ഉള്ളും പുറവും ശുദ്ധിവരുത്തുക

സമയോചിതമായി പ്രവർത്തിക്കുന്നത് കൂടുതൽ ഫലപ്രദമാവുമെന്നാണല്ലോ അനുഭവം. ഓരോന്നിനും ഓരോ സമയമുണ്ടെന്ന് പറയാറുണ്ട്. പുണ്യങ്ങൾ വാരിക്കൂട്ടാനുള്ള ഉചിതമായ സമയമാണ് നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്.

റമളാൻ മാസം നന്മകളുടെ വിത്തിറക്കാനും വിളവെടുക്കാനുമൊക്കെയുള്ള സമായമാണെന്ന് നാം മറക്കാതിരിക്കണം. ജാഗ്രതയോടെ ഇരിക്കുകയും വേണം. വൈകി ഉദിക്കുന്ന ബോധം ആക്ഷേപാർഹമാണല്ലോ. അതിന്റെ നഷ്ടങ്ങൾ പലതും അപരിഹാര്യമായിത്തന്നെ നിലകൊള്ളും. ദൃഢമായ തീരുമാനങ്ങൾ കൈകൊള്ളുകയാണ് നാം ചെയ്യേണ്ടത്. പതിവായി ചെയ്യുന്നതിനപ്പുറത്തുള്ള കുറെ നന്മകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കി വെക്കണം. ആലസ്യത്തിലും ദേഹേച്ഛയിലും വീണുടയുന്ന നന്മകളെ പ്രത്യേകം നിരീക്ഷിക്കണം. ജമാഅത്തായുള്ള നിസ്‌കാരം, തഹജ്ജുദ്, മറ്റുള്ള സുന്നത്ത് നിസ്‌കാരങ്ങൾ ഇവകളെല്ലാം നിരീക്ഷിക്കണം. അതോടൊപ്പം തെറ്റുകളുടെ കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടാവാതിരിക്കണം. വിശുദ്ധ മാസത്തിലെ ചെറിയ തെറ്റും വലുതാണ്. നാവും കണ്ണുമാണ് പ്രധാന വില്ലന്മാർ. നല്ല ശ്രദ്ധയില്ലെങ്കിൽ ഹൃദയത്തിൽ ഇരുട്ട് പരത്താനും റമളാന്റെ ശോഭ കെടുത്താനും ഇവ തന്നെ മതിയാവും.

റമളാനിലെ ഏറ്റവും പ്രതിഫലാർഹമായ സുകൃതമാണ് നോമ്പ്. നിയന്ത്രണമാണ് നോമ്പ്. ക്രോധം, മോഹം, പൂതികൾ എല്ലാം നിയന്ത്രിക്കാനായാൽ നോമ്പ് സാർഥകമായി. അല്ലാതെ പോയാൽ ആത്മാവ് നഷ്ടപ്പെട്ട നോമ്പാകും. പട്ടിണി മാത്രമായിരിക്കും ശിഷ്ടം. ആത്മാവ് നഷ്ടപ്പെട്ട നോമ്പിന് പ്രതിഫലം തടയപ്പെടും, മുഖത്തേക്ക് വലിച്ചെറിയപ്പെടും. അനിയന്ത്രിതമായ നാവാണ് പലപ്പോഴും നോമ്പിന്റെ അന്തഃസത്തയെ കവർന്നെടുക്കുക. നിന്റെ നാവിനെ കരുതിയിരിക്കണമെന്ന തിരുവചനം ഈ ഘട്ടത്തിലെങ്കിലും ഓർമിച്ചേ പറ്റൂ.

അല്ലാഹുവിന് വേണ്ടി വിശപ്പും ദാഹവും മാത്രമല്ല, വികാരങ്ങളെയും നിയന്ത്രിക്കുന്നതിലൂടെ ഉണ്ടാകുന്ന ആത്മനിർവൃതിയാണ് നോമ്പുകാരന്റെ സന്തോഷം. യജമാനനെ കാണുന്ന അസുലഭ സന്ദർഭമാണ് നോമ്പുകാരന്റെ സന്തോഷ മുഹൂർത്തമെന്ന് തിരുനബി(സ്വ) നമ്മെ ഉണർത്തിയിട്ടുണ്ട്. ഉള്ളും പുറവും ശുദ്ധിവരുത്തുന്നതിനായി ഈ വ്രതകാലത്തെ നാം വിരുന്നൂട്ടുക.

ഹാദി

Exit mobile version