യുവതയുടെ കര്‍മ്മശേഷി പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രമായ പരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന നേതൃത്വം രൂപപ്പെടുത്തിയ സംഘടനാ സ്കൂളിന്റെ കീഴില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ് പണിപ്പുര’ 13 ക്രമീകരിക്കപ്പെട്ടത്.
ചാരുതയാര്‍ന്ന ശില്‍പ്പങ്ങള്‍ എപ്രകാരമാണോ ഒരു പണിപ്പുരയില്‍ ഒരുക്കപ്പെടുന്നത് അതിനേക്കാളേറെ മികവില്‍ മാറ്റങ്ങള്‍ക്ക് തടസ്സമാകുന്ന മുന്‍വിധികളെ തിരുത്തി കര്‍മശേഷിയെ പണിപ്പുരയുടെ ഉരക്കല്ലില്‍ പാകപ്പെടുത്താന്‍ പണിപ്പുര’13ലെ റോമെറ്റീരിയലുകളായ പ്രവര്‍ത്തക വ്യൂഹത്തെ ജൂലായ് 28ന് സംസ്ഥാനത്തിന്റെ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രീക്യാമ്പ് സിറ്റിങ്ങില്‍ നിന്നാണ് തെരഞ്ഞെടുത്തത്. സിറ്റിങ്ങില്‍ പങ്കെടുത്ത 174 പേരില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട സൗഹൃദ പ്രതിനിധികളും ഉള്‍പ്പെടെ 127 പേരാണ് പണിപ്പുരയിലെ പഠിതാക്കള്‍.
പ്രാരംഭ ദിവസമായ ആഗസ്റ്റ് പതിനേഴിന് രാവിലെ പത്ത് മണിക്ക് മുമ്പ് തന്നെ മജ്മഅ് കാമ്പസില്‍ ക്യാമ്പ് പ്രതിനിധികള്‍ എത്തിതുടങ്ങി. നേതൃനിരയിലേക്ക് നിയുക്തരായവര്‍ ജീവിത്തില്‍ ക്രമപ്പെടുത്തേണ്ട ശീലങ്ങളെ ഓര്‍മപ്പെടുത്തി മജ്മഇന്റെ ഉമ്മറപ്പടിയില്‍ പ്രദര്‍ശിപ്പിച്ച സന്ദേശങ്ങളും ഇന്നലകളിലെ പ്രസ്ഥാനിക ചലനത്തിന്റെ ദൃശ്യാവിഷ്കാരങ്ങളും ഏറെ കൗതുകകരവും പണിപ്പുരയില്‍ ശരിപ്പെടലുകള്‍ക്കുള്ള മുന്നറിയിപ്പുകളുമായിരുന്നു.
ക്യാമ്പ് അമീറിനു പുറമെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ജി അബൂബക്കര്‍, റഹ്മത്തുല്ലാഹ് സഖാഫി എളമരം, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എം എം ഇബ്രാഹിം, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, പി കെ എം ബശീര്‍ ഹാജി പടിക്കല്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ എന്നിവരെ ഇരുപത് അംഗങ്ങള്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഗ്രൂപ്പ് ഗൈഡുകളായി നിശ്ചയിച്ച് പ്രീ ക്യാമ്പ് സിറ്റിങ്ങ് മുതല്‍ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളുടെ പ്രാരംഭ പഠനത്തിനും മറ്റും ക്യാമ്പ് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
രാവിലെ പതിനൊന്നിന് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അവര്‍കളുടെ ‘നന്മയുടെ വെളിച്ചം ജീവിതത്തില്‍ പകരാന്‍ ആത്മാര്‍ത്ഥ സേവകരായി സ്വീകരിക്കണമേ…’ എന്ന അര്‍ത്ഥഗര്‍ഭമായ പ്രാര്‍ത്ഥനയോടെയാണ് പണിപ്പുരയുടെ ലളിതമായ തുടക്കം. തൃപ്തികരമായ സംഘാടനവും ആകര്‍ഷകമായ ക്രമീകരണങ്ങളും പഠനാര്‍ഹമായ സെഷനുകളും പണിപ്പുരയെ സമ്പുഷ്ടമാക്കിത്തീര്‍ത്തു.
