കണ്ണീര്‍തുള്ളിയുടെ ശുഭസൂചനകള്‍

quran recitaion - malayalam

ചാലിയം ജുമുഅത്തുപള്ളി പുനരുദ്ധാരണം നടക്കുന്ന കാലം. ദര്‍സ് താല്‍കാലികമായി മുഹ്‌യിദ്ദീന്‍ പള്ളിയിലേക്ക് മാറ്റിയിരിക്കുന്നു. പള്ളിയുടെ അടുത്ത് താമസിക്കുന്നത് സിപി ആറ്റക്കോയ തങ്ങളാണ്. ഒരിക്കല്‍ അര്‍ധരാത്രി കഴിഞ്ഞ സമയത്ത് പള്ളിയില്‍ നിന്നും കരച്ചില്‍ ശബ്ദം കേട്ട് തങ്ങള്‍ ഓടിവന്നു. നോക്കുമ്പോള്‍ തഹജ്ജുദ് നിസ്‌കാരം കഴിഞ്ഞ് ഖുര്‍ആനോതുകയായിരുന്ന ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പരിസരം മറന്നിരുന്ന് കരയുകയാണ്. പിന്നീടൊരിക്കല്‍ അവസരമൊത്തപ്പോള്‍ തങ്ങള്‍ ആദരപൂര്‍വം അതിനെക്കുറിച്ചു ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഒന്നുമില്ല തങ്ങളേ, മരിക്കുന്ന കാര്യം ഓര്‍ത്തു കരഞ്ഞതാണ്.’

നിങ്ങള്‍ അവസാനമായി കരഞ്ഞതെപ്പോഴാണ്? നിങ്ങളുടെ മുഖത്തിലൂടെ ഹൃദയത്തില്‍ നിന്നു പൊട്ടിയൊലിച്ച കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്നതിനെ കുറിച്ചാണ് ചോദിക്കുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെയും അതോടൊപ്പം തന്നെ അവനെ നിരാകരിക്കുന്നതിനെയും കുറിച്ചോര്‍ക്കുമ്പോള്‍ ഒരു മുഅ്മിനിന് കണ്ണീര്‍ വാര്‍ക്കാതിരിക്കാനാകില്ല. ചെറുതും വലുതുമായ ഒരുപാട് പാപങ്ങളിലേര്‍പ്പെട്ടു നില്‍ക്കുമ്പോഴും അവന്‍ നമ്മെ പരിഗണിക്കാതിരിക്കുന്നില്ല. നാഥന്‍ നല്‍കുന്ന എല്ലാ അനുഗ്രഹങ്ങളും നുകര്‍ന്നുകൊണ്ടു തന്നെ അവനെ നിരാകരിക്കുമ്പോഴും നമ്മുടെ പ്രയാസങ്ങള്‍ ലഘൂകിക്കാനുള്ള മാര്‍ഗങ്ങള്‍ അവന്‍ നമുക്കു തുറന്നുതരുന്നു.

ആയിരം ദീനാര്‍ ധര്‍മം ചെയ്യുന്നതിനേക്കാള്‍ നല്ലത് അല്ലാഹുവിനെ ഓര്‍ത്ത് രണ്ടിറ്റ് കണ്ണീര്‍ പൊഴിക്കലാണെന്ന് ഇബ്‌നു ഉമര്‍(റ) പറയുകയുണ്ടായി. ധീരതകൊണ്ടും നിര്‍ഭയത്വംകൊണ്ടും പ്രശസ്തനും ദീനികാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത മഹാനുമായ ഉമര്‍(റ)ന്റെ കവിളുകളില്‍ അല്ലാഹുവിനെയോര്‍ത്ത് നിരന്തരമായി കരഞ്ഞതു കാരണം രണ്ടു കറുത്ത പാടുകള്‍ കാണാമായിരുന്നു. അബൂബക്കര്‍(റ) എല്ലായ്‌പോഴും അല്ലാഹുവിനെയോര്‍ത്തു വിതുമ്പും. ഇവരിരുവരും പകല്‍സമയങ്ങളില്‍ മനുഷ്യ സേവനത്തില്‍ നിരതരായിരിക്കും. രാത്രിയില്‍ നാഥന്റെ പ്രീതി തേടാന്‍ ഇഷ്ടപ്പെട്ടവരുമായിരുന്നു.

