കഅ്ബയെ ഞാനെന്തുകൊണ്ട് പ്രണമിക്കുന്നു

6ഇന്നത്തെ നിലയില്‍ ശാരീരികമായി എനിക്ക് പ്രവേശിക്കുവാന്‍ നിര്‍വാഹമില്ലാത്ത ഒരു ഭൂപ്രദേശമാണ് മക്കയും മദീനയും. അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമൊക്കെ ഇന്ത്യയില്‍ ധാരാളമുണ്ടല്ലോ. പരമതസ്ഥര്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തെ ഏറ്റവും വലിയ ദൈവാലയങ്ങളിലൊന്നാണ് കഅ്ബയും കഅ്ബ സ്ഥിതി ചെയ്യുന്ന സഊദി അറേബ്യയിലെ മക്കാപ്രദേശവും.
അതിനാല്‍ ഒരു അയിത്ത ജാതിക്കാരനും അന്യമതസ്ഥനും ഇന്ത്യന്‍ ക്ഷേത്രങ്ങളെക്കുറിച്ച് പറയാവുന്നതില്‍ കൂടുതല്‍ അനുഭൂതിദായകമായ ആധികാരികതയോടെ കഅ്ബയെക്കുറിച്ച് എന്തെങ്കിലും എഴുതുവാന്‍ യാതൊരു അധികാരവും ഒരു ഹൈന്ദവ സന്യാസി എന്ന നിലയില്‍ ഈ ലേഖകനില്ല. എന്നിട്ടും കഅ്ബയെക്കുറിച്ച് എഴുതുവാന്‍ ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ സന്നദ്ധനാവുന്നത്, സര്‍വജ്ഞനും സര്‍വശക്തനും പരമ ദയാലുവുമായ അഖിലേശ്വരന്‍ മഹത്ത്വപ്പെടുത്തിയ കഅ്ബാലയത്തെക്കുറിച്ച് വായിച്ചും കേട്ടും ചിന്തിച്ചും മനസ്സാല്‍ ആ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും അനുഗ്രഹം നല്‍കാതിരിക്കില്ല എന്ന ഒരു ദൈവഭക്തന്റെ ഉത്തമവിശ്വാസം കൊണ്ടാണ്.
മറ്റൊരു യുക്തിയും ഞാന്‍ കഅ്ബയെക്കുറിച്ച് എഴുതുന്നതിനു പിന്നിലുണ്ട്. അതൊരു കാവ്യനിരൂപകന്റെ യുക്തിയാണ്. യശഃശരീരനായ ഡോ. സുകുമാര്‍ അഴീക്കോട് മലയാള ഭാഷയിലെ ഗണനീയനായൊരു കാവ്യനിരൂപകനാണ്. ആശാന്റെ സീതാകാവ്യം എന്ന അദ്ദേഹത്തിന്റെ കാവ്യനിരൂപണ ഗ്രന്ഥം ഏറെ പ്രസിദ്ധവുമാണ്. പക്ഷേ, കാവ്യനിരൂപകനായ സുകുമാര്‍ അഴീക്കോട് ഒരിക്കലും ഒരു കവിതപോലും എഴുതിയിട്ടുള്ളതായി അറിവില്ല. ഇതൊരു കാര്യം വ്യക്തമാക്കുന്നു. കാവ്യനിരൂപകനാവാന്‍ കവിത എഴുതേണ്ടതില്ല; കവിതയെ ആസ്വദിക്കുവാനുള്ള സഹൃദയത്വം ഉണ്ടായാല്‍ മതിയെന്നതാണത്.