രാവിലെ 11.05ന് ആരംഭിച്ച ആമുഖഭാഷണത്തില്‍ സംഘടനാ ശാക്തീകരണത്തിലുടെ കേരളത്തിലെ ശക്തമായ ഇസ്ലാമിക പ്രസ്ഥാനം ചുവടുറപ്പിക്കേണ്ട പുതിയ പ്രവര്‍ത്തന മേഖലകളെ പരാമര്‍ശിച്ചുകൊണ്ട് സര്‍വ്വതല സ്പര്‍ശിയായ ദഅ്വത്തും മനുഷ്യ സ്പര്‍ശിയായ സേവന/സാന്ത്വന പ്രവര്‍ത്തനങ്ങളുടെ വ്യാപനവും പണിപ്പുര ലക്ഷ്യമാക്കുന്നുവെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സംഘടനാകാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി ക്യാമ്പിന്റെ നിയന്ത്രണം മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസിക്ക് കൈമാറി. 11.25ന് ക്യാമ്പിന്റെ ഇമാറത്ത് ഏറ്റെടുത്ത അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തിലെ സമ്പൂര്‍ണ്ണ സമര്‍പ്പണമായ സംഘടനാ പ്രവര്‍ത്തനത്തില്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള അച്ചടക്കവും പ്രവര്‍ത്തകരുടെ ജീവിത സുതാര്യതയുടെ പ്രാധാന്യവും, അവ ശിഥിലപ്പെടുത്തിയാല്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും ഓര്‍മ്മപ്പെടുത്തി.
ഒന്നാം ഘട്ടത്തില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുര അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയായിരുന്നുവെങ്കില്‍ ദഅ്’വാസാന്ത്വനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രണ്ടാം ഘട്ടത്തില്‍ വിദ്യാഭ്യാസഉദ്യോഗ തലങ്ങളിലെ പ്രമുഖരായ സൗഹൃദപ്രതിനിധികളെയും ഉള്‍കൊള്ളിച്ച് ചിന്തയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തി ആദ്യ ദിവസം പദ്ധതികളുടെ പഠനവും രണ്ടാം ദിനത്തില്‍ അവയുടെ പ്രായോഗികവത്കരണവും പണിപ്പുരയില്‍ ചര്‍ച്ചാവിധേയമാക്കുമെന്ന കീനോട്ട്സ് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി മജീദ് കക്കാട് സൂചിപ്പിച്ചു.
രാവിലെ 11.40ന് ആരംഭിച്ച ആദ്യ പഠന സെഷനില്‍ ദഅ്വത്തിന്റെ വിധി, പ്രാധാന്യം എന്നതിനെ ആസ്പദിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി നടത്തിയ അവതരണം ഏറെ ശ്രദ്ധേയമായിരുന്നു. ‘‘തിരുനബി(സ)യെ അല്ലാഹു നിശ്ചയിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്വ നിര്‍വ്വഹണമാണ് പ്രബോധന ദൗത്യമെന്നും, ഇത് പിന്തുടരുന്നത് മുത്ത് നബി (സ)യുടെ മാര്‍ഗമാണെന്നും അവിടുത്തെ പിന്തുടരുന്നവര്‍ പരിശുദ്ധനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കാണ് ക്ഷണിക്കുന്നതെന്നും പ്രമാണങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. പ്രബോധനവീഥിയിലെ എതിര്‍പ്പുകളെ വ്യക്തിജീവിതത്തിലെ നന്മകൊണ്ടതിജയിക്കാന്‍ സാരഥികളെ പാകപ്പെടുത്തലാണ് നമ്മുടെ പണിപ്പുരകളെന്നും പൂര്‍വ്വികരുടെ പ്രബോധന ജീവിതത്തെ ഉദാഹരിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു.
