ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം

ഉസ്താദിന്റെ ചെറുപ്പകാലത്ത് മദ്‌റസാ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ, അന്നത്തെ മതപഠന രീതി പറയാമോ?
അക്കാലത്ത് ബാപ്പ എഴുതിത്തരും, ഉമ്മ ചൊല്ലിത്തരും. അങ്ങനെയായിരുന്നു പഠിപ്പ്. വീട്ടിൽതന്നെ ഓത്തുപള്ളിയുണ്ടായിരുന്നു. സഹോദരൻമാരൊക്കെ അതിലാണ് പഠിച്ചത്. വേറെയും കുറെ ആൾക്കാര് അതിൽ വന്ന് പഠിച്ചിരുന്നു. എന്നാൽ എന്റെ കാലമായപ്പോഴേക്ക് ബാപ്പ ആ ഓത്തുപള്ളി ഒഴിവാക്കി. എനിക്ക് ബാപ്പ പലകയിൽ എഴുതിത്തരും. ഉമ്മ ചൊല്ലിത്തരും. ഉമ്മാക്ക് എഴുത്തറീല. എഴുതൂലാന്ന് മാത്രേള്ളൂ, എന്നാലും ഉമ്മാക്ക് എല്ലാം അറിയാം. എഴുതാതെ മുസ്വ്ഹഫ് നോക്കിപ്പഠിച്ചതാ. ഓത്തുപള്ളീലെ മൊല്ലാക്ക ആൺകുട്ട്യോൾക്കും പെൺകുട്ട്യോൾക്കും എഴുത്ത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. അത് മൊല്ലാക്ക എഴുതിത്തരലാ. ഞമ്മൾ എഴുതണ്ട. അങ്ങനെ ഞാനെന്റെ വീട്ട്ന്ന് തന്നെ ഓത്ത് പഠിച്ചു.

എന്തായിരുന്നു അന്നത്തെ ഓത്തുപള്ളിയുടെ സ്ഥിതി?
ഞങ്ങളുടെ അടുത്ത് ഒരു മൊല്ലാക്ക ഓത്തുപള്ളി ഉണ്ടാക്കീട്ടുണ്ടായിരുന്നു. അയാളെപ്പോഴും പെരീല് വരും. എന്നെക്കാണുമ്പോൾ പറയും: അങ്ങട്ട് പോര്. അവിടെ പഠിക്കാലോ. ഉമ്മാനോട് പറയും: ഓനെ അങ്ങട്ട് പറഞ്ഞയച്ചോളീ, അവ്ട്ന്ന് പഠിച്ചോളും.’ അങ്ങനെ ചെലപ്പോ ഓത്തുപള്ളീക്കും പോവും.
ഓത്തുപള്ളീക്ക് പോയാലുള്ള സ്ഥിതി ഒന്നു വേറെയാണ്. മൊല്ലാക്ക ഒന്നങ്ങട്ട് ചൊല്ലിത്തരും. പിന്നെ ആലിന്റെ ചോട്ടിൽ പോയി ആൾക്കാരോടങ്ങനെ വർത്താനം പറയും. ആ തക്കത്തിന് ഞങ്ങളും വർത്താനം പറയും. വർത്താനം കൂടുമ്പോ മൊല്ലാക്ക വടിയും കൊണ്ട് വരും. എന്നിട്ട് ഇങ്ങേ തലക്കന്ന് അങ്ങേത്തല വരെ അടിക്കും. അതുകൊണ്ട് പിന്നെ മൊല്ലാക്ക വര്ണത് കണ്ടാ കുട്ട്യാൾ ഓത്ത് തുടങ്ങും, നല്ലോണം തലയാട്ടിത്തന്നെ ഓതും.

എന്തൊക്കെയാണ് പഠിപ്പിച്ചിരുന്നത്?
അന്ന് ഖുർആൻ മാത്രേള്ളൂ. പിന്നെ നിസ്‌കാരക്കണക്ക്ന്ന് പറഞ്ഞിട്ട് ഒരു പുസ്തകണ്ടായിരുന്നു. അതിൽ നിസ്‌കാരത്തിന്റെ ശർത്വും ഫർളും പറയും, അതല്ലാത്ത വേറൊന്നൂല്ല്യ. ഖുർആൻ പഠിച്ചാൽ പിന്നെ ദർസിൽ പോക്ണ വരെ ഓത്താ.