ഇതുപോലെ കഅ്ബയെക്കുറിച്ച് ചിന്തിക്കുവാനോ എഴുതുവാനോ കഅ്ബയെ സന്ദര്‍ശിച്ചേ പറ്റൂ എന്നു ഞാന്‍ കരുതുന്നില്ല. വിശുദ്ധ കഅ്ബയുടെ മഹത്ത്വം മാനിക്കുവാനുള്ള വിശാല മനസ്കതയും വിനയഭാവവും ഉണ്ടായാല്‍ മതി. അതില്‍ നേരത്തെ പറഞ്ഞ ഭക്തിയും ഇപ്പറഞ്ഞ യുക്തിയും പിന്‍ബലമാക്കിക്കൊണ്ടാണ് ഇവിടെ വിശുദ്ധ കഅ്ബയെപ്പറ്റി ചിലത് കുറിക്കുന്നത്. കൂട്ടത്തില്‍ വിശുദ്ധ കഅ്ബയെപ്പറ്റി ഹൃദയം തുറക്കാനവസരം നല്‍കിയ മുസ്ലിം സഹോദരങ്ങളുടെ സ്നേഹോദാരതയോട് ഞാനെന്റെ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു.
മനുഷ്യര്‍ വ്യത്യസ്തരാവുന്നതും ചേരി തിരിഞ്ഞു നില്‍ക്കുന്നതും മതം കൊണ്ടുമാത്രമല്ല, ദേശം, ഭാഷ, ലിംഗം, വര്‍ഗം, വര്‍ണം, പ്രായം എന്നിങ്ങനെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ടുകൂടിയാണ്. ഇത്തരം വ്യത്യസ്തതകള്‍ നിര്‍വീര്യമാക്കുന്ന ഒരു ആഗോള മാനവിക ഐക്യത്തിനു വിശുദ്ധ കഅ്ബ വേദിയാകുന്നുണ്ട്. അതിനാല്‍ വിശുദ്ധ കഅ്ബക്ക് ആഗോള മാനവികതയെ സംരക്ഷിക്കുന്നതില്‍ സാമൂഹികവും സാംസ്കാരികവുമായ ഒരു സുപ്രധാന സ്ഥാനവുമുണ്ടെന്ന കാര്യം അനിഷേധ്യമാണ്. അതിനെ മാനിക്കാത്ത ഒരാള്‍ക്ക് ഹിന്ദുത്വവാദിയോ ക്രൈസ്തവനോ ജൂതനോ യുക്തിവാദിയോ ഒക്കെ ആകുവാന്‍ സാധിക്കുമെങ്കിലും ഒരു മാനവിക വാദിയായിരിക്കാനാവില്ല. എല്ലാ മുസ്ലിംകളും മനുഷ്യരാണ്, അവര്‍ ദേശ, ഭാഷാ, വര്‍ഗ, വര്‍ണ, പ്രായ, ലിംഗ ഭേദമന്യേ പരമ പവിത്രസ്ഥാനമായി കണ്ട് ആരാധനക്കായി ഒത്തുകൂടുന്ന വിശുദ്ധ കഅ്ബ മാനവികതയുടെ ഏറ്റവും വലിയ മഹാ സന്നിധാനങ്ങളിലൊന്നാണ്.
കഅ്ബ മറ്റൊരര്‍ത്ഥത്തില്‍ ഒരു എ്യെരാഷ്ട്ര സഭാ കേന്ദ്രമാണ്! അറഫയില്‍വെച്ച് മുഹമ്മദ് നബി(സ്വ) നടത്തിയ ഏറെ ദൈര്‍ഘ്യമില്ലാത്ത വിടവാങ്ങല്‍ പ്രസംഗം ചരിത്രത്തിലെ തന്നെ അത്യന്തം ഗണനീയമായൊരു മനുഷ്യാവകാശ പ്രഖ്യാപനരേഖയുമാണ്. അതിനാല്‍ ഞാനുള്‍പ്പെടെയുള്ള അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല എന്നതിനാല്‍ മാത്രം ലോകത്തില്‍ കഅ്ബയുടെ മാനവികമായ പ്രാധാന്യം ലവലേശം അഗണനീയമാകുന്നില്ല. ഒരു ഹിന്ദുവും സന്യാസിയുമായ എനിക്ക് ക്ഷേത്രപ്രവേശനം സാധ്യമാണെങ്കിലും ക്ഷേത്രത്തിലെ ശ്രീകോവിലിലേക്കോ തിടപ്പള്ളിയിലേക്കോ പ്രവേശനമില്ലല്ലോ. ഒരു എംഎല്‍എക്കോ എംപിക്കോ പോലും പട്ടാളത്തലവന്റെ കേബിനിലേക്ക് ഒരു സിനിമാ തിയേറ്ററിലേക്ക് കയറുന്നതുപോലെ കടന്നുചെല്ലാന്‍ എളുപ്പമല്ലല്ലോ.
ഇതുപോലെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്; സിപിഐയും സിപിഐഎമ്മും. എന്നിരിക്കിലും സിപിഐയുടെ ഉന്നതാധികാര സമിതി യോഗത്തിലേക്ക് സിപിഐഎം ദേശീയ നേതാക്കള്‍ക്കോ സിപിഐഎമ്മിന്റെ പോളിറ്റ്ബ്യൂറോ യോഗത്തിലേക്ക് സിപിഐ ദേശീയ നേതാക്കള്‍ക്കോ പ്രവേശനം അനുവദിക്കാറില്ലല്ലോ. ഇത്തരം ജീവിതഗന്ധിയായ ഉദാഹരണങ്ങളില്‍ നിന്നുതന്നെ വിലക്കും അനുമതിയുമൊക്കെ എല്ലായിടത്തും നിലവിലുണ്ടെന്നു മനസ്സിലാക്കാം. എല്ലാവര്‍ക്കും എല്ലായിടത്തേക്കും പ്രവേശനമില്ല എന്നതുകൊണ്ട് ക്ഷേത്രങ്ങളോ കമ്യൂണിസ്റ്റ് പാര്‍ട്ടികളോ തീര്‍ത്തും അമാനവികമാണെന്നു നാമാരും വിധിയെഴുതാറില്ല. ഇതേ യുക്തിയില്‍ ചിന്തിച്ചാല്‍ വിശുദ്ധ കഅ്ബയിലേക്ക് അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല എന്ന ഒരൊറ്റക്കാരണം മാത്രം വെച്ച് കഅ്ബയുടെ നിലനില്‍പ് മാനവികതക്കു നല്‍കിവരുന്ന ആഗോളവ്യാപകമായ പ്രചോദനം അവഗണിക്കാനാവില്ലെന്നും പറയേണ്ടിവരും.
വിവിധ ദേശങ്ങളിലുള്ളവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ സാമ്പത്തിക നിലവാരത്തിലുള്ളവരും കറുത്തവരും വെളുത്തവരുമായ സ്ത്രീപുരുഷന്മാര്‍ പ്രായഭേദമന്യേ വിനയവണക്കങ്ങളോടെ വന്നൊത്തുകൂടുന്ന മാനവികതയുടെ മഹാ സന്നിധാനമാണ് കഅ്ബ എന്ന കാര്യം തീരെ ചെറുതല്ല. മതവിശ്വാസപരമായ എ്യെം മാനവികതയെ വേര്‍തിരിക്കുന്ന മറ്റു ഘടകങ്ങളെയെല്ലാം കഅ്ബയില്‍ വെച്ച് ന്യൂനീകരിക്കുന്നു. അതിനെ നിസ്സാരമായി തള്ളിക്കളയുവാന്‍ ഒരു മാനവിക വാദിക്കും സാധ്യമല്ല.