ശാന്തമായി ഒറ്റക്കിരുന്ന് ഇരുകരങ്ങള്‍ ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ച് നനവൂറുന്ന പാതിയടിഞ്ഞ മിഴികളോടെ പതിഞ്ഞ ശബ്ദത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആവശ്യം തേടി ദുആ ഇരന്നു വിതുമ്പിക്കരയുന്നവരായിരുന്നു പൂര്‍വികര്‍. മനുഷ്യന് അനേകം വികാരങ്ങളുണ്ട്. നമ്മുടെ അവസ്ഥയെ സ്പഷ്ടമായി അവതരിപ്പിക്കാന്‍ കഴിയുന്ന വികാരമാണ് കരച്ചില്‍. തെറ്റു സംഭവിക്കുക എന്നത് അവനില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. നിര്‍മല ഹൃദയമുള്ളവനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായ്‌പോഴും ആത്മ ശുദ്ധീകരണത്തിന് സജ്ജനാകണം.

കരയുന്ന മനസ്സ് എല്ലവരിലുമുണ്ട്. അതില്‍ നിന്നു സ്വന്തത്തെ തടഞ്ഞു നിര്‍ത്താന്‍ ഒരാള്‍ക്കും കഴിയണമെന്നില്ല. ‘അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയിക്കപ്പെട്ടില്ലയോ’ (53/43) എന്ന ഖുര്‍ആനിക സൂക്തം അതാണ് സൂചിപ്പിക്കുന്നത്. ആയത്തിന്റെ വിശദീകരണത്തില്‍ സന്തോഷവും ദുഃഖവും ഇലാഹീദത്തമാണെന്നും സന്തോഷം ചിരിക്കുന്നതിനും ദുഃഖം കരയുന്നതിനും കാരണമാകുന്നുവെന്നും ഇമാമുമാര്‍ വിശദീകരിക്കുന്നത് കാണാം.

അനാവശ്യവും നിരര്‍ത്ഥകവുമായ കരച്ചില്‍ ബലഹീനതയാണ്. അല്ലാഹുവിനെ ഓര്‍ത്തുള്ള കരയല്‍ വിശ്വാസിയുടെ ശക്തിപ്രകടനമാണെന്നറിയുക. ശാരീരികമായി എത്രതന്നെ ശക്തനാണെങ്കിലും മാനസികമായും സദ്പ്രവര്‍ത്തനത്താലും നാഥന്റെയടുക്കല്‍ താന്‍ ബലഹീനനാണെന്ന ഉള്‍വിളിയില്‍ നിന്നാണ് മനുഷ്യന്‍ അഹങ്കാരം കുടഞ്ഞെറിഞ്ഞ് ഇരുകരങ്ങളും വിണ്ണിലേക്കുയര്‍ത്തുന്നത്. രക്ഷിതാവിനു മുമ്പില്‍ താന്‍ ഒന്നുമല്ലെന്ന ചെറുതാവലിലൂടെ കൈവരിക്കുന്ന വലിപ്പത്തിനൊടുവില്‍ ഒരു വിശ്വാസി വിങ്ങിക്കരയുന്നു. മനുഷ്യനെ ബലഹീനനായി സൃഷ്ടിക്കപ്പെട്ടു (30/54) എന്ന ഖുര്‍ആന്‍ വാക്യം ചിന്തനീയം.

കണ്ണീര്‍ വാര്‍ക്കുന്നതിന്റെ രൂപങ്ങള്‍

പണ്ഡിതന്മാര്‍ കരയലിനെ വിവിധ ഇനങ്ങളായി വര്‍ഗീകരിക്കുന്നു. കരയുന്നതിന് കാരണമാകുന്ന പത്ത് അവസ്ഥകള്‍ ഇതാണ്: ഭയം, മൃദുല ഹൃദയരായ വിശാല മനസ്‌കരില്‍ നിന്നുള്ള കരയല്‍, സ്‌നേഹവാത്സല്യം, സന്തോഷം, സഹിക്കാനാവാത്ത ശാരീരിക വേദന, ദുഃഖം, ബലഹീനത, കപടമായ കരച്ചില്‍, പണം ലഭിക്കുന്നതിനായി മറ്റുള്ളവരുടെ ആവശ്യപ്രകാരം കരയുക, അനുകരണം.