ഉസ്താദിന്റെ ദർസിലെ ഓത്ത്?
ഞാൻ പത്താം വയസ്സിലാണ് ഓതാൻ പോയത്. ന്റെ കാക്കാന്റെ മോന്ണ്ട് ഓതാൻ പോണ്. മൊടക്കീലെ പള്ളിക്കല്. അത് ഞങ്ങളെ പഴേ മഹല്ലാ, അവട്ന്ന് പിരിഞ്ഞതാ ഞങ്ങളൊക്കെ. ഓൻ നേരം വെളുക്ക്‌മ്പോ ചായയും കുടിച്ച് പോവും, ഒരുദിവസം ഞാനും പോരുന്നൂന്ന് പറഞ്ഞു. അങ്ങനെ പോയാ പറ്റൂല. കിതാബും കൊണ്ട് പോവണംന്ന് അവനും. എവിടെ കിതാബ്? ഞാൻ അകത്ത് കേറി കുറേ തെരഞ്ഞോക്കി, ഒരു കിതാബ് കിട്ടി. പത്ത് കിതാബ്. ഈ കിതാബാണ് ഓതല്. ഓൻ എന്റെ മൂന്ന് വയസ്സിന് മൂത്തതാ.
നേരം വെള്ക്കുമ്പോ ചായ കുടിച്ചു പോയാല് പതിനൊന്ന് മണിക്ക് വരും. പിറ്റേന്ന് പിന്നേം പോവും, അങ്ങനെ നാട്ടുകാരനായിട്ട് ഓതി. പത്ത് കിതാബിലെ മുതഫരിദാണ് അന്നോതിയത്. അതാണല്ലോ ആദ്യം ഓതല്. ആ ഉസ്താദ് ശൈഖുനാ(ഒ.കെ ഉസ്താദ്)ന്റെ ശിഷ്യൻ ശംസുദ്ദീൻ മുസ്‌ലിയാരാണ്. ന്റെ രണ്ടാമത്തെ പുത്യാപ്ല അബൂബക്കറിന്റെ ബാപ്പ. ശൈഖുനാന്റട്ത്ത് കുഴിപ്പുറത്ത് ഓതിയിട്ട് വെല്ലൂര് പോയിവന്ന ആളാ.
അങ്ങനെ നിക്കുമ്പളാണ് ഒരിക്കെ അള്യാൻക്ക വന്ന് പറഞ്ഞത്: മോനേ, ഇത് എടങ്ങാറാ. നേരം വെളുക്കുമ്പോ പോയിട്ട് ഉച്ചവരെ പട്ടിണി ഇരിക്ക്യേ. ഇത് വല്യ എടങ്ങാറാ. നീ അങ്ങ് പോരെ എന്ന് പറഞ്ഞ് അള്യാൻക്ക മൂപ്പരെ നാട്ട്ക്ക് ഓതാൻ കൊണ്ടോയി; പുകയൂർക്ക്. ചെലവ് പെങ്ങളോടെയാക്കി. അവ്‌ടെ ഉസ്താദ് കുഞ്ഞീൻ കുട്ട്യോല്യേര് ആയിരുന്നു. രാത്രി ചോറു തിന്ന് പെങ്ങളെ വീട്ടിൽ കെടക്കും. സുബ്ഹി നിസ്‌കരിച്ച് പിന്നേം ദർസിൽ പോവും.
പത്ത് കിതാബിന്റെ ബാക്കിയുള്ളത് ഓതിത്തുടങ്ങി, ബാബു മഅ്‌രിഫത്. അതു കഴിഞ്ഞ് മുരിഖാതുൽ ഖുലൂബ്. പിന്നെ നുബ്ദയും അർബഊന ഹദീസുമൊക്കെ ഓതി. നൂറുൽ അബ്‌സ്വാർ അഞ്ച് ഫസ്വ്‌ല് ഓതിക്കഴിഞ്ഞപ്പോ ഉസ്താദ് പറഞ്ഞു: ഇനി മീസാൻ ഓതാം. അങ്ങനെ അജ്‌നാസും അജ്‌നാസുൽ കുബ്‌റയുമൊക്കെ ഓതിക്കഴിഞ്ഞ് സൻജാൻ തൊടങ്ങി. അസ്വ്‌ലിന്റെ അവ്‌ടെ എത്തീട്ടില്ല. ചില കാരണങ്ങളാൽ അവ്ട്ന്ന് പോന്നു.

