കശ്മീര്‍: ചരിത്രത്തെ കുഴിച്ചുമൂടുന്നതെങ്ങനെ?

Kashmir Issue

ണ്ട് തവണ രാജ്യത്തിന്‍റെ ഇടക്കാല പ്രധാനമന്ത്രിയായ ഗുല്‍സാരി ലാല്‍ നന്ദ  1963-ല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ‘നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ കശ്മീരില്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗമാണ് ആര്‍ട്ടിക്കിള്‍ 370. അത് വന്‍മതിലോ പര്‍വതമോ അല്ല. നല്ല കാര്യങ്ങള്‍ എത്തിക്കാനുള്ള തുരങ്കപാതയാണ്. എത്രയോ നന്മകള്‍ അതുവഴി കശ്മീരിലെത്തി. ഇനിയുമത് തുടരും’. ആ തുരങ്കം ഇപ്പോള്‍ ബോംബ് വച്ച് തകര്‍ക്കപ്പെട്ടിരിക്കുന്നു. അതൊരു മിന്നലാക്രമണമായിരുന്നു, നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ബോംബാക്രമണം.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചത് ആക്രമിച്ചു കൊണ്ടാണ്. മിന്നലാക്രമണമാണ് ശൈലി. ഈ ആക്രമണങ്ങളില്‍ ചിലത് പ്രഖ്യാപിക്കപ്പെട്ട ആഭ്യന്തര ‘ശത്രു’ക്കളോടാകും. അല്ലെങ്കില്‍ പുറത്തുള്ള ശക്തികള്‍ക്ക് നേരെയാകും. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്ന അണികളും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ നിരന്തരം കടന്നുകയറുന്ന സര്‍ക്കാറും രാജ്യത്തിനകത്ത് മിന്നലുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അകത്തായാലും പുറത്തായാലും ഈ ആക്രമണങ്ങള്‍ ആവേശമാണുണ്ടാക്കുക. തീവ്രദേശീയതയുടെ നട്ടുച്ചയില്‍ ഭൂരിപക്ഷം പേരും ഭ്രാന്തമായ അവസ്ഥയിലായിരിക്കും. ഒന്നും ശാന്തമായി ആലോചിക്കാനാകില്ല. അത്കൊണ്ട് റാഫേല്‍ അഴിമതിയും നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നും ആളുകളുടെ ചെവിയില്‍ കയറില്ല. അവര്‍ക്ക് പുല്‍വാമ മതിയാകും. ജയ് ശ്രീറാം ഏറ്റവും നിഗ്രഹാത്മകമായ മുദ്രാവാക്യമായി മാറുന്നത് അങ്ങനെയാണ്.

കശ്മീരിന്‍റെ സ്വത്വത്തിനും ചരിത്രത്തിനും പദവിക്കും നേരെ നടന്ന ആക്രമണവും ഇത്തരമൊരു ആക്രോശ രാഷ്ട്രീയത്തിന്‍റെ ആവിഷ്കാരമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദായി. കശ്മീരിലെ ഭൂവിനിയോഗമടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ വ്യവസ്ഥകള്‍ വെച്ചിരുന്ന 35 എയും തകര്‍ത്തെറിഞ്ഞു. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതായിരിക്കുന്നു. ഉള്ളത് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍. ജമ്മു-കശ്മീര്‍ മേഖലയില്‍ എക്സിക്യൂട്ടീവ് അധികാരങ്ങളുള്ള  ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിയന്ത്രിക്കുന്ന നിയമസഭയുണ്ടാകും. ലഡാക്ക് സമ്പൂര്‍ണമായി കേന്ദ്ര നിയന്ത്രണത്തില്‍. നൂറ്റാണ്ടിലധികം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം നടത്തിയ നിരന്തര കര്‍മത്തിന്‍റെ വിളവെടുപ്പ് കാലമാണിത്. എത്രയെത്ര ആക്രമണങ്ങളിലൂടെയാണ് ആ രാഷ്ട്രീയം വേരുപിടിച്ചത്. സ്വാതന്ത്ര്യ സമരത്തെ അവര്‍ തള്ളിപ്പറഞ്ഞത് ആ സമരത്തിന് ബഹുസ്വര ദേശീയതയുടെ ഉള്ളടക്കമുള്ളത് കൊണ്ടായിരുന്നു. പിന്നീട് ഗാന്ധിജിയെ വധിച്ചു. എണ്ണമറ്റ കലാപങ്ങള്‍ക്ക് തീകൊളുത്തി. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ രഥചക്രമുരുണ്ടു. ബാബരി മസ്ജിദ് തകര്‍ത്തു. ഗുജറാത്ത് വംശഹത്യയടക്കം നിരവധിയായ ഘട്ടങ്ങള്‍ പിന്നിട്ട് ആ രാഷ്ട്രീയം ഫാസിസ്റ്റ് സ്വരൂപം ആര്‍ജിച്ചിരിക്കുന്നു. ഇനി വിമര്‍ശനങ്ങളും പ്രതിരോധങ്ങളും ചെറുത്തുനില്‍പ്പുകളും അപ്രസക്തമാകും. ഈ കാലത്ത് തീവ്രവലതുപക്ഷ യുക്തികള്‍ക്ക് മുന്നില്‍ പ്രതിപക്ഷം ശിഥിലമാകും. ദേശസുരക്ഷയുടെ ചോദ്യമുയര്‍ത്തുന്ന  അമിത് ഷാക്ക് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ പറയാന്‍ വന്നതത്രയും മറക്കും. അത്കൊണ്ട് കശ്മീരിന്‍റെ വ്യക്തിത്വം എന്നെന്നേക്കുമായി അസ്തമിച്ചുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കോടതിയില്‍ വേണമെങ്കില്‍ പ്രതീക്ഷയര്‍പ്പിക്കാം. വലിയ ശുഭാപ്തി വിശ്വാസികള്‍ക്ക് ജനാധിപത്യ പരിഹാരവും സ്വപ്നം കാണാം. ഓര്‍മകളുണ്ടായിരിക്കുകയും ചോദ്യങ്ങളുയര്‍ത്തുകയും ചെയ്യുകയെന്ന ദൗത്യം തുടരുക മാത്രമാണ് വഴിയുള്ളത്.