ത്യാഗപൂര്‍ണമായ ദഅ്വത്തിന്റെ മഹത്വവും പ്രാധാന്യവും വരച്ച് കാട്ടി ആദ്യ പഠനം 1.10നു അവസാനിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ജഅ്ഫറിന്റെ പിതാവിന്റെ മരണവാര്‍ത്തറിയിച്ച് പേരോട് ഉസ്താദ് പ്രാര്‍ത്ഥിച്ചപ്പോള്‍ ഒപ്പം പണിപ്പുരയിലെ പഠിതാക്കളും മനമുരുകി തേടി ‘നാഥാ ആ സഹോദരന്റെ പാരത്രിക മോക്ഷം എളുപ്പമാക്കണമേ…..
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ നേതൃത്വത്തില്‍ നടന്ന ളുഹര്‍ നിസ്കാരത്തിനു ശേഷം ഉച്ചഭക്ഷണമായിരുന്നു. പിന്നീട് സമയനിഷ്ഠയോടെ കൃത്യമായ ഇരിപ്പിടങ്ങളിലെത്തിയ പഠിതാക്കള്‍ളോട് സംസ്ഥാന സെക്രട്ടറി സിപി സെയ്തലവി മാസ്റ്റര്‍ പ്രമുഖ ട്രൈനര്‍ ഹേമപാലനെ പരിചയപ്പെടുത്തി. അറിവും കഴിവും ഉപയോഗപ്പെടുത്തി വ്യക്തിഗത സമീപനം നന്നാക്കി സംഘാടന കലയുടെ മികവിലൂടെ സാമൂഹിക ഘടനയെ മാറ്റിയെഴുതാമെന്ന് ദൃശ്യാവിഷ്ക്കാരത്തോടെ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ സംഘ നേതൃത്വത്തിനുണ്ടാകേണ്ടുന്ന ഗുണവശങ്ങള്‍ക്ക് ഘലമറലൃ ലെ അക്ഷരങ്ങള്‍ സൂചകങ്ങളാണെന്ന് സദസ്സിനെ ബോധ്യപ്പെടുത്താനദ്ദേഹത്തിന് കഴിഞ്ഞു.
എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം ഉസ്താദിന്റെ സമാഗമനംകൊണ്ട് ധന്യമായി അസര്‍ നിസ്കാരാനന്തരമുള്ള സദസ്സ്. 4.55 പ്രസ്ഥാനത്തിന്റെ സാരഥി സുന്നത്ത് ജമാഅത്ത് അവതരിപ്പിച്ചുകൊണ്ട് ‘പണിപ്പുര 13’ന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളീയ മുസ്ലിം സമുഹത്തെ പ്രതിനിധാനം ചെയ്തെത്തിയവര്‍ കേരളീയ സമൂഹത്തെ അഹ്ലുസുന്നയുടെ അഖീദയിലേക്ക് ക്ഷണിക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്താനാണ് പണിപ്പുരയിലൊത്തുകൂടിയതെന്നും നവപദ്ധതികളുടെ സാഫല്യത്തിന് മുന്‍കാല നേതൃത്വത്തെ മാതൃകളാക്കാന്‍ പണിപ്പുരക്കാവട്ടെയെന്നും അദ്ദേഹം ആശീര്‍വദിച്ചു. സംസ്ഥാന പ്രസിഡന്‍റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
മഗ്രിബ് നിസ്കാരാന്തരം സൂറത്തുല്‍ മുല്‍ഖ് പാരായണം ചെയ്തുകൊണ്ടിരിക്കെ 7.30ഓടെ സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ ആഗമനം സദസ്സിനെയേറെ ആനന്ദിപ്പിച്ചു. പ്രസ്തുത സെഷനില്‍ മനുഷ്യ സ്പര്‍ശിയായ സേവനത്തിന് സാന്ത്വനത്തിന്റെ തലയോടലുകള്‍ അനിവാര്യമാണെന്ന് വ്യതിരിക്തമായ അവതരണത്തിലൂടെ ഡോ. അബ്ദുള്ള മണിമ സദസ്സിനെ തര്യപ്പെടുത്തി.