എന്നിട്ടോ?
ഉണ്ണീൻ കുട്ട്യോല്യേര്പ്പാപ്പാന്റടുത്ത് കൊണ്ടാക്കിത്തരാന്ന് ബാപ്പ പറഞ്ഞു. അപ്പോഴേക്ക് മൊടക്കീലെ പള്ളിക്കന്ന് ശംസുദ്ദീൻ മുസ്‌ലിയാര് പൊയ്ക്ക്ണ്. മൂപ്പര് ഒരു കൊല്ലേ അവിടെ നിന്നുള്ളൂ. അവ്‌ടെ ഇപ്പോ ഉണ്ണീൻ കുട്ട്യോല്യാര് പാപ്പയാണ്. അവിടെ പോയി. ചെന്നപ്പോ മോല്യാര് പാപ്പ അന്നവ്ടല്യ. നാഇബായിട്ട് ഒരു മുസ്‌ലിയാരെ ആക്കീക്ക്ണ്. ഒരു മുതഅല്ലിമിനെ. അയാളെര്ത്ത് രണ്ട് പ്രാവശ്യം ഓത്യപ്പോഴേക്ക് മോല്യേര്പാപ്പ വന്നു. എല്ലാരും പോരീന്നും പറഞ്ഞ് ഞങ്ങളെ അരീക്കാട്ടെ പള്ളിക്കക്ക് കൊണ്ടോയി. അവിടെന്ന് സൻജാൻ ഓത്ത് തുടങ്ങി. ഭയങ്കര സൻജാൻ. ഓത്ണ എല്ലാ കുട്ട്യാളും സൻജാനിൽ കൂടി. അതിൽ അൽഫിയ്യ ഓത്‌ണോരും ഖത്‌റുന്നദ ഓത്‌ണോരും ഒക്കെണ്ട്. സൻജാൻ തീര്ണവരെ എല്ലാരും സൻജാൻ തന്നെ. അസ്വ്‌റിന്റെ ശേഷം സർഫാക്കൽ. ഓത്തൊക്കെ വേഗം നീളം പോവും. നല്ല ഉസ്താദാ. നല്ലോണം മനസ്സിലാക്കിത്തരും.
മോല്യേര്പ്പാപ്പ ഒരു സ്ഥലത്ത് ദർസ് നടത്തി തമ്പടിച്ചു നിക്കൂല. അവിടെ ദർസ് ഒറപ്പിച്ച് വേറെ സ്ഥലത്തേക്ക് പോവും. കുറച്ച് കുട്ട്യാള് മൂപ്പരെ ഒപ്പം പോവും. കൊറച്ച് അവിടെ നിക്കും (എല്ലാ നാട്ടിലും ദർസ് സ്ഥാപിക്കുകയായിരുന്നു ഇത് കൊണ്ട് ലക്ഷ്യമെന്ന് മുമ്പൊരിക്കൽ ഉസ്താദ് പറഞ്ഞതോർക്കുന്നു-ലേഖ). ഞാനൊക്കെ പോവുന്ന കൂട്ടത്തിലാ. മോല്യേരൊപ്പം കൂടീട്ട് പിരിഞ്ഞിട്ട്‌ല്യ. അരീക്കാട്ട്ന്ന് വലിയ പറപ്പൂർക്കും അവിടുന്ന് വാവൂർക്കും പിന്നെ പുകയൂർക്കും ഓത്ത് മാറി. വാവൂര് നിക്കുമ്പൊ എന്റെ അള്യാൻക്ക മോല്യേര്പ്പാപ്പാന്റെയടുത്ത് ചെന്ന് പറഞ്ഞു: നമ്മളെ നാട് കൊറേ കാലം ദർസ് നടന്നിരുന്ന സ്ഥലാണ്. ഇപ്പൊ അവിടെ ദർസ് നടക്ക്ണില്ല്യ. മോല്യേര് പാപ്പ അവിടെ വന്ന് ദർസ് തൊടങ്ങണം.’ അങ്ങനെ മോല്യേര് പാപ്പ വാവൂര്ന്ന് പോന്ന്. വാവൂരാണ് മൂപ്പരെ നാട്. പോരുമ്പോ മൂപ്പരെ മൂത്ത ആളായ ബീരാൻ കുട്ട്യേല്യാരോട് പോയി പറഞ്ഞു: ഒഴിവുണ്ടാവുമ്പോ പള്ളിക്കലൊന്ന് പോയി കുത്തിര്ക്കണം. പത്ത് കുട്ട്യാളെ ഞാനിവിടെ നിർത്താണ്. പത്താളെ ഞാൻ കൊണ്ടോവാണ്.
അതിൽപെട്ടതാ ഞാനൊക്കെ. അങ്ങനെ അരക്കൊല്ലം പുകയൂര് നിന്നു, റബീഉൽ അവ്വൽ 7 വരെ. പിന്നെ മോല്യേര് പാപ്പ, ഞാൻ മുതഅല്ലിമായി മരിക്കാൻ പോവാണ്ന്നും പറഞ്ഞ് ഓമച്ചപ്പുഴയിൽ കരിങ്കപ്പാറ മോല്യാരെ അടുത്ത് ഓതാൻ പോയി. അവര് ശരീക്കന്മാരും വല്യ സ്‌നേഹമുള്ളവരുമായിരുന്നു. അവിടെ പോയി ഓതുകയും അതിനിടെ മരിക്കുകയും ചെയ്തു. (ഓമച്ചപ്പുഴ താഴെപള്ളി ഖബർസ്ഥാനിലാണ് ഉണ്ണീൻ കുട്ടി മോല്യേർപാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ സിയാറത് ചെയ്യാൻ ഉസ്താദ് മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നു-ലേഖ). മൂന്നര കൊല്ലേ ആകെ ഞാൻ മോല്യാര് പാപ്പാന്റടുത്ത് നിന്ന്ട്ടുള്ളൂ. അപ്പോഴേക്ക് അൽഫിയ്യ കഴിയുകയും ഫത്ഹുൽ മുഈൻ പകുതിയാവുകയും ചെയ്തിരുന്നു. പിന്നെ കൈപ്പറ്റ ഉസ്താദിന്റടുത്തേക്ക് മാറി.

