അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ കൗസറിലെ രണ്ടാമത്തെ ആയത്തും ചില ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായമനുസരിച്ച് ഇരുപത്തിരണ്ടാം അധ്യായത്തിലെ (സൂറത്തുൽ ഹജ്ജ്) 36,37 ആയത്തുകളും ബലികർമത്തിന് തെളിവാണ്.
ബലികർമം നടത്തുന്നതിനേക്കാൾ അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊരു കാര്യവും പെരുന്നാൾ ദിനത്തിൽ മനുഷ്യന് ചെയ്യാനില്ല എന്ന ആശയം വരുന്ന ഹദീസും അതിനു തെളിവുതന്നെ.
നബി(സ്വ)യെ സംബന്ധിച്ചിടത്തോളം നിർബന്ധവും നമുക്ക് സുന്നത്തുമാണ് ബലിദാനം. ഇമാം തിർമുദി(റ) റിപ്പോർട്ട് ചെയ്ത, ‘എന്നോട് ബലികർമം നടത്താൻ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു, നിങ്ങൾക്കത് സുന്നത്താണ്’ എന്ന ഹദീസും ഇമാം കുതുബി ഉദ്ധരിച്ച ബലികർമം എനിക്ക് നിർബന്ധമാക്കപ്പെട്ടു, നിങ്ങൾക്ക് നിർബന്ധമില്ല എന്നർത്ഥം വരുന്ന ഹദീസും പ്രസ്തുത നിയമത്തിനു തെളിവാണ്.
തന്റേടമുള്ള സ്വതന്ത്രനായ ഇസ്‌ലാമിക നിയമങ്ങൾ ബാധകമായ അറുക്കാൻ കഴിവുള്ള എല്ലാ മുസ്‌ലിമും അത് നിർവഹിക്കണം.
ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ എല്ലാവർക്കും സുന്നത്ത് കിഫായയാണ്. അവരിൽ പെട്ട മേൽപറഞ്ഞ വിശേഷണങ്ങളുള്ള ഒരാൾ ചെയ്താൽ എല്ലാവരുടേയും ബാധ്യത ഒഴിവാകും. പക്ഷേ അറുക്കുന്ന ആൾ പ്രതിഫലത്തിൽ മറ്റുള്ളവരെയും പങ്കുചേർത്തില്ലെങ്കിൽ അവനു മാത്രമേ കിട്ടൂ. പ്രതിഫലത്തിൽ മറ്റുള്ളവരെ പങ്കുചേർക്കാൻ അവന് പറ്റുമെന്ന് നിഹായ പോലുളള കിതാബുകളിൽ നിന്ന് മനസ്സിലാക്കാം. നിഹായ 8/11-ൽ പറയുന്നു: അറുക്കുന്നവന് മറ്റുള്ളവരെ കൂലിയിൽ പങ്കുചേർക്കാം. കാരണം നബി(സ്വ) മിനയിൽ വെച്ച് തന്റെ പത്‌നിമാർക്കുവേണ്ടി ഒരു പശുവിനെ ബലിയറുത്തു. ഞങ്ങളിൽ ഒരാൾ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ബലിയറുക്കാറുണ്ടായിരുന്നു എന്ന് അബൂഅയ്യൂബുൽ അൻസ്വാരി(റ) എന്ന സ്വഹാബിയിൽ നിന്ന് സ്വഹീഹായ പരമ്പര വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഒരു വീട്ടുകാർ എന്നാൽ സാധാരണക്കാരുടെ കാഴ്ചപ്പാടിൽ ഒറ്റ വീട്ടുകാർ എന്ന് പറയപ്പെടുന്നവരാണെന്നാണ് പണ്ഡിത പരാമർശങ്ങളിൽ നിന്ന് ഗ്രഹിക്കാനാവുക. അവരിൽ ചിലർ താൻ ചെലവിന് കൊടുക്കൽ നിർബന്ധമില്ലാത്തവരാണെങ്കിലും ഒരാൾ ചെയ്താൽ മതിയാകുമെന്നാണ് സുന്നത്ത് കിഫായത്ത് എന്നതിന്റെ താൽപര്യമെന്ന് ശറഹുൽ ഇർശാദിൽ പറഞ്ഞുകാണാം. അതു തന്നെയാണ് ഇവിടെയും അവലംബിക്കേണ്ടത് (ശർവാനി 9/348).