പ്രവാചകനിയോഗത്തിനു മുന്പും ശേഷം മക്കാമദീന ജീവിത കാലയളവിലും അല്ലാഹു നല്‍കിയ വിഭവാനുഗ്രഹങ്ങള്‍ മുഴുക്കെയും സഹജീവികള്‍ക്ക് പകുത്തുനല്‍കിയ പ്രവാചക തിരുമേനി(സ്വ) മദീനയിലെ പണിപ്പുരയിലൂടെ പാകപ്പെടുത്തിയത്, സത്യപ്രതിജ്ഞാനാളിലും അധികാര ലബ്ധിയുടെ ദിനത്തിലും അവശതയനുഭവിക്കുന്ന നിത്യരോഗികളുടെ ഉടയാടകളും ശൗചപാത്രവും കഴുകി വൃത്തിയാക്കി സേവന നിരതമായ ഖലീഫ അബൂബക്കറി(റ)നേയും ഉമറി(റ)നേയും ആയിരുന്നുവെന്ന് ഓര്‍മപ്പെടുത്തി. ഹൃദയസ്പൃക്കായ അവതരണത്തിലൂടെ സദസ്സിനെ കൂടെ നടത്തിയ അബ്ദുള്ള മണിമ അവസാനിപ്പിച്ചിടത്ത് പ്രാസ്ഥാനിക വഴിയില്‍ മുന്നേ മറഞ്ഞ പൂര്‍വ്വികര്‍ക്കും ബന്ധുക്കള്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് തന്റെ യുവത്വം പ്രസരിക്കുന്ന മനസ്സ് നിങ്ങള്‍ക്കൊപ്പമാണെന്നാശിര്‍വദിച്ച് സയ്യിദലി ബാഫഖി തങ്ങള്‍ യാത്ര ചോദിച്ചിറങ്ങി. തുടര്‍ന്ന് ഇശാഅ് നിസ്കാരം, ഹദ്ദാദ്, ഭക്ഷണ കാര്യങ്ങള്‍ക്കായി പിരിഞ്ഞു.
സമയം രാത്രി 9.40 തിരുനബി(സ) യുടെ ജീവിതത്തിലൂടെ സര്‍വ്വതല സ്പര്‍ശിയായ ദഅ്വത്തിന്റെ ഹൃദയഹാരിയായ കാഴ്ചകളവതരിപ്പിച്ച സമസ്ത കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ ഉസ്താദ് സദസിനെ ധന്യതയുടെ ഉച്ചിയിലേക്കുയര്‍ത്തി. പ്രകാശഗിരിയിലെ ഹിറാ ഗഹ്വരത്തില്‍ പെയ്തിറങ്ങിയ അമാനുഷിക വചനങ്ങളാല്‍ ലോകത്തെ മാറ്റത്തിന്റെ തലത്തിലേക്കും ഏകദൈവിക ദര്‍ശനത്തിലേക്കും വഴിനടത്തിയ പ്രവാചകര്‍(സ്വ)യുടെ ജീവിതം മനുഷ്യ പ്രകൃതിക്ക് സംഭവിച്ച വൈകൃതത്തില്‍ നിന്ന് നന്മയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ജീവിത്തില്‍ നന്മയുടെ സാരവും വിജയത്തിന്റെ അംശവും മേളിക്കണമെങ്കില്‍ മനുഷ്യ നിയോഗത്തിന്റെ ഈ മര്‍മം ഉള്‍കൊണ്ടേ മതിയാകൂ എന്നും അദ്ദേഹം പഠിതാക്കളെ ഓര്‍മിപ്പിച്ചു.