മുതഅല്ലിമുകൾ എങ്ങനെയായിരിക്കണമെന്നാണ് ഉസ്താദിന്റെ നിർദേശം?
ഉസ്താദിന്റെ സമ്മതമില്ലാതെ എവ്ട്ക്കും പോവരുത്. ഞങ്ങളൊക്കെ ഓതീന്ന കാലത്ത് ഉസ്താദ് എന്തൊരു കർശനാ. എവ്ട്ക്കും പോവാൻ വിടൂല. പൊട്ടി (ചിക്കൻപോക്‌സ്) പിടിച്ചിട്ട് കൂടി നാട്ടിൽ പോവാൻ അയച്ചിട്ടില്ല്യ, വഅള് കേക്കാനോ പരിപാടിക്കോ ഒന്നിനും പോവാനയക്കൂല.
ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ ദർസിന്റെ പ്രത്യേകത, ഒക്കെ അവ്ട്ന്ന് മനസ്സിലാക്കിത്തരും. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തഖ്‌വീമുല്ലിസാൻ ഓത്ണ കാലത്ത് കുട്ട്യാൾ മുതിർന്ന ഒരാളോട് ചെന്ന്ങ്ങനെ സംശയങ്ങൾ ചോദിക്കും. അയാള് കിതാബോതായിരിക്കും. മൂപ്പരുടെ ഓത്ത് ഒരു വഖ്ഫ് എത്തുന്നതു വരെ ഞമ്മള് കാത്തിരിക്കണം. ഒരു ദിവസം ഒരു കാര്യം തീരുമാനിച്ചു. ഇയാളോട് ചോദിക്കണ്ട, ഉസ്താദിനോട് തന്നെ ചോദിച്ച് പഠിക്കാം.
ഞാൻ ക്ലാസിൽ നല്ലോണം ശ്രദ്ധിക്കും. ഉസ്താദ് പറഞ്ഞാ നല്ലോണം മനസ്സിലാവും ചെയ്യും. ഓത്ത് കഴിഞ്ഞാൽ തിരിയാത്തത് ഉസ്താദിനോടെന്നെ ചോദിക്കും. മൂപ്പര് പറഞ്ഞ് മനസ്സിലാക്കിത്തരും. അപ്പത്തന്നെ ഉസ്താദ് പറഞ്ഞ മാതിരി ഒരുവട്ടം ഓതും. ന്നാ പിന്നെ മറക്കൂല. പിന്നെ ആരെട്ത്തും പോവൂല, അങ്ങനെ ആ രീതി ശീലിച്ചു. ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ അടുത്ത് നിന്ന് ഓത്തിന്റെ പ്രയാസം മാറി. മോല്യാര് ഉപ്പാപ്പക്ക് ആരു പഠിച്ചു, ഇല്ല എന്നതൊക്കെ മനസ്സിലാവുമായിരുന്നു.
അൽഫിയ്യ ഓതുമ്പോ എനിക്ക് സൻജാൻ സബ്ഖ് ഏൽപിച്ച് തന്നിരുന്നു.

ഉസ്താദുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
എന്തു നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുവോ ആ കാര്യങ്ങൾ ഉസ്താദുമാർ ചെയ്തിരിക്കണം. ഒരു കുട്ടിയോട് ഞെരിയാണിക്കു മേലെ തുണി കേറ്റിയുടുക്കാൻ പറഞ്ഞാൽ ഉസ്താദിന്റെ തുണിയും അങ്ങനെയായിരിക്കണം. വാങ്ക് കേട്ടാൽ പള്ളിയിൽ പോവണമെന്ന് പറഞ്ഞാൽ ഉസ്താദും പോയിരിക്കണം.
വലി ആലിമിൻ ഉഖ്‌റ അലാമതുൻ തുറാ (ഉഖ്‌റവിയ്യായ പണ്ഡിതന് കാണപ്പെടാവുന്ന ചില അടയാളങ്ങളുണ്ട്) എന്ന് തുടങ്ങി അദ്കിയാഇൽ പറഞ്ഞില്ലേ. അൻലാ യുഖാലിഫ ഖൗലുഹൂ മാ യഫ്അലാ (തന്റെ വാക്കുകൾ തന്റെ പ്രവർത്തനങ്ങളോട് എതിരാവാതിരിക്കുക). കുട്ടിയുടെ ബുദ്ധിക്കനുസരിച്ച്, സ്വഭാവത്തിനനുസരിച്ച് അവരോട് പെരുമാറുക. പഠനം പൂർത്തിയാക്കാനുള്ള രീതികൾ പ്രാവർത്തികമാക്കുക.

കുട്ടികളെ തല്ലാമോ?
മുറൂ ഔലാദകും…(നിങ്ങളുടെ കുട്ടികളോട് ഏഴ് വയസ്സായാൽ നിസ്‌കാരം കൽപിക്കുക. പത്ത് വയസ്സായാൽ ഉപേക്ഷിച്ചാൽ അടിക്കുക).

