അതിനിടെ കേട്ട രസകരമായൊരു വാര്‍ത്തയിങ്ങനെ: പണം പൂത്ത് ഇരിക്കുന്ന ഒരു മധ്യവയസ്കനെ ചിലര്‍ സന്ദര്‍ശിച്ച് നല്‍കുന്ന പണത്തിന്റെ നേരെ ഇരട്ടി കള്ളനോട്ട് നല്‍കുമെന്ന് കരാറിലെത്തുന്നു. അവര്‍ക്കും കിട്ടി ലക്ഷങ്ങള്‍! കഥാന്ത്യം ബഹുരസമാണ്. തമിഴ്നാട്ടിലെ ഒരു ചേരിയിലേക്ക് സാധു ചാക്ക് കെട്ടിയ പണവുമായി എത്തി. കള്ളനോട്ടുകാരുടെ വാഹനത്തിലേക്ക് പണച്ചാക്ക് എടുത്തുവെച്ചു. പിന്നെ ഇരട്ടിയുള്ള കള്ളനോട്ടിന്റെ കര്‍ട്ടണ്‍ അവരുടെ ജീവനക്കാര്‍ താങ്ങി എടുക്കുമ്പോഴേക്ക് പോലീസ് ജീപ്പ് ചീറിവരുന്നു. എല്ലാവരും ചിതറിയോടുന്നു. രണ്ടു പണവും കസ്റ്റഡിയിലെടുത്തു പോലീസ് സ്ഥലം വിടുന്നതോടെ സാധുവിന്റെ ലക്ഷങ്ങള്‍ സ്വാഹ! പോലീസ് വേഷത്തിലെത്തിയത് തട്ടിപ്പുകാരുടെ സ്വന്തം പ്രതിനിധികളാണെന്നുകൂടി അറിയുകകാര്യം കുശാല്‍. ഇതിലൊക്കെയും പെടാന്‍ മാത്രം മന്ദബുദ്ധികളായാലെങ്ങനെയാണ്. ഏറ്റവുമൊടുവില്‍ സരിത, ബിജു, ശാലു മേനോന്‍, നായര്‍മാര്‍ നടത്തിയ മാരത്തോണ്‍ തട്ടിപ്പുകളും. എത്രകോടിയുടെന്നതില്‍ തര്‍ക്കം നടക്കുന്നതിനാല്‍ ഇപ്പോള്‍ എഴുതാനാവില്ല.
പണമോഹം പ്രത്യേകിച്ച് ആധുനിക മനുഷ്യരെ തരംതാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. പണത്തിനാണ് ജീവിതം, പഠനം, തട്ടിപ്പുകള്‍, ഓരോ ശ്വാസവും! ഇങ്ങനെയുള്ള ചിന്തകളാണ് അരീക്കോട്ടുകാരനെ സ്വകുടുംബത്തെ നശിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഒരുകൂട്ടം കുറ്റകൃത്യങ്ങള്‍ക്ക് നിരന്തരം പ്രചോദിപ്പിച്ചത്. ഭാര്യയെ കൊലചെയ്യുന്നത് എങ്ങനെയാണ്? ഒരു സാധുസ്ത്രീ. എല്ലാം സഹിച്ച് സഹകരിച്ചവള്‍. അതിനുമപ്പുറം, വെള്ളത്തില്‍ താഴ്ന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മരണം ഉറപ്പിക്കാന്‍ കരയില്‍ കാത്തുനിന്ന പിതാവിനെ വിളിച്ചു കരഞ്ഞുകാണില്ലേ? അതു കേള്‍ക്കാതിരിക്കാന്‍ മാത്രം കൊലയാളി ഹൃദയം കഠിമായതും പണമോഹം കൊണ്ടുതന്നെ.
ധര്‍മത്തിന്റെ ചെറിയ സൂചനപോലും അസഹ്യമായ വിധം പണമോഹികള്‍ മാറുന്നതിന്റെ കാഴ്ചകള്‍ എമ്പാടും വേറെയുമുണ്ട്. ഇതൊക്കെയും മനുഷ്യനെ മൃഗമാക്കി മാറ്റുന്നു. മരണത്തെക്കുറിച്ചുള്ള വെറുപ്പും ഭൗതിക അതിമോഹവും വലിയ ഭീഷണിയായി ഇടക്കിടെ സമൂഹത്തെ പഠിപ്പിച്ച തിരുറസൂല്‍(സ്വ)യെ ഹൃദയത്തിലേറ്റുക. നമുക്ക് വിജയിക്കാനാവും.