ബലികർമം ഉദ്ദേശിക്കുന്നവന് സുന്നത്തായ കാര്യങ്ങൾ
നഖം, മുടി, രക്തം, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങൾ എന്നിവ ദുൽഹിജ്ജ ഒന്നുമുതൽ അറവു കഴിയുന്നത് വരെ നീക്കാതിരിക്കൽ സുന്നത്താണ് (രക്തത്തിന്റെ കാര്യത്തിൽ ചില പണ്ഡിതർക്ക് അഭിപ്രായ വ്യത്യാസമുണ്ട്). ഇവയെല്ലാം നീക്കൽ ഹറാമാണെന്ന അഭിപ്രായക്കാരുമുണ്ട്. ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) ഈ അഭിപ്രായക്കാരനാണ്. എന്നാൽ നീക്കേണ്ട ആവശ്യം നേരിട്ടാൽ ഈ നിയമം ബാധകമല്ല. കട്ടവന്റെ കൈ മുറിക്കൽ പോലെ നിർബന്ധവും കുട്ടിയുടെ ചേലാകർമം പോലെ സുന്നത്തും വേദനയുള്ള പല്ലുപറിക്കൽ പോലെ ഹലാലുമാകുന്നത് ഉദാഹരണം.
ഒരാൾക്ക് ഒന്നിൽ കൂടുതൽ ഉള്ഹിയ്യത്ത് ഉണ്ടെങ്കിൽ പ്രബലമായ അഭിപ്രായമനുസരിച്ച് ആദ്യത്തേതിനെ അറുക്കുന്നതോടെ കറാഹത്ത് നീങ്ങുമെങ്കിലും എല്ലാം അറുക്കുന്നതുവരെ ഒന്നും നീക്കാതിരിക്കലാണ് ഉത്തമം (ശർവാനി 9/348).
ഉള്ഹിയ്യത്ത് മൃഗങ്ങൾ
മനുഷ്യൻ വളർത്തുന്ന പശുവർഗം, ഒട്ടകം, ആട് എന്നിവയല്ലാതെ മറ്റൊന്നും ഉള്ഹിയ്യത്തിന് പറ്റുകയില്ല (തുഹ്ഫ 9/234). നെയ്യാട് വർഗത്തിൽ പെട്ടതാകുമ്പോൾ ഒരു വയസ്സ് പൂർത്തിയാവുകയോ അല്ലെങ്കിൽ ആറുമാസത്തിന് ശേഷം സ്വാഭാവികമായി പല്ല് പറിയുകയോ ചെയ്താൽ അതുമതിയാകും. ആണാടും പെണ്ണാടും മതിയാകുമെങ്കിലും കൂടുതലായി ഇണചേരുന്ന ആണാടിനേക്കാൾ നല്ലത് പെണ്ണാടാണ്. കോലാടാണെങ്കിൽ രണ്ടു വയസ്സ് പൂർത്തിയാകണം.
ഒരാട് ഒരാൾക്കേ ഉള്ഹിയ്യത്താക്കാൻ പറ്റൂ. എന്നാൽ കൂലിയിൽ മറ്റുള്ളവരെയും പങ്കുചേർക്കാം. നബി(സ്വ) രണ്ടാടുകളെ അറുക്കുകയും അല്ലാഹുവേ, മുഹമ്മദ് നബിയിൽ നിന്നും സമുദായത്തിൽ നിന്നും നീ ഇത് സ്വീകരിക്കണമെന്ന് ദുആ ചെയ്യുകയുമുണ്ടായി (ബാജൂരി 558).