പത്തു വയസ്സാകുമ്പോൾ അടിക്കണമെന്ന് പറഞ്ഞത് നിസ്‌കാരത്തെ കുറിച്ചല്ലേ?
നിസ്‌കാരത്തെ പോലെ എല്ലാ ചിട്ടകളും പഠിപ്പിക്കണമല്ലോ. ആദ്യം പറഞ്ഞ് പഠിപ്പിക്കുക. ഇത് ഫലം ചെയ്തില്ലെങ്കിൽ പേടിപ്പിക്കുക. ചുറ്റുപാടുകളൊക്കെ മാറിയ കാലാവുമ്പോ അടിച്ചാൽ ആ കുട്ടി പേടിച്ച് പിന്നെ പോവൂല. ഇങ്ങനത്തെ നെലപാടൊക്കെ ആവുമ്പോ അത്തരക്കാർക്ക് ‘വള്‌രിബൂ അലൈഹി’ എന്നത് ബാധകമായിക്കൊള്ളണമെന്നില്ല. ഉസ്താദ് തല്ലും, ഞാനങ്ങട്ട് പോവൂലാന്ന് പറയും കുട്ടികൾ. അങ്ങനെണ്ടാവരുത്. അതൊക്കെ സൂക്ഷിക്കണം. ഉസ്താദ് തല്ലും എന്നു പേടിച്ച് കുട്ടികൾ പഠിക്കുന്ന നെലപാടിലേക്ക് ഉസ്താദിന് എത്തിക്കാൻ കഴിയണം. തല്ലരുത്, തച്ചാൽ അതിന്റെ സ്വാധീനം പോയി.
എനിക്ക് ഉസ്താദിന്റട്ത്ത് പഠിക്ക്ണ വിഷയത്തിൽ തല്ല് കിട്ടീട്ടില്ല. ന്നാലും ഉസ്താദ് ശിക്ഷിക്കോ എന്ന് ഭയങ്കര പേട്യായിരുന്നു. കാരണം, നല്ലോണം പഠിക്കണം എന്ന് ഉസ്താദിന്റെ പെരുമാറ്റത്തിൽ നിന്ന് ഉറപ്പായിപ്പോയി. ആ ഒരു നെലപാടിൽ കൂടി കുട്ട്യാളെ പോറ്റണം.

മറ്റു ഉസ്താദുമാർ ആരൊക്കെ?
കൈപ്പറ്റ ഉസ്താദ്. മൂപ്പര് സ്‌കൂളില് നാല് വരെയേ പോയിട്ടുള്ളൂ. ബാപ്പാന്റെ സമ്മതമില്ലാതെ കിതാബോതാൻ ചാടിപ്പോയതാ. ബാപ്പ അധികാരിയായിരുന്നു. അങ്ങനെ ഒരുദിവസം കുട്ടിനെ കാണാതായി. കൊറേ ദിവസം കഴിഞ്ഞപ്പോ പറപ്പൂര് ഓത്ണ്ണ്ട് ന്നറിഞ്ഞു. അപ്പോ ബാപ്പ പോയിട്ട് ഒരു പുരയിൽ അരിയൊക്കെ വാങ്ങിക്കൊടുത്ത് ഭക്ഷണണ്ടാക്കാൻ ഏൽപിച്ചു. കുട്ടിക്ക് ചെലവ് ഞാൻ തന്നെ കൊടുത്തോളാം, എന്നെക്കൊണ്ട് കഴിയും. മൂപ്പരെ ഓത്ത് അധികാരിയായ ബാപ്പ പാസ്സാക്കി. ഓതിക്കോട്ടെ, നല്ല കാര്യല്ലേ. ഞങ്ങളെക്കൊണ്ട് ഏതായാലും പറ്റീല. വാഴക്കാട്ട് ഓത്ണ കാലത്ത് ഔഖാഫിന്റെ ചെലവായിരുന്നു. മോല്യേര് മിന്നത്ത് (മറ്റുള്ളവരുടെ ഔദാര്യം) സ്വീകരിക്കാത്ത ആളായിരുന്നു. ആരോടും വെറുപ്പൊന്നും ഉണ്ടായിരുന്നില്ല.
ഉസ്താദ് നേരെ ഒരോത്തോതും, പ്രയാസമുള്ള സ്ഥലമാണെങ്കിൽ അത് മട്ടത്തിൽ പറയും. അതുമായി ബന്ധപ്പെട്ട കിതാബുകളൊക്കെ ചർച്ചക്കെടുത്ത് ‘ബഹ്‌സ്’ ജോറാക്കും. തഹ്ഖീഖാക്കിത്തരും. ദർസ് എന്നു പറഞ്ഞാൽ വിഷയം തഹ്ഖീഖാക്കലാണല്ലോ. ആ കിതാബിലുള്ളത് മാത്രം ഓതലല്ല. ഉസ്താദിന്റെ തർബിയത് ഹാലിയ്യായിരുന്നു (ശിക്ഷിച്ചും ഉപദേശിച്ചുമല്ല കൈപറ്റ ഉസ്താദ് മുതഅല്ലിമുകളെ നന്നാക്കിയത് എന്നർത്ഥം. മറിച്ച്, ഉസ്താദ് ദീനി ചിട്ടകളിലെല്ലാം അണുഅളവ് തെറ്റാതെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ആ അവസ്ഥ തന്നെ ഒരു തർബിയതാകുമായിരുന്നു. ഒരു കുട്ടിയോടും ജമാഅത്ത് പാഴാക്കരുത് എന്ന് ഉസ്താദ് ഉപദേശിക്കില്ല. എന്നാലും ആരും ഒറ്റ ജമാഅത്തും മുടക്കില്ല. ഉസ്താദ് ഒരിക്കൽ പറഞ്ഞതോർക്കുന്നു: ഖിബ്‌ലക്ക് തിരിഞ്ഞാണ് പലപ്പോഴും അദ്ദേഹം ക്ലാസെടുക്കുക. കുട്ടികൾ പിറകിലായിരിക്കും. എന്നാലും ഒരൊറ്റ കുട്ടിയും കളിക്കൂല… ഉറങ്ങൂല… ശ്രദ്ധിച്ചിരിക്കും. ഇതാണ് ‘ഹാലിയ്യാ’യ തർബിയത്-ലേഖ).
ശൈഖുനാ ഒകെ ഉസ്താദിന്റെയടുത്ത് ഓതാൻ പോവുമ്പോ കൈപ്പറ്റ ഉസ്താദ് പറഞ്ഞു: വല്യ ആലിമും നല്ല നസബയുമുള്ള, സ്വാലിഹുകളിൽ പെട്ട, ചിട്ടയുള്ള ആളാണ്. എല്ലാറ്റിനും പറ്റിയ ആളാണ്. നീ അവടെ തന്നെ പൊയ്‌ക്കോ.