പഠനത്തിന്റെ പ്രായോഗിക തലങ്ങള്‍ക്ക് അരങ്ങൊരുക്കാന്‍ രാത്രി 11.13ന് ക്യാമ്പനുഭവങ്ങള്‍ ഡയറികുറിപ്പായി കോറിയിട്ട് പരിശോധനകള്‍ക്കായി നേതൃത്വത്തിന് സമര്‍പ്പിച്ച് ഒന്നാം ദിവസം പിരിഞ്ഞു.
ആഗസ്റ്റ് പതിനെട്ട് പണിപ്പുരയുടെ രണ്ടാം ദിവസം നിശ്ചയിക്കപ്പെട്ടതിലും നേരത്തെ സജീവമായി. രാത്രിയുടെ സൗകര്യത്തില്‍ ലോകം സുഖനിദ്രയിലാണ്ടിരിക്കെ ‘ഇസ്ലാമിക ദഅ്വത്തിന് നിങ്ങളില്‍ നിന്നും ഒരു സംഘമുണ്ടാകട്ടെ’ എന്ന ഖുര്‍ആനിന്റെ ഉള്‍വിളിയുള്‍കൊണ്ട് ഗൗരവത്തായ തയ്യാറെടുപ്പിലായിരുന്നു പണിപ്പുരയിലെത്തിയവര്‍. നിര്‍ദ്ദേശിക്കപ്പെട്ടതിലും നേരത്തെ ഉണര്‍ന്ന് പുലര്‍ച്ചെ 4.30ന് പ്രാഥമിക കാര്യങ്ങളും തഹജ്ജുദ് നിസ്കാരവും നിര്‍വ്വഹിച്ച് നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനക്ക് അവസരം ഉപയോഗപ്പെടുത്തി പണിപ്പുരയിലംഗങ്ങള്‍ എത്തി.
രാവിലെ 7.10ന് ക്യാമ്പ് അമീറിന്റെ പ്രാരംഭ പ്രാര്‍ത്ഥനക്കുശേഷം നമ്മുടെ പൂര്‍വ്വികര്‍ പാകിയ ഭദ്രമായ അടിത്തറയില്‍ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമുക്കാകണമെന്ന് കര്‍മപദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ദഅ്’വാ കാര്യ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉണര്‍ത്തി.
രാവിലെ എട്ടിന് കാബിനറ്റ് സംവിധാനത്തിന്റെ പഠനത്തിന് സംസ്ഥാന പ്രവാസികാര്യ സെക്രട്ടറി മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കി. മുഴുവന്‍ അംഗങ്ങളുടെയും കര്‍മശേഷി കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്താനും ഘടകങ്ങളെ ചലനാത്മകമാക്കാനും കാബിനറ്റ് സംവിധാനം കൊണ്ട് സംഘടന ലക്ഷ്യമാക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കാബിനറ്റുകള്‍ക്ക് കീഴില്‍ നിശ്ചയിച്ച ക്രമീകരണങ്ങളില്‍ ഊന്നികൊണ്ട് പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ കാബിനറ്റ് ക്യാമ്പുകള്‍ കേരളീയ ചരിത്രത്തില്‍ സംഘടനയുടെ സക്രിയമായ ഇടപെടലുകള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതായിരുന്നു. സംഘടനാകാര്യം, ദഅ്വ, ക്ഷേമം, അഡ്മിനിസ്ട്രേഷന്‍ എന്നീ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാനജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന നാലു കാബിനറ്റ് ക്യാമ്പുകളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും അനുഭവങ്ങള്‍ പങ്കുവെക്കലും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. കെ മുഹമ്മദ് ഇബ്റാഹിം, എസ് ശറഫുദ്ദീന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, പികെ ബാവ ദാരിമി, ഫാറൂഖ് അഹ്സനി തെന്നല, അബ്ദുല്ല സഅദി ചെറുവാടി, ഡോ. മുജീബുറഹ്മാന്‍, എഞ്ചിനീയര്‍ റഊഫ്, സലീം ആര്‍ഇസി, ഒഎംഎ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അനുഭവജ്ഞാനവും കാര്യക്ഷമതയുമുള്ള നേതൃനിരയുടെ ഇടപെടലും സംഘാടനത്തിലെ നൂതനമായ ആശയങ്ങള്‍ ഫലവത്താക്കാന്‍ ഏറെ സഹായിക്കുമെന്ന തീരുമാനത്തിലാണ് ക്യാബിനറ്റ് ക്യാമ്പുകള്‍ പിരിഞ്ഞത്.