നിയമപരമോ?

370 ഉം 35 എയും എടുത്തുകളഞ്ഞതിനെ അനുകൂലിക്കുന്ന ശുദ്ധഗതിക്കാര്‍ പോലും സമ്മതിക്കുന്ന കാര്യമുണ്ട്, അതിനായി സ്വീകരിച്ച മാര്‍ഗം ഭരണഘടനാവിരുദ്ധമാണ്. ബ്രിട്ടീഷ് ആധിപത്യം അംഗീകരിക്കുന്ന പ്രിന്‍സിലി സ്റ്റേറ്റായി കശ്മീര്‍ മാറുന്നത് 1846-ലാണ്.  ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കപ്പം നല്‍കാന്‍ മുമ്പ് ഭരിച്ചവര്‍ക്ക് സാധിക്കാതെ വന്നതോടെ രാജാ ഹരിസിംഗിന്‍റെ പിതാമഹന്‍ ഗുലാബ് സിംഗിന്‍റെ നിയന്ത്രണത്തിലെത്തി ഈ ഭൂവിഭാഗം.  ഇക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളും കശ്മീരിന്‍റെ ദൈനംദിന കാര്യങ്ങളില്‍ വലിയ തോതില്‍ ഇടപെട്ടില്ല. പുത്രികാ രാജ്യങ്ങളോടുള്ള സമീപനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഏകരൂപമൊന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ തീരുമാനിക്കുകയും വിഭജനം നടക്കുകയും ചെയ്തപ്പോള്‍ രാജാ ഹരിസിംഗ് കശ്മീര്‍ സ്വതന്ത്രമായി നില്‍ക്കണമെന്നാഗ്രഹിച്ചു. പക്ഷേ, പാക് പിന്തുണയോടെ പഠാന്‍ കലാപകാരികള്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ഹരിസിംഗിനെ കടുത്ത പ്രതിസന്ധിയിലാക്കി. ആക്രമണം ചെറുക്കാന്‍ ഇന്ത്യന്‍ സേനയുടെ സഹായം രാജാവ് തേടി. എന്നാല്‍ ഇന്ത്യയുടെ ഭാഗമല്ലാത്ത ഒരു പ്രദേശത്തെ സഹായിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നെഹ്റുവിന്‍റെ നിലപാട്. ആദ്യം ഇന്ത്യയില്‍ ചേരൂ, എന്നിട്ടാകാം സഹായം എന്ന് നെഹ്റു തീര്‍ത്ത് പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇന്ത്യയോട് ചേരാന്‍ രാജാവ് തയ്യാറായി.

ജവഹര്‍ലാല്‍ നെഹ്റു നടത്തിയ തന്ത്രപരമായ നീക്കമാണ് കശ്മീരിനെ ഇന്ത്യയില്‍ ഉറപ്പിച്ച് നിര്‍ത്തിയത്.  അല്ലാതെ ഇപ്പോള്‍ സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത് പോലെ കശ്മീര്‍ നഷ്ടപ്പെടുത്താനല്ല നെഹ്റു ശ്രമിച്ചത്. ഹരിസിംഗിന്‍റെ നിസ്സഹായാവസ്ഥ മുതലെടുക്കുകയായിരുന്നു നെഹ്റു സര്‍ക്കാര്‍. സ്വതന്ത്രമായി നില്‍ക്കണമെന്ന ഹരിസിംഗിന്‍റെ വാശി അദ്ദേഹത്തെ പാക് പക്ഷത്തെത്തിക്കുമായിരുന്നു. പഠാനികളെ ഇളക്കിവിട്ട പാക്കിസ്ഥാനില്‍ നിന്ന് തന്നെ അദ്ദേഹം സഹായം തേടുമായിരുന്നു. ഏത് വിധേനയും കശ്മീരില്‍ പിടിമുറുക്കണമെന്ന് ഉറപ്പിച്ച പാക്കിസ്ഥാന്‍ അതിന് തയ്യാറാവുകയും ചെയ്യും. എന്നാല്‍ ഈ അവസരം ഉപയോഗിക്കാന്‍ തീരുമാനിച്ച നെഹ്റു വിപി മേനോനെ കശ്മീരിലേക്കയച്ചു. തന്‍റെ പൈതൃക ഭൂമി അന്യാധീനപ്പെടരുതെന്ന നിശ്ചദാര്‍ഢ്യം നെഹ്റുവിനെ ഏറ്റവും ശരിയായ തീരുമാനത്തിലെത്തിച്ചു.