വീട്ടുകാരുടെ താൽപര്യമാണല്ലോ മക്കളുടെ പഠനത്തിൽ പ്രധാന ഘടകം. രക്ഷിതാക്കളോട് ഉസ്താദിന് എന്താണ് പറയാനുള്ളത്?
തന്റെ കുട്ടി പഠിക്കണമെന്നതിൽ അത്യാഗ്രഹം കാണിക്കുക. അവരെ മറ്റുള്ള ജോലിയിലേക്ക് തിരിക്കാതിരിക്കുക. പഠിക്കാൻ പോവാനുള്ള എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും പൂർത്തിയാക്കി ചെയ്യുക.

ഉസ്താദിന്റെ ബാപ്പയോ?
എന്റെ ബാപ്പ നല്ല ബാപ്പയായിരുന്നു. ഒരനാവശ്യത്തിനും വീട്ടിൽ നിന്നും സമ്മതമില്ലാതെ പൊറത്തിറങ്ങിപ്പോവാൻ പറ്റാത്ത കോലത്തില് എന്നെ വളർത്തി. ഞാൻ മുദരിസായിട്ട് വരെ പുരയിൽ ചെന്നാൽ എവിടേക്കെങ്കിലും പോവണങ്കിൽ ചോദിച്ചിട്ടേ പോവൂ. അതാണ് ചിട്ട. ഞാൻ രണ്ട് കൊല്ലം മുദരിസായാരെയാണ് എന്റെ ബാപ്പ മരിച്ചത്.
ഇശാഅ് നിസ്‌കരിച്ചാൽ പള്ളിക്കന്ന് വരാൻ വൈകാൻ പറ്റൂല. എത്രീം വേഗം വീട്ടിലെത്തിക്കൊള്ളണം. ബാപ്പാന്റെ തർബിയത് പൂർണമായും എനിക്കുണ്ടായിരുന്നു. ഏഴ് വയസ്സ് മുതലേ ബാപ്പ കൈപ്പിടിച്ച് പള്ളീക്ക് കൊണ്ടോവും. ബാപ്പാന്റൊപ്പം നിസ്‌കരിപ്പിക്കും. ബാപ്പ ചെയ്യുമ്പോലെ ചെയ്യും, ബാപ്പ വലത്തോട്ട് സലാം വീട്ട്യാൽ അസ്അലുകൽ ഫൗസ ബിൽ ജന്ന എന്നും ഇടത്തോട്ട് വീട്ട്യാൽ അസ്അലുകന്നജാത്ത മിനന്നാർ എന്നും ചൊല്ലും. ഞാനും ചൊല്ലും. പക്ഷേ, ഇങ്ങനെയാരും ചെയ്യ്ണത് ഞാൻ കണ്ടിര്ന്നീല. പിന്നെയൊരിക്കൽ പത്ത് കിതാബിലെ അർകാനുസ്സ്വലാത് നോക്കിയപ്പോൾ അതിൽ ഞാനിത് കണ്ടു.
ബാപ്പ വിത്‌റ് നിസ്‌കരിക്കുമ്പോ ഇഖ്‌ലാസ്വും മുഅവ്വിദതൈനിയും ഓതും. ഞാനും അങ്ങനെ ഓതും. ഞാനൊരിക്കെ കൊണ്ടോട്ടി പോയപ്പോ അവിടൊരു മുസ്‌ലിയാര് വിത്‌റ് നിസ്‌കാരത്തിന് ഖുൽഹുവല്ലാഹു മാത്രം ഓതി. അപ്പോ ഞാൻ വിചാരിച്ച്, ‘പടച്ച റബ്ബേ, ന്റെ ബാപ്പ മൊല്ലാക്കയായിട്ടായിരിക്കും അങ്ങനെ, ഇയാള് ചെയ്തതാകും ശരി.’ നോക്കുമ്പോ അങ്ങനെയല്ല, ന്റെ ബാപ്പ ചെയ്തതാണ് സുന്നത്ത്. അപ്പോ ബാപ്പാന്റൊപ്പം കൂടി ചെയ്തതൊന്നും പൊളിഞ്ഞിട്ടില്ല.

