ഏകീകൃത സിവിൽ കോഡ് ഒരു വർഗീയചൂണ്ടയാണ്, രാഷ്ട്രീയ പ്രതിരോധമാണ് പ്രതിവിധി

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയമ കമ്മീഷൻ പൗരന്മാരോടും മതസംഘടനകളോടും ആവശ്യപ്പെട്ടതോടെ രാജ്യം മറ്റൊരു രാഷ്ട്രീയ ചർച്ചയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇന്ത്യ ഭരിക്കുന്ന സംഘ്പരിവാർ പുതിയൊരു കാമ്പയിനിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നൊരർത്ഥം കൂടി ഇപ്പറഞ്ഞതിനുണ്ട്. ആർഎസ്എസിന്റെ ആദ്യ കാമ്പയിൻ ഗോവധത്തിനെതിരെയായിരുന്നു. ഹിന്ദു മഹാസഭ മുമ്പേ പറഞ്ഞത് പിൽക്കാലത്ത് ആർഎസ്എസ് ഏറ്റെടുത്തു. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വിഡി സവർക്കറായിരുന്നല്ലോ ഹിന്ദുത്വയുടെ പ്രോൽഘാടകൻ. ആർഎസ്എസ് ആചാര്യസ്ഥാനത്ത് കാണുന്ന നേതാവാണ് സവർക്കർ. ഹിന്ദു മഹാസഭയുടെ ഗോവധ നിരോധന മുദ്രാവാക്യം ആർഎസ്എസ് എന്തിന് ഏറ്റെടുത്തുവെന്ന ചോദ്യം പോലും അപ്രസക്തമാണ്. ആർഎസ്എസ് രൂപീകരിച്ചതോടെ ഹിന്ദു മഹാസഭ തന്നെ അപ്രസക്തമായി. ആർഎസ്എസ് രൂപീകരണത്തിനു ശേഷം കുറച്ചുകാലം അവർ രംഗത്തുണ്ടായിരുന്നുവെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചെയ്യേണ്ടതെല്ലാം ആർഎസ്എസ് ചെയ്യുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗോവധ നിരോധനത്തിനായുള്ള മുറവിളി. ദീർഘകാലം ഒരു കാമ്പയിനായിത്തന്നെ ആർഎസ്എസ് ഗോവധ നിരോധനം മുന്നോട്ടുകൊണ്ടുപോയി. ചിലയിടങ്ങളിൽ അതിന്റെ പേരിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ ഹിന്ദുത്വർക്ക് കഴിഞ്ഞെങ്കിലും രാഷ്ട്രീയ നേട്ടമാക്കി ആ കാമ്പയിനെ മാറ്റാൻ സാധിച്ചില്ല. അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷം മിശ്രഭുക്കുകളാണ്. ബ്രാഹ്‌മണരിൽ അന്തർലീനമായ മാംസഭക്ഷണത്തോടുള്ള വെറുപ്പാണ് ആർഎസ്എസ് അജണ്ടയായി പുറത്തുവന്നത്. അത് ജനം തിരിച്ചറിഞ്ഞു. തങ്ങളുടെ രുചികൾ ആർഎസ്എസ് തീരുമാനിക്കേണ്ട എന്നിടത്തായിരുന്നു ജനത്തിന്റെ നിൽപ്പ്.
അപ്പോഴാണ് അവർ അയോധ്യാ കാർഡുമായി ഇറങ്ങിയത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ബാബർ പള്ളി പണിതതെന്ന ആരോപണമുയർത്തി അവർ നാടിളക്കാനിറങ്ങി. ഹിന്ദു സമൂഹത്തിനു ശ്രീരാമനോടുള്ള ഭക്തി വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളുമായി അവർ കളംനിറഞ്ഞു. ഒടുവിൽ ബാബരി മസ്ജിദ് തകർത്തു. അതൊരു ദീർഘകാല രാഷ്ട്രീയ നിക്ഷേപമാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. അവിടെ ക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി മാധ്യസ്ഥ്യം പറഞ്ഞതോടെ സംഘ്പരിവാറിന് മുന്നോട്ടുപോകാൻ ഒരായുധമില്ലാതെവന്നു. മോഡി സർക്കാരിന്റെ ഭരണമികവ് പറഞ്ഞു പിടിച്ചുനിൽക്കാൻ കഴിയില്ല ബിജെപിക്ക്. അത്രകണ്ട് വെറുപ്പിച്ചിട്ടുണ്ട് ജനത്തെ. പെട്രോൾ, പാചകവാതകം, അവശ്യ സാധനം… എല്ലാത്തിനും മോദിക്കാലത്ത് വില കുതിച്ചുയർന്നു. മനുഷ്യനൊഴികെ എല്ലാത്തിനും വിലകൂടിയതാണ് ഇക്കാല അനുഭവം. അതുകൊണ്ട് ഭരണപ്പെരുമ പറഞ്ഞ് നാട്ടിലിറങ്ങാൻ പറ്റില്ല. അപ്പോൾ പിന്നെ ആശ്രയം വർഗീയത തന്നെ. അതിനുള്ള ഉപായമാണ് ഏകീകൃത സിവിൽ കോഡ്.
രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും (ക്രിമിനൽ, സിവിൽ, മോട്ടോർ വാഹന നിയമം…) എല്ലാ പൗരന്മാർക്കും തുല്യമാണ്. എന്നാൽ വ്യക്തിനിയമം (വിവാഹം, വിവാഹ മോചനം, സ്വത്തവകാശം…) അങ്ങനെയല്ല. അത് പല സമൂഹങ്ങളിലും വ്യത്യസ്തമാണ്. ചിലതാകട്ടെ മതശാസനകളെ മാനിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. അവരുടെ വിശ്വാസപരമായ ആചാരങ്ങളെ, നിയമങ്ങളെ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഭരണഘടനാ നിർമാതാക്കൾ വ്യക്തിനിയമത്തിലെ വൈവിധ്യം അംഗീകരിക്കുന്നത്. അത് മാറ്റി എല്ലാവർക്കും ബാധകമാകുന്ന വ്യക്തിനിയമം കൊണ്ടുവരുമെന്നാണ് ബിജെപി പറയുന്നത്. ഒരു രാജ്യം, ഒരു നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിന്റെ താൽപര്യമായി ബിജെപി വൃത്തങ്ങൾ വിശദീകരിക്കുന്നത്. ആ ഏകീകരണം സാധ്യമാണോ? വ്യക്തിനിയമത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവന്നതുകൊണ്ട് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുമോ? ജമ്മുകശ്മീരിനു പ്രത്യേക പദവി ഉറപ്പാക്കിയ 370ാം വകുപ്പ് കേന്ദ്രം എടുത്തുകളഞ്ഞപ്പോഴും ഇതേ ന്യായമാണ് പറഞ്ഞത്. പക്ഷേ അപ്പോഴും അനുച്ഛേദം 371 അവിടെയുണ്ട്. അത് ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നു. ഉദാഹരണത്തിന് അനുച്ഛേദം 371 എ നാഗാലാൻഡിനു പ്രത്യേകാധികാരങ്ങൾ നൽകുന്നു. നാഗാലാൻഡിന്റെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, ഭൂമിയുടെ കൈമാറ്റവും ഉടമാവകാശവും, വ്യാവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവയിലൊന്നും ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിനു അവിടെ പ്രാബല്യമില്ല. അത് അവിടെ ബാധകമാകണമെങ്കിൽ സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്.
അനുച്ഛേദം 370നു കീഴിൽ വരുന്ന വ്യത്യസ്തതകൾ അവസാനിപ്പിച്ച് ഏകീകരിക്കപ്പെടണമെന്നു തോന്നാത്ത ബിജെപിക്ക് വ്യക്തിനിയമം ഏകീകരിക്കണമെന്ന വിചാരമുണ്ടാകുന്നതിന്റെ താൽപര്യം വർഗീയ രാഷ്ട്രീയമാണ്. അനന്തകാലം അധികാരത്തിൽ തുടരാനുള്ള വാതിൽ തുറന്നിടുകയാണവർ. പൊതുക്രിമിനൽ കോഡ് അസാധ്യമായ ഒരു രാജ്യത്താണ് ബിജെപി പൊതുസിവിൽ കോഡിനെക്കുറിച്ചുള്ള ആലോചനകൾ നടത്തുന്നതെന്ന വൈചിത്ര്യം കൂടി ഇതിലുണ്ടെന്നത് മറ്റൊരു വസ്തുത.
വ്യക്തിനിയമം കൺകറന്റ് ലിസ്റ്റിൽ വരുന്ന കാര്യമാണ്. സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള വിഷയമാണ്, കേന്ദ്രത്തിനു ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയില്ല എന്നാണ് അതിനർത്ഥം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാവുന്ന ഒരു വിഷയത്തെ യൂണിയൻ ലിസ്റ്റിലേത് കണക്കെ കൈകാര്യം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തിടുക്കത്തിൽ നിന്നുതന്നെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങളെ സാമുദായികമായി പിളർക്കാനുള്ള ഒരായുധം അവർ പുറത്തെടുത്തിരിക്കുന്നു. അവർ ഇക്കാലമത്രയും പിടിച്ചുനിന്നത് ഇത്തരം വർഗീയ അജണ്ടകൾ കെട്ടഴിച്ചുവിട്ടാണ്.