വിപി മോനോന്‍റെയും അന്നത്തെ ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്‍റെയും നേതൃത്വത്തില്‍ നെഹ്റുവിന്‍റെ ആഗ്രഹത്തിന് പ്രമാണ രൂപം സൃഷ്ടിക്കുകയായിരുന്നു. 1947 ഒക്ടോബര്‍ 26-ന് ഒപ്പുവച്ച അക്സഷന്‍ ഉടമ്പടി പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നിവ മാത്രമാണ് കേന്ദ്ര ഭരണകൂടത്തിന് കൈമാറിയത്. ബാക്കി എല്ലാ കാര്യങ്ങളിലും കശ്മീരിന് സ്വതന്ത്ര അധികാരം ലഭിച്ചു. ഹിതപരിശോധന നടത്തി കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കണമെന്നും അങ്ങനെയെങ്കില്‍ ഈ പരിമിതി മറികടക്കാമെന്നും നെഹ്റു കണക്കു കൂട്ടിയിരുന്നു. അന്ന് കശ്മീരിലെ പ്രബല രാഷ്ട്രീയ ശക്തിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ നേതാവ് ശൈഖ് അബ്ദുല്ലയുമായുള്ള ബന്ധം നെഹ്റുവിനെ ഹിതപരിശോധന സംബന്ധിച്ച് ശുഭാപ്തി വിശ്വാസിയാകാന്‍ പ്രേരിപ്പിച്ചു. അതിനിടക്ക് കശ്മീരിലെ ക്രമസമാധാനനില യുഎന്നില്‍ ഉന്നയിക്കപ്പെട്ടു. ഇതോടെ ശൈഖ് അബ്ദുല്ലയെ പ്രധാനമന്ത്രിയാക്കി രാജാ ഹരിസിംഗ് കശ്മീരിന് പുതിയ ഭരണ സംവിധാനം പ്രഖ്യാപിച്ചു. ഈ ഘട്ടത്തിലാണ് പ്രത്യേക പദവി നല്‍കി ഇന്ത്യയോടൊപ്പം ഉറപ്പിച്ച് നിര്‍ത്തുകയെന്ന പോംവഴിയിലെത്തുന്നത്.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നില്‍ക്കണമെങ്കില്‍ രാജഭരണ കാലത്തെ ഉദ്യോഗങ്ങളിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും തുടര്‍ന്നുപോന്ന സവിശേഷാധികാരങ്ങള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനായി രാജാവിന്‍റെ അടുപ്പക്കാരനും കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജിഎസ് അയ്യങ്കാര്‍ ചില വ്യവസ്ഥകള്‍ തയ്യാറാക്കി. ആ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 370-ന്‍റെ കരട്.

ആറ് വ്യവസ്ഥകളാണ് ആര്‍ട്ടിക്കില്‍ 370-ല്‍ പ്രധാനമായുമുള്ളത്. 1. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമാകുന്ന ഇന്ത്യന്‍ ഭരണഘടന കശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയാകാം. 2. ജമ്മു-കശ്മീരിന് ബാധകമാകുന്ന നിയമങ്ങള്‍ നിര്‍മിക്കാന്‍ പാര്‍ലമെന്‍റിനുള്ള അധികാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നിവയില്‍ മാത്രം. 3. മറ്റ് ഭരണഘടനാ വ്യവസ്ഥകളും കേന്ദ്രത്തിന്‍റെ അധികാരവും ജമ്മു-കശ്മീരില്‍ ബാധകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ മുന്‍കൂര്‍ സമ്മതം വേണം. 4. മേല്‍പ്പറഞ്ഞ സമ്മതവ്യവസ്ഥ താല്‍കാലികം മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സമ്മതത്തിന് കശ്മീരിലെ കോണ്‍സ്റ്റിന്‍റുവന്‍റ് അസംബ്ലി അംഗീകാരം നല്‍കണം. 5. സമ്മതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനുള്ള അധികാരം ഭരണഘടനാസഭ പ്രാബല്യത്തില്‍ വരുന്നത് വരെ മാത്രം. 6. ഉത്തരവിലൂടെ 370 വകുപ്പ് റദ്ദാക്കാനും ഭേദഗതി ചെയ്യാനും രാഷ്ട്രപതിക്ക് അധികാരം. എന്നാല്‍ ഈ വിജ്ഞാപനം ഇറക്കണമെങ്കില്‍ കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ അനുമതി വേണം.