ലൗകിക പഠനത്തെക്കുറിച്ച്?
ഭൗതിക വിദ്യാഭ്യാസം മതപഠന കാര്യങ്ങൾ സ്ഥിരപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. മതത്തോട് എതിരുള്ളത് തള്ളിക്കളയണം. ബുദ്ധിയെ മതത്തോട് ഒപ്പിക്കരുത്. മതമെന്നുള്ളത് സത്യമാണല്ലോ. ഒരുകാര്യം സത്യമാണെന്നതിന് തെളിവ് അക്കാര്യം ബുദ്ധിപരമായി തെളിയുക എന്നത് മാത്രമല്ല, സത്യം മാത്രം പറയുന്ന ഒരാളിലൂടെ ലഭിച്ചാലും അതൊരു തെളിവാണ്. രണ്ട് തെളിവുണ്ട് എന്നർത്ഥം. ഞമ്മക്ക് അതിന്റെ വശം മനസ്സിലായില്ലാന്ന് വെക്കാ, എന്നാലും അത് സത്യം തന്നെ. ഉദാഹരണത്തിന് കാഫ് ഹായാ… ഇതിന്റെ ആശയം നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും സത്യം മാത്രം പറയുന്ന ആള് പറഞ്ഞതുകൊണ്ട് നാം വിശ്വസിക്കണം. കാരണം ഇത് നമ്മോട് പറഞ്ഞത് തിരുനബി(സ്വ)യാണ്. നബി(സ്വ)യോട് പറഞ്ഞത് ജിബ്‌രീലാ(അ)ണ്. ജിബ്‌രീലിന് കിട്ടിയത് അല്ലാഹുവിൽ നിന്നും. നബിക്ക് തെറ്റൂല. ജിബ്‌രീലിനും തെറ്റൂല. അല്ലാഹുവിനും തെറ്റൂല. അപ്പോൾ ഈ വാക്ക് സത്യാണ്. അതിന്റെ ബന്ധങ്ങൾ നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും അതിൽ പൊള്ള് ഇല്ല. അപ്പോ ദീൻ ഒക്കെ സത്യമാണ്. നബി തങ്ങൾ കൊണ്ടുവന്നതാണെന്ന് ളറൂറത്ത് കൊണ്ട് അറിയപ്പെട്ടതെല്ലാം വിശ്വസിക്കലാണ് ഈമാൻ. അപ്പോ ദീനിനോട് ബുദ്ധിയെ ഒപ്പിക്കാൻ വേണ്ടീട്ടാവണം ലൗകിക പഠനം.