അറുക്കപ്പെടുന്ന ജീവി നിശ്ചിതമാക്കൽ നിർബന്ധമാണ്. രണ്ടാളുകൾ ചേർന്ന് രണ്ടാടുകളെ വാങ്ങുകയും ഓരോരുത്തരുടേത് ഇന്ന ആടാണെന്ന് തിട്ടപ്പെടുത്താതെ അറുക്കുകയും ചെയ്താൽ അത് ഉള്ഹിയ്യത്തായി പരിഗണിക്കുകയില്ല. നമ്മുടെ നാടുകളിൽ സംഘടിതമായി അറുക്കുന്ന ഉള്ഹിയ്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. കുറേ മൃഗങ്ങളെ ഒരു സംഘമാളുകൾ പണം മുടക്കി വാങ്ങികൊണ്ടുവന്ന് അതിൽ നിന്ന് ഇന്ന മൃഗം ഇന്ന ആളുടേതെന്ന് കണക്കാക്കി വില നിശ്ചയിക്കാതെ മൊത്തം വില നിശ്ചയിച്ച് ഓഹരി ചെയ്താൽ ശരിയാവുകയില്ല.
പശു (ഇതിൽ കാള, പോത്ത്, എരുമ എന്നിവയെല്ലാം പെടും) ഒട്ടകം എന്നിവ ഒരാൾ മുതൽ ഏഴാൾക്ക് വരെ മതിയാകും. സ്വന്തമായി ഒരാടിനെ അറുക്കലാണ് ഒരു ഒട്ടകത്തിലോ മറ്റോ പങ്കുചേരുന്നതിനേക്കാൾ നല്ലത്. പങ്കുചേരുന്ന വിഹിതം ഒരാടിനേക്കാൾ കൂടുതലായാലും ശരി.
ഒന്നിൽ കൂടുതൽ ആളുകൾ ഒരു ജീവിയിൽ പങ്കുചേരുമ്പോൾ ഓരോരുത്തരുടെയും വിഹിതത്തിൽ നിന്ന് ഒരു ഫഖീറിനെങ്കിലും സ്വദഖ ചെയ്യൽ നിർബന്ധമാണ്. ആരുടെയെങ്കിലും വിഹിതത്തിൽ നിന്ന് ഒരു ഫഖീറിനെങ്കിലും സ്വദഖ കിട്ടിയില്ലെങ്കിൽ അയാളുടെ ഉള്ഹിയ്യത്ത് വീടുകയില്ല. ബാക്കിയുള്ളവരുടേതിന് കുഴപ്പമില്ല. കാരണം ഓരോ ഓഹരിയും ഓരോ ഉള്ഹിയ്യത്തായാണ് പരിഗണിക്കുക.
ഒന്ന് കൊണ്ട് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുമ്പോൾ ഒരു ഒട്ടകമാണ് നല്ലത്. പിന്നെ പശു, അതുകഴിഞ്ഞാൽ നെയ്യാട്, ശേഷം കോലാട്. ഒരു ഒട്ടകത്തെയോ ഒരു പശുവിനെയോ അറുക്കുന്നതിനേക്കാൾ നല്ലത് ഏഴ് ആടുകളെ അറുക്കലാണ്. ഒട്ടകത്തിൽ ഒരു വിഹിതം ചേരുന്നതിനേക്കാൾ നല്ലത് ഒരു ആടിനെ അറുക്കലും.
അറവ്
കഴിയുമെങ്കിൽ പുരുഷന്മാർ സ്വന്തം ഉള്ഹിയ്യത്ത് അറുക്കലാണ് സുന്നത്ത്. പുരുഷന്മാരല്ലാത്തവർ മറ്റുള്ളവരെ ഏൽപ്പിക്കലാണ് നല്ലത്. അറുക്കാൻ പ്രയാസമായവരും മറ്റുള്ളവരെ ഏൽപ്പിക്കലാണ് സുന്നത്തെന്നും അതുപോലെ അന്ധനും അറുക്കൽ കറാഹത്തുള്ളവനും ഏൽപ്പിക്കൽ ശക്തിയായ സുന്നത്താണെന്നും ഇമാം അദ്‌റഈ(റ) പറഞ്ഞിരിക്കുന്നു (ശർവാനി 9/348).