370 (1) വകുപ്പ് പ്രയോഗിച്ചാണ് ഇപ്പോള്‍ രാഷ്ട്രപതി 370-ാം വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. ഈ വകുപ്പനുസരിച്ച് 370 റദ്ദാക്കാനാകില്ല. ഭേദഗതി ചെയ്യാനോ കൂട്ടിച്ചേര്‍ക്കാനോ മാത്രമേ ഇതുപയോഗിക്കാവൂ. അതിന് തന്നെ കശ്മീര്‍ ഭരണഘടനാ സമിതിയുടെ അംഗീകാരം വേണം. 370 (3) ഉപവകുപ്പാണ് രാഷ്ട്രപതിക്ക് 370-ാം വകുപ്പ് റദ്ദാക്കാനുള്ള അധികാരം നല്‍കുന്നത്.  ആ അധികാരവും പക്ഷേ അപരിമിതമല്ല. രാഷ്ട്രപതിയുടെ വിജ്ഞാപനം നിലനില്‍ക്കണമെങ്കില്‍ ജമ്മു-കശ്മീര്‍ ഭരണഘടനാസഭയുടെ അംഗീകാരം വേണ്ടതുണ്ട്.   അത്തരമൊരു സഭ നിലവിലില്ലാത്തതിനാല്‍ നിയമസഭയുടെ അനുമതി വാങ്ങേണ്ടതുണ്ട്. മുമ്പ് 370-ാം വകുപ്പ് ഭേദഗതി ചെയ്തപ്പോഴെല്ലാം നിയമസഭയുടെ അംഗീകാരമാണ് വാങ്ങിയത്. 2017-ല്‍ കുമാരി വിജയ ലക്ഷ്മി ഝാ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഈ നടപടി ശരിവെച്ചിട്ടുണ്ട്. കശ്മീര്‍ ഭരണഘടനാ സമിതി ഇല്ലാതായതോടെ 370-ാം അനുച്ഛേദവും റദ്ദായി എന്നായിരുന്നു കുമാരി ഝായുടെ വാദം. നിയമസഭയിലൂടെ 370-ാം വകുപ്പിന് തുടര്‍ച്ച കൈവന്നുവെന്ന തീര്‍പ്പാണ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും കൈകൊണ്ടത്. 370 (3) അനുച്ഛേദവും ഇത് ശരിവെക്കുന്നു.

ഇവിടെ അമിത് ഷായും മോദിയും പറഞ്ഞിടത്ത്  ഒപ്പു ചാര്‍ത്താന്‍ രാഷ്ട്രപതി നിയമസഭയെയും കാത്തുനിന്നില്ല. നിലവില്‍ കശ്മീരില്‍ നിയമസഭയില്ലെന്നും അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെന്നുമുള്ള ന്യായമാണ് ഉപയോഗിച്ചത്. അതിനായി, സംസ്ഥാന നിയമസഭയുടെ അധികാരങ്ങള്‍ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 367 ഭേദഗതി ചെയ്യുകകൂടി ചെയ്തു. നിയമസഭയുടെ അധികാരം ഗവര്‍ണര്‍ക്ക് പതിച്ചുനല്‍കുന്നതാണ് ഈ ഭേദഗതി. ഇത്തരമൊരു ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി അനിവാര്യമാണ്. എന്നാല്‍ കശ്മീര്‍ ‘പിടിച്ചടക്കാനുള്ള’ വ്യഗ്രതയില്‍ ഫെഡറലിസത്തിന്‍റെ ആധാര ശിലകള്‍ ഒന്നൊന്നായി തകര്‍ക്കുകയായിരുന്നു ഷാ-മോദി കൂട്ടുകെട്ട്. 367-ാം വകുപ്പ് ഭേദഗതി വരുത്തിയതായി രാഷ്ട്രപതിതന്നെ ഉത്തരവിറക്കി.  കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതിനിധിയായ ഗവര്‍ണറെ നിയമസഭക്ക് തുല്യപ്പെടുത്തുകയാണ് രാഷ്ട്രപതി ചെയ്തത്. നിജസ്ഥിതിയില്‍ മാറ്റം വരുത്താന്‍ നിയമസഭയുടെ അനുമതി വേണമെന്ന വ്യവസ്ഥ വച്ചത് ജനങ്ങളുടെ താല്‍പര്യം പ്രതിഫലിക്കണമെന്നത് കൊണ്ടാണ്. ഈ ഭരണഘടനാ തത്ത്വമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. മഹ്ബൂബാ മുഫ്തി മന്ത്രിസഭക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതും നിയമസഭ പിരിച്ചുവിട്ടതും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു (അഡ്വ. കാളീശ്വരം രാജിനോട് കടപ്പാട്).

ഇവിടെ മൂന്ന് ചോദ്യങ്ങളാണ് ഉയരുന്നത്. ഒന്ന്, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 367 ഭേദഗതി ചെയ്യാനാകുമോ? രണ്ട്, നിയമസഭ നിലവില്‍വരാന്‍ കാത്തിരിക്കാതെ അമിതാധികാര പ്രയോഗം നടത്തി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സവിശേഷ സാഹചര്യം എന്തായിരുന്നു? മൂന്ന്, ആര്‍ട്ടിക്കിള്‍ 370-ന്‍റെ താല്‍കാലികത ആര്‍ട്ടിക്കിള്‍ 369-ന് സമാനമാണോ? (സംസ്ഥാന നിയമസഭകള്‍ നിലവില്‍വരുന്നത് വരെ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രപതിക്കും കേന്ദ്ര സര്‍ക്കാറിനും നല്‍കിയിരുന്ന സവിശേഷ അധികാരങ്ങള്‍ സംബന്ധിച്ച വകുപ്പാണ് ആര്‍ട്ടിക്കിള്‍ 369). ഈ ചോദ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെടുകയും ന്യായാധിപന്‍മാര്‍ നീതിയുക്തമായി വിധിക്കുകയും ചെയ്താല്‍ സ്ഥിതിയാകെ മാറും. അമിത് ഷായുടെ കുതന്ത്രവും തിടുക്കവും തകര്‍ന്ന് തരിപ്പണമാകും.