ദഅ്വത്തിന്റെ കേരളീയ സാധ്യതകളെ പാഠ്യവിഷയമാക്കി അംഗങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പണിപ്പുരയിലെ ക്യാബിനറ്റ് ക്യാമ്പുകളില്‍ രൂപപ്പെട്ട കരട് പദ്ധതികള്‍ സെക്രട്ടറിമാരായ പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം (ക്ഷേമം), വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി (സംഘടന), മജീദ് കക്കാട് (അഡ്മിനിസ്ട്രേഷന്‍), സുലൈമാന്‍ സഖാഫി മാളിയേക്കല്‍ (ദഅ്വ) എന്നിവര്‍ സംസ്ഥാന ക്യാബിനറ്റിന്റെ അംഗീകാരത്തിനായി പണിപ്പുരയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നുചേര്‍ന്ന ക്യാബിനറ്റ് യോഗം പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി.
ദഅ്വത്തിന്റെ വ്യാപനത്തിന് സമൂഹത്തെ അഞ്ച് കാറ്റഗറിയാക്കി പ്രാഥമിക സംഘാടനത്തിന് സംസ്ഥാന സമിതികളെയും ജില്ലാ തല ചീഫുമാരെയും നിശ്ചയിച്ച് പ്രഖ്യാപിച്ചു.
3.20ഓടെ പണിപ്പുരയിലേക്ക് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളെത്തി. തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ മുഖപത്രമായ സുന്നിവോയ്സ് ആസ്പദിച്ച് നടത്തിയ ടെസ്റ്റിലെ മുഹമ്മദാലി സഖാഫി പുറ്റാട് (ഒന്ന്), എന്‍ സക്കരിയ മാസ്റ്റര്‍ (രണ്ട്), അബ്ദുല്‍ ഖാദര്‍ സഖാഫി (മൂന്ന്) എന്നീ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു.
പണിപ്പുരയുടെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ സംസ്ഥാന മുഖ്യകാര്യദര്‍ശി പേരോട് അബ്ദുറഹിമാന്‍ സഖാഫി ക്യാമ്പിന്റെ സന്ദേശം പ്രവര്‍ത്തകര്‍ക്ക് കൈമാറി. അഹ്ലുസുന്നയുടെ പ്രാമാണികതയെ ഉള്‍കൊണ്ട് പ്രാസ്ഥാനിക നയസമീപനങ്ങളില്‍ ഉറച്ചുനിന്നുള്ള സേവനസാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ വരും നാളുകളില്‍ കരുത്താര്‍ജിക്കാന്‍ നമുക്കാകണം. പൂര്‍വ്വീകര്‍ തുടങ്ങിവച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നിയോഗിക്കപ്പെട്ടവരാണ് നാമെന്നും ത്യാഗപൂര്‍ണമായ ജീവിതത്തിലൂടെ മുന്നേ നടന്ന പൂര്‍വ്വകാല നേതൃത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള ചലനങ്ങള്‍ സംഘടനക്ക് അഭികാമ്യമല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സമയം 3.55 ആയപ്പോഴേക്കും ആമുഖങ്ങളില്ലാതെ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അവര്‍കള്‍ പുണ്യമദീനയുടെ പണിപ്പുരയിലേക്ക് പ്രവര്‍ത്തകരെ എത്തിച്ചു. മുത്തുനബി(സ)യുടെ പാഠശാലയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് അവിടുന്ന് പകര്‍ന്ന പാഠങ്ങളെ ഒരാവര്‍ത്തികൂടി പണിപ്പുരയില്‍ വിശദീകരിച്ചുകൊണ്ട് പ്രവാചക പൗത്രന്‍ ഓര്‍മിപ്പിച്ചു.