നിയ്യത്ത്
ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ച ചെയ്ത് മാറ്റിവെച്ച മൃഗത്തെ അറുക്കുമ്പോൾ വേറെ നിയ്യത്ത് നിർബന്ധമില്ല. താഴെ പറയുന്നവയിൽ അറുക്കുന്ന സമയത്തോ നേർച്ചയാക്കിയത് ഇതാണെന്ന് തീരുമാനിക്കുമ്പോഴോ നിയ്യത്ത് നിർബന്ധമാണ്.
1. ഇത് ഉള്ഹിയ്യത്താണെന്ന് പറയൽകൊണ്ട് നിർബന്ധമായ ജീവി.
2. നേരത്തെ മൃഗം ഏതെന്ന് നിർണയിക്കാതെ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ നേർച്ചയാക്കുകയും പിന്നീട് നിശ്ചയിക്കപ്പെട്ട ആ ജീവി ഇതാണെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തത്.
3. സുന്നത്തായ ഉള്ഹിയ്യത്ത് മൃഗം.
അറുക്കാൻ വക്കാലത്താക്കിയിട്ടില്ലെങ്കിലും വകതിരിവുള്ള ഒരു മുസ്‌ലിമിനെ നിയ്യത്ത് ചെയ്യാൻ ഏൽപ്പിക്കാവുന്നതാണ്. അറുക്കാൻ വേണ്ടി ഒരാളെ ഏൽപ്പിക്കുകയാണെങ്കിൽ ഏൽപ്പിക്കുന്നവൻ നിയ്യത്ത് ചെയ്താൽ മതി, ഏൽപ്പിക്കപ്പെട്ടവൻ നിയ്യത്ത് ചെയ്യണമെന്നില്ല (ബാജൂരി 557).
ബലി മൃഗത്തെ നിർണയിക്കൽ
അല്ലാഹുവിന് വേണ്ടി ഈ ജീവിയെ ബലിയറുക്കൽ നിർബന്ധമാണ് എന്നോ അല്ലെങ്കിൽ ഇതിനെ ഞാൻ ഉള്ഹിയ്യത്ത് ആക്കി എന്നോ അല്ലെങ്കിൽ ഇത് ബലിമൃഗമാണ് എന്നോ ഒരാൾ പറഞ്ഞാൽ ആ മൃഗത്തിൽ നിന്ന് അവന്റെ ഉടമസ്ഥാവകാശം നീങ്ങുന്നതാണ്. മൃഗം ന്യൂനതകളുള്ളതാണെങ്കിലും ശരി. എന്നാൽ ബലിയറുക്കാൻ പറ്റാത്ത മാൻ പോലുള്ളവക്ക് ഈ നിയമം ബാധകമല്ല. ഉടമാവകാശം നീങ്ങിയ ജീവിയെ ബലിയറുക്കേണ്ട സമയത്ത് അറുക്കൽ നിർബന്ധാണ്. ബലി കർമത്തിന് ഉപയോഗിക്കാവുന്ന ജീവിയിൽ അതിന്റെ സാധുതയെ തടയുന്ന വല്ലതും പിന്നീടുണ്ടായാലും ഇതുതന്നെയാണ് നിയമം (തുഹ്ഫ 9/355).
നേരത്തെ പറഞ്ഞതു മനസ്സിൽ കരുതുന്നത് കൊണ്ട് പ്രയോജനമില്ല. ഉച്ചരിക്കുക തന്നെ വേണം. അങ്ങനെ ഉച്ചരിച്ചു കഴിഞ്ഞാൽ അതിനു വിപരീതമായി മനസ്സിൽ കരുതുന്നതിന് കുഴപ്പമില്ല. ഈ ജീവി ബലിയർപ്പിക്കാനുള്ളതാണെന്ന് ഒരാൾ പറയുകയും പിന്നീട് അത് സുന്നത്തായ ബലികർമമാണ് എന്നാണ് ഞാൻ കരുതിയത് എന്ന് പറയുകയും ചെയ്താൽ അതു സ്വീകരിക്കാമെന്ന് ഇമാം അദ്‌റഈ(റ) പറഞ്ഞുകാണാം.