 

രാഷ്ട്രീയമോ മതമോ?

1950-ല്‍ ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ മുദ്രാവാക്യം മുഴക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയെന്നത് തന്നെയായിരുന്നു. ഈ വിഷയം ഉയര്‍ത്തി പ്രതിഷേധത്തിനിറങ്ങിയ മുഖര്‍ജി പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നാണ് ജനസംഘവും അതിന്‍റെ ആധുനിക രൂപമായ ബിജെപിയും പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ രേഖയനുസരിച്ച് അദ്ദേഹം മരിച്ചത് ഹൃദയാഘാതം വന്നാണ്. മുഖര്‍ജിക്ക് ബലിദാനി പരിവേഷം നല്‍കുന്ന സംഘ്പരിവാര്‍ ദേശീയോദ്ഗ്രഥനത്തിന്‍റെ ഉത്തമ താല്‍പര്യമല്ല മുന്നോട്ടുവെച്ചത്. രാജ്യത്തിന്‍റെ അഖണ്ഡതയായിരുന്നു അവരുടെ മുന്‍ഗണനയെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കില്ലായിരുന്നല്ലോ. മുസ്ലിംകള്‍ മുഴുവന്‍ പാക്കിസ്ഥാനിലേക്ക് പോയിക്കിട്ടുമെന്ന് കരുതി പാക് രൂപവത്കരണത്തെ പിന്തുണച്ചവരാണ് ഇന്നത്തെ സംഘ്പരിവാറുകാരുടെ പൂര്‍വികര്‍. അപ്പോള്‍ കശ്മീരിനെതിരെ തിരിയുന്നതിന്‍റെ ഉള്ളടക്കം പത്തരമാറ്റ് വര്‍ഗീയതയായിരുന്നുവെന്ന് വ്യക്തം. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഉയര്‍ന്ന അതിക്രമങ്ങള്‍ ഈ വര്‍ഗീയ പ്രചാരണത്തിന് ശക്തി പകര്‍ന്നു.

ബിജെപിയുടെ പ്രകടന പത്രികയില്‍ ആര്‍ട്ടിക്കിള്‍ 370 ഇടം പിടിച്ചതിന്‍റെ കാരണവും മറ്റൊന്നല്ല. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ പല ആയുധങ്ങളില്‍ ഒന്നു മാത്രമാണ് ബിജെപിക്ക് കശ്മീര്‍. ജവാഹര്‍ലാല്‍ നെഹ്റുവിനെ കരിവാരിത്തേക്കാന്‍ പ്രചണ്ഡ പ്രചാരണം നടത്തുന്ന ബിജെപി ആ പണി ഏറ്റവും ഫലപ്രദമായി ചെയ്യുന്നത് കശ്മീരിന്‍റെ കാര്യത്തിലാണ്. നെഹ്റു എടുത്ത തീരുമാനം തികച്ചും രാഷ്ട്രീയമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്നതില്‍ തര്‍ക്കമില്ലാത്ത ബിജെപിക്കാര്‍ ഇതേ ലക്ഷ്യത്തിനായി നിലകൊണ്ട നെഹ്റുവിനെ എത്ര ക്രൂരമായാണ് മുസ്ലിം പക്ഷപാതിയും പാക് വാദിയുമാക്കുന്നത്. ശൈഖ് അബ്ദുല്ലയുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് നുണ അടിച്ചുകയറ്റുന്നത്. ദേശീയത സംബന്ധിച്ച നെഹ്റുവിന്‍റെ കാഴ്ചപ്പാടായിരുന്നു മുഖ്യം. താന്‍ ഇടപെടുന്നത് കല്‍ഹണന്‍റെ രാജതരംഗിണി(പന്ത്രണ്ടാം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനും കവിയുമാണ് കല്‍ഹണന്‍. രാജതരംഗിണി എന്ന ചരിത്രകാവ്യം പ്രധാന കൃതി. കശ്മീരിന്‍റെ ക്രമാനുഗതമായ ചരിത്രം ഇതിന്‍റെ പ്രത്യേകതയാണ്. 1148-ലാണ് ഇത് രചിക്കപ്പെട്ടതെന്നാണ് അനുമാനം. എട്ടു തരംഗങ്ങളിലായി അശോക ചക്രവര്‍ത്തിയുടെ കാലം മുതല്‍ക്കുള്ള ചരിത്രം പ്രതിപാദിക്കുന്നു)യില്‍ പോലും വിശാലമായ പരാമര്‍ശമുള്ള ഒരു പരമാധികാര രാജ്യത്തിന്‍റെ കാര്യത്തിലാണെന്നും ആ മാന്യതയും അന്തസ്സും ആ ജനതക്ക് നല്‍കണമെന്നും നെഹ്റുവിന് ബോധ്യമുണ്ടായിരുന്നു. ചേരിചേരാ നയമടക്കമുള്ള എല്ലാ ആശയങ്ങളിലും നെഹ്റുവിന്‍റെ ഈ വിശാല കാഴ്ചപ്പാട് കാണാന്‍ സാധിക്കും. തന്‍റെ പൂര്‍വ പിതാക്കളുടെ നാടിനോട് അദ്ദേഹത്തിനുള്ള വൈകാരികമായ ബന്ധവും കശ്മീരിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.