ഭയന്നുകൊണ്ട് കരയുന്നതില്‍ നിന്നും ഏറെ ഭിന്നമാണ് ദുഃഖത്താലുള്ള കരയല്‍. ദുഃഖത്താലുള്ള കരയല്‍ മോശമായ വല്ലതും സംഭവിക്കുന്നതിനാലോ പ്രിയപ്പെട്ടവരുടെ മരണം എന്നിവയാലോ മറ്റോ ഉണ്ടാകുന്നതാണെങ്കില്‍ ഭയന്നു കരയല്‍ അനന്തമായ ഭാവിയെ കുറിച്ചോര്‍ത്താണ്. സന്തോഷത്താലുള്ള കരയല്‍ കണ്‍കുളിര്‍മയേകുന്ന ഹൃദയത്തെ സുഖപ്പെടുത്തുന്നതാണെങ്കില്‍ കണ്ണീര്‍ ഹൃദയത്തിന്റെ വിങ്ങലാണ്.

മനസ്സറിഞ്ഞുള്ള കരച്ചില്‍ മനോവ്യഥകള്‍ക്ക് ശമനം നല്‍കുന്ന ഔഷധമാണ്. നാഥനെയോര്‍ത്തു കരഞ്ഞാല്‍ ഹൃദയത്തിന് ആര്‍ദ്രത ലഭിക്കുന്നതിനോടൊപ്പം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധമാകുകയും ചെയ്യും. അല്ലാഹുവിനെ ഓര്‍ത്ത് പൊഴിക്കുന്ന ഓരോ തുള്ളി കണ്ണീരിനും സമുദ്ര സമാനമായ അഗ്നിയെ അണക്കാനുള്ള ശേഷിയുണ്ടെന്ന് യസീദ് ബ്‌നു മയ്‌സറ നമ്മെ ഉണര്‍ത്തുന്നുണ്ട്.

അല്ലാഹുവിനെ ഓര്‍ത്തു കരയാം

ഇതിന്റെ ചില സന്ദര്‍ഭങ്ങള്‍ പണ്ഡിതര്‍ ഇങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്:

  1. മരണസ്മരണ. നമ്മുടെ ഉറങ്ങിക്കിടക്കുന്ന എല്ലാ ചിന്തകളെയും ഉണര്‍ത്തുന്ന പ്രവാചകാധ്യാപനമാണ് ‘എല്ലാ രസങ്ങളെയും മുറിച്ചുകളയുന്ന മരണത്തെ ഓര്‍ക്കുന്നത് നിങ്ങള്‍ വര്‍ധിപ്പിക്കുക’ എന്നത്. ഒരു വിശ്വാസി മരണത്തെയോര്‍ത്താല്‍ അവന്റെ ഹൃദയം മാര്‍ദവമേറിയതാകും. കണ്ണുനീരൊഴുകിക്കൊണ്ടേയിരിക്കും. ഭൗതിക സുഖത്തിനോടു വിരക്തി പ്രകടിപ്പിക്കാനും അത്തരക്കാര്‍ക്ക് സാധിക്കും.
  2. വിനയാന്വിതനായുള്ള ഖുര്‍ആന്‍ പാരായണം. ഇബ്‌നു മസ്ഊദ്(റ) പങ്കുവെക്കുന്ന ഒരു നബിചരിതമുണ്ട്. നബി(സ്വ)യുടെ ആവശ്യ പ്രകാരം ഖുര്‍ആന്‍ പാരായണമാരംഭിച്ച ഇബ്‌നു മസ്ഊദ്(റ) സൂറത്തുന്നിസാഇലെ 41-ാം സൂക്തമെത്തിയപ്പോള്‍ (ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും സ്ഥിതി?) ഒരു ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി. അപ്പോള്‍ നബി(സ്വ) വിങ്ങിക്കരയുന്ന ദൃശ്യമാണ് അദ്ദേഹത്തിന്റെ കണ്ണിലുടക്കിയത്.
  3. ഖബര്‍സ്ഥാന്‍ സന്ദര്‍ശനവും ഖബറാനന്തര ജീവിതത്തെ കുറിച്ചുള്ള ഓര്‍മയും. ഖബര്‍ സിയാറത്ത് മനസ്സിനെ മൃദുലമാക്കും. കണ്ണീര്‍ വീഴ്ത്തും. ഖബറാനന്തര ജീവിതത്തെ ഓര്‍മിപ്പിക്കും. മുന്നേ ഗമിച്ചവരെപ്പോലെ നമ്മളും യാത്ര പോകേണ്ടവരാണെന്ന് ഓര്‍മിപ്പിക്കാന്‍ ഏറെ ഉചിതമാണിത്.
  4. വിങ്ങിക്കരയാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയോ കപടമായ കരച്ചിലോ അല്ലയിത്. മറിച്ച് ഹൃദയ മൃദുലതയാലും അല്ലാഹുവിലുള്ള ഭയത്താലുമുണ്ടാകുന്ന സ്വാഭാവിക കരച്ചിലാണ്. ബദ്ര്‍ യുദ്ധാനന്തരം ഒരവസരത്തല്‍ നബി(സ്വ)യും സിദ്ദീഖ്(റ)വും കരയുന്നത് കണ്ട് ‘അങ്ങയെയും അബൂബക്കറിനെയും വിഷമിപ്പിക്കുന്ന കാര്യമെന്താണെന്ന് എന്നോട് പറയൂ നബിയേ’ എന്ന് ഉമര്‍(റ) ആവശ്യപ്പെടുകയുണ്ടായി. ‘നിങ്ങള്‍ കരയുന്നതെന്തിനാണെന്നറിവായാല്‍ ഞാനും നിങ്ങളെ പോലെ കരയും. ഇനി എനിക്കറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കരയുന്നതായി നടിക്കാന്‍ ശ്രമിക്കും’ എന്നു പറഞ്ഞതിനെ തിരുനബി എതിര്‍ത്തിട്ടില്ല.