ഉസ്താദിന്റെ ലൗകിക പഠനം?
എല്ലാം ലൗകിക വിദ്യാഭ്യാസം തന്നെയാണല്ലോ. സ്‌കൂളിൽ പോയോ പോയില്ലേ എന്നതല്ല, അന്ന് ഉമ്മ പഠിപ്പിച്ചതും ലൗകികമാണ്. ബാപ്പ പഠിപ്പിച്ചതും അതുതന്നെ. ലോകത്തോട് എങ്ങനെ ഇടപ്പെട്ടു ജീവിക്കണം? അതാണ് ലൗകികം. ചെറിയവർ വലിയവരോട് എങ്ങനെ പെരുമാറണം, ഭക്ഷണം എങ്ങനെ കഴിക്കണം, എങ്ങനെ കൈ കഴുകണം, എങ്ങനെയാണ് കുളിക്കേണ്ടത്, മത്സ്യം എവിടുന്ന് വാങ്ങണം, സ്റ്റാമ്പ് വാങ്ങാൻ എവിടെ പോണം ഈ കാര്യങ്ങളൊക്കെയല്ലേ അന്ന് പഠിപ്പിച്ചിരുന്നത്. ഇപ്പറഞ്ഞതൊക്കെ തന്നെ ലൗകികം.
അന്ന് കോയക്കുട്ട്യോല്യേര് ഒരു ഓത്തുപള്ളി തൊടങ്ങീന്ന്. അതില് സ്‌കൂളും പഠിപ്പിച്ചീന്നു. പിന്നെ സ്‌കൂളൊക്കെ പാസായപ്പോ അയാള്‌ടെ സ്‌കൂളിന് അംഗീകാരം കൊടുത്തു. അങ്ങനെ ഓത്തുപള്ളീല് മലയാളവും പഠിപ്പിച്ചു. അറ, തറ… ഓത്തുപള്ളീല് നേരം വെളുത്ത് പോയാൽ നാല് മണിവരെ ഇതാണ്. കുറേ ആളെ ഓത്ത് പഠിപ്പിച്ചും കുറേ മലയാളം പഠിപ്പിച്ചും കഴിഞ്ഞ അവിടെ സ്‌കൂൾ പാസായപ്പോ ‘കോയക്കുട്ട്യേല്യേരെ സ്‌കൂൾ’ എന്നായി അതിന്റെ പേര്.
അതിന്റെ ശേഷം ആൾക്കാര് സ്വന്തം കെട്ടിടങ്ങളുണ്ടാക്കി സ്‌കൂൾ പഠിപ്പിക്കാൻ തുടങ്ങി. പിന്നെ കുറേ കഴിഞ്ഞപ്പോ സ്‌കൂളിൽ സ്‌കൂൾ വിഷയങ്ങളേ പഠിപ്പിക്കാൻ പാടുള്ളൂ, മറ്റേത് പഠിപ്പിക്കാൻ പാടില്ല എന്നു പാസായി. ഇങ്ങനെ പാസായി വന്നപ്പോ, ഇത് വല്യൊരു ഗതികേടിലേക്കാണ് എന്ന് മനസ്സിലാക്ക്യേപ്പോ മതം പഠിപ്പിക്കാൻ ഒരു വഴി കണ്ടെത്താഞ്ഞാൽ ആകെ താറുമാറായിപ്പോകുമോ എന്നു കരുതി പറവണ്ണ മൊയ്തീൻകുട്ടി മോല്യാരും കൊറച്ച് മുസ്‌ലിയാർമാരും യോഗം കൂടി. സ്‌കൂൾ പത്തു മണിക്കല്ലേ തൊടങ്ങൂ. അപ്പോ എട്ടു മണി മുതൽ പത്ത് മണി വരെ മതം പഠിപ്പിക്കാൻ ഒരു സിലബസുണ്ടാക്കി. വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു. മൂപ്പര് തന്നെ പുസ്തകവും എഴുതിണ്ടാക്കി. എന്നെക്കാളും പ്രായണ്ടാവില്ല വിദ്യാഭ്യാസ ബോർഡിന്. എനിക്കിപ്പോ എഴുപത്തിനാല് വയസ്സായി. വിദ്യാഭ്യാസ ബോർഡ് ഉണ്ടാക്കീട്ട് ഏകദേശം അറുപത് കൊല്ലേ ആയിട്ടുണ്ടാവുള്ളൂ…
(സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഉസ്താദിന് ഉറക്ക് വന്നപ്പോൾ സംഭാഷണം നിറുത്തി തിരിച്ചുപോന്നു).
പിന്നീടൊരിക്കൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഉസ്താദിനെ കാണാൻ ചെന്നു. പാലും മുട്ടയും കഴിക്കാനിരിക്കുകയായിരുന്നു അപ്പോൾ. പാലു കുടിക്കുന്നതിനിടെ ഉസ്താദ് പറഞ്ഞു: എനിക്ക് എല്ലാറ്റിനും ഇജാസതുണ്ട്, പാലു കുടിക്കാനും ഇജാസതുണ്ട്. അതിനു ചില രീതിയൊക്കെയുണ്ട്. ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക. അതിൽ ഇരട്ടി മധുരവും കൽക്കണ്ടവും ചേർത്ത് കുടിക്കണം.
എണ്ണ തേക്കാൻ കൈപ്പറ്റ ഉസ്താദിന്റെയും എന്റെ ഉമ്മാന്റെയും ഇജാസതുണ്ട്. അസ്‌നാദി തൈലമാണ് തേക്കുക. ആഴ്ചയിൽ രണ്ട് ദിവസം. പരമാവധി കടമാക്കാതെ നോക്കണമെന്നാണ് ഉസ്താദ് എന്നെ പഠിപ്പിച്ചത്. ചായ കുടിക്കാൻ പണമില്ലെങ്കിൽ ഒരു ഗ്ലാസിൽ ചായയുടെ അത്ര വെള്ളം എടുത്ത് അങ്ങ് കുടിക്കുക.
ദലാഇലുൽ ഖൈറാതിനും അസ്മാഉൽ ഹുസ്‌നാ റാതീബിനുമൊക്കെ ഇജാസതുണ്ട്. ചിശ്തി, ബാ അലവി, രിഫാഈ, ഖാദിരിയ്യ എന്നീ ത്വരീഖതുകളൊക്കെ വാങ്ങിയിട്ടുണ്ട്.
അവാർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു: എത്താണ്ണീ ഈ അവാർഡ്? പൈസേ? പൈസേണെങ്കിൽ എനിക്ക് വേണ്ടാ. എന്റാവശ്യത്തിന് പൈസ ഇന്റട്ത്ത്ണ്ട്… ഇനിക്ക് അവാർഡ് വേണ്ടാന്ന് പറഞ്ഞപ്പോ ഖലീൽ തങ്ങൾ നിർബന്ധിച്ചു. തങ്ങള് അങ്ങനെ പറയുമ്പോ ഞമ്മളെന്താ ചെയ്യാ?…
അന്നും കുറേ നേരം സംസാരിച്ചു. ഉസ്താദിനോട് എപ്പോൾ സംസാരിച്ചാലും ഒരുപാട് ഇൽമുകൾ കിട്ടും. വെറും വർത്തമാനം പറയാറില്ല. പറയുന്നതെല്ലാം മുത്തുകളാണ്. ചെയ്യുന്നതെല്ലാം സത്തും. മൗനങ്ങളും ഭാവങ്ങളും പോലും ആശയങ്ങൾ കൈമാറും. അന്ന് പേനയും കടലാസും കൈയിലില്ലാത്തതിൽ ഒരുപാട് സങ്കടപ്പെട്ടു. ഒന്നും കുറിച്ചുവെച്ചില്ല. ഊഹിച്ചെഴുതാൻ പേടിയാകുന്നു. അതിനാൽ അവസാനിപ്പിക്കാം.

റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ/ 

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Exit mobile version