സത്യത്തില്‍ കശ്മീരിനുള്ള പ്രത്യേക പദവിയുടെ ഉള്ളടക്കമായി ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും മുന്നോട്ട് വെക്കുന്ന കാര്യങ്ങളെല്ലാം ഹരിസിംഗിന്‍റെ കൂടി താല്‍പര്യത്തില്‍ ഉണ്ടായവയാണ്. ദോഗ്രി, പണ്ഡിറ്റ് വിഭാഗങ്ങളായിരുന്നു രാജഭരണ കാലത്ത് ഉന്നത പദവികള്‍ കൈയാളിയിരുന്നത്. എന്നാല്‍ പഞ്ചാബികളുടെ കടന്നുവരവ് ഈ സ്ഥിതിയില്‍ മാറ്റം വരുത്തുമെന്ന് അവര്‍ ഭയപ്പെട്ടു. ഇതോടെ പ്രജാപദവിയില്‍ തട്ടുകള്‍ വേണമെന്ന് അവര്‍ വാദിച്ചു. ഇതിനായി നടത്തിയ പ്രക്ഷോഭങ്ങളിലേക്ക് വൈകിയാണ് മുസ്ലിംകള്‍ കടന്നുവന്നത്. ആദ്യം ഈ വികാരം അവഗണിച്ച രാജാധികാരികള്‍ക്ക് ഒടുവില്‍ അതനുവദിച്ച് കൊടുക്കേണ്ടിവന്നു. കശ്മീരികള്‍ക്ക് പൈതൃക പ്രജാ പദവി ലഭിച്ചു. അവര്‍ക്കായി പ്രധാന പദവികളും ഭൂവിനിയോഗവും പതിച്ചുനല്‍കി. ഈ രാജശാസനയുടെ ഛായയിലാണ് അയ്യങ്കാര്‍ പ്രത്യേക പദവിയുടെ കരട് ഉണ്ടാക്കിയത്. വസ്തുത ഇതായിരിക്കേ, പശുവാദമടക്കമുള്ളവയില്‍ സംഭവിച്ചത് പോലെ മുസ്ലിം വിഷയമായി കശ്മീരിനെ പരിവര്‍ത്തിപ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ഒരു ഭൂവിഭാഗത്തിന്‍റെ സ്വയംഭരണാവകാശവും വ്യക്തിത്വവുമായി ബന്ധപ്പെട്ട വിഷയത്തെ വര്‍ഗീയവത്കരിക്കുകയായിരുന്നു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ മതപരവും ആചാരപരവുമാണെങ്കില്‍ കശ്മീരിന്‍റേത് തീര്‍ത്തും ജിയോപൊളിറ്റിക്കല്‍ ആയിരുന്നു.

 

വികസനോന്‍മുഖമോ?

