കറിവേപ്പിലയും ആശുപത്രിയും തമ്മിലെന്ത്?

ഭാഷണത്തിലുപരി ശക്തമായ പ്രയത്നം അടിയന്തരമായി വേണ്ട ഒന്നാണ് പ്രകൃതി സംരക്ഷണം. ഇനിയൊരു ലോകയുദ്ധം ഉണ്ടാവുന്നതിന് സാധ്യതവിദൂരമാണെങ്കിലും അങ്ങനെ ഒന്നുണ്ടായാല്‍ അതിന്റെ പ്രധാന കാരണം ജലമായിരിക്കുമെന്നതില്‍ വിദഗ്ധാഭിപ്രായങ്ങളുണ്ട്. അതെന്തായാലും ഭൂമിയില്‍ വലിയൊരു വിഭാഗമാളുകള്‍ ശുദ്ധജലം ലഭിക്കാതെ നരകിക്കുന്നു. സമൃദ്ധമായ ജലവര്‍ഷമുള്ള കേരളംപോലും വേനലിന്റെ ആരംഭം തൊട്ടുതന്നെ വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുന്നു. കണ്ടാലും കൊണ്ടാലും പാഠമുള്‍ക്കൊള്ളാത്ത നിശ്ചലജീവികളായിരിക്കുകയാണ് നാം കേരളീയര്‍
അരി, പച്ചക്കറികള്‍, പഴവര്‍ഗം, കോഴി, മാംസത്തിനുള്ള മൃഗങ്ങള്‍, മുട്ട, വസ്ത്രം തുടങ്ങി ഉപയോഗത്തിനാവശ്യമായ വസ്തുക്കള്‍ക്കൊക്കെയും അന്യസംസ്ഥാനക്കാരെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന നാം അവര്‍ കുപ്പിയിലാക്കിയ വെള്ളവും കാത്ത് അടുപ്പു പുകയിക്കാനിരിക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയം വൈകിയെന്ന തിരിച്ചറിവെങ്കിലും നമുക്കുണ്ടാവുകയാണ് ആദ്യം വേണ്ടത്.
കേരളം ഏറെ അനുഗ്രഹീതമാണ്. ഒട്ടുമിക്ക വിളകളും ഇവിടെ സുലഭമായുണ്ടാവും. വീടുകളുടെ ടെറസ് വിനിയോഗിച്ചാല്‍ തന്നെ ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യാമെന്ന് ശാസ്ത്രീയമായും പ്രായോഗികമായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെറസിന്റെ കാര്യം വിടാം. എത്ര കൃഷിയോഗ്യമായ ഭൂമിയാണ് വെറുതെ കിടക്കുന്നത്. എന്നിട്ട് മാരക വിഷപദാര്‍ത്ഥങ്ങളിട്ട് വളര്‍ത്തിയെടുത്ത റെഡിമെയ്ഡ് പച്ചക്കറിക്കായി അങ്ങാടിയിലലയുന്നു. കറിവേപ്പിന്റെ ഒരു തൈ വളര്‍ന്നാല്‍ ആ വീട്ടുകാര്‍ക്കു മാത്രമല്ല, പരിസരത്തുള്ള പലര്‍ക്കും ആവശ്യമായത്ര ഇല അതിലുണ്ടാവും. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ തളിച്ച് വര്‍ധിപ്പിച്ചെടുത്ത അണ്ണാച്ചി കറിവേപ്പിലയാണ് നമുക്ക് വേണ്ടത്. ആശുപത്രികള്‍ കൊണ്ട് നാടും നഗരവും നിറയുന്നതും അവയത്രയും രോഗികളുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുന്നതും വെറുതെയല്ലല്ലോ.
സുന്നി സംഘകുടുംബത്തിന്റെ കീഴില്‍ നടക്കുന്ന ജലസുരക്ഷാ പദ്ധതി വിജയപ്രദമാക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ലാതായിത്തീരുന്നത് ഇതുകൊണ്ടൊക്കെയാണ്. ഒഴുകിപ്പോകാതെ ജലം ഭൂമിയിലേക്ക് ഇറക്കിവിടാനും നീര്‍തടങ്ങളും കിണറുകളും മഴക്കുഴികളും സംരക്ഷിക്കാനുമാവണം പ്രഥമ പരിഗണന. ഒപ്പം സൗകര്യപ്രദമായിടത്ത് മാത്രമല്ല, നിലവില്‍ സൗകര്യമില്ലാത്ത ഭൂമിയിലും കൃഷിയിറക്കാനും അത് അഭിമാനകരമായ വൃത്തിയാണെന്ന് തലമുറകളെ പഠിപ്പിക്കാനും ശ്രമിക്കണം. ലോകാവസാന ഘട്ടത്തില്‍ ലഭിച്ച വിത്ത് നട്ടാല്‍ പോലും അതിന്റെ പ്രതിഫലം പരലോകത്ത് ലഭിക്കുമെന്ന പ്രവാചകാധ്യാപനം നമ്മെ എത്രമേല്‍ പ്രചോദിപ്പിക്കണം.

Exit mobile version