അറവു മൃഗത്തെ തിട്ടപ്പെടുത്താതെ ബലികർമം നേർച്ചയാക്കുകയും പിന്നീട് ഇതാണ് ആ നേർച്ച മൃഗമെന്ന് നിശ്ചയിക്കുകയും ചെയ്താൽ അതിനെ നേർച്ചയാക്കിയതിനു ശേഷം വരുന്ന ബലിയറുക്കേണ്ട ആദ്യ സമയങ്ങളിൽ തന്നെ അറുക്കൽ നിർബന്ധമാണ്. നേർച്ചയാക്കിയവർ സമയം നിർണയിച്ച് ബലികർമം സ്വയം ഏറ്റെടുത്ത് നിർബന്ധമാക്കി എന്നതിനാലും അറുക്കപ്പെടുന്ന ജീവികളുടെ വ്യത്യാസമനുസരിച്ച് അതു കൊണ്ടുള്ള ഉപകാരത്തിലും വ്യത്യാസം ഉണ്ടാകുമെന്നതിനാലുമാണ് അതിനെ ആ സമയത്തു തന്നെ അറുക്കണമെന്നു പറഞ്ഞത്.
പണം സകാത്തായി കൊടുക്കുമ്പോൾ അത് നിശ്ചിത നോട്ടുകളോ നാണയങ്ങളോ ആകുന്നതിന് പ്രസക്തിയില്ലാത്തതിനാൽ ഒരാൾ ഞാൻ ഈ നാണയങ്ങൾ സകാത്ത് കൊടുക്കുമെന്ന് തീരുമാനിച്ചാലും അതു തന്നെ കൊടുക്കണമെന്നില്ല. എന്നാൽ ബലിയറുക്കപ്പെടുന്ന ജീവി അങ്ങനെയല്ല. നിശ്ചിത മൃഗത്തെ തന്നെ അറവു നടത്തണം.
എന്നാൽ ഒരാൾ ബലികർമത്തിന് തടസ്സമായ ന്യൂനതയുള്ള ജീവിയെ അറുക്കാൻ സ്വയം നിർബന്ധമാക്കിയാൽ അതു തന്നെ അറുക്കണമെന്നില്ല. എന്നല്ല, ന്യൂനതയില്ലാത്തതിനെ അറുക്കലാണ് ഏറ്റവും ഉത്തമം (നിഹായ 78).
മൃഗം നഷ്ടപ്പെടൽ
ബലികർമത്തിനു വേണ്ടി നിശ്ചയിക്കപ്പെട്ടതോ, അതിനു വേണ്ടി നേർച്ചയാക്കിയതോ ആയ ജീവി ഉടമസ്ഥന്റെ അശ്രദ്ധയും വീഴ്ചയുമില്ലാതെ നഷ്ടപ്പെട്ടാൽ അവൻ പകരം ഒന്നും ചെയ്യൽ നിർബന്ധമില്ല. എന്നാൽ അവന്റെ കുഴപ്പം കൊണ്ടാണ് നഷ്ടപ്പെട്ടതെങ്കിൽ അതിന്റെ വില, അതു പോലോത്ത ഒരു ജീവി എന്നിവയിൽ ഏതാണോ വില കൂടുതൽ അത് അവന്റെ മേൽ നിർബന്ധമാകും (ബാജൂരി 357).
വില നിർബന്ധമാകുന്ന ഘട്ടത്തിൽ, നഷ്ടപ്പെട്ട ദിവസം അതിന് കിട്ടുന്ന വിലയ്ക്ക് നഷ്ടപ്പെട്ട ജീവിയുടെ പ്രായത്തിലും ഇനത്തിലുമുള്ള ഒരു മൃഗത്തെ വാങ്ങി ബലിയുടെ സമയത്ത് തന്നെ അറുക്കൽ നിർബന്ധമാണ് (തുഹ്ഫ 358).