370 ഉം 35 എയും പോയതോടെ കശ്മീരില്‍ തേനും പാലും ഒഴുകുമെന്നാണ് കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നവരും ഒരുപോലെ പറയുന്നത്. ശരിയാണ്. ലഡാക്കിലേക്കും കശ്മീര്‍ താഴ്വരയിലേക്കും ലാഭക്കൊതി മാത്രം മുന്‍നിര്‍ത്തി നിരവധി ടൂറിസ്റ്റ് കമ്പനികള്‍ വരും. ശക്തമായ ജനപ്രവാഹം കശ്മീരിലേക്കുണ്ടാകും. അപ്പോള്‍ അവിടുത്തെ പരമ്പരാഗത നിവാസികള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയാന്‍ ഈ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയിലേക്ക് നോക്കിയാല്‍ മതി. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്ന തെക്ക്-കിഴക്കന്‍ ചൈനീസ് പ്രവിശ്യയിലെ പരമ്പരാഗത നിവാസികള്‍ തുര്‍ക്കി വംശജരായ മുസ്ലിംകളാണ്. സുന്നി, സൂഫി പാരമ്പര്യമുള്ളവരാണ് ഇവര്‍. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ എന്ന പേരില്‍ സ്വതന്ത്രമായും പിന്നീട് ബ്രിട്ടന്‍റെയും റഷ്യയുടെയും മറ്റും അധീനതയിലുമായിരുന്ന ഈ ഭൂവിഭാഗം പ്രകൃതി വിഭവങ്ങളാലും ധാതു, ലോഹ നിക്ഷേപത്താലും സമ്പന്നമാണ്. 1949-ല്‍ റഷ്യന്‍ പിന്തുണയോടെയാണ് ഈ പ്രദേശം ചൈനയോട് ചേര്‍ക്കപ്പെടുന്നത്. സ്വയംഭരണ പദവി നല്‍കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍ അന്ന് മുതല്‍ ചൈനീസ് ഭരണകൂടം ശ്രമിച്ചത് ഈ പ്രദേശത്തിന്‍റെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം തകര്‍ക്കാനാണ്. തുര്‍ക്കിസ്ഥാന്‍ എന്ന പേര് മാറ്റുകയാണ് ആദ്യം ചെയ്തത്. സിന്‍ജിയാംഗ് (പുതിയ അതിര്‍ത്തി) എന്നാക്കി പേര്. കാര്‍ഷിക വികസനത്തിന്‍റെ പേരില്‍ ആയിരക്കണക്കിന് ഹാന്‍ വംശജരെ ഇങ്ങോട്ട് കടത്തിവിട്ടു. കലര്‍പ്പില്ലാത്ത ചൈനീസ് വംശജരാണിവര്‍. ബുദ്ധമതക്കാരാണ് കൂടുതലും. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അധിനിവേശമാണ് നടന്നത്. ഫലസ്തീനില്‍ ഇസ്റാഈല്‍ ചെയ്യുന്നതിന്‍റെ മറ്റൊരു പതിപ്പ്. 1953-ല്‍ ഇവിടുത്തെ ഹാന്‍ ജനസംഖ്യ വെറും ആറ് ശതമാനമായിരുന്നു. ഇന്നത് നാല്‍പ്പത് ശതമാനത്തിലധികമാണ്. സ്ഥിര താമസക്കാരുടെ കാര്യമാണ് ഇത്. സൈനിക ഉദ്യോഗസ്ഥര്‍, താല്‍കാലിക തൊഴിലാളികള്‍ എന്നിവര്‍ പുറമെയും. പ്രവിശ്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഹാന്‍ വംശജര്‍ കടന്നുകയറി. സര്‍ക്കാര്‍ സംരക്ഷണത്തിന്‍റെ ഹുങ്കില്‍ അവര്‍ ഉയ്ഗൂറുകളെ ആക്രമിച്ചു. ഇവിടെ നടപ്പാക്കിയ വമ്പന്‍ പ്രോജക്ടുകളിലെല്ലാം ഹാന്‍ വിഭാഗക്കാര്‍ക്കാണ് ജോലി നല്‍കിയത്. ഇത് സാമ്പത്തികമായി വന്‍ അസന്തുലിതാവസ്ഥക്ക് വഴിവച്ചു. ഈ അസംതൃപ്തി പ്രവിശ്യയെ സംഘര്‍ഷ ഭരിതമാക്കി. മുസ്ലിംകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിലാണ് അത് കലാശിച്ചത്.

 

തീവ്രവാദ വിരുദ്ധമോ?

ജമ്മു-കശ്മീര്‍ മുഹമ്മദലി ജിന്നയുടെ സ്വപ്ന ഭൂമിയായിരുന്നു. വിഭജിക്കപ്പെടുമ്പോള്‍ കശ്മീര്‍ പാക്കിസ്ഥാന്‍റെ കൂടെ വരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. എന്നാല്‍ ആ ജനതയില്‍ മഹാഭൂരിപക്ഷവും കൊതിച്ചത് സ്വതന്ത്രമായി നില്‍ക്കാനാണ്. ആ ആഗ്രഹമാണ് ഹരിസിംഗിനെ നിഷ്പക്ഷമതിത്വത്തിന് നിര്‍ബന്ധിതനാക്കിയത്. അതോടെ ആരംഭിച്ച ഇച്ഛാഭംഗം പാക്കിസ്ഥാന്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ല. അന്ന് രണ്ട് വഴികളാണ് പാക്കിസ്ഥാന്‍ ആലോചിച്ചത്. കശ്മീരിലെ മുസ്ലിംകളെ ഇളക്കിവിട്ട് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുക; പഠാനികളെ അയച്ച് കശ്മീര്‍ പിടിച്ചെടുക്കുക. രണ്ടാം വഴി സ്വീകരിച്ചു. പക്ഷേ ഇന്ത്യന്‍ സൈന്യം  ആ നീക്കം പൊളിച്ചു. പാക്കധീന കശ്മീര്‍ ഒഴിച്ചുള്ള ഭാഗം ഇന്ത്യയുടേതായി. പിന്നീട് ഒരു ചെറുന്യൂനപക്ഷം എക്കാലവും വിഘടനവാദത്തില്‍ ഉറച്ചുനിന്നു. ഇവരെ ഉപയോഗിച്ച് കുത്തിത്തിരിപ്പുകളുണ്ടാക്കുന്നത് പാക്കിസ്ഥാന്‍ തുടര്‍ന്നു.