വിശുദ്ധ ഹജ്ജ് കര്‍മത്തോടെ മാത്രമേ ഒരു വ്യക്തിയുടെ ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടൂ എന്നാണു മുസ്ലിംകളുടെ വിശ്വാസം. ആവതുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവര്‍ ക്രൈസ്തവരോ ജൂതന്മാരോ ആയി മരിച്ചുകൊള്ളട്ടെ എന്നു മുഹമ്മദ് നബി തിരുമേനി പറഞ്ഞതായി ഒരു ഹദീസ് ഇഹ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലി എടുത്തെഴുതിയിട്ടുണ്ട്. അതിനാല്‍ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം പണിതീരാത്ത വീടുപോലാവാതിരിക്കാന്‍ നിര്‍വഹിക്കേണ്ട അനിവാര്യമായൊരു വിശുദ്ധ കര്‍മമാണ് കഅ്ബ സന്ദര്‍ശനം അഥവാ ഹജ്ജ്.
കഅ്ബ സഊദി അറ്യേ എന്ന വിദേശരാജ്യത്തെ മക്കാ പ്രദേശത്തായതിനാല്‍ കഅ്ബയെ പരമ പവിത്രസ്ഥാനമായി ആദരിക്കുന്ന ഏതൊരു മുസ്ലിമിന്റെയും സ്വദേശഭക്തി ഭാഗികമായിരിക്കും എന്നു വാദിക്കുന്നവരുണ്ട്. കാശിയെ പുണ്യനഗരമായി കരുതുന്ന ഒരു കേരളീയ ഹിന്ദുമത വിശ്വാസിക്ക് കേരളത്തോടുള്ള കൂറ് കമ്മിയായിരിക്കും എന്നും ശബരിമല തീര്‍ത്ഥാടനത്തിനു ഭക്തി പാരവശ്യത്തോടെ വന്നെത്തുന്ന തമിഴന് തമിഴ്നാടിനോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്നുമൊക്കെ വാദിക്കുന്നതിലെ ബാലിശത മാത്രമേ കഅ്ബയെ സമാദരിക്കുന്ന മുസ്ലിമിന്റെ ദേശഭക്തി ഭാഗികമായിരിക്കും എന്ന വാദത്തിലും ഉള്ളൂ.
അമ്മയെ സ്നേഹിക്കുന്നതു കൊണ്ട് ഒരു മനുഷ്യനും ഭാര്യയോടുള്ള സ്നേഹത്തിലോ, ഭാര്യയെ സ്നേഹിക്കുന്നതു കൊണ്ട് ഒരു മനുഷ്യനും മക്കളോടുള്ള സ്നേഹത്തിലോ കുറവുണ്ടാവുമെന്നു കരുതുക വയ്യല്ലോ. ഇസ്ലാമിന്റെ മാതൃനഗരി എന്നു വിശേഷിപ്പിക്കാവുന്ന മക്കയെ മുഴുവന്‍ മുസ്ലിംകളും അദമ്യമായി സ്നേഹിക്കുകയും സമാദരിക്കുകയും ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ഭാര്യയെയും മക്കളെയും സ്നേഹിക്കാനാകാതെ വരുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത്രമാത്രമേ മുസ്ലിമിന്റെ കഅ്ബ ഭക്തിയെയും സ്വദേശഭക്തിയെയും സംബന്ധിച്ച് തല്‍ക്കാലം പറയുന്നുള്ളൂ. ഇനി നമുക്ക് ഹജ്ജിന്റെ ആധ്യാത്മിക തലങ്ങളെക്കുറിച്ച് ചിലതു ചിന്തിക്കാം.
മുടിമുറിക്കുക, ലൈംഗികവേഴ്ച എന്നിവ ഒഴിവാക്കുക, ദുര്‍വിചാരങ്ങളും ദുഷ്ടവാക്കും വെടിയുക. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബാഹ്യാഭ്യന്തര ശുചിത്വം പരിപാലിച്ചുകൊണ്ട് സംയമിയാവുക എന്നത് ഏതു മതത്തിലെയും വ്രതതീര്‍ത്ഥാടനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുശാസിക്കപ്പെട്ടിട്ടുള്ള അച്ചടക്കമാണ്. ഇതിനത്രയും ഹജ്ജ് തീര്‍ത്ഥാടകരും വിധേയരാവേണ്ടതുണ്ട്.
