ഉസ്മാനിയാ ഖിലാഫത്ത് ഓര്മിപ്പിക്കുന്നത്!

ലോകത്തിനു മാതൃകയായിരുന്നു ഖിലാഫതുര്‍റാശിദ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ട് ദീന്‍ മനസ്സിലാക്കിയ പ്രമുഖ ശിഷ്യരായ നാലു മഹാന്മാരുടെ ഭരണം. മുപ്പതു വര്‍ഷത്തിനു ശേഷം ഖിലാഫത് വഴിമാറുമെന്ന തിരുപ്രവചനം പുലരുകയും അലി(റ)ന്റെ മരണത്തോടെ രാജാധികാരത്തിലേക്ക് ഭരണമെത്തുകയും ചെയ്തു.
ഉമവിയാക്കളും അബ്ബാസികളുമാണ് പിന്നീട് വന്ന ഭരണ കൈകാര്യക്കാര്‍. അവര്‍ക്കുശേഷം ഏറെക്കുറെ മതരീതികള്‍ പാലിക്കുന്ന ഉസ്മാനിയ (ഓട്ടോമന്‍) ഖിലാഫത്തിന് ലോകം സാക്ഷിയായി. മാതൃകാ ഭരണം നടത്താനും നാടിനും ജനങ്ങള്‍ക്കും കല, സാഹിത്യം, ശാസ്ത്രം, സാമ്പത്തികം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും വലിയ പുരോഗതിയുണ്ടാക്കാനും ഉസ്മാനി ഖലീഫമാരില്‍ പലര്‍ക്കും സാധിച്ചു.
വിവിധ ഭരണാധിപരുടെ പീഡനങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരുന്ന വ്യത്യസ്ത മതക്കാരായ ജനസഞ്ചയം ഉസ്മാനീ ഭരണാധികാരികളില്‍ ആശ്വാസം കണ്ടെത്തി. ദുഷ്പ്രചാരണങ്ങള്‍ കൊണ്ടും കുതന്ത്രങ്ങള്‍ കൊണ്ടും മൂടിവെക്കപ്പെട്ടിരുന്ന വിശുദ്ധ മതം സമൂഹത്തിനു പഠിക്കാനും പകര്‍ത്താനും അതുവഴി വന്‍ പുരോഗതി നേടാനും ഈ ഭരണകാലം ഏറെ പ്രയോജനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ തുര്‍ക്കി ഖിലാഫത്തിനെ അഭിമാനമായാണ് ലോക മുസ്‌ലിംകള്‍ കണ്ടത്. സ്വാഭാവികമായും അതിന്റെ വീഴ്ച സ്വന്തം പരാജയമായും അവര്‍ തിരിച്ചറിഞ്ഞു.
1924 മാര്‍ച്ച് മൂന്നിനാണ് ഉസ്മാനിയാ ഭരണം അവസാനിച്ചത്.ലോകത്ത് ഇസ്‌ലാമിക ഖിലാഫത്ത് നശിച്ചതിന്റെ 90ാം വാര്‍ഷികത്തിലാണ് നാം ഇപ്പോഴുള്ളത്. നഷ്ട പ്രതാപങ്ങള്‍ പങ്കുവെക്കുക എന്നതിനപ്പുറം, അവര്‍ നടത്തിയ അതി സാഹസികമായ വിപ്ലവങ്ങള്‍ ചെറിയ രീതിയില്‍ പരിചയപ്പെടുത്തുകയാണ് ഈ ലക്കത്തില്‍. കഠിനാധ്വാനവും ശരിയായ വിശ്വാസവുമുണ്ടെങ്കില്‍ എത്ര വലിയ പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാനാവുമെന്ന ഓര്‍മപ്പെടുത്തലാണ് ഇത്.

Exit mobile version