കശ്മീര്‍ ജനത പാക്വാദികളാണ് എന്ന തെറ്റായ പരികല്‍പ്പനക്കകത്ത് നിന്ന് ഉത്തരം തേടിയപ്പോഴൊക്കെ കശ്മീര്‍ പ്രതിസന്ധിക്ക് പരിഹാരം സൈനികമാണെന്ന തീരുമാനത്തിലെത്തുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്തത്. ഇത് ലോകത്ത് എല്ലാ ദേശ രാഷ്ട്രങ്ങളിലും സംഭവിച്ചിട്ടുള്ളതാണ്. ഒരു ജനതക്ക് മതപരമായോ വംശീയമായോ ഭൂമിശാസ്ത്രപരമായോ അനുഭാവമുണ്ടാകാനിടയുള്ള വിദേശ രാജ്യത്തെ നിരന്തരം തള്ളിപ്പറയേണ്ടിവരുന്ന അവസ്ഥ. സ്വന്തം രാഷ്ട്രത്തില്‍ ഇടം വേണമെങ്കില്‍ ദേശക്കൂറ് തെളിയിച്ചുകൊണ്ടേയിരിക്കണം. സൈന്യം കശ്മീരികളെ നിരന്തരം സംശയിച്ചുകൊണ്ടേയിരുന്നപ്പോള്‍ കൂടുതല്‍ പേര്‍ തീവ്രവാദികളാവുകയാണ് ചെയ്തത്. ഇപ്പോള്‍ 370 പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് താഴ്വര സൈന്യത്തിന്‍റെ പിടിയിലാകുമ്പോള്‍ പാക്കിസ്ഥാന് പഴുതുകളൊരുങ്ങുകയാണ് ചെയ്യുക. കശ്മീരികളെയും അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളെയും വിശ്വാസത്തിലെടുക്കുക തന്നെയാണ് പോംവഴി.

കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കുന്നത് തടയാനാണ് തിടുക്കത്തില്‍ 370 റദ്ദാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ വാദം. മധ്യസ്ഥനാകാമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞത് ഈ തീരുമാനത്തെ വേഗത്തിലാക്കിപോലും. ശുദ്ധ അബദ്ധമാണത്. വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന് കൂടുതല്‍ സൗകര്യമായിരിക്കുകയാണ് ഇപ്പോള്‍. പാക് അധീനകശ്മീരില്‍ നിന്നുള്ള 25 സീറ്റുകള്‍ ഒഴിച്ചിട്ടാണ് എക്കാലവും കശ്മീര്‍ നിയമസഭ രൂപീകരിക്കാറുള്ളത്. കശ്മീരില്‍ നിന്നുള്ള സീറ്റുകള്‍ പാക്കിസ്ഥാനും ഒഴിച്ചിടുന്നു. ഇനി അതിന്‍റെ ആവശ്യം വരില്ല. പാക്കധീന കശ്മീരിന് മേലുള്ള അവകാശം ഉപേക്ഷിക്കാന്‍ ഇന്ത്യക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടാകും. കശ്മീരിന് മേലുള്ള അവകാശവാദം പാക്കിസ്ഥാനും ഉപേക്ഷിക്കേണ്ടി വരും.

എന്താണ് ഭാവി?

ഹിന്ദുത്വയുടെ ദീര്‍ഘകാല അജന്‍ഡയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്താലും ഇതിന്‍റെ ജനാധിപത്യവിരുദ്ധത നിരന്തരം എഴുതുകയും പറയുകയും ചെയ്താലും ഹിന്ദുത്വ രാഷ്ട്രീയത്തിന് അത് നല്‍കുന്ന രാഷ്ട്രീയ ലാഭം തടയാനാകില്ല. തീവ്രദേശീയതയുടെ ഹിസ്റ്റീരിയയില്‍ നിന്ന് ഭൂരിപക്ഷ ജനത മോചിതമാകും വരെ ഭരണഘടന ബന്ദിയായിക്കൊണ്ടേയിരിക്കും. രാമക്ഷേത്രം പണിയും. ഏകസിവില്‍ കോഡിനായുള്ള ശ്രമം ഊര്‍ജിതമാകും. രാജ്യത്താകെ ഗോവധം നിരോധിക്കും.

പട്ടാളത്താല്‍ വളയപ്പെട്ട നിശ്ശബ്ദ ഭൂമിയാകും കശ്മീര്‍. ഫെഡറലിസത്തിന് മേല്‍ കൂടുതല്‍ ശക്തിയോടെ കടന്നുകയറാന്‍ കേന്ദ്ര സര്‍ക്കാറിന് കശ്മീര്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ വഴിയിലൂടെ ഫാസിസം വരുന്നതെങ്ങനെയെന്ന് ഇനി ഇന്ത്യയെ നോക്കിയാകും ലോകം പഠിക്കുക. ഒറ്റ പ്രതീക്ഷയേ ഉള്ളൂ. ഹിന്ദു സംസ്കൃതിയുടെ നാനാത്വവും ഉള്‍ക്കൊള്ളല്‍ ശേഷിയും അത്ര എളുപ്പത്തില്‍ ഒടുങ്ങില്ല. അവര്‍ സമ്പൂര്‍ണമായി ഫാസിസ്റ്റുകള്‍ പരിചയപ്പെടുത്തുന്ന അധമ ഹിന്ദുത്വത്തിന് കീഴടങ്ങില്ല. വര്‍ഗീയതയുടെ കൊടിപ്പടക്ക് മുകളില്‍ മനുഷ്യത്വം പാറിക്കളിക്കും. ഝണ്ടാ ഊഞ്ചാ രഹേ ഹമാരാ!

 

Exit mobile version