ഏകീകൃത സിവിൽ കോഡ് വിവാദം കത്തിച്ചുനിർത്താൻ ബിജെപിയുടെ മുന്നിലെ ഏകവഴി അതിനു മുസ്‌ലിം വിരുദ്ധ മുഖം നൽകുകയെന്നതാണ്. സിവിൽ നിയമങ്ങൾ ഏകീകരിക്കപ്പെടാത്തതിനാൽ മുസ്‌ലിംകൾ അന്യായമായി എന്തെല്ലാമോ ആനുകൂല്യം പറ്റുന്നുവെന്ന് വരുത്തിത്തീർക്കാൻ ഇക്കാലത്ത് വളരെ എളുപ്പമാണ്. അനേകം നുണയുൽപാദന ഫാക്ടറികൾ രാജ്യത്തെമ്പാടും ബിജെപിക്ക് വേണ്ടി തുറന്നിരിപ്പുണ്ട്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് മുസ്ലിംകളെ ‘പാഠം പഠിപ്പിക്കാൻ’ ആണെന്ന് പ്രചരിപ്പിക്കാൻ അവർക്ക് ക്ഷിപ്രസാധ്യമാണ്. അത് ഏറ്റെടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് പോലും മടിയില്ലതാനും. അതിൽ കേറി കൊത്താതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ നമ്മൾ കാണിക്കേണ്ട ജനാധിപത്യ ജാഗ്രത. ബിജെപി ആഗ്രഹിക്കുന്നത് മതസംഘടനകൾ ഈ ചൂണ്ടയിൽ കൊത്തണമെന്നാണ്. അതോടെ അവർക്ക് കാര്യം എളുപ്പമാകും. അതിനു വഴിവെക്കാതിരിക്കുക.
പ്രാഥമികമായി മനസ്സിലാക്കേണ്ടത് ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല എന്നാണ്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിലെല്ലാം രാജ്യത്ത് വൈവിധ്യങ്ങൾ പ്രകടമാണ്. എല്ലാ സമുദായങ്ങളിലും അതുണ്ട്. ഹിന്ദു സമുദായത്തിൽ തന്നെയും എത്ര ജാതികൾ, ഉപജാതികൾ. അവർക്കിടയിലെ ആചാരവൈവിധ്യങ്ങൾ എന്നിവയെയെല്ലാം ഏകീകരിക്കാൻ നിയമം കൊണ്ടു കഴിയുമോ? എണ്ണമറ്റ ആദിവാസി വിഭാഗങ്ങൾ, ആയിരക്കണക്കിന് ഗോത്ര സമൂഹങ്ങൾ- ഒന്ന് മറ്റൊന്നിന്റെ അനുകരണമോ പകർപ്പോ അല്ല, ആചാരത്തിലും അനുഷ്ഠാനത്തിലും അവർ വ്യത്യസ്തത പുലർത്തുന്നുണ്ട്. ക്രൈസ്തവരിൽ തന്നെ വിവാഹത്തിലും വിവാഹമോചനത്തിലും നിലനിൽക്കുന്നത് ഏകസ്വഭാവമാണോ? ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഗോവയിൽ കത്തോലിക്ക വിഭാഗത്തിന് സഭാകോടതിയിലൂടെ വിവാഹമോചനം സാധ്യമാണ്. മറ്റുള്ളവർ സിവിൽ കോടതിയെ സമീപിക്കണം. ഇതൊക്കെ എങ്ങനെ ഏകീകരിക്കാനാണ്? ഏകീകരിച്ചാൽ തന്നെ അത് പ്രായോഗികമാണോ? അല്ല. അപ്രായോഗികമാണ്. അത് ബിജെപിക്കുമറിയാം.