അല്ലാഹുവിനെയോര്‍ത്തു ഭയന്നു കരയുന്നവരെ കുറിച്ച് സൂറത്തു മര്‍യമിലെ 58-ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: ‘കാരുണ്യവാനായ അല്ലാഹുവിന്റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ സാഷ്ടാംഗം ചെയ്യുന്നവരും കരയുന്നവരുമായി അവര്‍ സുജൂദില്‍ വീഴും.’ സൂറത്ത് ഇസ്‌റാഇലെ 107-109 ആയത്തുകളും കരച്ചില്‍ പ്രോത്സാഹിപ്പിക്കുന്നു: ‘നബിയേ പറയുക. നിങ്ങള്‍ ഇത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുവീന്‍. ഇതിനു മുമ്പ് വേദ പരിജ്ഞാനം നല്‍കപ്പെട്ടവര്‍ ഇത് ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ മുഖം കുത്തി സുജൂദ് ചെയ്യുന്നവരായി നിലത്തു വീഴുകതന്നെ ചെയ്യും. നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍.  നാഥന്റെ വാഗ്ദാനം നടപ്പിലാകുന്നതു തന്നെയാണ് എന്നവര്‍ പറയുകയും ചെയ്യും. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴും. അതവരുടെ ഭക്തി വര്‍ധിപ്പിക്കുന്നതുമാണ്.’

പ്രവാചകര്‍(സ്വ)യുടെ റമളാന്‍ ജീവിതം നമ്മോട് പങ്കുവെക്കുന്നതും അല്ലാഹുവിനെയോര്‍ത്ത് നിഷ്‌കളങ്കനായി കരയാനാണ്. അവിടുന്ന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിങ്ങിക്കരയുമായിരുന്നുവെന്ന് വിശ്വാസികളുടെ മാതാവായ തിരുപത്‌നി ആഇശ(റ) ഓര്‍മപ്പെടുത്തുന്നുണ്ട്. പ്രപഞ്ച വിസ്മയങ്ങളില്‍ മതിമറക്കാതെ ആഖിറത്തിലേക്ക് ഒരുങ്ങാന്‍ നമുക്കും ഇരുകവിളുകളില്‍ കണ്ണീര്‍ പൊഴിക്കുന്നവരാകാം.

Exit mobile version