വീഴ്ച കൂടാതെ നഷ്ടപ്പെട്ടാൽ അതിനെ അന്വേഷിച്ച് കണ്ടുപിടിക്കാൻ കാര്യമായ തുക ചിലവാകുമെങ്കിൽ അന്വേഷിക്കൽ അവനു നിർബന്ധമില്ല. അറുക്കേണ്ട സമയമായതിനു ശേഷം അറവ് അകാരണമായി പിന്തിപ്പിക്കുകയും പിന്നീട് മൃഗത്തിന്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്താൽ അത് അവന്റെ പക്കൽ നിന്നുള്ള വീഴ്ചയാണ്. നേരെ മറിച്ച് വഴി തെറ്റിപ്പോയാൽ അത് വീഴ്ചയല്ല.
എന്നാൽ വീഴ്ച കാരണത്താൽ മൃഗം വഴി തെറ്റിപ്പോയാൽ പണം ചിലവഴിച്ചെങ്കിലും അതിനെ അന്വേഷിക്കൽ നിർബന്ധമാണ്. അറവിനുള്ള സമയം തീരുന്നതിന് മുമ്പ് അതിനെ കിട്ടുകയില്ലെന്ന് അറിഞ്ഞാൽ മറ്റൊരു ജീവിയെ അറുക്കൽ നിർബന്ധം. നഷ്ടപ്പെട്ട മൃഗത്തെ പിന്നീട് കിട്ടിയാൽ അതിനെയും അറുക്കൽ നിർബന്ധമാണ് (ശർവാനി 357).
ന്യൂനത സംഭവിക്കൽ
ഒരാൾ ഒരു ആടിനെ വാങ്ങി ഉള്ഹിയ്യത്തിനായി നിശ്ചയിക്കുകയും വാങ്ങുന്നതിന് മുമ്പ് തന്നെയുള്ള ന്യൂനത അതിൽ പിന്നീട് കണ്ടെത്തുകയും ചെയ്താൽ അതിനെ തിരിച്ചു കൊടുക്കാൻ പാടില്ല. പക്ഷേ, ന്യൂനതക്കുള്ള നഷ്ടപരിഹാരം വിറ്റ ആളിൽ നിന്ന് വാങ്ങുവാൻ അവകാശമുണ്ട്. ആ ജീവിയെ തന്നെ അറുക്കൽ നിർബന്ധവുമാണ്. ഉള്ഹിയ്യത്തിന് വേണ്ടി നേരത്തെ നിശ്ചയിച്ച ഒരു ജീവിയിൽ ന്യൂനത ഉണ്ടാക്കിയാൽ അതിനെയും ന്യൂനത ഇല്ലാത്ത മറ്റൊന്നിനെയും അറുക്കൽ നിർബന്ധമാണ്.
എന്നാൽ ഈ ജീവിയിൽ ന്യൂനത സ്വമേധയാ ഉണ്ടായതാണെങ്കിൽ അതു തന്നെയാണ് ഉള്ഹിയ്യത്ത്. മറ്റൊന്നും അവന്റെ മേൽ നിർബന്ധമില്ല. ഏതെങ്കിലും ഒരു മൃഗത്തെ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കുകയും പിന്നീട് നേർച്ച മൃഗം ഇന്നതാണെന്ന് നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ആ ജീവിയിൽ ന്യൂനത ഉണ്ടാക്കുകയോ അല്ലെങ്കിൽ ന്യൂനത സ്വയം ഉണ്ടാകുകയോ അതുമല്ലെങ്കിൽ ആ ജീവി സ്വയം നശിക്കുകയോ അല്ലെങ്കിൽ ഓടിപ്പോവുകയോ ചെയ്താൽ ന്യൂനത ഇല്ലാത്ത ഒരു ജീവിയെ പകരം അറുക്കൽ നിർബന്ധമാണ് (തുഹ്ഫ 357).