കഅ്ബ സന്നിധാനത്തെ ഒരു സദ്വിചാരത്തിനും നല്ലവാക്കിനും മറ്റിടങ്ങളില്‍ വെച്ചു നടത്തുന്ന സദ്വിചാരത്തേക്കാളും നല്ല വാക്കിനേക്കാളും പ്രാധാന്യവും പ്രതിഫലവും ഉണ്ടെന്നിരിക്കെ, ഹജ്ജ് ചെയ്യാനുറച്ച ഒരാള്‍ ദുര്‍വിചാരത്തിനോ ദുഷ്ടവാക്കോതുന്നതിനോ ഇടവന്നാല്‍ അതിനു ലഭിച്ചേക്കാവുന്ന പ്രതികൂല പ്രതിഫലവും സാധാരണയില്‍ കവിഞ്ഞതായിരിക്കും. ഇതോര്‍മിച്ചു കൊണ്ടുവേണം ഹജ്ജിനൊരുങ്ങാന്‍.
കഅ്ബയിലേക്ക് ഹജ്ജിനെത്തുന്നവരെ അല്ലാഹുവിന്റെ സന്ദേശവാഹകരായ മലക്കുകള്‍ എതിരേല്‍ക്കുമെന്നും എതിരേല്‍ക്കുന്ന രീതികള്‍ ഏതുമാതിരിയായിരിക്കുമെന്നും ഒരു ഹദീസ് വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: കഅ്ബയിലേക്ക് കുതിരപ്പുറത്തു വരുന്നവരെ മലക്കുകള്‍ സലാം പറഞ്ഞു സ്വീകരിക്കും; കഴുതപ്പുറത്ത് വരുന്നവരെ ഹസ്തദാനം ചെയ്തു സ്വീകരിക്കും, കാല്‍നടയായി എത്തുന്നവരെയാകട്ടെ കെട്ടിപ്പുണര്‍ന്നുകൊണ്ടും വരവേല്‍ക്കും. ഇതില്‍ കെട്ടിപ്പുണര്‍ന്നുകൊണ്ട് മലക്കുകള്‍ വരവേല്‍ക്കുന്നത് കാല്‍നട യാത്ര ചെയ്തു ഹജ്ജിനെത്തുന്നവരെയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആഡംബരക്കുറവും കൂടിയ പരിത്യാഗവുമാണ് അനുഗ്രഹാശ്ലേഷണത്തിന് അര്‍ഹമാക്കുന്നത് എന്നതാണിതിലെ പാഠം.
ലോകത്തിനു മുന്പാകെ അത്യന്തം പ്രശംസനീയമായ ഭോഗം ലോകനാഥന്റെ സന്നിധിയില്‍ തെല്ലും പരിഗണനീയമാവുകയില്ല. അവിടെ പരിഗണനീയമാവുക ഭോഗമല്ല, ത്യാഗമായിരിക്കും. വാഹനം, വസ്ത്രം, പരിചാരകര്‍ എന്നിവയെ ആധാരമാക്കിയുള്ള ഔദ്ധത്യ പ്രകടനത്തേക്കാള്‍ ലോകനാഥനു പരിഗണനീയമാവുക താഴ്മയായിരിക്കും. ഈ താഴ്മ ആവിഷ്കരിക്കുന്നു ഹജ്ജിനൊടുവില്‍ മുടിമുറിക്കുന്നതിലൂടെ. തലമുടി എന്നത് മനുഷ്യന്റെ ഒരു അലങ്കാരമാണ്. നല്ല മുടിയുള്ളവനും മുടിയുള്ളവള്‍ക്കും അതിന്‍റേതായ അഹങ്കാരം ഉണ്ടായിരിക്കുമല്ലോ. ആ അഹങ്കാരത്തെയാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വെച്ച് അറുത്തുമാറ്റുന്നത്. അഹങ്കാരം കെട്ടറ്റു പോയാലേ ആത്മശുദ്ധീകരണം സാധ്യമാകൂ. ഇതു മനസ്സിലാക്കാതെ ചെയ്യുന്ന ഹജ്ജ് ഒരു യാത്രയേയാകൂ, തീര്‍ത്ഥാടനമാവുകയില്ല.