ഇന്നെലകളില്‍ നമ്മെ നയിച്ച മഹത്തുക്കളുടെ ആത്മീയ സാന്നിദ്ധം നമുക്ക് കൂട്ടിനുണ്ട്. മുന്നില്‍ നില്‍ക്കാന്‍ യോഗ്യരായ നേതാക്കളാല്‍ സമ്പന്നമാണ് നമ്മുടെ പ്രസ്ഥാനം. കൂടെ നില്‍ക്കാന്‍ അവസരം നല്‍കപ്പെട്ടവരാണ് നാം. കേരളത്തിന്റെ ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതക്ക് നമ്മുടെ പുതിയ ചുവടുവെപ്പുകള്‍ വേഗത പകരും. കരങ്ങളുയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിച്ചു: ‘ഇത് നന്മയില്‍ ഞങ്ങളുടെ അവസാനത്തെ ഒത്തുചേരലാക്കരുത് നാഥാ….’ കണ്ഡമിടറി പഠിതാക്കളും അതേറ്റുപറഞ്ഞു…
പിരിയാന്‍ സമ്മതമില്ലാത്ത മനസ്സുമായി റബ്ബിന്റെ നിയോഗം കണക്കെ ഏല്‍പ്പിക്കപ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പണിപ്പുരയുടെ പടിയിറങ്ങുകയാണ് പഠിതാക്കള്‍. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ത്വാഹ തങ്ങള്‍, അബ്ദുറഹ്മാന്‍ ഫൈസി മരായമംഗലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബ്ദുല്‍ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക് തുടങ്ങിയ നേതാക്കളോടൊപ്പം ക്യാമ്പ് പ്രതിനിധികള്‍ അറിവിന്റെ വെളിച്ചവും അനുഭവ പാഠങ്ങളും സമ്മാനിച്ച പണിപ്പുരക്ക് ആതിഥ്യമരുളിയ മജ്മഇന്റെ മുറ്റത്ത് വൃത്താകൃതിയില്‍ അണിനിരന്നു.
സാദാത്തീങ്ങളും പണ്ഡിത മഹത്തുക്കളും നേതാക്കളും ക്യാമ്പ് പ്രതിനിധികളും പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും യാത്ര പറഞ്ഞു. നന്മയുടെ ചലനങ്ങള്‍ക്ക് ചടുലത പകരാന്‍ പണിപ്പുരയിലെത്തിയ നമുക്ക് സന്തോഷ ഭവനത്തില്‍ സംഗമിക്കാന്‍ അവസരം നല്‍കട്ടെ… നേതാക്കളുടെ അനുഗ്രഹാശിസുകളുമായി വൈകീട്ട് 4.19ന് മജ്മഇന്റെ പടിയിറങ്ങി… ഇനി സംഘ പതാകയേന്തി കേരളീയ മനസ്സിലേക്ക്…. പുതിയ കാലത്തോട് സംവദിക്കാന്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്ക്കരിച്ച പണിപ്പുര നല്‍കിയ ആര്‍ജ്ജവത്തോടെ….
റിപ്പോര്‍ട്ട്/നൗഷാദ് മൂന്നുപീടിക