അറുക്കേണ്ട സമയം
സൂര്യോദയത്തിന് ശേഷം ചുരുങ്ങിയ രൂപത്തിലുള്ള രണ്ട് ഖുതുബയുടെയും രണ്ട് റക്അത്ത് നിസ്‌കാരത്തിന്റെയും സമയം കഴിയലോടു കൂടി അറവിന്റെ സമയമാകുന്നതാണ്. എന്നാൽ സൂര്യൻ ഏകദേശം ഏഴു മുഴം ഉയർന്ന് ഈ പറഞ്ഞ സമയം കഴിഞ്ഞതിന് ശേഷം അറുക്കലാണ് ഏറ്റവും നല്ലത് (തുഹ്ഫ 354).
വിതരണം
ഞാൻ നിനക്ക് ഉടമയാക്കിത്തരുന്നു എന്ന പദപ്രയോഗം ഇല്ലാതെയാണെങ്കിലും അറുക്കപ്പെട്ട ജീവിയിൽ നിന്ന് അൽപം ദാനം ചെയ്യൽ നിർബന്ധമാണ്. എന്നാൽ കൊടുക്കുന്നത് വളരെ നിസ്സാരമായ ഒരു ഭാഗമായാൽ മതിയാവുകയില്ല. മാംസം വേവിക്കാതെ തന്നെ കൊടുക്കൽ നിർബന്ധമാണ് (നിഹായ 119,120).
അറവു നടത്തുന്ന ഉടമക്കു മാംസം സൂക്ഷിച്ചു വെക്കൽ അനുവദനീയമാണ്. അത് മാംസത്തിനു വില കൂടിയ സമയത്താണെങ്കിലും ശരി.
മൃഗത്തിന്റെ നിബന്ധനകൾ
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതയുള്ളതും അംഗ വൈകല്യമുള്ളതും മതിയാവുകയില്ല. അറുക്കാൻ വേണ്ടി തള്ളിയിടുന്ന സമയത്ത് കാൽ മുറിയൽ പോലുള്ള വൈകല്യങ്ങൾ സംഭവിച്ചാലും അത് പറ്റുകയില്ല (ബാജൂരി 560).
എന്നാൽ ന്യൂനതയുള്ളതോ, പ്രായം തികയാത്തതോ ആയ ജീവിയെ ഒരാൾ നേർച്ചയാക്കിയാൽ ഉള്ഹിയ്യത്ത് അറുക്കേണ്ട സമയത്ത് അതിനെ അറുക്കലും ഉള്ഹിയ്യത്ത് മാംസം വിനിയോഗിക്കുന്നതു പോലെ വിതരണം ചെയ്യുകയും വേണം. എന്നാൽ അത് ഉള്ഹിയ്യത്തായി വീടുകയില്ല. ന്യൂനതയില്ലാത്ത ഒരു ജീവിയെ നേർച്ചയാക്കുകയും പിന്നീട് അതിൽ ന്യൂനത ഉണ്ടാകുകയും ചെയ്താൽ അതിനെ ഉള്ഹിയ്യത്ത് അറുക്കണം. ഉള്ഹിയ്യത്തിന്റെ നിയമങ്ങൾ അതിനു ബാധകവുമാണ് (തുഹ്ഫ 351).
ഉള്ഹിയ്യത്തിന്റെ മാംസം ഭക്ഷിക്കൽ
നിർബന്ധമായ ഉള്ഹിയ്യത്ത് പൂർണമായി ദാനം ചെയ്യണം. അതിൽ നിന്ന് ഉള്ഹിയ്യത്ത് അറുത്തവനും അവൻ ചിലവു കൊടുക്കൽ നിർബന്ധമായവരും തിന്നൽ ഹറാമാണ്. അതുപോലെ സമ്പന്നന്മാർക്ക് കൊടുക്കലും ഹറാം. എന്നാൽ സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ ബറകത്തിനു വേണ്ടി അതിൽ നിന്ന് അൽപം കഴിക്കലും അത് കരളിൽ നിന്നാകലും ആകെ മാംസത്തിന്റെ മൂന്നിലൊന്നിൽ കൂടാതിരിക്കലും സുന്നത്തുണ്ട്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം അൽപം വിതരണം ചെയ്ത് ബാക്കിയുള്ളത് സൂക്ഷിച്ചു വെക്കൽ കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്. അത് മാംസത്തിന് വില കൂടിയ സാഹചര്യത്തിലാണെങ്കിലും (തുഹ്ഫ 361).