എന്നിട്ടും ഈ തിടുക്കം എന്തിന്? അത് 2024ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അവിടെയും നിൽക്കില്ല. അതിനു ശേഷവും ബിജെപി ഇത് ഉന്നയിച്ചുകൊണ്ടേയിരിക്കും. കാരണം അയോധ്യക്ക് ശേഷം ബിജെപിയുടെ, അല്ല ആർഎസ്എസിന്റെ തന്നെ ദീർഘകാല രാഷ്ട്രീയ (വർഗീയ) നിക്ഷേപമാണ് ഏകീകൃത സിവിൽ കോഡ്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമെങ്കിലും ചർച്ചയുടെ ഫോക്കസ് മുസ്ലിംകളിലേക്ക് തിരിക്കാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കും. ഏതെങ്കിലും വ്യാജ ‘മുസ്‌ലിം’ സംഘടനകളെ അതിനായി രംഗത്തിറക്കാനും സാധ്യതയുണ്ട്. മുത്തലാഖ് ബില്ലിന് അഭിവാദ്യമർപ്പിക്കാൻ പർദ ധരിച്ച ‘മുസ്‌ലിം സ്ത്രീകൾ’ രംഗത്തുവന്നത് ഓർക്കുന്നില്ലേ. അവരിൽ ചിലരെങ്കിലും നെറ്റിയിലെ സിന്ദൂരം മായ്ക്കാൻ മറന്നതും നമ്മൾ ദൃശ്യങ്ങളിൽ കണ്ടതാണല്ലോ!
ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. മദ്യനിരോധനം, സ്ത്രീ സുരക്ഷ ഉൾപ്പടെ പലതും നിർദേശക തത്ത്വങ്ങളിലുണ്ട്. അതിലൊന്നും താൽപര്യമില്ലാത്ത ഒരു ഭരണകൂടം ഏകീകൃത സിവിൽ കോഡിന് പിറകെ വണ്ടിയെടുത്തു പായുന്നതിന്റെ ‘ഉദ്ദേശ്യശുദ്ധി’ ആരും സംശയിക്കരുത്! രാജ്യതാൽപര്യങ്ങൾക്കു വേണ്ടിയുള്ള ധൃതിപ്പെടലല്ല അത്. ഇന്ത്യൻ ഭരണഘടനയോട് ആർഎസ്എസിനുള്ള എതിർപ്പ് പ്രസിദ്ധമാണ്. അത് രേഖയായി ചരിത്രത്തിൽ പതിഞ്ഞുകിടപ്പുണ്ട്. 2000 ആഗസ്തിൽ ബിബിസിക്കു വേണ്ടി അന്നത്തെ ആർഎസ്എസ് മേധാവിയെ ഇന്റർവ്യൂ ചെയ്തിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പർ. അതിലൊരു ചോദ്യം ഇങ്ങനെയാണ്: ‘നിങ്ങൾ ഭരണഘടനയെ അതേപടി അംഗീകരിക്കുന്നുണ്ടോ?’
സുദർശന്റെ മറുപടി: ‘ഇല്ല, ഈ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ നിലവിലുള്ള ഭരണഘടന പ്രതിഫലിപ്പിക്കുന്നില്ല’.
തുടർന്നുള്ള ചോദ്യത്തിൽ ‘ഞങ്ങൾ ഞങ്ങളുടേതെന്നു കരുതുന്ന ഒന്നും ഈ ഭരണഘടനയിൽ ഇല്ലെ’ന്ന ഗോൾവാൾക്കറുടെ നിലപാടിനെ ശരിവെക്കുന്നുമുണ്ട് ആർഎസ്എസ് മേധാവി. ആ സംഘടനയാണ് ഭരണഘടനയിലെ നിർദേശക തത്ത്വത്തിലെ ഒരാശയം എടുത്തിട്ട് വീണ്ടും കുളം കലക്കാനിറങ്ങിയത്. ബാബരി മസ്ജിദിനു ശേഷം എന്തെന്ന ചോദ്യത്തിനുള്ള ആർഎസ്എസിന്റെ ഉത്തരം കൂടിയാണിത്. ആലോചനയോടെ മാത്രം പ്രതികരിക്കേണ്ടതും രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതുമായ പ്രശ്‌നമാണിത്. മതാടിസ്ഥാനത്തിലുള്ള പ്രതികരണം വിപരീതഫലമാണുണ്ടാക്കുക. നമ്മൾ ഒരു ജനാധിപത്യ ജനതയാണ്, വർഗീയ ജനതയല്ല എന്ന് ബിജെപിയെ ഓർമിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണുക. അവർ വർഗീയതയെ ആയുധമാക്കുമ്പോൾ നമ്മൾ ജനാധിപത്യം കൊണ്ട് മറുപടി പറയുക. ജനാധിപത്യത്തെക്കാൾ ഫാഷിസത്തെ അലോസരപ്പെടുത്തുന്ന മറ്റൊന്നില്ല തന്നെ!

 

മുഹമ്മദലി കിനാലൂർ

Exit mobile version