരുന്നുകാരനായെത്തി. പിതാവ് സാദരം സ്വീകരിച്ചു. രാജധാനിയില്‍ തന്നെ ഇരുത്തി. അപ്പോഴേക്കും മന്ത്രിമാര്‍, കൊട്ടാര കവികള്‍, പരിവാരം, പട്ടാള മേധാവികള്‍ എല്ലാം അണിനിരന്നു.

സ്നേഹസംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രാഷ്ട്രീയ കാര്യങ്ങളിലേക്ക് ചര്‍ച്ച വഴിമാറി. അതിനിടയില്‍ ബനൂ ഉമയ്യ ഭരണകൂടത്തെ പിന്തുണക്കാതെ മക്ക-മദീന കേന്ദ്രമായി സ്വതന്ത്ര ഭരണം സ്ഥാപിച്ച അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ കുറിച്ച് പരാമര്‍ശമുണ്ടായി. ഉര്‍വത്(റ)ന്‍റെ ജ്യേഷ്ഠനായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ശവംതീനി പക്ഷികളെപ്പോലെ കൂടിയിരുന്നു അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ അവര്‍ കൊത്തിവലിക്കാന്‍ തുടങ്ങി.

ഉര്‍വത്ത്(റ)ന് അത് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരെ ശക്തമായ ഭാഷയില്‍ തിരുത്തുക തന്നെ ചെയ്തു.

രാജാവ് അബ്ദുല്‍ മലികിന്‍റെ പിന്തുണ കൊട്ടാര ജീവനക്കാര്‍ക്കായിരുന്നു. രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയ ഉര്‍വത്ത്(റ) അവിടെ നിന്നിറങ്ങിപ്പോന്നു. അന്ന് പിതാവ് വേദനിപ്പിച്ചു വിട്ട അതിഥി. ഇപ്പോഴിതാ തന്‍റെ കൊട്ടാരത്തില്‍ യാദൃച്ഛികമാണെങ്കിലും മറ്റൊരു വേദനയുമായി കഴിയുന്നു.

ഓര്‍മകള്‍ കൊണ്ട് വലീദിന്‍റെ മനസ്സ് ഉഷ്ണിക്കാന്‍ തുടങ്ങി. അപ്പോഴാണ് കൂനിേന്മല്‍ കുരു എന്ന മട്ടില്‍ മറ്റൊരു ദുരന്ത വാര്‍ത്ത ഭൃത്യന്‍ അറിയിച്ചത്.

ഉര്‍വത്ത്(റ)ന്‍റെ മകന്‍ മുഹമ്മദ് കൊട്ടാരത്തിലെ വളര്‍ത്തു മൃഗങ്ങളെ കണ്ടു നടക്കുന്നതിനിടയില്‍ ഒരു കുതിരയുടെ ചവിട്ടേറ്റു മരണപ്പെട്ടിരിക്കുന്നു. വിവരം കേട്ടപാടെ വലീദ് കുതിരാലയത്തിലേക്കോടി. ചോരയില്‍ കുതിര്‍ന്ന മുഹമ്മദിന്‍റെ ശരീരം നെഞ്ചോടമര്‍ത്തി.

കാല് മുറിക്കപ്പെട്ട വേദനയില്‍ കഴിയുന്ന ഉര്‍വത്ത്(റ) ഈ വാര്‍ത്ത എങ്ങനെയാണ് സ്വീകരിക്കുക?

ഖലീഫയുടെ ഹൃദയം പിടച്ചു.

തിളച്ച സൈത്തെണ്ണയില്‍ മുക്കിയ കാല്‍മുട്ടിലെ മുറിവായില്‍ നിന്ന് രക്തവും നീരും കിനിഞ്ഞുകൊണ്ടിരുന്നു. ഛേദിക്കപ്പെട്ട കാല്‍ ഒരു തളികയില്‍ വെച്ച് ഉര്‍വത്ത്(റ)ന്‍റെ മുന്നില്‍ ഹാജറാക്കി. ഒപ്പം മകന്‍ മുഹമ്മദിന്‍റെ മരണവാര്‍ത്തയും.

ഒരു നെടുവീര്‍പ്പോടെ അദ്ദേഹം മൗനിയായി. പരിഭവമില്ലാതെ ‘ഇന്നാലില്ലാഹി…’ മൊഴിഞ്ഞു.

അല്ലാഹു എനിക്ക് രണ്ടു കാലുകള്‍ നല്‍കി. അതില്‍ ഒന്നല്ലേ കൊണ്ടുപോയുള്ളൂ. ഏഴു സന്താനങ്ങളെ നല്‍കി. ഒന്നിനെയല്ലേ മടക്കിവിളിച്ചിട്ടുള്ളൂ. അമിതമായി ദുഃഖിക്കാനെന്തിരിക്കുന്നു?

ഉര്‍വത്ത്(റ) ഒരു കവിത ആലപിച്ചു:

‘ഏതെങ്കിലും സദാചാര വിരുദ്ധ പ്രവൃത്തികളിലേക്ക് ഈ കാല്‍ കൊണ്ട് ഞാന്‍ നടന്നിട്ടില്ല. എന്‍റെ കണ്ണും കാതും ഖല്‍ബും അനാശാസ്യത്തിലേക്ക് പോയിട്ടില്ല. ജീവിതത്തില്‍ ചെയ്തുപോയ ഏതോ തെറ്റിന്‍റെ തിക്തഫലമാണ് ഈ അത്യാഹിതങ്ങളെന്ന് കരുതുന്നുമില്ല. ജനിച്ചാല്‍ ഒരുനാള്‍ മരിക്കും. തീര്‍ച്ച, അവയവങ്ങള്‍ നല്‍കിയ ഉടമസ്ഥന്‍ അല്ലാഹുവാണ്. അവനാണ് മുറിപ്പിച്ചത്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കാവുന്ന കേവല മുസ്വീബത്തുകള്‍ മാത്രം.’

അപകടത്തില്‍ മരണപ്പെട്ട മകന്‍ മുഹമ്മദിന്‍റെ ചേതനയറ്റ ശരീരം നോക്കി ഉര്‍വത്ത്(റ) സമാധാനം കൊണ്ടു.

തന്നവനല്ലാഹു, മടക്കിയതും അവന്‍ തന്നെ.

ആള്‍ക്കൂട്ടത്തിലേക്ക് വേച്ചുവേച്ച് വന്ന അദ്ദേഹം മകന്‍റെ മയ്യിത്തിനരികില്‍ ഇരുന്നു. പ്രാര്‍ത്ഥനാപൂര്‍വം യാത്ര പറഞ്ഞു. ഒരിക്കലും മടങ്ങാത്ത യാത്ര!

ഹിജ്റാബ്ദം ഇരുപത്തിമൂന്നിന് ജനിച്ച താബിഈ പ്രമുഖനാണ് ഉര്‍വത്ത്(റ). സുബൈറുബ്നുല്‍ അവ്വാമി(റ)ന് സിദ്ദീഖ്(റ)യുടെ മകള്‍ അസ്മാഅ് ബീവിയല്‍ ജനിച്ച സന്തതി. വിജ്ഞാന കുതുകിയായ അദ്ദേഹം എഴുപതാമത്തെ വയസ്സിലാണ് വഫാത്തായത്.

 

പിഎസ്കെ മൊയ്തു ബാഖവി

Exit mobile version