അൽപം ഭക്ഷിച്ച് ബാക്കി ദാനം ചെയ്താൽ ഒരു പൂർണമായ ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടുന്നതാണ് (ബാജൂരി 567).
സുന്നത്തായ ഉള്ഹിയ്യത്തിന്റെ തൊലി, കൊമ്പ് പോലുള്ളവയെല്ലാം ദാനം ചെയ്യലാണ് ഉത്തമം. ദാനം ചെയ്യുന്നില്ലെങ്കിൽ അവനോ അവന്റെ കാലശേഷം അനന്തരാവകാശികളോ അതു വിൽക്കലും വാടകക്കു കൊടുക്കലും അറവുകാരന്റെ കൂലിയായിട്ടു കൊടുക്കലുമെല്ലാം ഹറാമാണ്. അവനു ഉപയോഗിക്കാമെന്നു മാത്രം (തുഹ്ഫ 365).
നിർബന്ധമായ ഉള്ഹിയ്യത്തിന്റെ കുട്ടി
ഗർഭമുള്ള ഉള്ഹിയ്യത്ത് മൃഗത്തെ അറുക്കുകയും തള്ളയെ അറുത്തത് കാരണമായി കുട്ടിയുടെ ജീവൻ പോവുകയും ചെയ്താൽ ആ കുട്ടിയെയും ഭക്ഷിക്കാവുന്നതാണ്. എന്നാൽ കുട്ടി ജീവനോടെ പുറത്തു വന്നാൽ നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ ആ കുട്ടിയെയും അറുക്കൽ നിർബന്ധമാണ്. ഈ രണ്ട് ഘട്ടത്തിലും തള്ളയുടെ മാംസം പോലെ തന്നെ കുട്ടിയുടേതും ദാനം ചെയ്യൽ നിർബന്ധം. അറുത്തവനും അവന്റെ ആശ്രിതർക്കും അത് തിന്നൽ ഹറാമുമാണ്.
കാഫിറിന് കൊടുക്കരുത്. പണ്ഡിതന്മാർ ഇക്കാര്യം ഊന്നിപ്പറഞ്ഞു കാണാം: ഉള്ഹിയ്യത്ത് മാംസം കാഫിറിന് കൊടുക്കൽ ഹറാമാണ് (ബാജൂരി 566).
മറ്റൊരാൾക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കൽ
ജീവിച്ചിരിക്കുന്നയാൾക്ക് വേണ്ടി അവന്റെ അനുമതിയില്ലാതെയും മരിച്ചവർക്കു വേണ്ടി അവൻ വസ്വിയ്യത്ത് ചെയ്യാതെയും ഉള്ഹിയ്യത്ത് അറുത്താൽ ശരിയാവുകയില്ല. നബി(സ്വ) അലി (റ)വിനോട് തനിക്കു വേണ്ടി എല്ലാ കൊല്ലവും ഉള്ഹിയ്യത്തറുക്കാൻ വസ്വിയ്യത്ത് ചെയ്തിരുന്നു എന്ന ഹദീസിൽ നിന്ന് മരിച്ച വ്യക്തി വസ്വിയ്യത്ത് ചെയ്താൽ അത് പറ്റുമെന്ന് വ്യക്തമാകുന്നു.
മരിച്ച വ്യക്തിയുടെ അനുമതിയോടെ അവൻ നിശ്ചയിച്ച സമ്പത്തിൽ നിന്ന് ഉള്ഹിയ്യത്ത് അറുത്താൽ അറുക്കുന്നവൻ മരിച്ചവന്റെ അനന്തരാവകാശി ആണെങ്കിലും അല്ലെങ്കിലും മുഴുവൻ ദാനം ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 368).
മിഖ്ദാദ് ബാഖവി ചുങ്കത്തറ