നീ അറുക്കുന്ന മൃഗത്തിന്റെ രക്തവും മാംസവുമല്ല അല്ലാഹുവിലേക്ക് എത്തുന്നത്, മറിച്ച് നീ അര്‍പ്പിച്ച ഭക്തിയത്രേ എന്നര്‍ത്ഥം വരുന്ന ഒരു സൂക്തം വിശുദ്ധ ഖുര്‍ആനിലുണ്ട്. ഇതുപ്രകാരം ചിന്തിക്കുമ്പോള്‍ ഒരാളുടെ ശരീരം കഅ്ബയില്‍ പ്രവേശിച്ചുവോ എന്നതിനല്ല, മറിച്ച് മനസ്സ് സന്നിവേശിച്ചോ എന്നതിനാണു അല്ലാഹു പരിഗണന നല്‍കുക എന്നു പറയേണ്ടിവരുന്നു. ആ നിലയില്‍ സവിനയം ഒരു കാര്യം പ്രഖ്യാപിക്കുവാന്‍ ഞാന്‍ ആശിക്കുന്നു. വിശുദ്ധ കഅ്ബയെ കുറിച്ച് ഇത്തരമൊരു ലേഖനമെഴുതാന്‍ അവസരം വന്നെത്തിയതു മുതല്‍ എന്റെ മനോഗതി കഅ്ബയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്.
സര്‍വശക്തനും സര്‍വജ്ഞനും സമസ്ത ലോകാധിനാഥനും പരമകൃപാനിധിയുമായ അല്ലാഹു എന്ന സര്‍വേശ്വരന്‍ എന്റെ മനസ്സ് കഅ്ബയില്‍ കടന്നതു കണക്കിലെടുക്കുകയും അതിനുള്ള സമാധാനം എന്നില്‍ ചൊരിയുവാന്‍ ഇടവരുത്തുകയും ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു. മറാത്തിയില്‍ അധഃസ്ഥിത ജാതിക്കാരനായ ഒരു വിഷ്ണു ഭക്തന്‍ ഉണ്ടായിരുന്നുചൊക്കാമല. അദ്ദേഹത്തിനു ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാലും അനുവദിക്കപ്പെട്ട അതിരില്‍ നിന്നുകൊണ്ട് ക്ഷേത്രാഭിമുഖമായി നിന്നു അദ്ദേഹം പ്രാര്‍ത്ഥന നിര്‍വഹിക്കുക പതിവായിരുന്നു. ഇതുകണ്ട് ചിലര്‍ ചൊക്കാമലയോടു ചോദിച്ചു: നിനക്കു പ്രവേശനമില്ലാത്തിടത്തു വാഴുന്ന ഈശ്വരനെ നീ എന്തിനു വഴങ്ങണം?
അതിനു ചൊക്കാമല പറഞ്ഞ മറുപടി ഇതായിരുന്നു: സൂര്യന്‍ വളരെ അകലെ നിന്നും ചേറിലെ താമരമൊട്ടിനെ വിടര്‍ത്തുന്നുവല്ലോ. അതുപോലെ ഈശ്വരന്‍ വളരെ അകലെനിന്നും എന്റെ ഹൃദയവും വിടര്‍ത്തും.
ഇത്തരമൊരു വിശ്വാസത്തോടെ ദൂരെ നിന്നു ഞാന്‍ കഅ്ബയെ പ്രണമിക്കുന്നു.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

Exit mobile version